2021-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നന്ദന്‍ സംവിധാനം ചെയ്ത 'ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്' എന്ന ഡോക്യുമെന്ററി പുരസ്‌കാരത്തിനര്‍ഹമായി. ഒരു മനുഷ്യന്‍ നാലു പതിറ്റാണ്ടുകാലം നാലു ദ്രാവിഡഭാഷയ്ക്കുപിറകേ ഏകാകിയായി നടന്ന ജീവിതകഥയാണ് നന്ദന്‍ തന്റെ ഡോക്യുമെന്ററിയ്ക്കാധാരമാക്കിയത്. ഞാറ്റ്യേല ശ്രീധരന്‍ എന്ന എണ്‍പത്തിയഞ്ചുകാരന്റെ പ്രയത്‌നങ്ങള്‍ ആ ഡോക്യുമെന്ററിയില്‍ തീരുന്നില്ല. ചതുര്‍ഭാഷാ നിഘണ്ടു എന്ന സ്വപ്‌നത്തിനുപിറകേ സഞ്ചരിച്ച ഞാറ്റ്യേല ശ്രീധരന്‍ മാതൃഭൂമി ഡോട്‌ കോമിനു നല്‍കിയ അഭിമുഖം. 

To advertise here,

തലശ്ശേരിയിലെ വയലളം പോലുള്ള ഒരു സാധാരണ നാട്ടുപ്രദേശത്തു ജനിച്ചുവളര്‍ന്ന താങ്കള്‍ എങ്ങനെയാണ് ചതുര്‍ഭാഷാ നിഘണ്ടു എന്ന യജ്ഞത്തിലേക്ക് എത്തിച്ചേരുന്നത്? 

ഞാന്‍ നാലാം ക്ലാസുവരെയേ പോയിട്ടുള്ളൂ. നാലാം ക്ലാസില്‍ തോറ്റതാണ്. എന്നെ കുറച്ചുകൂടിയൊക്കെ പഠിപ്പിക്കണമെന്ന്‌ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അച്ഛനുമായി എനിക്ക് ബന്ധമൊന്നുമില്ല. അദ്ദേഹത്തിന് വേറെ ഭാര്യയും കുടുംബവുമൊക്കെ ഉണ്ടായിരുന്നു. അമ്മയാണ് എനിക്കു വേണ്ടി ജീവിച്ചത്. കൂലിപ്പണിയെടുത്താണ് വളര്‍ത്തിയത്. ആരും സഹായിക്കാനൊന്നുമില്ല. അന്നേ ഞാനൊരു സെല്‍ഫ് മെയ്ഡാണ്. സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായിരുന്നു.

നാലാം ക്ലാസ് തോറ്റപ്പോള്‍ നേരെ ബീഡിക്കമ്പനിയില്‍ പണിക്കുചേര്‍ന്നു. 1956-57 കാലത്ത് സാക്ഷരതാ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബാലസംഘം സെക്രട്ടറി എന്ന നിലയില്‍ എനിക്ക് മേല്‍ക്കമ്മറ്റിയില്‍നിന്നു നിര്‍ദ്ദേശം വന്നു. അതിന് എഴുത്തും വായനയും നിര്‍ബന്ധമായിരുന്നു. അക്കാലത്ത് എന്റെ പരിസരത്തുള്ളവരില്‍ പലര്‍ക്കും എഴുത്തും വായനയും അറിയില്ലായിരുന്നു. ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവരെ എഴുത്തും വായനയും പഠിപ്പിക്കേണ്ടത് എന്റെ ചുമതലയായി മാറി. വിദ്യാഭ്യാസം എനിക്കും കുറവായതിനാല്‍ ആദ്യമൊക്കെ ബുദ്ധിമുട്ടിയെങ്കിലും മറ്റുള്ളവര്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നതില്‍ നല്ല താല്‍പര്യം വന്നു. 

പാലക്കാട് കോളനികളിലെ ആളുകളെയൊക്കെ അക്ഷരം പഠിപ്പിക്കാന്‍ പറ്റി. അവിടെ ബീഡിക്കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സാക്ഷരതാ പ്രവര്‍ത്തനവും നടത്തിയിരുന്നത്. അവിടത്തെ ജീവിതാന്തരീക്ഷം വളരെ പരിതാപകരമായിരുന്നു. നിശാക്ലാസുകള്‍ നടത്തിയാണ് ആളുകളെ പഠിപ്പിക്കുക. സമൂഹത്തിലെ വളരെ താഴേക്കിടയിലുള്ള ആളുകളെയായിരുന്നു പഠിപ്പിക്കേണ്ടിയിരുന്നത്. അവരില്‍ പല ഭാഷക്കാരുണ്ടായിരുന്നു. കേരളത്തിലെത്തി ആക്രികള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന തമിഴരും കര്‍ണാടകയില്‍നിന്നുള്ളവരും ആന്ധ്രക്കാരുമെല്ലാം മലയാളം പഠിക്കാന്‍ വന്നു. എന്നെക്കാള്‍ പ്രായമുള്ളവരായിരുന്നു വിദ്യാര്‍ഥികള്‍. അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഭാഷയെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഞാനും നിര്‍ബന്ധിതനാവുകയായിരുന്നു. 

പാലക്കാടന്‍ ഉള്‍ഗ്രാമങ്ങളില്‍ മലയാളത്തേക്കാള്‍ കൂടുതല്‍ സ്വാധീനം തമിഴിനായിരുന്നു. ബീഡിത്തൊഴിലാളികള്‍ തമിഴ് പത്രം വരുത്തി വായിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു കൗതുകത്തിന് തമിഴ് വായിച്ചു തുടങ്ങി. കൂടാതെ പ്രൈമറി ക്ലാസുകളിലെ തമിഴ് പാഠപുസ്തകങ്ങള്‍ വായിച്ചു പഠിച്ചു. തമിഴ് വഴങ്ങിയപ്പോള്‍ മലയാളഭാഷയിലെ ലിപി വ്യവസ്ഥയെക്കുറിച്ച് പഠിച്ചു. അതേക്കുറിച്ച് ലേഖനമെഴുതി പ്രസിദ്ധീകരിച്ചു. 

തമിഴ് പാഠപുസ്തകത്തില്‍ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു പാഠമുണ്ടായിരുന്നു. തമിഴ് പഠിക്കുന്നതോടൊപ്പം മറ്റ് ദ്രാവിഡ ഭാഷകള്‍ കൂടി പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ലേഖനം. തമിഴര്‍ വലിയ ഭാഷാഭിമാനികളാണ്. അവരാണ് മറ്റ് ഭാഷകള്‍ കൂടി പഠിക്കേണ്ടതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. പോരാത്തതിന് ഡോ. കെ.എന്‍. എഴുത്തച്ഛന്‍ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയ പ്രബന്ധം ഞാന്‍ വായിക്കാനിടയായി. അതില്‍ അദ്ദേഹം പറയുന്നുണ്ട്: 'മലയാളമറിയാം എന്ന് ഒരാള്‍ അഭിമാനിക്കണമെങ്കില്‍ അയാള്‍ ഇതര ദ്രാവിഡഭാഷകള്‍കൂടി പഠിച്ചിരിക്കണം.' അത് വായിച്ചപ്പോള്‍ എനിക്ക്  ഒരു ഉണര്‍വുണ്ടായി. തെലുങ്കും കന്നടവും കൂടി എങ്ങനെയെങ്കിലും പഠിച്ചെടുക്കണം എന്നുറപ്പിച്ചു. 

കമ്പനിയില്‍ സുള്ള്യ സ്വദേശി ഗോവിന്ദ് നായ്ക്ക് എന്നൊരാളുണ്ടായിരുന്നു. എനിക്ക് കന്നട പഠിക്കാനാഗ്രഹമുള്ള കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹം അടിസ്ഥാനകാര്യങ്ങള്‍ പറഞ്ഞുതന്നു. അദ്ദേഹം പഠിപ്പിച്ചതു പോര എന്നു തോന്നിയപ്പോള്‍ നേരെ കാസര്‍കോടുപോയി സി. രാഘവന്‍ സാറിനെ സമീപിച്ചു. കന്നട എഴുത്തുകാരന്‍ നിരഞ്ജനയുടെ കൃതികള്‍ പരിഭാഷപ്പെടുത്തി പുരസ്‌കാരങ്ങള്‍ നേടിയ ആളാണ് അദ്ദേഹം. അതിരാവിലെ ട്രെയിനില്‍ കയറി അദ്ദേഹത്തിന്റെയടുക്കലെത്തും വൈകുന്നേരം അവിടുന്ന് തിരിക്കും. അദ്ദേഹം ഭാഷ പഠിക്കാന്‍ സഹായിച്ചു. അങ്ങനെ പോര, കന്നട സംസാരിക്കുന്നവരുടെ സമ്പര്‍ക്കത്തിലൂടെ പഠിക്കണം എന്ന ആഗ്രഹം വന്നു. അതിനു വേണ്ടി മൈസൂരിലും മംഗലാപുരത്തും പോയി താമസിച്ചു. കന്നട പത്രവും മാസികകളും വായിക്കാനും അര്‍ഥം മനസ്സിലാക്കാനുമായി.

തമിഴും കന്നടവും പഠിച്ചു കഴിഞ്ഞപ്പോള്‍ ഒരു മോഹം കൂടി ബാക്കിയായി. തെലുങ്ക് ഭാഷ പഠിക്കണം. തെലുങ്ക് അറിയുന്ന ആളുകള്‍ കേരളത്തില്‍ ഇല്ല. തെലുങ്ക് വാരികകളോ പത്രങ്ങളോ അടുത്തെങ്ങും കിട്ടാനില്ല. 'മുട്ടുവിന്‍ തുറക്കപ്പെടും' എന്ന വചനം മാത്രമായിരുന്നു എന്റെ ബലം. അന്വേഷണം തുടര്‍ന്നു. 
കരിമ്പത്ത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആന്ധ്രപ്രദേശുകാരനായ ഒരാള്‍ ഉണ്ടെന്നറിഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പ് കഴിഞ്ഞിട്ടുപോകണം കരിമ്പത്തേക്ക്. അവിടെപ്പോയി ആന്ധ്രക്കാരനെ കണ്ടുപിടിച്ചു. ആവശ്യം അറിയിച്ചു. അദ്ദേഹത്തിന് സമ്മതമായി. അദ്ദേഹമില്ലാത്ത ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു തെലുങ്ക് പഠിപ്പിച്ചിരുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും വീട്ടിലെ അവശ്യസാധനങ്ങളുടെയുമെല്ലാം പേരും എഴുതുന്ന വിധവും അവര്‍ പഠിപ്പിച്ചു. അക്ഷരങ്ങള്‍ പഠിച്ചപ്പോള്‍ കൂട്ടിവായിച്ചുനോക്കാന്‍ തെലുങ്ക് പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. കേരളത്തില്‍ കിട്ടാനില്ല. അവരുടെ വീട്ടില്‍ 'ചന്ദാമാമ' എന്നുപേരുള്ള പത്രത്തിന്റെ താളുകള്‍ ഉണ്ടായിരുന്നു. അതിന്റെ ഓരോ പേജും സൂക്ഷിച്ച് വായിച്ചു പഠിച്ചു. ആ പഠിത്തം പോരാ എന്നുതോന്നിയപ്പോള്‍ നേരെ ആന്ധ്രയില്‍ പോയി. വെല്ലൂരില്‍ മൂന്നു തവണയായി താമസിച്ച് നന്നായി തെലുങ്ക് പറയാനും വായിക്കാനും എഴുതാനും പഠിച്ചു.

പിന്നീട് തമിഴ്, തെലുങ്ക്, കന്നട എന്നീ മൂന്നു ഭാഷകളിലെ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും തുടര്‍ച്ചയായി വായിച്ചു. ആ ഭാഷകളിലെ കഥകള്‍ തേടിപ്പിടിച്ചു വാങ്ങി വായിച്ചു. കഥകള്‍ വായിക്കുമ്പോള്‍ അതത് ഭാഷകളിലെ നാട്ടുപ്രദേശത്തെ പ്രയോഗങ്ങളും ശൈലികളും പരിചയപ്പെടാന്‍ സാധിക്കും. അതുപോലെ തന്നയാണ് പാചകവിധികള്‍. വെറും പാചകക്കുറിപ്പുകളല്ലേ എന്നുകരുതി തള്ളിക്കളയരുത്. അന്യഭാഷാപഠനത്തിന് നമ്മളെ സഹായിക്കുന്ന ഏറ്റവും നല്ല പുസ്തകം പാചകവിധികളാണ്. തിളയ്ക്കുക, തിളക്കാന്‍ വെക്കുക, തിളപ്പിക്കുക, ഇളക്കുക, വഴറ്റുക തുടങ്ങിയ അനേകം വാക്കുകള്‍ സാന്ദര്‍ഭികമായി ഉപയോഗിക്കേണ്ട വിധം പഠിച്ചത് പാചകവിധിയിലൂടെയാണ്.

ഞാന്‍ നിരീശ്വരവാദിയും കമ്യൂണിസ്റ്റ് ആശയം പിന്തുടരുന്നയാളുമാണ്. പക്ഷേ, ഭാഷ പഠിക്കാനായി ഞാന്‍ നക്ഷത്രവാരഫലങ്ങള്‍ വായിക്കാന്‍ തുടങ്ങി. മറ്റു ഭാഷകളിലെ വാരഫലം വായിക്കുമ്പോള്‍ എന്റെ പദസമ്പത്ത് കൂടി. ഓരോ ഭാഷയില്‍നിന്നും കിട്ടുന്ന പുതിയ വാക്കുകള്‍ അതേ ഭാഷയില്‍ത്തന്നെ അക്ഷരമാലക്രമത്തില്‍ ഒരു പുസ്തകത്തില്‍ കുറിച്ചുവെക്കാന്‍ തുടങ്ങി. 

അതിനിടയില്‍ ഈ പരിശ്രമത്തില്‍നിന്നു പിന്‍മാറിയിരുന്നല്ലോ

നിഘണ്ടു പൂര്‍ത്തിയാക്കാന്‍ മാനസികമായ ഒരു സമ്മര്‍ദ്ദം ഞാന്‍ അനുഭവിച്ചിരുന്നു. അതിന് കാരണം കേരളത്തിലെ പത്ര-ദൃശ്യമാധ്യമങ്ങളാണ്. ഒരു കാലത്ത് രാഷ്ട്രീയത്തിലും സാക്ഷരതാ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന ഞാന്‍ ഭാഷാപ്രേമം തുടങ്ങിയതോടെ വീട്ടില്‍നിന്നു പുറത്തിറങ്ങാതായി. അങ്ങനെയൊരിക്കല്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ഞാന്‍ എല്ലാറ്റില്‍നിന്നും പിന്‍വാങ്ങി നില്‍ക്കുന്നതിന്റെ കാരണം അന്വേഷിച്ചു. എന്റെ ഭാഷാപരിശ്രമത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. ഉടന്‍ കിട്ടിയ മറുപടി ഇതായിരുന്നു: 'നിങ്ങളെപ്പോലുള്ള നാലാം ക്ലാസുകാരന്‍ ഇതൊന്നും ചെയ്തിട്ട് കാര്യമില്ല. അക്കാദമി സമൂഹം അംഗീകരിക്കണമെങ്കില്‍ പേരിനൊപ്പം ഡോക്ടറേറ്റുകള്‍ വേണം. പിഎച്ച്ഡി എടുത്തവര്‍ ചെയ്യേണ്ട പണിയാണിത്. നിങ്ങള്‍ ചെയ്തിട്ട് കാര്യമില്ല.' അതുകേട്ടപ്പോള്‍ എനിക്കാകെ നിരാശയായി. എന്തിനാണ് ഞാനിത് ചെയ്യുന്നത് എന്ന് സ്വയം തോന്നി. മടുപ്പ് തോന്നിയപ്പോള്‍ ഞാന്‍ ആ പണി നിര്‍ത്തി. 

പക്ഷേ, പത്രമാധ്യമങ്ങള്‍ എനിക്ക് പ്രചോദനമായി പ്രവര്‍ത്തിച്ചു. കേരളകൗമുദി ലേഖകനായിരുന്ന എന്റെ സുഹൃത്ത് ഈ വിവരമറിഞ്ഞു. അദ്ദേഹം ഫോട്ടോഗ്രാഫറെയും കൂട്ടിവന്നു. പിറ്റേന്ന് എന്റെ ചതുര്‍ഭാഷാ നിഘണ്ടുശ്രമത്തെക്കുറിച്ചുള്ള വാര്‍ത്തവന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാതൃഭൂമിയുള്‍പ്പെടെയുള്ള പത്രങ്ങളെല്ലാം വാര്‍ത്ത കൊടുത്തു. അതോടെ ഈ പണിയില്‍നിന്നു പിന്‍മാറാന്‍ പറ്റാതെയായി. എന്റെ സ്വന്തം കാര്യമല്ലാതെ സാമൂഹിക പ്രതിബദ്ധതയായി മാറി. അങ്ങനെ നിര്‍ത്തിവെച്ച പണിയിലേക്ക് തിരികെ തള്ളിവിട്ടത് ഈ നാട്ടിലെ മാധ്യമങ്ങളാണ്. 

കാല്‍നൂറ്റാണ്ട് കാലം ഭാഷാനിഘണ്ടുവിനായി ചെലവഴിച്ച താങ്കള്‍ക്ക് പക്ഷേ പ്രതിസന്ധി നേരിടേണ്ടി വന്നത് പിന്നീടാണല്ലോ?

നിഘണ്ടുവിന്റെ പണി പൂര്‍ത്തിയായ ഉടന്‍ തന്നെ കേരളത്തിലെ പ്രമുഖ പ്രസാധകരെ നേരിട്ടു സമീപിക്കാന്‍ തന്നെ തീരുമാനിച്ചു. ആദ്യം സമീപിച്ച പ്രസിദ്ധീകരണത്തിന്റെ പബ്ലിക്കേഷന്‍ മാനേജര്‍ കോഴിക്കോടേക്ക് വരാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ പോയി. പ്രസാധക സ്ഥാപനത്തിന്റെ ഉടമയ്ക്ക് എന്നെ നേരിട്ട് കാണണം. അദ്ദേഹം എന്നോട് വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ചോദിച്ചു. നാലാം ക്ലാസാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം വാടി. ഞാന്‍ അതു ശ്രദ്ധിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. 

പിന്നെ സമീപിച്ചത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ്. കയ്യെഴുത്തുകോപ്പി കോഴിക്കോട് എത്തിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. കോഴിക്കോട് ഓഫീസിലെ കുട്ടി കൈയെഴുത്ത്പ്രതിയെടുത്ത് അമ്പരപ്പോടെ നോക്കിയിട്ട് പറഞ്ഞു: 'ഇങ്ങനെയൊരു സംഗതി ഇതുവരെ ആരും ചെയ്തതായിട്ട് കണ്ടിട്ടില്ല.' കുറച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവരും യോഗ്യതയാണ് അന്വേഷിച്ചത്. നാലാം ക്ലാസാണെന്നുപറഞ്ഞപ്പോള്‍ ആ കുട്ടി പറഞ്ഞു:' ഇവിടെയൊരു സെലക്ഷന്‍ കമ്മറ്റിയുണ്ട്. അവിടേക്ക് ഇതി എത്തിപ്പെടണമെങ്കില്‍ത്തന്നെ പേരിനൊപ്പം ഒരു ഡോക്ടറേറ്റോ പ്രൊഫസര്‍ പദവിയോ അങ്ങനെയെന്തെങ്കിലും വേണം.' അതോടെ ഞാനാകെ തളര്‍ന്നു. ഡിഗ്രികള്‍ ഇല്ലാത്തതു കാരണം ഈ പരിശ്രമം വെളിച്ചം കാണാതെ പോവുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടമായി. അതൊന്നും പുറത്തു കാണിക്കാതെ കൈയെഴുത്തുപ്രതി അവിടെ ഏല്‍പിച്ചു. 

പതിനൊന്നു മാസത്തിനു ശേഷം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു മറുപടി വന്നു. അവര്‍ പുസ്തകമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പക്ഷേ, നാല് ഭാഷയും കൂടി ഒരൊറ്റ നിഘണ്ടുവായി പ്രസിദ്ധീകരിക്കാന്‍ സാങ്കേതിക തടസ്സമുണ്ട്. ആദ്യം മലയാളം, തമിഴ് നിഘണ്ടു പ്രസിദ്ധീകരിക്കാം, പിന്നെ കന്നടയും തെലുങ്കും. രണ്ടു നിഘണ്ടുക്കളായി പ്രസിദ്ധീകരിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. എന്റെ പ്രയത്‌നം അതല്ല. ഭാഷാഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ നാലും കൂടി ഒരൊറ്റ പുസ്തകമായി അച്ചടിക്കണം. പക്ഷേ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു പുസ്തകം അച്ചടിക്കുക എന്നുപറഞ്ഞാല്‍ അത് മോശപ്പെട്ട കാര്യമല്ല എന്ന് ഡയറക്ടര്‍ എന്നെ ഓര്‍മപ്പെടുത്തി. ഒരെണ്ണം പോലും അച്ചടിച്ചു വരാത്തതിലും നല്ലതല്ലേ രണ്ട് ഭാഷയിലുള്ളതെങ്കിലും വരുന്നത് എന്ന ചിന്തയില്‍ ഞാന്‍ സമ്മതിച്ചു. അങ്ങനെ ദ്വിഭാഷാ നിഘണ്ടു ഭാഷാ ഇന്‍സ്റ്ററ്റിയൂട്ട് പുറത്തിറക്കി. 

അതേ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നീട് വക്കീല്‍ നോട്ടീസും അയച്ചു

കന്നട-തെലുങ്കു നിഘണ്ടു പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞെങ്കിലും ഭരണസമിതി മാറി. മൂന്നാലു വര്‍ഷം കടന്നുപോയപ്പോള്‍ ഇതേപ്പറ്റി യാതൊരു അനക്കവുമില്ല. അങ്ങനെ കൈയെഴുത്തുപ്രതി തിരികെ വാങ്ങാനായി പോയപ്പോള്‍ അവിടെ അങ്ങനെയൊരു സാധനം കാണാനില്ല! ഞാനാകെ വിഷമിച്ചു. അന്നത്തെ ഡയറക്ടര്‍ പറഞ്ഞതനുസരിച്ച് പരാതി കൊടുത്തു. യാതൊരു പ്രതികരണവുമില്ലാതെയായപ്പോള്‍ കോടിയേരി ബാലകൃഷ്ണനോടും സാംസ്‌കാരിക വകുപ്പ് 
മന്ത്രി കെ.സി ജോസഫിനോടും പറഞ്ഞു. മറുപടിയില്ലാതായപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈയെഴുത്തുപ്രതി ഇന്‍സ്റ്റിറ്റ്യൂട്ട് അയച്ചുതന്നു.

എന്റെ നല്ലകാലം മുഴുവന്‍ ചെലവഴിച്ച് തയ്യാറാക്കിയ നാലു ഭാഷാ നിഘണ്ടു വെളിച്ചം കാണാതെ വീണ്ടും വീട്ടിലെ മൂലയിലായി. തെറ്റുകള്‍ ധാരാളമുണ്ടാകും. അതില്ല എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, തെറ്റു കണ്ടുപിടിക്കണമെങ്കില്‍ ഇത് ആരെങ്കിലും വായിക്കണ്ടേ? നിഘണ്ടു വായനക്കാരുടെ കൈയിലെത്തിയാലല്ലേ തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടുകയുള്ളൂ. ശ്രീകണ്‌ഠേശ്വരം തയ്യാറാക്കിയ മലയാളം നിഘണ്ടുവിലും ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവിലും തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലേ? 

ആയിടയ്ക്കാണ് ആകാശവാണിയില്‍നിന്നും ഒരു അഭിമുഖത്തിനായി ക്ഷണിക്കുന്നത്. ഈ നിഘണ്ടു വെളിച്ചം കാണാതെ പോകുന്നതിനെക്കുറിച്ചുള്ള ആശങ്ക ഞാന്‍ അവിടെ പങ്കുവെച്ചു. എനിക്ക് വലിയ നിരാശയുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് സീനിയര്‍ സിറ്റിസണ്‍സ് ഫോറം മുന്നോട്ടുവരുന്നത്. വലിയൊരു ത്യാഗമാണ് അവര്‍ ചെയ്തത്. പുസ്തകം പ്രസാധനം ചെയ്യാന്‍ അവര്‍ തയ്യാറായി. ഒന്നര വര്‍ഷമെടുത്താണ് കൈയെഴുത്തുപ്രതി അച്ചടിയിലാക്കുന്നത്. കാരണം ഇതിന്റെ പ്രൂഫ് നോക്കുന്നവര്‍ക്ക് നാല് ഭാഷയും അറിഞ്ഞിരിക്കണം. 23 നിഘണ്ടുക്കളാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അത്രയും നിഘണ്ടുക്കള്‍ നോക്കിയിട്ടുവേണം പ്രൂഫ് റീഡര്‍ തെറ്റുതിരുത്താന്‍. ആര് തയ്യാറാവും? പത്തോ ഇരുപതോ കൊല്ലമെടുക്കും പ്രൂഫ് നോക്കിത്തീരാന്‍. സമയപരിധിക്കുള്ളില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം നിഘണ്ടു അച്ചടിച്ചു. ആയിരത്തി ഇരുനൂറോളം പേജുകള്‍ ഉള്ള പുസ്തകമായി പുറത്തിറങ്ങി. പുസ്തകമായി വന്നപ്പോള്‍ ധാരാളം തെറ്റുകളുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്തം എനിക്കാണ്.

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നിഘണ്ടു ഏറ്റെടുക്കാന്‍ കാരണമെന്താണ്?
 

കാരണമുണ്ട്. ഞാന്‍ ഔപചാരികമായി നാലാം ക്ലാസ്‌വരെയേ പഠിച്ചിട്ടുള്ളുവെങ്കിലും ഏഴാം ക്ലാസ് തത്തുല്യപരീക്ഷ പാസായിട്ടുണ്ട്. പി.ഡബ്ല്യു.ഡിയില്‍ ജീവനക്കാരനുമായി. ഞാനും പെന്‍ഷന്‍ അസോസിയേഷന്‍ അംഗമാണ്.  

ഇരുപത്തിയഞ്ച് കൊല്ലത്തോളം ഒരേയൊരു ലക്ഷ്യവുമായി ഇരിക്കുമ്പോള്‍ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ ഭദ്രമായിരുന്നോ?

സാമ്പത്തികമായി ഏറെ നഷ്ടം സഹിച്ചാണ് ഞാന്‍ ഇതിനിറങ്ങിപ്പുറപ്പെട്ടത്. ഭാഷ പഠിക്കാനായി ഞാന്‍ നടത്തിയ യാത്രകളുടെ ചെലവ്. ആന്ധ്രയിലും കര്‍ണാടകയിലും പോയി താമസിക്കാന്‍ പണം ചെലവഴിച്ചിട്ടുണ്ട്. കഥയും നോവലും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ചെറിയ പ്രതിഫലങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. പക്ഷേ, തിരികെയൊന്നും ലഭിക്കാത്ത ജോലിയായിരുന്നു ഇത്. എന്റെ കുടുംബജീവിതം സാമ്പത്തികമായി പ്രയാസം നേരിടുന്ന സമയമായിരുന്നു. മക്കള്‍ പഠിക്കുകയാണ്. വീട്ടിലെ വരുമാനക്കാരന്‍ ഞാന്‍ മാത്രമാണ്. എന്റെ ഭാര്യ യാതൊരു പരാതിയുമില്ലാതെ വീടുപുലര്‍ത്തി. ഞാന്‍ ചെയ്യുന്ന ജോലിയുടെ ഗൗരവമൊന്നും അവള്‍ക്കറിയില്ലായിരുന്നു. പക്ഷേ, ജോലിക്കുപോകാതെ എന്തിനാണ് ഇവിടെയിരുന്ന് എഴുതുന്നത് എന്ന് ചോദിച്ചിട്ടില്ല. 

ഒടുക്കം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചതുര്‍ഭാഷാ നിഘണ്ടു പ്രസിദ്ധീകരിച്ചില്ലേ?

പതിറ്റാണ്ടുകൊണ്ട് ഞാന്‍ ശേഖരിച്ച ദ്രാവിഡഭാഷകള്‍ ഇനിയുള്ള തലമുറയ്ക്ക് ഉതകുന്ന വിധത്തില്‍ രേഖയിലായി. അതിലെനിക്ക് ചാരിതാര്‍ഥ്യമുണ്ട്. ചെറിയ വിഷമവുമുണ്ട്. എനിക്ക് എണ്‍പത്തിയഞ്ചു വയസ്സായി. നിഘണ്ടുവിന് റോയല്‍റ്റിയാണ് കിട്ടുക. അതു വാങ്ങാന്‍ ഞാന്‍ ജീവിച്ചിരിക്കണമെന്നില്ല. 
പണം എനിക്ക് ഇപ്പോഴാണ് അത്യാവശ്യമായിരിക്കുന്നത്. നാലാം ക്ലാസുകാരനും സാധാരണ ബീഡിത്തൊഴിലാളിയായിരുന്നതുകൊണ്ടും ഭാഷകളുമായി ഞാന്‍ നടത്തിയ യുദ്ധം ആരും കാണാതെ പോയി. ഇതൊരു പ്രൊഫസറോ ഡോക്ടറേറ്റുകാരനോ ആയിരുന്നു ചെയ്തിരുന്നതെങ്കില്‍ അയാള്‍ക്ക് അക്കാദമിക് സമൂഹം നല്‍കുന്ന ബഹുമതി എന്തായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ. 

ബഹുമതി ലഭിച്ചല്ലോ. നന്ദന്‍ സംവിധാനം ചെയ്ത 'ഡ്രീമിങ് ഓഫ് വേഡ്‌സ്' എന്ന ഡോക്യുമെന്ററി താങ്കളെപ്പറ്റിയല്ലേ പറഞ്ഞത്. അതിന് ദേശീയ അവാര്‍ഡും നേടിയല്ലോ.

നന്ദന്റെ ഡോക്യുമെന്ററി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. അത് സംവിധാനം ചെയ്യാന്‍ അയാള്‍ കുറേയെറെ അലഞ്ഞിട്ടുണ്ട്. 

ഇത്രയും പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നടത്തിയ പ്രയത്‌നം ഫലം കണ്ടില്ലേ?

അതൊക്കെ ശരിയാണ്. ഇവിടെ കേരള സാഹിത്യ അക്കാദമി എന്ന പേരില്‍ സ്ഥാപനമൊക്കെയില്ലേ. സാഹിത്യേതര വിഭാഗത്തില്‍ പെടുത്തി ഈ നിഘണ്ടുവിന് സ്വീകാര്യത നല്‍കാമായിരുന്നല്ലോ. എനിക്കുവേണ്ടി സംസാരിക്കാനൊന്നും ആരുമില്ല. നൂറു കവിതയെഴുതാന്‍ എളുപ്പമാണ്. ഇതുപോലൊരു നിഘണ്ടു നിര്‍മിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. സര്‍ഗാത്മക എഴുത്തുകളെയെല്ലാം പതിറ്റാണ്ടുകളോളം മാറ്റിനിര്‍ത്തിയിട്ടാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. യഥാര്‍ഥത്തില്‍ ഈ നാലു സംസ്ഥാനങ്ങളിലെ ഭാഷാവിദഗ്ധര്‍ ഒന്നിച്ചിരുന്ന് കൂടിയാലോചിച്ച് വര്‍ഷങ്ങളോളം ഗവേഷണം നടത്തി പുറത്തിറക്കേണ്ട ഭാഷാ നിഘണ്ടുവാണ് ഞാനൊറ്റയ്ക്ക് പൂര്‍ത്തിയാക്കിയത്. ജീവിതത്തില്‍ സാമ്പത്തികമായി ഒന്നും നേടിയിട്ടില്ല. വാക്കുകള്‍ക്കു വേണ്ടിയുള്ള അലച്ചിലായിരുന്നു. ഇപ്പോള്‍ കിഡ്‌നിയൊക്കെ തകരാറായി. ഒരുപാട് മരുന്നുകള്‍ വേണം. ചിലപ്പോള്‍ നിരാശ തോന്നും. 

അഞ്ചാമത് ഒരു ഭാഷകൂടി പഠിക്കണമെന്നുണ്ടോ?

സിംഹളഭാഷ പഠിക്കാന്‍ വലിയ ആഗ്രഹമുണ്ട്. സാധിക്കുമോ എന്നറിയില്ല. പല വഴിക്കും അന്വേഷിച്ചു. ശ്രീലങ്കയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു നോക്കി. മറുപടി കിട്ടിയിട്ടില്ല. ദ്രാവിഡഭാഷകളുടെ രീതിയും ഉച്ചാരണവുമായിട്ട് സിംഹള ഭാഷയ്ക്ക് നല്ല സാമ്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പഠിച്ചാലേ അറിയാന്‍ പറ്റുകയുള്ളൂ. കേരളത്തില്‍നിന്നും ഏതോ ഒരു കാലത്ത് കടലേറ്റം കൊണ്ട് വേര്‍പെട്ടുപോയ നാടാണ് ശ്രീലങ്ക എന്ന സംശയം എനിക്കുണ്ട്. ഭാഷ പഠിച്ചാല്‍ കൂടുതല്‍ അറിയാം.

 ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ സഹായം തേടാമായിരുന്നില്ലേ?

അതെനിക്ക് ശരിയാവുകയില്ല. നേരിട്ട് പോയി കണ്ടും കേട്ടുമാണ് ഭാഷ പഠിക്കേണ്ടത്. ഈ പ്രായത്തില്‍ ശാരീരികമായ അസ്വസ്ഥതകള്‍ വല്ലാതെ അലട്ടുന്നുണ്ട്. 

ഇംഗ്ലീഷ് ഭാഷ വശത്താക്കിയിട്ടുണ്ടോ?

താരതമ്യേന വിദേശഭാഷകളില്‍ എളുപ്പമുള്ളതാണ് ഇംഗ്ലീഷ്. കച്ചവടക്കാരുടെ, വിലപേശലിന്റെ, ഭാഷയായതിനാല്‍ ആളുകള്‍ വേഗം പഠിച്ചെടുക്കും. എനിക്ക് കേട്ടാലും വായിച്ചാലും മനസ്സിലാകും. എഴുതാനും വായിക്കാനുമറിയാം. സ്ഥിരമായി ഉപയോഗിക്കുന്നില്ല എന്നുമാത്രം.

അമ്പതുകളില്‍ സാക്ഷരതാപ്രവര്‍ത്തനം നടത്തിയ താങ്കള്‍ക്ക് സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തിലിരുന്ന് സംസാരിക്കാന്‍ സാധിച്ചില്ലേ?

അമ്പതുകളില്‍ അക്ഷരാഭ്യാസം കുറഞ്ഞതു കാരണമാണ് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മന്ത്രവാദങ്ങളുമെല്ലാം കേരളത്തില്‍ വ്യാപകമായിട്ടുണ്ടായിരുന്നത്. അക്ഷരാഭ്യാസം ലഭിക്കുമ്പോള്‍, ഭൂമിയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും ആളുകളെ സാക്ഷരരാക്കുക എന്ന ഉത്തരവാദിത്തമാണ് നിറവേറ്റിയത്. ഇപ്പോള്‍ വിദ്യാസമ്പന്നരിലാണ് എല്ലാ മോശം പ്രവര്‍ത്തികളും കാണുന്നത്. അന്ധവിശ്വാസവും ദുരാചാരവും മന്ത്രവാദവുമെല്ലാം പ്രായഭേദമന്യേ കേരളത്തില്‍ വ്യാപിച്ചിരിക്കുകയാണ്. അങ്ങനെയൊരു അവസ്ഥ വന്നുചേര്‍ന്നതില്‍ ഞാന്‍ നിരാശനാണ്. 

പ്രതിഫലം കിട്ടാത്ത ജോലിയ്ക്കായി പതിറ്റാണ്ടുകള്‍ പാഴാക്കി എന്നുതോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ഞാന്‍ ചെറുപ്പം മുതേല പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയാളാണ്. മൂന്നു തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ധാരാളം തല്ലുകൊണ്ടിട്ടുണ്ട്. ഇതൊന്നും പുരസ്‌കാരം ലഭിക്കാന്‍ വേണ്ടിയല്ല, സമൂഹത്തിനു വേണ്ടിയാണ്. തൊണ്ണൂറുകളില്‍ സാക്ഷരതാ പ്രവര്‍ത്തനം നടക്കുന്നകാലത്ത് പലരെയും പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പുരസ്‌കാരം എന്ന കാഴ്ചപ്പാടൊക്കെ മുള പൊട്ടുന്നതിനുമുമ്പേ അമ്പതുകളില്‍ കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിനുവേണ്ടി അണിനിരന്ന തലമുറയാണ് എന്റേത്. അന്നെല്ലാം അക്ഷരം പഠിച്ചവര്‍ വളരേ കുറവായിരുന്നു. കൈയില്‍നിന്നു പണം ചെലവാക്കി റാന്തല്‍വിളക്കുകള്‍ വാങ്ങിക്കത്തിച്ചായിരുന്നു ആളുകളെ പഠിപ്പിച്ചത്. 

തുടര്‍ന്നുപഠിക്കാന്‍ കഴിയാത്തതിലും അംഗീകാരമുള്ള ഭാഷാവിദഗ്ധന്‍ ആവാതിരുന്നതിലും നിരാശ തോന്നിയിട്ടുണ്ടോ?

എന്റെ സുഹൃത്തുക്കള്‍ പത്താം ക്ലാസ് പരിക്ഷയെഴുതാന്‍ കുറേ നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ ശ്രമിച്ചില്ല. നമ്മുടെ ബുദ്ധിയും കഴിവും തെളിയിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമൊന്നുമില്ല. ഈ ഭാഷകളൊക്കെ പഠിച്ചത് സ്‌കൂളിലും യൂണിവേഴ്സ്റ്റിയിലും പോയിട്ടില്ല. ഭാഷ പഠിച്ചെടുക്കാന്‍ ഞാനായിട്ട് അധ്വാനിച്ചതാണ്. ആ അധ്വാനമാണെന്റെ വിദ്യാഭ്യാസം. അല്ലാതെ സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങുന്നതല്ല.

വിദ്യാഭ്യാസം ലഭിക്കാത്തവര്‍ മണ്ടന്മാരും വിദ്യാഭ്യാസമുള്ളവര്‍ മിടുക്കരുമൊന്നുമല്ല. ഉത്സാഹമാണ് നമുക്ക് നിക്ഷേപമായിട്ടു വേണ്ടത്. എന്റെ ആഗ്രഹം നിറവേറ്റാനുള്ള സാഹചര്യം ഞാന്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. ഇന്നിപ്പോള്‍ ബീഡിക്കമ്പനിയില്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തേണ്ട ആവശ്യമില്ല. അക്ഷരാഭ്യാസം എല്ലാവര്‍ക്കുമുണ്ട്. 

നമ്മുടെ കുട്ടികള്‍ക്കും സമൂഹത്തിനും ഈ പ്രപഞ്ചത്തോളം വിജ്ഞാനമുണ്ട്, പക്ഷേ, ഒരു കൈപ്പിടിയോളം വിവേകമില്ല. മാതാപിതാക്കളെ കൊല്ലുന്ന മക്കള്‍, സഹോദരങ്ങളെ കൊല്ലുന്നവര്‍, മക്കളെ വ്യഭിചരിക്കുന്നവര്‍... വിദ്യാഭ്യാസം കൊണ്ട് എന്താണിവര്‍ നേടുന്നത്? അറിവിലൂടെ തിരിച്ചറിവ് നേടുന്നവര്‍ ഇന്ന് എത്ര പേരുണ്ട്? 

താങ്കള്‍ ഒരു റിബല്‍ ആണോ?

നേരല്ലാത്തത് പറയാന്‍ ധൈര്യം കാണിക്കാതിരിക്കുന്നതെന്തിനാണ്? പിന്നെ ദൈവത്തിന്റെ കാര്യത്തിലാണ് എനിക്ക് വിയോജിപ്പുള്ളത്. ഞാന്‍ പാവപ്പെട്ടവനാണ്. ഞാനെന്തിനാണ് ദൈവത്തെ പേടിക്കുന്നത്. വാഴ്ത്തിപ്പാടലും പൂജയുമൊക്കെ പണക്കാര്‍ ചെയ്‌തോളും. എനിക്ക് ദൈവത്തെപ്പറ്റി ചിന്തിക്കാനോ പുകഴ്ത്തിപ്പാടാനോ നേരമില്ല. കിട്ടുന്നത് കൊണ്ടുവന്ന് ഭാര്യയ്ക്കും മക്കള്‍ക്കും വയറു നിറയ്ക്കാന്‍ കൊടുക്കണം. അക്ഷരമറിയാത്തവരെ പഠിപ്പിക്കണം. അതിനപ്പുറം എന്താണ് ദൈവികമായിട്ടുള്ളത്? ഇടത്തരക്കാര്‍ക്കും പണക്കാര്‍ക്കുമേ ദൈവത്തിന്റെയടുത്ത് കാര്യമുള്ളൂ. ഞാനൊരു ക്ഷേത്രത്തിലും പോയിട്ടില്ല, എന്റെ അമ്മയും പോയിട്ടില്ല. വിശ്വാസം എന്നുപറയുന്നത് ഒരു മറയാണ്. 

ഒരു സംഭവം പറയാം. എന്റെ വിവാഹം ഉറപ്പിച്ച കാലം. അന്നൊക്കെ ശനിയാഴ്ച ആരും വിവാഹം കഴിക്കില്ല. ശനിയാഴ്ച തന്നെ വിവാഹം കഴിക്കണമെന്ന്‌ ഞാന്‍ നിര്‍ബന്ധം പിടിച്ചു. എതിര്‍ത്തുനിന്ന കുറച്ചു കാരണവന്മാരൊക്കെ പതുക്കെ എന്റെ വഴിക്കുവന്നു. ശനിയാഴ്ച തന്നെ വിവാഹം നടത്തി. ഞങ്ങള്‍ 
രണ്ടു പേരും ഇന്നും ഒരുമിച്ച് ജീവിക്കുന്നു. മക്കളും അവരുടെ മക്കളുമായി. എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂര്‍ എന്നപോലെ തന്നെ കണ്ടാല്‍പോരേ എല്ലാ ദിവസങ്ങളെയും?

അടുത്ത പുസ്തകത്തെക്കുറിച്ച്?

ഈ ജീവിതകാലം മുഴുവന്‍ തിക്താനുഭവങ്ങളും തിരസ്‌കാരങ്ങളും കൊണ്ട് നിറഞ്ഞതാണ്. ഓര്‍ക്കാന്‍ നല്ല അനുഭവങ്ങളുമുണ്ട്. എല്ലാംകൂടി അക്ഷരങ്ങളിലേക്കു പകര്‍ത്തി ഞാനൊരു ആത്മകഥ തയ്യാറാക്കിയിട്ടുണ്ട്. പ്രസിദ്ധീകരണത്തിനായി ഇനി പടികള്‍ കയറിയിറങ്ങാന്‍ വയ്യ.  ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ എനിക്ക് സാമ്പത്തികശേഷിയില്ല. എന്റെ കഥ എല്ലാവരും അറിയണമെന്നുണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വരുമായിരിക്കും.