തലശ്ശേരി: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ പിതാവാണ് ബുധനാഴ്ച അര്‍ധരാത്രി വിടപറഞ്ഞ ഞാറ്റ്യേല ശ്രീധരന്‍. നിഘണ്ടു പൂര്‍ത്തിയായി പ്രസാധകരെ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 82-ാം വയസ്സിലാണ് നിഘണ്ടു തയ്യാറാക്കിയത്.

To advertise here,

സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയലളം യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോഴാണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. ലക്ഷത്തില്‍പ്പരം വാക്കുകളുള്ള നിഘണ്ടുവിന് 860 പേജാണ്. മലയാളത്തിലെ ഓരോ വാക്കിനും നാനാര്‍ഥങ്ങള്‍ക്ക് സമാനമായ കന്നഡ, തമിഴ്, തെലുഗു വാക്കുകള്‍. മലയാളം ലിപിയാണ് നാലുഭാഷയിലെ വാക്കുകളും. മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുടെ ലേഖനവുമുണ്ട്. 2023 മേയ് 19-ന് രണ്ടാം പതിപ്പ് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ചതുര്‍ദ്രാവിഡ ഭാഷാ പദപരിചയം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

കാല്‍നൂറ്റാണ്ടിന്റെ പരിശ്രമം

 മലയാളം-തമിഴ് ഭാഷാ നിഘണ്ടു 2012-ല്‍ കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. അതിനുശേഷം മലയാളം-കന്നഡ, മലയാളം-തെലുഗു എന്നിവ പ്രസിദ്ധീകരിക്കാനുള്ള ശ്രമം തുടങ്ങി. നിഘണ്ടു പ്രസിദ്ധീകരിക്കാന്‍ പ്രസാധകരെ ലഭിക്കാതെ വന്നപ്പോഴാണ് സീനിയര്‍ സിറ്റിസണ്‍സ് ഫോറം സഹായവുമായെത്തിയത്. ഫോറം നാലുലക്ഷം രൂപയോളം ചെലവഴിച്ച് 500 കോപ്പിയാണ് പ്രസിദ്ധീകരിച്ചത്. നിഘണ്ടു തയ്യാറാക്കാന്‍ നടത്തിയ പരിശ്രമവും അദ്ദേഹത്തിന്റെ ജീവിതവും കോര്‍ത്തിണക്കി 'വാക്കുകളെ സ്വപ്നം കാണുമ്പോള്‍' എന്ന ഡോക്യുമെന്റി ഉണ്ട്. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്റെ മകന്‍ നന്ദനാണ് ഇതിന്റെ സംവിധായകന്‍.

'നിഘണ്ടുവിനായി കൈനീട്ടിയവരെല്ലാം നാലാം ക്ലാസുകാരനാണെന്നറിഞ്ഞപ്പോൾ മുഖം തിരിച്ചു'

 

ടി.പി. സുകുമാരന്റെ നിര്‍ദേശം

 ചെറുപ്രായത്തില്‍ ശ്രീധരന്‍ ബീഡിത്തൊഴിലാളിയായി. പാലക്കാട് കല്‍പ്പാത്തിയില്‍ താമസിക്കുമ്പോള്‍ തമിഴ് പഠിക്കാന്‍ അവസരം ലഭിച്ചു. ഡോ. ടി.പി. സുകുമാരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിഘണ്ടുവിനായുള്ള ശ്രമം തുടങ്ങിയത്. മലയാളവും തമിഴും വഴങ്ങിയപ്പോള്‍ മറ്റു രണ്ടു ദ്രാവിഡഭാഷകള്‍ കൂടി പഠിച്ച് ചതുര്‍ഭാഷാ നിഘണ്ടു തയ്യാറാക്കാന്‍ ശ്രമം തുടങ്ങി. ജലസേചനവകുപ്പില്‍ ഒന്നിച്ച് ജോലി ചെയ്ത കന്നഡ സംസാരിക്കുന്ന ഗോവിന്ദനായ്ക്ക്, എഴുത്തുകാരന്‍ സി. രാഘവന്‍ എന്നിവരുടെ സഹായത്തോടെ കന്നഡ പഠിച്ചു. കര്‍ണാടകയില്‍ താമസിച്ച് ഭാഷാ അറിവ് നേടി. കരിമ്പം കൃഷിഫാമിലെ ആന്ധ്രക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെലുഗു പഠിച്ചു. ആന്ധ്രയിലെ നെല്ലൂരില്‍ പോയി താമസിച്ച് കൂടുതല്‍ അറിവ് നേടി. 1994-ല്‍ വിരമിച്ചതോടെ മുഴുവന്‍ സമയവും നിഘണ്ടു നിര്‍മാണത്തിനായി നീക്കിവെച്ചു. 

മാതൃഭൂമി അക്ഷരോത്സവത്തില്‍ ആദരിച്ചത് അവാര്‍ഡിനെക്കാള്‍ വലിയ അനുഭവമായിട്ടാണ് അദ്ദേഹത്തിന്‌ തോന്നിയത്.

ചതുര്‍ഭാഷാ നിഘണ്ടു 'സമം' എന്ന പേരില്‍ ഓണ്‍ലൈനിലുണ്ട്. പുരോഗമനകലാ സാഹിത്യസംഘം കണ്ണൂര്‍ താലൂക്ക് പ്രസിഡന്റും എന്‍ജിഒ യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാഷാശാസ്ത്രസംബന്ധമായ ലേഖനങ്ങളും ചെറുകഥകളുമെഴുതി. മലയാളം-തമിഴ് നിഘണ്ടുവിന് ഡോ. ടി.പി. സുകുമാരന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡും ചതുര്‍ഭാഷാ നിഘണ്ടു ദ്രവീഡിയന്‍ ലിംഗ്വസ്റ്റിക്‌സ് അസോസിയേഷന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡും ഹൈദരബാദ് ഫുഡ് ഫോര്‍ തോട്ട് ഫൗണ്ടേഷന്‍ ഇന്ത്യാ റീഡിങ് ഒളിമ്പ്യാഡ് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

നാലാം ക്ലാസില്‍ സ്‌കൂള്‍ പഠനം നിര്‍ത്തി,ഇന്ന് സ്വന്തമായി നാല് ഭാഷ ഡിക്ഷണറികള്‍