കോഴിക്കോട്: പി. വത്സലയുടെ എഴുത്തില്‍നിന്ന് ഒരു സിനിമയേ വിരിഞ്ഞുള്ളൂ, 1974-ല്‍ പുറത്തിറങ്ങിയ നെല്ല്. എന്നാല്‍, വിളഞ്ഞത് മലയാളസിനിമയിലെ പൊന്നായിരുന്നു. ആ സിനിമയില്‍ ഒത്തുചേര്‍ന്നതാവട്ടെ സിനിമാലോകം കണ്ട എക്കാലത്തെയും പ്രമുഖരാണെന്ന അപൂര്‍വഭാഗ്യവും വത്സലടീച്ചര്‍ക്കുണ്ടായി. പി. വത്സല 1972-ല്‍ എഴുതിയ നെല്ല് എന്ന നോവലാണ് അതേപേരില്‍ സിനിമയായത്. വയനാട് തിരുനെല്ലിയുടെ പശ്ചാത്തലത്തില്‍ ജന്മി-അടിയാന്‍ വ്യവസ്ഥിതിയുടെ ഇരകളായിമാറിയ ആദിവാസിജീവിതത്തിലേക്ക് വെളിച്ചംവീശുന്നതായിരുന്നു നോവല്‍. മാരയും മല്ലയും കുറുമാട്ടിയുമെല്ലാം മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളാവുകയും ചെയ്തു.

To advertise here,
placeholder
പി. വത്സല

സിനിമ ചെയ്യാനായി സംവിധായകപ്രതിഭയായ രാമു കാര്യാട്ട് തന്നെ വത്സലയെ സമീപിക്കുകയായിരുന്നു. ടീച്ചര്‍ സമ്മതിച്ചതോടെ നെല്ല് സിനിമ ചരിത്രത്തിലെത്തി. രാമു കാര്യാട്ടും മലയാളം സിനിമകണ്ട ഏറ്റവും നല്ല സംവിധായകനായി മാറിയ കെ.ജി. ജോര്‍ജും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

പ്രധാനവേഷങ്ങളിലെത്തിയത് പ്രേംനസീറും ജയഭാരതിയും. എസ്.എല്‍. പുരം സദാനന്ദനായിരുന്നു സംഭാഷണമൊരുക്കിയത്. എക്കാലത്തെയും ഹിറ്റുകളായി മാറിയ ഗാനങ്ങള്‍ രചിച്ചത് വയലാര്‍ രാമവര്‍മയും സംഗീതം നല്‍കിയത് സലില്‍ ചൗധരിയും. ലതാ മങ്കേഷ്‌കറും മന്നാഡെയും യേശുദാസും ജയചന്ദ്രനും സുശീലയും മാധുരിയും സിനിമയ്ക്കായി പാടാനെത്തി. കെ.ജി. ജോര്‍ജാണ് സഹസംവിധാനം നിര്‍വഹിച്ചത്. ബാലു മഹേന്ദ്രയായിരുന്നു ക്യാമറ ചലിപ്പിച്ചത്. തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടിയ സിനിമ വന്‍വിജയമായിരുന്നു.