മലയാളനാടകരംഗത്ത് വ്യത്യസ്തതകള്‍കൊണ്ട് വേറിട്ട ശബ്ദമാണ് ഓംചേരി എന്നത്. എട്ട് പതിറ്റാണ്ടിലേറെക്കാലത്തെ സര്‍ഗസംഭാവനയാണ് ഓംചേരി എന്‍.എന്‍. പിള്ള മലയാള നാടകസാഹിത്യരംഗത്തിന് നല്‍കിയിട്ടുള്ളത്. പ്രവാസജീവിതവേളയിലാണ് മലയാളത്തിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. എഴുപതിലേറെ നാടകങ്ങളുടെ രചന അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ മലയാളി സംഘടനയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഏറെ നാടകങ്ങളും രചിച്ചിട്ടുള്ളത്. രംഗാവതരണത്തിനുവേണ്ടിത്തന്നെയാണ് കൃതികള്‍ ഉണ്ടായത് എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഓംചേരി കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് എഴുതിയ ആദ്യനാടകം 'നോട്ടീസ് വേണം' ആദ്യമായി അരങ്ങേറിയത് തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളിലായിരുന്നു. തിരുവനന്തപുരത്ത് ലോ കോളെജില്‍ എല്‍.എല്‍.ബി. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒപ്പം പാര്‍ട്ട് ടൈം പത്രപ്രവര്‍ത്തനവുംകൂടി നടത്തിയിരുന്ന ഓംചേരി ആദ്യമായെഴുതിയ നാടകമാണ് 'നോട്ടീസ് വേണം'. 

To advertise here,

എ.കെ.ജി.യുടെ നിര്‍ദേശപ്രകാരം ഓംചേരി എഴുതിയ 'ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു' എന്നതാണ് രണ്ടാമത്തെ നാടകം. യഥാര്‍ത്ഥ നാടകത്തിന്റെ ഘടനയില്‍നിന്ന് വഴിമാറിയുള്ള രചനാരീതി ഇതില്‍ പലയിടത്തും കുടികൊള്ളുന്നതായി തിരിച്ചറിയാം. സാമൂഹ്യയാഥാര്‍ഥ്യത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുകയാണ് ഓംചേരി ഈ നാടകത്തില്‍. ആശയപ്രചരണം പ്രധാന ലക്ഷ്യമായിക്കണ്ടുകൊണ്ട് നാടകരചന നിര്‍വഹിക്കുമ്പോള്‍ അതിന്റെ കലാപരതയ്ക്ക് കുറേയൊക്കെ കോട്ടം തട്ടുക സ്വാഭാവികമാണ്. എന്നാല്‍, ഇതിന്റെ രചനയ്ക്ക് മുമ്പോ പിമ്പോ ഉണ്ടായിട്ടുള്ള അത്തരം നാടകങ്ങളുടെ പോരായ്മകളൊന്നും 'ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു'വിനെ ബാധിച്ചിട്ടില്ല. അവതരണസാധ്യതയ്ക്ക് വ്യത്യസ്തമായ ഇടം നല്‍കുന്ന നാടകങ്ങളാണ് ഓംചേരിയുടെ 'തേവരുടെ ആന'യും 'ഉലകുടപെരുമാളും'. നാട്യധര്‍മിയുടെ സാധ്യതയ്ക്ക് വഴിയൊരുക്കുന്നവയാണ് ഈ രണ്ട് നാടകങ്ങളും. 

സംവിധായകന് രചിതകൃതിയില്‍ പുനഃസൃഷ്ടി അനിവാര്യമായ നാടകമാണ് 'തേവരുടെ ആന'. ആനയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ഇതില്‍ നടത്തുന്ന സാമൂഹ്യവിമര്‍ശനം മറ്റു മലയാളനാടകങ്ങളില്‍നിന്ന് 'തേവരുടെ ആന'യെ വ്യത്യസ്തമാക്കുന്നു. 'തേവരുടെ ആന'യില്‍ നിന്നൊക്കെ അകലം ദീഷിച്ചുകൊണ്ട് ആക്ഷേപഹാസ്യത്തിന്റെ അപാരതയിലെത്തിനില്‍ക്കുന്നതാണ് 'ഉലകുടപെരുമാള്‍'. ഘടനയിലും ക്രിയാപരമായ വളര്‍ച്ചയിലുമൊക്കെ സംശോധനം ആവശ്യമായിരിക്കെത്തന്നെ വ്യാഖ്യാനപരമായ പുനഃസൃഷ്ടിക്ക് ആക്കം നല്‍കുന്ന ദൃശ്യകാവ്യസ്വഭാവം ഈ നാടകത്തെ ധന്യമാക്കുന്നു. കുഞ്ചന്‍ നമ്പ്യാരുടെ പരിഹാസോക്തികള്‍ നിറഞ്ഞ പാട്ടുരീതി ഇതിലെ കഥാപാത്രത്തെ ആകമാനം ചൂഴ്ന്നുനില്‍ക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ ഓംചേരിയെഴുതിയ 'ഇത് നമ്മുടെ നാടാണ്' എന്ന നാടകവും ഒരു ആശയപ്രചരണോപാധിയാണ്. 

നവോത്ഥാനകാലഘട്ടത്തില്‍ കമ്മ്യൂണിസം ഒരു ആശയം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍, അതിന്റെ പ്രായോഗികതലത്തില്‍നിന്നുകൊണ്ടുള്ള ഭരണകൂടത്തിന്റെ പിന്‍ബലത്താല്‍ സംഘടിപ്പിക്കപ്പെടുന്ന സഹകരണസംഘങ്ങളെക്കുറിച്ചാണ് നാടകത്തിന്റെ പ്രമേയം ചര്‍ച്ചചെയ്യുന്നത്. പ്രമേയത്തിന് അനുയോജ്യമായ ഇതിവൃത്തം സ്വീകരിക്കുമ്പോള്‍ വേണ്ട ശ്രദ്ധയും പാത്രസൃഷ്ടി നടത്തുന്നതിനുവേണ്ട സൂക്ഷ്മതയും നാടകകൃത്തിന് ഉത്തമമായ ബോധ്യമുണ്ടെന്ന് നാടകം തെളിയിക്കുന്നു. കേരള സാഹിത്യഅക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായ ഓംചേരിയുടെ നാടകമാണ് 'പ്രളയം'. ശാസ്ത്രത്തെ വീണ്ടുവിചാരമില്ലാതെ നന്മയ്ക്കപ്പുറം തിന്മയ്ക്കായി ഉപയോഗിക്കുന്നതിനെ വെളിവാക്കുന്ന 'പ്രളയം' ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് രചിക്കപ്പെട്ടത്. ശാസ്ത്രത്തെക്കുറിച്ചുള്ള ശരിയായ ധാരണ, അതിന്റെ സാധ്യതകള്‍, മാനവികതയിലൂന്നിയുള്ള അതിന്റെ ദര്‍ശനം, ശരിയായ ലോകരാഷ്ട്രീയവീക്ഷണം, സാര്വദേശീയബോധം എന്നിവയെല്ലാമുള്ള ഒരാളിന് മാത്രമേ 'പ്രളയം'പോലുള്ള ഒരു നാടകത്തിന്റെ രചന നിര്‍വഹിക്കാന് കഴിയുകയുള്ളൂവെന്നും ശാസ്ത്രബോധമുള്ള നാടകകൃത്തുക്കള്‍ മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ത്തന്നെ വിരളമാണെന്നും മലയാളത്തിലെ, ഒരുപക്ഷേ ഭാരതത്തിലെതന്നെ ഏറ്റവും ശാസ്ത്രബോധമുള്ള ഒരു നാടകകൃത്താണ് ഓംചേരി എന്‍.എന്‍. പിള്ള എന്നും കരുതാവുന്നതാണ്. 

സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഓംചേരിയുടെ ഏകാങ്കനാടകമാണ് 'വിളിക്കാതെ വന്നവള്‍'. നാടകീയസന്ദര്‍ഭങ്ങളാലും നര്‍മത്തില്‍ ചാലിച്ചുള്ള സംഭാഷണങ്ങളാലും ശ്രദ്ധേയമാണ് ഈ നാടകം. ഹാസ്യത്തിന് മുന്തൂക്കം കല്‍പ്പിച്ചുകൊണ്ടുള്ള പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രഹസനങ്ങളുടെ രചനയിലും വൈഭവം പ്രകടിപ്പിച്ച നാടകകാരനാണ് ഓംചേരി. മറുനാട്ടില്‍ താമസിക്കുന്നവര്‍ ഏതുകാലത്തും നേരിടേണ്ടിവരുന്ന ഒരു പ്രശ്‌നത്തെ ഏറെ നാടകീയതയോടെ ഓംചേരി അവതരിപ്പിച്ചിരിക്കുകയാണ് 'മറുമരുന്നുകള്‍' എന്ന ഏകാങ്കനാടകത്തില്‍. കാലാതീതപ്രസക്തി കൈവരിച്ചുനിലനില്‍ക്കുന്ന പ്രമേയമാണ് 'ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു' എന്ന നാടകത്തിന്റേത്. അന്ധവിശ്വാസങ്ങളുടെ അതിരുകടന്ന സ്വാധീനത്തിനടിമപ്പെട്ട് മനുഷ്യദൈവങ്ങള്‍ നക്ഷത്രങ്ങളായി വിരാജിക്കുമ്പോള്‍ കാര്യലബ്ധിക്കായും സ്വാര്‍ഥസംരക്ഷണത്തിനായും വഴിപാടുകള്‍ നേരുന്ന കപടഭക്തര്‍ പ്രാര്‍ഥനാനിരതരാകുമ്പോള്‍ ഈ നാടകം പ്രസക്തി കൈവരിച്ചുകൊണ്ട് നിലകൊള്ളുന്നു. 

എഴുതിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും കാലികപ്രസക്തി കൈവരിച്ചുകൊണ്ട്, സാമൂഹികതിന്മകളുടെ നേരേ പ്രതിരോധിക്കുന്ന നാടകമാണ് 'സൂക്ഷിക്കുക, വഴിയില്‍ ഭക്തന്മാരുണ്ട്!'. ഇതും ലഘുനാടകങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. ലാളിത്യമാര്‍ന്ന ഒരു കഥാപശ്ചാത്തലത്തിലൂടെ, ആക്ഷേപഹാസ്യരൂപേണ, സമൂഹത്തിലെ അപഹാസ്യതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഓംചേരിക്ക് ഈ നാടകത്തിലൂടെ കഴിഞ്ഞിരിക്കുകയാണ്. മതത്തിന്റെ പേരില്‍ കപടചെയ്തികളും ആത്മസംരക്ഷണവും നടത്തുന്ന അപകടകാരികളെ ഈ നാടകത്തില്‍ തീവ്രമായി പരിഹസിക്കുന്നു. പ്രമേയത്തിലെ വൈപുല്യമാണ് ഘടനയിലെയും ശൈലിയിലെയും വൈവിധ്യത്തിനപ്പുറം ഓംചേരിയുടെ നാടകങ്ങളെ പ്രസക്തമാക്കുന്നത്. 

ഭാരതത്തിലെ മധ്യവര്‍ഗമനുഷ്യരുടെ കപടനാട്യജീവിതത്തെയും പൊയ്മുഖങ്ങളെയും പ്രതിപാദ്യവിഷയമായി സ്വീകരിച്ച് രചന നിര്‍വഹിച്ച നാടകമാണ് 'നിര്‍ത്ത്! ഇത് എന്നെക്കുറിച്ചാണ്'. നമ്മുടെ ചരിത്രം പരിശോധിച്ചാല്‍ വിസ്മയിപ്പിക്കുന്ന, നാടകീയ മുഹൂര്‍ത്തങ്ങള്‍ അന്തര്‍ലീനമായിരിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ കണ്ടെത്താനാകും. അതുകൊണ്ടുതന്നെ ചരിത്രസന്ദര്‍ഭങ്ങളെ അധികരിച്ചുള്ള നാടകങ്ങള്‍ ഒട്ടേറെ ഇവിടെ ഉണ്ടായിട്ടുമുണ്ട്. അതില്‍ത്തന്നെ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ പശ്ചാത്തലമാക്കി ഒട്ടേറെ നാടകങ്ങളാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതേ സന്ദര്‍ഭം പ്രമേയമാക്കി എന്നാല്‍, തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ, അതീവനാടകീയതയോടെ, നാടകാവതരണംതന്നെ സന്ദര്‍ഭമാക്കി ഓംചേരി രചിച്ച നാടകമാണ് 'നല്ലവനായ ഗോദ്‌സെ'. ഒരു ചിമിഴിതളിലെ രത്‌നംപോലെ മഹനീയമാണ് കുറച്ചുമാത്രം വാക്കുകളിലൂടെ കൂടുതല്‍ ഭാവതലങ്ങള്‍ തുറന്നിടുന്ന ഈ നാടകം. 

മലയാളനാടകപ്രസ്ഥാനത്തില്‍ ഓംചേരി എന്‍.എന്‍. പിള്ള എന്ന നാടകകൃത്ത് സ്വന്തമായ ഒരു ഇടത്തിലാണ് തന്റെ സര്‍ഗമണ്ഡലം വ്യാപിപ്പിച്ചിട്ടുള്ളത്. കാലികപ്രസക്തിയുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ക്കുനേരേ വിമര്‍ശത്തിന്റെ ദര്‍പ്പണം പിടിച്ചുകൊണ്ട് കലാപരമായ പ്രതിബിംബം നമുക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ ഓരോ നാടകത്തിനും സാധിച്ചിട്ടുണ്ട്. നര്‍മം മിക്ക നാടകങ്ങളിലും സ്ഥായിയായി നിലനില്‍ക്കുമ്പോഴും അതിനുള്ളിലെ കണ്ണീരിന്റെ ഈര്‍പ്പം നമുക്ക് അനുഭവപ്പെടും. ലോകമെമ്പാടുമുള്ള നല്ല കലാകരന്മാരുടെ നര്‍മസൃഷ്ടികളില്‍ ദുഃഖത്തിന്റെ അകക്കാമ്പ് കുടികൊള്ളുന്നതായി 
തിരിച്ചറിയാവുന്നതാണ്. ഏറ്റവും ജനകീയമായ ഉദാഹരണം ചാര്‍ളി ചാപ്ലിന് തന്നെ. 

കേരളത്തില്‍ കുഞ്ചന്‍ നമ്പ്യാരാണ് ആക്ഷേപഹാസ്യത്തിലൂടെ സമൂഹ്യപ്രശ്‌നങ്ങള്‍ തീവ്രമായി അവതരിപ്പിച്ച മഹാകലാകാരന്‍. ചാക്യാരുടെ കൂത്തുപറച്ചിലില്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പാകത്തില്‍പ്പോലുമുള്ള സന്ദേശത്തിന്റെ ഹാസ്യം കുടികൊണ്ടിരുന്നു. ഓംചേരിനാടകങ്ങളുടെ വിഷയങ്ങളൊക്കെയും സാമൂഹികചുറ്റുപാടുകളിലെ വൈകല്യങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. അതിന് അദ്ദേഹം ആയുധമാക്കിയ രചനാശൈലി ആക്ഷേപഹാസ്യത്തിന്റെ വഴിയാണ്. നാം ജീവിക്കുന്ന ദുരന്തഭൂമികയുടെ ഇരുളടഞ്ഞ വാതായനങ്ങള്‍ അദ്ദേഹം മലര്‍ക്കെത്തുറന്നിടുകയും നന്മയുടെ പ്രകാശത്തിന്റെ കണികകളെ കടത്തിവിടാന്‍ ശ്രമിക്കുകയും ചെയ്തു. സാമൂഹ്യവിപത്തുകള്‍ക്ക് ഹേതുവാകുന്ന പ്രശ്‌നങ്ങള്‍ ഒരു നാടകകൃത്തെന്ന നിലയില്‍ അദ്ദേഹത്തെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു. 

ഇരുണ്ട ഫലിതത്തെക്കുറിച്ചുള്ള (Black humour) ബോധം, വിശ്വസാഹിത്യവുമായുള്ള ബന്ധമുള്ളതുകൊണ്ടുതന്നെ തീര്‍ച്ചയായും അദ്ദേഹത്തിന് ഉണ്ടാകണം. ദുഃഖത്തിന്റെ അഗാധതയില്‍ അവസാനത്തെ കണ്ണീര്‍ച്ചാലും വരണ്ടുണങ്ങി ഊഷരഭൂമിയായി മനസ്സിന്റെ വിതാനങ്ങള്‍ ഈര്‍പ്പരഹിതമാകുമ്പോള്‍ മനുഷ്യന്‍ അറിയാതെ ചിരിച്ചുപോകും; പ്രകൃതിയുടെ, പ്രപഞ്ചത്തിന്റെ വിക്രിയകളോര്‍ത്ത്. അതിലുപരി, നിസ്സാരനായ മനുഷ്യന്‍ അവന്റെ കേവലമായ ബുദ്ധിയില്‍ ചെയ്തുകൂട്ടുന്ന അര്‍ഥരാഹിത്യപ്രവര്‍ത്തനങ്ങളെയോര്‍ത്ത്. അങ്ങനെ ചിരിക്കണമെങ്കില്‍ തത്വശാസ്ത്രപരമായ ഒരു ദര്‍ശനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, ഒരു വെളിപാടെന്നോണം തഥ്യയിലെ മിഥ്യയെക്കുറിച്ചുള്ള ബോധം മിന്നിമറയുകയെങ്കിലും വേണം. ഓംചേരിയില്‍ ആ ബോധം നല്ലപോലുണ്ടെന്ന് തെളിയിക്കുന്നതിന് സാക്ഷ്യപത്രങ്ങളായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ നാടകകൃതികള്‍തന്നെയാണ്. 

ഈ ദര്‍ശനഗരിമയാണ് അദ്ദേഹത്തെ മലയാളനാടകപ്രസ്ഥാനത്തില്‍ പ്രത്യേകമായൊരു ഇടത്തില്‍ പ്രതിഷ്ഠിക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യര്‍ കൊറോണ എന്ന മഹാവിപത്തിന് അടിപ്പെട്ടപ്പോള്‍, ഭീതിദായകമായ നിമിഷങ്ങളിലൂടെ കടന്നുപോയപ്പോള്‍ ആ പശ്ചാത്തലത്തെ കേന്ദ്രീകരിച്ച് ഓംചേരി പത്തു നാടകങ്ങളുടെ രചന നിര്‍വഹിച്ചു. ഏകാന്തതയെ മനുഷ്യന് ആശ്രയിക്കേണ്ടിവന്നപ്പോള്‍ ആ നിശ്ചലനിമിഷങ്ങളില്‍, നിശബ്ദനിമിഷങ്ങളില്‍ കലാകാരന് സമൂഹത്തിന് പകരാന്‍ പലതുമുണ്ടെന്ന് ഓംചേരി അപ്പോള്‍പ്പോലും ഈ രചനകളിലൂടെ തെളിയിച്ചു. പച്ചയായ മനുഷ്യര്‍ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പച്ചയായ മനുഷ്യര്‍ക്കുമുന്നില്‍ നേരിട്ട് അവതരിപ്പിക്കുന്നു എന്നതും അതിലൂടെ സംവേദനവും ആസ്വാദനവും നടക്കുന്നു എന്നതുമാണ് നാട്യകലയുടെ കാതല്‍. ഈയൊരു പ്രക്രിയക്ക് കൊറോണക്കാലം വിഘാതം സൃഷ്ടിച്ചു. 

സങ്കീര്‍ണമായ ഈയൊരു അവസ്ഥയ്ക്ക് വ്യതിയാനം വരുമെന്നും ഇത് തികച്ചും നൈമിഷികമാണെന്നുമുള്ള ശുഭാപ്തിവിശ്വാസത്തില്‍, പ്രത്യാശ നിറഞ്ഞ മനസ്സുകള്‍ക്ക് നാളേക്കുവേണ്ടി നാളയുടെ കലക്കുവേണ്ടി ചില കരുതലുകള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഓംചേരി ഈ രചനകളിലൂടെ തെളിയിച്ചത്. സമകാലികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഭൂമികയില്‍ നിന്നുകൊണ്ട് ആശയചക്രവാളങ്ങളെ തൊടാന്‍ ശ്രമിക്കുക എന്നത് ഓംചേരിനാടകങ്ങളുടെ പൊതുവായ സവിശേഷതകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. എട്ടു പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹത്തിന്റെ തൂലിക മാനവികപ്രശ്‌നങ്ങളില്‍ അടിയുറച്ചുനിന്നുകൊണ് മനുഷ്യജീവിതത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുവാനും അര്‍ഥവത്തായ രീതിയില്‍ അതിനെ പുനര്‍നിര്‍ണയം ചെയ്യുവാനും ഉദ്യമിക്കുകയാണുണ്ടായത്. ഓംചേരിയുടെ മനസ്സ് സഞ്ചരിച്ചത് എന്നും സര്‍ഗാത്മകമായ വഴിയിടങ്ങളിലൂടെയായിരുന്നു. മലയാളനാടകപ്രസ്ഥാനത്തിന് കാലം കരുതിവച്ച അക്ഷയഖനിയായിരുന്നു ഓംചേരി എന്‍.എന്‍. പിള്ള. 

(കേരള സര്‍വകലാശാലയുടെ നാടകവിഭാഗത്തിന്റെ മുന്‍ ഡയറക്ടറും ഓംചേരി സമ്പൂര്‍ണകൃതികളുടെ എഡിറ്ററുമാണ് ലേഖകന്‍)