എങ്ങനെയാവും ഞങ്ങള്‍ മരിക്കുക?
ഒരു കഷണമായി, രണ്ട്, മൂന്ന്?
അതോ ഒരു കഷണവുമവശേഷിക്കാതെ?
എങ്ങനെയാവും ഞങ്ങളുടെ രക്തം ചിതറുക?
ഞങ്ങള്‍ക്കെന്തു സംഭവിച്ചുവെന്ന്
മറ്റുള്ളവര്‍ എങ്ങനെയറിയും?
ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക്,
സ്വപ്നങ്ങള്‍ക്ക്, ഓര്‍മ്മകള്‍ക്ക്
എന്തു സംഭവിക്കും?
ബീസന്‍ നതീല്‍

To advertise here,

(ഗാസയില്‍നിന്നുള്ള യുവ എഴുത്തുകാരിയായ ബീസന്‍, ക്രേസി ലൂണ എന്നപേരിലൊരു ബാലസാഹിത്യകൃതി രചിച്ചിട്ടുണ്ട്. ഇപ്പോള്‍ മധ്യഗാസയിലെ അഭയാര്‍ഥിക്യാമ്പില്‍ കഴിയുന്നു)

എന്റെ കുഴിമാടത്തിനു മീതെ
ഒറ്റപ്പൂവുമാത്രം വെക്കുക,
അതില്‍ വെള്ളം തളിക്കരുത്.
ശവം കാണാനെത്തുന്ന
സുഹൃത്തുക്കള്‍ക്കുവേണ്ടി,
എന്റെ കണ്‍പീലികളില്‍നിന്ന്
ഒഴുകുന്ന കണ്ണീരില്‍നിന്ന്
ആ പൂവ് വെള്ളം വലിച്ചെടുക്കട്ടെ.
എന്റെ കുഴിമാടത്തിലെ പൂവ്
അതിന്റെ തിളക്കത്തില്‍ ആനന്ദിക്കട്ടെ-
ജീവിതത്തിന്റെ തെളിവെന്നപോലെ

അനീസ് ഗനിമ 2024 മാര്‍ച്ച് 10-ന് എഴുതിയത്. വെബ് പ്രോഗ്രാമറും കവിയുമായ അനീസ് ഒട്ടേറെ അറബ് മാസികകളിലും ആനുകാലികങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017-ലിറങ്ങിയ ആദ്യകവിതാസമാഹാരം 'ഫ്യൂണറല്‍ ഓഫ് എ ജഗ്ലറി'ന് അബ്ദുല്‍ മുഹ്സിന്‍ അല്‍-ഖത്താന്‍ ഫൗണ്ടേഷന്റെ യങ് റൈറ്റര്‍ പുരസ്‌കാരം ലഭിച്ചു.

''എന്റെ പേര് മായര്‍ നതീല്‍. 23 വയസ്സുകാരി. ഈ വര്‍ഷം ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. 'ബിരുദം കിട്ടുന്ന ദിവസം നമുക്ക് വലിയൊരു പാര്‍ട്ടിയൊരുക്കണം' എന്ന് ബന്ധുക്കള്‍ പറയുമായിരുന്നു. ഇനിയതൊന്നും നടക്കില്ല; അധിനിവേശസേന ആദ്യമെന്റെ സര്‍വകലാശാല തകര്‍ത്തു. പിന്നെ വീടും. മറ്റാരുടെയോ വീട്ടില്‍ എവിടുന്നോ കിട്ടിയ ഭക്ഷണവും കഴിച്ച് ഞാന്‍ ജീവിക്കുന്നു. മിസൈലുകള്‍ക്ക് എന്റെ ശരീരം തകര്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ഭാഗ്യമായി കരുതുന്നു. ഞാനിപ്പോള്‍ കണ്ണാടിനോക്കാറില്ല. കണ്ണാടിയില്‍ എന്റെതന്നെ ദുഃഖിതമായ മുഖം കാണുമ്പോള്‍ ജീവനൊടുക്കാന്‍ തോന്നിപ്പോകുമോ എന്നു പേടിച്ചിട്ടാണ്.''- (2024 ഫെബ്രുവരി 22-നെഴുതിയത്.

''ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെല്ലാം സ്വാഭാവികമായ നടപടികളായിമാറുമോ എന്നതാണെന്റെ ഏറ്റവും വലിയ ആധി. ഒരു വീട് ബോംബെറിഞ്ഞു നശിപ്പിക്കുന്നത് സ്വാഭാവികമായി കണക്കാക്കപ്പെടും. അതേക്കുറിച്ച് നേരത്തേ മുന്നറിയിപ്പു നല്‍കുന്നതായിക്കും അസ്വാഭാവികമായ കാര്യം. ഒരു കുഞ്ഞ് കൊല്ലപ്പെടുന്നത് സ്വാഭാവികമാകും. മരിക്കുമ്പോള്‍ അവന്‍ അലറിക്കരഞ്ഞാല്‍ അതൊരു അസ്വാഭാവികതയാകും. ഇതുപോലെ ഒട്ടേറെ കാര്യങ്ങള്‍ സ്വാഭാവികകാര്യങ്ങളായിമാറുമെന്ന് ഞാന്‍ പേടിച്ചുകൊണ്ടേയിരിക്കും. അവയെല്ലാം ഈ എഴുത്തില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല.

ഞാന്‍ അഹമ്മദ്, കൂട്ടുകാര്‍ അസിം/അസൂമി എന്ന് വിളിക്കും. എന്റെ പല സുഹൃത്തുക്കളെക്കുറിച്ചും വിവരമൊന്നുമില്ല. ഓണ്‍ലൈനില്‍ കയറാന്‍ അവസരം കിട്ടുമ്പോഴൊക്കെ ഞാനവരെക്കുറിച്ച് പരതും. മരിച്ചവരുടെ ചിത്രങ്ങള്‍ നോക്കി അക്കൂട്ടത്തില്‍ എന്റെ കൂട്ടുകാരില്ല എന്നുറപ്പുവരുത്തും. അതേസമയംതന്നെ ആ ചിത്രങ്ങളിലും വീഡിയോകളിലുമുള്ളത് എന്റെ സുഹൃത്തുക്കള്‍ തന്നെയാണല്ലോ എന്ന് ഞാന്‍ തിരിച്ചറിയും. പിന്നെ ഞാന്‍ കരയും.''- അഹമ്മദ് മൊര്‍ത്താജ.

1996-ല്‍ ഗാസാസിറ്റിയില്‍ ജനിച്ച മൊര്‍ത്താജ വിവിധ സന്നദ്ധസംഘടനകളില്‍ സൈക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 2023 ഒക്ടോബര്‍ 28-ന് മൊര്‍ത്താജയുടെ വീട് ബോംബിങ്ങില്‍ തകര്‍ന്നു. കഷ്ടിച്ച് രക്ഷപ്പെട്ട അദ്ദേഹം ഇപ്പോള്‍ താന്‍ ദിവസവും കാണുന്ന കാര്യങ്ങള്‍ എഴുതാനാരംഭിച്ചിട്ടുണ്ട്.

''ദുഃഖംകൊണ്ട് ഇടറിയ ശബ്ദത്തില്‍ പിതാവ് പറഞ്ഞു:''അനസിനെയും റൗഫിനെയും എന്റെയടുത്തുനിര്‍ത്തി ഉസാമയെയും മജീദിനെയും നിന്റെകൂടെ കൂട്ടിക്കോളൂ. ഇവരില്‍ ആരെയെങ്കിലും മരണം കൊണ്ടുപോയാല്‍ ബാക്കിയുള്ളവര്‍ നിന്റെ പേര് നിലനിര്‍ത്തട്ടെ.''ഇതുപറയുമ്പോള്‍ പിതാവ് കരയുന്നുണ്ടായിരുന്നു. കരഞ്ഞുകൊണ്ടുതന്നെ ഞാനദ്ദേഹത്തെ കെട്ടിപ്പിടിച്ചു. 'വിഷമിക്കണ്ട, ഒന്നും സംഭവിക്കില്ല' എന്ന് മന്ത്രിച്ചു.

പിറ്റേദിവസം അവരെന്റെ ബന്ധു മജീദ് അല്‍-ഗൗളിന്റെ വീട് ബോംബിട്ട് തകര്‍ത്തു. പലയിടങ്ങളില്‍നിന്നായി വീട് നഷ്ടപ്പെട്ട ഞങ്ങളുടെ കുറെ ബന്ധുക്കളുടെ അഭയകേന്ദ്രമായിരുന്നു അത്. 64 പേരാണ് ആ ബോംബാക്രമണത്തില്‍ രക്തസാക്ഷികളായത്, അവരില്‍ ഭൂരിഭാഗവും വനിതകളും. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിലൂടെ എന്റെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍തേടി ഞാന്‍ നടന്നു. പക്ഷേ, ഞാനെത്തുന്നതിനുമുന്‍പേ അവിടെയെത്തിയ ഒരു പൂച്ച വലിയൊരു മാംസക്കഷണവും കടിച്ചുപിടിച്ച് നീങ്ങുന്നുണ്ടായിരുന്നു. അതെന്റെ ബന്ധുവിന്റെ ഭാര്യയുടേതായിരുന്നോ? അതോ മക്കളുടെയോ?''- യുസ്റി അല്‍ഗൗള്‍

എഴുത്തുകാരനായ യുസ്റി ഇപ്പോള്‍ ഗാസ സിറ്റിയിലെ അല്‍-ഷാത്തി അഭയാര്‍ഥിക്യാമ്പില്‍ കഴിയുന്നു. യുസ്റിയും ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം പലതവണ ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരാണ്. യൂറോപ്പിലേക്കുള്ള പലസ്തീന്‍, സിറിയന്‍ അഭയാര്‍ഥികളുടെ ദുരിതയാത്ര വിവരിക്കുന്ന മഷാനിഖ്-അല്‍-അത്മാ എന്നൊരു നോവല്‍ രചിച്ചിട്ടുണ്ട് യുസ്റി.

ചില പുസ്തകങ്ങള്‍ വായന ആവശ്യപ്പെടുന്നു. മറ്റുചിലത് വായിക്കുന്നവരുടെ ചേര്‍ത്തുപിടിക്കല്‍കൂടി ആവശ്യപ്പെടുന്നു. ലെറ്റേഴ്സ് ഫ്രം ഗാസ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. ഗംഭീരമായ വാചകക്കസര്‍ത്തുകളോടെ നമ്മളെ രോഷംകൊള്ളിക്കുകയോ കണ്ണീരണിയിക്കുകയോ ചെയ്യുന്ന പുസ്തകമല്ലിത്. പകരം, ബോംബാക്രമണം നടന്ന കെട്ടിടങ്ങളുടെ ഇരുണ്ട, പുകയുന്ന കോണുകളില്‍നിന്നും കൗമാരക്കാരുടെ മിന്നിത്തെളിയുന്ന ഫോണുകളില്‍നിന്നും അവര്‍ സ്‌നേഹിച്ച ആളുകളെ അടക്കംചെയ്ത വിറയ്ക്കുന്ന കൈകളില്‍നിന്നും ഇതിലെ വാക്കുകളും വാക്യങ്ങളും ഉയര്‍ന്നുവരുന്നു. അടരുകളില്‍നിന്ന് ചോരയൊലിക്കുന്ന ഒരു പുസ്തകം.

മുഹമ്മദ് അല്‍-സഖ്സൂക്കും മഹ്‌മൂദ് അല്‍ഷെയറും എഡിറ്റ് ചെയ്ത് പലസ്തീന്‍ എഴുത്തുകാരനും മുന്‍ സാംസ്‌കാരികമന്ത്രിയുമായ ആതീഫ് അബു സെയ്ഫ് അവതരിപ്പിച്ച ഈ സമാഹാരം വെറും കത്തുകളുടെ ശേഖരമല്ല. ഇതൊരു കൂട്ടായ നിലവിളിയാണ്, ഉന്മൂലനത്തിന്റെ വക്കില്‍നിന്നുള്ള മന്ത്രിപ്പാണ്, ഭൂമിയുടെ ഏറ്റവും ഉപരോധിക്കപ്പെട്ട കോണിലെ നിലനില്‍പ്പിന്റെ ദുര്‍ബലമായ സാക്ഷ്യം. 2023-നും 2024-നും ഇടയില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനിടെ എഴുതിയ ഈ കത്തുകള്‍ ചില എഴുത്തുകാരുടെ അവശേഷിക്കുന്ന ഒരേയൊരു സ്വത്താണ്. മറ്റുള്ളവര്‍ അവരുടെ വാക്കുകള്‍ വായിക്കുന്നതു കാണാന്‍ ജീവിക്കുമെന്ന് ഉറപ്പില്ലാതെ അവര്‍ എഴുതി.

2023 ഒക്ടോബര്‍ ഏഴിനാണ് പലസ്തീന്‍ സായുധസംഘടനയായ ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്. 1200 പേര്‍ കൊല്ലപ്പെടുകയും 240 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്ത ആ നിന്ദ്യനീക്കത്തിന്റെ പ്രതികാരമായി പിറ്റേദിവസംമുതല്‍ പലസ്തീനെതിരേ പൂര്‍ണതോതിലുള്ള യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. യുദ്ധം എന്നിതിനെ വിളിക്കാമോ എന്നറിയില്ല. കാരണം പ്രതിരോധത്തിനോ പ്രത്യാക്രമണത്തിനോ ഒരു പുല്‍ക്കൊടിത്തുമ്പുപോലുമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് പലസ്തീനിലെ സര്‍ക്കാരും ജനങ്ങളും. ഇതുവരെയായി 35,000 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. സ്‌കൂളുകളും ആശുപത്രികളും പലവട്ടം വ്യോമാക്രമണത്തിനിരയായി. രാത്രിമുഴുവന്‍ നീളുന്ന ഷെല്ലിങ്ങില്‍ പേടിച്ചരണ്ട് അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുകയാണ് ഭൂരിഭാഗം പലസ്തീനികളും. വടക്കന്‍ ഗാസയിലാണ് ആക്രമണം ഏറ്റവും രൂക്ഷമായി ഇപ്പോഴും തുടരുന്നത്. ആളുകളെ മുഴുവന്‍ അവിടെനിന്നൊഴിപ്പിച്ച് തെക്കന്‍ ഗാസയിലേക്ക് മാറ്റാനാണ് ഇസ്രയേല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏറെപ്പേര്‍ ഇങ്ങനെ മാറിക്കഴിഞ്ഞു. അവശേഷിക്കുന്ന കുറച്ചാളുകള്‍ യുദ്ധത്തിന് എന്നെങ്കിലും അറുതിയാകുമ്പോള്‍ വീടുകളിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ ക്യാമ്പുകളില്‍ത്തന്നെ കഴിയുന്നു.

2023 ഒക്ടോബര്‍മുതലുള്ള 15 മാസങ്ങളില്‍ ഗാസയിലെ വിവിധതരക്കാരായ 30 മനുഷ്യര്‍ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. നിരന്തര ആക്രമണങ്ങള്‍ക്കും പലായനത്തിനുമിടയില്‍ എഴുതപ്പെട്ട ഈ വിവരണങ്ങള്‍ എഡിറ്റര്‍മാര്‍ സമാഹരിക്കുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ - സാറ അല്‍-അസറും ബസ്മ അല്‍-ഹോറും- ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആര്‍ക്കുമറിയില്ല. അവരെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അറബിയില്‍ എഴുതപ്പെട്ട കുറിപ്പുകള്‍ അറബ് ലിറ്റ് ക്വാര്‍ട്ടേര്‍ലി എന്ന സാംസ്‌കാരികമാസികയുടെ പത്രാധിപസമിതിയംഗങ്ങളും ഒരുസംഘം സ്വതന്ത്രപരിഭാഷകരും ചേര്‍ന്നാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

ലെറ്റേഴ്സ് ഫ്രം ഗാസ അഗാധഗര്‍ത്തത്തില്‍നിന്നുള്ള ഒരു നിലവിളിയാണ്. അതിശ്രദ്ധയോടെയും രോഷത്തോടെയും എഡിറ്റുചെയ്യപ്പെട്ട ഈ 200 പേജുള്ള പുസ്തകം കവിത, ഓര്‍മ്മക്കുറിപ്പ്, കത്ത്, ആത്മഗതം എന്നിങ്ങനെ വിവിധരൂപങ്ങളിലൂടെ കടന്നുപോകുന്നു, അത് എഴുതിയ ആളുകളെപ്പോലെത്തന്നെ ഒരിടത്തുതന്നെ തുടരാന്‍ വിസമ്മതിക്കുന്നു.

'ഓരോതവണ വീട്ടില്‍നിന്നിറങ്ങുമ്പോഴും അതിനോട് വിടപറയാറുണ്ട്. ഒരുപക്ഷേ, ഞാന്‍ തിരിച്ചുവന്നില്ലെങ്കിലോ?'-ഹൈദര്‍ അല്‍ഗസാലി എഴുതുന്നു. ഗാസയില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കിറങ്ങുന്നതുപോലും മരണവുമായുള്ള ചൂതാട്ടമായിമാറുന്നു. എന്നിട്ടും ജീവിതം ശാഠ്യത്തോടെ തുടരുന്നു.

സാമാന്യവത്കരണത്തിന് തയ്യാറാകുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി. വ്യത്യസ്ത പ്രായങ്ങളില്‍നിന്നും തൊഴിലുകളില്‍നിന്നും കുടുംബങ്ങളില്‍നിന്നും അയല്‍പക്കങ്ങളില്‍നിന്നുമുള്ള മുപ്പത് വ്യത്യസ്ത ശബ്ദങ്ങള്‍ അത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഓരോന്നും തകര്‍ന്നലോകത്തിന്റെ ഒരു കഷണം ഉയര്‍ത്തിപ്പിടിക്കുന്നു. അവരുടെ കഥകള്‍ സഹതാപത്തിനായുള്ള വിശാലമായ അഭ്യര്‍ഥനകളല്ല. യുദ്ധത്തെ മാത്രമല്ല, ലോകത്തിന്റെ നിസ്സംഗതയെയും അതിജീവിച്ചതിന്റെ മാനസികവും വൈകാരികവും ആത്മീയവുമായ ആന്തരിക ഭൂപ്രകൃതിയുടെ രേഖകളാണവ. അവരിലൊരാള്‍പോലും ഇസ്രയേല്‍ എന്നു പറയുന്നില്ല. ഹമാസ് എന്ന പേരുമുച്ചരിക്കുന്നില്ല.

അനീസ് ഗനിമയുടെ പൊള്ളുന്ന വരികള്‍ ശ്രദ്ധിക്കുക:'ഞാന്‍ ചീഞ്ഞഴുകുന്ന മാംസത്തില്‍നിന്ന് ഒരു മുള്ള് പറിച്ചെടുക്കുന്നു, ശവം മുഴുവനായും വിഴുങ്ങുന്നു, കാരണം എനിക്കറിയാം എന്റെ നാവിന്റെ കയ്പില്‍നിന്ന് ഞാനീ ദിവസത്തിലെ കുഞ്ഞാടല്ലെന്ന്.' ഇത് രൂപകത്തിനുവേണ്ടിയുള്ള രൂപകമല്ല. കാവ്യാത്മകമായി അവതരിപ്പിക്കപ്പെട്ട ജീവിച്ചിരിക്കുന്ന യാഥാര്‍ഥ്യമാണിത്. ഗനിമയുടെ ശരീരം ഒരു യുദ്ധക്കളമായിമാറുന്നു. അയാളുടെ നാവ് തന്റെമേല്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കപ്പെട്ട ആയിരം നിശ്ശബ്ദതകളുടെ കയ്പ് വഹിക്കുന്നു. എന്നിട്ടും ഒരുതരം അപേക്ഷയോടെ, പ്രതീക്ഷയോടെ അദ്ദേഹം അവസാനിപ്പിക്കുന്നതിങ്ങനെ: 'ശരീരത്തില്‍ വീണ്ടും രക്തം നിറയട്ടെ, ദുരന്തം എന്നേക്കുമായി നിശ്ശബ്ദമാകട്ടെ.'

ഗാസയില്‍, ഭാഷപോലും ഉപരോധത്തിലാണിപ്പോള്‍. വൈദ്യുതി വല്ലപ്പോഴുമേയുണ്ടാകൂ. ഇന്റര്‍നെറ്റ് ഇടയ്ക്കിടെ മുറിഞ്ഞുകൊണ്ടിരിക്കും. വീടുകളും 
 സ്‌കൂളുകളും സര്‍വകലാശാലകളും അങ്ങാടികളുമൊക്കെ ഇല്ലാതായിക്കഴിഞ്ഞു. പുസ്തകത്തിന്റെ എഡിറ്റര്‍മാരിലൊരാളായ മഹമൂദ് അല്‍സഹര്‍ എഴുതിയതുപോലെ ഒരുപാട് വാക്കുകള്‍ ഗാസയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.'ഗാസ സിറ്റി എന്ന് ഞാന്‍ പറയാറുണ്ടെങ്കിലും ടാക്സിയില്‍ കയറി യൂണിവേഴ്സിറ്റി ട്രാഫിക് സിഗ്‌നലിനടുത്തേക്ക് പോകൂ എന്ന് പറയാനാകില്ല. സരായ ട്രാഫിക് സിഗ്‌നല്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഇന്റര്‍സെക്ഷന്‍, ഫാമിലീസ് റൗണ്ട്അബൗട്ട്, ഒമര്‍ അല്‍-മുഖ്ത്താര്‍ തെരുവ്, അല്‍-വാഹ്ദാ തെരുവ് എന്നൊന്നുമിനി പറയാന്‍ സാധിക്കില്ല. അതെല്ലാം ഇല്ലാതായി. ആരോടെങ്കിലും ഗുഡ് മോണിങ് എന്നോ ഗുഡ് ഈവനിങ് എന്നോ ഞാനിപ്പോള്‍ പറയാറില്ല. കാരണം യുദ്ധത്തിനിടെ എങ്ങനെയാണ് സുപ്രഭാതം ആശംസിക്കുക? യുദ്ധം കാരണം ഭാഷനഷ്ടപ്പെട്ട കവിയാണ് ഞാന്‍'

ഓറഞ്ചുകള്‍ക്കൊപ്പം ചെറുകഥകളും കയറ്റുമതിചെയ്തിരുന്ന പ്രദേശം എന്നാണ് ഗാസയെക്കുറിച്ച് മുന്‍പ് ആളുകള്‍ പറഞ്ഞിരുന്നതെന്ന് പുസ്തകത്തിന്റെ മുഖവുരയില്‍ ആതിഫ് അബു സെയ്ഫ് പറയുന്നു. 1967-ലെ ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക്, ഗാസ അധിനിവേശകാലംമുതല്‍ക്കേ ഇവിടത്തുകാര്‍ എഴുതാനാരംഭിച്ചിട്ടുണ്ട്. ഇസ്രയേല്‍ അധികാരികള്‍ ഗാസയിലെ അച്ചടിസ്ഥാപനങ്ങളും ദിനപത്രങ്ങളും പ്രസാധകസംരംഭങ്ങളുമെല്ലാം അന്ന് പൂട്ടിയതാണ്. എന്നിട്ടും ഗാസയിലെ മനുഷ്യര്‍ എഴുത്ത് തുടര്‍ന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി സവിശേഷമായ സാംസ്‌കാരികജീവിതം കൊണ്ടുനടന്ന ഇടംകൂടിയാണ് ഗാസ. സംഘര്‍ഷകാലങ്ങളിലും കലയും സാഹിത്യവും അവിടെ തകര്‍ന്നടിഞ്ഞില്ല. പുസ്തകചര്‍ച്ചകളും കവിതാവായനകളും സാംസ്‌കാരികോത്സവങ്ങളുമൊക്കെയായി ഗാസ ഭാഷയെ മുറുകെപ്പിടിച്ചു. ചെറുകഥകള്‍ മാത്രമല്ല ആയിരക്കണക്കിന് അധ്യാപകരെയും കയറ്റുമതിചെയ്ത നാടാണ് ഗാസയെന്ന് അബു സെയ്ഫ് ഓര്‍മ്മിപ്പിക്കുന്നു. ഗള്‍ഫ് മേഖലകളിലെയും അള്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെയും സ്‌കൂളുകളിലായി ഗാസയില്‍നിന്നുള്ള എത്രയോ അധ്യാപകര്‍ ജോലിചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഗാസയിലെ സാക്ഷരതാനിരക്ക് നൂറുശതമാനമായിരുന്നു. എന്നാല്‍, അതെല്ലാം പഴങ്കഥയാവുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ സ്‌കൂളുകളും കോളേജുകളും തകര്‍ക്കപ്പെട്ടതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ഗാസയില്‍ പഠനം നടക്കുന്നില്ല.

2023-'24 കാലത്തെ യുദ്ധം ഗാസയുടെ സമസ്തമേഖലകളെയും തകര്‍ത്തുകഴിഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, വായനശാലകള്‍, പുസ്തകവില്‍പ്പനശാലകള്‍ എന്നിവയെല്ലാം കല്‍ക്കൂമ്പാരമായി. ഇരുനൂറോളം പുരാതനകേന്ദ്രങ്ങളും പള്ളികളും കൊട്ടാരങ്ങളുമെല്ലാം ഇങ്ങനെ തകര്‍ക്കപ്പെട്ടു. ഇതൊക്കെയാണെങ്കിലും യുദ്ധത്തിന്റെ കഥയല്ല ലെറ്റേഴ്സ് ഫ്രം ഗാസ'പറയുന്നത്. മനുഷ്യന് ഏതൊരു കൊലയാളിയന്ത്രത്തെക്കാളും ഭീകരനാവാന്‍ സാധിക്കുമെന്നും മരണം നമ്മെ പിടികൂടുന്ന സമയത്തും ജീവിതത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കാമെന്നും പറയാനാണ് പുസ്തകം ശ്രമിക്കുന്നത്- അബു സെയ്ഫ് എഴുതുന്നു.

പുസ്തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡംഹൗസിന്റെ വികാരതീവ്രമായ ഉപസംഹാരത്തോടെയാണ് ലെറ്റേഴസ് ഫ്രം ഗാസ സമാപിക്കുന്നത്: ചരിത്രത്തിന്റെ പുരാവൃത്തസൂക്ഷിപ്പുകാരാണ് പ്രസാധകര്‍; നമ്മുടെ കാലഘട്ടത്തിലെ നിര്‍ണായകസംഭവങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യംവഹിക്കുകയും ഭാവിതലമുറയ്ക്കായി അവ സൂക്ഷിക്കുകയും ചെയ്യുന്നു. തത്സമയ യുദ്ധരചനകള്‍ ശേഖരിക്കുന്ന യാത്ര ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഈ പുസ്തകം ജീവസ്സുറ്റതാക്കാന്‍ ഒത്തുചേര്‍ന്ന എല്ലാ വ്യക്തികളുടെയും അക്ഷീണപരിശ്രമവും സമര്‍പ്പണവും ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നില്ല. ദുഷ്‌കരമായ സാഹചര്യങ്ങള്‍ക്കിടയിലും തങ്ങളുടെ രചനകള്‍ നമ്മിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ സ്ഥിരോത്സാഹം കാണിച്ച ഗാസയിലെ ഞങ്ങളുടെ എഴുത്തുകാര്‍ക്ക് ഏറ്റവും ഹൃദയംഗമമായ നന്ദി. അവര്‍ തങ്ങളുടെ ദുഃഖത്തിലൂടെയും നിശ്ശബ്ദതയിലൂടെയും നിലവിളികളിലൂടെയും എഴുതിയിട്ടുണ്ട്; അവരുടെ വ്യക്തിപരമായ രചനകള്‍ ഞങ്ങളെ ഏല്‍പ്പിച്ചതിന് അവരോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഗാസയിലെ എഴുത്തുകാരുമായി ആശയവിനിമയം നടത്താനും എല്ലാ രചനകളുടെയും വിവര്‍ത്തനത്തിന് സഹായിക്കാനും സഹായിച്ച അറബ്ലിറ്റ് മാസികയിലെ ടീമിനും നന്ദി. ഗാസയിലെ ഞങ്ങളുടെ എല്ലാ എഴുത്തുകാരും പലായനം കാരണം പലയിടങ്ങളിലായി ചിതറിപ്പോയി, ചിലപ്പോള്‍ ആഴ്ചകളോളം അവരുമായി സമ്പര്‍ക്കമില്ലാതെയായി. അവരുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കാന്‍മാത്രമേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. വെല്ലുവിളികള്‍ക്കിടയിലും പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനായി അറബ്ലിറ്റ് ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെയധികം ആശ്വാസകരമായിരുന്നു.

ദൃശ്യങ്ങളും ശബ്ദങ്ങളും സമ്മാനിക്കുന്ന വലിയ ബഹളങ്ങള്‍ക്കിടയിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. ഗാസയില്‍നിന്നും അവിടെ മരിച്ചുജീവിക്കുന്ന നിര്‍ഭാഗ്യവാന്മാരായ മനുഷ്യരില്‍നിന്നും എത്രയോ അകലെയാണ് നാം. നമുക്കിപ്പോഴും പാട്ടുകളും പാചകക്കുറിപ്പുകളും വാദങ്ങളും മറുവാദങ്ങളും തമാശകളും വിശ്വാസവും കോപവും സ്വപ്നങ്ങളുമൊക്കെയുണ്ട്. ഗാസയ്ക്കുവേണ്ടി ഉയരുന്ന തുച്ഛമായ ശബ്ദങ്ങളെപ്പോലും 'ഷേവ് ഗാസ' എന്ന് പുച്ഛിക്കാന്‍ നമ്മളില്‍ ചിലര്‍ക്ക് സാധിക്കുന്നതും ഇതെല്ലാമുള്ളതിന്റെ അഹങ്കാരംകൊണ്ടാണ്. പക്ഷേ, ലെറ്റേഴസ് ഫ്രം ഗാസ നിശ്ശബ്ദത ആവശ്യപ്പെടുന്നു. നമ്മുടെ ജീവശ്വാസം ആവശ്യപ്പെടുന്നു. കാറ്റിനും കടലിനും ഡ്രോണുകള്‍ വട്ടമിട്ടുമറക്കുന്ന പുകനിറഞ്ഞ ആകാശത്തിനും ഉറക്കെ വായിച്ചുകൊടുക്കാന്‍ അതാവശ്യപ്പെടുന്നു. കാരണം ഇത് വെറുമൊരു പുസ്തകമല്ല. പൊടിയിലും ചാരത്തിലും ആകാശത്തും സ്വന്തം പേരെഴുതുന്ന ഗാസയാണിത് - ഞങ്ങള്‍ ഇവിടെയുണ്ട്, ഞങ്ങളിവിടെയുണ്ടായിരുന്നു, ഞങ്ങളെക്കൂടി ഓര്‍ക്കൂ എന്ന് പറയുന്ന ഒരു ജനതയുടെ വേദനകലര്‍ന്ന സ്വരം.