മോഹിനിയാട്ടത്തിലെ അതുല്യകലാകാരി കലാമണ്ഡലം സത്യഭാമ (1937-2015) യും കലാമണ്ഡപം ലതികാ മോഹന്‍ദാസും ചേര്‍ന്നെഴുതിയ മോഹിനിയാട്ടം, ചരിത്രം , സിദ്ധാന്തം, പ്രയോഗം എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി വൈദേശികസംസ്‌കാരങ്ങളുടെ സ്വാധീനത്തില്‍നിന്ന് ഭാരതത്തെയും ഭാരതീയസംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന് നമ്മുടെ കലകളും സാഹിത്യവും എത്രത്തോളം ഉന്നതമായ നിലവാരം പുലര്‍ത്തുന്നവയാണെന്നും നമ്മുടെ സംസ്‌കാരം മറ്റുള്ളവരുടെതിനെക്കാള്‍ ഒന്നുകൊണ്ടും താഴെയല്ലെന്നും സാമാന്യജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് 1901-ല്‍ രവീന്ദ്രനാഥടാഗോര്‍ ശാന്തിനികേതനവും 1927-ല്‍ രുഗ്മിണീദേവി അരുണ്‍ഡേല്‍ കലാക്ഷേത്രവും സ്ഥാപിച്ചത്.
മഹാകവി വള്ളത്തോളും സുഹൃത്തായ മുകുന്ദരാജാവും മുകുന്ദരാജാവിന്റെ അമ്മാവനായ കുഞ്ഞുണ്ണിത്തമ്പുരാനും (കക്കാട്ടു കാരണവപ്പാട്) കൂടി കലകളുടെ പോഷണത്തിനായി ഒരു സ്ഥാപനം ആരംഭിക്കുന്നതിന് 1922-ല്‍ തീരുമാനമെടുത്തു. 1927-ല്‍ കലാമണ്ഡലം സംഘം കോഴിക്കോടു രജിസ്റ്റര്‍ ചെയ്ത് ഭാഗ്യക്കുറി നടത്തിപ്പിനുള്ള അനുവാദവും വാങ്ങി. 1930 നവംബര്‍ 9ന് കക്കാട്ടു കാരണവപ്പാടിന്റെ മഠപ്പാട്ടിലെ തെക്കിനിയില്‍ വലിയ കുഞ്ഞുണ്ണിത്തമ്പുരാന്റെ സാന്നിധ്യത്തില്‍ നിലവിളക്കുകൊളുത്തി മഹാകവി വള്ളത്തോള്‍ കേരള കലാമണ്ഡലം ഉദ്ഘാടനം ചെയ്തു. കക്കാട്ടു കാരണവപ്പാടിന്റെ കളിയോഗത്തെ കലാമണ്ഡലത്തിനു കൈമാറുകയും ചെയ്തു. അതില്‍ കോപ്പന്‍നായര്‍, കുഞ്ചുക്കുറുപ്പ് (വേഷം), പുലാപ്പറ്റ കുട്ടന്‍ഭാഗവതര്‍ (പാട്ട്), ശങ്കുണ്ണിനായര്‍ (ചുട്ടി) എന്നിവരും വേഷവിദ്യാര്‍ഥികളായ വെട്ടിപ്പുറ ശങ്കരന്‍, ഏഴിക്കര ശിവരാമന്‍ എന്നിവരും സംഗീതവിദ്യാര്‍ഥി നീലകണ്ഠന്‍ നമ്പീശനും ഉള്‍പ്പെട്ടിരുന്നു. 1931-ല്‍ കലാമണ്ഡലം അമ്പലപുരത്തേക്കും 1936-ല്‍ ചെറുതുരുത്തിയിലേക്കും പറിച്ചുനടപ്പെട്ടു.

കലാമണ്ഡലത്തില്‍ കഥകളിയോടൊപ്പം മറ്റു കേരളീയ കലകളിലും ശിക്ഷണം നല്കണമെന്നായിരുന്നു വള്ളത്തോളിന്റെയും സുഹൃത്തുക്കളുടെയും ആഗ്രഹം. കലാമണ്ഡലത്തിന്റെ അരങ്ങുകളില്‍ പ്രായേണ ദുര്‍ഗ്രഹമായ കഥകളിയോടൊപ്പം മറ്റു ചില ലളിതകലകളും കൂടിയുണ്ടായാല്‍ അത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് അവര്‍ക്ക് അഭിപ്രായമുണ്ടായി. അതിന് ഏതെല്ലാം കലകളാണ് അനുയോജ്യം എന്ന ചിന്തയിലാണ് മോഹിനിയാട്ടത്തിലേക്ക് മഹാകവിയുടെ ശ്രദ്ധ തിരിഞ്ഞത്. കഥകളിപോലെത്തന്നെ ഒരുപക്ഷേ, കേരളത്തില്‍ പ്രചരിച്ചിരുന്ന കലയായിരുന്നു മോഹിനിയാട്ടവും. മതവുമായോ ആചാരങ്ങളുമായോ ബന്ധപ്പെട്ട് അവതരിപ്പിച്ചിരുന്ന ഒരു കലയായിരുന്നില്ല അത്. സാധാരണയായി നായര്‍സമുദായാംഗങ്ങളായ സ്ത്രീകളാണ് മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നത്.

ദാസിയാട്ടമായി തിരുവിതാംകൂറില്‍ വന്ന നൃത്തരൂപം പരിഷ്‌കരിക്കപ്പെട്ട് കേരളീയസമ്പ്രദായത്തിലുള്ള ഒരു നൃത്തമായിത്തീര്‍ന്നതും, ക്രമേണ അത് സദിര്‍നൃത്തം (സദിരാട്ടം) ഭരതനാട്യമായിത്തീര്‍ന്നതുപോലെ മോഹിനിയാട്ടമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടതും മുന്‍ അധ്യായത്തില്‍ വിവരിച്ചിട്ടുണ്ടല്ലോ. കേരളീയസംസ്‌കാരത്തിനു യോജിക്കുന്നമട്ടില്‍ അതിന്റെ സംഗീതം, വേഷവിധാനം, ചലനങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കാം.
മധ്യകേരളത്തില്‍ പ്രചരിച്ച മോഹിനിയാട്ടത്തിലെ പ്രമുഖ നര്‍ത്തകിമാരായിരുന്നു കൊരട്ടിക്കരക്കാരായ മുല്ലത്ത് മാതുവമ്മ, ഊട്ടുള്ളി നാരായണിയമ്മ, മുല്ലപ്പിള്ളി മീനാക്ഷിയമ്മ, മുല്ലപ്പിള്ളി കാളിയമ്മ, രാമന്‍കണ്ടത്തു വളപ്പില്‍ മാധവിയമ്മ, പുത്തന്‍പുരയില്‍ അമ്മാളുവമ്മ, പുത്തന്‍പുരയില്‍ ലക്ഷ്മിക്കുട്ടിയമ്മ, അപ്പുരേടത്ത് കുഞ്ഞിക്കുട്ടിയമ്മ, അപ്പുരേടത്ത് കുഞ്ഞുവമ്മ, പഴയന്നൂര്‍ക്കാരായ കാളിപ്പുറയത്ത് കല്യാണിയമ്മ, കാളിപ്പുറയത്ത് കുഞ്ഞുകുട്ടിയമ്മ, ലക്കിടി മങ്കിലികൊച്ചുകുട്ടിയമ്മ, കോങ്ങാട് തടുക്കശ്ശേരി പാറുക്കുട്ടിയമ്മ, ഇരിങ്ങാലക്കുട നടവരമ്പ് നാരായണിയമ്മ, പെരിങ്ങോട്ടുകുറിശ്ശി ഒരിക്കലേടത്ത് കല്യാണിയമ്മ തുടങ്ങിയവര്‍. കൊരട്ടിക്കര, പഴയന്നൂര്‍ സ്വദേശികളായിരുന്നു പ്രമുഖ നര്‍ത്തകിമാരായി പ്രസിദ്ധരായ പലരും. (മുകുന്ദരാജാവ് സമ്പാദിച്ച വിവരങ്ങള്‍) കൊരട്ടിക്കരക്കാരായ മുല്ലപ്പിള്ളി ശങ്കരന്‍നായര്‍, അപ്പുരേടത്ത് കൃഷ്ണപ്പണിക്കര്‍, തെക്കൂട്ടുവളപ്പില്‍ കൃഷ്ണന്‍നായര്‍, തെക്കൂട്ടുവളപ്പില്‍ ശേഖരന്‍നായര്‍, ആച്ചിപ്പുറ തൃത്താല കളമൊഴി കൃഷ്ണമേനോന്‍, ചെമ്മന്തട്ട പുതുമന ഗോപാലപ്പണിക്കര്‍, പാലക്കാട് ആനിക്കോട്ട് ഗണപതി അയ്യര്‍ തുടങ്ങിയവരായിരുന്നു പ്രമുഖ നട്ടുവന്മാര്‍. (മുകുന്ദരാജാവ് സമ്പാദിച്ച വിവരങ്ങള്‍) മോഹിനിയാട്ടത്തെ വീണ്ടെടുക്കണമെന്നും സംരക്ഷിക്കണമെന്നും മഹാകവി വള്ളത്തോള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതൊട്ടും എളുപ്പമല്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ കേരളീയസമൂഹം. സ്ത്രീകള്‍ വീടിനു പുറത്തുപോകുന്നതും ജോലിചെയ്ത് വരുമാനമുണ്ടാക്കുന്നതും മോശമാണെന്നായിരുന്നു അവരുടെ ധാരണ. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും പ്രായപൂര്‍ത്തിയെത്തുന്നതിനു മുന്‍പുതന്നെ വിവാഹം നടത്തുകയും ചെയ്തിരുന്നു. മാറുമറയ്ക്കുവാന്‍പോലും സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇത്തരം ഒരു സമൂഹത്തിന്റെ മനഃസാക്ഷിയോടു പടവെട്ടിയിട്ടാണ് വള്ളത്തോളും മുകുന്ദരാജാവും സുഹൃത്തുക്കളും കേരളത്തിന്റെ ലാസ്യകലയെ ഉദ്ധരിക്കുവാന്‍ പരിശ്രമിച്ചത്.
സാമ്പത്തികമാന്ദ്യംമൂലം പ്രഭുകുടുംബങ്ങളും നാടുവാഴികളും തകര്‍ന്നുകൊണ്ടിരിക്കെ, കഥകളിയുടെയും മറ്റു കലകളുടെയും നിലനില്പുതന്നെ അപകടത്തിലായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പോരെങ്കില്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ ഫലമായി അവരുടെ സംസ്‌കാരത്തില്‍ ഭ്രമിച്ചു ഭാരതീയമായതെല്ലാം നികൃഷ്ടമാണെന്നു കരുതിയ പരിഷ്‌കാരികളുടെ വിഹാരരംഗമായിത്തീര്‍ന്നിരുന്നു കേരളം. സാംസ്‌കാരികമായി അധഃപതിച്ച ഒരു കലയെ എന്തിനു പുനരുദ്ധരിക്കണം എന്ന അവരുടെ ചോദ്യത്തിനുള്ള ഉത്തരവും മഹാകവിക്ക് കണ്ടെത്തേണ്ടിവന്നു.
കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം അഭ്യസിപ്പിക്കണമെന്നും മനോഹരമായ ആ നൃത്തരൂപത്തെ സംരക്ഷിക്കണമെന്നും തീരുമാനിച്ച മഹാകവി കലാമണ്ഡലം അമ്പലപുരത്തെത്തിയതിനുശേഷം 1931-ല്‍ അതിനായുള്ള നടപടികള്‍ ആരംഭിച്ചു. മോഹിനിയാട്ടവുമായി ബന്ധപ്പെട്ടവരെ തേടിപ്പിടിച്ച് അത് വീണ്ടും അഭ്യസിപ്പിക്കണമെന്നും പ്രകടനത്തില്‍ ആവശ്യമായ മാറ്റംവരുത്തിയും കലാമൂല്യങ്ങള്‍ നിലനിര്‍ത്തിയും കലയുടെ സൗന്ദര്യം വര്‍ധിപ്പിച്ചും ജനങ്ങളുടെ പ്രീതിയും കലയുടെ മാന്യതയും വീണ്ടെടുക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിച്ച് 'കൈരളീനൃത്തം' എന്ന പേരില്‍ കലാമണ്ഡലത്തിലൂടെ പഠിപ്പിച്ചും അവതരിപ്പിച്ചും പ്രചരിപ്പിച്ചും വിദ്വാന്മാരും സംസ്‌കാരസമ്പന്നരുമായ ജനങ്ങളെ അതിലേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം കരുതി. ഇത് ക്രമേണ കേരളീയ സംസ്‌കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിലും സാംസ്‌കാരികനിലവാരത്തിന്റെ വളര്‍ച്ചയിലും കലാശിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. യൂറോപ്യന്മാരുടെ സാംസ്‌കാരികാധിനിവേശത്തെ പ്രതിരോധിക്കുവാന്‍ ഇത് സഹായകമാകുമെന്ന പ്രതീക്ഷയും വള്ളത്തോളിനുണ്ടായിരുന്നു. മഹാകവിയുടെ ഈ ആഗ്രഹത്തെയും തുടര്‍ന്നുള്ള പരിശ്രമത്തെയും പലരും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹം പിന്മാറിയില്ല. കുട്ടിക്കാലത്ത് കാണുവാന്‍ സാധിച്ച മോഹിനിയാട്ടത്തിന്റെ ലാവണ്യം അദ്ദേഹത്തെ അത്രമാത്രം സ്വാധീനിച്ചിരുന്നു.
മോഹിനിയാട്ടം പഠിപ്പിക്കുവാന്‍ ഒരാളെ കിട്ടുന്നതിനുവേണ്ടി അദ്ദേഹം കേരളത്തില്‍ പല ദിക്കിലും അന്വേഷണം നടത്തി. ഇന്നത്തെ തൃശൂര്‍, പാലക്കാട് ജില്ലകളുടെ മധ്യഭാഗത്തുള്ള ചില പ്രദേശങ്ങളിലെ അപൂര്‍വം ചില കുടുംബങ്ങളില്‍ മാത്രമാണ് മോഹിനിയാട്ടം പഠിച്ച ചിലര്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍തന്നെ അപമാനഭീതിയാല്‍ അക്കാര്യം തുറന്നുപറഞ്ഞിരുന്നില്ല. ചെറുപ്പകാലത്ത് മോഹിനിയാട്ടം പഠിച്ചിരുന്ന ചില വൃദ്ധസ്ത്രീകള്‍പോലും മോഹിനിയാട്ടം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ക്ഷുഭിതരാവുകയും അന്വേഷിച്ചുവന്നയാളെ ഭര്‍ത്സിക്കുകയും ചെയ്തിരുന്നു. കോതക്കുറിശ്ശി അമ്പലംപാടത്ത് ലക്ഷ്മിയമ്മ, പനമണ്ണ പടിയത്ത് മൂകാംബിയമ്മ, പാവുക്കോണത്ത് തിരുങ്ങിപ്പള്ളി കുട്ടിയമ്മ, പനമണ്ണ അമ്മാളുവമ്മ, പഴയന്നൂര്‍ കാളിപ്പുറയത്ത് തത്തമ്മ എന്നിവരെയെല്ലാം അന്വേഷിച്ച് ആള്‍ പോയെങ്കിലും ആരും സഹകരിച്ചില്ല.
ഒടുവില്‍ എലിയങ്ങാട്ടില്‍ ഉണ്ണിരാജാവിന്റെ നിര്‍ദേശാനുസരണം ചൊവ്വൂര്‍ മനയ്ക്കല്‍ സി. എന്‍. നമ്പൂതിരിപ്പാടിന്റെ കത്തുമായി പെരിങ്ങോട്ടുകുറിശ്ശി ഒരിക്കലേടത്ത് കുടുംബത്തിലേക്ക് വള്ളത്തോള്‍ ആളെ അയച്ചു. ഉണ്ണിരാജാവും ചൊവ്വൂര്‍ നമ്പൂതിരിപ്പാടും അയച്ച ആളാണെന്നറിഞ്ഞപ്പോഴാണ് അവിടത്തെ കല്യാണിയമ്മ എന്ന സ്ത്രീ മോഹിനിയാട്ടത്തെക്കുറിച്ച് സംസാരിക്കാന്‍ കഷ്ടിച്ച് സന്നദ്ധയായത്. മോഹിനിയാട്ടത്തിന്റെ ചീത്തപ്പേരില്ലാതാക്കി പുനരുദ്ധരിക്കുകയും ഭേദപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിച്ച് പ്രചരിപ്പിക്കുകയുമാണ് കലാമണ്ഡലത്തിന്റെ ഉദ്ദേശ്യമെന്ന് അവരെ ഒരുവിധം ബോധ്യപ്പെടുത്തി. ഒടുവില്‍ അവര്‍ വരാമെന്ന് സമ്മതിച്ചു.
അന്നു ജീവിച്ചിരുന്ന മോഹിനിയാട്ടം നര്‍ത്തകിമാരില്‍ പ്രമുഖയായിരുന്ന കല്യാണിയമ്മ എന്ന നാല്പതുകാരി കലാമണ്ഡലത്തില്‍ വന്ന ഉടനെ എല്ലാവരുടെയും നിര്‍ബന്ധപ്രകാരം അല്പനേരം നൃത്തംചെയ്തു. അപ്പോഴേക്കും കലാമണ്ഡലത്തിലെത്തിയിരുന്ന കൊരട്ടിക്കര അപ്പുരേടത്ത് കൃഷ്ണപ്പണിക്കര്‍ എന്ന നട്ടുവന്റെ ഇലത്താളവും മാധവവാരിയരുടെ മദ്ദളവും ചേര്‍ന്നൊരുക്കിയ പക്കമേളത്തില്‍ സ്വയം പാടിയാണ് പഴയ പതിവനുസരിച്ച് അവര്‍ നൃത്തംചെയ്തത്. അതു കണ്ടതോടെ മോഹിനിയാട്ടം വിശിഷ്ടംതന്നെയെന്നും അത് പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണെന്നും കലാമര്‍മജ്ഞര്‍ സമ്മതിക്കുകയും മോഹിനിയാട്ട അധ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ കലാമണ്ഡലത്തില്‍ ആരംഭിക്കുകയും ചെയ്തു.
മോഹിനിയാട്ടം പഠിക്കുവാന്‍ വിദ്യാര്‍ഥിനികളെ കിട്ടലായിരുന്നു അടുത്ത പ്രശ്നം. ഒരൊറ്റ ഗൃഹനാഥനും സ്വന്തം കുടുംബത്തില്‍നിന്ന് പെണ്‍കുട്ടികളെ മോഹിനിയാട്ടപഠനത്തിന് അയയ്ക്കുവാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ മുകുന്ദരാജാവിന്റെ നിര്‍ബന്ധപ്രകാരം മണക്കുളം കോവിലകത്തെ കുടിയാന്മാരും ആശ്രിതരുമായിരുന്ന പന്തലത്തുവീട്ടുകാര്‍ അവിടത്തെ ഗോവിന്ദന്‍നായരുടെ മകള്‍ തങ്കമണിയെ മോഹിനിയാട്ടം അഭ്യസിക്കുന്നതിനായി കലാമണ്ഡലത്തില്‍ ചേര്‍ത്തു. 1932-ല്‍ ആയിരുന്നു അത്. 1935 വരെ ഒരു വിദ്യാര്‍ഥിനിയും ഒരധ്യാപികയും മാത്രമായി മോഹിനിയാട്ടക്കളരി കഷ്ടിച്ചു നടന്നുപോന്നു.
1933-ല്‍ അമേരിക്കക്കാരിയായ രാഗിണീദേവിയോടൊപ്പം കഥകളിനൃത്തസംഘാംഗമായി കല്യാണിയമ്മയും മദ്ദളക്കാരനായ മാധവവാരിയരും ബോംബെക്കു പോയി. അവിടെ കല്യാണിയമ്മയുടെ മോഹിനിയാട്ടം കണ്ട കലാസ്നേഹികള്‍ അവരെ പുകഴ്ത്തുകയും മോഹിനിയാട്ടത്തിലെ കലാമൂല്യത്തെ വാഴ്ത്തുകയും ചെയ്തു. തിരിച്ച് കലാമണ്ഡലത്തിലെത്തിയ കല്യാണിയമ്മ പൂര്‍വാധികം ഉത്സാഹത്തോടെ തങ്കമണിയെ പഠിപ്പിച്ചുതുടങ്ങി.
1934-ല്‍ ആട്ടക്കഥാകൃത്തും പണ്ഡിതനും സഹൃദയനുമായ വി.കൃഷ്ണന്‍തമ്പി വള്ളത്തോളിന്റെ ക്ഷണപ്രകാരം കലാമണ്ഡലത്തിലെത്തി. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ പത്നിയായ ചേരാനല്ലൂരിലെ നര്‍ത്തകിയുടെ മോഹിനിയാട്ടം ധാരാളം കണ്ടിട്ടുണ്ടായിരുന്ന കൃഷ്ണന്‍തമ്പിക്ക് മോഹിനിയാട്ടത്തെക്കുറിച്ച് സാമാന്യമായ ധാരണയുണ്ടായിരുന്നു. കല്യാണിയമ്മയുടെയും തങ്കമണിയുടെയും മോഹിനിയാട്ടം കണ്ട കൃഷ്ണന്‍തമ്പിയുടെ നിര്‍ദേശപ്രകാരം വസ്ത്രധാരണത്തിലും കേശാലങ്കാരത്തിലും ചില മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. 1935-ല്‍ തങ്കമണി രാഗിണീദേവിയുടെ സംഘാംഗവും പ്രശസ്ത കഥകളി നര്‍ത്തകനുമായിരുന്ന ചമ്പക്കുളം ഗോപിനാഥനെ (പില്ക്കാലത്ത് ഡോ. ഗുരുഗോപിനാഥ്) വിവാഹംചെയ്ത് കലാമണ്ഡലം വിട്ടു. അതോടെ മോഹിനിയാട്ടക്കളരി നിലയ്ക്കുകയും ചെയ്തു.
ഇക്കാലത്ത് സിനിമാഭിനയത്തിനായി തലശ്ശേരിയില്‍നിന്ന് തൃശൂരില്‍ വന്നു താമസിച്ചിരുന്ന ലക്ഷ്മി എന്ന പെണ്‍കുട്ടിയെപ്പറ്റി കേട്ടറിഞ്ഞ് വള്ളത്തോള്‍തന്നെ തൃശൂരില്‍ ചെല്ലുകയും ആ കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് കലാമണ്ഡലത്തില്‍ ചേര്‍ക്കുകയും ചെയ്തു. വൈകാതെ തൃശൂരിനടുത്തുള്ള തിരൂരില്‍നിന്ന് നാലു വിദ്യാര്‍ഥിനികളും (ഭാര്‍ഗവി, അമ്മിണി, രണ്ടു സുമതിമാര്‍ എന്നിവര്‍) കരിങ്ങമണ്ണ കല്യാണിക്കുട്ടിയും (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) നൃത്തവിദ്യാര്‍ഥിനികളായി ചേര്‍ന്നു. ഇവര്‍ക്കു പുറമെ നര്‍ത്തകിയായ ശാന്താറാവുവും രണ്ടു വിദേശ വിദ്യാര്‍ഥിനികളും കലാമണ്ഡലത്തിലെത്തി. മോഹിനിയാട്ടത്തിന് അധ്യാപികമാരില്ലാത്തതിനാല്‍ അവര്‍ കഥകളിനൃത്തങ്ങളും കഥകളിയിലെ ചില സ്ത്രീവേഷങ്ങളും അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ഒരു രാജമ്മടീച്ചര്‍ അവരെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും പഠിപ്പിച്ചിരുന്നുവത്രേ.
അക്കാലത്തെ കഥകളിയാശാന്മാര്‍ പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, കവളപ്പാറ നാരായണന്‍നായര്‍ എന്നിവരും വിദ്യാര്‍ഥികള്‍ പത്മനാഭന്‍നായര്‍, രാമന്‍കുട്ടിനായര്‍, കൃഷ്ണന്‍കുട്ടിവാരിയര്‍, ഗംഗാധരന്‍, വെള്ളറക്കാട്ട് ബാലകൃഷ്ണന്‍ എന്നിവരുമായിരുന്നു.

1937-ല്‍ കൊരട്ടിക്കര കൃഷ്ണപ്പണിക്കര്‍, ചോമായില്‍ രാമന്‍കണ്ടത്തു വളപ്പില്‍ മാധവിയമ്മ എന്നീ അധ്യാപകരെ തേടിപ്പിടിച്ചു കലാമണ്ഡലത്തില്‍ വീണ്ടും മോഹിനിയാട്ടക്കളരി തുടങ്ങി. അക്കാലത്ത് അന്‍പത്താറു വയസ്സായിരുന്ന മാധവിയമ്മയ്ക്ക് കല്യാണിയമ്മയെപ്പോലെ അരങ്ങത്ത് മോഹിനിയാട്ടം ചെയ്യുവാന്‍ സാധിച്ചിരുന്നില്ലത്രേ.
വള്ളത്തോള്‍ ഇടയ്ക്കിടെ മോഹിനിയാട്ടക്കളരിയില്‍ ചെന്ന് മുദ്രകളെയും രസാഭിനയത്തെയും കുറിച്ച് നല്കിയ നിര്‍ദേശങ്ങളും പ്രകടിപ്പിച്ച അഭിപ്രായങ്ങളും കൃഷ്ണപ്പണിക്കര്‍ക്കും മാധവിയമ്മയ്ക്കും പ്രോത്സാഹനവും ലക്ഷ്യബോധവും നല്കി. അതിനനുസരിച്ച് വരുത്തിയ മാറ്റങ്ങളിലൂടെ മോഹിനിയാട്ടത്തിന്റെ അംഗചലനങ്ങള്‍ കൂടുതല്‍ സുന്ദരമാകുകയും അത് കൂടുതല്‍ പേരെ ആകര്‍ഷിച്ചുതുടങ്ങുകയും ചെയ്തു. എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കൃഷ്ണപ്പണിക്കരും മാധവിയമ്മയും അനാരോഗ്യംമൂലം കലാമണ്ഡലം വിട്ടുപോവുകയും താമസിയാതെ ദിവംഗതരാവുകയും ചെയ്തു.
1937-ല്‍ ചേര്‍ന്ന വിദ്യാര്‍ഥിനികള്‍ക്ക് മോഹിനിയാട്ടവും കഥകളിനൃത്തങ്ങളും കഥകളിയിലെ ചില സ്ത്രീവേഷങ്ങളും പരിശീലിക്കുവാന്‍ അവസരം ലഭിച്ചു. പ്രിയഗോപാല്‍സിങ് എന്നൊരു നര്‍ത്തകനില്‍നിന്ന് അവര്‍ക്ക് എട്ടുമാസത്തോളം മണിപ്പുരിനൃത്തവും പഠിക്കുവാന്‍ സാധിച്ചു. അക്കാലത്ത് കഥകളിശൈലിയിലുള്ള കാമദഹനം പോലെയുള്ള നൃത്തനാടകങ്ങളും സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നുവത്രേ.
Content Highlights: Kalamandalam Sathyabhama, Lathika Mohandas, Mohiniyattam, Mathrubhumi Books
Published: 23 Mar 2024, 07:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented