'’കീറിയെടുത്ത ഒരു ചുവർക്കടലാസ്സിൽ പ്രാണൻവെടിഞ്ഞുകൊണ്ടിരുന്ന ഒരു ചിത്രശലഭത്തെ ഞാൻ കണ്ടു. പരലോകവുമായി ബന്ധിപ്പിക്കുന്ന ഒരു രഹസ്യദ്വാരമായിരുന്നു അത്. കൈകൾകൊണ്ട് ആ ദ്വാരമടയ്ക്കുന്നതിനിടയിൽ ഞാൻ മരിക്കുകയാണെങ്കിൽ, നൊടിനേരത്തെ വിശ്രമത്തിനുശേഷമെന്നപോലെ .ആ പൂമ്പാറ്റ വീണ്ടും പറന്നുയരും. ഇതുപോലുള്ള വാക്കുകൾ ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവുകയില്ല, എന്തുതന്നെയായാലും.”
സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ലഭിച്ച കൊറിയൻ എഴുത്തുകാരി ഹൻ കാംഗിനെ (Han Kang) ഏറെ സ്വാധീനിച്ച കവി യി സാംഗിൻ്റെ ‘' ചിത്രശലഭം’ എന്ന കവിതയിലെ വരികളാണിത്. കാംഗിൻ്റെ എഴുത്തിനെയും പ്രതിഭയെയും പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. പക്ഷേ കവിതയിലെ അവസാനത്തെ വരി- എന്തുതന്നെയായാലും ഇതുപോലുള്ള വാക്കുകൾ ശ്രദ്ധിക്കപ്പെടാതെ പോവുകയില്ല - എന്നത് അവരുടെ എഴുത്തിനെ സംബന്ധിച്ചും ശരി തന്നെയാണ്.
തെക്കൻ കൊറിയയിലെ ക്വാങ്ജു എന്ന പ്രദേശത്താണ് 1970 ൽ ഹൻ കാംഗ് ജനിച്ചത്. എഴുത്തുകാരനായ ഹൻ സ്യൂം - വോൻ ആയിരുന്നു അവരുടെ അച്ഛൻ. 2016ലെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്ക്കാരം നേടിയ The Vegetarian എന്ന നോവൽ അവരെ ലോകപ്രശസ്തയാക്കി. The White Book, Human Acts, Greek Lessons എന്നീ പുസ്തകങ്ങളും അവർ രചിച്ചു. നിഴലുകൾ ഉയർന്നുവന്ന് കഥാപാത്രങ്ങളെ ജീവിതത്തിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടു പോകുന്നതിനെപ്പറ്റി മറ്റൊരു കൊറിയൻ എഴുത്തുകാരിയായ ഹ്വാൻഗ് ജുംഗ് യൂനിന്റെ One Hondred Shadows എന്ന പുസ്തകത്തിനെഴുതിയ അവതാരികയിൽ കാംഗ് പറയുന്നുണ്ട്. അവരുടെ എഴുത്തിലും വീണു കിടക്കുന്നുണ്ട് നിഴലുകൾ - ഭ്രാന്തിൻ്റെയും ഭ്രമകല്പനകളുടേയും.
യോംഗ് - ഹൈ എന്നു പേരുള്ള സ്ത്രീയാണ് The Vegetarian എന്ന നോവലിലെ പ്രധാന കഥാപാത്രം. അധികമൊന്നും സംസാരിക്കാത്ത, പാചകം ചെയ്യുകയും വീട് വൃത്തിയാക്കുകയും മറ്റും ചെയ്യുന്ന ഒരു സാധാരണ കുടുംബിനിയാണവൾ. ഒരു സ്വപ്നമാണ് അവളുടെ ജീവിതമാകെ മാറ്റിമറിക്കുന്നത്. ഒരു മൃഗത്തെ അതിക്രൂരമായി അവൾ കൊന്നുതിന്നുന്നതായിരുന്നു സ്വപ്നം. ഉണർന്നിട്ടും തന്നെ വിടാതെ പിന്തുടർന്ന ആ സ്വപ്നത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവൾ വീട്ടിലുള്ള മാംസം മുഴുവനുമെടുത്ത് പുറത്തെറിയുന്നു. തുടർന്ന് അവൾ മാംസം പാകം ചെയ്യുന്നതും ഭക്ഷിക്കുന്നതും നിർത്തി. ഇതിൽ ക്ഷോഭിച്ച അവളുടെ ഭർത്താവിനെ കൂടുതൽ രോഷാകുലനാക്കിക്കൊണ്ട് അവൾ കിടക്ക പങ്കിടാനും വിസമ്മതിക്കുന്നു. അയാളുടെ ശരീരത്തിന് മാംസത്തിൻ്റെ ഗന്ധമാണെന്നതാണ് അതിന് അവൾ പറയുന്ന കാരണം. കൂടാതെ പലപ്പോഴും അവൾ നഗ്നയായി നടക്കാനും തുടങ്ങി.
ഒടുവിൽ ഭർത്താവിന് അവളുടെ ബന്ധുക്കളെ വിളിച്ചു വരുത്തേണ്ടി വന്നു. അവർ ഏറെ നിർബന്ധിച്ചെങ്കിലും ഒന്നിലും അവൾ വഴിപ്പെടുന്നില്ല. അവൾക്കൊരു മരമായിത്തീരാനാണ് ആഗ്രഹം. കുട്ടിക്കാലത്ത് അവൾ വീട്ടിൽ നിന്ന് മലകളിലേക്ക് ആരും കാണാതെ ഓടിപ്പോകുമായിരുന്നു. അവിടെ അവളൊരു മരമായി അഭിനയിച്ചു. മരങ്ങളുടെ നിഷ്കളങ്കത മനസ്സിലുള്ളതുകൊണ്ടാണ് ശൈശവത്തിലെ നീല മറുക് ഇപ്പോഴും അവളിൽ മായാതെ നിൽക്കുന്നത്. മേലാകെ പൂക്കൾ വരച്ചുവെച്ച ഒരുവനുമായി ഇണചേരാൻ അവളാഗ്രഹിക്കുന്നതും അതുകൊണ്ടു തന്നെ. പുസ്തകത്തിൽ നിന്ന്: “ഞാൻ തലകുത്തി നിൽക്കുകയാണ്. എൻ്റെ ശരീരത്തിൽ ഇലകൾ വളരുന്നു. എൻ്റെ കൈകളിൽ വേരുകൾ പൊടിക്കുന്നു. അവ മണ്ണിലേക്കു തുളഞ്ഞിറങ്ങുന്നു; അവസാനമില്ലാതെ, അവസാനമില്ലാതെ. അതെ, ഞാൻ കാലുകൾ അകറ്റിവെക്കുന്നത് എൻ്റെ ജനനേന്ദ്രിയത്തിൽ പൂക്കൾ വിരിയാനാണ്… “ പ്രകൃതിയിലേക്കും ആദിമ നിഷ്ക്കളങ്കതയിലേക്കുമുള്ള മടക്കമായിരിക്കാം എഴുത്തുകാരി ഒരുപക്ഷേ ഉദ്ദേശിക്കുന്നത്.
ബോർഹെസ് തൻ്റെ ശവക്കല്ലറയിൽ എഴുതിവെക്കാൻ ആഗ്രഹിച്ച ഒരു വാചകത്തിൽ നിന്നാണ് Greek Lessons എന്ന നോവെൽ തുടങ്ങുന്നത്: “"അയാൾ വാളെടുത്ത് നഗ്നമായ ലോഹം അവർക്കിടയിൽ വെച്ചു.” ആ വാൾ ഒരുപക്ഷേ ബോർഹെസിൻ്റെ രചനകളിലേക്കുള്ള താക്കോലാകാം. ഏതായാലും നോവെലിലെ കഥാപാത്രങ്ങളായ മൂകയായ സ്ത്രീയും അവളെ പുരാതന ഗ്രീക്ക് ഭാഷ പഠിപ്പിക്കുന്ന അന്ധനായിക്കൊണ്ടിരിക്കുന്ന അധ്യാപകനും അവരുടെ ഈ പ്രവർത്തികളുടെ അർത്ഥമറിയാനുള്ള ഒരു താക്കോൽ തിരയുന്നവരാണ്. പഠിച്ചു കഴിഞ്ഞാലും അവൾക്കാ ഭാഷ സംസാരിക്കാനാവില്ല. അയാൾക്കാവട്ടെ ഇപ്പോഴാരും സംസാരിക്കാത്ത ആ മൃതഭാഷ ഉപയോഗിച്ച് താൻ കാണാത്ത ലോകത്തിൽ ആശയ വിനിമയം നടത്താനുമാവില്ല.
കൊറിയൻ ഏകാധിപതി ചുൺ ഡു - ഹ്വാനിൻ്റെ ഏകാധിപത്യകാലത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന ഡോങ് - ഹോ എന്നയാളുടെ കഥയാണ് Human Acts എന്ന നോവൽ. ഏകാധിപത്യത്തെപ്പറ്റി എഴുതുമ്പോൾ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ പുസ്തകം ഭ്രമാത്മകയുടെ അതിരുകൾ ലംഘിക്കുകയാണ് പലപ്പോഴും. നോവലിൽ പറയുന്നതിങ്ങനെ: ''എത്ര നാൾ ആത്മാക്കൾ അവരുടെ ശരീരത്തിനരികെ നിൽക്കും? അവ പക്ഷികളെപ്പോലെ ചിറകടിച്ചകലുമോ? ആ ചിറകടിയാണോ മെഴുകുതിരി നാളങ്ങളെ വിറകൊള്ളിക്കുന്നത്? “ ഏകാധിപത്യത്തിൽ ആത്മാവും ശരീരവും ഒരിക്കലും ഒന്നിച്ചു നിൽക്കില്ല. ഒന്ന് മറ്റൊന്നിൽ നിന്ന് ചിറകടിച്ചകന്നേ മതിയാകൂ.
വിയോഗങ്ങളടെ ആത്മകഥാപരമായ ഒഴുക്കാണ് The White Book . ഹൻ കാംഗിൻ്റെ മറ്റ് നോവലുകൾ പലപ്പോഴും രേഖീയമായ കഥപറച്ചിൽ മാത്രമായി ചുരുങ്ങുമ്പോൾ ഈ നോവൽ അതിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണ്. “ഞാനൊന്നും പ്രിയപ്പെട്ടതാക്കി വെക്കുന്നില്ല. ഞാൻ താമസിക്കുന്ന ഇടമോ ഞാനെന്നും കടന്നു പോകുന്ന വാതിലോ ഒന്നും, എന്റെ ജീവിതം പോലും.” എന്ന് നോവലിൽ ഒരിടത്ത് പറയുന്നത് ഈ വിയോഗവിഷാദങ്ങളടെ അനന്തരഫലമായി കണക്കാക്കാം.
ആദ്യം പറഞ്ഞതുപോലെ ഹൻ കാംഗിൻ്റെ എഴുത്തിൻ്റെ രീതിയെയും ആഴത്തെയും പറ്റി എതിരഭിപ്രായങ്ങളുണ്ടാകാം. കൊറിയൻ മഹാകവി കോ ഉൻ (Ko Un)പറയുന്നതുപോലെ ''എണ്ണമറ്റ ,നീണ്ടു നിൽക്കുന്ന പശ്ചാത്താപങ്ങളെ ഇഷ്ടപ്പെടുന്നവരു”ടേതു കൂടിയാണ് സാഹിത്യ ലോകം . അതുകൊണ്ടുതന്നെ ഹൻ കാംഗിന്റെ എഴുത്തിലും വിഷാദങ്ങളും പശ്ചാത്താപങ്ങളുമുണ്ട്. അവ തനതായ രീതിയിൽ കണ്ടെടുക്കുമ്പോൾ ഒരുപക്ഷേ അവരുടെ രചനകളുടെ ആഴത്തിൽ വായനക്കാർ എത്തിച്ചേർന്നേക്കാം.
.
Content Highlights: jayakrishnan vakkolam nobel laureate han kang and korean literature
Published: 11 Oct 2024, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented