
അതിജീവനത്തിന്റെ അവസാന കണിക വരെ പോരാടി. കഴിയുന്നില്ല. ഇനി ജീവിച്ചിരിക്കുക മരണമാണ്. ഈ ചിന്താഗതി, തന്റെയൊരു മിഥ്യാബോധം മാത്രമാണെന്നറിയുമായിരുന്നിട്ടും നോറാ സീഡ് എന്ന വിഷാദവതിയായ സ്ത്രീ ആത്മഹത്യ ചെയ്യാനാണ് തീരുമാനിക്കുന്നത്. മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള നിഗൂഢമായ ഒരഭയകേന്ദ്രത്തില്‍, ആ ആത്മഹത്യാശ്രമത്തിനിടെയാണ് നോറ എത്തിച്ചേരുന്നത്. അതൊരു ലൈബ്രറിയായിരുന്നു.
തന്റെ മാനസികവ്യഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായകമായ വിധത്തില്‍, ബാല്യകാലത്തെ ലൈബ്രറിയുടെ ചുമതലയുള്ള മിസിസ് എല്‍മിനെ അവിടെ കണ്ടെത്തുകയാണ് നോറ. ദശലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ആ ലൈബ്രറിയുടെ അലമാരകളില്‍ നിന്നും അലമാരകളിലേക്കുള്ള പുസ്തകയാത്രകളിലൂടെ നോറ കണ്ടെത്തുന്നത് നിര്‍ണായകവും സങ്കീര്‍ണവുമായ തന്റെ ജീവിതഘട്ടങ്ങളിലെ പരീക്ഷണ പതിപ്പുകളെയാണ്. വ്യത്യസ്തമായ സമാന്തര ജീവനമെന്താകണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ തുറന്നിട്ടുകൊണ്ടുള്ള ജീവിത സാധ്യതകളുടേതായിരുന്നു അവയോരൊന്നും. ഓരോന്നോരോന്നായി പരീക്ഷിച്ചും അനുഭവിച്ചും ആ സമാന്തര ലോകത്തെ അടുത്തറിഞ്ഞ് പുതിയ ജീവിത പാഠങ്ങള്‍ അറിയുകയാണ് നോറ.
എന്തെന്തു കാരണങ്ങള്‍ കൊണ്ടാണ് താനിനി ജീവിതത്തിലേക്ക് മടങ്ങേണ്ടത്? എങ്ങനെയാകണം ഇനി ജീവിതം തുടരേണ്ടത്?. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനൊപ്പം എന്താണ് യഥാര്‍ത്ഥ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നതെന്ന് തിരിച്ചറിയുക കൂടിയാണ് നോറ. ജീവിച്ചിട്ടും ജീവിക്കാനാകാത്ത ജീവിതത്തെ പ്രായോഗികമായി സമീപിക്കാനും ജീവിക്കാതെ തന്നെ ജീവിക്കാനാകുന്ന ജീവിതം അനുഭവിച്ചറിയാനും വായനയെന്ന പുസ്തക സഞ്ചാരമാര്‍ഗം കണ്ടെത്തി മുന്നോട്ട് പോവുകയാണ് നോറ.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മാറ്റ് ഹെയ്ഗ് എഴുതി 2020-ല്‍ പ്രസിദ്ധീകരിച്ച് ബെസ്റ്റ് സെല്ലറായി മാറിയ 'ദി മിഡ് നൈറ്റ് ലൈബ്രറി' എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് നോറ. ബി.ബി.സി. റേഡിയോ പത്തു ഭാഗങ്ങളായി പ്രക്ഷേപണം ചെയ്ത ഈ നോവല്‍ സിനിമയാക്കപ്പെട്ടിട്ടുമുണ്ട്.
ജീവിക്കാതെയും ജീവിക്കാവുന്ന അതിജീവനം
പത്തൊൻപതാം നൂറ്റാണ്ടില്‍ മുമ്പൊരു നോറ വാതില്‍ വലിച്ചടച്ച് വീടുവിട്ട് ഇറങ്ങിപ്പോയപ്പോള്‍ ആ ഒച്ച പ്രതിധ്വനിച്ചു കൊണ്ടിരുന്നത് യൂറോപ്യന്‍ വ്യവസ്ഥാപിത സാഹിത്യത്തിലെ കപട സദാചാരവാദങ്ങള്‍ക്കും പുരുഷ മേധാവിത്വത്തിനുമെതിരെയായിരുന്നു.
നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്റിക് ഇബ്‌സന്റെ 'എ ഡോള്‍സ് ഹൗസ്' എന്ന നാടകത്തിലെ നായികാ കഥാപാത്രമായിരുന്നു നോറ. ജീവിതകാലം മുഴുവന്‍ ഒരു കളിപാവയെന്നോണം മാത്രം തന്നെ കണ്ട ഭര്‍ത്താവിനെതിരെ സ്വന്തം അസ്തിത്വം തിരിച്ചറിയുകയാണ് നോറ ഹെല്‍മര്‍ എന്ന കഥാപാത്രം. ഒരു ഒരു നാടക വേഷമെന്ന പരിമിതിയെ അതിജീവിച്ച് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി ആ നാടകത്തിലെ നോറ മാറുന്നുണ്ട്. രണ്ടു നോറ കഥാനായികമാരും താന്താങ്ങള്‍ക്കു വേണ്ട ജീവിതഭൂമിക കണ്ടെത്തുന്നുവെന്നതാണ് ശ്രദ്ധേയം. നൂറ്റാണ്ട് പിന്നിട്ടിട്ടും സ്ത്രീകളുടെ ജീവിത സങ്കീര്‍ണതകള്‍ തുടരുന്നുണ്ട്. എങ്കിലും പരിഹാര മാര്‍ഗങ്ങള്‍ പുതുവഴികള്‍ തേടി ഇന്ന് ശക്തമാവുക തന്നെയുമാണ്.
അര്‍ധരാത്രിയിലെ ആ വായനശാലയിലെത്തുന്ന നോറ പകരുന്ന ചില പാഠങ്ങളുണ്ട്. അവനെന്നെ പുസ്തകം മനസ്സുകൊടുത്ത് വായിക്കുന്നതിലൂടെ നമ്മള്‍ ഓരോരുത്തര്‍ക്കും നമ്മുടെ കഥാഗതി മാറ്റി നിര്‍വചിക്കാനുള്ള ശക്തിയുണ്ടെന്നതാണത്.. നാം നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ നമ്മുടേതായ സന്തോഷം കണ്ടെത്താനാവുമെന്ന ഹൃദ്യമായ സന്ദേശമാണത്. മരണത്തില്‍ നിന്ന് അമരത്വത്തിലേക്കുണരാന്‍ പുസ്തകങ്ങള്‍ വായിക്കുക; ഒപ്പം നമ്മളെയും വായിക്കുക എന്ന സൂചനയും ഈ പുസ്തകം നല്‍കുന്നു.
കുറഞ്ഞ പക്ഷം ഒരേയൊരു തിരിച്ചറിവു മതി ജീവിതത്തില്‍ ജയിച്ചു കയറിയില്ലെങ്കിലും തോറ്റു തകരാതിരിക്കാന്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. പക്ഷേ, നിര്‍ദോഷമായൊരു സത്യമാണത്. നിങ്ങള്‍ക്ക് നിങ്ങളുടേതായ ജീവിതം ജീവിച്ച് വിജയിക്കണോ...?എങ്കില്‍ എത്തിപ്പെടുന്ന പ്രശ്‌നങ്ങളുടെയൊക്കെ സകല പരിഹാരകാരകനായി ഒറ്റ ഒരാളും വന്നവതരിക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് തന്നെയാണ് ആദ്യം വേണ്ടത്. പക്ഷേ, ആ വകതിരിവ് മാത്രവും പോര.
വന്നു പോന്ന വഴിയ്ക്കും ചെന്നു ചേരേണ്ട ലക്ഷ്യത്തിനും മധ്യേ ഓരോരുത്തര്‍ക്കും തനിച്ചു നടക്കേണ്ട അപാര ദൂരങ്ങളുണ്ടാവും. മനക്കണ്ണുകൊണ്ടളന്ന് അവനവനു പാകമായ അനുപാതമറിഞ്ഞ് സ്വയം രൂപപ്പെടുത്തി വേണം ഓരോ ചുവടേറ്റവും. ക്രമാനുഗതമായ മാര്‍ഗ പദ്ധതികളിലൂടെ നാം വശത്താക്കേണ്ട തനതായ സഞ്ചാരസ്വാതന്ത്ര്യമാണത്. അപ്പോഴാണ് ജീവിതത്തിലെന്നാളും മറ്റൊരാള്‍ക്കും പകരം വയ്ക്കാനാകാത്ത ഒരേ ഒരു സന്തത സഹചാരിയായി അവന്... അവന്‍ കൂടെയുണ്ടാകുന്നത്. എന്നാല്‍ സ്വയം പരിമിതപ്പടുത്തുന്ന അവനവന്‍ കടമ്പകളില്‍ പെടുകയല്ല; വേണ്ട വിധത്തിലുള്ള അവനവൻ അനുപാതം നിശ്ചയിച്ചു മുന്നേറുകയാണ് വേണ്ടത്.

അതിന് കായികക്ഷമതയുളള ശരീരവും ഒപ്പം ആധിവ്യാധികളില്ലാത്ത മനസ്സുമുണ്ടാവണം. ശാരീരികക്ഷമത പല വഴികളിലൂടെയും നേടാനാകും. പക്ഷേ, മാനസികാരോഗ്യത്തിനും മനോബലത്തിനും പണ്ടേയ്ക്ക് പണ്ടേയുണ്ട് ഒരേ ഒരൊറ്റ ഒറ്റമൂലി. ഇടതടവില്ലാതെ വായിച്ചു കൊണ്ടേയിരിക്കുകയെന്ന ശീലം തന്നെയാണത്.
ആദ്യം പരാമര്‍ശിച്ച കഥയില്‍ ജീവിതത്തെ വൈവിധ്യപൂര്‍ണമായ വായനയിലൂടെ എങ്ങനെ അര്‍ത്ഥവത്തായി വീണ്ടെടുക്കാമെന്ന് തെളിയിക്കുകയാണ് നോറാ സീഡ്.
തീവ്ര വിഷാദത്തില്‍ നിന്നുള്ള മോചനം, ആത്മാന്വേഷണത്തിലൂടെ അവനവന്റെ സ്ഥാനം നിര്‍ണയിക്കാനുള്ള മികവ്, ഊരാക്കുടുക്കായി തീരാനിടയുള്ള ജീവിതാവസ്ഥകളില്‍ വേണ്ടത് തിരഞ്ഞെടുക്കാനുള്ള ഉചിതജ്ഞത, മാനുഷിക ബന്ധങ്ങളിലെ പാരസ്പര്യമറിഞ്ഞ് അന്യോന്യം വിട്ടുവീഴ്ച ചെയ്യാനുളള സന്നദ്ധത, യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുന്നേറാനുള്ള ഉള്‍ക്കരുത്ത് തുടങ്ങിയ ഗുണങ്ങളൊക്കെ നോറയ്ക്ക് ലഭ്യമാകുന്നത് ആ രാത്രികാല ലൈബ്രറിയിലൂടെയാണ്.
റീഡിംഗ് ബ്ലൂസ്; ഒരു വായനാ വിഷാദകാലം
വായന മരിക്കുകയാണെന്ന മട്ടിലുള്ള വ്യസനംപറച്ചിലുകള്‍ കുറെ കേട്ട് പഴകിയതാണ്. കാലം മാറിയതോടെ വായനാരീതികളിലും മാറ്റം വന്നു. യഥാര്‍ത്ഥ വായനക്കാരനായി പുറം ലോകങ്ങളിലെ ശബ്ദഘോഷങ്ങളിലോ ഹര്‍ഷോന്മാദങ്ങളിലോ പെട്ടുപോകാതെ വായന നിശബ്ദമായി ഗര്‍ജിക്കുക തന്നെയാണ്
ജീവിതത്തില്‍ അനിവാര്യമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ടി വരുമ്പോള്‍, വായനയ്ക്കായി സമയം കണ്ടെത്തുക എന്നത് സ്വാഭാവികമായും പരിഗണനാ വിഷയങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായിത്തീരാനിടയുണ്ട്. ക്രമേണ അത് നിലച്ച് നിലച്ച് 'റീഡിംഗ് ബ്ലൂസ് 'എന്നു പറയാവുന്ന വായനാ വിഷാദയോഗത്തിലെത്തും. വായനയോടുള്ള ആഭിമുഖ്യം തീരെ പോയിട്ടില്ല; എന്നാലോ വായിക്കാനാവുന്നുമില്ല. ഈ യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാനാവാത്ത അവസ്ഥ പലരും നേരിട്ടിട്ടുണ്ടാവാം. Reading Blues എന്നറിയപ്പെടുന്ന ഈ അവസ്ഥാ വിശേഷം ഒരു പ്രയോഗമെന്ന നിലയില്‍ അത്ര വ്യാപകമായിട്ടില്ല.എങ്കിലും വായനയുമായി ബന്ധപ്പെട്ട വിഷാദകരമായ വസ്തുതകളോ ഓര്‍മയിലെത്തുന്ന വിഷമാനുഭവങ്ങളോ വരാനിരിക്കുന്ന ദുരനുഭവങ്ങളോ ഒക്കെ റീഡിംഗ് ബ്ലൂസ് ആയി ആത്മനൊമ്പരപ്പെടുത്താം.. എന്നാല്‍ അത്തരം വായനയിലൂടെ സംഭവിക്കാവുന്ന വികാര വിമലീകരണം ദോഷത്തെക്കാളേറെ ഗുണം ചെയ്യുക തന്നെ ചെയ്യും.
ഇഷ്ടപുസ്തകങ്ങള്‍ കഷ്ടപ്പെട്ട് ഒരുക്കി വച്ചിട്ടും തുടര്‍ന്ന് മനസ് മടുത്ത് മുന്നോട്ട് പോകാനാകാത്ത അവസ്ഥയും വായനാ സങ്കടമാണ്. ജീവിതത്തിലെ പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും വായന കൊണ്ട് മറികടക്കാന്‍ റീഡിംഗ് ബ്‌ളൂസിന്റെ അവസ്ഥാന്തരങ്ങളെ എങ്ങനെയൊക്കെ സഹായകമാക്കാനാകുമെന്നതിലാകണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

രണ്ടാംതരം ആഹ്ളാദം; അനിവാര്യമല്ലാത്ത 'സെക്കന്‍ഡ് ക്ലാസ് ഹാപ്പിനെസ്'
'പരസ്പരം കാണാമായിരുന്നിട്ടും തീരെ കണ്ടറിയാതെ ഒരു യാത്രാ കൂട്ടായ്മ. മനസ് മടുത്തപ്പോള്‍ ഒരു പുസ്തകം തുറന്നു. മൊബൈല്‍ ഫോണുകളില്‍ നിന്ന് യാദൃച്ഛികമായി തല പൊന്തിച്ചവര്‍ ഒരു വിചിത്ര ജീവിയെ പോലെ തന്നെ നോക്കി. ഈ കാലത്തും പൊതു സ്ഥലത്തൊക്കെ പുസ്തക വായനയോ എന്നൊരു ചോദിക്കാത്ത ചോദ്യം പലരുടെയും മുഖത്തു കണ്ടു. പക്ഷേ, ഇടയ്ക്ക് യാത്ര അവസാനിപ്പിച്ച് തന്റെ സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ നാലു പേരെങ്കിലും ഫോണ്‍ മാറ്റിവെച്ച് തനിക്ക് ശേഷം പുസ്തകവായനയിലേക്ക് കടന്നിട്ടുണ്ട്. ഒരാള്‍ക്ക് നിശബ്ദനായും പ്രചോദനം നല്‍കാനാകുമെന്ന് ബോധ്യപ്പെട്ട ദിവസമായിരുന്നു അന്നത്തേത്. 'വിദ്യാര്‍ഥി ആയിരിക്കെ ടുണീഷ്യയിലെ മെട്രോ റെയിലില്‍ സഞ്ചരിക്കുമ്പോള്‍ തനിക്ക് ചുറ്റും കണ്ട കാഴ്ചകളെക്കുറിച്ച് ഖലീല്‍ എന്ന ടുണീഷ്യന്‍ കമ്മ്യൂണിറ്റി മാനേജര്‍ പരാമര്‍ശിച്ചതാണിത്. ചില സര്‍വ്വേ കണക്കുകള്‍ അനുസരിച്ച്, രാജ്യത്തെ 82 ശതമാനം പേരും ഒരു വര്‍ഷം ഒരു പുസ്തകം പോലും വായിച്ചിട്ടില്ല എന്ന വസ്തുതയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഏത് മെട്രോ നഗരങ്ങളിലായാലും വിദൂര ഗ്രാമങ്ങളിലായാലും ഇതു തന്നെയാകും സ്ഥിതി. മുഖം നഷ്ടപ്പെട്ട ജനതയായി അവരെല്ലാവരും കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അഭിരമിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവും.
നിശബ്ദമായി നമ്മെ വിമുഖപ്പെടുത്തുന്ന ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ട്. സോഷ്യല്‍ മീഡിയാ വകഭേദങ്ങളായി മുന്നിലെത്തുന്ന ദൃശ്യശ്രാവ്യ വിസ്മയങ്ങളില്‍ പലതും കഥയും കാമ്പുമില്ലാത്തതാകും. അതില്‍ മുഴുകി ഒഴുകുന്നവര്‍ ജീവിതായോധനത്തിന് അവശ്യം വേണ്ടതെന്തെന്ന് അറിയാതെ പോകുന്നു. അവയില്‍ സ്വായത്തമാക്കേണ്ട പ്രധാന ആയുധം വായനാശീലമാണെന്നതും.
സമഗ്രമായ സംതൃപ്തി ലഭിക്കാത്ത സാധാരണമായ രണ്ടാം തരം ആനന്ദത്തില്‍ തൃപ്തരാവുകയെന്ന പ്രവണതയെക്കുറിച്ച് തത്വചിന്തകനും എഴുത്തുകാരനുമായ മാര്‍ട്ടിന്‍ സെലിഗ്മാന്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്.ഏറ്റവും മൂല്യവത്തായത് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്ര മതിയെന്ന് കരുതുകയും എന്നാല്‍ മനസ്സുകൊണ്ട് നിറവില്ലാതെ തുടരുകയും ചെയ്യുന്ന സാഹചര്യം വിഷമകരമാണ്. ഓരോരുത്തരുടെയും ശേഷി തിരിച്ചറിഞ്ഞ് പ്രയത്‌നിച്ച്, ശാശ്വതമായ ആനന്ദമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാവും നല്ലതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
നഷ്ടവായനക്ക് കാരണമാകുന്ന തരത്തില്‍ റീല്‍സ്, ഷോട്ട്‌സ്, സീരിയല്‍ തുടങ്ങി ദൃശ്യസമൃദ്ധമായവ കെട്ടുകാഴ്ചകളെന്നോണം കുമിഞ്ഞുകൂടുമ്പോള്‍ 'ഫസ്റ്റ് ക്‌ളാസ് ഹാപ്പിനെസ്സി'ന് ഉപാധിയാക്കാവുന്ന പരമപ്രധാനമായ ഒരു കാര്യം മികച്ച വായനയാണ്.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ടെലിവിഷന്‍ താരമായിട്ടു പോലും ഹാസ്യനടനായ ഗ്രൗച്ചോ മാര്‍ക്‌സ് പറയുന്നതിങ്ങനെയാണ്. 'ടെലിവിഷന്‍ വളരെ വിദ്യാഭ്യാസം നല്‍കുന്നതാണ്. ഓരോ തവണയും ആരെങ്കിലും ടി.വി ഓണ്‍ ചെയ്യുമ്പോഴെല്ലാം ഞാന്‍ മറ്റൊരു മുറിയിലേക്ക് പോയി ഒരു പുസ്തകം വായിക്കുന്നു'. നിലച്ചു പോയ വായനയിലേക്ക് തിരിച്ചു പോകാനും സുഖ സമൃദ്ധമായ ഒട്ടനവധി ദൃശ്യോന്മാദങ്ങള്‍ക്കിടയില്‍ വായനാസുഖം വീണ്ടെടുക്കാനുമുള്ള മനഃസാന്നിധ്യത്തിന്റെ വഴികളും ഇങ്ങനെയാവും. അതെപ്പോഴും ആള്‍ക്കൂട്ടത്തില്‍ തനിയെ തന്നെയായിരിക്കും.
ഒരു സുവര്‍ണ വായനക്കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍
15 വയസുവരെ വായിച്ചു നേടിയത് അമ്പതുകളുടെ തുടക്കമാകുമ്പോഴേക്കും ധൂര്‍ത്തടിച്ച് തീര്‍ക്കുക. തലസ്ഥാന നഗരിയിലെ പബ്ലിക്, യൂണിവേഴ്‌സിറ്റി നിയമസഭാ ലൈബ്രറികളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറികളിലെയും തീരെ അകല്‍ച്ചയിലല്ലാത്ത മറ്റ് കോളേജ് ലൈബ്രറികളിലെയുമെല്ലാമായി ലക്ഷങ്ങള്‍ ചൂഴുന്ന പുസ്തകാരണ്യങ്ങളുടെ മധ്യേ വായനയുടെ സമ്പല്‍ സമൃദ്ധികളൊക്കെ ക്ഷയിച്ച് ദരിദ്രനായൊരു വായനക്കാരന്‍ മാത്രമായിപ്പോയ ഞാന്‍ ഇപ്പോള്‍ വീണ്ടും അക്ഷരമാര്‍ഗങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു.
വായന എന്ന മാന്ത്രിക റിയലിസാനുഭ ലോകങ്ങളിലേക്ക് എന്നെ നയിച്ചത് അച്ഛനായിരുന്നു. എപ്പോഴെങ്കിലും നാം സ്വയം ചോദിച്ചിരിക്കാനിടയുള്ള ഒരു ചോദ്യമുണ്ടാവും. എന്നെന്നും ഓര്‍മ്മിക്കപ്പടാവുന്ന എന്തു സമ്മാനമായിരിക്കും അച്ഛനമ്മമാര്‍ നമുക്ക് വാങ്ങി തന്നിട്ടുണ്ടാവുക? മക്കള്‍ക്കായി രക്ഷാകര്‍ത്താക്കള്‍ സ്വരൂപിച്ചു കൂട്ടിയ കരുതല്‍ മൂലധനമായിട്ടല്ല; ലളിതമായ സ്‌നേഹ സമ്മാനങ്ങളെന്തെങ്കിലുമായിട്ട്. ആഗ്രഹങ്ങള്‍ പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതമായിരുന്ന എണ്‍പതുകളുടെ ബാല്യ കൗമാരകാലങ്ങളില്‍ അച്ഛനില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന ആ അമൂല്യമായ സമ്മാനങ്ങളെല്ലാം പുസ്തക രൂപത്തിലായിരുന്നു.
അക്ഷരങ്ങളെ പരിചയപ്പെട്ടു തുടങ്ങിയതു മുതല്‍ കിട്ടിയ ബാല പ്രസിദ്ധീകരണങ്ങള്‍, തുടര്‍ന്ന് ലഭിച്ച സചിത്രകഥകള്‍, ശാസ്ത്രഗ്രന്ഥങ്ങള്‍. ജനപ്രിയമായ കവിതാ സമാഹാരങ്ങള്‍, വെല്ലുവിളിയായി ഏറ്റെടുത്ത് വായിച്ചവസാനിപ്പിക്കാന്‍ നിഷ്ഠ കാട്ടിയിരുന്ന ബൃഹത് നോവലുകള്‍.... വായനയുടെ കൈവഴികള്‍ അങ്ങിനെ വ്യാപരിച്ചു.
ഏഴാം വയസ്സ്; എണ്ണമറ്റ പേജുകള്‍
കുട്ടിക്കാലത്ത് നാട്ടില്‍നിന്നകന്ന് ഒരു വിദൂര ഗ്രാമത്തിലെ ബന്ധുവീട്ടില്‍ വേനലവധിക്ക് പോയതാണ്. ഒന്നു രണ്ടു ദിവസം കൊണ്ട് അവധിക്കാലം മടുത്തു. എന്തെങ്കിലും വായിക്കാനുണ്ടാവുമോ എന്നന്വേഷിച്ചപ്പോള്‍ ബിരുദ പഠനത്തിന് സെക്കന്‍ഡ് ലാംഗ്വേജ് എന്ന നിലയ്ക്ക് ചേച്ചിക്ക് പഠിക്കാനുണ്ടായിരുന്ന, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ നോവല്‍ 'അഗ്‌നിസാക്ഷി'യാണ് കിട്ടിയത്. ''നിനക്ക് പറ്റുന്നതാണെന്ന് തോന്നുന്നില്ല; ഇതേയുള്ളൂ മലയാള പുസ്തകമായിട്ട് ''എന്നു പറഞ്ഞ് കൈമാറിയ നോവല്‍ വാങ്ങി. ആ പകലും രാത്രിയും പിന്നിട്ട് പുസ്തകം തിരികെ കൊടുത്തപ്പോള്‍ ചെറിയ അക്ഷരങ്ങളില്‍ കുറെ പേജുകളുള്ളതുകൊണ്ടാവും വായിക്കാന്‍ കഴിയുന്നില്ലല്ലേ എന്ന ചോദ്യമാണ് നേരിടേണ്ടി വന്നത്. ഏഴു വയസ് തികയാത്ത ഒരു കുട്ടി ഇങ്ങനെ വായിക്കുന്നതൊന്നും അവിടെ തീരെ പതിവില്ലായിരുന്നു. പിന്നെ കഥയും കഥാസന്ദര്‍ഭങ്ങളും ഞാന്‍ പറഞ്ഞുകേട്ട് ബോധ്യമായിട്ടേ ആ പുസ്തകം ഞാന്‍ വായിച്ചു തീര്‍ത്തതാണെന്ന കാര്യം അവര്‍ സമ്മതിച്ചു തന്നുള്ളൂ.
ഇപ്പൊഴും ഉണ്ടാകും, ആ അജ്ഞാത വാഗ്ദത്ത ഭൂമി
പിന്നീട് ഓരോ വേനലവധിയും വായനയുടെ വസന്തകാലമായിരുന്നൂ. പൂട്ടിപ്പോകുന്ന വരേയ്ക്കും നാട്ടിലെ വായനശാലയിലെ പുസ്തകങ്ങളൊക്കെയും മനസ്സിരുത്തി വായിച്ചു. ഓരോ വേനലവധിക്കും അച്ഛന്‍ കരുതിവച്ച കൂട്ടത്തിലുണ്ടായിരുന്ന ഒരു പുസ്തകം ആവര്‍ത്തിച്ചു വായിച്ചു. ഇപ്പോള്‍ ചിതല്‍ തിന്നു ശേഷിച്ച ആ പുസ്തകം, ഒറ്റപ്പെട്ട ബാല്യത്തില്‍, എനിക്ക് എന്റെ ജീവന്റെ പുസ്തകമായിരുന്നു. റെയ്‌നോള്‍ഡ് എഴുതിയ 'ലൈല' എന്ന പുസ്തകത്തിന്റെ നാഷണല്‍ ബുക്ക് സ്റ്റാള്‍ (എന്‍.ബി.എസ്) പ്രസിദ്ധീകരിച്ച മലയാള പരിഭാഷയായിരുന്നു ആ പുസ്തകം.
കാക്കേഷ്യന്‍ മലനിരകളിലെവിടെയോ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം പ്രവേശനമാര്‍ഗം അറിയുമായിരുന്ന ഒരജ്ഞാതസ്വര്‍ഗ സമാനമായ രഹസ്യ കേന്ദ്രത്തെക്കുറിച്ചുള്ളതായിരുന്നു ആ നോവല്‍. (ഈ പുസ്തകത്തെക്കുറിച്ച് അറിയുന്നവരോ ആ പുസ്തകം കൈവശമുള്ളവരോ അതേക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കണമെന്ന് അപേക്ഷിക്കുന്നു).

അച്ഛന്‍ ആവര്‍ത്തിച്ചു വായിച്ചിരുന്ന ഒരു പുസ്തകമുണ്ടായിരുന്നു. ഇതെന്താ വീണ്ടും വീണ്ടും ഇങ്ങനൊരാവര്‍ത്തിച്ചു വായന എന്ന കൗതുകം കൊണ്ട് നോക്കിപ്പോയ ആ പുസ്തകം പിന്നീടെനിക്കൊരു കോപനാശിനിയായിത്തീര്‍ന്ന അനുഭവവുമുണ്ട്. നിഷ്‌കാമ കര്‍മ്മത്തിന്റെ ലളിതമായ പ്രായോഗിക സാധ്യതകള്‍ അവതരിപ്പിക്കുന്ന ഒരസാധാരണ കൃതിയായിരുന്നു അത്. കുറച്ചു മുന്‍ ശുണ്ഠിക്കാരനായ എന്നെ ഒരാട്ടിന്‍കുട്ടിയെപ്പോലെ ശാന്തമാക്കാനുള്ള ഔഷധസിദ്ധി ആ പുസ്തകത്തിനുണ്ടായിരുന്നു. ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ആചാര്യ വിനോബാ ഭാവെ ജയിലിലെ തടവുകാര്‍ക്ക് ലളിതമായി ഭഗവത് ഗീതയുടെ സാരാംശങ്ങള്‍ ഉപദേശിച്ചിരുന്നത് സംഗ്രഹിച്ചു പുസ്തക രൂപത്തിലാക്കിയ 'ഗീതാരഹസ്യമായിരുന്നു ആ ഗ്രന്ഥം.
ജീവിതത്തിലെ സകല അവസ്ഥകളെയും വിശകലനം ചെയ്യുന്നതിലൂടെ ശോകനാശിനിയായി അദ്ധ്യാത്മ രാമായണം മാറാറുണ്ടെന്ന് പറയില്ലേ. എന്തായാലും അതുപോലെ വിനോബാ ഭാവേയുടെ ഗീതാ വിശകലനം ഇനിയും നല്ലൊരു ക്രോധനാശിനി കൂടിയായിത്തീരട്ടേ എന്നു പ്രാര്‍ഥിക്കാം. പുസ്തകങ്ങള്‍ സദാ കാലവും കൂടെ തന്നെ ഉണ്ടാകാറുണ്ട്. എങ്കിലും ജീവിതത്തിലെ ഏതോ വഴിത്തിരിവുകള്‍ക്കിടയിലെങ്ങോ അനായാസേന വായിച്ചു കൊണ്ടിരിക്കുക എന്ന ശീലം നഷ്ടപ്പെട്ടു.
വായനാവിരാമത്തിലെത്തിക്കുന്ന ഹര്‍ഷോന്മാദങ്ങള്‍
വായനാവഴികളിലെവിടെയോ വരി തെറ്റിപ്പോയ ഒരു വെറും വായനക്കാരനായിരുന്നു ഞാനും. പിടഞ്ഞു നോക്കുമ്പോള്‍ തിരിച്ചു നടക്കേണ്ട വഴികളൊക്കെയും മണല്‍ മൂടി വരണ്ടു തീര്‍ന്നിരിക്കുന്നു. വായിച്ചു വരളാതിരിക്കാനും വായിച്ചു വിളയാനും ഞാനും നല്ല വായനാ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ ചിന്തിച്ചു വായന വിട്ടുപോയിട്ടും തിരിച്ചു വന്നവരുണ്ടാകും.
എഴുതാനുള്ള ശേഷി താല്ക്കാലികമായി നിലച്ച് മനസ് തളര്‍ന്നുപോകുന്ന എഴുത്തുകാരുടെ അവസ്ഥ 'റൈറ്റേഴ്‌സ് ബ്ലോക്ക്' ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരക്ഷരം പോലും വായിക്കാനാകാതെ വായനയുടെ സുവര്‍ണകാല നിഴലില്‍ കഴിയുന്നവരുണ്ട്. തന്നിലേ താന്‍ മറഞ്ഞിരിക്കുന്നപോലെ സ്വയം നഷ്ടപ്പെട്ട് തുടരാനിഷ്ടപ്പെടുന്നവര്‍. വായന നിന്നുപോകുന്നത് ഇനി വായനയില്‍ നിന്ന് കൂടി വിരമിച്ചേക്കാമെന്ന സുനിശ്ചിതമായ തീരുമാനത്തെ തുടര്‍ന്നൊന്നുമല്ല.വായനാ വിരാമമെന്ന അവസ്ഥയിലേക്ക് ഒരാള്‍ ക്രമേണ പെട്ടു പോവുകയാണ്. നാം നേരിടേണ്ടി വരുന്ന പലതരത്തിലുള്ള ജീവിതാവസ്ഥകളുടെ സമ്മര്‍ദ്ദം കൊണ്ടാണങ്ങനെ സംഭവിക്കുന്നത്.
നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട കടമകള്‍, ഔദ്യോഗികമായ കൃത്യനിര്‍വഹണ പദ്ധതികള്‍, സാമൂഹികമായി തുടരേണ്ടുന്ന ഇടപെടലുകള്‍, വിട്ടുനില്ക്കാനാവാത്ത വീട്ടുകാര്യങ്ങള്‍ എന്നിവയൊക്കെ ദ്രുതകര്‍മ്മ പദ്ധതികളായി ചുറ്റിലുമുണ്ടാകും.അക്കൂട്ടത്തില്‍ ഇനി വായിച്ചില്ലെങ്കിലും എന്തു കുഴപ്പം വരാനാണെന്ന് സന്ധി ചെയ്യാവുന്ന സൗകര്യത്തിലേക്ക് പിന്തള്ളപ്പെട്ടു പോവുകയാണ് വായനാശീലം. വെറുതെ വായിച്ചു പോയാല്‍ പോര, ബുദ്ധിപരമായ ഇടപെടലുകള്‍ കൂടി വേണ്ടിവരുമെന്ന് വരുന്നതോടെ പലരും വായന വഴിയിലുപേക്ഷിക്കുകയും ചെയ്യുന്നു. ഒട്ടും പ്രചോദകമല്ലാത്ത പുസ്തകങ്ങളും വായന വിരസമാക്കി നമ്മെ പുസ്തകങ്ങളില്‍ നിന്നകറ്റുന്നു. സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ട അത്യാവശ്യ കാര്യങ്ങളുടെ മനോസംഘര്‍ഷവും വായനയിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു.
അധിക വായനകൊണ്ടുള്ള ഉത്സാഹമില്ലായ്മ, കഴമ്പില്ലാത്ത വായനകള്‍, ശീലമില്ലാത്ത ബൗദ്ധിക വായനകള്‍, വായനാ പരിഗണനയില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്നിവയൊക്കെ വായനാ മരവിപ്പിലേക്ക് എത്തിക്കുന്നു.
വായനയില്‍ നിന്ന് അങ്ങിനെ മനസ്സ് മടുത്ത് പിന്മാറിയവരോട് ഒരോര്‍മ്മപ്പെടുത്തല്‍.ജൂൺ 19-നാണ് അടുത്ത വര്‍ഷത്തെ വായനാ ദിനം. ഇനി തുടങ്ങുന്നവര്‍ക്ക് പോലും വായനാ വഴിയിലെത്താന്‍ ആറു മാസത്തിലധികമുണ്ട് സമയം..
വായനയിലേക്ക് മടങ്ങിവരേണ്ടവരോട്
- ചെറിയ വായന ശീലമാക്കുക.കുട്ടിക്കഥള്‍, ചിത്രകഥകള്‍,ചെറുകഥകള്‍ ഹാസ്യ കുറിപ്പുകള്‍ എന്നിവയിലൂടെ വായന പരിപോഷിപ്പിക്കുക.
- വായിച്ചുതീര്‍ക്കാന്‍ ചെറിയ സമയക്രമം നിശ്ചയിച്ചു പ്രായോഗികമാക്കുക.
- ദിവസേന കൃത്യമായ വായനാ സമയം ഷെഡ്യൂള്‍ ചെയ്യുക.സമയക്രമം പാലിക്കുക.
- വൈവിധ്യസ്ഭാവമുളളതോ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതോ ആയ പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കുന്ന മുറയ്ക്ക് സ്വയം സമ്മാനിതരാകുക.
- അവനവന് പ്രിയങ്കരമായ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്കി വായനാമുരടിപ്പ് ഒഴിവാക്കുക.
- ഇടയ്ക്ക് ഗൗരവ വായനയ്ക്ക് താല്ക്കാലികമായി ഒരു ഇടവേള കൊടുക്കുക.... തുടര്‍ന്ന് പുനരാരംഭിക്കുക
- വായനാ വിഷയങ്ങള്‍ തീര്‍ത്തും പുതിയതാക്കുക. കാലികമായ പുതിയ പ്രവണതകള്‍ വായിച്ചു മനസ്സിലാക്കി കാലത്തിന് ഒപ്പം നടക്കുക.
- വായനാരീതികളിലെ പുതുമകളും പരീക്ഷിക്കുക.ഓഡിയോ ബുക്ക്‌സ് പോലുള്ളവ ഉപയോഗിക്കുക.
- പോഡ്കാസ്റ്റ് പോലെ വായനാനുഭവങ്ങളോടു ബന്ധപ്പെട്ട വിഷയങ്ങളെയും പരിഗണിക്കുക
- ബുക്ക് ക്‌ളബ്ബിലോ ചര്‍ച്ചാ വേദികളിലോ അംഗമാകുക.വായനയിലെ പുതിയ പ്രവണതകള്‍ തിരിച്ചറിയുക.
- അനുകൂല വായനാ സാഹചര്യങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുക. ഏകാഗ്രതയെ ബാധിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കുക.
- പുതിയ എഴുത്തുകാരെയും രചനാരീതികളെയും മനസ്സിലാക്കുക.സുഹൃത്തുക്കളില്‍ നിന്നോ ബ്‌ളോഗുകളിലൂടെയോ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയോ പ്രസിദ്ധീകരണം രംഗത്തെ പുതു രൂപാന്തരങ്ങള്‍ അറിയുക.
- പഴയകാലത്ത് നമുക്ക് പ്രിയങ്കരമായ പുസ്തകങ്ങളിലൂടെ വീണ്ടും കടന്ന് പോവുക.
- വായനയുടെ പുരോഗതി വിലയിരുത്തി രേഖപ്പെടുത്തുക.
- വായന കൊണ്ട് സ്വന്തം ജീവിതത്തിലുണ്ടാകാനിടയുള്ള മാറ്റങ്ങള്‍ മനസ്സില്‍ കാണുക.
- വായനാ വിരാമത്തെ എങ്ങനെ വരുതിയിലാക്കാമെന്നുള്ള ഏതാനും മാര്‍ഗങ്ങളാണ് സൂചിപ്പിച്ചതെങ്കിലും അതില്‍ ശ്രദ്ധേയമായ ഒരു സംഗതിയെക്കുറിച്ച് രണ്ടു പേരുടെ അനുഭവങ്ങള്‍ വളരെ പ്രായോഗികമായി തോന്നി.
സ്വയം വിധിക്കണം, ഒരേകാന്ത വായനാമുറി
ബാല സാഹിത്യകാരി കൂടിയായ ഒരു ബാങ്ക് ഓഫീസറെ പരിചയപ്പെട്ടു. വായനയോടും എഴുത്തിനോടും ഇഷ്ടമുണ്ടെന്ന പൊതുതാല്പര്യം ഇടയ്ക്ക് തമ്മില്‍ ചില പുസ്തക സൂചനകളിലേക്ക് നയിക്കാറുണ്ട്.പക്ഷേ. ഒരു സെക്കന്‍ഡ് സമയം ഫോണില്‍ സംസാരിക്കാന്‍ പോലും കഴിയാത്തത്ര തിരക്കുണ്ട്. എങ്കിലും അതാത് സമയം പ്രസിദ്ധീകരിക്കാറുള്ള പ്രധാന പുസ്തകങ്ങളെല്ലാം അപ്പപ്പോള്‍ തന്നെ വാങ്ങി വായിക്കുകയാണ് അവരുടെ ശീലം. വാങ്ങുന്നവയൊന്നും വായിക്കാനായി പിന്നീടേക്ക് മാറ്റിവയ്ക്കുകയെന്ന ദുശ്ശീലമൊന്നും തീരെയില്ല. എന്നാലോ ആ ആഴ്ചയില്‍ വാങ്ങിയ എല്ലാ പുസ്തകങ്ങളും അതേ ആഴ്ച തന്നെ വായിച്ചു കഴിഞ്ഞിട്ടുമുണ്ടാവും .
അത്യാര്‍ത്തിയോടെ വായിക്കുന്ന വോറേഷഷ്യസ് റീഡര്‍ (Voracious reader) എന്നു പറയാവുന്ന വായനാ വ്യക്തിത്വമായാണ് അവര്‍ അവരെ തന്നെ പരിചയപ്പെടുത്താറുള്ളത്. ഇത്ര നിഷ്ഠയോടെ വായിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നതിന് അവര്‍ സാധാരണ ഗതിയില്‍ പറഞ്ഞ മറുപടി പക്ഷേ, ഗൗരവമുള്ളതായിരുന്നു.
രാത്രി ഭക്ഷണം നേരത്തെ കഴിഞ്ഞ് കുട്ടികള്‍ക്കും ഭര്‍ത്താവിനും വേണ്ട കാര്യങ്ങള്‍ ഒരുക്കിയശേഷം ദിവസേന രണ്ടര മണിക്കൂറോളം അവര്‍ അടച്ചിട്ട ഒരു മുറിയിലായിരിക്കും ഒരു തരത്തില്‍ സ്വയം തിരഞ്ഞെടുത്ത ഒരേകാന്ത തടവ് തന്നെയാണത്. ആ സമയം വായനക്കും എഴുത്തിനും വേണ്ടി മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. അതിനിടെ എന്തു സംഭവിച്ചാലും തന്നെ വിളിക്കരുതെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞുറപ്പാക്കിയിട്ടുമുണ്ട്.
ഏതാണ്ട് സമാനമായൊരനുഭവം തന്നെയാണ് സുഹൃത്തുക്കളിലൊരാളുടെ മകളുടെ കാര്യത്തിലുമുള്ളത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ തൊട്ട്, എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച ശേഷവും മോള്‍ക്കൊരു പതിവുണ്ട്. ലോകത്തോ നാട്ടിലോ വീട്ടിലോ എന്തു സംഭവിച്ചാലും ശരി രാത്രി നീക്കി വയ്ക്കുന്നു രണ്ടു മണിക്കൂര്‍ വായനാ സമയത്തിനിടെ തന്നെ ഒരു കാര്യത്തിനും വിളിക്കേണ്ടതില്ലന്ന വായനാ നിലപാട് ആ കുട്ടി മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആസ്വദിച്ച് വായിക്കുന്നതിന് മാത്രമല്ല ചിട്ടയായി എഴുതാനും ആ സമയം ഉപയോഗിക്കാറുമുണ്ട്. ഈ രണ്ടു സാഹചര്യങ്ങളും ഉള്‍ക്കൊണ്ട ശേഷം സമയമില്ലാത്തതുകൊണ്ട് വായിക്കാന്‍ കഴിയുന്നില്ല എന്ന ഒഴികഴിവ് പറയാന്‍ എനിക്കു കഴിയാറേയില്ല.
ശരവേഗത്തിലെങ്കിലും, വേണം റീഡിങ് റോക്കറ്റ്
എങ്ങനെ വായിക്കണമെന്നതില്‍ കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും അധ്യാപക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും കൂടി ദിശാബോധം നല്‍കാനുദ്ദേശിച്ച് യു. എസില്‍ 2001-ല്‍ ആവിഷ്‌കരിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് 'റീഡിംഗ് റോക്കറ്റ് 'എന്നത്.
യു.എസ്. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടോടെ വാഷിംഗ്ടണ്‍ ഡി.സി.യിലെ WETA പബ്‌ളിക് ടെലിവിഷന്‍ സ്റ്റേഷനാണ് ഇതവതരിപ്പിക്കുന്നത്.വിദ്യാരംഭ കാലത്തുതന്നെ കുട്ടികള്‍ക്ക് വായനാശേഷി നേടാന്‍ ഉള്‍പ്പെടെ സഹായകമായ പദ്ധതികള്‍ റീഡിങ് റോക്കറ്റിലൂടെ നടപ്പാക്കി വരുന്നുണ്ട്. വീഡിയോ പഠനസഹായികളും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുമൊക്കെയായി 'കുട്ടികളെ ചെറുതിലേ പിടികൂടുക' എന്ന നയം നടപ്പാക്കുക മാത്രമല്ല ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ലൈബ്രറികള്‍ കേന്ദ്രീകരിച്ച് സോദാഹരണ പഠന പദ്ധതികളിലൂടെ എന്തു വായിക്കണം എങ്ങനെ വായിക്കണം എന്നിവയൊക്കെ പഠിപ്പിച്ചെടുക്കാന്‍ പ്രയത്‌നിക്കുന്നുവെന്നതു കൂടിയാണ് ഈ പദ്ധതിയെ ആകര്‍ഷകമാക്കുന്നത്.
ആവേശഭരിതമായ വായനാവാശി കൊണ്ട് സംഭവിക്കുന്നത്
കുട്ടിക്കാലത്ത് അലക്ഷ്യമായി തുടര്‍ന്ന എന്റെ ബാല്യത്തിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചതിലൂടെ വ്യക്തമായ ലക്ഷ്യത്തോടെ അറിവിന്റെ വാതിലുകള്‍ അച്ഛന്‍ തുറന്നിട്ടു. പ്രീ പബ്ലിക്കേഷന്‍ ഓഫറുകള്‍ക്കനുസരിച്ച് വാങ്ങുന്ന പുസ്തകങ്ങള്‍ കൈവശമെത്തുംമുമ്പു തന്നെ തുണികൊണ്ടുള്ള. ചട്ടകള്‍ തുന്നി അച്ഛന്‍ കാത്തിരിക്കുമായിരുന്നു. ആ പുസ്തകങ്ങൾക്ക് ക്രമനമ്പര്‍ നല്‍കി രജിസ്റ്ററില്‍ കൊള്ളിച്ച് വീട്ടിലെ ലൈബ്രറിയിലേക്ക് അച്ഛന്‍ മുതല്‍ക്കൂട്ടിയിരുന്നു. വിശാലമായ വായന കൊണ്ട് ഉലകം ചുറ്റും വാലിബനാകാനും പുസ്തകമേറി മറുലോകങ്ങളിലേക്ക് പോലും പറക്കാതെ പറക്കാനും അച്ഛനെന്നെ വായിപ്പിച്ചു. ഇന്നെനിക്ക് വായനയെന്നാല്‍ അച്ഛനാണ്; എഴുത്തെന്നാല്‍ അമ്മയും.

അക്ഷരങ്ങളുടെ നിജമായ ജീവിതാനുഭവങ്ങളുടെ ലോകത്ത് വേരാഴ്ത്തി നിറയുന്നതിനുള്ള അവസരം ലഭിക്കുന്നത് എഴുത്തിലൂടെയാണ്. ചങ്ങമ്പുഴയുടെ രമണന്‍ എന്ന കൃതിക്ക് തുടക്കത്തിലേ ആയിരക്കണക്കിന് പതിപ്പുകള്‍ വന്നിട്ടുണ്ടാവും. എങ്കിലും അക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കൈയ്യെഴുത്തു പ്രതികളായും ഇവ വ്യാപകമായി പ്രചരിച്ചിരുന്നു.അന്ന് അമ്മ പകര്‍ത്തി എഴുതിയവയില്‍ കവിതകള്‍, ഭജനപ്പാട്ടുകള്‍. സിനിമാ ഗാനങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു. പ്രിയപ്പെട്ടതു പകര്‍ത്തിയായാലും സൂക്ഷിക്കണമെന്ന നിഷ്ഠകൊണ്ട് സംഭവിച്ചതും വായനയുടെ കൈത്തിരി കെടാതെ കാക്കുക എന്നതു തന്നെയായിരുന്നു. പിന്നീട് കോളേജ് പഠനകാലത്ത് 'അദ്ധ്യാത്മ രാമായണത്തിലെ' സുന്ദരകാണ്ഡം പകര്‍ത്തി വച്ച് അത് പുസ്തകരൂപത്തിലാക്കി പഠിച്ചാണ് അമ്മ വഴിയിലെ പകര്‍ത്തി എഴുത്തിലേക്ക് ഞാനുമെത്തുന്ന്.
മഹാഭാരതം എഴുതവേ വ്യാസനും വിഘ്‌നേശ്വരനും തമ്മിലുള്ള രചനാ ധാരണകള്‍ നിലയ്ക്കാത്ത വായനയുടെയും നിന്നു പോകാത്ത എഴുത്തിന്റെയും ഭാവനാലോകം വെളിവാക്കുന്നുണ്ട്. മഹാഭാരതം എഴുതവേ വ്യാസമഹര്‍ഷി, ഇതേവരെ സംഭവിച്ച മഹത്തായ കഥകളെല്ലാം കാവ്യരൂപത്തിലാക്കാന്‍ തീരുമാനിച്ചു. ബ്രഹ്‌മാവിന്റെ നിര്‍ദ്ദേശമനുസരിച്ച്, കേട്ടെഴുതാന്‍ ഗണപതി നിയോഗിക്കപ്പെട്ടു. എഴുത്താണി നിര്‍ത്താനിട വരാതെ തുടര്‍ച്ചയായി കാവ്യം ചൊല്ലിക്കൊടുത്താല്‍ മാത്രം താന്‍ എഴുത്തുകാരനായിരിക്കാമെന്ന്, ഗണപതി സമ്മതിച്ചു. ഇടതടവില്ലാതെ ചൊല്ലുമ്പോള്‍ അര്‍ത്ഥം മനസ്സിലാക്കാതെ എഴുതരുതെന്ന വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. രണ്ടരവര്‍ഷത്തോളമെടുത്ത് അത് പൂര്‍ത്തിയാക്കിയെന്നാണ് ഐതീഹ്യം
ചൊല്ലി വായനയാകട്ടെ, എഴുതി രേഖപ്പെടുത്തലാകട്ടെ
ഇടയ്ക്ക് ഒരിക്കലും നിറുത്താന്‍ പാടില്ലെന്ന ഒരവിരാമ സങ്കല്‍പമാണ് ഈ ഐതിഹ്യകഥയെ മനോഹരമാക്കുന്നത്. നിറഞ്ഞ് പറയേണ്ടത് അറിഞ്ഞ് എഴുതുക തന്നെ വേണമെന്നും ഈ കഥാസന്ദര്‍ഭം ഓര്‍മപ്പെടുത്തുന്നു.
വായനാ വഴികളിലൂടെ മുന്നോട്ട് പൊയ് ക്കൊണ്ടേയിരിക്കുമ്പോള്‍ വായന വായനക്കാരനൊരു സ്വയം സാന്ത്വനമായി മാറുന്നതു കാണാം.വായനയെ ആത്മസ്‌നേഹത്തില്‍ നിന്ന് വിശ്വമാനവികതയോടുള്ള സ്‌നേഹം കൂടിയായി മാറ്റിത്തീര്‍ക്കനാവുമെന്നതാണ് വായന പകരുന്ന വിസ്മയം. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ വായനക്കാരനെക്കുറിച്ച് ശ്രദ്ധേയമായി പറയുന്നത് നോക്കാം തുടക്കത്തില്‍ പറഞ്ഞ നോറാ സീഡിന്റെ അനുഭവം തന്നെയാണ് ഓരോ വായനക്കാരനുമെന്ന് ഈ ഉദ്ധരണി ഓര്‍മിപ്പിക്കുന്നു. അതിങ്ങനെയാണ്..
'ഒരു വായനക്കാരന്‍ മരിക്കും മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുന്നു. ഒരിക്കലും വായിക്കാത്തയാള്‍ ഒരേ ഒരു ജീവിതം മാത്രം ജീവിക്കുന്നു'.
Content Highlights: literature features the midnight library reading
Published: 27 Nov 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented