മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പറയാതെ വയ്യെന്റെ പ്രണയമേ...' എന്ന പുസ്തരചനയ്ക്കു പിന്നിലെ കഥ പറയുകയാണ് എഴുത്തുകാരി മിനി പി.സി.

To advertise here,

ര്‍മയിലെ ആദ്യത്തെ കത്തെഴുത്തുകാഴ്ച മനോഹരമായ ഒരനുഭൂതിയായി ഇന്നും മനസ്സിലുണ്ട്. അപ്പയാണ് ആ കത്തെഴുത്തുകാരന്‍. വീടിന്റെ മുകള്‍നിലയിലെ കിഴക്കേ അറ്റത്തുള്ള മുറിയിലിരുന്നാണ് എഴുത്ത്. ആ മുറിയുടെ ജനലിനോട് ചേര്‍ന്നാണ് മേശയിട്ടിരുന്നത്. മേശപ്പുറത്ത് സ്‌കെയിലും പെന്‍സിലും പലനിറ മഷിയുള്ള ഹീറോപേനകളും പുസ്തകം പൊതിയാനുള്ള കട്ടിയുള്ള ബ്രൗണ്‍പേപ്പറും ഇന്‍ലന്റും കവറുകളും പശയും സ്റ്റാമ്പുകളും ഒരു കമ്പിയില്‍ കോര്‍ത്തുവെച്ച നിലയില്‍ അപ്പയ്ക്ക് വന്ന കത്തുകളും അടുക്കും ചിട്ടയിലും സൂക്ഷിച്ചിരുന്നു. അവിടെയിരുന്നാണ് അപ്പ എനിക്ക് പാഠംപുസ്തകങ്ങള്‍ പൊതിഞ്ഞു തന്നിരുന്നത്. ആ മേശയുടെ പൂര്‍ണമായ നിയന്ത്രണം അപ്പയ്ക്കായിരുന്നു. മറ്റാരും അതിലുള്ള ഒരു സാമഗ്രികളിലും തൊട്ടുപോകരുതെന്ന് കര്‍ശനമായി വിലക്കിയിരുന്നു.  

വലിയ സൗഹൃദവലയമുള്ള ഒരാളായിരുന്നില്ല അപ്പ. വളരെ കുറച്ചു കൂട്ടുകാരെ ഉണ്ടായിരുന്നുള്ളൂ. വിദേശത്തും സ്വദേശത്തും ജീവിക്കുന്ന അവരുമായി കത്തുകളിലൂടെ ഊഷ്മളമായ ബന്ധം പുലര്‍ത്താന്‍ അപ്പ ശ്രദ്ധിച്ചിരുന്നു. അവരോടുള്ള അമിത സ്‌നേഹംകൊണ്ടാണോ എന്തോ ഓരോ കത്തും വളരെ കാര്യമായി ഒരുപാട് സമയമെടുത്താണ് എഴുതിയിരുന്നത്. കോടമഞ്ഞിറങ്ങുന്ന രാത്രികളില്‍ അത്താഴം കഴിഞ്ഞ് ഗേറ്റ് പൂട്ടി പല്ലുതേപ്പും കഴിഞ്ഞ് കിഴക്കേ മുറിയിലേക്ക് അപ്പ പോകുന്നത് കണ്ടാല്‍ അത് കത്തെഴുതാനാണെന്ന് എനിക്കറിയാം. എന്താണ് കത്തെന്നൊന്നും അറിയില്ലെങ്കിലും ഒരു പൂച്ചക്കുട്ടിയെപ്പോലെ ഞാനും പുറകില്‍ കൂടും.

സ്വെറ്ററിട്ട് മഫ്‌ളര്‍കൊണ്ട് തലയും ചെവികളും മൂടിക്കെട്ടി കൈയില്‍ തണുപ്പ് കൊള്ളാതിരിക്കാന്‍ വൂളന്‍ കൈയുറയുമിട്ട് ജനലും തുറന്നിട്ടാണ് ഇരിക്കുക. മുറിയ്ക്കുള്ളില്‍ സൂചി വീണാല്‍ പോലും കേള്‍ക്കാവുന്നത്ര നിശബ്ദതയായിരിക്കും. വളരെ നിഗൂഢഭാവത്തോടെ ഇരുന്നുള്ള അപ്പയുടെ ആ കത്തെഴുത്ത് കാണാന്‍ എനിക്കിഷ്ടമായിരുന്നു. ആ നേരത്ത് ആരും അവിടേക്ക് കയറിച്ചെല്ലാനോ ഒച്ചയുണ്ടാക്കാനോ പാടില്ല എന്നുള്ളതുകൊണ്ട് മറ്റാരും അതുവഴി വരുമായിരുന്നില്ല. മേശയുടെ അരികില്‍ പ്ലാസ്റ്റിക് വയറുകൊണ്ട് നെയ്ത ഒരു ചെറിയ കട്ടിലുണ്ടായിരുന്നു. അതില്‍ സ്‌നേഹസേനയിലെ ചിത്രങ്ങള്‍ മറിച്ചു നോക്കിയും അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ ശ്രമിച്ചുകൊണ്ടും ഞാന്‍ കിടക്കും. ആ കിടപ്പിലും പ്രധാന ശ്രദ്ധ അപ്പയുടെ എഴുത്തിലായിരിക്കും.

മൂടല്‍മഞ്ഞ്, പെരുന്നാള്‍ വിളക്കുകള്‍ പോലെ ഓക്കുമരങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന മിന്നാമിനുങ്ങുകള്‍, കാപ്പിപ്പൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം, ദൂരെയും അടുത്തുമെന്ന് തോന്നിപ്പിക്കും വിധം മ്ലാവുകളുടെ ദീനമായ കരച്ചില്‍, ആനകളുടെ ചിന്നംവിളി, കുറുക്കന്മാരുടെ ഓരിയിടല്‍, മുനിയപ്പന്‍ കോവിലിന്റെ ഇടിഞ്ഞ മതിലിനരികില്‍ ഇരുന്നുള്ള പിത്തന്റെ ഉടുക്കു കൊട്ടല്‍, ഇടയ്ക്കിടെയുള്ള കാറ്റിന്റെ അലര്‍ച്ച... ഈ ശബ്ദങ്ങള്‍ക്ക് നടുവില്‍ കുട്ടികളെപ്പോലെ ചുണ്ടുകൂര്‍പ്പിച്ചുവെച്ചിരുന്ന് ഇന്‍ലന്റ് നിവര്‍ത്തിവെച്ച് അതില്‍ സ്‌കെയിലും പെന്‍സിലും ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം നിറയെ വരകളിട്ട് നീലയോ കറുപ്പോ മഷിപ്പേന ഉപയോഗിച്ച് വരകളില്‍ രണ്ടിലും മുട്ടിച്ച് ഉരുട്ടിയുരുട്ടി വളരെ സമയമെടുത്താണ് ഓരോ വാക്കും എഴുതുക.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്

 എഴുത്ത് പൂര്‍ത്തിയായാല്‍ പല നിറമുള്ള മഷികള്‍കൊണ്ട് ഇന്‍ലന്റ് നിറയെ ചിത്രങ്ങള്‍ വരയ്ക്കും. ഗോഡ് ഈസ് ലവ്വില്‍ തുടങ്ങി സ്വന്തം ചാക്കോച്ചനില്‍ അവസാനിക്കുന്ന ആ കത്തുകളിലെ കൃത്യതയും സൂക്ഷ്മതയും കണ്ടാല്‍, ''അച്ചടിച്ച പോലെ ഉരുണ്ടു മനോഹരമായ അക്ഷരങ്ങളും വര്‍ണചിത്രങ്ങളുംകൊണ്ടുമാത്രമേ എനിക്ക് കത്തെഴുതാവൂ,'' എന്ന് ആരൊക്കെയോ ആജ്ഞാപിച്ചിട്ടുണ്ടെന്നു തോന്നും. ആ മട്ടിലാണ് അപ്പ അത് ചെയ്തിരുന്നത്. അപ്രകാരം കത്തെഴുതുന്ന മറ്റൊരാളെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.

ആദ്യകാലങ്ങളില്‍ അപ്പയും എന്നെപ്പോലെ പകര്‍ത്തെഴുതുകയാവും എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എനിക്ക് ടു ലൈനും ഫോര്‍ ലൈനും എഴുതാന്‍ ഒട്ടും ഇഷ്ടമായിരുന്നില്ല. കടംകഴിക്കും പോലെ വേഗം എഴുതിത്തീര്‍ക്കുകയാണ് പതിവ്. അതുകൊണ്ട് അപ്പയുടെ ആ അര്‍പ്പണബോധം കാണുമ്പോള്‍ വിരസതയും ഒപ്പം കൗതുകവും തോന്നും. അതുകൊണ്ട് കഴുത്തുവരെ കമ്പിളിപ്പുതപ്പും മൂടി അപ്പ അത് പൂര്‍ത്തിയാക്കുന്നതും നോക്കി ഉറങ്ങാതെ കിടക്കും.
''എന്തിനാ അപ്പ ടു ലൈന്‍ എഴുതുന്നത്?''ഒരിക്കല്‍ അപ്പയോട് ഞാന്‍ ചോദിച്ചു.
''ടു ലൈനല്ല കത്തെഴുതുകയാണ്,''അപ്പ തിരുത്തി.
''കത്തെന്നു വെച്ചാലെന്താ?''
''കൂട്ടുകാരുടെ വിശേഷം തിരക്കി എഴുതുന്നതാ,''ജോലിക്കിടെ ഇനി കൂടുതലൊന്നും ചോദിക്കണ്ട എന്ന മട്ടില്‍ അത്രയും പറഞ്ഞ് അപ്പ കത്ത് പൂര്‍ത്തിയാക്കി അഡ്രസ്സ് എഴുതി അവിടെ നിന്നും പോയി. എന്റെ ഉള്ളില്‍ അപ്പ പറഞ്ഞത് അങ്ങനെതന്നെ കിടന്നു. കത്തെഴുതുന്നത് കൂട്ടുകാരുടെ വിശേഷം തിരക്കിയാണെങ്കില്‍ കത്തെഴുതാന്‍ മിനിമം ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ എങ്കിലും വേണം എന്ന ബോധ്യം ഉണ്ടായി. പിന്നീട് അപ്പ എന്തു വിശേഷങ്ങളാണ് കൂട്ടുകാരോട് തിരക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയായി. പക്ഷേ, അതറിയാന്‍ വഴിയുണ്ടായിരുന്നില്ല. കത്തെഴുതിയ ഉടനെ അപ്പ ഇന്‍ലന്റ് ഒട്ടിച്ചുവെക്കുമായിരുന്നു. 

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അപ്പയ്ക്ക് വന്നിട്ടുള്ള കത്തുകളുടെ ഉള്ളടക്കം അറിയണമെന്ന് താല്‍പ്പര്യം തോന്നി. മറ്റുള്ളവരുടെ കത്തുകളും ഡയറിയും വായിക്കരുത് എന്നുള്ള കര്‍ശന നിര്‍ദേശം വീട്ടില്‍ പൊതുവെ ഉണ്ടായിരുന്നെങ്കിലും കത്തില്‍ എന്താവും എഴുതിയിരിക്കുക എന്നറിയാനുള്ള കൊതികൊണ്ട് കമ്പിയില്‍ കോര്‍ത്തുവെച്ചിട്ടുള്ള കത്തുകളില്‍ ഒന്ന് ആരും കാണാതെ എടുത്തു വായിച്ചു. ഏറ്റവും മുകളില്‍ ഇരുന്നത് ഇന്ദിരാന്റിയുടെ കത്താണ്. അവരെ എനിക്കറിയാം. ആന്റിയും കുടുംബവും ബോംബെയിലാണ്. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ട്. ആന്റിയുടെ ഭര്‍ത്താവ് സോമനങ്കിള്‍ അപ്പയുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം മരിച്ചതിനുശേഷവും ആന്റി അപ്പയുമായി ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു.

''ദൈവം സ്‌നേഹമാകുന്നു.
എത്രയും പ്രിയപ്പെട്ട ചാക്കോച്ചാ, സുഖമല്ലേ? എനിക്കിവിടെ സുഖമാണ്. അവിടെ മഴയുണ്ടോ? ഇവിടെ മഴയില്ല... തുടങ്ങി എന്ന്, സ്വന്തം സഹോദരി, ഇന്ദിരനായര്‍ എന്നവസാനിക്കുന്ന ആ കത്തില്‍ ബോംബെയിലെ അവരുടെ ജീവിതത്തിന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും പ്രതിസന്ധികളും പ്രതീക്ഷകളും അത്ര മനോഹരമല്ലാത്ത കൈപ്പടയില്‍ കയറ്റിറക്കങ്ങളോടെ എഴുതിവെച്ചിരുന്നു. ഒപ്പം അമ്മയേയും ഞങ്ങളെയും തിരക്കാനും ഇന്ദിരാന്റി മറന്നിരുന്നില്ല.

ഒളിച്ചും പാത്തും തപ്പിത്തടഞ്ഞുമുള്ള ആ കത്തുവായനകള്‍  വളരെ രസകരമായിത്തോന്നി. ആരും വായിക്കില്ലെന്നു ധരിച്ച് കമ്പിയില്‍ കോര്‍ത്തുകിടന്നിരുന്ന കത്തുകള്‍ക്കും സന്തോഷം തോന്നിയിരിക്കാം. വായനയില്‍ പല കാര്യങ്ങളും ശ്രദ്ധയില്‍ വന്നു. എല്ലാ കത്തുകളുടേയും ഉള്ളടക്കം ഒരുപോലെയായിരുന്നില്ല. ഘടനയിലും കൈയക്ഷരത്തിലും ഓരോന്നും വ്യത്യാസപ്പെട്ടിരുന്നു. ഇന്ദിരാന്റി വളരെ വ്യക്തിപരമായ കാര്യങ്ങളാണ് എഴുതിയിരുന്നതെങ്കില്‍ ദേവദാസങ്കിള്‍ ജോലിക്കാര്യങ്ങളാണ് കൂടുതലും എഴുതിയിരുന്നത്.

കാര്‍ത്തികേയന്‍ മാമന്‍ വോളിബോള്‍ കളിയെക്കുറിച്ചും അടുത്ത വരവിന് കരിപ്പെട്ടി ശര്‍ക്കര കൊണ്ടുവരുന്നതിനെക്കുറിച്ചുമായിരുന്നു എഴുതിയിരുന്നതെങ്കില്‍ സുലൈമാനങ്കിള്‍ കുടകിലെ മുന്തിരികൃഷിയെക്കുറിച്ചും അതിന്റെ കഷ്ടപ്പാടുകളെക്കുറിച്ചുമാണ് എഴുതിയിരുന്നത്. പിന്നെയും മൂന്നു നാലു പേരുടെ കത്തുകള്‍ കൂടിയുണ്ടായിരുന്നു. 

എല്ലാ കത്തുകളിലും പൊതുവായി അവിടെ സുഖം, ഇവിടെയും സുഖം എന്ന വരികളും വീട്ടുകാരുടെ സുഖവിശേഷങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ഒരു കത്തിലും അപ്പയുടെ കത്തുകളിലേതുപോലെ പലനിറ ചിത്രങ്ങളോ രണ്ടു വരി മുട്ടിച്ചുള്ള എഴുത്തോ കണ്ടില്ല. തിരക്കുപിടിച്ചുള്ള എഴുത്തുകളായിരുന്നു എല്ലാം. മിക്ക കത്തുകളും ആവര്‍ത്തനങ്ങളായി തോന്നി. അതില്‍ ഇന്ദിരാന്റിയുടെ കത്തില്‍ മാത്രമാണ് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നത്. അവര്‍ ഓരോ തവണയും വളരെ ആത്മാര്‍ഥമായി അപ്പയോട് ഹൃദയം പകര്‍ന്നിരുന്നു. ചില പ്രതിസന്ധികളില്‍ അപ്പയുടെ അഭിപ്രായങ്ങള്‍ അവര്‍ സ്വീകരിക്കുന്നുണ്ടായിരുന്നു. പ്രണയമല്ലാത്ത ഒരടുപ്പവും സ്‌നേഹവും ആ കത്തുകളില്‍ നിറഞ്ഞുനിന്നിരുന്നു.

നിരന്തരമായുള്ള ആ കത്തുവായനകളാണ് ആര്‍ക്കെങ്കിലും ഒരു കത്തെഴുതണമെന്ന തീവ്രമായ ആഗ്രഹം ഉള്ളില്‍ നിറച്ചത്. എല്ലാവരേയും പോലെ, ഇന്‍ലന്റില്‍ ഒരു കത്തെഴുതി ചുവന്ന പോസ്റ്റ് ബോക്‌സില്‍ കൊണ്ടിടാനും ആഴ്ചകള്‍ക്കുശേഷം കാക്കിക്കുപ്പായമിട്ട പോസ്റ്റ്മാന്‍ ചേട്ടന്‍ അതിനുള്ള മറുപടിയുമായി വരുന്നത് കാത്തിരിക്കാനും ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, അക്കാലത്ത് ഈശോയല്ലാതെ ഹൃദയം പകരാന്‍ എനിക്ക് മറ്റൊരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇന്‍ലന്റ് വാങ്ങാനുള്ള പണമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അപ്പ തരാറുള്ള കാലാവധി കഴിഞ്ഞ പഴയ ഡയറികളിലും റഫ്ബുക്കിന്റെ താളുകളിലും ഈശോയ്ക്കും ചില സങ്കല്‍പ്പ സുഹൃത്തുക്കള്‍ക്കും നിരവധി കത്തുകള്‍ എഴുതിയത്. ആ കത്തുകള്‍ എഴുതാന്‍ രഹസ്യമായി അപ്പയുടെ പലനിറ മഷിപ്പേനകള്‍ ഞാന്‍ ഉപയോഗിച്ചു. ചിത്രങ്ങളും ഉരുണ്ട അക്ഷരങ്ങളുംകൊണ്ട് ഓരോന്നും ഏറ്റവും മനോഹരമാക്കാന്‍  ശ്രദ്ധിക്കുകയും ചെയ്തു.

എന്തിനാണ് ആളുകള്‍ കത്തുകള്‍ എഴുതുന്നത്? ജീവിതത്തില്‍ കത്തുകള്‍കൊണ്ടുള്ള പ്രയോജനം എന്താണ്? ആരൊക്കെ ആര്‍ക്കൊക്കെയാവും കത്തുകള്‍ എഴുതുക? എത്ര തരം കത്തുകള്‍ ഉണ്ടായിരിക്കും എന്നിങ്ങനെ കത്തുകളെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് ചോദ്യങ്ങള്‍ കൗമാരകാലത്തിന് മുമ്പേ ഉള്ളില്‍ സ്വാഭാവികമായി ഉണ്ടായിവന്നു. അപ്പയെ മാത്രമല്ല അയല്‍വക്കത്തെ അങ്കിള്‍മാര്‍, ആന്റിമാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അപ്പൂപ്പന്‍മാര്‍, അമ്മൂമ്മമാര്‍ തുടങ്ങി ഓരോരുത്തരെയും രഹസ്യമായി ഞാന്‍ നിരീക്ഷിച്ചു തുടങ്ങി.

''ഈ കത്തൊന്നു പോസ്റ്റ് ചെയ്‌തേക്കണേ മോളെ,'' എന്നു പറഞ്ഞുകൊണ്ട് കത്തുകള്‍ ഏല്‍പ്പിക്കുമ്പോഴുള്ള ആളുകളുടെ മുഖഭാവം, അതിന്റെ മറുപടി കാത്തുള്ള ഇരിപ്പ്, പോസ്റ്റ്മാന്‍ ചേട്ടനെ കാണുമ്പോഴുള്ള ആഹ്ളാദം, നെഞ്ചിടിപ്പ്, ആനന്ദക്കണ്ണീര്‍, ഭയം, മുഖം ചുവക്കല്‍, വേദന, സങ്കടം, നാണം...അങ്ങനെ എത്രയെത്ര ഭാവഭേദങ്ങളാണ് ഓരോരുത്തര്‍ക്കുമായി കത്തുകള്‍ സമ്മാനിക്കുന്നത് എന്ന് കൗതുകത്തോടെ ഞാന്‍ കണ്ടുനിന്നു.

ജീവിതത്തില്‍ പല വിധത്തിലുള്ള ഒറ്റപ്പെടലുകളും അനാഥത്വവും നേരിടേണ്ടി വരുന്ന മനുഷ്യര്‍ക്കും വലിയൊരു കൂട്ടത്തിനുള്ളില്‍ എല്ലാം ഉള്ളിലൊതുക്കി വീര്‍പ്പുമുട്ടലോടെ ജീവിക്കേണ്ടി വരുന്നവര്‍ക്കും ഉള്ളിലുള്ളതെല്ലാം പങ്കുവെക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കും കത്തെഴുത്തിലൂടെ കിട്ടുന്ന ആശ്വാസത്തിന്റെ ആഴവും പരപ്പും എത്രയെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അത് കൂടുതല്‍ കത്തുകള്‍ എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചു. പോകപ്പോകെ എനിക്കും കത്തെഴുതാന്‍ സാങ്കല്‍പ്പകരല്ലാത്ത മൂന്നു കൂട്ടുകാരെ കിട്ടി. 

വല്യവധിക്കാലത്ത് ഞങ്ങള്‍ പരസ്പരം കത്തുകള്‍ എഴുതി. പക്ഷേ, എന്റെ ഭാവനാത്മകമായ കത്തുകള്‍ അവര്‍ക്കോ അവരുടെ ആഴവും പരപ്പുമില്ലാത്ത കത്തുകള്‍ എനിക്കോ ഇഷ്ടമായില്ല. ആ അവധിക്കാലം തീര്‍ന്നപ്പോഴേക്കും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം തന്നെ ഇല്ലാതായി. ആ സമയത്താണ് ഞാന്‍ എനിക്കു തന്നെ രണ്ടു കത്തുകള്‍ എഴുതുന്നത്. ഫ്രം അഡ്രസ്സില്‍ നതാഷ എന്ന പേരാണ് വെച്ചിരുന്നത്. ആദ്യകത്ത് പോസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന് സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ത്തന്നെ 
''അമ്മേ, എനിക്ക് കത്തുണ്ടോ?'', എന്നു ഞാന്‍ ചോദിച്ചു. അമ്മയ്ക്ക് സംശയമായി.
''ആരെങ്കിലും കത്തയച്ചിട്ടുണ്ടോ?''
''ഇല്ല.''
''പിന്നെ പതിവില്ലാതെ കത്തുണ്ടോ എന്നു തിരക്കുന്നതോ?''
അങ്ങനെ രണ്ടു ദിവസത്തെ വീര്‍പ്പുമുട്ടലിനൊടുവില്‍ കത്തു വന്നു. കൈയക്ഷരം കണ്ടപ്പോള്‍ത്തന്നെ അമ്മയ്ക്ക് പിടികിട്ടി. എങ്കിലും ഒന്നുമറിയാത്തതുപോലെ 
''ആരാ ഈ നതാഷ?''എന്നു ചോദിച്ചു. എനിക്ക് വലിയ സന്തോഷമായി. 

ഞാന്‍ വളരെ രഹസ്യമായി ആ കത്ത് എന്റെ പുസ്തകത്തിനുള്ളില്‍ ആരും കാണാതെ സൂക്ഷിച്ചുവെച്ചു. രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ എടുത്തു വായിച്ചു. ഒരു വട്ടമല്ല പലവട്ടം. ഞാന്‍ വായിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അതിലുണ്ടായിരുന്നു. കുഞ്ഞു ചിത്രങ്ങളും നിറങ്ങളും നിറഞ്ഞ ആ കത്തില്‍ നതാഷ എന്റെ ഓരോ കാര്യങ്ങളും തിരക്കിയിരുന്നു. പലപ്പോഴും അത് ഞാന്‍ തന്നെ എഴുതിയതാണെന്ന് മറന്നുപോയി. അതുകൊണ്ടാവും പിന്നീടുള്ള ദിവസങ്ങളിലും ആ കത്തെടുത്ത് വീണ്ടും വായിച്ചതും നിര്‍വൃതിയടഞ്ഞതും. സ്വപ്നങ്ങളും സങ്കല്‍പങ്ങളും ചാലിച്ചു ചേര്‍ത്തുള്ള ആ ഫാന്റസി കത്തെഴുത്ത് എനിക്ക് വല്ലാതെ ബോധിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് രണ്ടാമതൊരു കത്തെഴുതാന്‍ അതെന്നെ പ്രേരിപ്പിച്ചു.

രണ്ടാം തവണ കത്ത് പോസ്റ്റ് ചെയ്തതിനുശേഷം എനിക്ക് കത്തുണ്ടോ എന്ന് അമ്മയോട് ചോദിച്ചില്ല. വരുമെന്ന് ഉറപ്പായിരുന്നു. ആ ഉറപ്പുപോലെതന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നതാഷയുടെ കത്തു വന്നു. അതൊരു ശനിയാഴ്ചയായിരുന്നു. ചേട്ടന്‍ വീട്ടില്‍ ഉള്ളപ്പോഴായിരുന്നു പോസ്റ്റ്മാന്റെ വരവ്. 
''മിനിക്കുട്ടിയ്ക്ക് ഒരു കത്ത്.''
പോസ്റ്റുമാന്‍  കത്ത് ചേട്ടനെ ഏല്‍പ്പിച്ചു പോയി. ഞാന്‍ ഓടിച്ചെന്നു.
''എന്താ?''ചേട്ടന്‍ പുച്ഛഭാവത്തില്‍ എന്നെ നോക്കി. 
''എനിക്കാണ് കത്ത്,''ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.
''ഇത് നിന്റെ ഹാന്‍ഡ്‌റൈറ്റിങല്ലേ?'', കത്ത് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പുള്ളി ചോദിച്ചു. ആ കാലമായപ്പോഴേക്കും അപ്പയുടെ പോലെ എന്റെ കൈയക്ഷരവും സ്‌കൂളിലിലും വീട്ടുകാര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. എങ്കിലും ചേട്ടനോട് കള്ളം പറയാന്‍ ഞാന്‍ തീരുമാനിച്ചു.

''എന്റെ കൈയക്ഷരമല്ല,''ഞാന്‍ തീര്‍ത്തു പറഞ്ഞു. പക്ഷേ, നുണയാണ് ഞാന്‍ പറയുന്നതെന്ന് എന്റെ മുഖം കണ്ടാല്‍ത്തന്നെ മനസ്സിലാകുമായിരുന്നു.
''ആരാ നതാഷ?'' ചേട്ടന്‍ കത്തു തരാന്‍ ഭാവമില്ലാതെ ചോദ്യം തുടര്‍ന്നു.
''എന്റെ ഫ്രണ്ട്,''ഞാനും നുണയ്ക്ക് അസ്ഥിവാരമിടും മട്ടില്‍ ഓരോന്നു പറഞ്ഞുകൂട്ടി.
''നിന്റെ ഫ്രണ്ട്‌സില്‍ ഈ പേരുള്ള ആരുമില്ലല്ലോ.''
''ഇത് ഇവിടെയുള്ളതല്ല. റഷ്യയിലുള്ളതാ,'' വായിച്ച റഷ്യന്‍ പുസ്തകങ്ങള്‍ തുണയ്ക്കട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
''ആന നുണച്ചി! ആറാം ക്ലാസ്സില്‍ എത്തിയതേയുള്ളു,''ചേട്ടന്‍ ദേഷ്യത്തോടെ കത്ത് പൊട്ടിച്ചു.
''നീയാ കത്ത് കൊച്ചിന് കൊടുത്തേ,''കണ്ടു നിന്ന അമ്മ ഇടപെട്ടു.
''കൊടുക്കാം. എന്താ ഉള്ളിലുള്ളതെന്ന് നോക്കട്ടെ,''ചേട്ടന്‍ വലിയ കാര്‍ന്നോര് ചമഞ്ഞ് വായന തുടങ്ങി. ചുറ്റും അപ്പയൊഴികെയുള്ളവരെല്ലാമുണ്ട്. പുള്ളി കത്തിലെ വിശേഷങ്ങള്‍ വള്ളിപുള്ളി വിടാതെ ഉറക്കെയുറക്കെ വായിച്ചു. വായനയ്ക്കിടെ, 
''നിലാവിന്റെ നൂല്‍പ്പാലം, നിശാഗന്ധിയുടെ തടാകം... എന്തൊക്കെ പൊട്ടത്തരങ്ങളാണ് എഴുതിവെച്ചിരിക്കുന്നത്. ഇവള്‍ ശരിക്കും ഒരു മാനസമൈനയാണ്,'' എന്ന് പരിഹസിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. 

അമ്മയൊഴികെയുള്ളവരും കൂടെ ചിരിച്ചു. എനിക്ക് വലിയ അപമാനവും സങ്കടവും തോന്നി. ഞാന്‍ പൊട്ടിക്കരഞ്ഞു. കരച്ചിലിനിടെ,
''എന്താണ് മാനസമൈന?'', എന്ന് അമ്മ ചോദിച്ചത് കേട്ടു.
''അവള്‍ക്ക് മാനസികം ഉണ്ടെന്ന്, ''ചേട്ടന്‍ വലിയ തമാശ പറഞ്ഞ മട്ടില്‍ കൂടുതല്‍ ഉറക്കെ ചിരിച്ചു.
''മിണ്ടാതിരിക്കെടാ. ശത്രുക്കള്‍ക്ക് പോലും അത് വരല്ലേന്ന് പ്രാര്‍ഥിക്ക്,'' അമ്മ ശാസിച്ചു.
''എന്നെ വഴക്ക് പറഞ്ഞിട്ട് കാര്യമില്ല. ഇവള്‍ക്ക് വട്ടാണ്. അല്ലെങ്കില്‍ കാശു മുടക്കി ഇന്‍ലന്റ് വാങ്ങി സ്വന്തമായിട്ട് ഇങ്ങനെയൊക്കെ എഴുതുമോ? പിന്നെ ഒറ്റയ്ക്കിരുന്നുള്ള സംസാരവും രീതികളും കണ്ടാല്‍ത്തന്നെ ആര്‍ക്കും മനസ്സിലാകും വട്ടാണെന്ന്. ആ ഡോക്ടറെ കാണിച്ച് ഇപ്പൊ തുടങ്ങി മരുന്ന് കഴിച്ചാല്‍ മാറും.'' ചേട്ടന്‍ ചിരി നിര്‍ത്തി ഗൗരവത്തിലായി. അതുകേട്ട് എനിക്ക് പേടി തോന്നി. കരച്ചില്‍ ഉച്ചത്തിലായി. ആ സംഭവത്തിനുശേഷം ഞാന്‍ എനിക്കുതന്നെ കത്തെഴുതി അയച്ചിട്ടില്ല. എന്നിട്ടും ചേട്ടനും ചേച്ചിമാരും തരം കിട്ടുമ്പോഴെല്ലാം എന്നെ മാനസമൈനയെന്ന് വിളിച്ചു.

ആ സംഭവത്തിനുശേഷവും ഞാന്‍ കത്തെഴുത്ത് തുടര്‍ന്നു. വായന വളരുന്നതിനോടൊപ്പം വായനയിലൂടെ ഞാന്‍ അറിഞ്ഞ, എനിക്ക് പ്രിയപ്പെട്ടവരായി തോന്നിയ ആളുകള്‍ക്കെല്ലാം ഞാന്‍ നിരന്തരം കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. ആ എഴുത്തുകള്‍ പ്രണയലേഖനങ്ങളോ സൗഹൃദഭാഷണങ്ങളോ ആയിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയപ്പോഴും തളര്‍ന്നു പോയപ്പോഴും തകര്‍ന്നു പോയപ്പോഴും എനിക്ക് ആശ്വാസവും ബലവും സമാധാനവും അത് തന്നു. ദൈവസന്നിധിയില്‍ ഹൃദയം മുഴുവനായും പകര്‍ന്ന *ഹന്നയെപ്പോലെ ഞാനും എന്റെ പ്രിയപ്പെട്ടവര്‍ക്കെഴുതുന്ന കത്തുകളിലൂടെ ഹൃദയം മുഴുവനും പകര്‍ന്ന് സ്വതന്ത്രയായി. ആ കത്തുകളെല്ലാം ഞാന്‍ എഴുതിയത് തുകല്‍ ഉറയിട്ട വലിയൊരു ബുക്കിലാണ്. നിറയെ പേജുകളുള്ള ആ നീളന്‍ പുസ്തകം അഗ്രഹാരത്തിലുള്ള ഒരു സാമി വില്‍ക്കാന്‍ കൊണ്ടുവന്നപ്പോള്‍ അപ്പ വാങ്ങിയതായിരുന്നു.

''പഠിക്കുന്ന ബുക്കില്‍ മേലില്‍ ഒന്നും കുത്തിക്കുറിക്കരുത്'' എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അപ്പ അതെനിക്ക് സമ്മാനിച്ചത്. ആ പുസ്തകം പൊന്നുപോലെ ഞാന്‍ സൂക്ഷിച്ചു. പിന്നീട് വിവാഹം കഴിഞ്ഞു പോന്നപ്പോള്‍ ഇടക്കാലത്തേക്കാണെങ്കിലും ആ പുസ്തകം ഞാന്‍ മറന്നു.

വിവാഹശേഷം ഞാന്‍ എത്തിപ്പെട്ടത് വ്യത്യസ്തമായ ഒരു ചുറ്റുപാടിലായിരുന്നു. എഴുത്തും വായനയും സാധ്യമാകാത്ത  മറ്റൊരു ലോകം. ഇടറിയും നടന്നും വേച്ചും തളര്‍ന്നും മുന്നോട്ടേക്ക് പോയിക്കൊണ്ടിരുന്ന കാലങ്ങളിലും അപൂര്‍വമായിട്ടാണെങ്കില്‍ക്കൂടി സ്വയം താങ്ങി നടത്താനെന്നോണം ചില കത്തുകളും കഥകളും ഞാന്‍ എഴുതി. പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ച കഥകള്‍ പ്രസിദ്ധീകരണത്തിന് അയക്കാതെ വീട്ടിലും ഓഫീസിലുമായി ഗതികിട്ടാ പ്രേതം കണക്കെ ചുറ്റിക്കറങ്ങുകയും ഒടുവില്‍ നഷ്ടപ്പെട്ടു പോകുകയും ചെയ്തപ്പോള്‍ കത്തുകള്‍ ഡയറിക്കുള്ളില്‍ സുരക്ഷിതമായി എനിക്ക് കൂട്ടിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ആ കത്തുകളെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകമാകുമെന്നോ അത് പ്രസിദ്ധീകരിക്കാനാകുമെന്നോ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല.

കാലപ്പോക്കില്‍ വിസ്മൃതിയിലാണ്ടുപോയ എന്റെ കത്തുകള്‍ വീണ്ടും ഓര്‍മയില്‍ എത്തുന്നത് രണ്ടായിരത്തി പതിനെട്ടില്‍ അപ്പയുടെ മരണത്തോടെയാണ്. അന്ന് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ദിരാന്റി അപ്പ എഴുതിയ കത്തുകളെക്കുറിച്ച് വളരെ നേരം സംസാരിച്ചു. ആ കത്തുകളിലൂടെ കിട്ടിക്കൊണ്ടിരുന്ന ഊര്‍ജത്തിന്റെ തിളക്കം സംസാരത്തിനിടെ ആ കണ്ണുകളില്‍ എനിക്ക് കാണാമായിരുന്നു.

''ആന്റി ആ കത്തുകള്‍ ഏതെങ്കിലും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എനിക്ക് തരാമോ?'',ഞാന്‍ ചോദിച്ചു.
''നോക്കട്ടെ ,''അവര്‍ പറഞ്ഞു. ആ നേരത്താണ് എന്റെ കത്തുപുസ്തകത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നത്. അമ്മയോട് ചോദിച്ചപ്പോള്‍ പഴയ വീട് പൊളിച്ച് പുതിയ വീട് പണിത സമയത്ത് പഴയ വീടിന്റെ ചായിപ്പിലെ ചാക്കുകെട്ടിലൊന്നില്‍ അപ്പ അത് ഭദ്രമായി എടുത്തു വെച്ചിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ ഒരാളെ പണിയ്ക്ക് കൂട്ടി ആ പുസ്തകം തിരഞ്ഞെടുപ്പിച്ചു. എന്റെ ശ്രമങ്ങള്‍ കണ്ട് വളരെ കാലങ്ങള്‍ക്കിപ്പുറവും ചേട്ടന്‍ 'മാനസ മൈനയെന്ന്, പരിഹസിച്ചു. ഞാനത് കാര്യമാക്കിയില്ല. അതെന്നെ വേദനിപ്പിച്ചതുമില്ല.

പരിതാപകരമായിരുന്നു ആ ബുക്കിന്റെ അവസ്ഥ. പുറംചട്ട കിഴിഞ്ഞു തൂങ്ങി, താളുകള്‍ കീറി, ചിതലരിച്ച്... എങ്കിലും എന്റെ ഈശോയും രാജരാജ ചോഴനും ബ്രൂസ് ലീയും ഓഷോയും മൈക്കേല്‍ ജാക്‌സനും എഴുതിയ കത്തുകളൊന്നും ചിതല്‍ തിന്നു പോയിരുന്നില്ല. അവര്‍ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. ഞാനവരെ അവിടെ നിന്നും എടുത്തുകൊണ്ടുവന്ന് വിവാഹശേഷം എഴുതിയ ആദത്തിനും പ്രണയബുദ്ധനും മാര്‍ക്കേസിനും വാലന്റൈനുമൊപ്പം ചേര്‍ത്തുവെച്ചു. ആ നിമിഷം ജീവിതത്തിന്റെ പല കാലങ്ങളിലൂടെ, കടന്നുപോന്നിട്ടുള്ള കൊടിയ വേദനകളിലൂടെ, കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ മനസ്സ് പാഞ്ഞു.

എത്ര നിയന്ത്രിച്ചിട്ടും വലിയൊരു കരച്ചില്‍ കഴുത്തെല്ലുകളെ ഞെരുക്കിക്കൊണ്ടെന്നോണം പുറത്തേക്ക് ചാടി. ഞാന്‍ മതിയാവോളം കരഞ്ഞു. പിന്നീടുള്ള രാത്രികളിലിരുന്ന് ആ കത്തുകള്‍ പകര്‍ത്തി എഴുതുകയും നവീകരിക്കുകയും ചെയ്തു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഫെബ്രുവരിയില്‍ പ്രണയദിനത്തോടനുബന്ധിച്ച് ആ പ്രണയക്കുറിപ്പുകളുടെ സമാഹാരം പിങ്ക് നിറത്തിന്റെ ചാരുതയുള്ള പേജുകളോടെ, പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളോടെ 'പറയാതെ വയ്യെന്റെ പ്രണയമേ..' എന്ന തലക്കെട്ടില്‍  മാതൃഭൂമി ബുക്‌സിലൂടെ പുറത്തിറങ്ങി. 

'പറയാതെ വയ്യെന്റെ പ്രണയമേ..' വെറും പ്രണയക്കുറിപ്പുകള്‍ മാത്രമല്ല, വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തിനപ്പുറം ലോകം കണ്ടിട്ടുള്ള എക്കാലത്തെയും വലിയ അത്ഭുതങ്ങളായ, ഏറ്റവും കൂടുതല്‍ പ്രണയത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പറഞ്ഞ മനുഷ്യരോടുള്ള ആന്തരിക സംഭാഷണങ്ങള്‍ കൂടിയാണിത്. ഈശോ, ബുദ്ധന്‍, ആദം, മാര്‍ക്കേസ്, രാജരാജ ചോഴന്‍, ബ്രൂസ് ലീ, ഓഷോ, മൈക്കിള്‍ ജാക്ക്‌സണ്‍, വാലന്റൈന്‍ എന്നിങ്ങനെ തികച്ചും വ്യത്യസ്തരായ ഒന്‍പതുപേര്‍ക്ക്  ജീവിതത്തിന്റെ വിവിധ കാലങ്ങളില്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ താരാമേരി കുര്യന്‍ എന്ന ഉജ്ജ്വല പ്രണയി എഴുതുന്ന പ്രണയക്കുറിപ്പുകളും കാലങ്ങള്‍ക്ക് ശേഷമുള്ള അവയുടെ വെളിപ്പെടുത്തലുകളുമാണിത്.

'പറയാതെ വയ്യെന്റെ പ്രണയമേ..' വായിച്ച് ഒരുപാടുപേര്‍ പ്രായഭേദമില്ലാതെ വായനാനുഭവം പങ്കുവെക്കുന്നുണ്ട്. അവരില്‍ കൂടുതലും കോളേജുകുട്ടികളാണ്. അവര്‍ പൊതുവെ പറഞ്ഞൊരു കാര്യം ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഇ -മെയില്‍ വഴിയും മറ്റും കത്തെഴുതാന്‍ ഈ പുസ്തകം വലിയൊരു പ്രേരണയായെന്നാണ്. അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ആശയവിനിമയത്തിനായി ആയിരം വഴികളുള്ള പുതുലോകത്ത് ഹ്രസ്വമായ പങ്കിടലുകളില്‍ ചുരുങ്ങിത്തീരാതെ ദീര്‍ഘമായ  കത്തുകളിലൂടെ ഹൃദയം പകരാനും അതുവഴി ആശ്വസിക്കാനും ആശ്വസിപ്പിക്കപ്പെടാനും കഴിയുകയെന്നത് ഭാഗ്യം തന്നെയാണ്. ദൈവസന്നിധിയില്‍ ഹൃദയം പകര്‍ന്ന ഹന്നയെപ്പോലെ നന്മയുള്ള സൗഹൃദങ്ങളിലും പ്രണയങ്ങളിലും സ്‌നേഹങ്ങളിലും കത്തുകളിലൂടെ കാപട്യത്തിന്റെയും വഞ്ചനയുടെയും ഒളിമറകളില്ലാതെ നമുക്ക് നമ്മെത്തന്നെ പകരാനാകട്ടെ. 

*ഒരു ബൈബിള്‍ കഥാപാത്രം