വര്‍ഷവും പുസ്തകങ്ങള്‍ക്കൊപ്പം ജീവിച്ചു എന്നുതോന്നുന്നു. ജീവിതത്തിന്റെ സ്വന്തം സമയനഷ്ടത്തെ, മറ്റു പല നഷ്ടങ്ങള്‍ക്കുമൊപ്പം, അല്ലെങ്കില്‍ വേറെ എങ്ങനെ ഓര്‍മിക്കും! എഴുതുന്നതിനേക്കാള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ട് ഘട്ടങ്ങള്‍ ഓരോ എഴുത്തുകാരുടെയും ജീവിതത്തില്‍ ഉണ്ടെന്നു തോന്നുന്നു, യുവത്വത്തിന് തൊട്ടുമുമ്പും വാര്‍ദ്ധക്യത്തിന് തൊട്ടുപിറകെയുമായി അതിനൊരു നേര്‍രേഖയുണ്ടെന്നും തോന്നുന്നു. എങ്കില്‍, ജീവിതത്തെ കലയുടെ ആവശ്യമാക്കുന്നത് ഈ രണ്ട് കാലങ്ങളാണ്. ഒരു നേര്‍രേഖയില്‍ അവ കോര്‍ത്തിട്ടിരിക്കുന്നു. 

To advertise here,

കഴിഞ്ഞ മാസങ്ങളില്‍ വായിച്ച ചില പുസ്തകങ്ങളുടെ ഓര്‍മ ഇതാണ്; Whale, Time Shelter, When We cease to Understand the World, Hurricane Season, Maniac, Prophet's Song, I live in the Slums, Alis and The Fire (വീണ്ടും ഒരിക്കല്‍ക്കൂടി),  A Practical Guide to Levitation, Twilight World...അങ്ങനെ ചില  ഫിക്ഷന്‍ അനുഭവങ്ങള്‍, അവയൊന്നും പുസ്തകക്കുറിപ്പുകള്‍ മാത്രമായി ഒടുങ്ങേണ്ടതുമല്ല എന്നുള്ളതുകൊണ്ട് പിന്നൊരിക്കല്‍ അവയെപ്പറ്റി പറയാം. എന്നാല്‍, ആ സമയത്തൊക്കെ ഞാന്‍ ഓര്‍ത്തത് നമ്മുടെ ഭാഷയിലെ ഫിക്ഷനെപ്പറ്റിയും ആയിരുന്നു. ധാരാളം നോവലുകള്‍ എഴുതപ്പെടുന്ന ഒരു ഭാഷ എന്ന നിലയില്‍ മലയാളം അത്തരം അനുഭവങ്ങളിലേക്ക് കടക്കാന്‍ വിസമ്മതിക്കുകയോ വിഷമിക്കുകയോ ആണ് എന്ന് തോന്നുന്നു. വിശേഷിച്ചും അടുത്ത കാലത്തുവന്ന ചില കൃതികള്‍. 'സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നു' എന്ന ഒരൊറ്റ കാരണത്താല്‍ നോവലുകള്‍  വിലമതിക്കുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്ന ഒരു 'വല്യേട്ടന്‍ സമൂഹത്തില്‍' ഇത് സ്വാഭാവികവുമാകുന്നു. അഥവാ, ഒരു വിധത്തിലുമുള്ള Aesthetic challenge  നമ്മുടെ 'പുതിയ നോവലുകള്‍ 'ഏറ്റെടുത്തുവെന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, അവ പലതും 'വല്യേട്ടന്‍ സംസ്‌കാര'ത്തിനുവേണ്ടി സ്വയം കാണിക്കയാവുകയും ചെയ്യുന്നു. ചീത്ത ലെഫ്റ്റ് പൊളിറ്റിക്‌സ് ചീത്ത റിയലിസത്തെ ഉത്പ്പാദിപ്പിക്കുന്നു എന്ന് ഇപ്പോള്‍ പ്രബലമായ ഈ ഫിക്ഷന്‍ സംസ്‌കാരത്തെ പൊതുവായി പറയാമെന്ന് തോന്നുന്നു, അതിലും വലുതാണ് പ്രശ്‌നമെങ്കിലും. 

നേരത്തെ പേര് എഴുതിയ നോവലുകളിലും സാമൂഹ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നല്ല,  തീര്‍ച്ചയായും തീഷ്ണങ്ങളായ ജീവിതങ്ങളുടെ ചിത്രണങ്ങള്‍ ഇവ പലതിലുമുണ്ട്, ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍  കൊമ്പ് താഴ്ത്തി നടക്കാന്‍  ആവശ്യപ്പെടുന്ന വിധം അവ സമകാലികതയുടെ മുരടിപ്പിനെ ആക്രമിക്കുക പോലും ചെയ്യുന്നുണ്ട് - Whale പോലെ, Hurricane Season പോലെ. അപ്പോഴും ഒരു നവീനമാധ്യമമെന്ന നിലയ്ക്ക് അവയില്‍ 'പരീക്ഷിക്കപ്പെടുന്നത്' നോവല്‍ ആകുന്നുവെന്നതാണ് ശ്രദ്ധേയമാകുന്നത്, അതാണ് സന്തോഷം പകരുന്നതും. ഈ അവസരമാണ് മലയാളത്തില്‍ നോവല്‍, ഫിക്ഷന്‍,  നഷ്ടപ്പെടുത്തുന്നത്. 

മലയാളത്തില്‍ പിന്നെ ഈ വര്‍ഷം വായിച്ച പ്രധാനപ്പെട്ട പുസ്തകങ്ങള്‍ കവിത ബാലകൃഷ്ണന്റെ 'കലാകാരി', സനില്‍ വി. എഴുതിയ 'കൊലയുടെ കോറിയോഗ്രാഫി',  ആനന്ദ് എഴുതിയ 'താക്കോല്‍', 'വിഷ്ണു' എന്നീ നോവല്ലകള്‍ ഇവയാകും. തീര്‍ച്ചയായും പുതുഎഴുത്തുകാരായ ഫര്‍സാന, നകുല്‍, എം.എസ്. പ്രവീണ്‍ ഇവരുടെ കഥകളും, വി.കെ. അനില്‍കുമാര്‍, വി.ആര്‍. സന്തോഷ് ഇവരുടെ നോവലുകളും  ഇഷ്ടപ്പെട്ടിരുന്നു. 

എന്നാല്‍, നാല് പുസ്തകങ്ങളാണ് ഇപ്പോള്‍ ഇതെഴുതുമ്പോള്‍ ഓര്‍മയില്‍ വരുന്നത്. അല്ലെങ്കില്‍ ആ പുസ്തകങ്ങളാണ് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് പ്രിയപ്പെട്ടവ. ഒന്ന്, ഗ്യോര്‍ഗി ഗോസ്‌പോദിനോവിന്റെ 'ദി ടൈം ഷെല്‍ട്ടര്‍' എന്ന നോവല്‍, രണ്ട്, ജെ. ദേവിക എഴുതിയ 'ഉറയൂരല്‍' എന്ന പുസ്തകം, മൂന്ന്, തോമസ് ബെര്‍നാര്‍ഡിന്റെ തിരഞ്ഞെടുത്ത കവിതകള്‍, മറ്റൊന്ന്, സുന്ദര്‍ സരുക്കായിയുടെ 'ദി സോഷ്യല്‍ ലൈഫ് ഓഫ് ഡെമോക്രസി'. ഈ കൂട്ടത്തില്‍ നിന്നും രണ്ടു പുസ്തകങ്ങളെപ്പറ്റി മാത്രം പറയട്ടെ.

placeholder
ഗ്യോര്‍ഗി ഗോസ്‌പോദിനോവ്‌ | ഫോട്ടോ: എ.പി

ഗ്യോര്‍ഗി ഗോസ്‌പോദിനോവിന്റെ 'ദി ടൈം ഷെല്‍ട്ടര്‍' എന്ന നോവലിനെപ്പറ്റി ഇതേ സ്ഥലത്ത് ഞാന്‍ എഴുതിയിരുന്നു. ഒരിക്കല്‍ സംഭവിച്ചതെന്തോ അതല്ല നിങ്ങളുടെ ഭൂതകാലം, ചിലപ്പോള്‍ അത് തൊട്ടുമുമ്പ് നിങ്ങള്‍ ഭാവനയില്‍ കണ്ടതുകൂടിയാണ് -  'അല്‍ഷിമേഴ്‌സ്' രോഗത്തെ കലയും ആധിയുമാക്കി  ബള്‍ഗെറിയന്‍ കവിയും നോവലിസ്റ്റുമായ ഗ്യോര്‍ഗി ഗോസ്‌പോദിനോവ് എഴുതിയ 'ദി ഷെല്‍ട്ടര്‍' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ (പരിഭാഷ: അന്‌ജേല റോദേല്‍) വായിക്കുമ്പോള്‍, ചില സമയത്ത്, ഓര്‍മനാശത്തിന്റെ ഒരു രൂപക്കൂട്ടിനു മുമ്പില്‍ നില്‍ക്കുന്നതുപോലെയായിരുന്നു.  ശാന്തമായ ഒരു സ്ഥലത്ത് നമ്മള്‍ വന്നുപെട്ടിരിക്കുന്നു. അവിടെ എല്ലാം അവസാനിക്കുകയുമാണ്. മരണംപോലെ നിര്‍മ്മമമായ ഒരു പിന്‍വാങ്ങലാണ് അത്.  ഈ വര്‍ഷത്തെ  ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടിയ നോവലാണിത്. പ്രമേയംകൊണ്ടും ഘടനകൊണ്ടും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ച വേറിട്ട രചനയുമാണ്.  

പല ദിവസങ്ങളായാണ് ഞാനീ നോവല്‍ വായിക്കുന്നത്. ചില ദിവസങ്ങളില്‍  വായിക്കാതെയും ഇരുന്നു. പിന്നെ വീണ്ടും തുടര്‍ന്നു. ഏറ്റവും ദുഃഖകരമായ ഒരു രോഗത്തിന്റെ സാമീപ്യമാണ് ഈ നോവലില്‍ ഉടനീളമുള്ളത്. ഒപ്പം വ്യക്തികളായി ചുരുങ്ങിക്കൊണ്ട് തങ്ങളുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ജീവിതങ്ങളിലേക്ക് തിരിയുന്ന മനുഷ്യരെയും നമ്മള്‍ കാണുന്നു. അവരുടെ നാടും വീടും, അതിനെക്കാള്‍ അവര്‍ ഒരിക്കല്‍ സാമൂഹികമായി പങ്കിട്ട ചരിത്രവും എങ്ങനെ അവരെ ഈ കാലത്ത് സന്ദര്‍ശിക്കുന്നുവെന്നും നോവല്‍ അനുഭവപ്പെടുത്തുന്നു. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ പശ്ചാത്തലം മുഴവന്‍ കഥക്കും മറ്റൊരു തലവും നല്‍കുന്നു. ആ അര്‍ത്ഥത്തില്‍ 'ദി ഷെല്‍ട്ടര്‍' ഒരേസമയം ചരിത്രപരമായും മാനുഷികമായും എല്ലാ മനുഷ്യരുടെയും കഥയുമാകുന്നു.

നോവല്‍ വായിക്കുമ്പോള്‍ ഹൃദയാകര്‍ഷകമായ ഒരു ഉടമ്പടിയിലേക്ക് നിങ്ങളെ  കൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ 'ദി ഷെല്‍ട്ടര്‍', ഒരുപക്ഷെ നിങ്ങളുടെ നോവലാവില്ല. മാത്രമല്ല, നോവലിന്റെ പ്രമേയം-'അല്‍ഷിമേഴ്‌സ്'- ആ രീതിയെത്തന്നെ കുഴമറിച്ചിടുന്നു. ഇതിവൃത്തംകൊണ്ട് ഓടുക എന്ന രീതിയിലുള്ള  എഴുത്തല്ല ഗോസ്‌പോദിനോവ് തന്റെ ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. വാസ്തവത്തില്‍, ഏതെങ്കിലും ഒരു സംഭവത്തെയോ, അതിനെ തുടര്‍ന്നുവരുന്ന സംഭവങ്ങളെയോ അല്ല നോവലില്‍ ചിത്രീകരിക്കുന്നത്. മറിച്ച്, ഒരു മഹാവ്യഥയായി തുടരുന്ന ഒരു രോഗത്തെ മുഴുവന്‍ മനുഷ്യാനുഭവമാക്കുകയാണ്. കഥയായി പറയാന്‍ ഇത്രമാത്രമേ ഉള്ളൂ: ഗൌസ്റ്റ്യന്‍, (മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍ എന്നേ ഇയാളെപ്പറ്റി നമുക്ക് നോവല്‍ അവസാനിക്കുമ്പോഴും തോന്നൂ) അലയുന്ന മനസ്സും ശീലവുള്ള ഒരാള്‍, ഒരു ക്ലിനിക്ക് തുടങ്ങുന്നു. അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ആശ്വാസം പകരാവുന്ന, അല്ലെങ്കില്‍ അവരുടെ രോഗമുക്തിയ്ക്ക് വാഗ്ദാനമായിമാറാവുന്ന ഒരു പരീക്ഷണമാണ് അയാള്‍ തന്റെ ഈ ക്ലിനിക്കില്‍ ആരംഭിക്കുന്നത്. അതിനുവേണ്ടി തന്റെ ക്ലിനിക്കിന്റെ ഓരോ നിലയും ഓരോ ദശകത്തിന്റേയും സൂക്ഷ്മമായ വിശാദാംശങ്ങളിലൂടെ അയാള്‍ പുനസൃഷ്ടിക്കുന്നു. ഓരോ നിലയിലും 'ഓരോ ദശകത്തിന്റേയും ആളുകള്‍ എന്നപോലെ  രോഗികളെ' പാര്‍പ്പിക്കുന്നു. അങ്ങനെ അവരെ  അവര്‍ ജീവിച്ചിരുന്ന കാലത്തിലേക്ക്, അവരുടെ 'കഴിഞ്ഞുപോയ ഓര്‍മകളിലേക്ക്' മാറ്റി പാര്‍പ്പിക്കുന്നു. അഥവാ, അവരുടെ മറവിയെ പ്രതിരോധിക്കുന്നു.

മറവിക്കെതിരായ സമരമായിക്കൂടിയാണ് നോവല്‍ ഒരു 'യൂറോപ്പ്യന്‍ മാധ്യമ'മാകുന്നത് എന്ന് അവിടെനിന്നും വരുന്ന നോവലുകള്‍ - വിശേഷിച്ചും ശീതയുദ്ധകാലത്തിനും ശേഷം പലപ്പോഴും ഓര്‍മിപ്പിക്കുന്നു. ഏതെങ്കിലുമൊരു സവിശേഷസംഭവത്തെ ഇതിവൃത്തമാക്കുന്നതിനേക്കാള്‍ അത് ഒരു സവിശേഷകാലത്തെയോ അതിന്റെ ഓര്‍മകളുടെ ശേഖരത്തെയോ ഇതിവൃത്തമാക്കുന്നു. 'ദി ടൈം ഷെല്‍ട്ടര്‍' അങ്ങനെയൊരു കൃതികൂടിയാണ്. ബള്‍ഗേറിയന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ പല ഓര്‍മകളും മിന്നിമായുന്ന കഥാപാത്രങ്ങളും ഈ നോവലിലുമുണ്ട്. ഒരു മഹാരോഗത്തിന്റെ നിറഞ്ഞ സാന്നിധ്യത്തിനുമൊപ്പം ഒരിക്കല്‍ ആ രാജ്യത്ത് നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിന്റെ ഓര്‍മകളും സംഭവങ്ങളും കലരുന്നുമുണ്ട്.

'അല്‍ഷിമേഷ്‌സ്' എന്ന രോഗത്തെ മലയാളത്തില്‍ പലപ്പോഴും 'സ്മൃതിനാശം' എന്നാണ് പരിഭാഷ ചെയ്യാറുള്ളത്. എന്നാല്‍ ഓര്‍മയുടെ നാശത്തെക്കാള്‍, ഓര്‍മയുടെ നഷ്ടത്തെക്കാള്‍, ആ രോഗത്തിന് വിപുലമായ അര്‍ത്ഥവും മാരകമായ 'പ്രവര്‍ത്തനരീതി'യുമുണ്ട്- ഇപ്പോഴും ലോകത്തെ പല ഇടങ്ങളില്‍ നിന്നുമുള്ള ഗവേഷകരും ജീവശാസ്ത്രജ്ഞരും അന്വേഷിക്കുന്ന ഒരു രോഗംകൂടിയാണ് അത്. എങ്കില്‍, അങ്ങനെയൊരു പദംകൊണ്ട് ആ വാക്കിനെ മുഴുവനും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നും വരില്ല.  ഗോസ്‌പൊദിനോവ് തന്റെ നോവലില്‍ കടന്നുപോകുന്നത്, പക്ഷെ, ആ രോഗത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഒറ്റ ലക്ഷണത്തിലാണ് - 'ഓര്‍മ്മയുടെ നാശ''മാണ് അത്. സ്ഥലത്തിന്റേയും കാലത്തിന്റേയും ബന്ധങ്ങളുടെയും പിടി അയഞ്ഞുപോയ ആളുകളുടെ ജീവിതത്തിന്റെ സായാഹ്നമാണ് നോവല്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സായാഹ്നങ്ങളെ കുറിച്ചുള്ള വരികള്‍ തന്നെ നോവലിലുണ്ട്. അഥവാ, വര്‍ത്തമാനത്തിന്റെ ഭയാനകമായ ജീവിത സംവിധാനങ്ങളില്‍നിന്നും  അഭയമായി 'ഓര്‍മയുടെയും മറവിയുടേയും കെട്ടിടം' മാറുന്നു. 

പിന്നെ പറയാന്‍ ആഗ്രഹിക്കുന്ന കൃതി ജെ. ദേവികയുടെ 'ഉറയൂരല്‍' എന്ന പുസ്തകമാണ്. ആ പുസ്തകത്തെ കുറിച്ചും ഞാന്‍ ഇവിടെ എഴുതിയിരുന്നു. അന്ന്, ആ ലേഖനം തുടങ്ങിയത് ഇങ്ങനെയാണ്; ജീവചരിത്രത്തിനും ആത്മകഥയ്ക്കും മുമ്പേയാണ് ഒരാള്‍ തന്റെ ആത്മഭാഷണത്തിന് ചെവിയോര്‍ക്കുന്നത്: ജീവിതത്തെ ആദ്യമായി അത് അഭിനന്ദിക്കാന്‍ തയ്യാറാവുന്നു.  അപ്പോള്‍ ദുഃഖമോ സന്തോഷമോ ആവില്ല അതിന്റെ പ്രതിപാദ്യം, പകരം ജീവിതം തന്നെയാകുന്നു. പല അടരുകളില്‍ പടരുന്ന തന്നോടുതന്നെയുള്ള സംഭാഷണത്തെ,  അതിന്റെ ബഹുരൂപിയായ നില്‍പ്പിനെ, ഒരു 'സോളോ പെര്‍ഫോമറെ'പ്പോലെ അവള്‍ കണ്ടുമുട്ടുന്നു.

ഫെമിനിസ്റ്റ് തത്വചിന്തകയും സാഹിത്യവിമര്‍ശകയും പരിഭാഷകയുമായ ദേവിക, ഇങ്ങനെയൊരു പുസ്തകം ഭാവന ചെയ്യുന്നത്, തൊട്ടുമുമ്പേ കഴിഞ്ഞ കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്താണ് എന്നുപറഞ്ഞിരുന്നു. മനുഷ്യശരീരത്തെ അതിന്റെ സവിശേഷതയായ ദൃഢമൈത്രിയില്‍ നിന്നും വേര്‍പെടുത്തിയ ഈ കാലത്തിന്റെ  പ്രസിദ്ധമായ ആവശ്യമാകട്ടെ, 'സാമൂഹികമായ അകലം പാലിക്കുക' എന്നായിരുന്നു. ജീവിതത്തെ കൂട്ടിത്തൊടുന്ന എന്തും ആ കാലം നിഷിദ്ധമെന്ന് കണ്ടെത്തിയിരുന്നു. കപ്പല്‍വിലക്കിനെ അനുസ്മരിപ്പിക്കുന്നവിധം ലോകമെങ്ങും Qarantine എന്ന പദം പ്രചാരത്തിലാവുന്നതും ഈ കാലത്താണ്. ഈ കാലമാണ്, ദേവിക തന്റെ 'ആത്മഭാഷണ'ത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

'സ്ത്രീ' എന്ന തന്റെ തന്നെ ഉണ്മയെ അവര്‍, നേരത്തെ പറഞ്ഞതുപോലെ, പല അടരുകളില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ബാല്യവും കൗമാരവും യുവത്വവും തന്റെ  ജീവിതത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പൊരുള്‍ തേടിയത് ഓര്‍ക്കുന്നു. ഓര്‍മയെ, കാരണത്തെ, യുക്തിയെ, വിവേകത്തെ, എല്ലാം തൊടുന്ന  'എഴുത്തി'നെ അവര്‍ ഭാവന ചെയ്യുന്നു. പുതിയ കാലത്തിനും സമൂഹ മാധ്യമങ്ങള്‍ക്കും  പരിചിതമായ 'ഷോര്‍ട് ടെക്സ്റ്റ്' ആണ് ദേവിക തന്റെ  ഈ പുസ്തകത്തിന്  സ്വീകരിക്കുന്നതെങ്കിലും, അവയെ എല്ലാം കോര്‍ത്തുവെക്കുന്ന ഒരു എഴുത്തുരീതി, നോണ്‍ ഫിക്ഷന്‍-ഫിക്ഷന്‍ പോലെ ഒന്ന്, പുസ്തകത്തിന്റെ അയഞ്ഞ ഘടനയാണ്. അങ്ങനെയും, അത് ആത്മകഥയേയും ജീവചരിത്രത്തേയും പ്രതിരോധിക്കുന്നു.  

'ശരീരത്തിലാരംഭിച്ച് ഭാവനയിലൂടെയും അനുകമ്പയിലൂടെയും വളരുന്ന തുടര്‍ ശേഷിയെയാണ് ഞാന്‍ സ്പര്‍ശം എന്ന് വിളിക്കുന്നത്' എന്ന് പുസ്തകത്തില്‍ ദേവിക  എഴുതുന്നു. 'സ്പര്‍ശം മനുഷ്യ-ഇതര ലോകത്തോടും നമ്മെ ബന്ധിപ്പിക്കുന്നു' എന്നും എഴുതുന്നു. പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ അതിന്റെ ഉന്നം പ്രഖ്യാപിക്കുന്നു. പിന്നീട് പേര് വിളിച്ച് പ്രതിപാദിക്കുന്ന ഇന്ദ്രിയാനുഭവങ്ങളെയും അവര്‍ അങ്ങനെയാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രീയാനുഭവങ്ങളെ, അവയുടെ പ്രാഥമികമായ  നിറവേറലുകളില്‍ നിന്നും മുമ്പോട്ടെടുക്കുന്ന ജീവിതസങ്കല്‍പ്പത്തെയാണ്, ദേവിക വിവരിക്കുന്നത്. ആത്യന്തികമായി, അവ, തന്റെ ഓര്‍മയില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വിചാരപ്രേരണകളില്‍ നിന്നുമാണ് പുറപ്പെടുന്നത് എന്നും കാണുന്നു. ആശയങ്ങളില്‍ നിന്നും പുറപ്പെടുകയും ആശയങ്ങളില്‍ അസ്തമിക്കുകയും ചെയ്യുന്ന നമ്മുടെ ബൗദ്ധിക പാരമ്പര്യത്തില്‍ നിന്നും സ്വയം മാറി നിന്നുകൊണ്ടാണ് അവര്‍ ഇത് സാധിക്കുന്നത്. 

placeholder
ജെ. ദേവിക | ഫോട്ടോ: പി. ജയേഷ്‌

ദേവികയുടെ ബൗദ്ധികാന്വേഷണത്തിന്റെ സാംസ്‌കാരിക പശ്ചാത്തലമാകുന്നത്, ഈ പുസ്തകത്തില്‍ പലയിടത്തായി സൂചിപ്പിച്ചതുപോലെ, 'പിതൃമേധാവിത്ത-  ഇടതുപക്ഷത്തിന്റെ പുരോഗമനാശയങ്ങള്‍' ആണ്. അത്, വൈയക്തികവും സാമൂഹികവുമായ ആവശ്യവുമായി ബന്ധപ്പെടുന്നതാകട്ടെ, കേന്ദ്രീകരിക്കപ്പെടുന്ന   അധികാര കല്‍പ്പനയുടെ പരിസരത്തിലുമാണ്. പിതൃമേധാവിത്വത്തിന്റെ, ആണ്‍ -അധികാരത്തിന്റെ, വിപുലീകരിക്കപ്പെട്ട ഒരു സാമൂഹ്യാസ്തിത്വമായി 'ഭരണകൂടങ്ങള്‍' സംഘടിപ്പിക്കപ്പെടുന്നതും, ചിലപ്പോഴെങ്കിലും, നമുക്കിടയില്‍, ഇതേ  ആശയങ്ങളിലൂടെയുമാണ്. എങ്കില്‍, അതിനൊപ്പം സഞ്ചരിക്കുന്നതും, അതിനോട് വിയോജിക്കുന്നതും, അതിനോട് റെബല്‍ ചെയ്യുന്നതും, അതില്‍ നിന്നും വിമുക്തി നേടുന്നതും, ഈ പുസ്തകത്തിലൂടെ ദേവിക അവതരിപ്പിക്കുന്നു.

ഭാഷയെ, അതിന്റെ സകല അധികാരകല്‍പ്പനകളില്‍ നിന്ന് വിടുവിക്കാന്‍ ദേവിക   ശ്രമിച്ചുകൊണ്ടിരിക്കുന്നത്, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു 'പെണ്മ'യെ  പിന്തുടര്‍ന്നുകൊണ്ടാണ് എന്നായിരിക്കും ഈ പുസ്തകത്തിന്റെ സവിശേഷത.

സ്വാഭാവികമായും, അത്തരമൊരു അന്വേഷണം, നമ്മുടെ അധികാര കല്‍പനകളില്‍   ഔദ്യോഗിക ഇടതുപക്ഷവും, പിതൃമേധാവിത്വ കുടുംബ കല്‍പനയും, സാമ്പ്രാദായിക  ബുദ്ധിജീവിയുടെ ഇടതുപക്ഷ സഹയാത്രയും എങ്ങനെ കലര്‍ന്നിരിക്കുന്നുവെന്നും എന്തുകൊണ്ട് അവ വിമര്‍ശിക്കപ്പെടണമെന്നും കണ്ടെത്തുന്നുമുണ്ട്. അവയുടെ പല ഊഴങ്ങളും വ്യക്തിയെ, അല്ലെങ്കില്‍ പൗരബോധത്തെ, എങ്ങനെ സമൂഹത്തിന്റെ ജൈവാംശങ്ങളില്‍ നിന്നും വേര്‍പെടുത്തുന്നു എന്നും പറയുന്നു. അല്ലെങ്കില്‍ തനിക്ക് താനാണ് തണല്‍ എന്നും, തനിക്ക് താനാണ് പ്രധാനമെന്നും പറയുന്നു. അഥവാ,  'ഉത്തരവാദിത്വത്തോടെയുള്ള അഹംബോധ'ത്തെ അവതരിപ്പിക്കുന്നു.

ഈ പുസ്തകം അവര്‍ സമാഹരിക്കുന്നത്, സ്പര്‍ശം, കേള്‍വി, കാഴ്ച്ച, മണം, രുചി എന്ന തലക്കെട്ടുകള്‍ക്കൊപ്പമാണ്. അഥവാ, അത്തരം അനുഭവങ്ങളില്‍ നിന്നും  പുറപ്പെടുന്ന വിമോചന ബോധ്യങ്ങളില്‍ നിന്നുമാണ്. അപ്പോഴും, അത്,  ആത്മവിമര്‍ശത്തിന്റേതായ 'ടോണ്‍' സ്വീകരിക്കുന്നില്ല. മറിച്ച്, ശരികളിലേക്ക് സമയമെടുത്ത് നീങ്ങുന്ന സത്യാഗ്രഹിയെ അനുസ്മരിപ്പിക്കുംവിധമാണത്. 'എഴുത്തുകാരി' എന്ന തന്റെതന്നെ  ഏറ്റവും ഉയര്‍ന്ന സ്വത്വബോധംകൊണ്ടാണ് ദേവിക അവരുടെ മറ്റ് ജീവിതാവസ്ഥകളെ (ഫെമിനിസ്റ്റ് /ആക്ടിവിസ്റ്റ് /പൊതു ബുദ്ധിജീവി) അഭിമുഖീകരിക്കുന്നത് എന്ന് പറയാന്‍ പറ്റും.

ഇങ്ങനെ എഴുതിവരുമ്പോള്‍, ഈ പുലര്‍ച്ചെ, ഞാന്‍ എത്തുന്നത് മറ്റൊരു സ്ഥലത്താണ്. എന്റെതന്നെ ഒഴിഞ്ഞ ഇടമാണ് അത്. ഈ ദിവസങ്ങളില്‍ എനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നിയത് യാത്രകളില്‍ കണ്ടിരുന്ന വിമാനത്താവളങ്ങളിലെ പുസ്തകക്കടകളാണ്. അവിടെ അവ രാവും പകലും ഉറക്കമൊഴിച്ച് കഴിയുന്നു. ഏത് രാത്രിയിലും ഏത് പുലര്‍ച്ചയിലും അവ നിങ്ങളെ നിറഞ്ഞ വെളിച്ചത്തോടെ സ്വീകരിക്കുന്നു. ഒരു പഴയ ലൈബ്രേറിയനെ അത് ഓര്‍മിപ്പിക്കുന്നു. നിങ്ങളുടെ പുസ്തകത്തെ അവള്‍ നിങ്ങളെ കണ്ടുകൊണ്ടുതന്നെ മനസിലാക്കുന്നു, ആ ഷെല്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മറ്റൊന്ന് അറേബ്യന്‍ നാടുകളിലെ പുസ്തകവിതരണം ഏറ്റെടുത്തിരുന്ന 'ജാമലോണ്‍' എന്ന ജോര്‍ദാനിയന്‍ കമ്പനിയാണ്. പോയ വര്‍ഷങ്ങളില്‍ അവരായിരുന്നു എനിക്ക് പുസ്തകങ്ങള്‍ എത്തിച്ചുതന്നിരുന്നത്. പുസ്തകങ്ങളെ പറ്റി ചോദിക്കാന്‍ ഫോണില്‍  വിളിച്ചിരുന്ന, കാണാതെപോയ അറേബ്യന്‍ ശബ്ദങ്ങളാണ്. അവരേയും എന്നേക്കുമായി   നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ഇപ്പോള്‍ യുദ്ധത്തില്‍ രക്തപങ്കിലമായ ഭൂപ്രദേശത്താണ് അവരുടെ ഒരു ഓഫീസ് ഉണ്ടായിരുന്നത്. എത്ര പുസ്തകശാലകളാണ് അവിടേയും മനുഷ്യര്‍ക്കൊപ്പം അതേ യുദ്ധത്തില്‍  മണ്ണടിഞ്ഞിരിക്കുക... പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കുമൊപ്പം!