ഒരു ദിവസം ഞാന്‍ ജോര്‍ബാഗ് മാര്‍ക്കറ്റിനുമുന്നിലൂടെ ലോധി ഗാര്‍ഡന്‍സിലേക്ക് നടക്കുമ്പോള്‍, ഈശ്വരാ, ജി. അരവിന്ദന്‍ എന്റെ നേരേ നടന്നുവരുന്നു.
അക്കാലത്ത് ഡല്‍ഹിയിലെ റബ്ബര്‍ ബോര്‍ഡ് ഓഫീസിലായിരുന്നു അരവിന്ദന് പണി. റബ്ബര്‍ ബോര്‍ഡിന്റെ ഓഫീസ് ജോര്‍ബാഗിലായിരുന്നു. അന്ന് അരവിന്ദന്‍ താടിയും മുടിയും വളര്‍ത്തിയിരുന്നില്ല. നല്ല ഉയരമുള്ള, ഭംഗിയായി പാന്റും ഷര്‍ട്ടും ധരിച്ച, സുമുഖനായ ഒരു യുവാവ്. അരവിന്ദന്‍ സിനിമ സംവിധാനംചെയ്തുതുടങ്ങിയ ശേഷമാണ് താടിയും മുടിയും വളര്‍ത്തിയതും അശ്രദ്ധയോടെ കുപ്പായങ്ങള്‍ ധരിക്കാന്‍ തുടങ്ങിയതും.
ജോണ്‍ എബ്രഹാം ആദ്യം താടിയും മുടിയും വളര്‍ത്തുകയും വൃത്തിഹീനനായി നടക്കുകയുംചെയ്തു. അതിനുശേഷമാണ് സിനിമ സംവിധാനം ചെയ്യാന്‍ തുടങ്ങിയത്.

ജി. അരവിന്ദനും ജോണ്‍ എബ്രഹാമും തമ്മിലുള്ള മൗലികമായ വ്യത്യാസം അതാണ്.
അറുപതുകളിലും എഴുപതുകളിലും എഴുത്തുകാരും ചലച്ചിത്രകാരന്മാരും കലാകാരന്മാരും താടിയും മുടിയും വളര്‍ത്തി നടക്കണമെന്ന ഒരു അലിഖിത നിയമമുണ്ടായിരുന്നല്ലോ. ആ നിയമം നൂറുശതമാനവും പാലിച്ചത് ജി. അരവിന്ദനും ജോണ്‍ എബ്രഹാമും കവി എ. അയ്യപ്പനുമായിരുന്നു. ഖസാക്കിന്റെ ഇതിഹാസം എഴുതുന്നതിനുമുമ്പ് വൂളന്‍ പാന്റും പരിഷ്‌കൃതരീതിയില്‍ തയ്പിച്ച കോട്ടും ധരിച്ച്, കൈയില്‍ ബാഗുമായി, ഒരു കമ്പനി ചീഫ്
എക്‌സിക്യുട്ടീവിനെപ്പോലെയാണ് വിജയന്‍ കൊണാട്ട് പ്ലെയിസിലൂടെ നടന്നത്. ഖസാക്ക് എഴുതിയതോടെ വിജയന്‍ ക്രമേണ ആ വേഷം ഉപേക്ഷിച്ചു. കണങ്കാലിനുമുകളില്‍ കയറ്റിയുടുത്ത ഒറ്റമുണ്ടും കുര്‍ത്തയുമായിരുന്നു പിന്നീട് വിജയന്റെ വേഷം. താടിയും മുടിയും വളര്‍ത്തുകയുംചെയ്തു. കുറെക്കാലത്തിനുശേഷം ആ രൂപത്തിലുള്ള വിജയനെ കേമറയില്‍ പകര്‍ത്തിയാണ് പ്രശസ്ത ഛായാഗ്രാഹകന്‍ കെ.ആര്‍. വിനയന്‍ ഒരു അനശ്വരഫോട്ടോ നിര്‍മിച്ചത്.
എഴുത്തുകാരനായതോടെ ഞാനും ഒ.വി. വിജയനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ തലയില്‍ വെളിച്ചെണ്ണ തേയ്ക്കാതെ പാറിപ്പറക്കുന്ന വളര്‍ന്ന തലമുടിയും തോളില്‍ ഒരു വലിയ തുണിസഞ്ചിയുമായി നടക്കാന്‍ തുടങ്ങി. അതായിരുന്നു മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എഴുതിയ എഴുത്തുകാരന് ചേര്‍ന്ന വേഷം. പക്ഷേ, എംബസി ഉദ്യോഗസ്ഥനുചേര്‍ന്ന വേഷമായിരുന്നില്ല അത്. അങ്ങനെ നടന്നാല്‍ എംബസിയുടെ പടി കയറാന്‍ കഴിയില്ലായിരുന്നു. അവരെന്നെ പുറത്ത് തടഞ്ഞുനിര്‍ത്തും. അതുകൊണ്ട് ഞാന്‍ തലമുടി വെട്ടി, മുടി വെളിച്ചെണ്ണതേച്ച് ചീകിമിനുക്കി, ഇസ്തിരിയിട്ട, ചുളിവുകള്‍വീഴാത്ത ഷര്‍ട്ടും പാന്റും കണ്ണാടിപോലെ പോളിഷ് ചെയ്ത് മിനുക്കിയ ഷൂസും ധരിച്ച് ഓഫീസിലേക്കുപോയി.

ചിത്രകാരന്മാരായ പാരീസ് വിശ്വനാഥനും അക്കിത്തം നാരായണനും എംബസിയില്‍ ജോലിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിശ്വനാഥന്‍ സായിബാബയെപ്പോലെ മുടി വളര്‍ത്തിയും അക്കിത്തം നാരായണന്‍ ഊശാന്‍താടി വളര്‍ത്തിയും യഥാര്‍ഥ കലാകാരന്മാരുടെ രൂപങ്ങളില്‍ നടന്നത്.
അവരൊക്കെ അങ്ങനെ സ്വതന്ത്രരായി നടക്കുന്നതുകണ്ട്, എംബസിയിലെ ജോലി ഉപേക്ഷിച്ച് അവരെപ്പോലെ താടിയും മുടിയും വളര്‍ത്തി തോന്നിയതുപോലെ നടന്നാലോ എന്ന് ചിലപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു. ജോലിയാണ് എനിക്ക് അന്നം നല്‍കിയത്. ജോലിയില്ലെങ്കില്‍ എനിക്ക് പട്ടിണികിടക്കേണ്ടിവരുമായിരുന്നു. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ബാബാ ഖരക് സിങ് മാര്‍ഗിലെ ഗുരുദ്വാരയില്‍ യാചകരോടൊപ്പമിരന്ന് വല്ലതും തിന്ന് വിശപ്പടക്കേണ്ടിവരുമായിരുന്നു. വിശപ്പാണ് മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ പ്രശ്‌നം. എല്ലാ ദാര്‍ശനികവ്യഥകളെക്കാളും അസഹനീയമാണ് വിശപ്പിന്റെ വ്യഥ.
''സാര്‍ത്രിനെ നാലോ അഞ്ചോ ദിവസം ഭക്ഷണവും വെള്ളവും കൊടുക്കാതെ ഒരു മുറിയില്‍ പൂട്ടി പട്ടിണിക്കിട്ടിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ
എക്‌സിസ്റ്റന്‍ഷ്യലിസം ഉണ്ടാകില്ലായിരുന്നു'' -എന്നിലെ അന്വേഷി പറഞ്ഞു.
വിശക്കുന്ന മനുഷ്യര്‍ തത്ത്വചിന്തകരോ ദാര്‍ശനികരോ ആകാതെ, മാര്‍ക്‌സിസ്റ്റുകാരാകും. ഇംഗ്ലണ്ടിലെ ജീവിതകാലത്ത് മാര്‍ക്‌സും കുടുംബവും കഠിനമായ ദാരിദ്ര്യം അനുഭവിച്ചിരുന്നു.
മാര്‍ക്‌സുതന്നെ പറഞ്ഞിട്ടുണ്ട്, താനൊരു മാര്‍ക്‌സിസ്റ്റല്ലെന്ന്. -എന്നിലെ കുരുത്തംകെട്ടവന്‍ പറഞ്ഞു.
''ക്യൂബിസത്തിന് ജന്മംനല്‍കിയ പിക്കാസോവും അതുതന്നെ പറഞ്ഞിട്ടുണ്ട്, താനൊരു ക്യൂബിസ്റ്റല്ലെന്ന്'' -എന്നിലെ കുരുത്തംകെട്ടവന്‍ തുടര്‍ന്നു.
ചിലപ്പോള്‍ എനിക്കുതോന്നാറുണ്ട്, ഞാന്‍ ആധുനിക സാഹിത്യകാരന്‍ മാത്രമല്ല, ഒരു കുരുത്തംകെട്ട സാഹിത്യകാരന്‍കൂടിയാണെന്ന്.
കാക്ക പാറി വന്നു, പാറമേലിരുന്നു
കാക്ക പാറി പോയി, പാറ ബാക്കിയായി.

കുഞ്ഞുണ്ണിമാഷ് ഒരു വടി കുത്തിനടന്ന് എന്റെ വീട്ടിലേക്ക് കയറിവന്നു. ഗെയിറ്റിന്റെ ഒരു വശത്ത് ഒരു മുരിങ്ങമരമുള്ള വീടായിരുന്നു അത്. മുരിങ്ങയുടെ പൂക്കളും ഇലകളും സദാ നിലത്ത് ചിതറിക്കിടക്കുന്നുണ്ടാകും. എത്രതവണ തൂത്തുവാരിയാലും, വീണ്ടും ഇലകളും പൂക്കളും കൊഴിഞ്ഞുവീഴും. ചില പൂക്കള്‍ക്കും ഇലകള്‍ക്കും മുകളില്‍ മരക്കൊമ്പുകളില്‍ ഇരിക്കുന്നതിലേറെ ഇഷ്ടം താഴെ മണ്ണില്‍ കിടക്കുന്നതാണ്.
ജോര്‍ബാഗിലെ റബ്ബര്‍ ബോര്‍ഡ് ഓഫീസിന്റെ മുറ്റത്തും ഒരു മുരിങ്ങമരമുണ്ടായിരുന്നു.
''ഞാന്‍ എം. മുകുന്ദനാണ്. കുറേശ്ശ കഥകള്‍ എഴുതുന്നുണ്ട്'' - റബ്ബര്‍ ബോര്‍ഡിന്റെ ഓഫീസിലെ വരാന്തയില്‍ നില്‍ക്കുന്ന അരവിന്ദന്‍ ഒന്നും പറയാതെ ചെറുതായൊന്ന് മന്ദഹസിക്കുകമാത്രം ചെയ്തു.
''നാട്ടിലായിരുന്നപ്പോള്‍ ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുന്നത് കാത്തിരിക്കും. ഞാനും ചങ്ങാതിമാരും ഒന്നിച്ചിരുന്നാണ് ചെറിയ മനുഷ്യരും വലിയ ലോകവും കണ്ടിരുന്നത്. ഞങ്ങള്‍ക്കത് ഒരു ഹരമായിരുന്നു.''
അരവിന്ദന്‍ ചെറുതായൊന്ന് മന്ദഹസിച്ചു. ഒന്നും പറഞ്ഞില്ല.

എം.ടി.യെക്കാളും വലിയ മൗനിയായിരുന്നു അരവിന്ദന്‍. എം.ടി. ഇഷ്ടപ്പെട്ട ആളുകളെ കണ്ടാല്‍ ഇത്തിരി സംസാരിച്ചെന്നുവരാം. അരവിന്ദന്‍ ആരെക്കണ്ടാലും, ദൈവംവന്ന് മുമ്പില്‍ നിന്നാലും ഒരക്ഷരം ഉരിയാടില്ല. ചിരിക്കുകമാത്രം ചെയ്യും. പക്ഷേ, ചിരിയുടെ കാര്യത്തില്‍ എം.ടി.യുടെ പിശുക്ക് അരവിന്ദനുണ്ടായിരുന്നില്ല. ശബ്ദമില്ലാതെയാണ് അരവിന്ദന്‍ ചിരിച്ചിരുന്നത്.
പണ്ട് ഞാനും ഒരു മിണ്ടാപ്പൂച്ചയായിരുന്നു. എംബസിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ സംസാരപ്രിയനായത്. വളരെയധികം സംസാരിക്കുന്നവരാണ് ഫ്രഞ്ചുകാര്‍. അവരുടെകൂടെ മുപ്പത്തിയാറ് വര്‍ഷം ജോലിചെയ്ത് ഞാനും ഒരു വായാടിയായി. എംബസി ഞാനെന്ന മിണ്ടാപ്പൂച്ചയെ വായാടിയാക്കി.
എംബസി എന്നെ അങ്ങനെ പലതുമാക്കിയിരുന്നു. ഇതാ ഇങ്ങനെയൊക്കെ. മുണ്ട് മടക്കിക്കുത്തി നടന്ന എന്നെ കോട്ടും ടൈയും ധരിച്ച് നടക്കുന്ന ഒരു കോമാളിയാക്കി.
മുഖത്ത് വെയില്‍ വീഴുന്നതുവരെ പുതച്ചുമൂടിക്കിടന്ന് ഉറങ്ങുന്ന എന്നെ പുലര്‍ച്ചെ നാലുമണിക്ക് വിളിച്ചുണര്‍ത്തി ജോലിചെയ്യിച്ചു.
കഞ്ഞികുടിച്ചുവളര്‍ന്ന എന്നെ വീഞ്ഞും ചീസും കഴിക്കുന്നവനാക്കി. ബീഡി വാങ്ങി വലിക്കാന്‍പോലും കൈയില്‍ കാശില്ലാതിരുന്ന എന്നെ ദിവസം ഇരുപത് ഡണ്‍ഹില്‍ സിഗരറ്റ് വലിപ്പിച്ച് ഏക്കക്കാരനാക്കി.
സദാ പച്ചമലയാളം പറഞ്ഞുനടന്നിരുന്ന എന്നെ ദിവസം എട്ടുമണിക്കൂര്‍ ഫ്രഞ്ച് പറയുന്നവനാക്കി.
പട്ടിണി കിടക്കുന്നവരെക്കുറിച്ച് കഥയെഴുതുന്ന ഒരു പാവം എഴുത്തുകാരനായി സമാധാനത്തോടെ കഴിയുന്ന എന്നെക്കൊണ്ട് കുഴപ്പം പിടിച്ച കഥകളും നോവലുകളും എഴുതിച്ച് എന്നെ ആധുനിക സാഹിത്യകാരനാക്കി.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഓട്ടുമെഡല്‍പ്പോലും വാങ്ങിയിട്ടില്ലാത്ത എന്നെ നെഞ്ചില്‍ ഷെവലിയര്‍മുദ്ര ചാര്‍ത്തി നടക്കുന്നവനാക്കി.
കുട്ടിക്കാലംമുതല്‍ കമ്യൂണിസ്റ്റുകാരനായിരുന്ന എന്നെ എക്‌സിസ്റ്റന്‍ഷ്യലിസ്റ്റാക്കി.
എക്‌സിസ്റ്റന്‍ഷ്യലിസ്റ്റായ എന്നെ വീണ്ടും കമ്യൂണിസ്റ്റുകാരനാക്കി.
അങ്ങനെ എന്തൊക്കെ, ആരൊക്കെ...
കാവിമുണ്ട് കയറ്റിയുടുത്ത്, കഴുത്തില്‍ ഒരു രുദ്രാക്ഷമാലയിട്ട്, കട്ടിയുള്ള കണ്ണടവെച്ചാണ് കുഞ്ഞുണ്ണി മാഷ് എന്റെ വീട്ടില്‍ വന്നത്. ഞാന്‍ ആദ്യമായാണ് മാഷെ കാണുന്നത്. ആദ്യനോട്ടത്തില്‍ത്തന്നെ, മുമ്പേ എനിക്ക് കുഞ്ഞുണ്ണിമാഷോട് തോന്നിയിരുന്ന സ്‌നേഹം ആഴപ്പെട്ടു. എന്നെക്കാളും ചെറിയൊരു ശരീരത്തിന്റെ യജമാനനായിരുന്നു മാഷ്. എം.എന്‍. വിജയന്‍ മാഷെപ്പോലെയും അഴീക്കോട് മാഷെപ്പോലെയും സാനു മാഷെപ്പോലെയും എം.എന്‍. കാരശ്ശേരി മാഷെപ്പോലെയും കുഞ്ഞുണ്ണി മാഷ് ഒരു അധ്യാപകനാണെങ്കിലും അദ്ദേഹത്തിന് അവരുടെ തലയെടുപ്പുണ്ടായിരുന്നില്ല. കുഞ്ഞുണ്ണി മാഷ് എന്നും കുഞ്ഞുണ്ണിയായിത്തന്നെയാണ് ജീവിച്ചത്. ഋഷികേശിലുംമറ്റും ആത്മീയസഞ്ചാരങ്ങള്‍ചെയ്ത് വന്ന കുഞ്ഞുണ്ണിമാഷ് ക്ഷീണിച്ചിരുന്നു. ശ്രീജ മാഷ്‌ക്ക് ഒരു ഗ്ലാസ് ഐസിട്ട് തണുപ്പിച്ച നാരങ്ങവെള്ളം നല്‍കി. മാഷ് അതുകുടിച്ച് കഴുത്തില്‍ ചുറ്റിയ തോര്‍ത്തെടുത്ത് വീശി. ആത്മാവുകളുടെ വലിയ ആള്‍ക്കൂട്ടങ്ങള്‍ ജീവിക്കുന്ന ഋഷികേശിലും ഹരിദ്വാറിലുമൊക്കെ എന്നും തണുപ്പാണ്. അവിടെനിന്നുവന്ന മാഷ്‌ക്ക് വിയര്‍ക്കുന്നത് സ്വാഭാവികം. കഠിനമായ ഉഷ്ണവും അതിശൈത്യവും മാറി മാറി വരുന്ന നഗരമാണല്ലോ ഡല്‍ഹി.
''മാഷ്‌ക്ക് കെടക്കണോ?''
-ശ്രീജ ചോദിച്ചു.
''വേണ്ട'' -മാഷ് പറഞ്ഞു.
ചെറിയ വാചകങ്ങളിലാണ് മാഷ് സംസാരിച്ചത്. ഹൈക്കു കവിത പോലെയായിരുന്നു അത്. മാഷുടെ കവിതകളും അങ്ങനെയായിരുന്നല്ലോ.
''മാഷുതന്നെയാണ് മാതൃഭൂമിയില്‍ കുട്ടികള്‍ക്കുവേണ്ടി എഴുതുന്ന കുട്ടേട്ടനെന്ന് ഞാനറിഞ്ഞത് വളരെ വൈകിയാണ്.''
'കുട്ട്യേള്‍ക്ക് കുഞ്ഞുണ്ണി മാഷെ അറീല്ല്യ ട്ടോ. അവര്‍ക്ക് അറീന്നത് കുട്ടേട്ടനേയാ''.
കുട്ടികള്‍ക്കുവേണ്ടി കുട്ടേട്ടനായും മുതിര്‍ന്നവര്‍ക്കുവേണ്ടി കുഞ്ഞുണ്ണി മാഷായും എഴുതുന്ന കവിയെ ഞാന്‍ നമിച്ചു. ഒരു പേരില്‍ കുട്ടിയും മറുപേരില്‍ കുഞ്ഞുമുണ്ട്. നമിക്കുകയല്ല, താലോലിക്കുകയാണ് ചെയ്യേണ്ടതെന്ന് തോന്നി. ശരീരത്തിലും പേരിലും കുട്ടിയും കുഞ്ഞുമുണ്ടെങ്കിലും മാഷ് ഒരു ഋഷിപുംഗവനായാണ് എനിക്ക് കാണപ്പെട്ടത്.
ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചിരുന്നു. അതിനുശേഷം മാഷ് ഇത്തിരിനേരം കിടന്ന് വിശ്രമിച്ചു. ശ്രീജ മാഷ്‌ക്കുവേണ്ടി സസ്യാഹാരം പാചകംചെയ്യാനായി അടുക്കളയിലേക്കുകയറി. അവിടെ ഒരു കുട്ടയില്‍ ബീറ്റ്‌റൂട്ടും കാരറ്റും മുള്ളങ്കിയും തക്കാളിയുമുണ്ട്.
1984-ല്‍ ആയിരുന്നു അത്.
കുട്ടികള്‍ക്കുവേണ്ടി എഴുതാന്‍ ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. മുതിര്‍ന്നവര്‍ക്കുവേണ്ടി എഴുതുന്നതിനെക്കാള്‍ പ്രയാസമാണ് കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത്. അതുകൊണ്ട് എഴുത്ത് നീട്ടിക്കൊണ്ടുപോയി. അങ്ങനെയിരിക്കവേ ഉഷ്ണരാശി നോവലിന്റെ കര്‍ത്താവ് കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു: ''വിദ്യാരംഗം മാസികയില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു പംക്തി എഴുതിക്കൂടേ? ധാരാളം അനുഭവങ്ങളുള്ള ആളല്ലേ മുകുന്ദേട്ടന്‍?''
അന്ന് വിദ്യാഭ്യാസ മേലധ്യക്ഷനായിരുന്നു കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ്. അങ്ങനെയാണ് ഞാന്‍ മുകുന്ദേട്ടന്റെ കുട്ടികള്‍ എന്ന പംക്തി എഴുതാന്‍ തുടങ്ങിയത്. കുറെ എഴുതി. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അത് പുസ്തകമാക്കി. കെ. ജയകുമാര്‍ ഐ.എ.എസ്. വിധികര്‍ത്താവായ കമ്മിറ്റി അതിന് ഭീമ ബാലസാഹിത്യപുരസ്‌കാരം നല്‍കുകയും ചെയ്തു. അങ്ങനെ ഞാനൊരു ബാലസാഹിത്യകാരനായി. അത് കാണാന്‍ കുഞ്ഞുണ്ണിമാഷുണ്ടായിരുന്നില്ല. അപ്പോഴേക്ക് മാഷ് എന്നേക്കുമായി പോയിട്ട് ഒന്നരപ്പതിറ്റാണ്ട് തികഞ്ഞിരുന്നു.
കുഞ്ഞുണ്ണിമാഷെക്കാളും എട്ടുവയസ്സ് കുറവായിരുന്നു ജി. അരവിന്ദന്. എന്നിട്ടും കുഞ്ഞുണ്ണിമാഷെക്കാളും പതിനഞ്ചുവര്‍ഷംമുമ്പ് അരവിന്ദന്‍ പോയി. മരണംവരുന്നത് പ്രായം നോക്കിയല്ലല്ലോ.
റബ്ബര്‍ ബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് അരവിന്ദന്‍ നാട്ടിലേക്കുമടങ്ങി.
ഞാന്‍ നാട്ടില്‍ അവധിയില്‍ ചെന്നപ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെകൂടെ അരവിന്ദനെ കാണാനായി കോഴിക്കോട്ട് മഹാറാണി ഹോട്ടലില്‍ പോയി. അപ്പോള്‍ അവിടെ എം.ടി.യും പട്ടത്തുവിള കരുണാകരനുമുണ്ടായിരുന്നു. ഞാന്‍ അവിടെക്കണ്ട അരവിന്ദന്‍ റബ്ബര്‍ ബോര്‍ഡ് ഓഫീസില്‍വെച്ചുകണ്ട അരവിന്ദനില്‍നിന്ന് വ്യത്യസ്തനായ ഒരാളായിരുന്നു. അരവിന്ദന്‍ ഒരുപാട് സംസാരിക്കുന്നു. നാവ് കുഴയുന്നുണ്ട്. ചുറ്റും സാന്ദ്രമായ മണവും ബീഡിപ്പുകയുമുണ്ടായിരുന്നു.
''എഴുത്തുകാര്‍ എപ്പോഴും എല്ലാവരില്‍നിന്നും അകലം പാലിക്കണം''
-എം.ടി. പറഞ്ഞു.

പണ്ടെന്നോ ഞാന്‍ കേട്ട എം.ടി.യുടെ ആ വാക്കുകള്‍ ഞാന്‍ മനസ്സില്‍ ചില്ലിട്ടുസൂക്ഷിച്ചുവെക്കുകയുണ്ടായി. പല രാജ്യങ്ങളിലും സഞ്ചരിച്ചപ്പോള്‍ അവിടത്തെ വലിയ എഴുത്തുകാര്‍ അങ്ങനെ അകലം പാലിക്കുന്നവരാണെന്ന് ഞാന്‍ കണ്ടു. ചിന്തയിലും പെരുമാറ്റങ്ങളിലും ലോകമാതൃകകള്‍ സൂക്ഷിക്കുന്ന ഒരേയൊരു എഴുത്തുകാരനേ നമുക്കുള്ളൂ, അത് എം.ടി.യാണ്. പ്രതിഭയും സോഫിസ്റ്റിക്കേഷനുമാണ് നൊബേല്‍ സമ്മാനത്തിനുള്ള മാനദണ്ഡങ്ങള്‍. അതുരണ്ടും ആരിലെങ്കിലും വേണ്ട അളവിലുണ്ടെങ്കില്‍, അത് എം.ടി.യിലാണ്. നൊബേല്‍ സാഹിത്യപുരസ്‌കാരം നിര്‍ണയിക്കുന്നത് സ്വീഡിഷ് അക്കാദമി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിദഗ്ധസമിതിയാണ്.
ജ്ഞാനപീഠം സാഹിത്യപുരസ്‌കാരം ഇപ്പോള്‍ തീരുമാനിക്കുന്നത് ദൈവങ്ങള്‍മാത്രം അംഗങ്ങളായുള്ള ഒരു വിദഗ്ധസമിതിയാണ്.

എം. മുകുന്ദന്‍ എഴുതുന്ന എന്റെ എംബസ്സിക്കാലം പൂര്‍ണമായും വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യൂ...
Content Highlights: m mukundan weekend column ente embassykkalam
Published: 17 Mar 2024, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented