
എം.ടി. വാസുദേവന്‍ നായരുമായി ഏറെ വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഒരാളുടെ കുറിപ്പാണിത്. എഴുത്തുകാരനപ്പുറത്തുള്ള എം.ടി.യുടെ മുഖം ഇതില്‍ തെളിയുന്നു. കെ.പി കേശവമേനോന്റെ കൊച്ചുമകള്‍ നളിനി ദാമോദരന്‍ എഴുതുന്നു...
എം.ടി. വാസുദേവന്‍ നായരെ ഞാന്‍ ആദ്യം കണ്ടത് മാതൃഭൂമി ഓഫീസില്‍ റോട്ടറി പ്രസ് സ്ഥാപിക്കാന്‍ വന്ന കല്‍ക്കത്താ കമ്പനിയിലെ സാങ്കേതികവിദഗ്ധര്‍ക്ക് പണിപൂര്ത്തിയാക്കിപ്പോകുമ്പോള് പത്രാധിപരുടെ (എന്റെ മുത്തച്ഛന് കെ.പി. കേശവമേനോനായിരുന്നു അന്ന് പത്രാധിപര്‍) വീട്ടില്‍വെച്ച് കമ്പനി നല്കിയ അത്താഴവിരുന്നില്വെച്ചായിരുന്നു. അതിലേക്ക് ഒരു ക്ഷണിതാവായിരുന്നു വാസുദേവന്‍ നായര്‍.
പിന്നീട് കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഒരു വലിയ പുസ്തകശേഖരത്തിന്റെ ഉടമയായ അദ്ദേഹത്തില്‍നിന്ന് ഇംഗ്ലീഷ് നോവലുകള്‍ ഞാന്‍ വാങ്ങി വായിച്ചിട്ടുണ്ട്. അന്ന് മാതൃഭൂമിയുടെ പിറന്നാള്‍ദിവസം നടത്തിയിരുന്ന വാര്‍ഷികാഘോഷങ്ങളില്‍ കലാപരിപാടികളുടെ ചുമതല വാസുദേവന്‍ നായര്‍ക്കായിരുന്നു. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
ഒരിക്കല്‍ എന്റെ മക്കള്‍ രണ്ടുപേരും ചെന്നൈയിലേക്കു പോയപ്പോള്‍ സഹയാത്രികനായിരുന്നു വാസുദേവന്‍ നായര്‍. സ്റ്റേഷനില്‍വെച്ച് അവരെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. രക്ഷിതാവിന്റെ പരിഗണനയോടെ അദ്ദേഹം അവരെ നോക്കിയെന്ന് മടങ്ങിവന്നപ്പോള്‍ അവര്‍ പറഞ്ഞു. ചെന്നൈയില്‍ ഒരു പരിപാടിക്കുപോയ അദ്ദേഹത്തിന് ആ സംഘാടകര്‍ കൊണ്ടുവന്ന കാറില്‍ അവരെ താമസസ്ഥലത്ത് എത്തിച്ചെന്നും അവര്‍ പറഞ്ഞു. മുത്തച്ഛന്റെ നാടായ തരൂരില്‍ രണ്ടുതവണ അവര്‍ ആവശ്യപ്പെട്ട പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അവിടെയുള്ള കോമുക്കുട്ടിമേനോന് മെമ്മോറിയല്‍ ലൈബ്രറിയുടെ വാര്‍ഷികദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്ന ആവശ്യമായിരുന്നു ആദ്യത്തെ പരിപാടി. കേശവമേനോന്റെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഓഡിറ്റോറിയത്തില്‍ നടത്തുന്ന അനുസ്മരണപ്രഭാഷണം ചെയ്യണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. രണ്ടുചടങ്ങിലും വരാമോ എന്നു ചോദിക്കാന്‍ എന്നെയാണ് ഏല്‍പ്പിച്ചത്. ഒരു മടിയുംകൂടാതെ രണ്ടുചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
എന്റെ അച്ഛന് മരിച്ചസമയത്ത് ആരും ആവശ്യപ്പെടാതെതന്നെ സ്വമേധയാ ചിതയില്വെക്കാനുള്ള രണ്ടുചന്ദനമുട്ടികള് വാസുദേവന്‍ നായരാണ് തന്നത്. അദ്ദേഹത്തിന്റെ പറമ്പിലുണ്ടായിരുന്ന ചന്ദനത്തിന്റെ മുട്ടികളായിരുന്നു അവ.
മുത്തച്ഛന് മരിച്ചദിവസം അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ട എന്റെ മകന് ഡല്‍ഹിയില്‍ വിദ്യാര്‍ഥിയായിരുന്നു. ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്ടേക്ക് സംസ്കാരച്ചടങ്ങിനെത്താന് അവന് ഏറ്റവുമടുത്തുള്ള മംഗലാപുരത്തേക്ക് യാത്രാസൗകര്യങ്ങളെല്ലാം ചെയ്തത് എം.ടി.യാണ്. അവിടെനിന്ന് കോഴിക്കോട്ടേക്ക് കാര്‍ ഏര്‍പ്പെടുത്തി. ചടങ്ങ് തുടങ്ങാനാവുമ്പോഴേക്കും അവനെത്തി തന്റെ കടമ നിര്‍വഹിച്ചു.
എന്റെ മകളുടെ അകാല മരണവാര്‍ത്തയറിഞ്ഞ് വാസുദേവന്‍ നായരും ഭാര്യ സരസ്വതിയും എന്നെ കാണാന്‍വന്നു. അദ്ദേഹം കുറച്ചു പുസ്തകങ്ങള്‍ കൈയില്‍ കരുതിയിരുന്നു. അതില്‍ ഒന്ന് ഇംഗ്ലീഷിലായിരുന്നു. Why do bad things happen to good എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അത് കിട്ടിയപ്പോള്‍ അതിനുപിന്നിലുള്ള സ്നേഹപരിഗണനയും മഹാമനസ്കതയും എനിക്ക് എന്തെന്നില്ലാത്ത ആശ്വാസംനല്‍കി. ഒരിക്കലും മറക്കാത്ത ഒരനുഭവമാണത്.
വാസുദേവന്‍ നായരെ അവസാനകാലങ്ങളില്‍ കണ്ടത് രണ്ടുതവണയും മാതൃഭൂമി നിര്‍മിച്ച കെ.പി. കേശവമേനോന് ഹാളില്‍വെച്ചാണ്. ഒരിക്കല്‍ ഹാളിന്റെ ഉദ്ഘാടനാവസരത്തിലും മറ്റൊരവസരത്തില്‍ മുത്തച്ഛന്റെ ചരമദിനത്തില്‍ അനുസ്മരണപ്രഭാഷണം നടത്താനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ശ്രീനിവാസന്റെ പുസ്തകത്തിന്റെ പ്രകാശനത്തിനുമായി വന്നപ്പോഴായിരുന്നു. മിതഭാഷിയാണ് വാസുദേവന്‍ നായര്‍. രണ്ടുപ്രാവശ്യവും കുശലാന്വേഷണം നടത്തിയപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസാനമായി കണ്ടത് മാതൃഭൂമിയുടെ നൂറാം പിറന്നാളാഘോഷത്തിനാണ്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. വേദിയിലിരിക്കുന്നതു മാത്രമേ കണ്ടുള്ളൂ. 90-ാം പിറന്നാളിന് ആശംസകള്‍ പറയാന്‍ വിളിച്ചപ്പോള്‍ എന്റെ കണ്ണിന്റെ കാഴ്ച എത്രത്തോളമുണ്ടെന്ന് അദ്ദേഹം അന്വേഷിക്കുകയുണ്ടായി. മലയാളഭാഷ ഉള്ളിടത്തോളംകാലം എം.ടി. വാസുദേവന്‍ നായര്‍ എന്ന കലാകാരന് വായനക്കാരിലൂടെ ജീവിക്കുമെന്നതില്‍ സംശയമില്ല.
ആ സ്നേഹസ്മരണയ്ക്കുമുന്നില് എന്റെ പ്രണാമം.
Content Highlights: Nalini Damodaran writes about MT Vasudevan Nair
Published: 20 Jul 2025, 05:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented