
ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തിയാണിന്ന്. 97 വര്‍ഷം മുന്‍പ് ഗുരുദേവനെ ഫ്രഞ്ച് ചിന്തകനും നൊബേല്‍ ജേതാവുമായ റൊമാങ് റോളങ്ങ് വിശേഷിപ്പിച്ചത് 'കര്‍മനിരതനായ ജ്ഞാനി'യെന്നാണ്.
ഗുരുദേവന്‍ അക്ഷരാര്‍ഥത്തില്‍ ഒരു ജ്ഞാനയോഗിയായിരുന്നു. ഗുരുജീവിതംകൊണ്ടും ദര്‍ശനംകൊണ്ടും ഈ തത്ത്വമാണ് പ്രകാശിപ്പിച്ചത്. എഴുപതോളം വരുന്ന കൃതികളിലൂടെ ഗുരു ചമച്ചുവെച്ച വിശ്വദര്‍ശനം ഇന്നിന്റെയും നാളെയുടെയും ദര്‍ശനമാണ്.
ഭാരതം ഋഷിമാരുടെ നാടാണ്. ഒട്ടേറെ ഗുരുവര്യന്മാര്‍ ഇവിടെ അവതരിച്ച് ഈ ധരണിയെ ധന്യമാക്കിയിട്ടുണ്ട്. എന്നാല്‍, ഗുരുദേവനെപ്പോലെ ലോകസംഗ്രഹ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മറ്റൊരു ഋഷിയെ നമുക്ക് കാണാനാവില്ല. ഗുരു ബ്രഹ്‌മനിഷ്ഠനായിരുന്നുകൊണ്ട് നിരന്തരം കര്‍മപ്രപഞ്ചത്തില്‍ മുഴുകി. ആ കര്‍മം 'ആരില്ലാത്ത കര്‍മം' ആയിരുന്നു. ഗുരുദേവന്‍ ആത്മസുഹൃത്തായ ചട്ടമ്പിസ്വാമികളുടെ ''എന്താ ഈയിടെയായി പ്രവര്‍ത്തിയാരുടെ ജോലിയാണെന്ന് കേള്‍ക്കുന്നുവല്ലോ'' എന്ന അഭിമതത്തിന് മറുപടിയായിട്ടാണ് 'പ്രവര്‍ത്തിയുണ്ട് ആരില്ല' എന്ന് ഗുരുദേവന്‍ വെളിപ്പെടുത്തിയത്.
വിശ്വവിജയിയായ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ ദര്‍ശിച്ചപ്പോള്‍ ''ഇന്ന് കേരളം ഭ്രാന്താലയമല്ല, ഇന്ത്യക്ക് മുഴുവന്‍ മാതൃകാരാജ്യമാണ്'' എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ''നാം ഒന്നും ചെയ്യുന്നില്ലല്ലോ'' എന്നായിരുന്നു ഗുരുവിന്റെ പ്രത്യുക്തി. ഗുരുവിന് ചുറ്റുംനിന്ന ശിഷ്യരും ഭക്തരും അമ്പരന്നുപോയി.
ഗുരുദേവന്‍ കാറ്റും മഞ്ഞും മഴയും സഹിച്ച് ഈ നാടിന്റെ ഒരറ്റം തുടങ്ങി മറ്റേ അറ്റംവരെ ചുറ്റി സഞ്ചരിച്ച് ഭ്രാന്താലയമായ നാടിനെ തീര്‍ഥാലയമാക്കി മാറ്റാന്‍ ചെയ്ത പരിശ്രമങ്ങളില്‍ അവരും പങ്കാളികളാണ്. കേവലം 17 വയസ്സുകാരനായിരുന്ന കായിക്കര കുമാരുവിനെ സ്വന്തം ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി മൈസൂരിലും മദ്രാസിലും കൊല്‍ക്കത്തയിലും വിട്ട് പഠിപ്പിച്ച് വിശ്വമഹാകവിയായ കുമാരനാശാനാക്കി മാറ്റിയ ഗുരുദേവന്‍ ഒന്നും ചെയ്യുന്നില്ലെന്നോ? പ്രഥമശിഷ്യനായ ശിവലിംഗസ്വാമിയെയും സ്വാമി നിശ്ചലദാസ്, സ്വാമി ശങ്കരന്‍, പരദേശി സ്വാമി ശ്രീനാരായണ ചൈതന്യം എന്നിവരെയും സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍ തുടങ്ങിയവരെയും ഉപരിപഠനത്തിനയച്ച് വളര്‍ത്തി വലുതാക്കിയ ഗുരുദേവന്‍ കര്‍മരഹിതനായിരുന്നുവോ?
ഒട്ടേറെ ക്ഷേത്രങ്ങളും ആശ്രമങ്ങളും മഠങ്ങളും എസ്.എന്‍.ഡി.പി. യോഗം തുടങ്ങി സംഘടനകളും തൊഴില്‍ശാലകളും സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും സ്ഥാപിച്ച ഗുരുദേവന്‍ കര്‍മവിരാഗിയാണോ? വിശ്വപ്രശസ്തനും ഋഷികല്പനുമായ ടാഗോര്‍ മഹാകവി, ഗുരുവിന്റെ കര്‍മപ്രപഞ്ചത്തെ വാഴ്ത്തിയപ്പോഴാണ് അവിടുന്ന് 'നാം ഒന്നും ചെയ്യുന്നില്ലല്ലോ' എന്ന് മൊഴിഞ്ഞത് എന്ന കാര്യം ശ്രദ്ധേയമാണ്.

ശ്രീനാരായണ ഗുരുവിനെ വലിയ സാമൂഹിക പരിഷ്‌കര്‍ത്താവായും വിപ്ലവകാരിയായും നവോത്ഥാന നായകനായും മറ്റുമായി വിലയിരുത്തുന്ന ഇന്നത്തെ ജനസമൂഹം ഗുരുദേവന്‍ അവിടത്തെ കര്‍മപ്രപഞ്ചത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത് പഠനവിഷയമാക്കണം എന്ന് സാദരം പറഞ്ഞുകൊള്ളട്ടെ. ടാഗോറിന് ഗുരുദേവനെ മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം ''എന്റെ സഞ്ചാരത്തിനിടയില്‍ ശ്രീനാരായണ ഗുരുവിന് തുല്യനായ ഒരു മഹാത്മാവിനെ ലോകത്തൊരിടത്തും കണ്ടിട്ടില്ല'' എന്ന് പ്രഖ്യാപിച്ചത്.
വാസ്തവത്തില്‍ ഗുരു ചെയ്ത കര്‍മത്തിന്റെ യഥാര്‍ഥസ്വരൂപം എന്തായിരുന്നു. ഗുരുദേവന്‍ ദര്‍ശനമാലയില്‍ കര്‍മദര്‍ശനം എഴുതിയിട്ടുണ്ട്. അധ്യാരോപദര്‍ശനം, അപവാദദര്‍ശനം, അസത്യദര്‍ശനം, മായാദര്‍ശനം, ഭാനദര്‍ശനം തുടങ്ങിയ പത്ത് ദര്‍ശനങ്ങളില്‍ ഒന്നാണ് കര്‍മദര്‍ശനം. ഒരാളുടെ പ്രവൃത്തി അഥവാ കര്‍മം എന്താണെന്ന് ഈ കര്‍മദര്‍ശനത്തില്‍ ഗുരു വിവരിക്കുന്നു. ഒരു ജ്ഞാനിയുടെ കര്‍മത്തെയും ഈ കര്‍മദര്‍ശനത്തില്‍ കാണാം. കര്‍മദര്‍ശനത്തിലെ ഒന്‍പതാമത്തെ മന്ത്രത്തില്‍ ഗുരു എഴുതുന്നു.
'സ്വയം ക്രിയന്തേ കര്‍മ്മാണി
കരണൈരിന്ദ്രിയൈരപി
അഹം ത്വസംഗഃ കൂടസ്ഥ
ഇതി ജാനാതി കോവിദഃ
കരണങ്ങളുടെയും മനസ്സ്, ചിത്തം, ബുദ്ധി, അഹംബോധം എന്നീ അന്തരിന്ദ്രിയങ്ങളെയും കണ്ണ്, നാക്ക്, മൂക്ക്, ചെവി, ത്വക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളെയും വാക്ക്, വാണി, പാദം, പായു, ഉപസ്ഥം എന്നീ കര്‍മേന്ദ്രിയങ്ങളെയും ഉപാധിയാക്കി ജ്ഞാനി കര്‍മം ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് സാക്ഷീഭൂതമായി നിലകൊള്ളുകയാണ്. കരണങ്ങളും ഇന്ദ്രിയങ്ങളുമാണ് കര്‍മങ്ങളില്‍ വ്യാപരിക്കുന്നത്. ആത്മാവ് അതിലൊന്നും ബന്ധിതനാകാതെ നിസ്സംഗതനും നിര്‍ലേപനവുമായി വര്‍ത്തിക്കുന്നു.
കര്‍മദര്‍ശനത്തിലെ ആ ആശയമാണ് ചട്ടമ്പിസ്വാമിയുമായും ടാഗോറുമായും മഹാഗുരു പങ്കുവെച്ചത്. ഗുരുദേവന്‍ സദാസമയവും കര്‍മനിരതനായിരുന്നെങ്കിലും ആ കര്‍മങ്ങള്‍ ഗുരുവിന്റെ ആത്മചൈതന്യത്തെ സ്പര്‍ശിച്ചിരുന്നില്ല. 'പദ്മപത്രമിവാംഭസ' കുളത്തില്‍ കിടക്കുന്ന താമരയില്‍ വെള്ളം സ്പര്‍ശിക്കാത്തതുപോലെ. ചേമ്പിലയില്‍ വെള്ളം വീഴുമ്പോഴും ആ വെള്ളം ഇലയുമായി കലരുന്നില്ലല്ലോ. അതുപോലെയായിരുന്നു ഗുരുദേവന്റെ കര്‍മവും.ഭഗവദ്ഗീതയില്‍
'സര്‍വകര്‍മാണി മനസാ
സംന്യസാസ്‌തേ സുഖം വശീ
നവദ്വാരേ പുരേദേഹീ
നൈവ കുര്‍വന്‍ ന കാരയന്‍' എന്നുപറയുന്നുവല്ലോ. നവദ്വാരത്തോടുകൂടിയ ഈ ശരീരത്തില്‍ വര്‍ത്തിക്കുന്ന ആത്മാവ് യാതൊന്നും ചെയ്യുന്നുമില്ല ചെയ്യിക്കുന്നുമില്ല. എല്ലാ കര്‍മങ്ങളെയും ഉപേക്ഷിച്ച് ആനന്ദസ്വരൂപിയായി വര്‍ത്തിക്കുന്നു. ഭഗവദ്ഗീതയിലെ ഈ ഉദ്ബോധനമാണ് ഇവിടെ ഗുരുദേവന്റെ ദിവ്യജീവിതത്തിലും നാം ദര്‍ശിക്കുന്നത്.
ഭാരതത്തില്‍ മറ്റൊരു ഋഷിയും പാവങ്ങളുടെ കണ്ണീരൊപ്പി ദീനര്‍ക്കാശ്വാസം നല്‍കുന്നതിനുവേണ്ടി, അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നതിനു വേണ്ടി ഇത്രയേറെ പ്രവര്‍ത്തിച്ചിട്ടില്ല. ആ ദിവ്യകാരുണ്യമാണ് മലയാളിയെ മനുഷ്യനാക്കിയത്. ആധുനിക കേരളത്തെ സൃഷ്ടിച്ചത്. ജാതിയും മതവുമല്ല മനുഷ്യനാണ് വലുത് എന്ന ചിന്ത ആധുനിക മനീഷികളില്‍ സൃഷ്ടമാക്കിയത്. മതമേതുമാകട്ടെ മനുഷ്യന്‍ നന്നാവുക എന്നതാണ് ഏറ്റവും വലുത് എന്ന് മറ്റേതെങ്കിലും ഒരു ഗുരുവര്യന്‍ ഉപദേശിച്ചിട്ടുണ്ടോ?
Content Highlights: Sree Narayana Guru birth anniversary day
Published: 20 Aug 2024, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented