കോഴിക്കോട് :സാമൂഹികപ്രതിബദ്ധത എപ്പോഴും പ്രകടമാക്കിയ എഴുത്തുകാരിയാണ് ബുധനാഴ്ച അന്തരിച്ച പി.വത്സല. നാടിന്റെ ജനകീയപ്രശ്നങ്ങളില്‍ അവര്‍ സജീവമായി ഇടപെട്ടു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴും വിയോജിക്കേണ്ട ചില കാര്യങ്ങളില്‍ വിയോജിച്ചു. നന്മ ലക്ഷ്യമാക്കിയ ചില പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ നോക്കിക്കൊണ്ടല്ലാതെ പ്രവര്‍ത്തിച്ചു. വേദികളില്‍ അക്കാര്യം വ്യക്തമായി പറയുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് സാഹിത്യരംഗത്തുള്ളവരുടെ കടമയാണ് എന്നതായിരുന്നു. വത്സല ടീച്ചറുടെ സുചിന്തിതാഭിപ്രായം. 'സഹിതസ്യ ഭാവം ഒത്തിരിക്കുന്നതാണ് സാഹിത്യം ' എന്നതായിരുന്നു അതിന് അവരുടെ ന്യായം. സാഹിത്യത്തിനുള്ള നിര്‍വ്വചനം.
എന്നും അദ്ധ്വാനിക്കുന്നവരെയും ആദിവാസികളെയും നെഞ്ചേറ്റിയ എഴുത്തുകാരി സ്വന്തം നോവലുകളില്‍ അത് പ്രതിഫലിപ്പിച്ചു. സമൂഹത്തില്‍ ഏറ്റവും നിസ്വരായവരുടെ കഥയാണ് ആഗ്‌നേയവും നെല്ലും കൂമന്‍കൊല്ലിയിലുമെല്ലാം. കര്‍ഷകരുടെയും കഷ്ടപ്പെടുന്നവരുടെയും വേദന ചെറുപ്പം മുതല്‍ ആ മനസ്സിനെ വേദനിപ്പിച്ചു. വയനാട്ടിലെ എസ്റ്റേറ്റിലെ കണക്കെഴുത്തുകാരനമായിരുന്ന അച്ഛന്റെ മകള്‍ വളര്‍ന്നപ്പോഴും തന്റെ ബാല്യക്കാഴ്ചകള്‍ ഉള്ളില്‍ നിറച്ചു. അവര്‍ക്കായി എഴുതി. അവരുടെ ജീവിതത്തിന്റെ നേര്‍ച്ചിത്രം സ്വന്തം കൃതികളില്‍ വരച്ചിട്ടു.
ആഗ്‌നേയത്തില്‍ നക്സല്‍ വര്‍ഗീസിന്റെ മരണം മുതല്‍ കാര്‍ഷിക വിപ്ലവത്തിന്റെ ആവശ്യകത വരെ സര്‍ഗ്ഗാത്മകമായി ചിത്രീകരിക്കപ്പെട്ടു. ഒരു സ്ത്രീ ഒറ്റക്ക് കൃഷി ചെയ്യുന്നതും നിസഹായയായ അവരുടെ പോരാട്ടവും ആ തൂലികയില്‍ നിന്ന് അച്ചടിമഷി പുരണ്ടു. ഒറ്റയ്ക്കുള്ള പോരാട്ടം, അതിജീവനം എന്നിവ സ്ത്രീക്കും അന്യമല്ലെന്ന് അവര്‍ വ്യക്തമാക്കി. തികഞ്ഞ സ്ത്രീപക്ഷവാദികള്‍ പോലും അങ്ങനെയൊന്നും ചിന്തിക്കാതിരുന്ന ഒരുകാലത്ത്.
ആദിവാസി ജീവിതത്തെ നെല്ലില്‍ അവര്‍ ചിത്രീകരിക്കുന്നത് ഏറെ വ്യത്യസ്തതളോടെയാണ്. ആ ജനസമൂഹത്തിന്റെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും അവര്‍ മാനിച്ചു. അത് ഈ നാടിന്റെയും പ്ര്കൃതിയുടെയും ജീവിതതാളമായിരുന്നുവെന്ന് പറയാതെ പറഞ്ഞു. ഭൂമി, ജീവിതം, കൃഷി എന്നിവ എഴുത്തുകാരിയുടെ പ്രിയ പ്രമേയങ്ങളായി. കര്‍ഷക ജീവിതവും കൃഷിയും ഇല്ലാതായാല്‍ പിന്നെ നിലനില്പില്ലെന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്.
ഭാഷാന്തരത്തിലൂടെ തന്റെ കൃതികള്‍ അന്യനാടുകളിലെത്തിയപ്പോള്‍ പി.വത്സല ഏറെ സന്തോഷിച്ചു. നെല്ല് ഹിന്ദിയിലേക്ക് മൊഴിമാറ്റിയത് മാനന്തവാടി കോളേജിലെ ഹിന്ദി അദ്ധ്യാപകന്‍ രാകേഷ് കാലിയയാണ്. ആഗ്‌നേയം കന്നഡയിലേക്ക് ആഗ്‌നേയ എന്ന പേരില്‍ ഭാഷാന്തരം ചെയ്തത് പ്രൊഫ.മോഹന്‍ കുന്തറാണ്. ചെന്നൈയിലെ എഴുത്തുകാരി വാസന്തി ശങ്കര നാരായണന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ദേശങ്ങള്‍ക്കപ്പുറം തന്റെ കൃതികള്‍ വായിക്കപ്പെടുമ്പോള്‍ ആ സമൂഹവും സമൂഹത്തിലെ വേദനിക്കുന്നവരുടെ കഥ അറിയുന്നുവെന്നത് മാത്രമായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.
Content Highlights: P Valsala, Aby P Joy
Published: 22 Nov 2023, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented