മെസ്സിയെ കാണുമ്പോൾ ഒറ്റയായിപ്പോയൊരു മുയൽ ഓർമയിൽ വരും. കാട്ടിൽ നിന്നും കൂട്ടത്തിൽ നിന്നും വഴിതെറ്റി, ആൾക്കൂട്ടത്തിൽ പെട്ടുപോയ ഒരു പാവം മുയൽക്കുഞ്ഞ്. പകപ്പോടെയും പരിഭ്രമത്തോടെയും അത് ചുറ്റിലും നോക്കുന്നു. അയാളെ കാണുമ്പോഴെല്ലാം സ്‌നേഹം തോന്നിയതിന് പിന്നിൽ നിഷ്‌കളങ്കതയാർന്ന ആ നോട്ടവും ഒരു കാരണമാവാം, കാൽപ്പന്തിലെ അയാളുടെ മായാജാലങ്ങൾക്കൊപ്പം.

To advertise here,

കുട്ടിക്കാലം തൊട്ടേ അർജന്റീന ഇഷ്ടടീമായിരുന്നു. അർജന്റീന ലോകഭൂപടത്തിൽ എവിടെയാണെന്ന് പോലും അറിയില്ലെങ്കിലും അവർ കളികളിൽ വിജയിക്കുമ്പോൾ എല്ലാം മറന്ന് ആഹ്ലാദിക്കുകയും തോൽക്കുമ്പോൾ സങ്കടപ്പെടുകയും ചെയ്യുകയെന്നത് ഞങ്ങളുടെ ശീലം.

അർജന്റീനയോടുള്ള അടുപ്പം ഞങ്ങളിൽ ആദ്യമുണർത്തിയത് മറഡോണയായിരുന്നു. മാജിക്കൽ റിയിലസം എഴുത്തിൽ മാത്രമല്ല, പന്തുകളിയിലുമുണ്ടെന്ന് കാണിച്ചുതന്ന പത്താം നമ്പറുകാരൻ. മാതൃഭൂമി പത്രത്തിന്റെ സ്‌പോർട്‌സ് പേജിൽ വരുന്ന ഫുട്‌ബോൾ താരങ്ങളുടെ പടങ്ങൾ ബ്ലേഡ് കൊണ്ട് കീറിയെടുത്ത് ഉപയോഗമില്ലാത്ത നോട്ടുപുസ്തകത്തിന്റെ താളുകളിൽ അന്നം കൊണ്ട് ഒട്ടിക്കുന്ന ശീലം കുട്ടിക്കാലത്തുണ്ടായിരുന്നു. ആസ്പ്രില്ലയും ബെബെറ്റോയും റൊമാരിയോയും ബാറ്റിസ്റ്റിയൂട്ടയും വാൾഡരമയും ബാജിയോയും ഒക്കെ നോട്ടുപുസ്തകത്തിൽ നിരന്നുകളിച്ചു. കൂടുതലും ഒട്ടിച്ചുചേർത്തത് മറഡോണയുടെ ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമുള്ള ചിത്രങ്ങൾ. ചെഗുവേരയെ പച്ചകുത്തിയ മാറഡോണ, കൈ കൊണ്ട് ഗോളടിക്കുന്ന മറഡോണ, ആറ് പേരെ കട്ട് ചെയ്ത് ഗോളടിക്കുന്ന മറഡോണ, കരയുന്ന മറഡോണ, കള്ള് കുടിക്കുന്ന മറഡോണ... അങ്ങനെയങ്ങനെ മറഡോണയുടെ കളിക്കളത്തിലെയും ജീവിതക്കളത്തിലെയും ഭാവങ്ങൾ പുസ്തകങ്ങളിൽ നിരന്നുനിൽക്കും. പിൽക്കാലത്ത് മറഡോണയോട് ആരാധന മൂത്ത് 'മറഡോണ' എന്ന ചെറുകഥ വരെയെഴുതി, അത് നാടകഭാവത്തിൽ കുറേ അരങ്ങുകളിൽ കളിക്കുകയുമുണ്ടായി.
മറഡോണയിലൂടെ മനസ്സിൽ വന്ന അർജന്റീന പിന്നെ ഇറങ്ങിപ്പോയില്ല. ലോകകപ്പ് കാണുമ്പോഴെല്ലാം അർജന്റീന കപ്പടിക്കാൻ ആഗ്രഹിച്ചു. എന്നാൽ കപ്പ് എപ്പോഴും ഏഴയലത്ത് നിന്നു. അങ്ങനെ രണ്ടായിരത്തിയാറിൽ കോളേജ് കാലം കഴിഞ്ഞുനിൽക്കുമ്പോൾ മറഡോണയുടെ പത്താം നമ്പറിൽ മെസ്സി ലോകകപ്പിൽ കളിക്കാനിറങ്ങുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ അർജന്റീന വീണു. 2010-ൽ സാക്ഷാൽ മറഡോണ പരീശിലകനായി. പ്രതിഭയുള്ള കളിക്കാരന് പരിശീലിപ്പിക്കാൻ അറിയണമെന്നില്ല എന്ന തോന്നൽ ഉറപ്പിച്ച് ഡീഗോയുടെ തന്ത്രങ്ങളെല്ലാം പാഴായി, അന്നും ക്വാർട്ടർ കടന്നില്ല.

2014-ൽ മെസ്സി ക്യാപ്റ്റനായി. ഫൈനലിലെത്തിയെങ്കിലും കപ്പിൽ മുത്തമിടാൻ കഴിഞ്ഞില്ല. 2018-ൽ കോപ്പ അമേരിക്കയിൽ അർജന്റീനയുടെ പ്രകടനം അതിദയനീയമായിരുന്നു. കളിക്കുന്നയിടത്തെല്ലാം തോറ്റിട്ടേ വരൂ എന്ന് സത്യം ചെയ്ത് കളിക്കുന്ന പോലൊരു ടീം. ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ കേരളത്തിലെ അർജന്റീനിയൻ ആരാധകർ സങ്കടവും രോഷവും തലക്ക് പിടിച്ച് ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ മെസ്സിക്ക് മലയാളത്തിൽ കത്ത് അയച്ചു, അതിലൊരു കത്ത് ഇങ്ങനെയായിരുന്നു.

''പ്രിയപ്പെട്ട മെസ്സിയും പിള്ളേരും അറിയാൻ,

ശരിക്കും പറഞ്ഞാൽ മിഥുനത്തിലെ തേങ്ങ പിടിച്ചു നിൽക്കുന്ന നെടുമുടി വേണുവിന്റെ അതെ അവസ്ഥ ആണ് എന്റെതും. ഞാൻ കളി കാണാൻ തുടങ്ങിയ കാലം മുതൽ, കൃത്യമായി പറഞ്ഞാൽ 90 മുതൽ നിങ്ങൾ കപ്പ് അടിക്കും എന്നും പറഞ്ഞു കാത്തിരിക്കാൻ തുടങ്ങിയതാണ്. വര്ഷം 30 ആയി പോലും നമ്മൾ ഒരു കപ്പടിച്ചിട്ട് എന്നാണ് ഫിഫയിലെ പാണന്മാർ പാടി നടക്കുന്നത് . ഇതിപ്പോൾ കോഴിക്ക് എന്തോ വരുന്ന പോലെ ആവുമോ ..?

ഇതിനിടക്ക് രാജിവ് ഗാന്ധി മരിച്ചു, ഞങ്ങൾ പാകിസ്ഥാനോട് ഒന്നു രണ്ടു തവണ യുദ്ധം ചെയ്തു, വീരപ്പനെയും പുലി പ്രഭാകരനെയും കൊന്നു, സച്ചിൻ കളി നിർത്തി. ഐഎസ്സും ഐപിഎല്ലും വന്നു. മോദി പ്രധാനമന്ത്രി ആയി. എന്നിട്ടും നിങ്ങൾ ഒരു കപ്പെടുക്കുന്നത് കാണാൻ ഞങ്ങൾ മലയാളികൾക്ക് യോഗം ഇല്ലേ ..? ഭൂകമ്പം വന്നു സുനാമി വന്നു, കത്രിന വന്നു, എന്തിന് മമ്മുട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിന്റെ മകൻ പ്രണവും വന്നു. പക്ഷെ ഒരു കപ്പ് അത് മാത്രം വന്നില്ല .

ഓരോ വേൾഡ് കപ്പ് വരുമ്പോഴും ജയിക്കും എന്ന് ഉറപ്പിക്കും, പക്ഷേ നമ്മൾ അവസാനം ശശി, ഷാജി, സോമൻ തുടങ്ങിയവർ ആവും. പിന്നെ തെറി പറഞ്ഞ ഏതെങ്കിലും ടീമിനെ പിടിക്കേണ്ടി വരും. ജർമനിയെ ഒക്കെ വെറുക്കാൻ ഉള്ള ഒരേ ഒരു കാരണം നിങ്ങളെ അവർ തോല്പിച്ചു എന്നത് മാത്രം ആണ്. അല്ലാതെ അവർ ഞങ്ങളോട് കാശ്മീർ ഒന്നും ചോദിച്ചിട്ടില്ല .

സത്യത്തിൽ ഇത്തവണ എനിക്ക് ഒരു പ്രതിക്ഷയും ഇല്ല . എന്നാലും മറാഡോണയുടെ നാമത്തിൽ ഈ ഒരു പ്രാവശ്യം കൂടെ ഞാൻ സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾ മെസിയൊക്കെ ആണ് . എന്നാലും ഒരു ഉറപ്പും സ്വയം തോന്നുന്നില്ല എന്റെ മെസ്സി. ഈ തവണയും കാവിലെ പാട്ട് മത്സരത്തിൽ നോക്കാമെന്ന അപ്പുകുട്ടൻ ലൈൻ ആണെങ്കിൽ ഞാൻ ഇംഗ്ലണ്ടിന്റെയോ ഫ്രാന്‌സിന്റെയോ അള മുട്ടിയാൽ ബ്രസീലിന്റെ കൂടെ വരെ പോവും.''

കളിക്ക് പോകേണ്ട തിരക്കിലായത് കൊണ്ടാവാം മെസ്സിക്ക് കത്ത് വായിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് കൂടിയാവാം 2018-ൽ അതിദൈന്യതയാർന്ന് അർജന്റീന നിന്നു. പ്രീ-ക്വാർട്ടറിൽ തന്നെ കെട്ടുംകെട്ടി പുറത്തേക്ക് പോവേണ്ടിവന്നു.

അതിന് ശേഷം മലയാളത്തിലുള്ള രോദനം മെസ്സി കേട്ടിട്ടുണ്ടാവണം, അതിന്റെ ഫലം 2022-ൽ ഉണ്ടായി. ഖത്തറിലെ ലൂസാലി സ്റ്റേഡിയത്തിൽ ഫ്രാൻസിനെതിരെ അർജന്റീന ഫൈനൽ കളിക്കുന്നത് കണ്ടത് നാട്ടിലെ റെഡ്സ്റ്റാർ കീക്കാങ്കോട്ടെന്ന ക്ലബ്ബിൽ വെച്ച്. വിവിധ രാജ്യഫാൻസിന്റെ മുട്ട കുഴിച്ചിടലും നേർച്ചയും കൂടോത്രവും മാരണം വെക്കലുമൊക്കെ മറികടന്ന് അർജന്റീന പെനാൽറ്റിയിലൂടെ 90-ന് ശേഷം ലോകകപ്പ് നേടുന്നത് കണ്ട്‌ നാലഞ്ച് പ്രാവശ്യം നിന്നയിടത്ത് നിന്ന് ഉയരത്തിലേക്ക് ചാടിയതും നടുവിന് വേദന വെട്ടിയതും ഓർമയിലുണ്ട്. ലോകം കുറച്ചുകൂടി സുന്ദരമാണെന്ന് തോന്നിയ നിമിഷങ്ങൾ. സന്തോഷത്താൽ മെസ്സിക്കൊപ്പം കണ്ണുകൾ നിറഞ്ഞ നിമിഷങ്ങൾ. പാതിരാത്രിയിൽ കളി കഴിഞ്ഞ് വീട്ടിലേക്ക് ഇറക്കം ഇറങ്ങുമ്പോൾ ആകാശത്ത് സന്തോഷത്തിന്റെ നക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നുണ്ടോയെന്നറിയാൻ തലയുയർത്തി നോക്കി, മഴ പെയ്തതിനാൽ ആകാശം മേഘാവൃതമായിരുന്നു.

ഈ ലോകകപ്പിലും മെസ്സി മായാജാലം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചു. ക്വാർട്ടറിലും സെമിയിലും മെസ്സിയുടെ മിടുക്കിൽ പഴയ ഫിനിക്‌സ് പക്ഷിയെ പോലെ അർജന്റീന ഉയർത്തെഴുന്നേറ്റപ്പോൾ മെസ്സിക്കൊപ്പം എന്റെയും കണ്ണ് നിറഞ്ഞു. ഫൈനലിൽ കളിക്കാനറിയാത്ത കുട്ടികളെ പോലെ അർജന്റീന കളിക്കാതെ കളിയിൽ തോറ്റപ്പോൾ മെസ്സിയുടെ സങ്കടം കണ്ട് എനിക്കും സങ്കടം വന്നു. മെസ്സി അടുത്ത വർഷം ലോകകപ്പ് കളിക്കാനുണ്ടാവില്ലല്ലോ എന്ന സങ്കക്കൂറായിരുന്നു കൂടുതൽ.

ഇതാ ഇപ്പോൾ മെസ്സി അർജന്റീനടീമിൽ നിന്ന് വിരമിച്ചിരിക്കുന്നു. 2006-ൽ ലോകകപ്പ് കളിക്കാനിറങ്ങി, ആറ് ലോകകപ്പുകൾ. ജഴ്‌സിനമ്പർ പത്ത്. മെസ്സിയുടെ വിരമിക്കൽ വർഷം 2026 -ഉം. അവസാനമൽസരത്തിന്റെ തീയ്യതിക്ക് ഇതിന്റെയൊക്കെ ഇമ്പമാർന്ന കൂടിച്ചേരലുണ്ട്, 2006-ലെ ആറും ജഴ്‌സിയുടെ പത്തും വിരമിക്കൽ വർഷത്തോട് ചേരുന്നതിന്റെ ഇമ്പം: 06.10.2026...!

“പ്രിയപ്പെട്ട മെസ്സി,

പത്താം നമ്പർ ജഴ്സി ആരിട്ടാലും ഓർമയാക്കിയത് ആദ്യം മാറഡോണയായിരുന്നു. പിന്നെ പെലെയും. പിന്നീട് പലരും വന്നു, വാൾഡരമ അടക്കം. പക്ഷേ മെസി നിങ്ങൾ വന്നപ്പോഴാണ് പത്ത് പൂർണ്ണമായത്. മാറഡോണക്ക് ശേഷം മെസി. തോൽക്കുമ്പോഴും വീണ്ടും തോൽക്കുമ്പോഴും നിങ്ങളില്ലാത്ത അർജന്റീനയും അർജന്റീനയില്ലാത്ത ലോകകപ്പും അർജന്റായിട്ട് പോലും പരിഗണിക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു.

അങ്ങനെ നിങ്ങൾ നയിച്ച അർജന്റീന ലോകകപ്പടിച്ചു, വീണ്ടും ഫൈനലിലെത്തി. രണ്ടാം സ്ഥാനക്കാരായി പിരിഞ്ഞുപോയി. കപ്പടിച്ചപ്പോഴും ഫൈനലിൽ തോറ്റപ്പോഴും മുൻപുള്ള പല നേരങ്ങളിലും നിങ്ങൾ കരഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണുകളും ഈറനണിഞ്ഞു, ഇപ്പോൾ നിങ്ങൾ വിരമിക്കുന്ന ഈ നേരവും.

നന്ദി മെസ്സി..
കാപട്യമില്ലാത്ത നോട്ടങ്ങൾക്ക് ഭാവങ്ങൾക്ക്..
ഞങ്ങളെ ആനന്ദിപ്പിച്ചതിന്..
ഞങ്ങളിൽ ഒരാളായതിന്..
We Will Miss You...”