മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി വായിക്കുമ്പോള്‍, സിനിമ കാണുമ്പോള്‍, പ്രസംഗിക്കുമ്പോള്‍ അവനവന് നഷ്ടപ്പെടുന്നതെന്തെന്ന് എഴുത്തുകാരന്‍ എന്‍. പ്രഭാകരന്‍ എഴുതുന്നു.

മ്മില്‍ മാനസികമായ ഒരടയാളപ്പെടുത്തല്‍, അത് താല്‍ക്കാലികമോ ദീര്‍ഘകാലം നിലനില്‍ക്കുന്നതോ ആകാം, ഉണ്ടാക്കുന്ന കാഴ്ച, ഗന്ധം, ശബ്ദം, രുചി, വേദന, സുഖം, സംഭവം ഇവയൊക്കെ നമ്മുടെ അനുഭവമാണ്. വായനയിലൂടെയും അല്ലാതെയും നാം സ്വരൂപിക്കുന്ന നാനാതരം അറിവുകളും അനുഭവങ്ങളില്‍ ഉള്‍പ്പെടും. ഇവയ്ക്കു പുറമെ അന്യരില്‍ നിന്നുണ്ടാവുന്ന പ്രശംസയും, നിന്ദയും അവഗണനയും പീഡനവുമെല്ലാം അനുഭവങ്ങളാണ്. ഇവയെല്ലാം ചേര്‍ന്നതാണ് നമ്മുടെ അനുഭവലോകം. ഇവയ്ക്കുമേല്‍ നമ്മുടെ ചിന്തയുടെ ശരിയാംവണ്ണമുള്ള ഇടപെടല്‍ സംഭവിക്കുമ്പോഴാണ് അനുഭവം പൂര്‍ത്തിയാവുന്നത്.

To advertise here,

അനുഭവങ്ങളുടെ കാര്യത്തില്‍ നമ്മുടെ കാലം വളരെ സമ്പന്നമാണ്, അമ്പതു വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരാള്‍ക്കുണ്ടായ അനുഭവങ്ങളുടെ നൂറു മടങ്ങ് അനുഭവങ്ങളിലൂടെയാണ് ഇക്കാലത്തെ ഒരു മലയാളി കടന്നുപോകുന്നത് എന്ന് നാം സാധാരണ പറയാറുണ്ട്. പക്ഷേ, അതോടൊപ്പം തന്നെ, അനുഭവ ദാരിദ്ര്യം നമ്മുടെ കാലത്തെ വലിയൊരു പ്രശ്‌നമായി പലരും തിരിച്ചറിയുന്നുമുണ്ട്.

''അനുഭവം അപ്രാപ്യമായിരിക്കുന്നുവെന്ന് ഏറ്റുപറഞ്ഞുകൊണ്ടു മാത്രമേ അനുഭവത്തിന്റെ പ്രശ്‌നത്തെ ഇക്കാലത്ത് നമുക്കു സമീപിക്കാനാവൂ'' എന്നതാണ് ജോര്‍ജിയോ അഗംബന്റെ Infacy and History : The Destruction of Experience എന്ന പുസ്തകത്തിലെ ആമുഖം കഴിഞ്ഞുള്ള ആദ്യവാക്യം. അഗംബന്  ഇങ്ങനെ പറയേണ്ടി വന്നത് എന്തുകൊണ്ടാണ്? ഒരനുഭവത്തിനും അതിനെ ഗ്രഹിക്കാനുള്ള സമയം അനുവദിച്ചുകൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല, അല്ലെങ്കില്‍ നാം താല്പര്യപ്പെടുന്നില്ല എന്ന വസ്തുതയാണ് ഇത്തരം നിരീക്ഷണങ്ങളുടെ മുഖ്യപ്രഭവ കേന്ദ്രമായിത്തീരുന്നത്. 

അനുഭവങ്ങളില്‍ നിന്ന് നാം അകന്നു പോകുന്നതും ഒരനുഭവത്തിന്റെ രേഖപ്പെടുത്തല്‍ നമ്മില്‍ സംഭവിക്കാതെ പോവുന്നതും പല സാഹചര്യങ്ങളിലാണ്.
ചിലപ്പോള്‍ അനുഭവത്തിന്റെ ഉപരിതലം കൊണ്ട് നാം തൃപ്തിപ്പെടും. അതിനപ്പുറം പോകുന്നത് നമ്മില്‍ നിന്ന് മാനസികാധ്വാനം ആവശ്യപ്പെടുന്നതുകൊണ്ടാണ് നാം അതിന് ശ്രമിക്കാത്തത്. ഏതനുഭവത്തെയും ഉള്ളില്‍ സ്വരൂപിച്ചുവെച്ച ഒരേയൊരു മൂശയിലേ സ്വീകരിക്കൂ എന്ന നിര്‍ബന്ധവും അനുഭവത്തിന്റെ അന്ത:സത്ത നമുക്കന്യമാക്കും. 

അനുഭവങ്ങള്‍ നമ്മെ ശാരീരികമായി ബാധിക്കുമെന്നോ നമ്മില്‍ കടുത്ത മാനസികാഘാതങ്ങള്‍ ഉണ്ടാക്കുമെന്നോ വന്നാല്‍ പലപ്പോഴും നാം അതില്‍ നിന്ന് വഴിമാറിപ്പോവും.ചിലപ്പോള്‍ അനുഭവത്തെ സ്വീകരിക്കുന്നതായി ഭാവിച്ചും അത് പ്രദര്‍ശിപ്പിച്ചും നാം തൃപ്തിയടയും. വായനയിലും കാഴ്ചയിലുമെല്ലാം ഈയൊരു പ്രശ്‌നമുണ്ട്. ഒരു പുസ്തകം താന്‍ വായിച്ചിരിക്കുന്നുവെന്ന് അറിയിക്കാന്‍ മാത്രമായി വായിക്കുക, ഒരു ചലച്ചിത്രം താന്‍ കണ്ടിരിക്കുന്നു, ആസ്വദിച്ചിരിക്കുന്നു എന്നറിയിക്കാന്‍ മാത്രമായി അതേക്കുറിച്ച് എഴുതുക, വാക് സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കാന്‍ മാത്രമായി സംഭാഷണത്തിലേര്‍പ്പെടുകയോ പ്രസംഗിക്കുകയോ ചെയ്യുക അപ്പോഴെല്ലാം ഭാഗികമായെങ്കിലും നാം അനുഭവത്തില്‍ നിന്ന് അകന്നുപോവുകയാണ്, അല്ലെങ്കില്‍ നമ്മുടെ അനുഭവം ആധികാരികമല്ലാതാവുകയാണ് ചെയ്യുന്നത്.

ഒരു പുസ്തകത്തിന്റെ വായന ശരിയായി നടക്കണമെങ്കില്‍ വായിക്കുന്നയാള്‍ തന്റെ ബുദ്ധിയും ഭാവനയും അതിനുമേല്‍ പ്രയോഗിക്കണം. ആ ഒരു ശീലത്തില്‍ നിന്ന് ചെറുപ്രായം മുതലേ അകന്നു പോവുന്നതുകൊണ്ടാണ് പുതുതലമുറയിലെ വായനക്കാര്‍ ഗൗരവമുള്ള ഒരു പുസ്തകത്തിന്റെയും വായനയ്ക്കു മുതിരാത്തത്. എത്രയൊക്കെ വായിച്ചു കൂട്ടിയാലും, പ്രായമെത്രയായലും, ഒരു സാഹിത്യകൃതിയുടെ ആസ്വാദനം സാധ്യമാക്കാനുള്ള വിനയവും സാവകാശവും നൂതന ഭാവുകത്വവും സാഹിത്യ ചരിത്രബോധവും കയ്യിലില്ലെങ്കിലും, ഒരാള്‍ക്ക് കൃതിയിലേക്കുള്ള പ്രവേശം സാധ്യമാവില്ല. നിരൂപണമെഴുതുന്നവരില്‍ പലര്‍ക്കും മൗലികതയുടെ ആര്‍ജവത്തോടെ ഒന്നും വിനിമയം ചെയ്യാനാവാതെ പോവുന്നത് ഇതുകൊണ്ടു തന്നെ.