
1895 ഒക്ടോബർ പതിനേഴ്-ജർമനിയിലെ ട്യുബിങ്ങൻ യൂണിവേഴ്സിറ്റിക്കടുത്തുള്ള പുസ്തകശാലയിലെ പാക്കിങ് വിഭാഗത്തിലേക്ക് പതിനെട്ടുകാരനായ പുതിയൊരു ജോലിക്കാരനെത്തി. തിയോളജി, ഫിലോസഫി,നിയമം തുടങ്ങിയ മേഖലകളിലെ പുസ്തകങ്ങൾക്ക് പേരുകേട്ടതായിരുന്നു ആ പുസ്തകശാല. പുസ്തകങ്ങൾ നിരനിരയായി വെക്കുന്നതിലും വളരെ അപൂർവ്വമായ പുസ്തകങ്ങൾ ജനശ്രദ്ധ കിട്ടുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതുമെല്ലാം ഈ ചെറുപ്പക്കാരന് അത്യുത്സാഹമുള്ള കാര്യങ്ങളായിരുന്നു. പന്ത്രണ്ട് മണിക്കൂർ ആണ് ജോലി സമയമെങ്കിലും അവൻ തന്റെ ജോലിയിൽ സമയം നോക്കാതെയും അറിയാതെയും മുഴുകിക്കൊണ്ടേയിരുന്നു. കടയവധിദിനമായ ഞായറാഴ്ചകളിൽ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താതെ അവൻ പുസ്തകങ്ങളിലേക്ക് ഊളിയിട്ടു. ഗ്രീക്ക് ഐതിഹ്യങ്ങളും ഗഥേ, ലെസ്സിങ്,ഷില്ലർ തുടങ്ങിയവരുടെ പുസ്തകങ്ങളും അവന് ഹൃദിസ്ഥമായി. പിന്നീടാണ് ഫ്രെഡറിക് നീഷെയുടെ എഴുത്തുകളുമായി സമ്പർക്കത്തിലാവുന്നത്. നീഷെയുടെ ചിന്തകളും കാഴ്ചപ്പാടുകളും അവനെ അഗാധമായി സ്വാധീനിച്ചു.
മൂന്നു വർഷത്തിനിടെ തന്റെ വരുമാനം കൊണ്ട് സ്വന്തം കാലിൽ നിൽക്കാമെന്ന സ്ഥിതി വന്നപ്പോൾ വായനയിലേക്ക് കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു ആ യുവാവ് ചെയ്തത്. ജർമൻ റൊമാന്റിസിസത്തെക്കുറിച്ച് ആഴത്തിൽ അറിവുനേടിയ ആ യുവാവ് തന്റെ മാതാപിതാക്കൾക്കെഴുതിയ കത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു; 'കലാകാരന്മാരുടെ ധാർമികതയെ സൗന്ദര്യശാസ്ത്രം മാറ്റിപ്രതിഷ്ഠിക്കും.' ആയിടയ്ക്കാണ് തന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് യുവാവ് ക്ഷണിക്കപ്പെടുന്നത്. സ്വപ്രായക്കാരായ ധാരാളം യുവാക്കൾ അവിടെയുണ്ടായിരുന്നുവെങ്കിലും തന്റെ പ്രായക്കാരുമായി ചങ്ങാത്തം സ്ഥാപിക്കാൻ കഴിയുന്നില്ലെന്ന് അവൻ തിരിച്ചറിഞ്ഞു.പലരും യൂണിവേഴ്സിറ്റി വിദ്യാഭ്യാസം തുടരുന്നവരാണ്. അവരോട് ഒരു വിഷയവും സംസാരിക്കാനില്ലാത്ത അവസ്ഥ അവൻ അന്നനുഭവിച്ചു. തനിക്ക് ഇത്തരം സാമൂഹികമായ ഒത്തുചേരൽ അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ ആ യുവാവ് പിന്നെ ആളുകൾ കൂട്ടംകൂടുന്ന സന്ദർഭങ്ങളെ മനപ്പൂർവം ഒഴിവാക്കി.
വിന്നീസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ 'മഡോണ' എന്ന തലക്കെട്ടോടെ ഒരു കവിത അച്ചടിച്ചു വന്നപ്പോൾ ആ യുവാവിന് അല്പം ആത്മവിശ്വാസമൊക്കെ വന്നു. 'റൊമാന്റിക് കവിതകൾ' എന്ന പേരിൽ ഒരു സമാഹാരം താമസിയാതെ പുറത്തിറങ്ങി. രണ്ടു വർഷം കൊണ്ട് അറുനൂറ് കോപ്പികൾ പ്രിന്റുചെയ്ത പുസ്തകത്തിൽ വെറും അമ്പത്തിനാല് കോപ്പികളാണ് വിറ്റുപോയിരുന്നത്. മാത്രമല്ല, മാനസികമായി ആശ്രയിച്ചിരുന്നു അമ്മ പോലും ആ കവിതാ സമാഹാരത്തെ തള്ളിപ്പറഞ്ഞു. പ്രണയത്തോടുള്ള അപരാധമാണ് ആ പുസ്തകത്തിലെ കവിതകൾ എന്നു പറഞ്ഞതും അവന് മാനസികാഘാതമായി. ആയിടയ്ക്കാണ് അവന്റെ കണ്ണിന് പ്രശ്നങ്ങളുണ്ടായത്. പോരാത്തതിന് നാഡീസംബന്ധമായ അസുഖങ്ങളും അലട്ടാൻ തുടങ്ങി. വിട്ടുമാറാത്ത തലവേദനയും അസ്വസ്ഥകളും അവനെ പിന്തുടർന്നു.
തന്റെ ചിരകാല സ്വപ്നമായ ഇറ്റലിയിലേക്കുള്ള യാത്ര സാധ്യമാവാൻ പോകുന്നു എന്നു തീരുമാനമായതോടെ ആ യുവാവ് ബുക്ക്ഷോപ്പിലെ ജോലിയുപേക്ഷിച്ചു. കുറേ കവിതകളും ചെറിയ സാഹിത്യലേഖനങ്ങളും പ്രസിദ്ധീകരിക്കുക വഴി അത്യാവശ്യം കാശൊക്കെ കിട്ടാൻ തുടങ്ങി. ആയിടയ്ക്കാണ് അവന്റെ അമ്മ മരണമടയുന്നത്. ദീർഘകാലമായി അസുഖബാധിതയായിരുന്നു അവർ.
അതിനിടയിൽ നിരന്തരപരിശ്രമമെന്ന നിലയിൽ ഹെർമൻ ലാഷെയുടെ കവിതകളും ലേഖനങ്ങളും മരണാനന്തരം കണ്ടെടുത്ത് പ്രസിദ്ധീകരിച്ച ആ യുവാവിനെത്തേടി ജർമൻ പബ്ളിഷറായ സാമുവൽ ഫിഷർ എത്തി. ആ യുവാവിന്റെ എഴുത്തിലെ മാന്ത്രികത തിരിച്ചറിച്ച ബിസിനസ്സുകാരനായ ആ പുസ്തകവില്പനക്കാരൻ ആവശ്യപ്പെട്ടത് ഒരു നോവലാണ്. 'പീറ്റർ കാമെൻസിന്ത്' എന്ന നോവലിനോടൊപ്പം ലോകം പരക്കെ ഒരു എഴുത്തുകാരന്റെ പേര് ആവർത്തിച്ചുച്ചരിച്ചു; ഹെർമൻ ഹെസ്സെ! എഴുത്ത് ഒരു ജീവിതോപാധിയായി സ്വീകരിച്ചുകൊണ്ട് ആ യുവാവ് ദീർഘമായൊരു കയ്യൊപ്പിട്ടു; ഹെർമൻ ഹെസ്സേ...
1877 ജൂലെ രണ്ടിന് ജർമനിയിൽ ജനിച്ച ഹെർമൻ ഹെസ്സെ വളരെ ചെറുപ്പം മുതലേ സ്വന്തം ലോകത്തിലും ചിന്തയിലും മുഴുകുന്ന പ്രകൃതക്കാരനായിരുന്നു. ഹെസ്സെയുടെ അമ്മ തന്റെ ഭർത്താവ് ജോഹനാസ് ഹെസ്സെയ്ക്കെഴുതിയ കത്തിൽ ഹെസ്സെയെക്കുറിച്ച് ഇങ്ങനെ പറയുന്നു; ;''ചെറിയ ആൾക്കു ചുറ്റും ഒരു നിഡൂഢലോകെ തന്നെയുണ്ട്. അവൻ പലപ്പോഴും അവന്റെതായ ലോകത്താണ്. ഏകാന്തതയാണ് അവനേറെ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും. നാലു വയസ്സാകുമ്പോളേക്കും ഇതാണ് അവസ്ഥയെങ്കിൽ അവനെ കാര്യനമായി പരിഗണിക്കേണ്ടതുണ്ട്.''ഹെർമൻ ഗുണ്ടർട്ടിന്റെ മകളായ മേരി ഗുണ്ടർട്ടായിരുന്നു ഹെർമൻ ഹെസ്സെയുടെ അമ്മ. ഗുണ്ടർട്ട് മലയാളം നിഘണ്ടു തയ്യാറാക്കുന്ന കാലത്ത് ഇന്ത്യയിലാണ് മേരി ജനിച്ചത്.
തന്റെ സ്കൂൾപഠനകാലത്തുതന്നെ വിഷാദരോഗത്തിന്റെ എല്ലാ സ്വഭാവങ്ങളും ഹെർമൻ ഹെസ്സെ പ്രകടിപ്പിക്കുമായിരുന്നു. ഏകാന്തതയിൽ നിന്നും അനാവശ്യ ചിന്തകളിൽ നിന്നും ഹെസ്സെയെ വായനയിലേക്ക് തിരിച്ചുവിട്ടത് മുത്തച്ഛനായ ഹെർമൻ ഗുണ്ടർട്ടാണ്. തന്റെ ബൃഹത്തായ പുസ്തകശേഖരം കൊച്ചുമകന് തുറന്നുകൊടുത്തു അദ്ദേഹം.
1904വരെ, അതായത് തന്റെ മുപ്പത്തിയേഴാം വയസ്സുവരെ ഹെസ്സെയുടെ പോരാട്ടം അക്ഷരങ്ങളോടായിരുന്നു. 'പീറ്റർ കാമെൻസിന്ത്' ജർമനിയിലെ ബെസ്റ്റ് സെല്ലറായി, സിഗ്മണ്ട് ഫ്രോയ്‌ഡ് നോവലിലെ മാനസികസങ്കീർണതകളെ പ്രകീർത്തിച്ചെഴുതി. ഹെസ്സെ ജർമൻ സാഹിത്യത്തിലെ ഉറച്ച പേരായി മാറി.
രണ്ടുവർഷത്തിനുശേഷം എഴുത്തിലും ജീവിതത്തിലും കാര്യമായ പുരോഗതികളുമായി ഹെസ്സെ വാർത്തകളിൽ നിറഞ്ഞു. ജർമനിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞരുടെ കുടുംബമായ ബെർനൗലിയിൽ നിന്നും വധുവിനെ കണ്ടെത്തി. പിതാവിന്റെ സമ്മതമില്ലാതെ മരിയ ബെർനൗലിയും ഹെസ്സെയും ഒരുമിച്ച് ജീവിതമാരംഭിച്ചു. മൂന്നു കുഞ്ഞുങ്ങളുടെ പിതാവായിരിക്കേ തന്റെ രണ്ടാമത്തെ നോവലായ ബെനീത് ദ വീലിന്റെ പണിപ്പുരയിലേക്കു കടന്നു. 1906-ൽ അത് പ്രസിദ്ധീകരിക്കുന്നതിനിടയിൽത്തന്നെ ധാരാളം കവിതകളും കൊച്ചുലേഖനങ്ങളും എഴുതി മുഖ്യധാരാസാഹിത്യത്തിൽ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു ഹെസ്സെ. തുടർന്ന് 1910-ൽ ജെർട്രൂഡ് ഇറങ്ങി. ആ നോവൽ അത്ര സ്വീകാര്യമായില്ല. മിസ്കാര്യേജ് എന്ന് ജെർട്രൂഡിനെ വിശേഷിപ്പിച്ചത് നോവലിസ്റ്റ് തന്നെയാണ്.
വളരെപ്പട്ടെന്നാണ് ബുദ്ധിസവുമായി ഹെസ്സേ അടുപ്പത്തിലായത്. തന്റെ കൃതികളിൽ ബുദ്ധിസത്തെക്കുറിച്ച് പ്രതിപാദിക്കാൻ തുടങ്ങി. തിയോസോഫി എന്ന പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അക്കാലം. തിയോസോഫിയും ബുദ്ധിസവും കൂടി ഹെസ്സെയെ ക്ഷണിച്ചത് ഇന്ത്യയിലേക്കായിരുന്നു. ഹെസ്സെയുടെ മാസ്റ്റർപീസായ നോവൽ 'സിദ്ധാർഥ' പുറത്തിറങ്ങിയത് അതിന്റെ പരിണിതഫലമായിരുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമൻ പട്ടാളത്തോട്, തന്നെയും സൈന്യത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പാതി കാഴ്ചയുള്ള,നാഡീസംബന്ധമായ അസുഖങ്ങളുള്ള ഹെസ്സേ പോകാൻ കാരണമുണ്ടായിരുന്നു. തന്നെക്കാൾ ഇളയവരായ എത്രയോ എഴുത്തുകാർ യുദ്ധത്തിൽ മരിച്ചുവീഴുന്നത് കണ്ടുസഹിക്കാനാവുന്നില്ല എന്നായിരുന്നു ഹെസ്സെ നല്കിയ വിശദീകരണം. ജോലിയെടുക്കാൻ അപ്രാപ്യനെങ്കിലും തടവുകാരെ പാർപ്പിക്കുന്നയിടത്തിൽ ഡ്യൂട്ടിയ്ക്കായി ഹെസ്സെ നിയോഗിക്കപ്പെട്ടു. അവിടെവച്ച് മനുഷ്യസ്നേഹത്തെയുണർത്തുന്ന ലേഖനങ്ങളെഴുതി ഹെസ്സെ.
അതിനിടയിൽ ഭാര്യ മരിയയുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് പിരിയുകയും മറ്റൊരു ബന്ധത്തിലേർപ്പെടുകയും ചെയ്തുവെങ്കിലും അതും വിജയം കണ്ടില്ല.
നാസിസം ജർമനിയെ കീഴടക്കിയ കാലത്ത് അസ്വസ്ഥരായ ബെർഥോൾട് ബ്രഹ്ത്, തോമസ് മൻ എന്നിവർ പലായനം ചെയ്യുമ്പോൾ അവർ ഹെസ്സെയെക്കൂടി ക്ഷണിച്ചുവെങ്കിലും ഹിറ്റ്ലറോട് പൊരുതിനിൽക്കാനായിരുന്നു ഹെസ്സെ തീരുമാനിച്ചത്. ഹെസ്സെയുടെ അപ്പോളത്തെ ഭാര്യ ഒരു ജൂതവംശജയായിരുന്നതിനാൽ അദ്ദേഹം പരസ്യമായിത്തന്നെ നാസിപ്പടകളുടെ ചെയ്തികളെ വിമർശിച്ചു. കാഫ്ക ഉൾപ്പെടെയുള്ള ജൂതവംശജരായ എഴുത്തുകാരുടെ കൃതികളെ നിരൂപണം ചെയ്തുകൊണ്ടും തുടരെത്തുടരെ അവർക്കുവേണ്ടി എഴുതിക്കൊണ്ടും ഹെസ്സെ ഹിറ്റ്ലറെ പ്രകോപിപ്പിച്ചു. കലയും സാഹിത്യവും ജർമനിയിൽ ഹിറ്റ്ലർ തച്ചുടച്ചു എന്ന് അദ്ദേഹം ആരോപിച്ചു. പരിണിതഫലമായി ജർമനിയിലെ ഒരൊറ്റ പ്രസിദ്ധീകരണവും ഹെസ്സെയുടെ എഴുത്തുകൾ പ്രസിദ്ധീകരിച്ചില്ല. താമസിയാതെ നാസികൾ ഹെസ്സെയുടെ കൃതികൾക്ക് നിരോധനവും ഏർപ്പെടുത്തി.
'ഗ്ളാസ് ബ്ളീഡ് ഗെയിം' ആണ് ഹെസ്സെയുടെ അവസാനത്തെ നോവൽ. തന്റെ ജീവിതസായാഹ്നത്തിലെ ഇരുപത് വർഷങ്ങൾ അദ്ദേഹം ചെറുകഥകൾക്കും ആത്മകഥാംശമുള്ള ലേഖനങ്ങൾക്കും പ്രകൃതിസ്നേഹമുള്ള കവിതകൾക്കുമായി മാറ്റിവെച്ചു. ജലച്ചായത്തിലും തല്പരനായിരുന്ന ഹെസ്സെ ചിത്രങ്ങൾക്കായും സമയം കണ്ടെത്തി. ആരാധകർ അയയ്ക്കുന്ന കത്തുകൾക്ക് മറുപടിയെഴുതുക എന്നത് വലിയൊരു ഉത്തരവാദിത്തമായി അദ്ദേഹം പരിഗണിച്ചു. 1962-ൽ എൺപത്തിയഞ്ചാം വയസ്സിൽ അന്തരിക്കുന്നതുവരെ ഒരു പുസ്തകവില്പനക്കാരനിൽ നിന്നും നൊബേൽ സമ്മാനജേതാവായി മാറിയതിന്റെ വിജയഗാഥകളെക്കാൾ വ്യക്തിജീവിതത്തിലുണ്ടായിരുന്ന പരാജയങ്ങളെക്കുറിച്ചാണ് ഹെസ്സെ തന്റെ ആരാധകരോട് പറഞ്ഞിരുന്നത്.
Content Highlights: Remembering Herman Hesse on His Birth Anniversary
Published: 02 Jul 2020, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented