ചേർത്തലയിൽ കടക്കരപ്പള്ളി എന്ന കുഗ്രാമത്തിൽ, നാലുവയസ്സിൽ അമ്മയില്ലാതായ അറിവില്ലാപൈതലിന്, അതിരില്ലാത്ത ആകാശം കാട്ടിത്തരാൻ അച്ഛനാണ് ആദ്യം പുസ്തകം മേടിച്ചുതന്നത്. അച്ഛന്റെ മടിയിലാണ് അതിനുമേറെനാൾ മുൻപ് എഴുത്തിനിരുന്നത്. അറിയാക്കഥകളറിഞ്ഞ് ഈ വിശ്വമാകെ സർഗദീപ്തിയോടെ പറന്നുനടക്കാൻ കാലം എനിക്കു തുന്നിത്തന്ന ചിറകുകളാണ് അക്ഷരങ്ങൾ.
ആദ്യം കാതിലുരച്ച ഓങ്കാരനാദം ഉള്ളിൽ സംഗീതമായി തിരിയിട്ടു: നാദത്തിന്റെ ഭാഷയാണ് സംഗീതം. ‘നസ്‌മൈ നാദാത്മകം ജഗത്’; പ്രപഞ്ചം നാദാത്മകമാണ്. ‘നാ’ എന്നാൽ പ്രാണവായു എന്നാണർഥം. ‘ദം’ എന്നാൽ അഗ്നി. പ്രാണവായുവും അഗ്നിയും ചേർന്നാണ് നാദമുണ്ടാകുന്നത്. ആ നാദത്തിന്റെ വികാസമാണ് സംഗീതം. ഷഡ്ജവും ഋഷഭവും ഗാന്ധാരവും മധ്യമവും പഞ്ചമവും ധൈവതവും നിഷാദവുമൊക്കെ, സഹജീവികളായ ഇതരജന്മങ്ങളുടെ സ്വരഭേദങ്ങളാണ്. ആ തിരിച്ചറിവ് മനുഷ്യൻ നേടിയെടുത്ത് സ്വരൂപിച്ച സ്നേഹപദ്ധതിയാണ് സംഗീതം. ത്യാഗരാജസ്വാമികളുടെ ചിത്തരഞ്ജിനി രാഗത്തിലുള്ള വിഖ്യാതമായ ഒരു കീർത്തനത്തിൽ ഈ ആശയം അതിഹൃദ്യമായി അടയാളപ്പെട്ടിട്ടുണ്ട്. ‘നാദലോലുടൈ ബ്രഹ്മാനന്ദവേ മനസ്സാ’ എന്ന് കല്യാണവസന്തരാഗത്തിലുള്ള ഒരു കീർത്തനത്തിൽ ത്യാഗരാജസ്വാമികൾ പറഞ്ഞിട്ടുണ്ട്.
നാദത്താൽ മനസ്സിന് ബ്രഹ്മാനന്ദമുണ്ടാകുന്നു. പ്രപഞ്ചവുമായി ലയിക്കുമ്പോൾ ഉണ്ടാകുന്ന അതുലമായ ആനന്ദമാണ് ബ്രഹ്മാനന്ദം. അറിവറിയാപൈതലിന്റെ കാതിൽനിറഞ്ഞ നാദവും അക്ഷതത്തിൽ വിരലുരഞ്ഞുതെളിഞ്ഞ അക്ഷരവും കാലത്തിനും ഭാഷയ്ക്കുമപ്പുറത്തെ കലാലോലമായ സാധ്യതകളിലേക്കാണ് നമ്മെ നയിക്കുന്നത്. മതജാതിഭേദങ്ങളുടെ മതിലുകൾക്കപ്പുറത്തെ, മഹിതമനോഹരമായ സ്നേഹദർശനമാണത്. പുറത്തുപെയ്യുന്ന മഴയ്ക്കും പുലരുന്ന വെയിൽവെളിച്ചത്തിനും രാക്കിനാവുകളെ പൊതിയുന്ന നീലനിലാവിനും രാരീരം പാടുന്ന കാറ്റിനും വിഭാഗീയതയും വിദ്വേഷങ്ങളുമില്ല. കാതിലും നാവിലും കിനിഞ്ഞ ഈ നാദാക്ഷരനന്മയുടെ നൃത്തവിലോലമായ ശ്രുതിഭാവഭേദങ്ങൾക്ക് ശതകോടി വന്ദനം.
ഒരിക്കൽ അച്ഛനൊരു കഥപറഞ്ഞതോർക്കുന്നു: ‘ക്ഷ’ എന്ന അക്ഷരം എഴുതിപ്പഠിക്കാനാവാതിരുന്ന ഒരു വിരുതൻശങ്കുവിന്റെ കഥ. അതുകൊണ്ടയാൾ ആരോടും ക്ഷമിക്കാൻ കൂട്ടാക്കിയില്ലത്രേ. ക്ഷ എഴുതി പഠിക്കുംവരെ ഞാനെന്തിനു ക്ഷമാശീലനാകണമെന്ന വാശി. സങ്കീർണമായ ലിപികൾക്കുമപ്പുറത്താണ്, ആത്മാന്വേഷണ സാധ്യതയുടെ, സൗന്ദര്യലഹരിയെന്ന് തിരിച്ചറിയാനാവാത്ത വിരുതൻശങ്കുവാകരുതെന്ന് കഥയുടെ ഗുണപാഠം. അക്ഷരം വഴിയാണെന്നും ലക്ഷ്യമല്ലെന്നുമറിയലാണ് ആദ്യം വേണ്ടതെന്ന് ചിന്തിച്ചെടുക്കാൻ പിന്നെയും കാലമേറെയെടുത്തു. പക്ഷേ, വഴിയാണ് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതെന്ന് പരമാർഥം. ആ അർഥഗരിമയെ വന്ദിച്ച്, സർവജ്ഞാന സദാനന്ദത്തിലേക്കുള്ള യാത്രയുടെ ആരംഭമാണ് വിജയദശമി. അതിനുള്ള മുന്നൊരുക്കത്തിന്റെ അനഘമായ അരങ്ങറിവുകളാണ് നവരാത്രി നേദിച്ചുനൽകുന്നത്.
ആത്മപ്രഭാവങ്ങൾ, അടയാളപ്പെടാനുള്ള ഉപാധികളാണ് അക്ഷരങ്ങൾ. അകവും പുറവും ഒന്നാകാനുള്ള ധ്യാനസന്നദ്ധതയുമായാണ് പ്രകൃതിയിലേക്ക് മിഴിവാതിൽ തുറന്നുവെക്കേണ്ടത്. ഉള്ളിൽനിന്നു പുറത്തേക്കും പുറത്തുനിന്ന് അകത്തേക്കുമൊഴുകുന്ന ഉണ്മയുടെ നദിയാവണം നമ്മൾ. അറിവ് അനാദിപ്രകൃതിയാണ്. പ്രകൃതിയോളം വലിയ അറിവില്ല. ആ അമൂല്യമായ അറിവിന് അമ്മയെന്നും പേരുണ്ട്.
അക്ഷരം എഴുതാനറിയാത്ത ഗുരുവിനോട് അക്ഷരജ്ഞാനിയായ ശിഷ്യന്റെ സന്ദേഹം: അങ്ങയോടുള്ള സമാജത്തിന്റെ സ്നേഹാദരം എനിക്കെന്തേ ലഭിക്കുന്നില്ല? ഗുരു പറഞ്ഞതിങ്ങനെ, ‘‘നീ മധുരമാകുക. ശലഭം താനേ നിന്നെത്തേടിവരും.’’ അതെ. ഒൻപതാംദിനപ്രഭാതം, ആ മധുരംകൂടി നാത്തുമ്പിൽ പുരട്ടുന്നുണ്ട്. അതിനുമുൻപുവരെയുള്ളത് നിർവചിക്കാനാകാത്ത, ഭാവഭേദങ്ങളിലൂടെയുള്ള യാത്രയാണ്. അത് അനേകം രാസബോധങ്ങൾക്കൊടുവിൽ എത്തിച്ചേരുന്ന നിർവൃതിയുടെ നനവാണ്. സാത്വികതയുടെ സൗന്ദര്യകോടിയിൽവെച്ച് സുകൃതികളെ എഴുത്തിനിരുത്തലാണ് പ്രകൃതീശ്വരിയുടെ പ്രഭാതനിയോഗം.
ഓംകാരചേതനയുടെ ലാളനയേൽക്കുന്ന ഒൻപതാം ദിവസം ഓരോ ജ്ഞാനദാഹിയും അഷ്‌ടൈശ്വര്യങ്ങളിൽ ആദ്യത്തേതിനെ പുൽകുന്നുണ്ട്. അതത്രേ ‘അണിമ’. ചെറുതാകാനായില്ലെങ്കിൽ ‘മഹിമ’യെന്ന അടുത്ത ഐശ്വര്യത്തിലേക്ക് എത്താനാകില്ല. അതിന് ഒഴിഞ്ഞപാത്രംപോലെ ഹൃദയം തുറന്നുവെക്കേണ്ടതുണ്ട് എന്നാലേ നിറയൂ എന്നുസാരം. ആ മഹത്ത്വത്തിൽനിന്നാണ് എവിടെയും പൊരുത്തപ്പെടാനുള്ള ‘ലഘിമ’യിലേക്ക് എത്തേണ്ടത്. അവിടെനിന്നാണ് ‘ഗരിമ’യിലേക്കുള്ള യാത്ര തുടങ്ങേണ്ടത്. അതുവരെ അഹംഭാവംനിമിത്തം ഹൃദയം നിറഞ്ഞുതൂവരുതെന്ന പ്രാർഥനവേണം. ഗരിമയാണ് ‘ഈശത്വ’ത്തിലേക്ക് നടത്തിക്കുന്നത്.
അവിടെനിന്നും അവാച്യമായ ‘വശ്യത’ എത്തിയാൽ പിന്നെ ‘പ്രാപ്യ’മാകും. പ്രാപ്യം കഴിഞ്ഞാൽ എട്ടാമത്തെ ഐശ്വര്യമാകും. അതാണ് പ്രാകാശ്യം. തെളിഞ്ഞുനിൽക്കലാണ് ഐശ്വര്യത്തിന്റെ പാരമ്യത. അപ്പോൾ ഒരു ചോദ്യമുണ്ട്. ദീപമാണോ വലുതെന്ന്. അവിടെയാണ് ലിപിയല്ല അറിവെന്നതുപോലെ ദീപമല്ല പ്രകാശത്തിന്റെ പരമസ്ഥാനമെന്ന ജ്ഞാനം നമ്മെ, പുൽകിയുണർത്തുന്നത്. ദീപത്തെ തെളിയിച്ച എണ്ണയോടും തിരിയോടും ദീപം കടപ്പെട്ടതുപോലെ ലിപികൾ അനുകൂലമായകാലത്തോടും അറിവിനോടും കടപ്പെട്ടിരിക്കുന്നു. തിരിച്ചും ആ കടപ്പാടുണ്ട്. അതാണ് അകവും പുറവും ഒന്നാകുന്ന അദ്വൈതദർശനം. കെട്ടുപോകാതിരിക്കാൻ ദീപത്തിനുണ്ടാകേണ്ട ജാഗ്രതതന്നെയാണ് അക്ഷരജ്ഞാനിക്ക് അഹംഭാവിയാകരുതെന്ന നേരറിവും.
(കവിയും ഗാനരചയിതാവുമാണ് ലേഖകൻ)
Published: 01 Oct 2025, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented