മിനി.പി.സി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പറയാതെ വയ്യെന്റെ പ്രണയമേ എന്ന നോവല്‍ രശ്മി പിയുടെ വായനയില്‍.
മലയാള നോവല്‍സാഹിത്യത്തില്‍ പുതിയൊരു അവതരണരീതി സ്വീകരിച്ചുകൊണ്ട് മിനി പി. സി എഴുതിയ പുതിയ നോവലാണ് 'പറയാതെ വയ്യെന്റെ പ്രണയമേ'. താരാമേരി കുര്യന്‍ എന്ന യുവതിയുടെ ജീവിതത്തിലൂടെ, അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലൂടെ പ്രണയവും ജീവിതവും സമരസപ്പെട്ട് പോകുന്നത് എങ്ങനെയാണെന്ന് സ്വതന്ത്രാവിഷ്‌കാരരീതിയില്‍ അവതരിപ്പിക്കുകയാണ് മിനി പി.സി സമൂഹത്തില്‍നിന്നോ കുടുംബത്തില്‍നിന്നോ യാതൊരു പിന്തുണയും ലഭിക്കാത്ത ഒരു സ്ത്രീക്ക് തന്റെ ജീവിതം എത്രത്തോളം മനോഹരമാക്കാന്‍ പറ്റുമെന്നും സംഘര്‍ഷങ്ങളേയും വെല്ലുവിളികളേയും മറികടക്കാന്‍ പറ്റുമെന്നും സ്ഥാപിച്ചെടുക്കുകയാണ് ഈ കഥാപാത്രത്തിലൂടെ എഴുത്തുകാരി. അതിനാല്‍തന്നെ അതിജീവനത്തിന്റെ ആഖ്യാനം കൂടിയാണ് ഈ നോവല്‍.
എഴുത്തുകാരിയുടെ മുന്‍കാല രചനകള്‍ പോലെ തന്നെ ആവിഷ്‌കാരംകൊണ്ടും പ്രയോഗിച്ച ഭാഷാരീതികൊണ്ടും ഈ നോവലിനെയും സമ്പന്നമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താരാമേരി എന്ന കുഞ്ഞു പെണ്‍കുട്ടി വലിയൊരു വീട്ടില്‍ ചുറ്റുപാടുമുള്ള അനേകം ബന്ധുക്കള്‍ക്കിടയില്‍ വളരുന്നു. തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലും ശകാരങ്ങളും എന്തിനെന്നറിയാത്ത പ്രായത്തിലാണ് താരാമേരി കുര്യന്‍ താന്‍ ഒരു അനാഥയാണെന്ന് സത്യം തിരിച്ചറിയുന്നത്. തുടര്‍ന്ന് അവള്‍ക്ക് പരിവര്‍ത്തനത്തിന് നാളുകളായിരുന്നു. ഏതൊരു സാഹചര്യത്തോടും യുക്തിയോടെ പെരുമാറാന്‍ സ്വയം ആര്‍ജിച്ചെടുത്ത കരുത്തുമായാണ് താര വളരുന്നത്. യാഥാര്‍ഥ്യബോധത്തോടെ ജീവിതത്തെ കര പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഒരു ഭാവനാലോകം സ്വയം സൃഷ്ടിച്ചുകൊണ്ട് സ്വന്തം താല്പര്യങ്ങളുടെ അധിപയായിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ജന്മം നല്‍കിയവരല്ലെങ്കിലും അമ്മ മേരിയുടെയും അച്ഛന്‍ കുര്യന്റെയും പേരിനൊപ്പമാണ് താര എന്ന പെണ്‍കുട്ടി വളരുന്നത്. ബന്ധുക്കളെല്ലാം അസഹിഷ്ണുതയോടെ പെരുമാറുമ്പോഴും അച്ഛനും അമ്മയുമാണ് താരയ്ക്ക് തുണയാകുന്നത്. സ്വാഭാവികവും അസ്വാഭാവികമായും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രണയവും വ്യക്തിതാല്‍പര്യങ്ങളും തന്നെയാണ് ഇവിടെ താരാമേരിയേയും അതിജീവിപ്പിക്കുന്നത്.
ക്രൂശിതനായ ഈശോ, മൈക്കിള്‍ ജാക്‌സണ്‍, ബ്രൂസിലി, രാജരാജചോളന്‍, ഓഷോ, ആദം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, വാലന്റൈന്‍, പ്രണയം ബുദ്ധന്‍ എന്നിവര്‍ പല കാലങ്ങളിലായി താരാമേരി കുര്യന് പ്രിയപ്പെട്ടവരാകുന്നു. ഈ പ്രണയനായകന്മാരുടെ തിരഞ്ഞെടുപ്പ് വ്യത്യസ്തവും കൗതുകകരവുമാണ്. അതിനാല്‍ തന്നെ ജീവിതത്തിന്റെ പല സമയങ്ങളില്‍ രൂപംകൊള്ളുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ളൊരു ആത്മബന്ധം കൂടി കാമുകന്‍മാര്‍ വഴി ഉടലെടുക്കുന്നു. അവളുടെ വേദനയും സന്തോഷവും പങ്കുവെക്കുവാന്‍ വേണ്ടി രഹസ്യമായി അവര്‍ക്ക് കത്തെഴുതി അതിലൂടെ ആനന്ദം കണ്ടെത്തുകയുമാണ് താര.
പറയാതെ വയ്യെന്റെ പ്രണയമേ എന്നത് പല കാലങ്ങളിലായി താര എഴുതിയ പ്രണയലേഖനങ്ങളടങ്ങിയ അതിജീവനകഥ കൂടിയാണ്. വീട്ടിലും പൊതു ഇടങ്ങളിലും അനാഥയായതിന്റെ കുത്തുവാക്കുകള്‍ കേട്ട് വളര്‍ന്ന ബാല്യം, കഴിക്കുന്ന ഭക്ഷണത്തിനും എടുത്തുവളര്‍ത്തിയ അച്ഛനും അമ്മയും നല്‍കുന്ന സ്‌നേഹത്തിനും കണക്ക് പറയുന്ന ബന്ധുക്കള്‍, സ്ത്രീധനം എന്നത് എപ്പോഴും സ്ത്രീകള്‍ക്ക് ശാപമാകുമ്പോള്‍ ഇവിടെ താരാമേരിയുടെ ജീവിതത്തിലും വില്ലനാകുന്നത് സ്ത്രീധനമാണ്. പള്ളിവികാരി താരയെ കുറേ അച്ചടക്ക മര്യാദകള്‍ പഠിപ്പിക്കുന്നത് നോവലില്‍ കാണാം. ഓഷോയെ ആരാധിക്കുന്നതും ഇഷ്ടപ്പെട്ടൊരു പേര് വീട്ടിലെ പൂച്ചയെ വിളിക്കുന്നതും എതിര്‍ത്ത ആ ദൈവദാസനോട് വളരെ ശക്തമായി തന്നെ താര പ്രതികരിക്കുന്നത് ശ്രദ്ധേയമാണ്.
സമാധാനമായുള്ള കുടുംബത്തിനുവേണ്ടി തന്നെ സ്‌നേഹിക്കുന്നവരേയും വീട്ടുകാരേയും ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറാന്‍ തയ്യാറായ പങ്കാളിയെ വിട്ടുകളയാന്‍ താരാമേരിക്ക് കഴിയുന്നില്ല. ലഭിച്ച ഗവണ്‍മെന്റ് ജോലി ഉപേക്ഷിച്ച് ചുരുങ്ങിയ വരുമാനത്തില്‍ വാടകവീട്ടില്‍ രണ്ടു കുഞ്ഞുങ്ങളുമായി അവള്‍ പൊരുതി കൊണ്ടേയിരുന്നു.
നാളുകള്‍ക്ക് ശേഷം താര അറിയപ്പെടുന്ന എഴുത്തുകാരിയും ധാരാളം ആരാധകരുള്ള വ്യക്തിയുമായിരിക്കേ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്ന സന്ദര്‍ഭമാണ് നമുക്ക് നോവലില്‍ കാണാന്‍ കഴിയുന്നത്.
പറയാതെ വയ്യെന്റെ പ്രണയമേ എന്നത് ഒരിക്കലും ഒരു പ്രണയപുസ്തകം അല്ല. മറിച്ച് പറയാതെ വയ്യെന്റെ ജീവിതമേ... എന്നാണ് താര മേരി വായനക്കാരോട് പറയുന്നത്. ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ നിലയില്ലാകയത്തിലേക്ക് ആണ്ടുപോകാതിരിക്കാന്‍ അതിജീവിതത്തിനായുള്ള മാര്‍ഗമായി അവള്‍ ഓരോ പ്രണയിതാക്കളെ തെരഞ്ഞെടുക്കുകയാണ് ബോധപൂര്‍വ്വവും അല്ലാതെയും എന്ന് വേണം പറയാന്‍. ഈ നോവല്‍ തീര്‍ത്തും ജീവിതത്തോടുള്ള ഒരു പെണ്‍കുട്ടിയുടെ പ്രണയമാണ്.
നിലവില്‍ കണ്ടുവരുന്ന നോവല്‍ഘടനയില്‍ നിന്ന് തന്നെ ഭിന്നമായ ഒരു ആഖ്യാനരീതി കൈവരിക്കാന്‍ ഈ പുസ്തകത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. താരാമേരിയെ പോലെ ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതവും പ്രണയവുമാണ് ഈ നോവല്‍. അതിജീവിച്ച, സ്വയം കരുത്താര്‍ജിച്ച ഓരോ പെണ്ണും പറയാന്‍ ആഗ്രഹിക്കുന്ന വാചകമാണ് പറയാതെ വയ്യെന്റെ പ്രണയമേ എന്നത്.
നോവലില്‍ മിനി. പി.സി പ്രയോഗിച്ച ഭാഷാരീതി ശ്രദ്ധേയമാണ്. ജീവിതാനുഭവങ്ങളില്‍ തളരുമ്പോഴും ഉള്ളിലെ പ്രണയം കൊണ്ട് കരുത്താര്‍ജ്ജിക്കുന്ന ഒരു പെണ്‍കുട്ടിക്കുണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഇവിടെ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. കേവലം ഭാവനയുടെ പുറത്തുള്ള നിര്‍മിത കഥകളില്‍ നിന്നും ഭിന്നമായി ആത്മാംശമുള്ള ജീവിതത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ നോവലാണ് പറയാതെ വയ്യെന്റെ പ്രണയമേ...
കുഞ്ഞുനാളിലെ ക്രൂരമായ അനുഭവങ്ങളാണ് കുരിശില്‍ കിടക്കുന്ന മുള്‍ക്കിരീടം ചൂടിയ ഈശോയിലേക്ക് താരയെ അടുപ്പിച്ചത്. സമാന വേദനയുള്ളവര്‍ തമ്മിലുള്ള അടുപ്പമായിരുന്നു അത്. ആരോടും പറയാന്‍ പറ്റാത്ത തന്റെ ഉള്ളിലെ വേദനകളെല്ലാം താര ഈശോയ്ക്ക് കത്തുകളിലൂടെ അറിയിക്കുന്നുണ്ട്. ഏകാന്തതയെ മറികടക്കാന്‍ പാട്ടും വായനയും ശീലിച്ച താരയ്ക്ക് ഏകാന്തതയും അനാഥത്വവും അടിച്ചമര്‍ത്തലുകളും നീതി നിഷേധങ്ങളും വിഷയമാക്കിയ എഴുത്തുകാരുടെ രചനകളായിരുന്നു കൂടുതല്‍ താല്പര്യം. മൈക്കിള്‍ ജാക്‌സണ്‍ എന്ന പാട്ടുകാരനെ സ്‌നേഹിച്ച താര നാട്ടില്‍ ഡാന്‍സ് മാസ്റ്ററായി അവതരിച്ച ജൂനിയര്‍ മൈക്കിള്‍ ജാക്‌സന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ പോകുന്നുണ്ട്. യഥാര്‍ത്ഥവും അയഥാര്‍ത്ഥവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്ന താര യഥാര്‍ഥ ജാക്‌സന് വേണ്ടി കത്തുകള്‍ എഴുതുന്നു. സ്വന്തം നിറത്തോട് മൈക്കിള്‍ ജാക്‌സനുള്ള അപകര്‍ഷതാബോധം എന്തിനാണെന്ന് താരയിലെ പ്രണയിനി കത്തില്‍ ചോദിക്കുന്നുണ്ട്.
അമിതമായ സ്‌നേഹവും വിശ്വാസവുമാണ് താരയെ ബ്രൂസ്ലിയിലേക്ക് എത്തിക്കുന്നത് ആരാധനയില്‍ വാറ്റിക്കുറുക്കിയെടുത്ത പ്രണയമാണ് നിങ്ങളോടെനിക്കെന്ന് താര ബ്രൂസിലിക്കുള്ള കത്തില്‍ പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്നുള്ള അടി തടുക്കാന്‍ പഠിച്ചതും ബസ്സിലും പൊതുഇടങ്ങളിലും ഉണ്ടാകാറുള്ള മര്യാദകേടിനെ ചോദ്യം ചെയ്യാന്‍ താരയെ പ്രേരിപ്പിക്കുന്നതും ബ്രൂസിലിയോടുള്ള പ്രണയമാണ്.
' പ്രിയനേ...വേദന അടക്കാനാവുന്നില്ല നിന്നോടുള്ള എന്റെ പ്രണയം നീ സൂക്ഷിച്ച വേഗതയോടും കൃത്യതയോടും സൂക്ഷമതയോടും കൂടി അതിരുകളില്ലാത്ത, സമാനതകളില്ലാത്ത നിന്റെ കഴിവിനോടുള്ളതുമാണ്. എന്നിലെ എന്നെ ഒരു ധൈര്യവതിയായി വളര്‍ത്തിയെടുത്ത പ്രിയ പ്രണയമേ, നിനക്കെന്റെ ആയിരം ചുംബനങ്ങള്‍ എന്ന് സ്വന്തം ബ്രൂസിലി താര' എന്നു പറഞ്ഞാണ് ബ്രൂസ്ലിക്കുള്ള കത്ത് താരാമേരി അവസാനിപ്പിക്കുന്നത്.
സര്‍ക്കസിനോടുള്ള താല്പര്യമാണ് രാജരാജചോഴനിലേക്ക് താരാമേരിയെ കൊണ്ടെത്തിക്കുന്നത്. സര്‍ക്കസിലെ പ്രധാന കളിക്കാരനായ ഒരാളോട് തോന്നുന്ന പ്രായത്തിന്റെ ചാപല്യമായിരുന്നു ആ പ്രണയം അയാളുടെ കണ്ണുകളില്‍ നിറഞ്ഞ വശ്യതയില്‍ ഹൃദയം കീഴടക്കിയ രാജരാജചോഴന് സ്വന്തം കാതലി എന്ന നിലയിലാണ് താര കത്തെഴുതുന്നത്.
ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് പ്രണയബുദ്ധന്‍ താരയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ആകസ്മികമായിയുണ്ടായ വിവാഹവും വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളും ആസ്വാരസ്യങ്ങളും താരയെ മറ്റൊരു മാനസിക തലത്തിലേക്ക് കൊണ്ടെത്തിക്കുമ്പോള്‍ അവള്‍ ഒരു സന്യാസി മഠത്തില്‍ അഭയം പ്രാപിക്കുകയാണ്. ബുദ്ധനില്‍ അഭയം പ്രാപിക്കുന്ന താര മനസ്സും ശരീരവും സ്വസ്ഥമാക്കാന്‍ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തിരികെപോകുന്നുണ്ട്. എന്നാല്‍ അവളുടെ പങ്കാളി ഹൃദയ വിശാലതയുള്ളവന്‍ ആയിരുന്നു ബന്ധുക്കളുടെയും കൂടപ്പിറപ്പുകളുടെയും വാക്കുകളെ ധിക്കരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം പ്രിയപ്പെട്ടവളുമായി അയാള്‍ക്കും അകന്നു ജീവിക്കേണ്ടിവന്നു. നോവലിലിലാകെ താരയുടെ പ്രണയകത്തുകള്‍ ആണെങ്കിലും പ്രണയബുദ്ധന്‍ എന്ന ഭാഗത്ത് താരയുടെ ഭര്‍ത്താവ് അവള്‍ക്കായി അയച്ച കത്താണ് വെളിപ്പെടുത്തുന്നത്. 'പ്രണയം ഇരുളോ വെളിച്ചമോ എന്ന് ചോദിച്ചാല്‍ വെളിച്ചമാണെന്ന് ഞാന്‍ പറയും ലോകത്തിന്റെ വെളിച്ചമായ ബുദ്ധനിലേക്ക് നമ്മുടെ പ്രണയ വെളിച്ചം കൂടി ചേര്‍ത്തുവയ്ക്കൂ' എന്നാണ് താരയുടെ പ്രണയബുദ്ധന്‍ കത്തിലൂടെ വെളിപ്പെടുത്തുന്നത്.'
മിക്ക മനുഷ്യരെയും പോലെ ഓഷോയോട് താരയ്ക്ക് അല്പം അനിഷ്ടം ഉണ്ടായിരുന്നു എങ്കിലും അതൊരു മുന്‍ധാരണയാണെന്നും ഓഷോ എന്ന വ്യക്തിയെ കൂടുതല്‍ അറിയുംതോറും അദ്ദേഹം ആഹ്ലാദത്തിന്റെ സമുദ്രവും സ്‌നേഹത്തിന്റെ ആകാശവും അറിവിന്റെ നിറകുടവും നിഷ്‌കളങ്കതയുടെ രാജകുമാരനും ഏറെക്കുറെ പരാജയപ്പെട്ട ഗുരുവും ആണെന്ന് താര തിരിച്ചറിയുകയും അവാച്യമായ ഒരു അനുഭൂതി അവളില്‍ നിറയുകയും ചെയ്യുന്നുണ്ട്. ഓഷോയ്ക്കും താര കത്തെഴുതുന്നു. അദ്ദേഹത്തിന്റെ ചിരിയും കണ്ണുകളിലെ ഇളക്കവും കൊണ്ട് അദ്ദേഹത്തിലേക്കടുത്ത താരയെ അവള്‍ ഓഷോയ്ക്ക് മുന്നില്‍ കാണിച്ചു കൊടുക്കുകയാണ്. ശാരീരിക താല്പര്യമുള്ള പ്രണയത്തില്‍ ഒരു കാരണവശാലും താരയ്ക്ക് വിശ്വാസമില്ലെന്നും ആത്മീയമോ അല്ലെങ്കില്‍ മാനസികവുമായ അടുപ്പുമോ ഉള്ളതാണ് തന്റെ പ്രണയം എന്നും സ്വന്തം പ്രണയതാര എന്ന മേല്‍വിലാസത്തില്‍ അവള്‍ ഓഷോയെ അറിയിക്കുന്നു
മീശപ്പുലിമലയില്‍ കാമുകനില്ലാതെ ഒറ്റയ്ക്ക് ഇരുന്ന താരയെ കൂട്ടുകാര്‍ പരിഹസിച്ചപ്പോഴാണ് താര തന്റെ കാമുകനായി ആദത്തെ സങ്കല്‍പ്പിക്കുന്നത് അവനോടുള്ള പ്രണയത്തില്‍ താര എന്ന പെണ്‍കുട്ടിയുടെ ഹൃദയത്തിലെ മുഴുവന്‍ പ്രണയവും കാണാം.
'വരൂ എന്റെ അരികില്‍ ഇരിക്കൂ പ്രിയപ്പെട്ട ആദം മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യ പ്രണയമാണ് നമ്മള്‍. കോടാനുകോടി വരുന്ന നമ്മുടെ പരമ്പരകളില്‍ വിശുദ്ധവും പവിത്രവും ജീവിതപ്രതീക്ഷയും നിലനിര്‍ത്തുന്നതുമായ പ്രണയ സങ്കല്‍പ്പത്തിന് തുടക്കം കുറിച്ചവര്‍. ആ പ്രണയം ഇന്ന് ഏദനിലുമപ്പുറം അനാദിയായി പൂത്തുലഞ്ഞു നില്‍ക്കുന്നു. പ്രിയനേ വരിക വന്നാലും പന്നലും നിലംപതുങ്ങികളും കാമിക്കുന്ന ഫ്രാത്തിന്റെ പടവുകളില്‍ കണ്ണോട്കണ്‍ നോക്കി നമുക്കിരിക്കാം' എന്ന് നിന്റെ മാത്രം ആദിയും അന്ധവുമായ പ്രണയനി താരാ ഹവ്വ.'
പുസ്തകത്തോടുള്ള സ്‌നേഹമാണ് താരയെ മാര്‍ക്കേസിലേക്ക് എത്തിക്കുന്നത്. വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടാത്തവസ്ഥയില്‍ ജീവിതത്തിലെ പ്രതിസന്ധികളുമായി വീര്‍പ്പുമുട്ടുമ്പോള്‍ വായിച്ച പുസ്തകങ്ങളും പ്രിയപ്പെട്ട എഴുത്തുകാരെയും അതില്‍ ഏറ്റവും പ്രിയങ്കരനായ മാര്‍ക്കസിനെയും താര ഓര്‍ക്കുന്നു തന്റെ പ്രണയം കത്തിലൂടെ അവള്‍ അറിയിക്കുന്നു.
അവനവന്റെ വേദനകളോ, ചെറിയൊരു സന്തോഷമോ പോലും പങ്കുവെയ്ക്കാന്‍ ഒരാളില്ലാത്ത മനുഷ്യന്‍ സ്വന്തം മാനസിക നില തെറ്റാതിരിക്കാനും, സ്വയം സന്തോഷിക്കാനും വേണ്ടി സങ്കല്പത്തിലൊരാളെ സൃഷ്ടിക്കുന്നു. അയാളോട് സംസാരിക്കുന്നു, യാളുമായ് ചിരിക്കുന്നു, അയാളെ പ്രണയിച്ചു അയാളില്‍ അഭയം പ്രാപിക്കുന്നു. സമൂഹം ഭ്രാന്ത് എന്ന് വിശേഷണം കൊടുക്കുന്ന ഏര്‍പ്പാട് ആണെങ്കിലും ഓരോ മനുഷ്യനും ഇങ്ങനെ കൂടിയാണ് എന്നാണ് 'പറയാതെ വയ്യെന്റെ പ്രണയമേ'എന്ന നോവല്‍ തെളിയിക്കുന്നത്
തന്റെ സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകളെ ഊട്ടിയുറപ്പിച്ചു കൊണ്ട് മിനി പി. സി എഴുതിയ കൃതിയാണ് 'പറയാതെ വയ്യെന്റെ പ്രണയമേ.' യാഥാര്‍ഥ്യവും ഭാവനയും സുവര്‍ണ്ണാനുപാതത്തില്‍ കലര്‍ത്തിക്കൊണ്ട് ജീവിതത്തേയും സങ്കല്പത്തേയും മാറിമാറി സന്നിവേശിപ്പിക്കാന്‍ ഈ കൃതിയിലൂടെ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: reshmi p reviews mini pc novel parayathe vayyente pranayame mathrubhumi books
Published: 06 Mar 2024, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented