ഞാന്‍ പാബ്ലോ പിക്കാസോയെ കണ്ടിട്ടില്ല. പിക്കാസോ എന്നെയും കണ്ടിട്ടില്ല. എന്നിട്ടും ഈ ചെറിയ എഴുത്തുകാരന്‍, ആകാശം മുട്ടിനില്‍ക്കുന്ന ആ വലിയ കലാകാരനിലേക്ക് പതിവായി സര്‍ഗസഞ്ചാരങ്ങള്‍ നടത്തിയിരുന്നു. പിക്കാസോയുമായി ഞാന്‍ സദാകല്പിതഭാഷണങ്ങളില്‍ മുഴുകിയിരുന്നു. 1967-ലോ 1968-ലോ ആയിരുന്നു അതിന്റെ തുടക്കം. അന്ന് പിക്കാസോ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഞാനും.
''മൊസ്യേ പിക്കാസോ, നിങ്ങളുടെ ക്യൂബിസം ഞാന്‍ എന്റെ ഒരു നോവലില്‍ പരീക്ഷിക്കാന്‍ പോകുകയാണ്.''
-ഞാന്‍ പറഞ്ഞു. പിക്കാസോ അത് കേട്ടതായി നടിച്ചില്ല.

To advertise here,

''എന്താണ് മിണ്ടാത്തത്? രവീന്ദ്രനാഥ് ടാഗോറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും നാട്ടില്‍നിന്നാണ് ഞാന്‍ സംസാരിക്കുന്നത്.'' അപ്പോഴും പിക്കാസോ തലയുയര്‍ത്തി ഡല്‍ഹിയിലിരിക്കുന്ന എന്നെ ഒന്നുനോക്കുക പോലും ചെയ്തില്ല. പാരീസില്‍ ഒരു കൈയില്‍ മദ്യവും മറുകൈയില്‍ പുകയുന്ന സിഗരറ്റുമായിരുന്ന് പിക്കാസോ ഒരു യുവതിയോട് സംസാരിക്കുകയായിരുന്നു. അവള്‍ അതീവസുന്ദരിയായിരുന്നു.

പിക്കാസോ പതിവായി സിഗരറ്റ് വലിക്കുമായിരുന്നു. പൈപ്പ് വലിക്കുന്ന ബാലന്‍ എന്ന പേരില്‍ ഒരു ചിത്രം വരച്ചിരുന്നു. ആ പ്രശസ്തമായ ഓയില്‍ പെയിന്റിങ് ഒരു ക്യൂബിസ്റ്റ് ചിത്രമായിരുന്നില്ല. പിക്കാസോ ചരസ് വലിച്ചിരുന്നു. പിക്കാസോയും പെണ്‍സുഹൃത്തായ ഫെര്‍നാന്‍ദ് ഒലിവിയെയും ഒന്നിച്ചിരുന്ന് ചരസ് വലിക്കുകയും കലയെക്കുറിച്ചുള്ള ദീര്‍ഘഭാഷണങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. 
''അത് കണ്ടിട്ടാണോ നിന്റെ രമേശ് പണിക്കര്‍ ചരസ് വലിക്കാന്‍ തുടങ്ങിയത്?''
-ആരോ ചോദിച്ചു.
''അല്ല.''
-ഞാന്‍ പറഞ്ഞു.

പിക്കാസോയും പെണ്‍സുഹൃത്തും ചരസ് വലിച്ചിരുന്നത് 1904-1906 കാലഘട്ടത്തിലായിരുന്നു. പിക്കാസോയുടെ കലാജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിവസങ്ങളായിരുന്നു അവ. രമേശ് പണിക്കര്‍ ചരസ് വലിച്ചത് ആ പാവത്തിന്റെ ജീവിതത്തിലെ പീഡന നാളുകളിലായിരുന്നു.

എന്റെ ചോദ്യങ്ങള്‍ക്കൊന്നും പിക്കാസോ മറുപടി തന്നില്ല. പിന്നീട് എംബസിയിലെ ലൈബ്രറിയില്‍ ഒരു പുസ്തകം വന്നു. ഴാക്ക് ബ്രസ്സായ് (JACQUES BRASSA) 1943-'46 കാലത്ത് പിക്കാസോയുമായി നടത്തിയ സംഭാഷണങ്ങളുടെ പുസ്തകമായിരുന്നു അത്. എന്റെ മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അതില്‍നിന്ന് ലഭിച്ചു. ക്യൂബിസ്റ്റ് പെയിന്റിങ്ങുകള്‍ മാത്രമല്ല, കവിതകളുമുണ്ട്. മാക്‌സ് വെബര്‍ ക്യൂബിസ്റ്റ് പോയംസ് എന്ന പേരില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

placeholder
ചിത്രീകരണം: പ്രശാന്ത് ഒളവിലം

എനിക്ക് ഒരു ക്യൂബിസ്റ്റ് നോവല്‍ എഴുതാന്‍ ആഗ്രഹമുണ്ടായിരുന്നു. 1968-ല്‍ ഡല്‍ഹി എഴുതിത്തുടങ്ങിയത് ആ ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍, ക്യൂബിസ്റ്റ് കവിത എഴുതാമെങ്കിലും ക്യൂബിസ്റ്റ് നോവല്‍ അസാധ്യമാണെന്ന് എനിക്ക് വെളിപ്പെട്ടു. അതുകൊണ്ട് ഡല്‍ഹിയുടെ ആഖ്യാനത്തില്‍ ചിലയിടങ്ങളിലെല്ലാം ചെറിയ മട്ടില്‍ ക്യൂബിസ്റ്റ് രീതി പരീക്ഷിച്ചു.

''കൊക്കില്‍ കൊള്ളാവുന്നതേ കൊത്താന്‍ പാടുള്ളൂ.''
- ഞാന്‍ എന്നോട് പറഞ്ഞു.
പിക്കാസോയ്ക്ക് പെണ്ണ് ഒരു ബലഹീനതയായിരുന്നോ?
പാരീസിലെ പിക്കാസോ മ്യൂസിയത്തില്‍ ഒട്ടേറെ ഒറിജനല്‍ പെയിന്റിങ്ങുകള്‍ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു.
''അതെ, പിക്കാസോ ഒരു വിഷയലമ്പടനായിരുന്നു.''- ആന്‍ ബോയ്ഡ് റിയ പറഞ്ഞു.
ഞാന്‍ ഒരു വിഷയലമ്പടനല്ല. ഒരു പക്ഷേ, അതുകൊണ്ടായിരിക്കാം ഒരു ക്യൂബിസ്റ്റ് നോവല്‍ എഴുതാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടത്.
ബോന്ന് നൂവേല്‍
ഗുഡ് ന്യൂസ്! 
ഒരു നട്ടുച്ചയ്ക്ക് പെട്ടെന്ന് എംബസിയില്‍ ആഹ്ലാദത്തിമര്‍പ്പ്. സായിവുമാര്‍ പരസ്പരം കൈകൊടുക്കുന്നു. ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്യുന്നു. എന്താണ് ഗുഡ് ന്യൂസ് എന്ന് ഞാന്‍ അദ്ഭുതപ്പെട്ടു.

ആന്‍ ബോയ്ഡ് റിയുവിന്‍ (ANNE BOYD RIOUX ) പേരില്‍ ഫ്രഞ്ചുണ്ടെങ്കിലും അവര്‍ ഫ്രഞ്ചുകാരിയല്ല. പിക്കാസോയുടെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ച് പഠനം നടത്തുന്ന എഴുത്തുകാരിയാണ് ആന്‍. കേരളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ വിഷയലമ്പടന്മാര്‍ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു. അവര്‍ ആരാണെന്ന് എം. കൃഷ്ണന്‍ നായര്‍ക്ക് അറിയാമായിരുന്നു. നമുക്കറിയില്ല.

അവര്‍ സ്ത്രീകളെ പ്രാപിച്ചിരുന്നത് ഇരുട്ടിന്റെ മറവില്‍ തലയില്‍ മുണ്ടിട്ടുകൊണ്ടായിരുന്നു. ഓഗസ്റ്റ് റോദേനെയും പാബ്ലോ പിക്കാസോവിനെയും പോലെ പരസ്യമായിട്ടല്ലായിരുന്നു.
ബോന്ന് നൂവേല്‍!

മേലുദ്യോഗസ്ഥന്‍ സായിവ് എനിക്ക് കൈതന്നു. ഞാന്‍ മനസ്സാലെ രാഷ്ട്രപതി കെ.ആര്‍. നാരായണന് നന്ദി പറഞ്ഞു. ഒരു പിക്കാസോ എക്‌സിബിഷന്‍ ഡല്‍ഹിയില്‍ വരുന്നു. പാരീസില്‍നിന്ന് വന്ന ഗുഡ് ന്യൂസ് അതായിരുന്നു. ഏഷ്യയില്‍ ആദ്യമായിട്ടായിരുന്നു പിക്കാസോയുടെ പെയിന്റിങ്ങുകള്‍ ഉള്‍പ്പെടെയുള്ള 122 ഒറിജിനല്‍ കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തെക്കാള്‍ വലിയൊരു സംഭവമായാണ് അത് കരുതപ്പെട്ടത്. പിക്കാസോ എക്‌സിബിഷന് അതിലും വലിയ പ്രാധാന്യമാണ് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയത്. അതൊരു ചരിത്രസംഭവമാണ്. ദീര്‍ഘകാലമായി ഇന്ത്യന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടുന്നതാണ് ഒരു പിക്കാസോ എക്‌സിബിഷന്‍. 2000-ല്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴാണ്, അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണം, അത് യാഥാര്‍ഥ്യമായത്.

ഞങ്ങളുടെ ഓഫീസ് പെട്ടെന്ന് ഉണര്‍ന്നു. തുടരെയുള്ള മീറ്റിങ്ങുകള്‍. പാരീസില്‍നിന്നുള്ള വിദഗ്ധരുടെ സന്ദര്‍ശനങ്ങള്‍. ഇനി പത്രക്കുറിപ്പുകളും പ്രഭാഷണങ്ങളും ഉണ്ടാകും. അതൊക്കെ തയാറാക്കുന്ന ടീമില്‍ ഞാനുണ്ടാകും. പിക്കാസോയെപ്പറ്റി കൂടുതല്‍ പഠിക്കണം. ഓഫീസ് ലൈബ്രറിയിലെ എല്ലാ പിക്കാസോ പുസ്തകങ്ങളും ഞാന്‍ എന്റെ മേശപ്പുറത്ത് കൊണ്ടുവന്നുവെച്ചു. ചിലത് വീട്ടില്‍ കൊണ്ടുപോയി.

ഞാനാകെ പിക്കാസോ മയമായിത്തീര്‍ന്നു. ഞാന്‍ വീട്ടുവരാന്തയിലിരുന്ന് എന്നും കാണുന്ന മരങ്ങള്‍ തനത് രൂപങ്ങള്‍ കൈവെടിഞ്ഞ് ക്യൂബിസ്റ്റ് മരങ്ങളായി മാറുന്നത് ഞാന്‍ കണ്ടു. എനിക്ക് പരിചയമുള്ള പല സ്ത്രീകളുടെയും അവയവങ്ങള്‍ സ്ഥാനം തെറ്റി കാണപ്പെട്ടു. മാറിടങ്ങള്‍ കാല്‍മുട്ടുകള്‍ക്ക് താഴേക്ക് ഇറങ്ങിവന്നു. മുഖങ്ങള്‍ ഇരട്ടമുഖങ്ങളായി മാറി. മുഖത്തിനുപുറമേ മാറിലും കണ്ണുകളുണ്ടായി.
-ക്യൂബിസത്തിന്റെ കുരുത്തക്കേട്.

പ്രതീക്ഷിച്ചതുപോലെ, ആദ്യത്തെ പത്രസമ്മേളനത്തിനുള്ള കുറിപ്പുകളുടെ ഡ്രാഫ്റ്റ് തയ്യാറാക്കാനുള്ള ചുമതല എന്റെ തലയിലായി.
എന്താണ് ഞാന്‍ പിക്കാസോയെക്കുറിച്ച് പറയുക? കലാസങ്കല്പങ്ങളെ മാറ്റിമറിച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിത്രകാരന്‍. കവിയും ശില്പിയും കൂടിയായിരുന്നു. വിഷയലമ്പടനായിരുന്നു. ഒരേസമയം രണ്ട് ചിത്രകാരികളെ മിസ്സുമാരായി വെച്ചു. ഫ്രാന്‍സ്വാസ് ഴിലാവും ദോരാ മാറുമായിരുന്നു അവര്‍.
ചരസും ഓപ്പിയവും പോലുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നു.
അങ്ങനെയാണ് എഴുതേണ്ടത്. അതാണ് സത്യം.

ഴാക്ക് ബ്രായിയുടെ പിക്കാസോയുമായുള്ള സംവാദങ്ങള്‍ എന്ന പുസ്തകം ഒരിക്കല്‍ക്കൂടി വായിച്ചു. അപ്പോള്‍ അതിനെക്കുറിച്ച് എഴുതണമെന്ന് തോന്നി. അതെന്റെ ഒരു സ്വഭാവമാണ്. വായിച്ച പുസ്തകം ഇഷ്ടമായാല്‍ ഉടനെ പ്രതികരിക്കുക എന്നത്. ചിലപ്പോള്‍ ഇഷ്ടമാകാത്ത പുസ്തകങ്ങളെക്കുറിച്ചും പ്രതികരിച്ചെന്നു വരാം. ഞാന്‍ ഇന്ദിരാ ഗോസ്വാമിയുടെ ആത്മകഥ വായിച്ച് എഴുതി. കെ.ആര്‍. മീരയുടെ ആരാച്ചാര്‍ വായിച്ച് എഴുതി. സക്കറിയയുടെ പ്രഥമ ഇംഗ്ലീഷ് നോവല്‍ എ സീക്രറ്റ് ഹിസ്റ്ററി ഓഫ് കംപാഷന്‍  വായിച്ച് എഴുതി.

കെ.എസ്. രവികുമാറിന്റെ കടമ്മനിട്ട, കവിതയുടെ കനലാട്ടം വായിച്ച് എഴുതി. സ്വാമി അവ്യയാനന്ദയുടെ എന്റെ ബാല്യകാലം വായിച്ച് എഴുതി. 2015-ല്‍ ആയിരുന്നു അവ്യയാനന്ദ സ്വാമിയുടെ എന്റെ ബാല്യം വായിച്ചത്. മനസ്സില്‍ തട്ടിയ ഒരു പുസ്തകമാണ് അത്. ശാരദാംബയെ വന്ദിച്ച് നാം ശിവഗിരിക്കുന്ന് കയറുമ്പോള്‍ അറിവില്‍നിന്ന് അറിവിലുമേറിയ അറിവിലേക്കുള്ള കയറ്റമായി വേണം നാമതിനെ കരുതാനെന്ന് സ്വാമി എഴുതി. മഞ്ഞയുടുത്ത എണ്ണമറ്റ ഗുരുഭക്തരുടെകൂടെ ശിവഗിരി കയറുമ്പോള്‍ ഞാന്‍ അനുഭവിച്ചത് അതുതന്നെയായിരുന്നു. സന്ന്യാസിയായി മാറിയ കമ്യൂണിസ്റ്റുകാരനാണ് സ്വാമി അവ്യയാനന്ദ. അറിവിന്റെ ശാരദങ്ങള്‍ നല്‍കി ആനന്ദിപ്പിക്കുന്ന ഒരു പുസ്തകമാണ് എന്റെ ബാല്യം.

എന്തുകൊണ്ട് ഞാന്‍ ഇവിടെ ശിവഗിരിയെക്കുറിച്ച് പറയുന്നു? കമ്യൂണിസ്റ്റ് സഹയാത്രികനാണെങ്കിലും ഞാന്‍ ആത്മീയതയെ തൊട്ടറിയുന്ന ഒരാളാണ്.
പിക്കാസോ കമ്യൂണിസ്റ്റുകാരനായിരുന്നു. പിക്കാസോയുടെ സ്പാനിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് പാരീസിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരനായ പിക്കാസോ ക്യൂബിസ്റ്റ് പെയിന്ററായി. കമ്യൂണിസ്റ്റുകാരനായ അവ്യയാനന്ദ ശിവഗിരിയിലെ സന്ന്യാസിവര്യനും എഴുത്തുകാരനുമായി. കമ്യൂണിസ്റ്റുകാരനായ ഞാന്‍ ആധുനിക സാഹിത്യകാരനും ഉത്തരാധുനിക സാഹിത്യകാരനും അതു രണ്ടുമല്ലാത്ത സാഹിത്യകാരനുമായി.

ഒരു കാലത്ത് നമ്മുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ആകൃഷ്ടരായവരായിരുന്നു ഫ്രഞ്ച് ബുദ്ധിജീവികള്‍. റോമേന്‍ റോളാണ്ടും ആന്ദ്രേ മല്‍റോവും ആന്ദ്രേ ഴീദും അവരില്‍പ്പെടുന്നു. എന്നാല്‍, പിക്കാസോയ്ക്ക് നമ്മുടേതെന്നല്ല, ആരുടെയും ആത്മീയതയിലും താത്പര്യമുണ്ടായിരുന്നില്ല. ശില്പി റോദേനെപ്പോലെ പിക്കാസോയും ഒരു വലിയ കലാകാരനും ഒരു ചെറിയ മനുഷ്യനുമായിരുന്നു. ഒരേസമയം, വലിയ മനുഷ്യരും വലിയ എഴുത്തുകാരുമായ രണ്ടുപേര്‍ ഒ.വി. ബഷീറും വൈക്കം മുഹമ്മദ് വിജയനുമാണ്. ഞാന്‍ പിക്കാസോയെക്കുറിച്ചുള്ള വായന തുടര്‍ന്നു.

പിക്കാസോ എന്തോ വാങ്ങാനായി ടൗണിലെ ഷോപ്പില്‍ പോയപ്പോള്‍ കൈയില്‍ ഭദ്രമായി പൊതിഞ്ഞ ഒരു പാക്കറ്റുമായി ഒരു സ്ത്രീ വന്നു. അവള്‍ക്ക് പിക്കാസോയെ കാണണം. കൈയിലെ പാക്കറ്റ് തുറന്ന് കാണിക്കണം. അതിനുവേണ്ടി എത്രനേരം വേണമെങ്കിലും കാത്തുനില്‍ക്കാന്‍ അവള്‍ തയാറായിരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിക്കാസോ തിരികെവന്നു. അവള്‍ പൊതി തുറന്ന് ഒരു ചെറിയ ചിത്രം പുറത്തെടുത്തു.
''മൊസ്യേ പിക്കാസോ, ഞാന്‍ നിങ്ങളെ ഒരു പഴയ ചിത്രം കാണിക്കട്ടെ?'' പിക്കാസോ ഉടനെ വളരെക്കാലം മുന്‍പ് വരച്ച ആ ചിത്രം തിരിച്ചറിഞ്ഞു. അത് നഷ്ടപ്പെട്ടുപോയി എന്ന് വിചാരിച്ചതായിരുന്നു. പിക്കാസോ ആര്‍ദ്രമായി ആ പെയിന്റിങ്ങില്‍ നോക്കി.
''അതേ, ഇത് ഞാന്‍ 1922-ല്‍ വരച്ചതാണ്. ഒറിജിനലാണ്.''
-പിക്കാസോ പറഞ്ഞു.
''എങ്കില്‍ ഇതില്‍ ഒപ്പിട്ട് തരാമോ? ഒപ്പില്ലാത്ത ഒരു പെയിന്റിങ് കണ്ടാല്‍ എല്ലാവരും കരുതും ഇത് കോപ്പിയാണെന്ന്.''
-സ്ത്രീ പറഞ്ഞു.
''എല്ലാവരും എന്റെ പഴയ ചിത്രങ്ങള്‍ കൊണ്ടുവന്ന് ഒപ്പിടാന്‍ പറയുന്നു. മണ്ടന്മാര്‍.''
-പിക്കാസോ പറഞ്ഞു.

ഞാനും ബ്രാക്കും പെയിന്റിങ്ങിനുമേല്‍ ഒപ്പിടുന്നത് നിര്‍ത്തിയെന്ന് ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. ശുദ്ധ അസംബന്ധമാണത്. ഞങ്ങള്‍ പെയിന്റിങ്ങിന്റെ മുന്‍വശത്ത് ഒപ്പിടുന്നത് മാത്രമാണ് നിര്‍ത്തിയത്. അങ്ങനെ ചെയ്താല്‍ ഒപ്പ് പെയിന്റിങ്ങിന്റെ വര്‍ണഘടനയില്‍ ഇടപെടും. അതൊഴിവാക്കാന്‍ വേണ്ടി ഞങ്ങള്‍ കാന്‍വാസിന്റെ പിറകില്‍ ഒപ്പിടാന്‍ തീരുമാനിച്ചു. നിങ്ങളുടെ കൈയിലെ പെയിന്റിങ്ങിന്റെ പിറകില്‍ എന്റെ ഒപ്പുണ്ടാകും. ഫ്രെയിം അതിനെ മറച്ചുവെച്ചിരിക്കയാണ്.

കാന്‍വാസിന് പിറകില്‍ ചാര്‍ത്തിയ പിക്കാസോയുടെ ഒപ്പ് ആരുകാണും?
''മൊസ്യേ പിക്കാസോ, ഇത് നിങ്ങള്‍ വരച്ച ചിത്രമാണല്ലോ. എങ്കില്‍ നിങ്ങള്‍ക്കതിന്മേല്‍ ഒരൊപ്പിട്ടു കൂടേ?''
-സ്ത്രീ യാചിച്ചു.
''ഇല്ല, ഞാന്‍ ഒപ്പിടില്ല. നിങ്ങള്‍ക്കുപോകാം.''
കുറച്ചുനേരം കൂടി അവിടെ നിന്നതിനുശേഷം ദുഃഖിതയായ സ്ത്രീ തന്റെ പിക്കാസോ ചിത്രത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് പതുക്കെ നടന്നുപോയി.
''ദുഷ്ടന്‍!''
- ഞാന്‍ പറഞ്ഞു.

ഞാനായിരുന്നുവെങ്കില്‍ ആ ചിത്രത്തിന്മേല്‍ പത്ത് ഒപ്പുകള്‍ ചാര്‍ത്തിക്കൊടുക്കുമായിരുന്നു. പിക്കാസോ എക്‌സിബിഷന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. അതോടെ ഞങ്ങള്‍ക്ക് ഊണും ഉറക്കവുമില്ലാതെയായി. ഫ്രഞ്ച് പ്രസിഡന്റ് വരുമ്പോള്‍പ്പോലും ആര്‍ക്കും ഇത്ര ജോലിത്തിരക്കുണ്ടായിരുന്നില്ല.

placeholder
M Mukundan I Photo: Mathrubhumi
എം. മുകുന്ദന്‍ | ഫോട്ടോ: മാതൃഭൂമി

ഫ്രാന്‍സിലെ പതിനഞ്ചോളം മ്യൂസിയങ്ങളില്‍നിന്നാണ് പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളും ശില്പങ്ങളും മറ്റും വരുന്നത്. ഒരു പോറലുപോലും ഏല്‍ക്കാതെ സുരക്ഷിതമായി അവയെ ഡല്‍ഹിയില്‍ എത്തിക്കുക എന്നത് വളരെ ശ്രമകരമായ പ്രവൃത്തിയായിരുന്നു. കലാസൃഷ്ടികളുടെ സുരക്ഷയെക്കുറിച്ച് മ്യൂസിയം ഡയറക്ടര്‍മാര്‍ വേവലാതിപ്പെട്ടു. ഒരു കലാസൃഷ്ടി നഷ്ടപ്പെട്ടാല്‍, ഫ്രഞ്ച് കലാലോകം ഇളകിമറിയും. അത്രയും വിലപ്പെട്ടതാണ് അവര്‍ക്ക് പിക്കാസോ ചിത്രങ്ങള്‍.

ഞാന്‍ പിക്കാസോ വായന തുടര്‍ന്നു. പിക്കാസോയ്ക്ക് ധാരാളം മിസുമാരുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു ഫ്രാന്‍സ്വാസ് ഴിലോ. അവള്‍ പിക്കാസോയില്‍നിന്ന് രക്ഷപ്പെട്ട്, സ്വതന്ത്രയായി വരച്ച് പ്രശസ്ത ചിത്രകാരിയായി. പിക്കാസോയുടെ മറ്റൊരു മിസായ ദോര മാറിന് ആ ഭാഗ്യമുണ്ടായില്ല. അവള്‍ ആ കലാകാരന് അടിമപ്പെട്ടു. അതീവ സുന്ദരിയായ അവളെയാണ് പിക്കാസോയുടെ വിതുമ്പുന്ന പെണ്ണ് എന്ന ചിത്രപരമ്പരയില്‍ നമ്മള്‍ കാണുന്നത്.

ആന്‍ ബോയ്ഡ് റിവ്യൂ എഴുതുന്നു: ഒരു ആണ്‍ ജീനിയസ് നശിപ്പിച്ച സ്ത്രീയുടെ ദുരന്തകഥയാണ് ദോരാ മാറിന്റേത്. കലാലോകം പ്രദക്ഷിണംവെക്കുന്ന സൂര്യദേവനായിരുന്നു പിക്കാസോ. ആ പ്രകാശം തന്നില്‍ പ്രതിഫലിപ്പിക്കാന്‍ വേണ്ടി ദോര മാര്‍ സ്വന്തം പ്രകാശം ഊതിക്കെടുത്തി.

ഫ്രാന്‍സിലെ പഴയകാല എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ധാരാളം പെണ്‍സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ, ഇപ്പോഴും ഉണ്ട്. ഫെമിനിസത്തിന്റെ സങ്കല്പങ്ങള്‍ക്കും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അപ്പുറമാണ് അവര്‍. പിക്കാസോ പ്രദര്‍ശനത്തിന്റെ തയാറെടുപ്പിനായി ഞങ്ങളെ സഹായിക്കാന്‍ ഒരു യുവാവിനെ ഞങ്ങളുടെ ഓഫീസ് താത്കാലികമായി നിയമിച്ചു. അയാള്‍ ഹരിയാണക്കാരനായിരുന്നു. ഫ്രഞ്ച് സംസാരിക്കും. അയാള്‍ എല്ലാവരെയും നീ എന്ന് വിളിക്കും. സംസാരിക്കുമ്പോള്‍ എപ്പോഴും മെര്‍ദ് (ഷിറ്റ്) എന്ന ഫ്രഞ്ച് വാക്ക് ഉപയോഗിക്കും. പരിചയമില്ലാത്ത വെള്ളക്കാരികളെ കാണുമ്പോള്‍പ്പോലും അവരുടെ കവിളുകളില്‍ ചുണ്ടുകള്‍ മുട്ടിക്കും.
''നിന്റെ നോട്ടം ശരിയല്ല.''
-യുവാവ് പറഞ്ഞു.

പലരും എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്റെ നോട്ടത്തിന് എന്തോ കുഴപ്പമുണ്ടെന്ന്.
''തോന്നാത്തതെല്ലാം നിനക്ക് തോന്നുന്നില്ലേ?''-
പണ്ടൊരിക്കല്‍ ശാസ്തപ്പന്‍ തെയ്യം എന്നോട് അങ്ങനെ ചോദിച്ചിരുന്നു.
''കാണാത്തതെല്ലാം നീ കാണുന്നില്ലേ?''
കാണുന്നുണ്ട് എന്ന അര്‍ഥത്തില്‍ ഞാന്‍ തല കുലുക്കി.
എപ്പോഴും ശാസ്തപ്പന്‍ ദൈവം മനസ്സിലുണ്ടാകണം. എന്റെ അനുഗ്രഹമുണ്ടാകും.
ഞാന്‍ തലകുലുക്കി.

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.