റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥനും കാര്‍ട്ടൂണ്‍കാരനുമായ ജി. അരവിന്ദന്‍ സിനിമാ സംവിധായകനായതിനൊപ്പംനിന്ന് സാക്ഷിയായ ഒരാളുടെ ഓര്‍മയാണിത്. സംഘംചേരലിന്റെയും സര്‍ഗാത്മകതയുടെയും സൗഹൃദത്തിന്റെയും അപൂര്‍വമായ ഒരു പുഷ്‌കലകാലദൃശ്യംകൂടി ഈ കുറിപ്പിലൂടെ തെളിയുന്നു. ഓരോ കലാസൃഷ്ടിയിലേക്കും ഒരുപാട് നദികള്‍ ഒഴുകിയെത്തി...

To advertise here,

കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സ്ഥലംമാറിയെത്തിയ ജി. അരവിന്ദന്‍ താമസമാക്കിയ പാരഗണ്‍ ലോഡ്ജ് പെട്ടെന്നുതന്നെ കോഴിക്കോട് നിവാസികളുടെ ശ്രദ്ധാകേന്ദ്രമായി. കണ്ണൂര്‍റോഡും റെഡ് ക്രോസ്‌റോഡും സന്ധിക്കുന്ന ജങ്ഷനില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് വടക്കുവശത്തായി സ്ഥിതിചെയ്ത ആ ഇരുനിലക്കെട്ടിടത്തിലോ പരിസരത്തോ സാധാരണയായി കാര്യമായ ആളനക്കമൊന്നും കാണാറുണ്ടായിരുന്നില്ല. ലോഡ്ജിനോടനുബന്ധിച്ച് പാരഗണില്‍ ഒരു റസ്റ്ററന്റും ബേക്കറിയും ഉണ്ടായിരുന്നുവെന്നതും പുറത്ത് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. 

അരവിന്ദന്‍ പാര്‍പ്പാക്കിയതോടെ ആ ലോഡ്ജിലേക്ക് കുറെപ്പേരുടെ സന്ദര്‍ശനം പതിവായി. പിയേഴ്സ് ലസ്ലിയുടെ മാനേജരും കഥാകൃത്തുമായ പട്ടത്തുവിള കരുണാകരന്‍, നാടകക്കാരന്‍ തിക്കോടിയന്‍, ചിത്രകാരനായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിജയരാഘവന്‍, എം.ടി. വാസുദേവന്‍ നായരടക്കം കോഴിക്കോട്ടെ സമുന്നതസാഹിത്യകാരന്മാരുടെയെല്ലാം ഉറ്റബന്ധുവായ പുതുക്കുടി ബാലന്‍, ബാങ്ക് രവി എന്നറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥന്‍ രവീന്ദ്രനാഥ് എന്നിവര്‍ മിക്കവാറും ദിവസങ്ങളില്‍ അവിടെ എത്തിച്ചേര്‍ന്നു. ചിലപ്പോഴൊക്കെ എന്‍.പി. മുഹമ്മദും എം.ടി. തന്നെയും വന്നെത്തി. പട്ടത്തുവിളയും തിക്കോടിയനും ബേങ്ക് രവിയുമായിരുന്നു സ്ഥിരംസന്ദര്‍ശകര്‍. കോഴിക്കോട്ടുവന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണനും കടമ്മനിട്ട രാമകൃഷ്ണനും പാരഗണ്‍ പടിചവിട്ടാതെ മടങ്ങാറില്ല. കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് അരവിന്ദന്റെ മുറി. അവിടെ ഒതുങ്ങാതെ ചിലനേരങ്ങളില്‍ ലോഡ്ജിനുമുന്നിലെ റെഡ് ക്രോസ്റോഡില്‍ വട്ടംകൂടിനിന്നുകൊണ്ടും ഈ സംഘം വര്‍ത്തമാനം തുടരും.

കാണാന്‍ പരുക്കനായും കടുത്തനിറത്തിലുള്ള ജുബ്ബയും തിങ്ങിയതെങ്കിലും നന്നായി വെട്ടിമിനുക്കിയ താടിയും ആ നെടുതായ ആകാരം തന്നെയും അരവിന്ദനിലേക്ക് ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. വൈകുന്നേരം കണ്ണൂര്‍റോഡിലൂടെ വാഹനത്തില്‍ കടന്നുപോകുന്നവര്‍പോലും ആ ഭാഗത്തെത്തുമ്പോള്‍ പാരഗണിനുമുന്നിലേക്ക് ഒന്നു കണ്ണോടിച്ചുപോകും. കോഴിക്കോട്ടെത്തിയ കാലംമുതലേ അശ്വിനി ഫിലിം സൊസൈറ്റിയുടെ ഒരു അഭ്യുദയകാംക്ഷിയായിരുന്നു അരവിന്ദന്‍. തിരുവനന്തപുരത്ത് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചിത്രലേഖ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ളതായിരുന്നു ഫിലിം സൊസൈറ്റികളോടുള്ള അരവിന്ദന്റെ ഈ അടുപ്പം. നഗരം ചുറ്റുന്നതിനിടയ്ക്ക് ഫിലിം സൊസൈറ്റി ആവശ്യത്തിനായും അല്ലാതെയും പാരഗണിലെ മുറിയില്‍ ഞാന്‍ ഇടയ്ക്കിടെ കയറിയിറങ്ങും. 

അരവിന്ദന്റെ പുസ്തകശേഖരത്തില്‍ സിനിമയെക്കുറിച്ചുള്ള കുറെ ഇംഗ്ലീഷ് പുസ്തകങ്ങളുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഇത്തരം പുസ്തകങ്ങളെ ആശ്രയിച്ചാണ് അശ്വിനി പ്രദര്‍ശിപ്പിക്കുന്ന വിദേശസിനിമകളെക്കുറിച്ച് സിനോപ്സിസുകള്‍ പലപ്പോഴും തയ്യാറാക്കിയിരുന്നത്. ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് കെ.പി. രാജഗോപാലോ കോയമുഹമ്മദോ ആരെങ്കിലും പത്രങ്ങളിലോ മറ്റോ എഴുതുകയാണെങ്കില്‍ അതോടൊപ്പം ചേര്‍ക്കാനുള്ള ചിത്രങ്ങള്‍ക്കും ഇത്തരം പുസ്തകങ്ങളായിരുന്നു ആശ്രയം. വേള്‍ഡ് ഫിലിം ക്ലാസിക്സ് പോലുള്ള തടിച്ച പുസ്തകങ്ങള്‍പോലും ഇങ്ങനെ അരവിന്ദന്റെ ശേഖരത്തില്‍നിന്ന് ഞാന്‍ എടുത്തുകൊണ്ടുപോന്നിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വയംവരവും പിന്നാലെ, എം.ടി. വാസുദേവന്‍നായര്‍ നിര്‍മാല്യവും എടുക്കുകയും  ദേശീയ അവാര്‍ഡുകളും മറ്റും നേടുകയുംചെയ്തത് പാരഗണ്‍ കൂട്ടായ്മയുടെ നിരന്തര ആലോചനയ്ക്കു വിഷയമായി. ''നമുക്കും ഒരു സിനിമയെടുത്താലെന്താ?''-ഒരുദിവസം കൂട്ടത്തിലാരോ ചോദിച്ചു. ഒരുകണക്കിന് ആ ചോദ്യം അവരുടെ എല്ലാവരുടെയും മനസ്സിലുള്ളതായിരുന്നു. സിനിമയെടുക്കാന്‍ ആരെങ്കിലും തയ്യാറാണെങ്കില്‍ പണം താന്‍ കണ്ടെത്താമെന്ന് പട്ടത്തുവിള പ്രഖ്യാപിച്ചു. ബാങ്ക് ലോണിന്റെ സാധ്യതനോക്കാമെന്ന് രവിയും ഏറ്റു. 
''ആര് സംവിധാനം ചെയ്യും?''

അരവിന്ദന്‍ തന്നെയാവട്ടെ എന്നായി ഒടുവില്‍ തീരുമാനം. സിനിമയെപ്പറ്റി കാര്യമായി പഠിച്ചുകൊണ്ടിരിക്കുന്ന ആളാണല്ലോ അരവിന്ദന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്നപേരിലുള്ള അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പരതന്നെ ഒരു സിനിമയാണല്ലോ. അങ്ങനെപോയി ന്യായവാദങ്ങള്‍. അരവിന്ദനും കാര്യമായ വിസമ്മതമൊന്നും പ്രകടിപ്പിച്ചില്ല. ചര്‍ച്ച പിന്നെ അടുത്തഘട്ടത്തിലേക്ക് കടന്നു:
''അപ്പോള്‍ കഥയുടെയും തിരക്കഥയുടെയും കാര്യമോ''

placeholder
എം.ടി. വാസുദേവൻ നായർ, ജി. അരവിന്ദൻ, തിക്കോടിയൻ എന്നിവരടങ്ങുന്ന കോഴിക്കോടൻ സംഘം | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

സ്വാഭാവികമായും അക്കാര്യം നാടകകൃത്തെന്നനിലയ്ക്കും റേഡിയോ നാടകരചയിതാവെന്നനിലയ്ക്കും പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള തിക്കോടിയന്റെ ചുമലിലായി. തിക്കോടിയന്റെ രചനയെ ആധാരമാക്കി ശോഭന പരമേശ്വരന്‍ നായര്‍ രൂപവാണി ഫിലിംസിന്റെ ബാനറില്‍ എ.ബി. രാജിന്റെ സംവിധാനത്തില്‍ നിര്‍മിച്ച നൃത്തശാല എന്ന ചിത്രം ആയിടെ പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂതാനും.

''എന്റെ പക്കല്‍ തിരക്കഥപോലൊരു സാധനം ഉണ്ട്. അത് തിരക്കഥയാണോ എന്നൊന്നും പറയാന്‍ ഞാനാളല്ല'' -തിക്കോടിയന്‍ പറഞ്ഞു. ഏതായാലും അത് അരവിന്ദന്‍ ഒന്നു നോക്കട്ടെ എന്ന് പൊതുവേ ധാരണയായി. തിരക്കഥ അരവിന്ദന്‍ വായിച്ചുനോക്കി. അതിനുശേഷം തിക്കോടിയനുമായി ആലോചിച്ച് അത് പൊളിച്ചെഴുതി. നിര്‍മാണത്തിന്റെ അടുത്തഘട്ടത്തിലേക്ക് സിനിമ പ്രവേശിക്കുകയായി. ബാങ്ക് ലോണൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന് രവി അറിയിച്ചു. പട്ടത്തുവിള പണം റെഡിയാക്കി. കൊല്ലത്തെ സമ്പന്നമായ കുടുംബത്തിലെ അംഗമാണദ്ദേഹം. പോരാത്തതിന് പിയേഴ്സ് ലസ്ലി കമ്പനിയുടെ കോഴിക്കോട്ടെ മേധാവിയും. സിനിമയ്ക്കുവേണ്ടിയുള്ള പണം പട്ടത്തുവിള സ്വന്തം കൈയില്‍നിന്നുതന്നെ എടുത്തതാണോ, അതോ വേറെ ആരില്‍നിന്നെങ്കിലും സ്വരൂപിച്ചതാണോ എന്നൊന്നും വ്യക്തമല്ല. ഏതായാലും ചിത്രത്തിന്റെ നിര്‍മാണത്തിന്  വഴിതെളിഞ്ഞു.
 
എങ്കിലും ഒട്ടേറെ കടമ്പകള്‍ പിന്നെയും കടക്കാനുണ്ടായിരുന്നു. നായകനടനെ കണ്ടെത്തുകയായിരുന്നു ഒരു കീറാമുട്ടി. വളരെയേറെ തിരച്ചിലിനും അലച്ചിലിനും അന്വേഷണങ്ങള്‍ക്കുമൊടുവില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു കലോത്സവത്തില്‍ ആളെ കണ്ടുമുട്ടി -ഡോ. മോഹന്‍ദാസ്. കോഴിക്കോട്ടെ കലാകാരന്മാരുടെയും സഹൃദയരുടെയും അകമഴിഞ്ഞ പിന്തുണയോടെ നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ചിത്രീകരണം നടന്നു. നളന്ദ ഹോട്ടലിലായിരുന്നു ചിത്രത്തിന്റെ 'ക്രൂ' തമ്പടിച്ചത്. മലയാള ചലച്ചിത്രനിര്‍മാണത്തിലെ അഭൂതപൂര്‍വമായ ബന്ധങ്ങള്‍ക്കും സഹവര്‍ത്തിത്വത്തിനും നളന്ദ വേദിയായി. അങ്ങനെ അരവിന്ദന്റെ ഉത്തരായണം എന്ന സിനിമ യാഥാര്‍ഥ്യമായി.

സിനിമയെക്കുറിച്ചു കാര്യമായ വാര്‍ത്തയൊന്നും ദിനപത്രങ്ങളിലോ ആനുകാലികങ്ങളിലോ കാണാനുണ്ടായിരുന്നില്ല. നിര്‍മാതാവ് പട്ടത്തുവിളയ്‌ക്കോ അരവിന്ദനോ തിക്കോടിയനോ ഇവരുടെയെല്ലാം കൂടെയുള്ള ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കോ അങ്ങനെയൊരു ചിന്തയുമുണ്ടായിരുന്നില്ല. നമ്പൂതിരിയായിരുന്നു കലാസംവിധാനം നിര്‍വഹിച്ചത്. സ്വയംവരത്തിന്റെ നിര്‍മാണവേളയിലും മുമ്പും പിമ്പുമായി ചിത്രത്തെക്കുറിച്ച് ഓരോഘട്ടത്തിലും പുതുമയുള്ള വാര്‍ത്തയും ഫീച്ചറും വന്നുകൊണ്ടിരുന്നതാണ്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയിരുന്നത്. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കും പുറമേ ഫിലിം സൊസൈറ്റി വൃത്തങ്ങളിലും മറ്റും വിതരണംചെയ്യാന്‍ മനോഹരമായി തയ്യാറാക്കപ്പെട്ട ചെറിയ നോട്ടീസുകളും പുറത്തിറക്കിയിരുന്നു.

സ്വയംവരത്തെക്കുറിച്ചുള്ള അത്തരം ചില പ്രചാരണനോട്ടീസുകള്‍ അശ്വിനിയുടെ പ്രവര്‍ത്തകനെന്നനിലയ്ക്ക് അന്ന് ഞാനും കൈകാര്യംചെയ്തിട്ടുണ്ട്. അതിന്റെയൊക്കെ അനുഭവത്തില്‍ ഒരു ദിവസം രാവിലെ ഞാന്‍ കോയമുഹമ്മദിനെയും കൂട്ടി നഗരത്തിലെ ജോസഫ് റോഡില്‍ നമ്പൂതിരിയുടെ വീട്ടില്‍ച്ചെന്നു. അരവിന്ദനും ഉണ്ടായിരുന്നു അപ്പോള്‍ അവിടെ. സിനിമയെക്കുറിച്ച് വിശദമായി ഞങ്ങള്‍ ചോദിക്കുകയും നമ്പൂതിരിയും അരവിന്ദനും അതിന് മറുപടി നല്‍കുകയുംചെയ്തു. ചോദ്യോത്തരം എന്ന് പറഞ്ഞുകൂടാ. തുറന്നസംഭാഷണം. തീര്‍ത്തും അനൗപചാരികമായി. കലവറയില്ലാതെ ഇരുവരും സംസാരിച്ചു. അതുവെച്ച് മലയാളനാട് വാരികയ്ക്ക് വിശദമായൊരു ഫീച്ചര്‍ കോയമുഹമ്മദ് തയ്യാറാക്കിക്കൊടുത്തു. 

placeholder
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ഉത്തരായണം സിനിമയെക്കുറിച്ച് ചിത്രം പുറത്തിറങ്ങുന്നതിനുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട വിശദമായ ലേഖനങ്ങളില്‍ ഒന്നായിരുന്നു അത്. കെ.എസ്.യു.വിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സര്‍വകലാശാലാ യൂണിയന്‍ ചിന്ത രവീന്ദ്രനെയും എന്നെയുമൊക്കെ ഭാരമേല്‍പ്പിച്ച പീച്ചി സര്‍ഗസംവാദത്തിനിടയ്ക്ക് ഒ.വി. വിജയന്‍, എം. ഗോവിന്ദന്‍ എന്നിവരടങ്ങിയ പ്രേക്ഷകവൃന്ദത്തിനുമുമ്പാകെ ചിത്രത്തിന്റെ റഷസ് പ്രദര്‍ശനം സമീപത്തെ ഒരു ടാക്കീസില്‍ നടന്നു. അരവിന്ദനെയും സഹപ്രവര്‍ത്തകരെയും വിസ്മയിപ്പിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡിനും മികച്ച ചലച്ചിത്രത്തിനും ഛായാഗ്രഹണത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ക്കും ഉത്തരായണം തിരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും അശ്വിനിയുടെ പ്രവര്‍ത്തനങ്ങളില്‍ അരവിന്ദന്‍ സന്തോഷപൂര്‍വം പങ്കാളിയായി. ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 1975 സെപ്റ്റംബറില്‍ അളകാപുരിയില്‍ മൂന്നുദിവസത്തെ വിദേശ ചലച്ചിത്രമേള അശ്വിനി സംഘടിപ്പിച്ചിരുന്നു. ഡേവിഡ് വാര്‍ക്ക് ഗ്രിഫിത്തിന്റെ ദ ബെര്‍ത്ത് ഓഫ് എ നേഷന്‍, അകിരാ കുറസോവയുടെ ത്രോണ്‍ ഓഫ് ബ്ലഡ് എന്നിവയും നാല് ഫ്രഞ്ച് ലഘുചിത്രങ്ങളുമാണ് സെപ്റ്റംബര്‍ 8, 9, 10 തീയതികളിലായി പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ഗ്രിഫിത്തിന്റെയും കുറസോവയുടെയും ചിത്രങ്ങളുടെ പ്രദര്‍ശത്തിനുമുമ്പായി രണ്ടുദിവസവും അവയുടെ ഉള്ളടക്കത്തിലേക്കും കലാപരമായ സവിശേഷതകളിലേക്കും സൂചനനല്‍കിക്കൊണ്ടുള്ള ആമുഖപ്രഭാഷണം നടത്തിയത് അരവിന്ദനായിരുന്നു.

സാങ്കേതികമായി മികച്ചചിത്രങ്ങള്‍ അവയുടെ ഉള്ളടക്കത്തിലും ഈ പുരോഗമനസ്വഭാവം നിലനിര്‍ത്തിക്കൊള്ളണമെന്നില്ല എന്ന ഗൗരവമായ മുന്നറിയിപ്പാണ് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യനാളുകളിലുണ്ടായ ദ ബെര്‍ത്ത് ഓഫ് എ നേഷന്‍ എന്ന് അരവിന്ദന്‍ ഒന്നാം ദിവസത്തെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി, ഷേക്സ്പിയറുടെ മാക്ബത്തിനെ അവലംബിച്ച് നിര്‍മിച്ച ത്രോണ്‍ ഓഫ് ബ്ലഡിനെക്കുറിച്ച് അരവിന്ദന്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു, മാക്ബത്തിലെ നാടകീയ മുഹൂര്‍ത്തങ്ങളും നാടകീയാന്തരീക്ഷവും ഒട്ടുംതന്നെ കളയാതെ ജപ്പാന്റെ നോ, കബൂക്കി ട്രഡീഷണല്‍ അരങ്ങുകളുടെ സ്റ്റൈലൈസേഷനും ഇതരശൈലികളും ഉപയോഗപ്പെടുത്തിയതും അതേസമയം തികച്ചും സിനിമാറ്റിക്കുമായ അവതരണസമ്പ്രദായമാണ് ത്രോണ്‍ ഓഫ് ബ്ലഡില്‍ കുറസോവ സ്വീകരിച്ചിട്ടുള്ളത്.

ഉത്തരായണത്തിന്റെ പ്രശസ്തിയും അംഗീകാരവും അരവിന്ദനെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. പി. ഗോവിന്ദപിള്ളയും മറ്റും വളരെ ആവേശപൂര്‍വമാണ് ചിത്രത്തെക്കുറിച്ച് എഴുതിയിരുന്നത്. അങ്ങനെ ഏറ്റെടുക്കാന്‍മാത്രം സാമൂഹികപ്രസക്തിയുള്ള സിനിമയല്ല താന്‍ എടുത്തിട്ടുള്ളതെന്നും സിനിമയ്ക്ക് അത്തരം റോളൊന്നും നിര്‍വഹിക്കാനുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നുംവരെ അരവിന്ദന്‍ പ്രസ്താവിക്കുകയുണ്ടായി. അതെന്തൊക്കെയാണെങ്കിലും ഇനി സിനിമയെടുക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് അരവിന്ദന്‍ മനസ്സിലാക്കി. ഇഷ്ടമുള്ള സിനിമ, പണത്തെക്കുറിച്ചൊന്നും വേവലാതിപ്പെടാതെത്തന്നെ എടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് സമ്പന്നനായ ഒരു നിര്‍മാതാവിനെ കിട്ടിയതോടെ അറച്ചുനില്‍ക്കാന്‍ അവകാശമില്ലാതെയുമായി. 

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.