സുഭാഷ് ചന്ദ്രൻ എഴുതിയ 'മനുഷ്യന് ഒരാമുഖം' എന്ന നോവലിൽ നിന്നും പത്മരാജന്റെ 'തൂവാനത്തുമ്പികൾ' എന്ന സിനിമയിൽ നിന്നുമുള്ള കത്തുകൾ. മാധവിക്കുട്ടിക്ക് അഷിത എഴുതിയ ഒരു കത്തും.

To advertise here,

ജയകൃഷ്ണൻ ക്ലാരയ്ക്ക് എഴുതിയ കത്ത്

''പ്രിയപ്പെട്ട മകൾ ക്ലാരയ്ക്ക്,

നീ അയച്ച് കത്തുകൾ വായിച്ചറിഞ്ഞ് സന്തോഷിക്കുന്നു. ദൈവകൃപയാൽ കർത്താവിന്റെ തിരുമണവാട്ടിയാകാൻ നിനക്ക് ഭാഗ്യം സിദ്ധിച്ച വിവരം ഇതിനാൽ തിര്യപ്പെടുത്തിക്കൊള്ളുന്നു. നീയും നിന്റെ ഇളയമ്മയുമായി ഈ മാസം ഇരുപത്തിമൂന്നാം തീയ്യതി ഇവിടെ ഈ മഠത്തിൽ വരണം.

ഇളയമ്മയ്ക്കും വേണമെങ്കിൽ ഇവിടെ ഒന്നോ രണ്ടോ ദിവസം താമസിച്ച് മടങ്ങിപ്പോവാം. എല്ലാം കൊണ്ടും നിന്റെ അഭ്യുന്നതിയിൽ ഞങ്ങളെല്ലാം ഉള്ളുകൊണ്ട് ആനന്ദിക്കുന്നു.''

(മഠത്തിലെ മദർസുപ്പീരിയർ എന്ന് തെറ്റിദ്ധരിപ്പിച്ച് ജയകൃഷ്ണൻ അയക്കുന്നത്, തൂവാനത്തുമ്പികൾ എന്ന സിനിമയിൽ നിന്ന്.)

 

മാധവിക്കുട്ടിക്ക് അഷിത എഴുതിയ കത്ത്

പ്രിയപ്പെട്ട ആമി ഓപ്പൂ,

ഇന്നലെ എന്നെ വിളിച്ചത് ഓർക്കാപ്പുറത്തായിരുന്നു. തിരുവനന്തപുരത്തുണ്ടെന്ന് ഞാനറിഞ്ഞതേയില്ല. കാറ്റും സൂര്യനും ഒന്നും പറഞ്ഞതുമില്ലല്ലോ! സംസാരിച്ച നേരമത്രയും പറയാത്ത ഒരു സങ്കടം ഞാൻ കേട്ടുകൊണ്ടിരുന്നു. അതോ എന്റെ തോന്നലോ? ഇനി ഞാൻ സംസാരിക്കുകയില്ലെന്നും ഒരിക്കലും ആമി ഓപ്പുവിനെ കാണാൻ വരില്ലെന്നും ഇങ്ങനെ മുൻകൂട്ടി നിശ്ചയിക്കുന്നതെന്തിനാണ്? മതം മാറുമ്പോൾ സൗഹൃദത്തിന്റെ മനംമാറുമോ? ആർക്കുവേണ്ടിയാണ്, എന്തിനാണ് എന്നൊന്നും ഞാൻ ചോദിക്കുകയില്ല. വ്യക്തിപരമായ തോന്നലുകളിൽനിന്നാണ് വ്യക്തിപരമായ തീരുമാനങ്ങൾ ഉണ്ടാകുന്നത്. എനിക്ക് ചെറുപ്പമായതുകൊണ്ട് എനിക്കു മനസ്സിലാവില്ല എന്ന് ആമി ഓപ്പു പറയുന്നു.

എന്റെ ചെറുപ്പമായ ഈ ചെറിയ ജീവിതത്തിന്റെ പ്രകാശമായി വർത്തിക്കുന്നത് രണ്ടു മിന്നാമിനുങ്ങുകളാണ്. സാധനയുടെ കാലത്ത്, ഒരു ദിവസം ഗുരു പറഞ്ഞു: ''ഇനി ഞാനൊരു മിന്നാമിനുങ്ങിനെ അഷിതയ്ക്കു പരിചയപ്പെടുത്തിത്തരാം. മിന്നാമിനുങ്ങാണ് സാക്ഷാൽ തഥാഗതൻ.''
വരികയും പോവുകയും ചെയ്യുന്നവൻ.
ആരാണ് തഥാഗതൻ? വരുമെന്ന് പ്രതീക്ഷിക്കുമ്പോൾ അങ്ങനെ വന്നെത്തിച്ചേരുന്നവൻ (തഥാ+ആഗതൻ).
'അവൻ പോയിമറയുമ്പോഴും തഥാഗതൻതന്നെ. (തഥാ+ഗതൻ)' പകൽ, നക്ഷത്രങ്ങളെയോ മിന്നാമിനുങ്ങുകളെയോ നാം കാണുന്നില്ല, ആമി ഓപ്പൂ.
പക്ഷേ, അവ അവിടെയുണ്ട്. ഇരുട്ട് കനക്കുന്ന രാത്രികളിൽ ഈശ്വരീയതയുടെ പ്രകാശംപോലെ അവ പ്രത്യക്ഷപ്പെടുന്നു. സ്വന്തമാക്കാനായുമ്പോൾ പോയിമറയുന്നു.
ആത്മീയതയുടെ തലങ്ങളിലേക്ക് ഉണരുന്നവരുടെ ജീവിതത്തിലും ഇത്തരം മിന്നാമിനുങ്ങുകൾ പാറിവന്നണയാറുണ്ട്. ഒരിക്കൽ വന്നാൽ ഒരുനാളും പിരിയാത്ത കൂട്ടുകാരായി അവർ വർത്തിക്കുന്നു. ശ്രീരാമകൃഷ്ണൻ അങ്ങനെ ഒരാളാണ്.-അങ്ങനെയാണ് ഞാനാദ്യമായി ശ്രീരാമകൃഷ്ണവചനാമൃതം വായിക്കാനിടയായത്.

പിന്നീട്, അതിലെ ഒരു വചനമോ വാക്കോ സ്മരിക്കാത്ത ഒരു നാളുപോലും ഇന്നേവരെ കടന്നുപോയിട്ടില്ല. ഇന്നും നിരാശയുടെ ഗർത്തത്തിൽ വീണുഴറുമ്പോഴോ, ഒരു പ്രിയസുഹൃത്തിന്റെ മുഖം-ആമി ഓപ്പുവിനെപ്പോലൊരു പ്രിയസുഹൃത്തിന്റെ-വാടുമ്പോഴോ ഹൃദയം ഉദാസീനമാകുമ്പോഴോ ഞാൻ ശ്രീരാമകൃഷ്ണനെ തേടിച്ചെല്ലുന്നു.ഒരു വാക്കോ വരിയോ സാന്ത്വനമായി ലഭിക്കാതെ വന്നിട്ടില്ല. അതു മതി പ്രക്ഷുബ്ധതകൾ ശാന്തമാകാൻ. കൊടുങ്കാറ്റുകൾ ഇളംകാറ്റായി അടങ്ങാൻ. ഒരു കൈ നെഞ്ചിൽ ചേർത്ത് അദ്ദേഹം ചൊരിയുന്ന അമൃതവാണിയിൽ ശമിക്കാത്ത ജ്ഞാനതൃഷ്ണയില്ല.
ശ്രീരാമകൃഷ്ണൻ ഹൃദ്യമായ അനുഭവമാണെങ്കിൽ, വശ്യമായ അനുഭവമാണ് റൂമി. റൂമിയുടെ-മൗലാനാ ജലാലുദ്ദീൻ റൂമിയുടെ-മസ്നവി എത്ര വായിച്ചാലും മതിവരികയില്ല. ശ്രീരാമകൃഷ്ണനോടൊപ്പം ജലാലുദ്ദീൻ റൂമിയും എന്റെ ഹൃദയം പകുത്തെടുത്തിരിക്കുന്നു. ജലാലുദ്ദീൻ റൂമിയെ ഒരു പേർഷ്യൻ കവിയോ സൂഫിയോ ഒന്നുമായിട്ടല്ല ഞാനറിയുന്നത്- എനിക്കു റൂമി എന്റെ മനസ്സിന്റെ പ്രകാശംതന്നെയാണ്. മസ്നവിയിലെ വാച്യാർഥങ്ങളും അവാച്യമായ ധ്വനികളും എന്റെ ഹൃദയത്തെ ധ്യാനനിരതമാക്കുന്നു. അദ്ദേഹത്തിന്റെ കവിത കിനിയുന്ന ഈ വരികൾ ഒന്നു കേട്ടുനോക്കുക.'എന്റെ പുല്ലാങ്കുഴലിന്റെ നാദം ആഗ്നേയമാണ്. അല്ലാതെ അതു വെറും പ്രാണനല്ല. ആരിലാണ് ഈ തീനാളം ഇല്ലാത്തത്! ആ തീ ഉള്ളിലുണരുന്നില്ലെങ്കിൽ പിന്നെ എന്തിന് ജീവിക്കുന്നു? പുല്ലാങ്കുഴലിൽ വിങ്ങിവിങ്ങി നില്ക്കുന്നതും ആളിക്കത്തുന്നതും പ്രേമത്തിന്റെ തീയാണ്.
വീഞ്ഞിൽ നിറഞ്ഞുനില്ക്കുന്നതും ആ ഊഷ്മളതതന്നെ. ആത്മതോഴനെ പിരിഞ്ഞിരിക്കുന്നവർക്കെല്ലാം ഉറ്റതോഴനായിരിക്കുന്നത് പുല്ലാങ്കുഴലാണ്. മജ്‌നുവിന്റെ ഹൃദയം നുറുങ്ങുന്ന അനുരാഗകദനം ഇതിനെക്കാൾ വാചാലമായി ആർക്ക് പാടാൻ കഴിയും? വേറെ ആരിലുണ്ട് ഇത്രയ്ക്ക് ആഴത്തിൽ പുല്കുവാനുള്ള ഭാവുകത്വം?' (വിവർത്തനം: ഗുരു നിത്യചൈതന്യയതി.)അഷിതയുടെ പുസ്തകങ്ങൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുകഇവരുടെ വചനാമൃതവും കവിതയും കേൾക്കുമ്പോൾ ഞാൻ സംശയിക്കാറുണ്ട്- ഇവർ മനുഷ്യരോ അതോ ദേവന്മാരോ? അവർ മനുഷ്യർതന്നെയാണ് ആമി ഓപ്പൂ. പക്ഷേ, പൂർണത തേടിയവരും നേടിയവരും. ഇവരാരും മതത്തെയല്ല ഉയർത്തിപ്പിടിക്കുന്നത്, ഈശ്വരീയതയെയാണ്. മതപരിവർത്തനത്തിന്റെ ഉന്മാദപ്രലപനങ്ങളും ചേഷ്ടകളും മലീമസമാക്കുന്ന ഓരോ ദിവസമണയുമ്പോഴും ഞാൻ, ഈ മിന്നാമിനുങ്ങുകളെ തേടിച്ചെല്ലുന്നു. അവരുടെ അരികിലിരിക്കുമ്പോൾ മതങ്ങളുടെ ഏകത ഞാൻ അറിയുന്നു. അവർ കരുണയോടെ ഇല്ലിധം പറയുന്നതായും തോന്നുന്നു. മതമെന്നത് വെറുമൊരു ഊന്നുവടി മാത്രമാണ്. ഊന്നുവടി മാറ്റുന്നതുകൊണ്ട് ഒരുവന്റെ സായാഹ്നസവാരിക്ക് പ്രത്യേകിച്ച് ഒരഴകോ ഗാംഭീര്യമോ കൈവരുന്നില്ല. സ്വന്തം കാലുകളിൽ നില്ക്കാൻ ശേഷിയുള്ളവനാകട്ടെ, ഊന്നുവടി ഒരു അസൗകര്യവുമാണ്. പരിവർത്തനം എന്നു പറയുന്നത് കേവലം ബാഹ്യമാണ്, ജഡത്തിനെ സംബന്ധിച്ചതുമാണ്.പരിണാമമാണ് സംഭവിക്കേണ്ടത്. അതു സംഭവിക്കേണ്ടതാവട്ടെ, ചിത്തത്തിലുമാണ്.മറ്റൊന്നുമില്ല പറയാൻ.
സസ്നേഹം
അഷിത
('അഷിതയുടെ കത്തുകൾ' എന്ന പുസ്തകത്തിൽ നിന്ന്)

 

 

ജിതേന്ദ്രൻ ആൻമേരിക്ക് എഴുതിയ കത്ത്‌
''ആൻമേരീ.. ഇത്തരം മൊബൈൽഫോണുകൾ എല്ലാവരും കൊണ്ടുനടക്കുന്ന കാലം വരുമോ? നമുക്ക് കുറക്കേൂടി വൈകിപ്പിറന്നാൽ മതിയായിരുന്നോ?
വേണ്ട.. നമുക്കിപ്പോൾ തന്നെ സ്‌നേഹിച്ച് ഇപ്പോൾ തന്നെ ജീവിച്ചുതീർത്ത് ഇപ്പോൾത്തന്നെ മരിച്ചുപോകാം.
സ്‌നേഹത്തിൽ മുക്കി എഴുതപ്പെടുന്ന അക്ഷരങ്ങളുടെ സ്ഥാനം മറ്റെന്തെങ്കിലും ഏറ്റെടുക്കുന്ന കാലം തീർച്ചയായും ഭയാനകമായിരിക്കും. വാക്കിനെ തകർക്കാൻ കൂട്ടുനിൽക്കുന്ന ഒരുപകരണം തീർച്ചയായും നാളത്തെ മനുഷ്യജീവിതത്തെയും മലിനമാക്കും.
ദൈവമേ, ആ കാലം ഇങ്ങെത്തിയെന്നോ..''
ജിതേന്ദ്രൻ
(സുഭാഷ് ചന്ദ്രൻ എഴുതിയ 'മനുഷ്യന് ഒരാമുഖം' എന്ന നോവലിൽ നിന്ന്)