
അതീവ ആസുരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ നമ്മള്. മൃത്യു തന്റെ അദൃശ്യമായ ചിറകുകള് വിരിച്ച്, ഭൂമിക്കു മേല് ഇരുള്പരത്തുന്ന ദിനങ്ങള്. അതേക്കുറിച്ചു കൂടുതല് വിവരിച്ച് നിങ്ങളുടെ ചിത്തങ്ങളെ കൂടുതല് വ്യസന നിര്ഭരമാക്കാന് എനിക്കശേഷം ആഗ്രഹമില്ല. പിന്നെ കൊറോണ വൈറസിന്റെ ജനിതക ഘടന, ചെറുത്തുനില്പ്പ്, സാമൂഹിക അകലം, വൈറ്റമിന് ഡി, ഇഞ്ചി, ചെറുനാരങ്ങ ജ്യൂസുകള്... ഇല്ലേയില്ല, നിരന്തരം കേട്ടുകേട്ട് മുട്ടിലിഴയുന്ന പൈതലിനു പോലും ഹൃദിസ്ഥമായ ആ വക ഉദ്ബോധനങ്ങള് ആവര്ത്തിക്കാനും, ഒരുമ്പെടുന്നില്ല.
The death of every man
diminishes me:
for I belong to humanity
(ഓരോ മരണവും എന്നില് നിന്ന് എന്തോ അടര്ത്തി മാറ്റുന്നു. എന്തെന്നാല് ഞാന് മാനവരാശിയുടെ ഭാഗമാണ്). എന്ന ജോണ്ഡണിന്റെ കവിതാ ശകലം, എത്ര അര്ത്ഥപൂര്ണം! ഇറ്റലിയിലോ സ്പെയിനിലോ, അമേരിക്കയിലോ, ഗള്ഫ് രാജ്യങ്ങളിലോ എവിടെ നിന്നാകിലും മരണ വൃത്താന്തങ്ങള് നമ്മെ വ്യസനത്തിലാഴ്ത്തുന്നു. വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും യൗവ്വനം കത്തിനിന്നിരുന്ന തരുണരുടെയും മുഖങ്ങള്. ആ നിശ്ചല ഛായാചിത്രങ്ങള്ക്കുമേല് അറിയാതെ തന്നെ നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖങ്ങള്... മനസ്സുകൊണ്ട് നമ്മള് സൂപ്പര് ഇംപോസ് ചെയ്തുപോവുന്നു. അങ്ങനെ അവരൊക്കെയും നമ്മുടെ അച്ഛനമ്മമാരോ, മക്കളോ, കൂടപ്പിറപ്പുകളോ ആയി പരിണമിക്കുന്നു. ആ സങ്കടങ്ങള് നമ്മുടേതുമായി തീരുന്നു.
പിന്നിട്ട പ്രളയ ദിനങ്ങളില്, ദുരവസ്ഥയുടെ ആക്കം കുറയ്ക്കാന്, സുമനസ്സുകള്ക്ക് കര്മ്മനിരതരാവാന് അവസരമുണ്ടായിരുന്നു. പ്രയാസമനുഭവിക്കുന്നവര്ക്ക് ഭക്ഷണം, വസ്ത്രം, ദ്രവ്യം ഇവ എത്തിക്കുക, സാമീപ്യം, സ്വാന്തനം ഇവ പകര്ന്നു നല്കുക എന്നിങ്ങനെ, ഓരോന്ന്... പക്ഷേ കോവിഡ് കാലത്തെ അവസ്ഥ പാടേ വ്യത്യസ്തം. വീട്ടിനുള്ളില് സദാനേരവും അടച്ചിരിക്കുക മാത്രമേ കരണീയമായുള്ളൂ. അതും സാമൂഹികബന്ധങ്ങളത്രയും പാടേ വിച്ഛേദിച്ച്. നമ്മുടെ ആദ്യത്തെ അനുഭവം.
പുറത്തിറങ്ങി യഥേഷ്ടം വിഹരിക്കല്, വൈകുന്നേരങ്ങളില് ഇഷ്ടക്കാരുമൊത്തു സൊറപറയല്, ബന്ധുഗൃഹങ്ങള് സന്ദര്ശിക്കല്, പ്രണയ സമാഗമങ്ങള് ഒക്കെ വിദൂര സ്മരണകളായി മാറിയിരിക്കുന്നു. ഏകാന്ത ദ്വീപില് ഒറ്റയ്ക്കുപെട്ടുപോയ അലക്സാണ്ടര് സെല്കിര്ക്കിനെ പോലെ, സാമൂഹിക ജീവിതം, ചങ്ങാത്തം, സ്നേഹബന്ധങ്ങള് ഇവയുടെ ഒക്കെ വില ഇന്നു നമ്മള് തിരിച്ചറിയുന്നു. പൊയ്പ്പോയ ആ സമ്മോഹന ദിനങ്ങളോര്ത്ത് നെടുവീര്പ്പിടുന്നു.
ആദ്യദിനങ്ങളില്, നിങ്ങളില് പലരുടെയും പോലെ എന്റെ ജീവിതവും അറുപതുകളിലെ ചില ബ്ലാക്ക് ആന്റ് വൈറ്റ് ന്യൂവേവ് സിനിമകള്ക്കു സമാനം പ്രായേണ വിരസവും സംഭവരഹിതവുമായങ്ങനെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. അപ്പോഴുണ്ട്, മിന്നാമിനുങ്ങിന്റെ തിരിവെട്ടവും കൊളുത്തി, ഇരുളില് ചിലര് പാറിയെത്തുന്നു! ആരെന്നോ, നര്മ്മത്തിന്റെ ഓലച്ചൂട്ടും മിന്നിച്ച് നമ്മുടെ സമൂഹമാധ്യമങ്ങളെ സജീവമാക്കുന്ന ട്രോളര്മാര്! ആക്ഷേപഹാസ്യത്തിന്റെ ഉസ്താദുമാര്! ട്രോള് എന്നു കേള്ക്കുന്ന മാത്രയില് ചിലരുടെ മുഖത്തെങ്കിലും, ഉദാസീനമായ ഒരു ചിറി കോട്ടിച്ചിരി ഞാന് കാണുന്നുണ്ട്. അങ്ങനെ ചുമ്മാതങ്ങു ചിരിച്ചു കളയാന് വരട്ടെ. ശ്രദ്ധാപൂര്വ്വം അപഗ്രഥിച്ചാല്, എത്ര സര്ഗ്ഗാത്മകമെന്നോ, ആ സറ്റയര് പ്രപഞ്ചം!
ലോക്ക് ഡൗണ് തുടങ്ങി രണ്ടാം നാള്. ആളുകള് അടച്ചുപൂട്ടി വീടുകള്ക്കുള്ളില്. നിരത്തുകളില് ആളനക്കമേയില്ല. അപ്പോഴുണ്ട്. അഖിലേന്ത്യാ തെരുവ്നായ് അസോസിയേഷന് സമ്മേളനം! വട്ടമേശക്കു ചുറ്റിലുമുള്ള ഇരിപ്പിടങ്ങളില് എക്സിക്യൂട്ടീവ് വേഷഭൂഷകളോടെ നായ്ക്കള്. ''എവിടെപ്പോയ് മറഞ്ഞൂ, ഈ മനുഷ്യന്മാരൊക്കെയും? ഒക്കേറ്റിനും കോര്പ്പറേഷന്കാര് പിടികൂടിയിരിക്കുമോ?'' വളരെ ഗൗരവപൂര്ണമായ ചര്ച്ച! സ്വര്ഗത്തിലിരുന്ന് നമ്മുടെ ജ്യോതിബസു താഴെ ഭൂമിയിലേക്കു നോക്കുമ്പോഴുണ്ട്, സകല ഫാക്ടറികളും അടച്ചുപൂട്ടിയിരിക്കുന്നു. 'ലോകമെമ്പാടും ഇപ്പോള് നമ്മുടെ ഭരണമാണല്ലേ?' അദ്ദേഹം വമ്പിച്ച ആമോദത്തോടെ യെച്ചൂരിയോടു ചോദിക്കുന്നു!സാമൂഹിക രാഷ്ട്രീയ രംഗങ്ങളില് സംഭവിക്കുന്ന സകലമാന ഗുലുമാലുകളും, അബദ്ധങ്ങളും വീരസ്യങ്ങളും അപ്പപ്പോള് കണ്ടുപിടിച്ച് പ്രഹരമേല്പിക്കുന്നുണ്ട്, സദാ ജാഗരൂകരായ ഈ ഹാസ്യസ്രാമാട്ടുകള്!
നാലുമാസം പഴക്കമുള്ള മത്സ്യം പിടിച്ചെടുത്തു എന്നു വാര്ത്ത. അന്നു രാത്രി തന്നെ ട്രോള് വിളംബരം: ''ഈസ്റ്ററിന് ഒരു സന്തോഷവാര്ത്ത. ക്രിസ്തുവിന്റെ കാലത്ത് ഗലീലി കടലില് നിന്നും പിടിച്ച മീനുകള് ലഭ്യം!'' അതിനിടയ്ക്ക് നിവര്ന്ന് നിന്ന്, മുന്കാലുകളാല് കണ്ണീര് തുടച്ചും കൊണ്ട് ഒരു പൂച്ചയുടെ പരിദേവനം: ''ഈച്ചരാ, മീനുകള്ക്കു കൊറോണ വരുത്തരുതേ!'' മദ്യപന്മാരാണ് ട്രോളുകളുടെ മേളം കൊഴുപ്പിക്കുന്ന കലാകാരന്മാര്. രോഗിക്ക് ജീവന് രക്ഷാമരുന്നു പോല് മധുപന്മാര്ക്ക് ലഹരി കൂടാതെ വയ്യല്ലോ. (അവശന്മാരാര്ത്തന്മാരവരുടെ സങ്കടം വിവരിയ്ക്കാനാണെങ്കില് പേജു പോര, ആ കദനപുരാണങ്ങള് ഇനിയൊരിക്കല്).ഒറ്റരാത്രി കൊണ്ടാണല്ലോ ബാറുകള് പൂട്ടിയത്. ഒന്നും കരുതി വെക്കാനും ആ സാധുക്കള്ക്ക് പറ്റിയില്ല. ദാഹാര്ത്തനായ ഒരു ചെറുപ്പക്കാരന് പീടികയില് ലിസ്റ്റു കൊടുക്കുന്നു. അഞ്ചു കിലോ ശര്ക്കര, നാലു കിലോ പഞ്ചസാര, യീസ്റ്റ്, പിന്നെ രണ്ടു ബാറ്ററിയും! അമ്മൂമ്മയ്ക്ക് കഷായം വെക്കാനാണത്രേ! വിവിധ ബ്രാന്ഡ് മദ്യക്കുപ്പികളെ കിനാവു കണ്ട് ഒരുവന് വിരഹഗാനം പൊഴിക്കുന്നു: ''അരികില് നീ ഉണ്ടായിരുന്നെങ്കില് എന്നു ഞാന് ഒരു മാത്ര വെറുതെ നിനച്ചുപോയി!''
ഇത്രയേറെ വിശ്വാസികളെ സുബോധത്തോടെ കണ്ട യേശു വിചാരിക്കയാണ്, ഉയിര്ത്തെഴുന്നേറ്റതില് പിന്നെ ഇതാദ്യത്തെ അനുഭവമാണല്ലോ എന്ന്! ''വ്യാപാരി വ്യവസായി ഏകോപന സമിതി സകല കച്ചവട സ്ഥാപനങ്ങളും അടച്ചിടുന്നു'' എന്ന് തലക്കെട്ട്. ചുവട്ടില് സകലമാന മതമേലധ്യക്ഷന്മാരും ആള്ദൈവങ്ങളും നിരനിരയായങ്ങനെ നിലകൊള്ളുന്നു! വീട്ടുപണി ചെയ്യാന് നിര്ബന്ധിതരായിത്തീര്ന്ന ചില കുഴിമടിയന് ഭര്ത്താക്കന്മാര്. അത്തരമൊരാള് വാതില്പ്പടിമേല് നിന്നു കൊണ്ടു ചിന്തിക്കയാണ്. ''ഈശ്വരാ അകത്തു ഭാര്യ, പുറത്തു കൊറോണ! എന്തു ചെയ്വൂ ഞാന്?'' കെങ്കേമിയായ ഒരു ഭാര്യ പ്രധാനമന്ത്രിയോടു ഫോണില്: ''മോദിജീ ലോക്ക്ഡൗണ് കുറച്ചുകൂടി നീട്ടു, ഇവിടെ സ്ഥിതിഗതികള് ഒട്ടും ആശാവഹമല്ല!'' നോക്കുമ്പോള് അടുക്കള മൂലയില് വിയര്ത്തുകുളിച്ച് ഒരു കുന്ന് അഴുക്കു പാത്രങ്ങളുമായി മല്ലിടുന്ന പരവശനായ ഒരു ഭര്ത്താവ്!
'സ്പിന്ക്ലര്' എന്ന് ഉച്ചരിക്കാന് പെടാപ്പാടുപെട്ട ഒരു നേതാവ് ക്ഷീണിച്ച് അവശനായി ആസ്പത്രിയിലായത്രേ! ഉഴുന്നുവട ആദ്യമായി കാണുന്ന പൊങ്ങച്ചക്കാരനായ മറുനാടന് മലയാളി, ഒരു വയസ്സില് ഓടാനും ഒന്നര വയസ്സില് ആഴമുള്ള വെള്ളത്തില് ഡൈവു ചെയ്യാനും പരിശീലനം നേടിയെന്നവകാശപ്പെടുന്ന യുവതാരം. ഇവരൊക്കെ എത്ര പെട്ടെന്നാണോ വൈറല് ആയത്! പതിനേഴാം നൂറ്റാണ്ടോടെ ഇന്ത്യയില് പ്രചാരത്തിലായ മിനിയേച്ചര് പെയിന്റിംഗുകള്: വളരെ ചെറിയ പ്രതലത്തില് വിശാലമായ ജീവിതരംഗം അവധാനതയോടെ പകര്ത്തിവെക്കുന്ന ചിത്രകലാശൈലി. അതുപോലെ ഏതാനും സെക്കന്റുകള്, അല്ലെങ്കില് ഒന്നോ രണ്ടോ മിനിറ്റുകള് കൊണ്ട് ഈ ഭാവനാശാലികള് കാണാമറയത്തിരുന്ന് വാചാലമായ ഒരു ദൃശ്യമോ സന്ദേശമോ തൊടുത്തുവിടുന്നു. സിനിമകളില് നിന്ന് അനുയോജ്യമായ വിഷ്വലുകൾ അടര്ത്തിയെടുത്ത് ഉചിതമായ ഗാനശകലങ്ങളെയും കഥാപാത്രങ്ങളെയും സമന്വയിപ്പിച്ച് കുറിക്കു കൊള്ളുന്ന അടിക്കുറിപ്പുമായി പ്രത്യക്ഷപ്പെടുന്ന മിനിയേച്ചര് സൃഷ്ടികള്... അവ ഒരേ സമയം നമ്മെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്നു. സര്ഗ്ഗധനരായ ആ കലാകാരന്ന്മാര് എല്ലായ്പ്പോഴും യവനികയ്ക്കു പിന്നിലാണ്. ട്രോളര്മാര് എന്ന നിസ്സംഗ സംബോധനയിലൂടെയല്ലാതെ അവരെ നമ്മള് കാണുന്നില്ല. പേരുകള് പോലും അറിയുന്നില്ല.
സോഷ്യല് മീഡിയകളിലൂടെ ഉശിരന് സാമൂഹിക വിമര്ശനം നടത്തുകയും ഈ വിരസ മൗഢ്യദിനങ്ങളെ നര്മ്മോക്തികളാല് പ്രകാശപൂര്ണമാക്കുകയും ചെയ്യുന്ന ഈ അജ്ഞാതകലാകാരന്മാര്ക്ക് നമോവാകം! ഇത്തരുണത്തില് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള് നീറോ ചക്രവര്ത്തി വീണ വായിക്കയോ? അതീവ ഗുരുതരമായ ഈ വിഷമഘട്ടത്തില് ഇത്തരം സരളചിന്തകള്ക്കും ഹാസ്യനുറുങ്ങുകള്ക്കും എന്തു പ്രസക്തിയെന്ന്. കാര്യങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാനാണ് ഞാന് ആഗ്രഹിക്കുന്നത്. രാപകല് ദുരന്ത വാര്ത്തമാനങ്ങള്, കൊറോണയുടെ ഭീകരത. ആസന്നമായ സാമ്പത്തിക തകര്ച്ച ഇവയൊക്കെ കേട്ടുകേട്ട് പലരും വിഷാദഗ്രസ്തരായിരിക്കുന്നു. സംഘര്ഷം താങ്ങാനാവാതെ ചിലര് ആത്മഹത്യയില് അഭയം തേടുന്നു. നമുക്ക് പരിഹരിക്കാനാവാത്ത വമ്പന് പ്രശ്നങ്ങളെച്ചൊല്ലി വൃഥാ വിലപിച്ചിട്ട് എന്തു ഫലം? എന്റെ മൂക്കു മക്കളും മൂന്നു വ്യത്യസ്ത ഭൂഖണ്ഡങ്ങളില്. അവിടങ്ങളിലെല്ലാം കൊറോണ പടര്ന്നെത്തിക്കഴിഞ്ഞു. വീടുവിട്ട് വിദൂര ദിക്കുകളില് കഴിയുന്ന പ്രിയപ്പെട്ടവരൊക്കെയും സുരക്ഷിതരായി മടങ്ങിയെത്തും വരെ നമ്മുടെ മനസ്സുകള് അശാന്തമായിരിക്കും.
പക്ഷേ അന്തമില്ലാത്ത ആകുലചിന്തകളില് നിന്ന് വ്യതിചലിക്കുവാനായി നമുക്ക് ക്രിയാത്മകമായ എന്തിലെങ്കിലും മുഴുകിയേ തീരൂ. വായന, സംഗീതം, സിനിമ, ധ്യാനം, കൃഷിപ്പണി, ഇഷ്ടജനങ്ങളുമായി സമ്പര്ക്കം, സ്വസ്ഥം ചാഞ്ഞിരുന്നു ദിവാസ്വപ്നം കാണല്, വിശ്വാസികളെങ്കില് പ്രാര്ത്ഥന... അവനവന്റെ അഭിരുചിയ്ക്കിണങ്ങിയ എന്തിലെങ്കിലും. എല്ലാ ഇരുള് രാത്രികളെയും പോല്, ഈ ദുര്ഭഗമായ കാലഘട്ടവും കടന്നുപോകും. മുറിവുകള് അവശേഷിക്കുമെങ്കിലും വീണ്ടും നാം ഉയിര്ത്തെണീക്കും. ക്ഷതമേറ്റ പോരാളികളെപ്പോല്, ജീവിതം വീണ്ടെടുക്കും. വിദൂരതയിലിരുന്നും കൊണ്ട് നിങ്ങളുടെ നെറ്റിമേല് ഞാനൊരു സ്നോഹാര്ദ്ര ചുംബനമര്പ്പിക്കുന്നു...
തത്ക്കാലം വിട..
Content Highlights: Malayalam writer Rosemary life in the time of corona
Published: 24 Apr 2020, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented