രാമായണം മാത്രമല്ല, 'രാവണായണ'വും ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ടെന്ന് അന്തരിച്ച സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് 2024 ഫെബ്രുവരിയിലെ മാതൃഭൂമി അന്താരാഷ്ട്ര മാതൃഭൂമി അക്ഷരോത്സവത്തില്‍ 'അയോധ്യയ്ക്കു ശേഷമുള്ള ഇന്ത്യ' എന്ന വിഷയത്തില്‍ സംവദിക്കുമ്പോഴായിരുന്നു. അയോധ്യ ഒരു നാഴികക്കല്ലല്ല. ഇന്ത്യയുടെ മതേതര- ജനാധിപത്യ റിപ്പബ്ലിക്കിനെ ഫാസിസ്റ്റ് രാജ്യമാക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ തുടര്‍ച്ച മാത്രമാണ്. അധികാര രാഷ്ട്രീയം മതവിശ്വാസവുമായി കൂട്ടിക്കലര്‍ത്താന്‍ പാടില്ല. അതിനാലാണ് ഞങ്ങള്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ എതിര്‍ത്തത്. അയോധ്യവിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നയം യെച്ചൂരി വ്യക്തമാക്കിയതോടെ അക്ഷരനഗരിയില്‍ കൈയടികളുയര്‍ന്നു.  

To advertise here,

'പല രാമായണങ്ങളുണ്ട് ഇന്ത്യയില്‍. 'രാവണായണം' എന്ന കഥയുമുണ്ട്. കടുത്ത ശിവഭക്തനായിരുന്നു രാവണന്‍. ശിവന്‍ താണ്ഡവമാടുമ്പോള്‍ സംഗീതത്തിന്റെ അകമ്പടിയേകിയിരുന്നത് അദേഹമായിരുന്നു. സംപ്രീതനായ ശിവന്‍ ഒരിക്കല്‍ എന്തു വരം വേണമെങ്കിലും ചോദിച്ചോളാന്‍ പറഞ്ഞു. 'എനിക്ക് അമരത്വം വേണം. മനുഷ്യരാലോ മൃഗങ്ങളാലോ ഞാന്‍ കൊല്ലപ്പെടാന്‍ പാടില്ല'. വരം കിട്ടിയ രാവണന്‍ ലങ്കയിലെത്തി നൂറു കണക്കിനു വര്‍ഷങ്ങള്‍ ഭരിച്ചു. അധികാരം മടുത്തപ്പോള്‍ മോക്ഷം ആഗ്രഹിച്ചു. മരിക്കാതെ മോക്ഷം കിട്ടില്ലല്ലോ. രാവണന്‍ നാരദനോട് ഉപദേശം ചോദിച്ചു. 'മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ നിങ്ങളെ കൊല്ലാനാവില്ല. അപ്പോള്‍ ദൈവത്തിന്റെ അവതാരമായ രാമനെ യുദ്ധംചെയ്യാന്‍ വിളിക്കൂ' എന്നായിരുന്നു നാരദന്റെ മറുപടി. രാമനെ ലങ്കയിലെത്തിക്കാനാണ് രാവണന്‍ സീതയെ അപഹരിച്ചത്. യുദ്ധം നീണ്ടുപോയിട്ടും കൊല്ലപ്പെടാതായപ്പോള്‍ തന്നെ വധിക്കാനുള്ള വിദ്യ പറഞ്ഞുകൊടുക്കാന്‍ രാവണന്‍ വിഭീഷണനെ രാമനരികില്‍ പറഞ്ഞുവിട്ടു. അങ്ങനെ രാവണന്‍ മോക്ഷം നേടിയെന്നാണ് കഥ. ഇതില്‍ നന്മയോ തിന്മയോ ഇല്ല, നായകനോ വില്ലനോ ഇല്ല. തികച്ചും മതേതരമാണ് രാവണായണത്തിന്റെ കഥ. ഇത് നിങ്ങള്‍ ആര്‍. എസ് എസുകാരോടു പറഞ്ഞാല്‍ അവര്‍ നിങ്ങളെ ഹിന്ദുവിരുദ്ധനെന്നു വിളിക്കും.' ഏതുവിഷയത്തിലും അവഗാഹമുണ്ടാവുകയെന്നത് യെച്ചൂരിയുടെ സവിശേഷതയായിരുന്നു. മാര്‍ക്‌സിസ്റ്റ് തത്വചിന്തകളോടൊപ്പം ഇന്ത്യന്‍ മിത്തുകളും പുരാണങ്ങളും ആഴത്തില്‍ പഠിച്ച് ജ്ഞാനസംവാദവേദികളില്‍ അദ്ദേഹം തിളങ്ങി. ലളിതവും സരസവുമായ യെച്ചൂരിയന്‍ പദപ്രയോഗങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടു. 'ചെന്നൈയില്‍ ജനിച്ച തെലുങ്കനായ ഞാന്‍' എന്നുപറഞ്ഞുകൊണ്ട് ഭാരതീയദര്‍ശനങ്ങളിലെ തന്റെ കാഴ്ചപ്പാടുകളെ വിവരിച്ചപ്പോള്‍ അക്ഷരവേദി സാകൂതം കേട്ടുനിന്നു. 

'മഹാബലിയുടെ മടങ്ങിവരവ് കേരളത്തില്‍ ആഘോഷിക്കുന്നതാണ് ഓണം. ഉത്തരേന്ത്യയിലാവട്ടെ മഹാബലിയുടെ മരണം ആഘോഷിക്കുന്നു. പല വിശ്വാസങ്ങളും കഥകളും ഉള്‍പ്പെട്ടതാണ് നമ്മുടെ പാരമ്പര്യം. അതാണ് ഇന്ത്യയുടെ വൈവിധ്യം. ബഹുസ്വരതയ്ക്കുവേണ്ടിയുള്ള പോരാട്ടം ജനങ്ങള്‍ ഏറ്റെടുക്കണം'. ഇന്ത്യന്‍ പുരാണകഥാപാത്രങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ ആയുധങ്ങളായി തീവ്രവലതുപക്ഷം ഉപയോഗിക്കുന്നതെങ്ങനെയെന്ന് യെച്ചൂരി വിശദമാക്കിയത് മഹാബലിയെയും രാവണനെയും ഉദാഹരണമാക്കിക്കൊണ്ടായിരുന്നു.

'വിട്ടുവീഴ്ചയില്ലാതെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചെങ്കിലേ ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാനാവൂ. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം അതിനു പരിഹാരമാവില്ല. അവര്‍ രാമക്ഷേത്രം നിര്‍മിച്ചെങ്കില്‍ ഞങ്ങള്‍ സീതാക്ഷേത്രം ഉണ്ടാക്കുമെന്ന് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വനവാസപാതയും നിര്‍മിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി ഓഫീസില്‍ ഹിന്ദു ദൈവങ്ങളെ പ്രതിഷ്ഠിച്ചു. ആരാണ് നല്ല ഹിന്ദു എന്നാണ് മത്സരം.' - ആദര്‍ശങ്ങളില്‍ അണുവിട വിട്ടുവീഴ്ചയില്ലാത്ത, ഏതുസംഹിതയും ഓര്‍മയുടെയും ബുദ്ധിയുടെയും കെട്ടഴിച്ച് നിരത്തിവാദിക്കാന്‍ പ്രാപ്തിയുള്ള കോമ്രേഡ് ഓര്‍മയാവുമ്പോള്‍ ബാക്കിയാവുന്നത് സന്ധിയില്ലാസമരങ്ങളുടെയും വെള്ളം ചേര്‍ക്കാത്ത നിലപാടുകളുടെയും വീര്യംകൂടിയ മുദ്രാവാക്യങ്ങളാണ്. 'ആരാണ് നല്ല ഹിന്ദു എന്നാണ് മത്സരം' എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ഗൗരവം പൂണ്ടപ്പോള്‍, താന്‍ വളര്‍ന്ന കുടുംബാന്തരീക്ഷത്തെക്കുറിച്ചും ഇന്ത്യന്‍ പുരാണങ്ങള്‍ തന്നെയെങ്ങനെയാണ് സ്വാധീനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

'ഒറിജിലനിനു പകരം ആരും ഡ്യൂപ്ലിക്കേറ്റ് വാങ്ങാറില്ല. അപ്പോള്‍ യഥാര്‍ഥ ഹിന്ദുത്വം വിജയിക്കും. ഒരു രാഷ്ട്രീയ പദ്ധതിയാണ് ഹിന്ദുത്വം. അതിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. ഇതു വിളിച്ചുപറയുന്നതിനാല്‍ സംഘപരിവാര്‍ എന്നെ എതിര്‍ക്കുന്നു. നിങ്ങള്‍ സീതാറാം അല്ലേ എന്നാണ് ചോദ്യം. അതെ, ഞാന്‍ സീതാറാം ആയതിനാല്‍ തന്നെയാണ് നിങ്ങളെ എതിര്‍ക്കുന്നത്. നിങ്ങളെന്തെന്ന് എനിക്കറിയാം. നിങ്ങള്‍ പറയുന്നതൊന്നും ഹിന്ദുമതവുമായി ബന്ധമുള്ളതല്ല.' - മാതൃഭൂമി അന്താരാഷ്ട്ര അക്ഷരവേദിയില്‍നിന്ന് തന്റെ വാക്കുകള്‍ക്ക് വിരാമമിടുമ്പോള്‍ നിലയ്ക്കാത്ത കരഘോഷങ്ങള്‍ സഖാവിന് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടേയിരുന്നു. 

സീതാറാം യെച്ചൂരി വിടവാങ്ങുകയെന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരിതള്‍ അടര്‍ന്നുവീഴുകയെന്നാണ്. സമവായചര്‍ച്ചകളും എതിര്‍വാക്കുകളും ആശയത്തിന്റെ പ്രതിരോധമുറകളും സൈദ്ധാന്തികപ്രയോഗങ്ങളും കൊണ്ട് വേറിട്ടുനിന്ന ഒരേയൊരു യെച്ചൂരി. അകാലത്തില്‍ തൊട്ട മരണം ഒരു പക്ഷേ കുറച്ചധികം പ്രയത്‌നിച്ചിട്ടുണ്ടാവും, അദ്ദേഹത്തെ കൂടെകൂട്ടാന്‍.