ഓഗസ്റ്റ് 14ന് നാഗാലാൻഡിൽ എത്തണമെന്നു കരുതിയതുപോലെ ജനുവരി 30ന് മീററ്റിൽ ഉണ്ടായിരിക്കണമെന്നും ഞാൻ കണക്കുകൂട്ടിയിരുന്നു. മഹത്തായ വിപ്ലവം എന്നു വിശേഷിപ്പിക്കപ്പെടുന്ന, ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് മീററ്റിലാണ്. പക്ഷേ, എന്റെ യാത്രാപഥത്തിൽ മീററ്റ് ഉൾപ്പെടുന്നത് സ്വാതന്ത്ര്യാനന്തരം നടന്ന മറ്റൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. 1948 ജനുവരി 30ന് ഡൽഹിയിലെ ബിർല മന്ദിറിൽ ഉണ്ടായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വമാണ് അത്. കൃത്യമായി പറഞ്ഞാൽ ഒരു രക്തസാക്ഷിത്വദിനത്തിൽ മീററ്റിൽ ഉണ്ടായിരിക്കുക ആയിരുന്നു എന്റെ ലക്ഷ്യം.
ജനുവരി 29നു തന്നെ ഞാനും അയ്യപ്പദാസും പ്രമോദും മീററ്റിൽ എത്തിച്ചേർന്നു. അന്ന് വൈകിട്ട് നാലുമണിയോടെ ഞങ്ങൾ ഹിന്ദു മഹാസഭയുടെ ഓഫീസിലേക്കു പുറപ്പെട്ടു. ഒരു ഓട്ടോയിൽ കയറി ബ്രഹ്മപുരിയിൽ എത്തിക്കണമെന്നു ഞങ്ങൾ ആവശ്യപ്പെട്ടു. ഓട്ടോക്കാരൻ ഒരു ജംക്‌ഷനിൽ ഞങ്ങളെ ഇറക്കി. ഞാൻ അടുത്തുകണ്ട കടയുടെ ബോർഡിലേക്കു നോക്കി– ‘ഗാന്ധി മാർഗ്.’ അതിലെ ആ സ്ഥലപ്പേര് ഞാൻ പ്രമോദിന് കാണിച്ചുകൊടുത്തു. അതിലെ വൈരുദ്ധ്യമോർത്ത് ഞങ്ങൾ പരസ്പരം നോക്കി.
ഇരുവശത്തും വീടുകളുള്ള കോൺക്രീറ്റ് വിരിച്ച ഇടുങ്ങിയ റോഡിലൂടെ ഞങ്ങൾ മുന്നോട്ടുനടന്നു. ഒരു ബൈക്കിനു പോകാവുന്ന വീതിയേ ഉള്ളൂ ആ വഴിക്ക്. മിക്ക വീടുകളിലും പതാകകൾ തൂക്കിയിട്ടിട്ടുണ്ട്. ചില ദൈവങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത പതാകകളാണ് എന്നു സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി.
സത്യത്തിൽ ഞങ്ങൾക്ക് എത്തേണ്ടിടം ഇതു തന്നെയാണോ എന്നു വ്യക്തമായിരുന്നില്ല. എങ്കിലും മുന്നോട്ടുതന്നെ നടന്നു. കുറച്ചു ചെന്നപ്പോൾ ഒരു ചെറിയ പെട്ടിക്കട കണ്ടു. അവിടെ അന്വേഷിക്കാമെന്നു കരുതി. കുശലപ്രശ്‌നങ്ങൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാനായി പ്രമോദ് ഒരു സിഗരറ്റ് വാങ്ങി. കടക്കാരൻ അപരിചിതത്വംകൊണ്ട് നോക്കുന്നതല്ലാതെ ഒന്നും ചോദിക്കുന്നില്ല. ഏറെ നേരത്തിനു ശേഷം, എന്തും വരട്ടെയെന്നു കരുതി, ഹിന്ദു മഹാസഭയുടെ ഓഫീസ് എവിടെയാണെന്ന് ഞാൻ ചോദിച്ചു.
അങ്ങനെയൊരു ഓഫീസ് അവിടെയില്ലെന്ന് അയാൾ പെട്ടെന്ന് മറുപടി പറഞ്ഞൊഴിഞ്ഞു. കേരളത്തിൽനിന്നാണെന്നും മീററ്റിൽ സംഗീതോപകരണങ്ങൾ വാങ്ങാൻ വന്നതാണെന്നും പറഞ്ഞത് അയാൾ വിശ്വസിച്ചതായി തോന്നി.
‘‘വന്നപ്പോൾ, ഇവിടെ ഹിന്ദു മഹാസഭയ്ക്ക് ഓഫീസും ഗോഡ്‌സേക്ക് അമ്പലവും ഉണ്ടെന്നു കേട്ടു. അതുകൂടി കാണണമെന്നുള്ള ആഗ്രഹംകൊണ്ട് ഇങ്ങോട്ടു വന്നതാണ്,’’ പ്രമോദ് പൂരിപ്പിച്ചു. അയാൾ, ഞങ്ങൾ പറഞ്ഞ സ്ഥലം ഏതാണെന്ന് ആലോചിക്കുംപോലെ അഭിനയിച്ചു. സത്യത്തിൽ, അയാൾ സ്ഥലം അറിയില്ല എന്ന്‌ ആദ്യം പറഞ്ഞുപോയതിലെ ജാള്യത കൊണ്ട് നിൽക്കുകയാണെന്ന് എനിക്കുതോന്നി.
കേരളത്തിൽ എവിടെ നിന്നാണെന്നും മറ്റും അയാൾ വളരെ സൗമ്യമായി ചോദിച്ചു. ഗാന്ധിക്കെതിരെ കേരളത്തിൽ ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയാണെന്നും ഗോഡ്‌സേക്ക് അമ്പലമൊന്നും അവിടെ ചിന്തിക്കാൻപോലും സാദ്ധ്യമല്ലെന്നും ഞങ്ങൾ സംഭാഷണങ്ങളിലെല്ലാം ആകാവുന്നിടത്തോളം തിരുകിക്കയറ്റുന്നുണ്ടായിരുന്നു.
കുറച്ചു ചോദ്യോത്തരങ്ങൾക്കുശേഷം, പവർ ഹൗസിനു സമീപം ഗോഡ്‌സേക്ക് ഒരു അമ്പലമുണ്ടെന്നും അതാകും നിങ്ങൾ ഉദ്ദേശിക്കുന്നതെന്നും അയാൾ പറഞ്ഞു. അപ്പോൾ ഓർത്തെടുത്ത പോലെയാണ് പറയാൻ ശ്രമിച്ചതെങ്കിലും അയാളുടെ അഭിനയം അത്ര പെർഫെക്ട് ആയിരുന്നില്ല.
അയാൾ കാണിച്ച ഇടുങ്ങിയ വഴിയിലൂടെ ഞങ്ങൾ നടന്നു. അഞ്ചു മിനിറ്റ് നടന്നപ്പോൾ പ്രധാന റോഡിലെ തിരക്കേറിയ ഒരു ജംക്‌ഷനിൽ എത്തി. അവിടെ എളുപ്പം കാണാവുന്ന വിധംതന്നെ ഗോഡ്‌സേയുടെയും നാനാ ആപ്‌തേയുടെയും ചിത്രങ്ങളോടു കൂടിയ നീളൻ ബോർഡ് കണ്ടു. ബോർഡിൽ ‘ഗോഡ്‌സേ, നാനാ ആപ്‌തേ ധാം’ എന്ന് എഴുതിയിട്ടുമുണ്ട്. ഗാന്ധിവധത്തിൽ ഗോഡ്‌സേ‌ക്കൊപ്പം തൂക്കിലേറ്റപ്പെട്ട കൂട്ടുപ്രതിയാണ് നാനാ ആപ്‌തേ എന്ന നാരായൺ ദത്താത്രേയ ആപ്‌തേ. നീളൻ ബോർഡിനോടുചേർന്ന് അതേ ഉയരത്തിലുള്ള മറ്റൊരു ബോർഡിൽ സവർക്കർ ഉൾപ്പെടെ മൂന്നുപേരുടെ ചിത്രങ്ങളും കണ്ടു. ബോർഡുകൾക്കു താഴെ ഏതാനും കടമുറികളാണ്. അവയുടെ ഒരറ്റത്തായി ഇടുങ്ങിയ ഒരു പ്രവേശനകവാടം. അത് അത്യാവശ്യം വലിയ ഒരു മുറ്റത്തേക്കുള്ള വഴിയാണെന്ന് പുറത്തുനിന്നു നോക്കുമ്പോൾത്തന്നെ മനസ്സിലാകുന്നുണ്ട്. അങ്ങോട്ടുള്ള ഞങ്ങളുടെ നോട്ടം, ആ വഴിക്കു മുന്നിൽ കസേരയിട്ടിരിക്കുന്ന താടിക്കാരനായ ഒരു വയോധികൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവിടെ നിന്നു മാറിനിൽക്കാനായി ആ ഭാഗത്തെവിടെയെങ്കിലും ഒരു ചായക്കട കാണുമോ എന്നു നോക്കി കുറച്ചകലേക്കു നടന്നു. അവിടെ നിന്ന് തിരിച്ച് ജംക്‌ഷന്റെ മറുവശത്തേക്ക് നടന്നപ്പോഴും ഞങ്ങളുടെ നോട്ടം ആ പ്രവേശനകവാടത്തിലേക്കായിരുന്നു; വയോധികന്റെ ശ്രദ്ധ ഞങ്ങളിലേക്കും.
ഏറെനേരം അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നിയതുകൊണ്ട് ഞങ്ങൾ നേരെ വയോധികനടുത്തേക്കുതന്നെ ചെന്നു.
‘‘ഇതാണോ ഗോഡ്‌സേ മന്ദിർ?’’ ഞാൻ ചോദിച്ചു.
‘‘അതെ. നിങ്ങൾ എവിടെ നിന്നു വരുന്നു?’’ അയാൾ സംശയത്തോടെ ചോദിച്ചു.
‘‘ഞങ്ങൾ കേരളത്തിൽനിന്നാണ്. മ്യൂസിക് ഇൻസ്ട്രുമെന്റ്‌സ് വാങ്ങാൻ വന്നപ്പോൾ ഈ മന്ദിർ കൂടി കാണണമെന്ന് ആഗ്രഹം തോന്നി.’’
അയാളുടെ സംശയം മാറിയതായി തോന്നി. ‘‘മന്ദിറിനെക്കുറിച്ച് എങ്ങനെ അറിഞ്ഞു?’’ അയാൾ ചോദിച്ചു.
‘‘കേരളത്തിൽ ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടു പ്രവർത്തി ക്കുന്നവരിൽനിന്ന് അറിഞ്ഞതാണ്,’’ ഞാൻ നേരത്തെ തീരുമാനിച്ചുവെച്ച നുണ പറഞ്ഞു.
അയാൾ സന്തോഷത്തോടെ കസേര വിട്ടെഴുന്നേറ്റു. ഞങ്ങൾക്ക് കൈ തന്നു. എന്നിട്ട് അകത്തേക്കു ക്ഷണിച്ചു. ഞങ്ങൾ അദ്ദേഹത്തിനു പിന്നാലെയായി അകത്തേക്കു നടന്നു.
ഒരു പടുകൂറ്റൻ ആൽമരം തണൽ വിരിച്ചിരിക്കുന്ന മുറ്റമായിരുന്നു അത്. ഉദ്ദേശിച്ചതുപോലെത്തന്നെ സാമാന്യം വലുപ്പമുള്ള ഒറ്റനില കെട്ടിടമായിരുന്നു അതിനുപുറകിൽ. രണ്ടു വാതിലുകളോടു കൂടിയ ഒരു ഹാളും അതിനോടു ചേർന്ന് അടുക്കള പോലെ മറ്റൊരു മുറിയും ആയിരുന്നു കെട്ടിടത്തിൽ. അടുക്കളയിലേക്കും പുറത്തുനിന്നാണ് വാതിൽ. ഹാളിന്റെ രണ്ടു വാതിലുകളിൽ ഒന്ന് അടച്ചിട്ടിരിക്കുകയാണ്. അടച്ചിട്ട വാതിലിനു മുന്നിൽ കറുത്ത ഒരു ബാനർ കെട്ടിവച്ചിട്ടുണ്ട്. അതിൽ ‘ജനുവരി 26–കറുത്ത ദിനം’ എന്ന് ഹിന്ദിയിൽ വലുതായി എഴുതിയിരിക്കുന്നു.
ഹാളിന്റെ തുറന്നിട്ട വാതിലിലൂടെ അകത്തേക്കു നോക്കി. അവിടെ രണ്ട് അർദ്ധകായ പ്രതിമകൾ കാണാം. അതിനു ചുറ്റിലുമായി പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതാകാം ഗോഡ്‌സേയുടെയും നാനാ ആപ്‌തേയുടെയും പ്രതിമകൾ.
അശോക് ശർമ എന്നാണ് വയോധികന്റെ പേര്. അയാളാണത്രെ ഈ മന്ദിരം സ്ഥാപിച്ചത്. ഗോഡ്‌സേയുടെ കടുത്ത ആരാധകനാണ് താനെന്ന് അയാൾ അഭിമാനത്തോടെ പറഞ്ഞു. അതിനകം അയാളുടെ നിർദ്ദേശപ്രകാരം നാലഞ്ചു കസേരകൾ മുറ്റത്തെത്തിക്കഴിഞ്ഞിരുന്നു. ശർമയുടെ മകൻ ഉൾപ്പെടെ അവിടെ മൂന്നുപേർ ഉണ്ടായിരുന്നു. ഒരാളെ വിളിച്ച് ചായവെക്കാൻ അയാൾ നിർദ്ദേശിച്ചു. മറ്റൊരാളെ എന്തൊക്കെയോ പലഹാരങ്ങൾ വാങ്ങിക്കാൻ പുറത്തേക്കുവിട്ടു. മകൻ അവിടെത്തന്നെ നിന്നു.
ചായവെക്കാൻ നിർദ്ദേശിക്കപ്പെട്ട ആൾ അടുക്കളയ്ക്കകത്തേക്കു കയറി. ഞങ്ങൾ കേരളത്തിലെ ഹിന്ദുമഹാസഭ പ്രവർത്തകരാണെന്ന് അശോക് മകനു പരിചയപ്പെടുത്തി. അത് നിഷേധിക്കാതിരിക്കുന്നതാകും അഭികാമ്യം എന്നുതോന്നി. കേരളത്തിൽ ഹിന്ദുമഹാസഭയ്ക്ക് ഉത്തരേന്ത്യയിലെപ്പോലെ പ്രവർത്തിക്കാൻ പറ്റില്ലെന്നും ഞങ്ങൾ പരസ്യമായി പ്രവർത്തിക്കാൻ ഇറങ്ങിയിട്ടില്ലെന്നും പറഞ്ഞ് പ്രമോദ് മുൻകൂർ ജാമ്യമെടുത്തു. കേരളത്തിലെ ആരെയെങ്കിലും ഇവർക്ക് പരിചയമുണ്ടെങ്കിൽ ആ വഴിക്ക് ഞങ്ങളെക്കുറിച്ച് ഒരു അന്വേഷണം വരേണ്ടെന്നു കരുതിയാണ് പ്രമോദ് അങ്ങനെ പറഞ്ഞത്.
‘‘എന്തുകൊണ്ടാണ് ഗോഡ്‌സേയോട് ഇത്ര ആരാധന?’’ ഞാൻ ചോദിച്ചു.
‘‘അദ്ദേഹം ഗാന്ധിയെ വധിച്ചതു തന്നെ. രാജ്യത്തിനുവേണ്ടി അതിലും വലിയ ത്യാഗം ആർക്കു ചെയ്യാൻ കഴിയും?’’ അയാളുടെ ഉത്തരം എന്നെ ഞെട്ടിച്ചു.
‘‘ഗാന്ധി അത്രയും വലിയ തെറ്റ് ചെയ്തിട്ടുണ്ടോ?’’ ഞാൻ പെട്ടെന്നു ചോദിച്ചു. ആ ചോദ്യം അബദ്ധമായോ എന്നു സംശയം തോന്നിയതിനാൽ ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു– ‘‘ഗാന്ധിക്കെതിരെ കേരളത്തിൽ ഒന്നും സംസാരിക്കാറില്ല. അതുകൊണ്ട് ഞങ്ങൾക്ക് അദ്ദേഹത്തിന്റെ തെറ്റുകളെപ്പറ്റി അധികം അറിയില്ല.’’
‘‘ഗാന്ധിയല്ലേ ഇന്ത്യ ഹിന്ദുരാജ്യമാക്കുന്നതിനു തടസ്സം നിന്നത്?’’ അയാൾ ക്രുദ്ധനായി.

To advertise here,

 


ഞങ്ങൾ പകച്ചുപോയി. കുറച്ചുനേരം ഒന്നും മിണ്ടാതെയിരുന്നു. ഞങ്ങൾ വന്നത് നല്ല ദിവസമാണെന്നും നാളെ ഗാന്ധിവധം ആഘോഷിക്കുന്നതിൽ പങ്കെടുക്കാമല്ലോ എന്നും അശോകിന്റെ മകൻ സന്തോഷത്തോടെ പറഞ്ഞു.
‘‘അങ്ങനെ ആഘോഷമൊക്കെയുണ്ടോ?’’ ഞാൻ ഒന്നുമറിയാത്തതുപോലെ ചോദിച്ചു.
‘‘ഉണ്ട്, ഉണ്ട്. പൂജകൾ ഉണ്ട്. ലഡ്ഡു ഒക്കെ വിതരണം ചെയ്യും.’’ അശോക് ആണ് മറുപടി പറഞ്ഞത്.
സത്യത്തിൽ, ഒരാളുടെ മരണം മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നതിനു പിന്നിലെ മനശ്ശാസ്ത്രം ഞങ്ങൾക്ക് പിടികിട്ടിയില്ല. ഞങ്ങൾ മുഖത്തോടു മുഖം നോക്കി. പിന്നെ, അവർക്ക് സംശയം തോന്നാതിരിക്കാൻ ചുറ്റിലും കണ്ണുപായിച്ചു.
‘‘എന്താണ് ഈ ബാനർ?’’ വാതിലിനു കുറുകെ വച്ചിരിക്കുന്ന ബാനർ ചൂണ്ടി പ്രമോദ് ചോദിച്ചു.
‘‘ജനുവരി 26 റിപ്പബ്ലിക് ദിനമായിട്ടാണല്ലോ സർക്കാർ ആഘോഷിക്കുന്നത്. പക്ഷേ, ഞങ്ങൾക്കത് കറുത്ത ദിവസം ആണ്. ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടനയ്ക്കു പകരം, ബ്രിട്ടീഷുകാരുടെ താത്പര്യത്തിലുള്ള ഭരണഘടന നിലവിൽ വന്ന ദിവസമാണ് അത്. അതുകൊണ്ട് ശരിക്കും നമുക്കിത് കറുത്ത ദിവസമല്ലേ?’’ അയാൾ അതുംപറഞ്ഞ് എന്റെ മുഖത്തേക്കു നോക്കി. കാര്യം മനസ്സിലായെങ്കിലും അത് സമ്മതിക്കാനുള്ള മടികൊണ്ട് ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ ഇരുന്നു. ‘‘കറുത്ത ദിവസമല്ലേ?’’ അയാൾ ചോദ്യം കടുത്ത ശബ്ദത്തിൽ ആവർത്തിച്ചു. ‘‘ആണ്!’’ ഞാനും പ്രമോദും ഒരേസ്വരത്തിൽ സമ്മതിച്ചു. പേടിയോടെയാണ് ആ ഉത്തരം ഞങ്ങളിൽനിന്നു പുറത്തുവന്നത് എന്ന തിരിച്ചറിവിൽ ഞങ്ങൾ പരസ്പരം നോക്കി.
അതിനകം ചായ വന്നു. പുറത്തുപോയ ആൾ എന്തൊക്കെയോ പലഹാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അശോക് ശർമ, ഗോഡ്‌സേ ചെയ്ത മഹദ്കൃത്യങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തിൽ ഗോഡ്‌സേക്ക് വലിയ പങ്ക് ഉണ്ടെന്നും ഗാന്ധിവധത്തിന്റെ പേരിൽ അതെല്ലാം തമസ്‌കരിക്കപ്പെടുകയാണെന്നുമാണ് അയാളുടെ പരിഭവം.
‘‘എങ്ങനെയാണ് താങ്കൾ ഗോഡ്‌സേയിലേക്ക് ആകർഷിക്കപ്പെട്ടത്?’’ ഞാൻ ചോദിച്ചു.
‘‘അച്ഛന് എയർഫോഴ്‌സിൽ ആയിരുന്നു ജോലി. അതിന്റ ഭാഗമായി ഞങ്ങൾ പുണെയിൽ താമസിച്ചിട്ടുണ്ട്. അവിടെവെച്ച് ഗോഡ്‌സെയെപ്പറ്റി ശരിക്കുള്ള കാര്യങ്ങൾ അറിയാൻ സാധിച്ചു.’’ അയാൾ പറഞ്ഞു.
ഞങ്ങൾ ചുറ്റിലും നോക്കി. സവർക്കർ, ഹിന്ദുമഹാസഭ നേതാവായിരുന്ന ദിഗ് വിജയ്‌നാഥ്, ഗോഡ്‌സേയുടെ അഭിഭാഷകനായിരുന്ന ഭോപട്കർ എന്നിവരുടെ ഫോട്ടോകൾ അടങ്ങിയ ഫ്ലെക്‌സ് ബോർഡും ആ ചുമരിൽ ഉണ്ട്. ഒരു മൂലയിൽ കാലഭൈരവന്റെ വിവിധ പോസുകളിലുള്ള കുറേയധികം ചിത്രങ്ങളുണ്ട്.
ഗാന്ധിവധക്കേസിൽ ആറാം പ്രതിയും നാഥുറാം വിനായക് ഗോഡ്‌സേയുടെ സഹോദരനുമായ ഗോപാൽ ഗോഡ്‌സേ ജയിൽ മോചിതനായപ്പോൾ ഇവിടെ വന്നു താമസിച്ചിട്ടുണ്ടെന്നും അതിന്റെ ഓർമ്മയ്ക്കുകൂടിയാണ് ഇവിടെത്തന്നെ ക്ഷേത്രം സ്ഥാപിച്ചതെന്നും അയാൾ പറഞ്ഞു.
‘‘ഗോഡ്‌സേയുടെ ക്ഷേത്രം സ്ഥാപിക്കുന്നതിൽ സർക്കാരിന് വലിയ എതിർപ്പായിരുന്നു. പുറത്ത്, ഈ മുറ്റത്തു തന്നെ ക്ഷേത്രം സ്ഥാപിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, അകത്തേക്കുവെക്കാൻ സർക്കാർ അഭ്യർത്ഥിച്ചു. അങ്ങനെയാണ് ഈ വിഗ്രഹങ്ങൾ മുറിക്കകത്തായത്. 2015–ലാണ് ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ പേരിൽ ഞാൻ 27 തവണ ജയിൽവാസം അനുഭവിച്ചു. രാജ്യദ്രോഹക്കുറ്റമാണ് എന്റെ മേൽ ആരോപിക്കുന്നത്. രാഷ്ട്രത്തെ വെട്ടിമുറിച്ചയാൾ രാഷ്ട്രപിതാവ് എന്നും വിളിക്കപ്പെടുന്നു.’’ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘മോദി വന്നത് ക്ഷേത്രം നിർമ്മിക്കുന്നതിനു സഹായകമായില്ലേ?’’ ഞാൻ വ്യക്തതയ്ക്കായി ചോദിച്ചു.
‘‘അവരെല്ലാം രാഷ്ട്രീയക്കാരല്ലേ. രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾ വിശ്വസിക്കുന്നതിനെതിരായി എന്തെങ്കിലും ചെയ്യാൻ ഭരിക്കുന്നവർക്കു കഴിയുമോ? ഇല്ല. രാജ്ഘട്ടിൽ ഗാന്ധിസമാധിയിൽ നാളെ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കും. എല്ലാക്കൊല്ലവും അത് ആചാരംപോലെ ചെയ്തുവരുന്നു. മോദി വന്നതുകൊണ്ട് ഗോഡ്‌സേ ക്ഷേത്രത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. അതേസമയം, 2017–ൽ യു.പിയിൽ യോഗി വന്നതോടെയാണ് എനിക്കിവിടെ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ പറ്റിയത്. പ്രത്യേകചടങ്ങുകൾ നടക്കുന്ന വിശേഷദിവസങ്ങളിൽ പൊലീസ് നിരീക്ഷണം ഒക്കെ ഇപ്പോഴും ഉണ്ട്. പക്ഷേ, അതൊക്കെ നടപടിക്രമം മാത്രം.’’ അശോക് ശർമ കാര്യങ്ങൾ വിശദീകരിച്ചുതന്നു.
‘‘ഏതൊക്കെയാണ് വിശേഷദിവസങ്ങൾ?’’ ഞാൻ ചോദിച്ചു.
‘‘ഗോഡ്‌സേ തൂക്കിലേറ്റപ്പെട്ട ദിനം ദുഃഖദിവസമായി ആചരിക്കും. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നുണ്ട്. പിന്നെ, ഗാന്ധി കൊല്ലപ്പെട്ട ദിനവും. അതാണ് നാളെ.’’
ഒക്ടോബർ 2 ദുഃഖദിനം ആണെന്ന് അവിടെ ചുമരിൽ എഴുതിവച്ചിരിക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. ആ ദിവസം പക്ഷേ, പ്രത്യേക ആചരണമൊന്നുമില്ല. അത്രയും ആശ്വാസം !
ഈ സമയത്തിനിടെ അവിടേക്ക് രണ്ടുപേർ കൂടി വന്നു. അവർ പിറ്റേന്നത്തെ കാര്യങ്ങൾ സംസാരിക്കാൻ വന്നിരിക്കുകയാണെന്ന് അശോക് ശർമ പറഞ്ഞു.
പിറ്റേന്ന് എന്തൊക്കെയാണ് പരിപാടികൾ എന്ന് ഞാൻ ശർമയോട് ചോദിച്ചു. രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിക്കുന്ന അതേസമയത്ത് ഇവിടെയും പൂജ ഉണ്ടാകുമെന്ന് അയാൾ പറഞ്ഞു.
ഞങ്ങൾക്ക് അതിൽ പങ്കെടുക്കാമോ എന്ന് ഞാൻ സംശയം പ്രകടിപ്പിച്ചു. ‘‘നിങ്ങൾ എന്തായാലും വരണം. നല്ലൊരു കാഴ്ചയ്ക്ക് ഭാഗ്യംചെയ്ത, കേരളത്തിൽനിന്നെത്തിയ അതിഥികളാണ് നിങ്ങൾ.’’ അയാൾ സന്തോഷത്തോടെ പറഞ്ഞു.
പിറ്റേന്ന് പ്രഭാതഭക്ഷണം അവിടെ അവരോടൊപ്പമായിരിക്കണമെന്ന് അശോക് ശർമ സ്‌നേഹത്തോടെ ആവശ്യപ്പെട്ടു. എല്ലാറ്റിനും ഞങ്ങൾ തലകുലുക്കി.
പുറത്തേക്കുനടന്നപ്പോൾ അവിടെയുള്ളവരും ഞങ്ങൾക്കൊപ്പം ചേർന്നു. റോഡിലെത്തി യാത്ര പറഞ്ഞാണ് അവർ തിരികെ കയറിയത്. ഗോഡ്‌സേഭക്തിയുടെ പേരിൽ എന്തിനായിരിക്കും ഇവർ ഗാന്ധിവധം ആഘോഷിക്കുന്നത്? അതായിരുന്നു മടക്കയാത്രയ്ക്കിടെ ഞങ്ങളുടെ ചർച്ച. പിറ്റേന്ന് പ്രഭാതഭക്ഷണം കഴിച്ചിട്ടേ അവിടെ ചെല്ലാവൂ എന്ന് ഞങ്ങൾ തീരുമാനമെടുത്തു.
• • •
രാവിലെ 9 മണിയോടെ വീണ്ടും പവർ ഹൗസ് ജംക്‌ഷനിൽ എത്തി. ആ ജംക്‌ഷനിൽ റോഡരികിൽ ഒരു മൂത്രപ്പുര നിർമ്മിച്ചിട്ടുണ്ട് എന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. തലേന്ന് അത് കണ്ണിൽ പെട്ടിരുന്നില്ല. പ്രധാന ജംക്‌ഷൻ ആയ അവിടെ വാഹനങ്ങൾ നിന്നതിനാലാകാം തലേന്ന് അത് കാഴ്ചയിൽ പെടാതെ പോയത് എന്നു തോന്നുന്നു.
കുറച്ചുനേരം ആ ജംക്‌ഷനിൽത്തന്നെ നിന്ന് ഗോഡ്‌സേ മന്ദിറിൽ എന്തൊക്കെയാണു നടക്കുന്നതെന്നു വീക്ഷിച്ചു. അവിടെ കാര്യമായി ഒന്നുമില്ല. ആരെയും മുറ്റത്തൊന്നും കാണുന്നുമില്ല. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തു നിന്ന് ഇറങ്ങിവന്ന ഒരാൾ ഞങ്ങളെ കണ്ട് അഭിവാദ്യം ചെയ്തു. അകത്തേക്കുവരാൻ അയാൾ ക്ഷണിച്ചു. ഞങ്ങൾ റോഡ് മുറിച്ചുകടന്ന് അപ്പുറത്തെത്തി. ഗോഡ്‌സേയുടെയും നാനാ ആപ്‌തേയുടെയും ബിംബങ്ങൾ വച്ചിരിക്കുന്ന മുറിയിലേക്ക്, ചെരിപ്പഴിച്ചുവച്ച് കയറിക്കൊള്ളാൻ അയാൾ കൈകാണിച്ചു. ഹിന്ദുമഹാസഭ സിറ്റി പ്രസിഡന്റ് ആയിരുന്നു അത്.
വിശാലമായ ആ മുറിയിൽത്തന്നെ കട്ടിലിൽ അശോക് ശർമ ഇരിപ്പുണ്ട്. ഞങ്ങൾക്കിരിക്കാൻ അപ്പോഴേക്കും കസേരകൾ മുറിക്കകത്തെത്തി.
ഞങ്ങൾ ഭക്ഷണം കഴിച്ചുവന്നതിൽ അയാൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അയാൾ ഒന്നിച്ചുകഴിക്കാൻ ഞങ്ങളെ കാത്തിരിക്കുകയായിരുന്നത്രെ.
ഞങ്ങൾ ആ മുറി ഒന്നാകെ നോക്കി. പുറത്ത് ഇന്നലെക്കണ്ട ഫോട്ടോകളിൽ ഉള്ളവരുടെയെല്ലാം ചിത്രങ്ങൾ അകത്തും ഉണ്ട്. അതിനു പുറമേ, ബി.ആർ. അംബേദ്കറിന്റെയും യോഗി ആദിത്യനാഥിന്റെയും ഫോട്ടോകളും കണ്ടു.
‘‘ആഘോഷത്തിന് ആളുകളൊന്നും വരില്ലേ?’’ പ്രമോദ് ചോദിച്ചു.
‘‘എല്ലാവരും ഇപ്പോൾ എത്തും,’’ അശോക് ശർമ പറഞ്ഞു. പുറത്ത് കസേരകൾ ഒരുക്കാൻ അയാൾ മകന് നിർദ്ദേശം കൊടുത്തു. മറ്റൊരാൾ അപ്പോഴേക്കും ശർമയ്ക്കുള്ള പ്രഭാതഭക്ഷണവുമായി എത്തി. ഞങ്ങൾ പുറത്തുനിന്ന് നേരത്തേ കഴിച്ചതിലുള്ള അതൃപ്തി വീണ്ടും പ്രകടിപ്പിച്ച് അയാൾ അത് കഴിക്കാൻ ആരംഭിച്ചു.
‘‘എത്ര മണിക്കാണ് ആഘോഷം?’’ ഞാൻ ചോദിച്ചു.
‘‘രാജ്ഘട്ടിൽ ‘അയാൾ’ടെ സമാധിയിൽ പുഷ്പചക്രം അർപ്പിക്കുന്ന അതേ സമയത്തു തന്നെ,’’ ശർമ പറഞ്ഞു. ഗാന്ധിജിയോടുള്ള തന്റെ പുച്ഛം ശർമയുടെ വാക്കുകളിൽ പ്രകടമായിരുന്നു.
‘‘ഞങ്ങൾക്ക് ഇതെല്ലാം പുതുമയാണ്. കേരളത്തിൽ ഇതൊന്നും ആലോചിക്കാൻ പോലും പറ്റില്ല,’’ പ്രമോദ് വിനയം വിടാതെ പറഞ്ഞു.
‘‘എനിക്കറിയാം കേരളത്തിലെ കാര്യങ്ങൾ. നടൻ കമലഹാസൻ ഹിന്ദുക്കളെ അപമാനിച്ചു എന്നു പറഞ്ഞതിന് എനിക്കെതിരെ കേസെടുക്കണമെന്ന് യോഗിക്ക് കത്തയച്ചിരുന്നു, കേരളത്തിലെ മുഖ്യമന്ത്രി. ഞാൻ കമലഹാസനെ ഭീഷണിപ്പെടുത്തിയത്രെ. ഞാൻ ഹിന്ദു തീവ്രവാദിയാണത്രെ,’’ ശർമ പഴയ സംഭവം ഓർത്തെടുത്തു.
‘‘പിണറായി വിജയനോ?’’ ഞാൻ ചോദിച്ചു.
‘‘പേരെനിക്കറിയില്ല. ഒരു കേരള സി.എം. എന്നിട്ട്, യോഗിയോട് പത്രക്കാർ ഇക്കാര്യം ചോദിച്ചു. അപ്പോൾ, യോഗി നല്ല മറുപടി കൊടുത്തു; ഹിന്ദുക്കളിൽ തീവ്രവാദികൾ ഉണ്ടാവില്ല എന്ന്,’’ അയാൾ ഉറക്കെ ചിരിച്ചു.
‘‘എന്താണ് ഹിന്ദുമഹാസഭയുടെ ആവശ്യം?’’ ഞാൻ ഒരു ചർച്ചയ്ക്ക് തയാറെടുത്തുകൊണ്ട് ചോദിച്ചു.
‘‘ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണം. അതാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്ന ആശയം. ഗാന്ധി അല്ല ഇന്ത്യയുടെ രാഷ്ട്രപിതാവ്. ഗോഡ്‌സേയെ അങ്ങനെ വിളിച്ചാൽപോലും തെറ്റില്ല. ഗാന്ധിക്കു കിട്ടിയ മഹാത്മാപരിവേഷം ബ്രിട്ടീഷ് നിർമ്മിതിയാണ്. അതിൽ അന്നത്തെ ഇന്ത്യക്കാർ വീണുപോയതാണ്.’’ അയാളുടെ ശബ്ദം ഉയർന്നു. മുഖഭാവം പേടിപ്പെടുത്തുന്നതായി.
‘‘അംബേദ്കറെ എന്തിനാണ് ആരാധിക്കുന്നത്?’’ ഞാൻ ചോദിച്ചു.
‘‘ഗാന്ധിയുടെ നയങ്ങളിലെ ഇരട്ടത്താപ്പിനെ കുറച്ചെങ്കിലും തുറന്നുകാണിച്ച ആളാണ് അംബേദ്കർ.’’
‘‘പക്ഷേ, ഗോഡ്‌സേയുടെ ആശയങ്ങളോട് അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നോ?’’ ഞാൻ സംശയാലുവായി.
‘‘മുസ്‌ലിം പ്രീണനത്തിനെതിരായിരുന്നല്ലോ ആശയപരമായി രണ്ടുപേരും?’’ അയാൾ മറുചോദ്യം ഉന്നയിച്ചു. അപ്പോഴേക്കും ശബ്ദം ഒന്നുകൂടി കനംവെച്ചിരുന്നു. ഹിന്ദുമതംതന്നെ ഉപേക്ഷിച്ച ആളെ ഹിന്ദുമഹാസഭ ആരാധിക്കേണ്ടതുണ്ടോ എന്നതായിരുന്നു ഞാൻ അടുത്തതായി ചോദിക്കാൻ ഉദ്ദേശിച്ചത്. പക്ഷേ, അതിനുമുൻപേ പ്രമോദ് ഇടപെട്ടു, ‘‘ഇന്ന് എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്നു പറയൂ ജി?’’
അതു കേട്ടപ്പോൾ അശോക് എന്തോ ഓർത്തിട്ടെന്നപോലെ മകനെ അടുത്തേക്കു വിളിച്ചു. പൂജയ്ക്കുള്ള സാധനങ്ങളെല്ലാം കിട്ടിയോ എന്നു തിരക്കി. അയാൾ എല്ലാറ്റിനും തലയാട്ടി. അപ്പോഴേക്കും പുറത്തുനിന്ന് ഏതാനും പേർ അകത്തേക്കു വന്നു. അവർ മുറ്റത്തുനിന്ന് അശോക് ശർമയെ തൊഴുതു. ചിലർ അകത്തുകയറി കാലിൽ തൊട്ടുവന്ദിച്ചു. എന്നിട്ട് ഗോഡ്‌സേ, നാനാ ആപ്‌തേ ബിംബങ്ങളിലും തൊട്ടുവന്ദിച്ചു, പ്രാർത്ഥിച്ചു.
ഹിന്ദുമഹാസഭയുടെ മീററ്റ് ജില്ലാ പ്രസിഡന്റ് അഭിഷേക് അഗർവാളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞങ്ങളോട് അയാൾ ഏറെ സംസാരിച്ചു. കേരളത്തിൽനിന്ന് എത്തിയതിന് വീണ്ടും വീണ്ടും നന്ദി പറഞ്ഞു. കേരളത്തിൽ ഹിന്ദുമഹാസഭയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അയാൾ ഞങ്ങളെ ബോദ്ധ്യപ്പെടുത്തി.
കേരളത്തിൽ പ്രവർത്തിക്കുന്നതിലെ പ്രതിസന്ധികളെപ്പറ്റി അശോക് ശർമ, ഞങ്ങൾക്കുവേണ്ടി അഭിഷേക് അഗർവാളിനോടു വിശദീകരിച്ചു. കേരളത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ, അയാൾ അയാളുടെ കണ്ടെത്തലുകൾപോലെ അവതരിപ്പിക്കുന്നതുകേട്ട് ഞങ്ങൾക്ക് കൗതുകം തോന്നി. കേരള മുഖ്യമന്ത്രി അയാൾക്കെതിരെ കത്തയച്ച കാര്യം വീണ്ടും ഞങ്ങൾ കേൾക്കേണ്ടി വന്നു.
പ്രമോദ് ഇപ്പോൾ തൊഴുകൈകളോടെയാണ് ഇരിക്കുന്നത്. ഞാൻ ആ കൈകളിലേക്കും മുഖത്തേക്കും നോക്കി. എന്നോടും അങ്ങനെയിരിക്കാൻ പ്രമോദ് കണ്ണുകൾ കൊണ്ട് സൂചന തന്നു.
സംസാരം നിർത്തി അശോക് ശർമ എഴുന്നേറ്റു പുറത്തേക്കിറങ്ങി. പിന്നാലെ ഞങ്ങളും എഴുന്നേറ്റു, മകനും തലേന്ന് ഉണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരും ചേർന്ന് എവിടെ നിന്നോ കസേരകൾ ഒക്കെ കൊണ്ടുവന്നിരിക്കുന്നു. അവർ തന്നെ അത് മുറ്റത്തു നിരത്തിയിട്ടു. മുറ്റത്ത് ഒരു ഭാഗത്തുള്ള തറയിലേക്ക് അശോക് ശർമ കയറി. അഭിഷേക് അഗർവാളും തൊട്ടുപിന്നാലെ അതിലേക്ക് കയറിനിന്നു. ശർമയുടെ മകൻ ഒരു സഞ്ചി താങ്ങിപ്പിടിച്ച് അവിടെ കൊണ്ടുവന്നു വച്ചു. ശർമയും അഗർവാളും തറയിൽ ചമ്രം പടഞ്ഞിരുന്ന് ഓരോ സാധനങ്ങൾ സഞ്ചിയിൽ നിന്ന് പുറത്തെടുത്തുവച്ചു. ഒരുവൻ അരമീറ്റർ വ്യാസമുള്ള ഒരു പരന്ന ചട്ടിയിൽ മണലുമായി വന്ന് ശർമയ്ക്കു മുന്നിൽ വെച്ചു. സഞ്ചിയിൽനിന്ന് എടുത്ത ഇഷ്ടികകൾ ചട്ടിയിലെ മണലിനു മുകളിൽ ഒരു ഹോമകുണ്ഡംപോലെ അടുക്കിവെച്ചു. അതിനു മുകളിൽ വിറകുകമ്പുകൾ അടുക്കി.
പുറത്തുനിന്ന് ആളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മിക്കവരും കുങ്കുമംകൊണ്ട് കുറിതൊട്ടിട്ടുണ്ട്. വന്നവരെല്ലാം, തറയിൽ ചമ്രംപടഞ്ഞിരിക്കുന്ന അശോക് ശർമയുടെ കാലിൽ തൊട്ടുവന്ദിക്കുന്നു. അവരോടെല്ലാം നിരത്തിയിട്ടിരിക്കുന്ന കസേരകളിലേക്ക് ഇരിക്കാൻ അയാൾ നിർദ്ദേശിക്കുന്നുണ്ട്. ചിലർ മാത്രം അഭിഷേക് അഗർവാളിനെയും തൊഴുന്നുണ്ടായിരുന്നു.
ഞങ്ങളോട് തറയിലേക്കു കയറിവരാൻ ശർമ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുള്ള എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലായി. ചിലർ അടുത്തുനിൽക്കുന്നവരോട് ഞങ്ങളെക്കുറിച്ച് രഹസ്യമായി തിരക്കുന്നതൊക്കെ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് ഞങ്ങൾ കേരളത്തിൽനിന്നുള്ള ഹിന്ദുമഹാസഭ പ്രവർത്തകരായി അവിടുള്ളവരെല്ലാം ‘തിരിച്ചറിഞ്ഞു’.
അശോക് ശർമ സഞ്ചിയിൽനിന്ന് പുറത്തെടുത്തുവെച്ചതിൽ ചന്ദനത്തിരിയും കർപ്പൂരവും പൂമാലകളും ഒക്കെ ഉണ്ട്. അതിനൊപ്പം ഒരു ബോക്‌സ് കണ്ണിൽ പെട്ടു. അത് ലഡ്ഡുവായിരുന്നു. ഗാന്ധിവധത്തിൽ ആഹ്ലാദം രേഖപ്പെടുത്തിക്കൊണ്ടുള്ള മധുരപലഹാരവിതരണം പൂജയ്ക്കുശേഷം നടക്കുമെന്ന് അശോക് ശർമ പറഞ്ഞു. മരണത്തിൽ ആഹ്ലാദം രേഖപ്പെടുത്തി മധുരം നൽകുന്നതിലെ ഔചിത്യത്തെക്കുറിച്ചൊന്നും ചോദിക്കാൻ ധൈര്യം വന്നില്ല.
പൂജ തുടങ്ങിക്കഴിഞ്ഞാൽ ഹോമകുണ്ഡത്തിൽ അർപ്പിക്കാനുള്ള ദ്രവ്യങ്ങൾ പല പ്ലേറ്റുകളിലായി നിരത്തി. അത് താരാപീഠിൽ അഘോരികളുടെ പൂജയിൽ കണ്ട സംഗതി തന്നെയല്ലേ എന്നു ഞാൻ അയ്യപ്പനോടു ചോദിച്ചു. അയ്യപ്പൻ അതു ശരിവച്ചു. ഞങ്ങൾ മലയാളത്തിൽ സംഭാഷണം നടത്തുന്നത് അഗർവാൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
‘‘ഇവർക്കിരുവർക്കും ഹിന്ദി അത്ര പോരാ,’’ അഗർവാളിന്റെ സംശയം മനസ്സിലാക്കി പ്രമോദ് അങ്ങോട്ടു പറഞ്ഞു. അയാൾ മറുപടിയായി ഒരു മന്ദസ്മിതം തൂകി.
മരിച്ച ആളുടെ ആത്മാവിന് ശാന്തി കിട്ടാനായി എല്ലാ വർഷവും ബലിതർപ്പണം പരിചിതമാണെങ്കിലും അവിടെ നടക്കാൻ പോകുന്ന പൂജ എന്തിനെന്നു മനസ്സിലായില്ല. ഇവരെന്തായാലും ഗാന്ധിജിയുടെ ആത്മാവിന് നിത്യശാന്തി ആഗ്രഹിക്കാനും തരമില്ല. ആ സംശയം കുറേനേരം മനസ്സിലിട്ട് ചികഞ്ഞെങ്കിലും ഉത്തരം ലഭിച്ചില്ല. ഒടുവിൽ, എന്തുംവരട്ടെ എന്നുകരുതി, ഞാൻ ചോദ്യം അശോക് ശർമയോടു തന്നെ ചോദിച്ചു.
‘‘ഇത് ഗാന്ധിയുടെ പ്രേതത്തെ ഉച്ചാടനം ചെയ്യാനാണ്,’’ അയാൾ വ്യക്തമാക്കി.
‘‘ഗാന്ധിയുടെ പ്രേതം?’’ ഞാൻ സംശയിച്ചു.
‘‘ഇന്ത്യയിൽ പാർലമെന്റിലും നിയമസഭകളിലും സർക്കാർ ഓഫീസുകളിലുമെല്ലാം ഗാന്ധിയുടെ പ്രേതമാണ്. ഗാന്ധിയൻ ആദർശങ്ങൾ എന്തോ വലിയ സംഗതി എന്ന മട്ടിൽ ഗ്ലോറിഫൈ ചെയ്യുകയാണ്. ഗാന്ധിപ്രേതത്തെ രാജ്യത്തുനിന്ന് ആട്ടിപ്പായിക്കണം. ഗാന്ധിപൂജ നിർത്തുകവഴി മാത്രമേ രാജ്യം രക്ഷപ്പെടൂ.’’ അയാൾ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കിടയിൽ വിശദീകരിച്ചു. ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ഒരു പ്രേതത്തെ ഉച്ചാടനം ചെയ്യാൻ കഴിയാത്ത അവരുടെ കഷ്ടപ്പാട് ഓർത്ത് ഞാൻ ചിരി കടിച്ചമർത്താൻ പ്രയാസപ്പെട്ടു. പ്രമോദിന്റെ മുഖത്ത് പരിഹാസവും ഒപ്പം ഭയവും കലർന്ന പ്രത്യേകഭാവമായിരുന്നു. മലയാളത്തിൽ എന്തെങ്കിലും സംസാരിക്കുന്നതിൽനിന്ന് ആ മുഖത്തെ പേടി എന്നെ വിലക്കി.
അപ്പോഴേക്കും പൂജ ക്യാമറയിൽ പകർത്തുന്നതിനായി അയ്യപ്പൻ എഴുന്നേൽക്കുകയും ചെയ്തു. ആ സമയം യൂണിഫോമിട്ട രണ്ട് പൊലീസുകാർ അങ്ങോട്ടു കയറിവന്നു. അഗർവാൾ എഴുന്നേറ്റു. ഞാനും പ്രമോദും എഴുന്നേറ്റപ്പോൾ അഗർവാൾ തടഞ്ഞു; ‘‘നിങ്ങൾ അതിഥികളാണ്. നിങ്ങൾ ഇരിക്കൂ. ഇതൊക്കെ ഇവിടുത്തെ മാമൂലുകളാണ്, ഞാൻ ഡീൽ ചെയ്തുകൊള്ളാം.’’
പണ്ട് പൊലീസ് ഈ ദിവസം ഇവിടെ വന്ന് ഇതു തടസ്സപ്പെടുത്തുമായിരുന്നുവെന്നും ഇപ്പോൾ യോഗി വന്ന ശേഷം അതിലൊക്കെ മാറ്റമുണ്ട് എന്നും അശോക് ശർമ പറഞ്ഞു. ‘‘അവർ നടപടിക്രമത്തിന്റെ ഭാഗമായി വരുന്നതാണ്. വരാതിരിക്കാനാവില്ല. എല്ലാം നമ്മുടെ ആളുകളാണ്.’’ അയാൾ ഞങ്ങൾക്ക് ധൈര്യം തരുംപോലെ പറഞ്ഞു.
പൊലീസുകാർ അഗർവാളിനോട് എന്തോ സംസാരിച്ച ശേഷം അശോക് ശർമയ്ക്ക് സലാം പറഞ്ഞ് അവിടെ നിന്ന് ഇറങ്ങിപ്പോയി.
അശോക് ശർമ നിർദ്ദേശിച്ച ഉടൻ എല്ലാവരും കസേരകളിൽ ഇടംപിടിച്ചു. ഇരുപതോളം പേർ കസേരകളിലും പത്തിൽ താഴെ പേർ തറയിലും ഉണ്ട്. ഞങ്ങളും കസേരകളിൽ കയറി ഇരിക്കാൻ തുടങ്ങി. പക്ഷേ, ഞങ്ങൾ പൂജ നടക്കുന്ന തറയിലേക്ക് കയറി ഇരിക്കണമെന്ന് അശോക് ശർമയ്ക്കു നിർബ്ബന്ധം. ഞങ്ങളെ പിടിച്ചുകയറ്റാൻ അഗർവാൾ താഴേക്ക് ഇറങ്ങിയ ഉടൻ ഞാൻ സ്വമേധയാ തറയിലേക്കു കയറി; പ്രമോദും. ചടങ്ങുകൾ ക്യാമറയിൽ പകർത്തുക ആയിരുന്നതിനാൽ അയ്യപ്പനെ കയറ്റാൻ അവർക്ക് വലിയ ഉത്സാഹമുണ്ടായിരുന്നില്ല.
ഞങ്ങൾ അശോക് ശർമയുടെ ഇരുവശത്തുമായി മറ്റ് ആളുകളുടെ ഇടയിൽ കിട്ടിയ ഗ്യാപിൽ ഇരിപ്പിടം കണ്ടെത്തി. ഹോമകുണ്ഡത്തിന് പുറകിൽ ‘റ’ ആകൃതിയിയിലാണ് ഇരിപ്പ്. തറയിലേക്ക് ആളുകൾക്ക് കയറിവരാനായി ഒരുഭാഗം ഒഴിച്ചിട്ടിട്ടുണ്ട്.
അശോക് ശർമ ചട്ടിയിൽ ഭംഗിയായി അടുക്കിവെച്ച വിറകുകഷണങ്ങൾക്കിടയിലൂടെ കർപ്പൂരം ഇട്ടുനിറച്ചു. എന്നിട്ട് അതിനു മുകളിലേക്ക് നെയ്യ് ഒഴിച്ചു. സമയം പതിനൊന്നായി. അഗർവാളിനോട് അശോക് ശർമ ആംഗ്യത്തിലൂടെ എന്തോ ചോദിച്ചു.
അഗർവാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു. അപ്പുറത്ത് ഫോൺ എടുക്കുന്നില്ല. അയാൾ അക്ഷമ കാണിച്ചു. ഈ സമയം പുറത്തുനിന്ന് ഒരു ചെറുപ്പക്കാരൻ ഓടിവന്നു. അവൻ എന്തോ വിളിച്ചുപറഞ്ഞു. എല്ലാവരും നിശ്ശബ്ദരായിരിക്കാൻ അശോക് ശർമ ശബ്ദം കനപ്പിച്ചു പറഞ്ഞു.
കുർത്തയ്ക്കു മുകളിലൂടെ വീതിയുള്ള കരയോടു കൂടിയ ഷാൾ പുതച്ച ഒരാൾ കയറിവന്നു. ‘‘ജയ് ഹിന്ദുരാജ്’’–അഗർവാൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചു. എല്ലാവരും അതേറ്റുവിളിച്ചു. തറയിലേക്കു കയറിവന്ന ആൾ എല്ലാവരെയും തൊഴുത്, തറയിൽ അശോക് ശർമയ്ക്ക് അടുത്തായി ഹോമകുണ്ഡത്തിനു സമീപം ഇരുന്നു. ജയ് ഹിന്ദുരാജ് എന്ന വിളിക്കൊപ്പം അയാൾ മുഷ്ടിചുരുട്ടുന്നുണ്ടായിരുന്നു. ഞാൻ ശ്രദ്ധിച്ചപ്പോൾ അവിടിരിക്കുന്നതിൽ മിക്കവരും അങ്ങനെ ചെയ്യുന്നതായി കണ്ടു.
‘‘ആചാര്യ മദൻ ആണ്. ഗോഡ്‌സേ ബ്രിഗേഡ് ഉണ്ടാക്കിയിട്ടുണ്ട്. യുവാക്കളുടെ സേനയാണത്. വിശദവിവരങ്ങൾ ഞാൻ പൂജ കഴിഞ്ഞ് പറഞ്ഞുതരാം.’’ മുദ്രാവാക്യം വിളികളുടെ ബഹളത്തിനിടയിലൂടെ അശോക് ശർമ പതിഞ്ഞ ശബ്ദത്തിൽ എന്നോടു പറഞ്ഞു.
ഹോമകുണ്ഡത്തിന് അശോക് ശർമ തീകൊടുത്തു. കർപ്പൂരത്തിന് തീപിടിച്ചപ്പോൾ തണുപ്പിന് ചെറിയ ആശ്വാസം തോന്നി. അശോക് ശർമ ഗായത്രിമന്ത്രം ചൊല്ലി. എല്ലാവരും അതേറ്റുചൊല്ലി. ആദ്യ രണ്ടുവരിയേ ഉള്ളൂ. അത് ആവർത്തിക്കുകയാണ്. ഓരോതവണ ആവർത്തിക്കുമ്പോഴും അതിന്റെ ഈണം മാറുന്നുണ്ട്. മെല്ലെ മെല്ലെ, അതും ഒരു മുദ്രാവാക്യംവിളിയുടെ താളം കൈവരിച്ചതായി എനിക്കു തോന്നി. ഇടയ്ക്ക്, അഗർവാൾ ‘ജയ് ഹിന്ദുരാജ്’ എന്നും വിളിക്കുന്നുണ്ടായിരുന്നു.
അയ്യപ്പൻ എല്ലാം മൊബൈലിൽ പകർത്തുന്നുണ്ട്. ഒപ്പം മറ്റൊരാൾകൂടി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അതേതെങ്കിലും ലോക്കൽ ചാനലുകാരനായിരിക്കണം. ഞാൻ ഊഹിച്ചു. അയാളുടെ മൊബൈൽ ക്യാമറയിൽപ്പെടാതെ അവിടിരിക്കുക പ്രായോഗികമല്ല. കാരണം, പല കോണുകളിൽനിന്ന് അയാൾ ദൃശ്യം പകർത്തുന്നുണ്ട്.
എല്ലാവരും പ്ലേറ്റുകളിൽ നിറച്ചിരുന്ന ദ്രവ്യം കൈകൊണ്ടെടുത്ത് ഹോമകുണ്ഡത്തിൽ അർപ്പിക്കുകയാണ്. ആ സമയത്തെല്ലാം ഗായത്രിമന്ത്രം തുടരുന്നുണ്ട്. എല്ലാവരും പ്ലേറ്റിലെ ദ്രവ്യം വാരിവാരിയെടുക്കാൻ ആവേശം കാണിച്ചതുകൊണ്ടാകാം. എനിക്ക് സാധനം കിട്ടിയില്ല. ആശ്വാസമായി.
അരമണിക്കൂറോളം പൂജ നീണ്ടുനിന്നു. ഗായത്രിമന്ത്രം അവസാനിച്ചപ്പോൾ, ‘ജയ് ഹിന്ദുരാജ്’ എന്ന് വീണ്ടും അഗർവാൾ ഉറക്കെ വിളിച്ചുകൊടുത്തു. എല്ലാവരും ഏറ്റു ചൊല്ലി. ഞാൻ നോക്കുമ്പോൾ പ്രമോദ് മുഷ്ടി ചുരുട്ടി ഏറ്റുവിളിക്കുന്നുണ്ട്. കക്ഷി തലേന്ന് എ.കെ.ജി. ഭവനു മുന്നിൽനിന്ന് മുഷ്ടി ചുരുട്ടി പടമെടുത്തത് ഓർത്ത് എനിക്ക് ചിരി വന്നെങ്കിലും ഞാൻ പണിപ്പെട്ട് നിയന്ത്രിച്ചു. പ്രമോദ് ഗൗരവത്തോടെത്തന്നെ എന്നെ നോക്കി.
പിന്നെപ്പിന്നെ അവിടം ശരിക്കും ഒരു സമരാങ്കണംപോലെ മുദ്രാവാക്യമുഖരിതമായി. ‘‘അംബാല സേ ആയി ആവാസ്, വീർ ഗോഡ്‌സേ സിന്ദാബാദ്.’’–എല്ലാവരും ആവേശത്തോടെ അതു വിളിക്കുന്നതുകേട്ടപ്പോൾ ഭീതിയാണ് തോന്നിയത്. ജയ് ഹിന്ദ് രാജും ഇടയ്ക്കിടെ മുഴങ്ങുന്നുണ്ടായിരുന്നു.
തറയിൽ ഞങ്ങൾക്കൊപ്പം ഇരിപ്പുണ്ടായിരുന്ന ദീപക് ശർമയ്ക്ക് ഒരു ഫോൺ കോൾ വന്നു. അയാൾ അതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നുതോന്നി. അയാൾ ഫോൺ ഉടൻ അച്ഛൻ അശോക് ശർമയ്ക്കു നൽകി. ശർമ കൈകൾ ഉയർത്തി എല്ലാവരും നിശ്ശബ്ദരാകാൻ സൂചന നൽകി. മൊബൈലിൽ വീഡിയോ കോളിൽ ഒരാൾ അപ്പുറത്തുണ്ട്. പൂജയും അവിടെ കൂടിയിരിക്കുന്ന ആൾക്കാരെയുമൊക്കെ അശോക് ശർമ അയാൾക്കു കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കാണിച്ചുകൊണ്ട്, ഗോഡ്‌സേയുടെ ആരാധകരായി കേരളത്തിൽനിന്നു വന്നവരാണെന്ന് പരിചയപ്പെടുത്തി. അയാൾ സന്തോഷത്തോടെ തൊഴുതു.
മാർച്ചിൽ താൻ വരുന്നുണ്ടെന്നും അപ്പോൾ മൂല്യമേറിയ എന്തെങ്കിലും സമ്മാനങ്ങൾ കൈമാറാമെന്നും അപ്പുറത്തുള്ളയാൾ അശോക് ശർമയോടു പറഞ്ഞു. ‘ജയ് ഹിന്ദുരാജ്’ എന്ന് വിളിച്ചുകൊണ്ടാണ് അയാളും സംഭാഷണം അവസാനിപ്പിച്ചത്.
‘‘നാഥുറാം ഗോഡ്‌സേയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സേയുടെ പേരമകനാണ് ഇത്.’’–അശോക് ശർമ എന്നോടും പ്രമോദിനോടുമായി പറഞ്ഞു. ‘‘ഗോഡ്‌സേ ഉപയോഗിച്ച പെന്നോ പെൻസിലോ ഒക്കെ എനിക്ക് സമ്മാനമായി കൊണ്ടുവരുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്.’’–ശർമ സന്തോഷത്തോടെ വിശദീകരിച്ചു.
പൂജ കഴിഞ്ഞതായി ശർമ പ്രഖ്യാപിച്ചു. കുറേ പേരൊക്കെ തറയിൽനിന്ന് മുറ്റത്തേക്കിറങ്ങി. ഞാനും പ്രമോദും അക്കൂട്ടത്തിൽ ഇറങ്ങിനിന്നു.
ആചാര്യ മദനും അഗർവാളും അശോക് ശർമയും ഇപ്പോഴും തറയിലുണ്ട്. അവർ പരസ്പരം പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഞങ്ങളെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അവിടെ അധികസമയം നിൽക്കാൻ പേടി തോന്നി.
ഇതിനിടെ ലോക്കൽ ചാനലുകാരൻ ക്യാമറയിൽ പകർത്തുന്നതു കണ്ട കാര്യം ഞാൻ പ്രമോദിനോടു സൂചിപ്പിച്ചു. താനും അത് ശ്രദ്ധിച്ചിരുന്നു എന്ന് പ്രമോദ് പറഞ്ഞു.
വാർത്ത വരുന്നത് കേരളത്തിൽ പ്രശ്‌നമാകുമെന്ന് അശോക് ശർമയെ ബോദ്ധ്യപ്പെടുത്താമെന്ന് ഞങ്ങൾ തീരുമാനിച്ചു.
അപ്പോഴേക്കും അശോക് ശർമ സംസാരിച്ചു തുടങ്ങിയിരുന്നു. ആചാര്യ മദന്റെ ഗോഡ്‌സേ ബ്രിഗേഡിന് ആശംസകൾ നേരുന്നതാണത്രെ അടുത്ത പരിപാടി. പക്ഷേ, അതിനു മുൻപ് മറ്റൊരു ചടങ്ങ് നടത്താൻ ഭഗവാൻ ഭാഗ്യം തന്നിരിക്കുന്നതായി അയാൾ പറഞ്ഞു. അതെന്താണാവോ?
‘‘കേരളത്തിൽനിന്നെത്തിയ ഹിന്ദുമഹാസഭ പ്രവർത്തകർക്ക് യു.പിയുടെ ആദരം. അതിനായി ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്നു.’’
ഞാൻ ഞെട്ടിപ്പോയി. ഒന്നും എതിർത്തു പറയാൻ പറ്റിയ സാഹചര്യമല്ല അവിടെ. ആദ്യം എന്റെ ഊഴമായിരുന്നു. ‘‘കയറിക്കോ,’’ പ്രമോദ് ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ തറയിലേക്കു കയറി. രണ്ടുപേർ ചേർന്ന് ഹിന്ദുമഹാസഭയുടെ ഷാൾ അണിയിച്ചു. ഈ സമയം, ‘ജയ് ഹിന്ദുരാജ്’ എന്ന് ഉച്ചത്തിൽ മുഴങ്ങി. ഞാനാകെ പേടിച്ചുപോയി. താഴേക്കിറങ്ങിയ ഉടൻ ഷാൾ ഊരി കൈയിൽ പിടിച്ചു. അപ്പോഴേക്കും പ്രമോദിനെ ക്ഷണിച്ചു. ഹിന്ദുരാജ് വിളികൾ ആവർത്തിച്ചു. പിന്നാലെ അയ്യപ്പനും കിട്ടി ഷാൾ. എന്നിട്ട് ഞങ്ങളെ ഷാൾ അണിയിച്ച് അവരോടൊപ്പം നിർത്തി ഫോട്ടോകളും വിഡിയോകളും എടുത്തു. അടുത്ത വർഷം കേരളത്തിലും ഗാന്ധി രക്തസാക്ഷിത്വദിനം ആഘോഷമാക്കാൻ കഴിയട്ടെ എന്ന് അശോക് ശർമ ആശംസിച്ചു. ലോക്കൽ ചാനലുകാരൻ എല്ലാം പകർത്തുന്നുണ്ട്.
വാർത്ത വന്നാലുള്ള അപകടത്തിന്റെ കാര്യം അശോക് ശർമയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ പ്രമോദിനോട് പറഞ്ഞു. പ്രമോദ് വിനയത്തോടെ അക്കാര്യം പറഞ്ഞപ്പോൾ, അശോക് ശർമ ധൈര്യം തന്നു. ‘‘അത് ചാനലുകാരനല്ല, യു.പി. പൊലീസ് ഇന്റലിജൻസ് ആണ്.’’
ഞാനും പ്രമോദും ഞെട്ടി പരസ്പരം നോക്കി. വാർത്ത വരുന്നതായിരുന്നു ഇതിലും ഭേദം എന്ന് ഞങ്ങൾ മലയാളത്തിൽ പറഞ്ഞു.
‘‘ഇനി എന്തു ചെയ്യും?’’ എനിക്ക് ആശങ്കയായി.
‘‘എനിക്ക് മറ്റന്നാൾ ദുബായിലെത്തണം.’’ അതു പറയുമ്പോൾ പ്രമോദിനും ധൈര്യം ചോർന്നതുപോലെ എനിക്കു തോന്നി. ‘‘വരുന്നേടത്ത് കാണാം.’’ ഒടുവിൽ പ്രമോദ് തന്നെ ധൈര്യം തന്നു.
ആചാര്യ മദന് ആശംസയർപ്പിച്ച് അശോക് ശർമ കൊടുത്തത് ഒരു ഗദയുടെ രൂപമാണ്. അയാൾ അത് സന്തോഷത്തോടെ ഏറ്റുവാങ്ങി. തുടർന്ന്, മധുരപലഹാരം വിതരണം ചെയ്യാൻ ശർമ മകനോട് നിർദേശിച്ചു. അയാൾ പെട്ടിയുമായി ഓരോരുത്തർക്കടുത്തെത്തി. ഞാൻ അര ലഡ്ഡു എടുത്തു, ഷുഗർ ആണെന്നു പറഞ്ഞ് പ്രമോദ് ലഡ്ഡു നിരസിച്ചു.
ഞാൻ ലഡുവുമായി മെല്ലെ പുറത്തേക്കിറങ്ങി. ഒരു ഫോൺ കോൾ വന്നതായി നടിച്ച് റോഡിൽ ഇത്തിരിനേരം നിന്നു. രാവിലെ കണ്ട മൂത്രപ്പുര ഓർമ്മ വന്നു. നേരെ അങ്ങോട്ടുചെന്ന് ലഡു അവിടെക്കളഞ്ഞു.
തിരികെ എത്തുമ്പോൾ അശോക് ശർമയും അഗർവാളും മദനും മുറ്റത്ത് കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇന്റലിജൻസുകാരൻ മൊബൈലിൽ ദൃശ്യം പകർത്തുന്നത് അവസാനിപ്പിച്ചിരിക്കുന്നു. അയാൾ ഒരു പേപ്പറിൽ എഴുതിവെച്ചത് എന്തോ വായിക്കുകയാണ്. അയ്യപ്പനോട് ചിലർ വന്ന് ഫോട്ടോകളും വിഡിയോകളും അയച്ചുതരണമെന്ന് പറയുന്നുണ്ടായിരുന്നു.
ഞങ്ങളെ കണ്ടതോടെ അശോക് ശർമ എഴുന്നേറ്റു. പിന്നാലെ മറ്റുള്ളവരും. എല്ലാവരുംകൂടി മുറിക്കകത്തേക്കു കയറി. അവിടെ ഇരുബിംബങ്ങളിലും മാല ചാർത്തി.
ഗോഡ്‌സേ ജന്മദിനത്തിനും ചരമദിനത്തിലും ഇങ്ങനെ മാല ചാർത്താറുണ്ട് എന്ന് അശോക് ശർമ പറഞ്ഞു.
ആ മുറിയിലെ കാഴ്ചകൾ വീണ്ടും കണ്ട് അവിടെ ഇത്തിരി നേരം നിന്നു. പുറത്തേക്കു കണ്ണോടിച്ചപ്പോൾ ഇന്റലിജൻസുകാരൻ വീണ്ടും ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയിരിക്കുന്നു. ഞാനും പ്രമോദും പുറത്തേക്കിറങ്ങി. മറ്റുള്ളവരും വരിവരിയായി മുറ്റത്തെത്തി.
അശോക് ശർമ പഴകിയ ചട്ടയോടു കൂടിയ രണ്ടു പുസ്തകങ്ങൾ എനിക്കു സമ്മാനിച്ചു. ഗോഡ്‌സേയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ പുസ്തകങ്ങൾ സഹായിക്കും എന്നു പറഞ്ഞു.
ആ പുസ്തകങ്ങൾക്ക് പണമടയ്ക്കണോ എന്നു ഞാൻ ചോദിച്ചപ്പോൾ, കേരളത്തിനുള്ള തന്റെ സമ്മാനമാണെന്നായിരുന്നു ശർമയുടെ മറുപടി. പുസ്തകം തുറന്ന് ഞാൻ അവിടെ ചുറ്റിപ്പറ്റി നിന്നു. ശർമയെ ആചാര്യ മദൻ വിളിച്ചതിനാൽ അയാൾ അകത്തേക്കു പോയി.
‘‘ഇനി എത്രയും പെട്ടെന്ന് സ്ഥലം വിടണം,’’ ഞാൻ പറഞ്ഞു.
‘‘അതെ. ഇവിടെ ഇനി ഏറെ നേരം നിൽക്കണ്ട,’’ അയ്യപ്പനും ശരിവച്ചു.
ഇന്റലിജൻസുകാരൻ ഈ സമയം അശോക് ശർമയ്ക്കടുത്തെത്തി. താൻ പകർത്തിയ വിഡിയോകൾ അയാൾ ശർമയ്ക്ക് കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. എല്ലാറ്റിനുമൊടുവിൽ, ശർമയുടെ കാലിൽ വീണ് വന്ദിച്ചാണ് ഇന്റലിജൻസുകാരൻ യാത്ര പറഞ്ഞത്. അതുകണ്ടപ്പോൾ പ്രമോദിന് ശരിക്കും ആശ്വാസമായി.
‘‘ഇയാൾ നമ്മളെ സംശയത്തോടെ നോക്കുമെന്ന പേടി വേണ്ട. യു.പിയിലെ നല്ല കാര്യങ്ങൾ പകർത്താൻ വന്ന സഹൃദയരായി വിചാരിച്ചുകൊള്ളും,’’ ഞാൻ പറഞ്ഞു.
അയാൾ ഞങ്ങളുടെ മുഖത്തുപോലും നോക്കാതെ പുറത്തേക്കിറങ്ങിപ്പോയി. സമയം കളയാതെ ഞങ്ങളും അശോക് ശർമയ്ക്കടുത്തെത്തി യാത്ര പറഞ്ഞു.
ശർമയും മകനും അഗർവാളും വേറെ രണ്ടു പേരും ഞങ്ങളോടൊപ്പം പുറത്തേക്കുവന്നു. കേരളത്തിൽ മഹാസഭ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിനെപ്പറ്റിയാണ് ശർമയ്ക്ക് പിന്നെയും പിന്നെയും പറയാനുണ്ടായിരുന്നത്. ഞങ്ങളെല്ലാം മൂളിക്കേട്ടു.
പടിക്കൽ തന്നെ കിടക്കുന്ന ഒരു ഓട്ടോയിലേക്ക് വേഗം കയറി. ഓട്ടോയ്ക്കു പുറത്തുനിന്നും ശർമ സംഭാഷണം തുടർന്നു. മഹാസഭയെയും ഗോഡ്‌സെയെയും പറ്റി പറഞ്ഞിട്ട് അയാൾക്ക് മതിയാകുന്നില്ല.
ഓട്ടോ മുന്നോട്ടെടുക്കാൻ ഞങ്ങൾ ഡ്രൈവർക്കു നിർദേശം നൽകി. ശർമ കൈവീശിക്കാണിച്ചു. പ്രവേശനകവാടത്തിലെത്തിയ മറ്റുള്ളവരും.
‘‘നമ്മളെ ഷാൾ അണിയിച്ചതിന്റെ വിഡിയോയും ഫോട്ടോയും ഒക്കെ ഇവന്മാർ വല്ല ചാനലിനും കൊടുത്ത് വാർത്തയാക്കുമോ?’’ ഞാൻ സംശയിച്ചു.
‘‘ഒന്നും പറയാൻ പറ്റില്ല,’’ പ്രമോദ് ആശങ്കയോടെ പറഞ്ഞു.
‘‘ഫോട്ടോ പുറത്തുവന്നാൽ ആദ്യം ഞെട്ടുന്നത് എം.എ. ബേബി ആയിരിക്കും. ഹിന്ദുമഹാസഭക്കാർക്കൊപ്പമാണല്ലോ ഫോട്ടോ എടുത്തത് എന്നുംപറഞ്ഞ് സഖാവ് തലയിൽ കൈവെക്കും,’’ അയ്യപ്പൻ ചിരിച്ചു.
ആ തമാശയും പക്ഷേ, പ്രമോദിനെ ചിരിപ്പിച്ചില്ല.
‘‘കൂൾ കൂൾ,’’ ഞാൻ പുറത്തുതട്ടി ആശ്വസിപ്പിച്ചു. ആദരംകൊണ്ട് പൊള്ളിനിൽക്കുകയായിരുന്നു പ്രമോദ് എന്നെനിക്കു മനസ്സിലായി. ആദരത്തിനുവേണ്ടി കുമ്പിട്ട തല പൊക്കിപ്പിടിക്കാൻ പറ്റാത്തതുപോലൊരു കനമായിരിക്കണം ഉള്ളിൽ. ചെറിയൊരു നിശ്ശബ്ദതയ്ക്കുശേഷം പ്രമോദ് പറഞ്ഞു– ‘‘എനിക്കൊന്നു ഗംഗയിൽ കുളിക്കണം. നമുക്കൊന്ന് ഹരിദ്വാർ വരെ പോയാലോ?’’

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അരുൺ എഴുത്തച്ഛന്റെ 'അതിരുകടന്ന യാത്രകൾ' എന്ന പുസ്തകത്തിൽ നിന്ന് ഒരു ഭാഗം)