ടാഗോര്‍ അന്ന് പറഞ്ഞു: ഗുരുവിനേക്കാള്‍ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാന്‍ കണ്ടിട്ടില്ല


എസ്. പ്രതീഷ്

ശ്രീനാരായണ ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും

'ശ്രീനാരായണ ഗുരുവിനേക്കാള്‍ മികച്ചതോ ഗുരുവിനു തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാല്‍ പ്രശോഭിക്കുന്ന തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല' ശ്രീനാരായണ ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സന്ദര്‍ശന ഡയറിയില്‍ കുറിച്ച വാക്കുകളാണിത്. ലോകശ്രദ്ധയാകര്‍ഷിച്ച രണ്ട് മഹാത്മാക്കളുടെ ചരിത്ര സമാഗമത്തിന് വേദിയായത് ശിവഗിരി മഠവും. ഇരുവരുടെയും ജീവിതത്തില്‍ ശ്രദ്ധേയസംഭവമായി മാറിയ അപൂര്‍വ സമാഗമത്തിന് നവംബര്‍ 15ന് ഒരു നൂറ്റാണ്ട് തികയുന്നു. ഗുരുദേവന്‍ ടാഗോര്‍ സമാഗമ ശതാബ്ദി വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ശിവഗിരി.

1922 നവംബര്‍ 15നാണ് രവീന്ദ്രനാഥ ടാഗോര്‍ തന്റെ സന്തതസഹചാരി സി.എഫ്.ആന്‍ഡ്രൂസിനൊപ്പം ശിവഗിരിയിലെത്തിയത്. വിശ്വഭാരതി സര്‍വകലാശാലയുടെ ധനശേഖരണാര്‍ഥമുള്ള പര്യടനത്തിനിടെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ടാഗോര്‍ തിരുവനന്തപുരത്തെത്തിയത്.നവംബര്‍ ഒമ്പതിന് എത്തിയ അദ്ദേഹം അവിടെ പരിപാടിയില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവഗിരിയിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കാറില്‍ ടാഗോറും ആന്‍ഡ്രൂസും വര്‍ക്കലയിലെ മുസാവരി ബംഗ്ലാവില്‍ (ഇപ്പോള്‍ ജില്ലാ ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടം) എത്തിച്ചേര്‍ന്നു. ഡോ. പല്‍പ്പു, ശിവപ്രസാദ് സ്വാമി, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്‍.കുമാരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ഘോഷയാത്രയായി പല്ലക്കിലാണ് ടാഗോറിനെ ശിവഗിരിയിലേക്ക് ആനയിച്ചത്. ഇപ്പോഴത്തെ ശിവഗിരി മഠം ബുക്ക് സ്റ്റാള്‍ സ്ഥിതിചെയ്യുന്നിടത്ത് ഇറങ്ങി കാല്‍നടയായി ശാരദാമഠത്തിലാണ് ആദ്യം ദര്‍ശനം നടത്തിയത്. അവിടെനിന്നും ഗുരുദേവന്‍ വിശ്രമിക്കുന്ന വൈദികമഠത്തിലെത്തി. ടാഗോര്‍ വൈദികമഠത്തിന്റെ വരാന്തയിലേക്ക് കാലെടുത്തുവച്ചതും ഗുരുദേവന്‍ കതകു തുറന്ന് വരാന്തയിലേക്ക് ഇറങ്ങിയതും ഒരേ സമയത്തായിരുന്നു. ഇരുവരും പരസ്പരം അല്പനേരം നോക്കിനിന്നു. തുടര്‍ന്ന് വരാന്തയില്‍ വിരിച്ച പായകളില്‍ ഗുരുദേവനും ടാഗോറും ആന്‍ഡ്രൂസും ഇരുന്നു. സംഭാഷണം സംസ്‌കൃതത്തിലാകാമെന്ന് ടാഗോറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ബംഗാളി കലര്‍ന്ന സംസ്‌കൃതമേ അറിയൂവെന്ന് പറഞ്ഞു. ഇതോടെ ദ്വിഭാഷിയായി കുമാരനാശാനും സമാഗമത്തിന്റെ ഭാഗമായി.

ഗുരുവിന്റെ ആത്മീയവും സാമൂഹികവും വിദ്യാഭ്യാസ പരവുമായ കാഴ്ചപ്പാടുകള്‍ ടാഗോര്‍ ചോദിച്ചറിഞ്ഞു. അന്നത്തെ സമൂഹത്തില്‍ ചര്‍ച്ചയായ വിഷയങ്ങള്‍ ഉള്‍പ്പെടെ മഹാത്മാക്കളുടെ സംഭാഷണം അരമണിക്കൂറിലധികം നീണ്ടു. ഗുരുവിന്റെ നിര്‍ദേശപ്രകാരം തെങ്ങിന്‍ തലപ്പിലെ ഏറ്റവും ലോല ഭാഗമായ കാമ്പും കരിക്കും ഇളനീരും ഇവര്‍ക്ക് കഴിക്കാന്‍ നല്‍കി. ശിവഗിരിയുടെ ആശ്രമഭംഗിയും ഗുരുവിന്റെ ജീവിത വിശുദ്ധിയും തത്ത്വചിന്തയുമെല്ലാം നേരിട്ടറിഞ്ഞാണ് ടാഗോര്‍ മടങ്ങിയത്. യാത്രാസമയത്താണ് ടാഗോറും ആന്‍ഡ്രൂസും ശിവഗിരിയിലെ സന്ദര്‍ശന ഡയറിയില്‍ തങ്ങളുടെ അനുഭവങ്ങള്‍ കുറിച്ചത്. സി.എഫ്.ആന്‍ഡ്രൂസ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ് 'ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ ചൈതന്യമൂര്‍ത്തി ഇന്ത്യയുടെ തെക്കേ അറ്റത്തു വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മറ്റാരുമല്ല.'

ശിവഗിരിയില്‍ ഗുരുദേവന്‍ ടാഗോര്‍ സമാഗമ ശതാബ്ദിയാഘോഷം 14നും 15നും

ശിവഗിരി: മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം 14, 15 തീയതികളില്‍ ശിവഗിരിയില്‍ നടക്കും.

14ന് രാവിലെ ഒമ്പതിന് കാവ്യാര്‍ച്ചന മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ, കുരീപ്പുഴ ശ്രീകുമാര്‍, റഫീക്ക് അഹമ്മദ്, ഗിരീഷ് പുലിയൂര്‍, മണമ്പൂര്‍ രാജന്‍ബാബു, പി.കെ.ഗോപി, എം.ആര്‍.രേണുകുമാര്‍, ബാബു പാക്കനാര്‍, സൂര്യ ബിനോയി, എസ്.താണുവന്‍ ആചാരി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് കാവ്യരചനാമത്സരം. രാത്രി ഏഴിന് നൃത്തപരിപാടി.

15ന് രാവിലെ 10ന് ശതാബ്ദി സമ്മേളനം കൊല്‍ക്കത്ത വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയും ബിനോയ് വിശ്വം എം.പി. വിശിഷ്ടാതിഥിയുമാകും.

ചീഫ് സെക്രട്ടറി വി.പി.ജോയി, സ്വാമി സൂക്ഷ്മാനന്ദ, പ്രഭാവര്‍മ, ഡോ. കെ.എസ്.രാധാകൃഷ്ണന്‍, പ്രൊഫ. വി.മധുസൂദനന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്വാമി സച്ചിദാനന്ദ രചിച്ച 'ടാഗോര്‍ ഗുരുസന്നിധിയില്‍' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും.

ഉച്ചയ്ക്ക് രണ്ടിന് കാവ്യസൗഹൃദം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും.

Content Highlights: sivagiri rabindranath tagore sree narayana guru meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented