ഇ.വി. രാമകൃഷ്ണനെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനാക്കിയ കൃതിയാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'മലയാള നോവലിന്റെ ദേശകാലങ്ങള്‍.' ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാള നോവലുകളെ മുന്‍നിര്‍ത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്ക്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥമാണിത്. പുസ്തകത്തില്‍ നിന്നൊരു ഭാഗം;
ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാളനോവലുകളെ മുന്‍നിര്‍ത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥം. ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങള്‍ എന്നീ സങ്കല്പനങ്ങളുപയോഗിച്ച് മലയാളനോവലിന്റെ സഞ്ചാരപഥങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു. ഒപ്പം, ലാവണ്യവത്കരണത്തിലൂടെ തമസ്‌കരിക്കപ്പെട്ട നോവലിന്റെ രാഷ്ടീയ-സാംസ്‌കാരിക മാനങ്ങളുടെ വീണ്ടെടുപ്പുകൂടിയാകുന്നു ഈ പഠനം.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ഭുതകരമെന്ന് തോന്നുന്ന ഒരു കാര്യം പത്തൊന്‍പതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഏറ്റവും സ്വാഭാവികമായി ഇന്ത്യയില്‍ മറ്റ് പലേടത്തുംപോലെത്തന്നെ, കേരളത്തിലും സംഭവിക്കുകയായിരുന്നു. കാവ്യകേന്ദ്രീകൃതമായിരുന്ന മലയാളസാഹിത്യം ഗദ്യത്തിന്റെ നാനാതരം സാധ്യതകളെ സാര്‍ഥകമാക്കുകവഴി സ്വയം നവീകരിച്ചു. സാഹിത്യത്തിന്റെ നിര്‍വചനംതന്നെ മാറി. പുതിയൊരു സമൂഹരൂപവത്കരണത്തിന്റെ ആദ്യഘട്ടത്തിലൂടെയാണ് ഇക്കാലം കടന്നുപോയത്. ഭൗതികമായ പരിപ്രേക്ഷ്യത്തിലൂടെ ചരിത്രത്തെ നോക്കിക്കാണുന്ന രീതി നമുക്ക് ഈ സമയത്താണ് തുറന്നുകിട്ടിയത്. മതകേന്ദ്രിതമായ മൈത്തികലോകവും അതിന്റെ സമയകാലങ്ങളും അങ്ങനെ സാപേക്ഷികമായി മാറി. അവയ്ക്കുണ്ടെന്ന് സങ്കല്‍പിക്കപ്പെട്ടിരുന്ന ആധികാരികത നഷ്ടമായി. ഇത് സങ്കീര്‍ണമായൊരു സാമൂഹിക രാഷ്ട്രീയ പരിണാമത്തിന്റെ ഭാഗമായാണ് സംഭവിക്കുന്നത്. പാരമ്പര്യം- ആധുനികത എന്ന ലളിതവത്കരിച്ച ദ്വന്ദ്വമായി ഈ മാറ്റത്തെ അടയാളപ്പെടുത്താന്‍ കഴിയില്ല. പലതരം അധികാരകേന്ദ്രങ്ങളുടെ, സാഹിത്യവ്യവഹാരങ്ങളുടെ മധ്യസ്ഥതയിലൂടെയാണ് മാറ്റങ്ങള്‍ ഇവിടെ സംഭവിക്കുന്നത്. അധിനിവേശം, സാമ്രാജ്യത്വം, ദേശീയത, ആധുനികത, പൊതുമണ്ഡലം മുതലായ പലതരം വ്യവഹാരങ്ങളുമായി ബന്ധപ്പെടുത്തിവേണം ഈ മാറ്റത്തെ മനസ്സിലാക്കാന്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രപരമായ സങ്കീര്‍ണതകളെ ആന്തരികവത്കരിക്കുന്ന സാഹിത്യരൂപമെന്ന നിലയില്‍ നോവല്‍ ഈ കാലത്തിന്റെ മനസ്സിലേക്കുള്ള പ്രവേശികയാവുന്നു.

Mathrubhumi Archives
നോവലിന്റെ ഘടനയില്‍ത്തന്നെ പ്രത്യയശാസ്ത്രപരമായ മുന്‍വിധികള്‍ അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ എഴുത്തുകാര്‍ ഈ സാഹിത്യരൂപത്തെ സ്വാംശീകരിക്കാനും വരുതിയിലാക്കാനും ശ്രമിച്ച പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുത്തുകാരന്‍ പറയാന്‍ ശ്രമിച്ചതും നോവല്‍ പറഞ്ഞതും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായി. സാമൂഹികരൂപവത്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പൊതുമണ്ഡലത്തിന്റെ ആവിഷ്‌കാരമെന്ന നിലയില്‍ നോവല്‍ സംബോധന ചെയ്തത് മുഴുവന്‍ സമൂഹത്തെയുമാണ്. കുന്ദലതയുടെ ഒന്നാംപതിപ്പിനെഴുതിയ മുഖവുരയില്‍ അപ്പു നെടുങ്ങാടി, 'ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്കും, പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാല്‍ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകള്‍ക്കും വേണ്ടിയുള്ള ദോഷരഹിതമായ വിനോദമാണ് തന്റെ കൃതി ലക്ഷ്യമാക്കുന്നതെന്ന്' പറയുന്നുണ്ട്. ഭാഷാമിശ്രിതങ്ങളുടെ സമര്‍ഥമായ ഉപയോഗം പിന്നെ വന്ന ഇന്ദുലേഖയിലുള്ളതുപോലെ കുന്ദലതയിലും ഉണ്ട്. രാമദാസനെന്ന ഭൃത്യന്‍ സംസാരിക്കുമ്പോള്‍ 'പെരുത്ത് നല്ലോരാണമ്മേ ഇവര്... മറ്റാരെങ്കിലും ഇവിടെ വന്നാല്‍ ഇവരുള്ള വര്‍ത്തമാനം മാത്രം മുണ്ടിപ്പോകരുത്' എന്നിങ്ങനെ ആഖ്യാനം സംസാരഭാഷയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. ഭാഷാവ്യതിയാനങ്ങളിവിടെ അസമത്വങ്ങള്‍ നിറഞ്ഞ സമൂഹത്തെയാണ് കുറിക്കുന്നത്. വേടര്‍ക്കരചനോടും കുടുംബത്തോടും രാജകുമാരിയും രാജാവും കാണിക്കുന്ന ഔദാര്യം നിറഞ്ഞ പരിഗണന അവര്‍ സമന്മാരല്ലെന്ന കാര്യത്തിന് അടിവരയിടുന്നു. പക്ഷേ, ഇത്തരമൊരു മുഖാമുഖത്തിലൂടെ രാജകുടുംബത്തിന്റെ 'സ്വഭാവമഹിമ' വിളംബരം ചെയ്യപ്പെടുമ്പോള്‍ ആഖ്യാനം ആരുടെ പക്ഷത്തുനിന്നാണ് നിര്‍വഹിക്കപ്പെടുന്നതെന്ന് മനസ്സിലാവും. സാമാന്യജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും അവരുടെ സ്വത്വങ്ങളെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നോവലുകള്‍ ഉള്‍ക്കൊള്ളുന്നില്ല എന്ന വസ്തുതയെ കുന്ദലതയും ഉദാഹരിക്കുന്നു. സമാന്തരമായി വര്‍ത്തിക്കുന്ന അന്യലോകങ്ങളെപ്പറ്റിയുള്ള ബോധമാണ് ഇക്കാലത്തെ നോവലെന്ന സാഹിത്യരൂപത്തെ വ്യത്യസ്തമാക്കുന്നത്.

അധിനിവേശത്തിന്റെ രാഷ്ട്രീയം സംസ്‌കാരലോകത്തെ കീഴ്പ്പെടുത്തുന്നത് നോവലിന്റെ മധ്യസ്ഥതയിലൂടെയാണ്. ഈ അര്‍ഥത്തില്‍ നോവല്‍ ആധുനികതയുമായുള്ള അധിനിവേശസംസ്‌കാരത്തിന്റെ ഉടമ്പടിയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിലെ ജനങ്ങളെ മെരുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. കൊളോണിയല്‍ ഭരണകൂടത്തിനറിയാമായിരുന്നു, ഇംഗ്ലീഷ് സാഹിത്യത്തിന്റെ മേധാവിത്വം ഉറപ്പുവരുത്തുന്നതിലൂടെ ഇന്ത്യന്‍ മനസ്സുകള്‍ അതിന്റെ മാന്ത്രികതയിലകപ്പെടും എന്ന്. അച്ചടിയെന്ന സാങ്കേതികവിദ്യയുടെ പിന്‍ബലവുംകൂടി ആയപ്പോള്‍ ഇംഗ്ലീഷ് നോവല്‍ ആധുനികതയുടെ യുക്തിഭദ്രമായ വാര്‍പ്പുരൂപമായി വിളങ്ങി. അപ്പു നെടുങ്ങാടിയെപ്പോലുള്ള ഇന്ത്യന്‍ എഴുത്തുകാര്‍ ആകൃഷ്ടരാകുന്നത് പാശ്ചാത്യനവോത്ഥാനമൂല്യങ്ങളെ സ്വാംശീകരിച്ച, വ്യക്തികേന്ദ്രിതമായ അവകാശങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന പുതിയൊരു ഭാവനയുടെ മാതൃകയിലാണ്. അത് അവരില്‍ പ്രവര്‍ത്തിച്ചത് അഭിലാഷങ്ങളുടെ, തൃഷ്ണകളുടെ പരമ്പരകളുത്പാദിപ്പിച്ചുകൊണ്ടാണ്. അപ്പു നെടുങ്ങാടി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയൊരു വിദ്യാലയവും, ആധുനികരീതിയിലുള്ള പണമിടപാടുകള്‍ക്കുവേണ്ടിയൊരു ബാങ്കും, പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ കേരളപത്രിക, കേരളസഞ്ചാരി മുതലായ പ്രസിദ്ധീകരണങ്ങളും, പാല്‍വിതരണത്തിനായി ക്ഷീരവ്യവസായക്കമ്പനിയും സ്ഥാപിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമാന്തരമായാണ് അദ്ദേഹത്തിന്റെ കുന്ദലത എന്ന നോവല്‍ വരുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് പൊതുവായുള്ള സാമൂഹിക രാഷ്ട്രീയ അന്തര്‍ഘടനതന്നെയാണ് കുന്ദലതയുടെ ആവിര്‍ഭാവത്തിനും കാരണമായത്. നഗരസഭാധ്യക്ഷനും വക്കീലും വ്യവസായിയും വിദ്യാഭ്യാസപ്രവര്‍ത്തകനും പ്രസാധകനും ആയിരുന്ന നെടുങ്ങാടി ഒരേസമയം അധിനിവേശത്തിന്റെ യുക്തികളെ പിന്‍പറ്റുകയും പ്രതിരോധിക്കുകയുമാണ് ചെയ്തത്.
'നോവല്‍സ്' എന്ന ഇംഗ്ലീഷ് കഥകളുടെ ഏതാണ്ടൊരു മാതിരിയില്‍' മലയാളത്തിലെഴുതുമ്പോഴും ഇതാവര്‍ത്തിക്കുന്നു. കുന്ദലത കൂടാതെ അദ്ദേഹമെഴുതിയത് ഒരു 'പാഠമാല'യാണെന്നത് അര്‍ഥവത്താണ്. കുന്ദലതതന്നെ വളരെ വേഗം പാഠപുസ്തകമായി അംഗീകരിക്കപ്പെടുകയും ചെയ്തു എന്നും ഓര്‍മിക്കുക. സ്ഥാപനവത്കരിക്കപ്പെടുന്ന ആധുനികതയുടെ കര്‍ത്തൃത്വമാണ് നെടുങ്ങാടിയിലൂടെ പ്രവര്‍ത്തിക്കുന്നത്. ഈ ആധുനികതയില്‍ അധിനിവേശത്തിന്റെ വിരല്‍പ്പാടുകളുണ്ട്. അതിന്റെ പ്രയോഗത്തില്‍ അധിനിവേശത്തെപ്പറ്റിയുള്ള അവബോധവുമുണ്ട്. പ്രത്യയശാസ്ത്രപരമായ ഒരു പിരിയന്‍കോണി ഇവിടെ ബോധത്തെയും അതിന്റെ പ്രതിഫലനത്തെയും ആധുനികതയെയും അതിന്റെ ആവിഷ്‌കാരത്തെയും ബന്ധിപ്പിക്കുന്നു. ഒരേസമയം വരേണ്യവും ജനകീയവുമായിരിക്കുക അതിന്റെ നിയോഗമാണ്. ആധികളും ഉത്കണ്ഠകളും ഏറെ ഉള്‍ക്കൊള്ളേണ്ടിവന്നതുകൊണ്ടാണ് ഇന്ത്യന്‍ നോവലുകളുടെ ആദ്യകാലരൂപങ്ങള്‍ 'റൊമാന്‍സ്' എന്ന രൂപത്തിന്റെ സാധ്യതകളിലൂന്നിയത്.
പലതരം ലോകങ്ങളെ തമ്മിലിണക്കേണ്ടിവരുമ്പോള്‍ 'ഹിസ്റ്റോറിക്കല്‍ റൊമാന്‍സ്' (അദ്ഭുതപരാക്രമങ്ങളിലൂന്നുന്ന ചരിത്രാഖ്യായിക) പ്രത്യേകിച്ചും പ്രസക്തമാവുന്നു. സാമൂഹികപരിഷ്‌കാരങ്ങളെപ്പറ്റി നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. സ്ത്രീകളുടെ വിദ്യാഭ്യാസം, വിവാഹപ്രായം, ജാതിമതഭേദങ്ങളുടെ യുക്തി, ദേശീയതയുടെ പ്രസക്തി, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സവിശേഷതകള്‍, ശാസ്ത്രീയസമീപനത്തിന്റെ ആവശ്യം എന്നിങ്ങനെ പല മണ്ഡലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇക്കാലത്ത് ഇന്ത്യയിലുടനീളം ചര്‍ച്ചചെയ്യപ്പെട്ടത്. ഈയര്‍ഥത്തില്‍ കുന്ദലത എന്ന നോവല്‍ കേരളത്തെ ഇന്ത്യയുടെ ഭാഗമായി തിരിച്ചറിയുന്ന പുതിയൊരുതരം ദേശീയകര്‍ത്തൃത്വത്തിന്റെ അടയാളവുമാണ്. നോവലില്‍ വര്‍ണിക്കപ്പെടുന്ന സ്ഥലങ്ങള്‍ കേരളത്തിന് പുറത്താവുന്നത് ഇതുകൊണ്ടാണ്. കലിംഗം, കുന്തളം, വില്വാദ്രി, ധര്‍മപുരി മുതലായ സ്ഥലപ്പേരുകളുടെ ധ്വനികള്‍ അതീതകാലത്തിന്റെതെന്നപോലെ മധ്യകാലഭാരതത്തിന്റെതുമാണ്. മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ഉത്കടമായ അഭിലാഷമാണ് സാമൂഹികപരിഷ്‌കാരശ്രമങ്ങളിലും നോവല്‍രചനകളിലും പ്രതിഫലിച്ചത് എന്ന് പറയുമ്പോള്‍ 'ഹിസ്റ്റോറിക്കല്‍ റൊമാന്‍സ്' എന്ന രൂപം പിറകോട്ടും മുന്നോട്ടും ഒരേസമയം എങ്ങനെ നോക്കുന്നു എന്നുകൂടി പഠിക്കേണ്ടതുണ്ട്.
1865-ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗേശനന്ദിനി പുറത്തുവന്നതോടെത്തന്നെ തുടങ്ങുന്നുണ്ട് ഹിസ്റ്ററിക്കല്‍ റൊമാന്‍സിന്റെ പുതിയൊരു ആഖ്യാനപാരമ്പര്യം. കപാല്‍ കുണ്ഡല (1866), മൃണാളിനി (1869) എന്നീ കൃതികളും ബങ്കിംചന്ദ്ര ഇതേ പാരമ്പര്യത്തിലാണെഴുതിയത്. ആഖ്യാനത്തിലൂടെ വെളിപ്പെടുന്ന മാന്ത്രികഭാവങ്ങളുള്ള സ്ഥലങ്ങള്‍- കോട്ടകള്‍, രാജകൊട്ടാരങ്ങള്‍, പര്‍വതങ്ങള്‍, നദികള്‍, യുദ്ധക്കളങ്ങള്‍, സമുദ്രതീരങ്ങള്‍ മുതലായവ- ഇത്തരം കഥകളില്‍ ആവര്‍ത്തിച്ചു വരും. മറാത്തിയില്‍ മുക്തമാല എന്ന നോവലോടുകൂടി 'അദ്ഭുതകാദംബരി'യുടെ പാരമ്പര്യം തുടങ്ങുന്നു. തമിഴിലെ പ്രതാപമുതലിയാര്‍ചരിതം, ഗുജറാത്തിയിലെ കരണ്‍ ഘേലോ മുതലായ നോവലുകളെയും ഇവിടെയോര്‍ക്കാം. കൊളോണിയല്‍ ആധുനികതയുടെ പുരാവൃത്തങ്ങള്‍ക്ക് അദ്ഭുതകഥകളുടെ പരിവേഷമുള്ള ആഖ്യാനവുമായി പ്രത്യേകം ചാര്‍ച്ചയുണ്ടായി എന്നാണ് ഈ ഉദാഹരണങ്ങള്‍ ഉറപ്പിച്ചു പറയുന്നത്. അതിനൊരു കാരണം കൊളോണിയല്‍ ആധുനികതയുടെ യുക്തി സ്വാംശീകരിച്ച ദേശീയതയുടെ ഉഭയസ്വഭാവമാണ്. ഇന്ത്യയുടെ അതീതഭൂതകാലത്തെ കണ്ടെടുക്കേണ്ടത് അതിന്റെ ആവശ്യമായിരുന്നു. ചരിത്രത്തിന്റെ വ്യവഹാരങ്ങള്‍ ഇന്ത്യയില്‍ പെരുകുന്നത് ഇക്കാലത്താണ്. ബങ്കിംചന്ദ്രന്റെ നോവലുകള്‍ മധ്യകാല ഭാരതചരിത്രത്തെയാണ് പ്രമേയമാക്കിയത്. 1882-ല്‍ പുറത്തുവന്ന ആനന്ദമഠിലെ കേന്ദ്രബിന്ദു 1773-ല്‍ നടന്നൊരു കലാപമായിരുന്നു.
ആനന്ദമഠിലെ ചരിത്രം രേഖീയമായ കാലത്തിന്റെതല്ല. സുദിപ്താ കവിരാജ് ബങ്കിംചന്ദ്രയെപ്പറ്റിയെഴുതിയ പഠനത്തില്‍ യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ വ്യാഖ്യാനിച്ചത് കൊളോണിയല്‍ഭരണത്തിന്റെ അനിവാര്യതയെ ന്യായീകരിക്കുന്നതിനാണെന്ന് പറയുന്നുണ്ട്. ഇത്തരം അധിനിവേശാഖ്യാനങ്ങളെ പ്രതിരോധിക്കുന്ന തരത്തിലുള്ള എഴുത്താണ് 'ഹിസ്റ്റോറിക്കല്‍ റൊമാന്‍സി'ല്‍ കാണുക. ഭാവികാലത്തിലൂടെ ചരിത്രത്തെ കാണുമ്പോള്‍, ചരിത്രത്തെ പുതിയൊരു വര്‍ത്തമാനവുമായി ഘടിപ്പിക്കാനും അതിലൂടെ അതിനെ മാറ്റിയെഴുതാനും കഴിയുമെന്ന് ബങ്കിംചന്ദ്രയെപ്പോലുള്ള എഴുത്തുകാര്‍ കണ്ടെത്തിയതായി കവിരാജ് സമര്‍ഥിക്കുന്നു. സന്താന്‍കലാപം പുതിയൊരു ഭാവിയെ സങ്കല്പിക്കാനുള്ള മാധ്യമമായിത്തീരുന്നു. തൃഷ്ണകളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്ന തുറസ്സുകള്‍ ഈ നോവലുകളില്‍ വര്‍ണിക്കപ്പെടുന്ന മധ്യകാലഭാരതത്തില്‍ സുലഭമായി തുറന്നുകിട്ടുന്നു. സാമൂഹികയാഥാര്‍ഥ്യങ്ങളെ ഇത്തരം നോവലുകള്‍ അഭിസംബോധന ചെയ്യുന്നത് നേരിട്ടല്ല. അധിനിവേശസന്ദര്‍ഭത്തിന്റെ സാമൂഹികഭാവന ആവശ്യപ്പെട്ടത് ഉച്ഛൃംഖലമായ സഞ്ചാരങ്ങളാണ്. അതിലൂടെ ചരിത്രത്തില്‍ ഇന്ത്യനെഴുത്തുകാരന്‍ അവകാശവാദമുന്നയിക്കുകയാണ്. ഇതു നമ്മുടെ സ്ഥലവും ചരിത്രവുമാണെന്നു പറയാനുള്ള കെല്പ് ഇവിടെ ആഖ്യാനത്തിന് സിദ്ധിക്കുന്നു. ചരിത്രത്തെ പുതിയൊരു പ്രതീകാത്മകക്രമവുമായി ബന്ധപ്പെടുത്തുമ്പോള്‍ പുതിയ പാഠങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം നോവലുകള്‍ സംസ്‌കൃതപാരമ്പര്യത്തിലുള്ള 'കാദംബരി' മാതിരിയുള്ള ആഖ്യാനങ്ങളുടെ തുടര്‍ച്ചകളെയും കണ്ടെടുക്കുന്നുണ്ട്. കുന്ദലതയിലെ ഭാഷ 'പ്രഭുവര്‍ഗ സംഭോഗസാഹിത്യമായ മണിപ്രവാളത്തിന്റെ ഗദ്യരൂപത്തിലുള്ള അവതാരമാണെന്ന്' ജോര്‍ജ് ഇരുമ്പയം അഭിപ്രായപ്പെടുന്നുണ്ട്. ഇതു ശരിയല്ലെന്നു കാണിക്കുവാന്‍ നോവലിന്റെ ഏത് അധ്യായത്തില്‍നിന്നും ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും.
ഭാഷാരീതിക്ക് 'അഭിനന്ദനീയമായ ആധുനികത്വ'മുണ്ടെന്ന് പറഞ്ഞ എം.പി. പോളാണ് സത്യത്തിനടുത്ത് നില്‍ക്കുന്നത്. സംസ്‌കൃതത്തിലുള്ള അദ്ഭുതപരാക്രമകഥകളുടെ പാരമ്പര്യത്തെ ഇത്തരം നോവലുകള്‍ ഉപജീവിക്കുന്നു എന്ന് പറഞ്ഞത് അധിനിവേശസന്ദര്‍ഭത്തില്‍ ദേശീയതയുടെ വ്യവഹാരം അതീതഭൂതകാലത്തിന്റെ സാധ്യതകളില്‍നിന്ന് ബൃഹദാഖ്യാനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യം എടുത്തുകാണിക്കാനാണ്. കുന്ദലതയില്‍ കാളിദാസനെയും ഉണ്ണായിവാര്യരെയും എഴുത്തച്ഛനെയും ഓര്‍മിപ്പിക്കുന്ന വര്‍ണനകള്‍ സാംസ്‌കാരികസ്വത്വത്തിന്റെ പുനര്‍നിര്‍മിതിക്ക് വേണ്ട അസംസ്‌കൃതവിഭവങ്ങള്‍ സമാഹരിക്കുകയാണ്. പ്രാദേശികവാമൊഴിവഴക്കങ്ങളെ ഉപയോഗിക്കുമ്പോള്‍ത്തന്നെ നെടുങ്ങാടി മഹാകാവ്യങ്ങളെയും വരേണ്യകൃതികളെയും തന്റെ ഭാവനാവ്യവഹാരത്തില്‍ ഇണക്കിച്ചേര്‍ക്കുന്നു. സാമാന്യജനങ്ങളെ ദേശമെന്ന പുതിയ സാംസ്‌കാരികനിര്‍മിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു നോവലെന്ന സാഹിത്യരൂപം ചെയ്തത്. അതിനായി അവരുടെ ഓര്‍മകളെ ഉണര്‍ത്തുക ആവശ്യമായിരുന്നു. കുന്ദലതയിലൂടെ വെളിപ്പെടുന്ന തപോവനവും നായാട്ട്-യുദ്ധരംഗങ്ങളും ദൂതുകളും നിഗൂഹനങ്ങളും അവസാനമായി വരുന്ന അഭിജ്ഞാനവും പഴയൊരാഖ്യാനത്തെ പുതിയ കാലത്തില്‍ ബന്ധിക്കുകയാണ് ചെയ്യുന്നത്. 'കേരളസമ്പ്രദായത്തിന് അനുസരിക്കാത്ത ചില മാതിരികളും മര്യാദകളും' കഥയിലുണ്ടെങ്കില്‍ അത് വായനക്കാരെ അലോസരപ്പെടുത്തരുതെന്ന് കരുതിയാണ് അന്യദേശങ്ങളില്‍ കഥ നടക്കുന്നതായി താന്‍ സങ്കല്പിച്ചതെന്ന് നെടുങ്ങാടി 'മുഖവുര'യില്‍ എഴുതുന്നുണ്ട്. മുരുഗാരധ്യായ എന്ന കന്നഡ നോവലിസ്റ്റ് താനാദ്യം ഇംഗ്ലീഷ് നോവലുകളിലൊന്നിനെ പരിഭാഷപ്പെടുത്താനുദ്ദേശിച്ചപ്പോള്‍ അതില്‍ 'ഹിന്ദുമര്യാദ'യ്ക്ക് യോജിക്കാത്ത പലതുമുള്ളതുകൊണ്ട് അതു വേണ്ടെന്നുവെച്ചുവെന്നും പുരാണകഥകളിലൊന്നിനെ നോവല്‍രൂപത്തിലെഴുതാന്‍ വിചാരിച്ചപ്പോള്‍ അത് നോവലിന്റെ 'മര്യാദ'യ്ക്കു യോജിക്കാത്തതുകൊണ്ട് അതും വേണ്ടെന്നുവെച്ചാണ് പുതിയൊരു കല്പിതകഥ- ഹിന്ദുമര്യാദയ്ക്കും നോവലിന്റെ മര്യാദയ്ക്കും അനുയോജ്യമായത്- എഴുതിയതെന്ന് പറയുന്നുണ്ട്. 'ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്കു' മുന്നില്‍ പുതിയൊരു സാഹിത്യരൂപത്തെ അവതരിപ്പിക്കുക എന്ന ദൗത്യമാണ് അപ്പു നെടുങ്ങാടി ഏറ്റെടുത്തത്. നാടിന്റെയും നോവലിന്റെയും നിയമാവലികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് നെടുങ്ങാടി ഇതു നിര്‍വഹിക്കുന്നത്. അദ്ദേഹം ദേശത്തെ നോവലിലേക്കും നോവലെന്ന സാഹിത്യരൂപത്തെ ദേശത്തിലേക്കും പരിഭാഷപ്പെടുത്തുകയായിരുന്നു.
മറാത്തിയിലെ ആദ്യകാല നോവലുകളെപ്പറ്റിയുള്ള തന്റെ ലേഖനത്തില്‍ അനികേത് ജാവരെ 'ഹിസ്റ്റോറിക്കല്‍ റൊമാന്‍സ്' എന്ന രൂപം വാള്‍ട്ടര്‍ സ്‌കോട്ടില്‍നിന്നു മാത്രം പകര്‍ന്നുകിട്ടിയതാണെന്ന വാദത്തെ നിശിതമായി എതിര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകളിലെഴുതിയ നോവലിസ്റ്റുകള്‍ തങ്ങളുടെ കൃതികളിലെ സൗന്ദര്യാനുഭവത്തെ സാധൂകരിക്കാന്‍ ഉപജീവിച്ചത് ഇന്ത്യന്‍ പാരമ്പര്യത്തിലെ വാങ്മയങ്ങളെയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പാശ്ചാത്യരൂപത്തിന്റെ നേര്‍പകര്‍പ്പായിരുന്നെങ്കില്‍ കുന്ദലത പാഠപുസ്തകമെന്ന രീതിയില്‍ പ്രതിഷ്ഠാപനം ചെയ്യപ്പെടുമായിരുന്നില്ല. അതിന്റെ സ്വീകാര്യത ഉറപ്പുവരുത്തിയ ഘടകങ്ങള്‍ പ്രാദേശികഭാവനയുടെ വ്യാപാരങ്ങളില്‍ തിരയേണ്ടിവരും. പാശ്ചാത്യനോവല്‍ ചരിത്രവ്യവഹാരങ്ങളെ ഉപജീവിച്ച് സാധൂകരണം നേടിയപ്പോള്‍ ഇന്ത്യന്‍ നോവലുകള്‍ മഹാകാവ്യ-നാടക-കാവ്യ പാരമ്പര്യങ്ങളെ ആശ്രയിച്ചാണ് സ്വയം ന്യായീകരിച്ചതെന്ന് ജാവരെ പറയുന്നതില്‍ കാര്യമുണ്ട്.
കഥാഘടനയില്‍ കുന്ദലത പലതരം കേട്ടുമറന്ന ഐതിഹ്യങ്ങളെയും ഇതിഹാസസന്ദര്‍ഭങ്ങളെയും ആശ്രയിക്കുന്നുണ്ടെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ തെളിയും. ഇത്തരം സാഹിത്യവ്യവഹാരങ്ങളെ നോവലിസ്റ്റ് ഉപജീവിച്ചത് നോവലിന്റെ ആഖ്യാനഘടനയ്ക്ക് നാടകീയത പകരാന്‍വേണ്ടി മാത്രമല്ല, അവയിലൂടെ ദേശവും പ്രദേശവും ഒന്നാകുന്നുണ്ട്. പ്രച്ഛന്നവേഷധാരികളായ അമാനുഷരുടെ ധീരകൃത്യങ്ങള്‍ 'വിമോചന'ത്തിന്റെ സംയമമുഹൂര്‍ത്തത്തിലാണ് മൂല്യാധിഷ്ഠിതമായ ദര്‍ശനത്തിന് വഴിമാറുന്നത്. 'അഭിജ്ഞാന'വും 'വിവരണ'വും കഥയിലെ നിഗൂഹനങ്ങളുടെ കെട്ടഴിക്കുകമാത്രം ചെയ്യുമ്പോള്‍ 'വിമോചനം' ആത്മബലത്തെയും അഭിമാനത്തെയും കുറിച്ച് പുതിയൊരു ഭാഷ്യം ചമയ്ക്കുന്നു. 'ഇത്ര വലിയ ഒരു യോദ്ധാവിന് കീഴടങ്ങേണ്ടിവന്നതുകൊണ്ട് എനിക്ക് ലേശംപോലും ലജ്ജ തോന്നുന്നില്ല' എന്ന് കൃതവീര്യന്‍ പറയുന്നു. അഭിമാനത്തെപ്പറ്റിയുള്ള ഒരു സൂക്ഷ്മവിവരണം കഥാഘടനയില്‍ ഉടനീളമുണ്ട്. കപിലനാഥന്‍ വനത്തിലഭയം തേടുന്നതുമുതല്‍ അത് തുടങ്ങുന്നുണ്ട്. വേടര്‍ക്കരചരുമായി രാജാവിന്റെ പെരുമാറ്റത്തിലും അംഗീകാരമെന്നത് സ്വത്വപ്രഖ്യാപനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ട്. ഇത്തരം നാടകീയമുഹൂര്‍ത്തങ്ങള്‍ ഈ നോവലില്‍ സംഭാഷണപ്രധാനമാണെന്ന് കാണാം. വായനക്കാരന്റെ വാങ്മയസ്മരണകള്‍ ഇവിടെ പുനര്‍ജനിക്കുന്നു. നോവലില്‍ ഒരു സ്ഥലത്ത് രാജാവുതന്നെ വായനക്കാരനാവുന്നുണ്ട്. കപിലനാഥന്റെ കഥകളൊക്കെ കേട്ടശേഷം രാജാവ് പറയുന്നു: 'ഇവരുടെ ചരിത്രം ആശ്ചര്യംതന്നെ. ഇതൊക്കെയും എഴുതിവെച്ചാല്‍ വായിക്കുന്നവര്‍ക്ക് വളരെ നേരംപോക്കുണ്ടാകും, അജ്ഞാതവാസവും- പ്രച്ഛന്നവേഷവും-കൈതവനാമവും-ചിത്രം! ചിത്രം!' ഷെയ്ക്സ്പിയറിന്റെ 'സിംബലിന്‍' വരെ പോകാതെതന്നെ അജ്ഞാതവാസവും പ്രച്ഛന്നവേഷവുമൊക്കെ അടങ്ങുന്ന കഥകള്‍ നമുക്ക് പ്രാപ്യമാണ് എന്ന സൂചനകൂടി പാഠത്തിന്റെ അവബോധത്തില്‍ വായിച്ചെടുക്കാം. ഇത്തരം സന്ദര്‍ഭങ്ങളും കഥകളിയുടെ ദൃശ്യഭാവങ്ങളും ഇവിടെപ്പോലെ പിന്നീട് സി.വി. രാമന്‍പിള്ളയിലും പല ചേരുവകളുമായും കൂട്ടുചേരുന്നുണ്ട്.
'കേരളസമ്പ്രദായത്തിന് അനുസരിക്കാത്ത മാതിരികളും മര്യാദകളും' എന്ന നെടുങ്ങാടിയുടെ ഉത്കണ്ഠ ഈ നോവലിന്റെ കഥാഘടനയിലെ പ്രണയചിത്രങ്ങളെക്കുറിച്ചാവാനാണിട. കുന്ദലത ഭാവനയിലൂടെ നടത്തുന്ന ഉല്ലംഘനങ്ങള്‍ ഏറ്റവും ഫലവത്താകുന്നത് ഇവിടെയാണ്. സ്ത്രീപുരുഷബന്ധത്തെക്കുറിച്ചൊരു പുതിയ പരിപ്രേക്ഷ്യം ഈ നോവല്‍ അവതരിപ്പിക്കുന്നുണ്ട്. കാട്ടില്‍ വളരുന്ന കുന്ദലതയും കൊട്ടാരത്തില്‍ വളരുന്ന സ്വര്‍ണമയിയും ഇക്കാര്യത്തില്‍ വ്യത്യാസമില്ല.
നോവലെന്ന സാഹിത്യരൂപം തൃഷ്ണകളുടെ വിളംബരമാവുന്നത് പ്രണയത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകള്‍ പിന്തുടരുന്നതിലൂടെയാണ്. നിലവിലുള്ള അധികാരഘടനകളെ പൊളിച്ചെഴുതാന്‍ അക്രമാസക്തമായ യുദ്ധങ്ങള്‍ക്കുള്ളതിലേറെ കഴിവുണ്ട് സ്വത്വങ്ങളെത്തന്നെ പുതുക്കിപ്പണിയുന്ന പ്രേമത്തിന്. ആധുനികതയുടെ വ്യവഹാരങ്ങള്‍ കണ്ടെടുത്ത സ്ഥാപനങ്ങള്‍ പ്രജകളെ വ്യക്തികളാക്കി പുനര്‍നിര്‍മിക്കുന്നു. അപ്പു നെടുങ്ങാടി സമൂഹത്തിലിടപെട്ടത് വ്യക്തിനിര്‍മാണത്തിനുതകുന്ന സ്ഥാപനങ്ങളുണ്ടാക്കാനാണ്. പത്രങ്ങളും സ്‌കൂളുകളും വ്യവസായങ്ങളും കോടതികളും സാധ്യമാക്കുന്നത് സ്വന്തം അവകാശങ്ങളെക്കുറിച്ച് അടിസ്ഥാനബോധമുള്ള വ്യക്തികളെയാണ്. സ്വര്‍ണമയിയും കുന്ദലതയും സ്വന്തം കമിതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം മനസ്സിന്റെ ഉള്‍വിളി മാത്രം കേള്‍ക്കുന്നവരാണ്. ഇവര്‍ക്ക് സിദ്ധിക്കുന്ന വ്യതിരിക്തമായ വ്യക്തിത്വം ഇവരുടെ ആന്തരികതയുടെ പ്രഖ്യാപനമാണ്. നോവലിന്റെ വ്യവഹാരത്തില്‍ ആന്തരികതയുടെ വാങ്മയമായാണ് പ്രണയം കടന്നുവരുന്നത്. പുരുഷപ്രധാനമായ ഈ സമൂഹത്തില്‍ ശരീരശക്തിയും യുദ്ധവീര്യവും പ്രധാനമാണ്. നോവലില്‍ ആവര്‍ത്തിച്ചുവരുന്ന രംഗങ്ങള്‍- നായാട്ടിന്റെയും ആയുധപ്രയോഗങ്ങളുടെയും യുദ്ധക്കളത്തിലെ ക്ഷോഭവിക്ഷുബ്ധമായ ആംഗ്യപ്രകടനങ്ങളുടെയും- പൗരുഷത്തിന്റെ ആഖ്യാനങ്ങളാണ്. അഭ്യാസബലത്തിലൂന്നുന്ന ഈ പൗരുഷത്തില്‍നിന്നു വ്യത്യസ്തമാണ് നൈസര്‍ഗികചോദനകളുടെ മേധാവിത്വത്തെ കാണിക്കുന്ന പ്രണയാര്‍ദ്രകളായ സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യം. നോവലിന്റെ കഥാഘടനയില്‍ വിശ്വാസത്തിന്റെയും ചതിയുടെയും ഉത്കണ്ഠകള്‍ പുരുഷകഥാപാത്രങ്ങളിലാണ് കാണുക. നിഷ്ഠുരമായ രാജനീതിയെക്കുറിച്ച് പലേടത്തും സൂചനകളുണ്ട്. കപിലനാഥന്‍ കൃതവീര്യനെ പരാജയപ്പെടുത്തിയശേഷം കാരാഗൃഹത്തിലടച്ചതിനു ശേഷമാണ് വിമോചിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ ആന്തരികസ്വത്വങ്ങളിലൂടെ പ്രസരിക്കുന്ന പ്രണയത്തിന്റെ ഉണര്‍വ് പുതിയൊരു സമൂഹരൂപീകരണത്തിനുള്ള ഊര്‍ജം ആവാഹിക്കുന്നു.

ചരിത്രം തൃഷ്ണകളുടെ മാധ്യസ്ഥ്യത്തിലൂടെയാണ് സാമൂഹികബന്ധങ്ങളിലേക്ക് കടക്കുന്നത്. കുന്ദലതയില്‍ തൃഷ്ണകളുടെ വാങ്മയമായി വനസ്ഥലികളും ദുര്‍ഗമമായ ഏകാന്തമാര്‍ഗങ്ങളും ചന്ദനോദ്യാനങ്ങളും വിചിത്രമായ കൊത്തുപണികളുള്ള കൊട്ടാരങ്ങളും മാത്രമല്ല വിരഹം, അജ്ഞാതവാസം, അജ്ഞാതരായ വിദേശികള്‍, ഗൂഢസന്ദേശങ്ങള്‍, അസാധാരണസംഭവങ്ങള്‍ എന്നിവയും സന്നിവേശിക്കപ്പെട്ടിരിക്കുന്നു. ആഖ്യാനത്തിന്റെ അധോഘടനയില്‍ കാവ്യനാടകപാരമ്പര്യത്തിനുള്ള പങ്ക് തൃഷ്ണകളെ ദേശപ്രദേശങ്ങളുടെ സന്ദര്‍ഭത്തില്‍ സാധൂകരിക്കുന്നു. അദ്ഭുതപരാക്രമകഥകളുടെ സ്ഥലകാലസംയുക്തങ്ങളെ (Chronotopes) ദേശീയതയുടെ വ്യവഹാരങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകവഴിയാണ് തൃഷ്ണകളുടെ വാങ്മയം സമകാലീനസമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. മധ്യഭാരതത്തിന്റെ അരക്ഷിതാവസ്ഥ നിറഞ്ഞ സ്ഥലസമയങ്ങളെക്കുറിക്കുന്ന വനമാര്‍ഗങ്ങളും തട്ടിക്കൊണ്ടുപോകലുകളും വിചിത്രവേഷധാരികളുടെ ആഗമനങ്ങളും മറ്റും ഉളവാക്കുന്ന അന്തരീക്ഷം പ്രണയത്തിന്റെ ആന്തരികലോകങ്ങളുടെ സ്വകാര്യതയുമായി ഇടയുമ്പോള്‍ വിശ്വാസത്തിന്റെയും പാരസ്പര്യത്തിന്റെയും വ്യവഹാരങ്ങളിലേക്ക് കഥ പരിണമിക്കുന്നു. കുന്ദലത എന്ന നോവല്‍ അടയാളപ്പെടുത്തുന്നത് അതെഴുതപ്പെട്ട സമൂഹത്തിന്റെ തൃഷ്ണകളില്‍ നിറഞ്ഞുനിന്ന ആശയലോകങ്ങളെയാണ്. കഥാപാത്രങ്ങളുടെ ആന്തരികസ്ഥലങ്ങളെ ദ്യോതിപ്പിക്കുന്നവയായി മാറുന്നുണ്ട് നോവലില്‍ വര്‍ണിക്കപ്പെടുന്ന ഭൂവിഭാഗങ്ങള്‍. ഈ ബന്ധംതന്നെ പുതിയൊരു സ്ഥലകാലസംയുക്തമാണ്. മലയാളനോവലിന്റെ ചരിത്രത്തില്‍ ഭൂവിഭാഗങ്ങള്‍ (Landscapes) മനോനിലകളുമായി ബന്ധപ്പെട്ടാണ് പില്ക്കാലത്ത് പ്രത്യക്ഷപ്പെടുക. സന്ന്യാസി യോദ്ധാവായി മാറുന്ന കപിലനാഥന്റെ കഥയില്‍ കര്‍മവും ത്യാഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുണ്ട്. രണ്ടും അധികാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
പ്രണയബന്ധങ്ങളുടെ ആവിഷ്‌കാരത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് സ്വകാര്യതയും ആന്തരികതയും തമ്മിലുള്ള പുതിയൊരു സമവാക്യമാണ്. പുരാണകഥാപാത്രങ്ങളില്‍ ഒരിക്കലും നാം കാണാത്തൊരു കാര്യമാണ് ഗഹനതയുടെ ഈ മൂന്നാംമാനം. നോവലിന്റെ ഏറ്റവും വലിയ നേട്ടം പൊതുമണ്ഡലത്തിന് സമാന്തരമായി വ്യക്തിയുടെ സ്വകാര്യതയെയും കണ്ടെടുത്തു എന്നതാണ്. മനോനിലകളെ സൂചിപ്പിക്കുന്ന ഭൂവിഭാഗങ്ങള്‍ ധ്വനിസാന്ദ്രമായി ആവിഷ്‌കരിക്കുന്നത് ഉള്‍ക്കനമുള്ള സ്വത്വങ്ങളുടെ സാന്നിധ്യമാണ്. ഇത്തരം സ്വത്വങ്ങളിലേക്ക് കാലം ഘനീഭവിച്ചിറങ്ങിവരുന്നു. അതുകൊണ്ടാണ് അവരുടെ വാക്കുകള്‍ വലിയൊരു കാലത്തില്‍ പ്രതിധ്വനിക്കുന്നത്. ദേശീയതയുടെ ഉഭയഭാവങ്ങള്‍ കഥാഗതിയെ നിയന്ത്രിക്കുമ്പോള്‍ സംസ്‌കാരവും രാഷ്ട്രീയവും- സമൂഹത്തിന്റെ മേല്‍ത്തട്ടും അടിത്തറയും- ഒന്നാവുന്നു. ദേശത്തെ നോവലിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ നെടുങ്ങാടി സമൂഹത്തിന്റെ സാംസ്‌കാരികമൂലധനത്തെ മുഴുവന്‍- ആഖ്യാനം ചെയ്യാനുള്ള കഴിവ്, പുരാണേതിഹാസങ്ങളുടെ സ്മരണകള്‍, നാടോടിക്കഥകളില്‍ കാണുന്ന പരാക്രമങ്ങളും കഥാവ്യതിയാനങ്ങളും സ്ത്രൈണസ്വത്വങ്ങളെ തൃഷ്ണകളുടെ ഭൂവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന രീതികള്‍ എന്നിങ്ങനെ പലതും-വിന്യസിക്കാനുള്ള ഒരു പ്രത്യയശാസ്ത്രഘടനയ്ക്ക് രൂപംനല്‍കുകയായിരുന്നു. നോവലിന്റെ ആഖ്യാനത്തെ സാധ്യമാക്കിയത് ഈ ഘടനയാണ്. അടഞ്ഞ ഭൂതകാലത്തെ തുറക്കുവാന്‍ അതിന് കഴിഞ്ഞു. അതിലൂടെ കാലത്തെത്തന്നെ വര്‍ത്തമാനത്തിനഭിമുഖമായി നിര്‍ത്തി, അദ്ദേഹം.
കുന്ദലതയുടെ പുനര്‍വായന ഈ നോവലിനെ മറ്റ് ഇന്ത്യന്‍ ഭാഷകളുടെ സന്ദര്‍ഭത്തില്‍ പഠിക്കേണ്ടതുണ്ടെന്ന് തെളിയിക്കുന്നു. കേരളസമൂഹത്തെ താന്‍ വിഭാവനം ചെയ്യുന്ന ദേശത്തിന്റെ ഭാഗമായി നെടുങ്ങാടി കണ്ടെടുക്കുന്നു. പത്തൊന്‍പതാംനൂറ്റാണ്ടിലെ നോവലുകളെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കേണ്ടതായുണ്ട്. കഥാകാരനെക്കാള്‍ കഥയെ നമുക്കു വിശ്വസിക്കേണ്ടതുണ്ട്. കഥാഘടനയുടെ ക്രമം നിര്‍ണയിക്കുന്നത് രസിപ്പിക്കാനൊരു കഥ പറയാനുള്ള ത്വര മാത്രമല്ല, സമൂഹഭാവനയെ ഗ്രസിച്ച തൃഷ്ണകളുടെ വലിയൊരധോലോകമാണ്. സ്വപ്നങ്ങളില്‍ നാം നമ്മുടെ മനസ്സിന്റെ അബോധം ദര്‍ശിക്കുന്നതുപോലെ ഹിസ്റ്റോറിക്കല്‍ റൊമാന്‍സിന്റെ ഭ്രമകല്പനകളില്‍ (ഫാന്റസി) സമൂഹമനസ്സിന്റെ അബോധമാണ് വെളിപ്പെടുന്നത്. ഭദ്രമായ കഥാന്ത്യം അബോധമനസ്സിന്റെ ചോദനകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനകളാണ്. കപിലനാഥന്റെ ഭൗതികവീക്ഷണം പ്രജ്ഞാപരതയുടെ മാനം നോവലിന് നല്‍കുന്നു. സമാന്തരമായി നില്‍ക്കുന്ന പല ലോകങ്ങളെ സംഭവക്രമങ്ങളുടെ നൈരന്തര്യത്തിലൂടെ ഒന്നിപ്പിക്കുമ്പോള്‍ മൈത്തിക കാലത്തിനുപകരം ചരിത്രപരതയിലൂന്നുന്ന കാലം നോവലില്‍ നിറയുന്നു. പലതരം പരിമിതികളുള്ള കൃതിയാണെങ്കിലും കുന്ദലത ദേശത്തെ അതിന്റെ വൈരുധ്യങ്ങളോടെ എഴുതുന്നതില്‍ വിജയിക്കുന്നു.
Content Highlights: Kundalatha novel, Appu Nedungadi, E.V. Ramakrishnan, Book excerpt, Mathrubhumi books
Published: 25 Dec 2023, 09:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented