
എലിസബത്ത് മാലറ്റ്, 'ദി ഡെയിലി കുറാന്റ്' എന്ന ആദ്യ ദിനപത്രം
'1702 മാര്‍ച്ച് 11 -ന് 'ദി ഡെയിലി കുറാന്റ്' എന്ന ആദ്യ ദിനപത്രം ലണ്ടനില്‍നിന്ന് എലിസബത്ത് മാലറ്റ് എന്ന സ്ത്രീ പുറത്തിറക്കി.' മാധ്യമരംഗം പുരുഷലോകമാണ് എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ഈ വാര്‍ത്തയില്‍ അത്ഭുതം തോന്നുന്നത് സ്വാഭാവികമാണ്. ആധുനിക പത്രങ്ങളുടെ സ്വഭാവസവിശേഷതകളോടെയുള്ള ഈ ദിനപത്രം* തുടങ്ങാന്‍ മാലറ്റിനെ പ്രേരിപ്പിച്ചത് 'ജനങ്ങള്‍ക്ക് ദിവസവും രാവിലെ വാര്‍ത്തകള്‍ ലഭിക്കേണ്ടതല്ലേ?'എന്ന ചിന്തയായിരുന്നുവത്രെ.
പത്രപ്രവര്‍ത്തനചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട പേരാണ് എലിസബത്ത് മാലറ്റിന്റേത്. സ്ത്രീകള്‍ക്ക് വീടിനപ്പുറം ഒരു ജീവിതം സ്വപ്നം കാണാനോ സാമൂഹികരംഗത്ത് നിലനില്‍ക്കാനോ അവസരം ലഭിക്കാതിരുന്ന ഒരു കാലത്ത്, ആ മതിലുകളെല്ലാം തകര്‍ത്തു മുന്നോട്ട് വന്ന് ആദ്യ ദിനപത്രമായ ദ ഡെയിലി കുറാന്റ് (The Daily Courant ) പുറത്തിറക്കിക്കൊണ്ട്, ആധുനിക പത്രപ്രവര്‍ത്തനത്തിന് അടിത്തറയിട്ട മാലറ്റ് മാധ്യമ രംഗത്തെത്തുന്ന സ്ത്രീകള്‍ക്ക് ആവേശവും അഭിമാനവും പകരുന്നു.
മാലറ്റിന്റെ ജനനതീയതി വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും, 1672 കാലത്ത് ലണ്ടനിലെ അച്ചടി- പുസ്തകവ്യാപാരരംഗങ്ങളിലെ ഒരു പ്രമുഖ സാന്നിധ്യമായിരുന്നു അവരെന്ന് വ്യക്തമാണ്. 1672-ല്‍ സെന്റ് മാര്‍ട്ടിന്‍ ലഡ്‌ഗേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേവിഡ് മാലറ്റിനെ വിവാഹം കഴിച്ചതോടെയാണ് എലിസബത്ത് പ്രസാധന രംഗത്തെത്തുന്നത്. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിലെ ടൈബേണ്‍ എന്ന സ്ഥലത്ത് പൊതുവേദിയില്‍ വധിക്കപ്പെടുന്നവരുടെ 'അവസാന ചരമ പ്രസംഗങ്ങള്‍'( Last dying speeches) അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഭീതിയും കൗതുകവും ഉണര്‍ത്തിവിട്ട ആ പ്രസംഗങ്ങള്‍ ലണ്ടനില്‍ അന്ന് ഏറെ ജനപ്രിയത നേടി.
ബ്ലാക്ക്ഹോഴ്സ് അലേയില്‍, ഫ്‌ലീറ്റ് ബ്രിഡ്ജിലാണ് എലിസബത്തിന്റെയും ഡേവിഡിന്റെയും അച്ചടിശാല പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഈ സ്ഥലം ബ്രിട്ടീഷ് പത്രലോകത്തിന്റെ തന്നെ പര്യായമായി മാറി.
1683-ല്‍ ഡേവിഡ് മാലറ്റ് മരിച്ചു. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം മാനസികമായി തകര്‍ത്തുവെങ്കിലും എലിസബത്ത് മാലറ്റ് പ്രസിദ്ധീകരണ രംഗത്ത് തന്നെ തുടര്‍ന്നു. ഭര്‍ത്താവിന്റെ വസ്തുവകകളും അച്ചടിപ്രവര്‍ത്തനവുമെല്ലാം ഏറ്റെടുത്തു. സഹായത്തിനായി മകന്‍ ഡേവിഡിനെയും പരിശീലിപ്പിച്ചെടുക്കാന്‍ ശ്രമം നടത്തിനോക്കിയെങ്കിലും അതു വിജയിച്ചില്ല. 1685 ആയപ്പോഴേക്കും മറ്റൊരു പ്രസ്‌കൂടി തുടങ്ങി The New State of Europe പോലെയുള്ള വാര്‍ത്താ പരമ്പരകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് എലിസബത്ത് മാലറ്റ് ലണ്ടനിലെ പ്രഗത്ഭ പ്രസാധകരില്‍ ഒരാളായി മാറി.
'ദി ഡെയിലി കുറാന്റ്' പ്രസിദ്ധീകരിച്ചത് ഫ്‌ലീറ്റ് ബ്രിഡ്ജിന് സമീപമുള്ള സ്വന്തം അച്ചടിശാലയില്‍ നിന്നായിരുന്നു. വിദേശവാര്‍ത്തകളും പരസ്യങ്ങളുമെല്ലാം മാലറ്റിന്റെ പത്രത്തില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് കണക്കിലെടുത്ത് തദ്ദേശീയമായ വാര്‍ത്തകള്‍ മാലറ്റ് തന്റെ പത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ആദ്യ ലക്കത്തിലെ എഡിറ്റോറിയലില്‍ അവര്‍ എഴുതി; ''ഈ പത്രത്തില്‍ എന്റെ സ്വന്തം അഭിപ്രായങ്ങളോ നിഗമനങ്ങളോ പ്രസിദ്ധീകരിക്കുകയില്ല; വാസ്തവങ്ങള്‍ മാത്രം അവതരിപ്പിക്കും. വായനക്കാര്‍ക്ക് അതില്‍ നിന്ന് സ്വയം നിഗമനങ്ങളില്‍ എത്താനുള്ള ബുദ്ധിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.''
എലിസബത്ത് മാലറ്റിന്റെ ഈ വാക്കുകള്‍ ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ തന്നെ അടിത്തറയായി മാറി. എഡിറ്റോറിയല്‍ കമന്റുകള്‍ ചേര്‍ക്കാതെയും കലര്‍പ്പൊന്നും കൂടാതെയും സത്യസന്ധമായി തന്നെ വാര്‍ത്തകള്‍ അവതരിപ്പിക്കുകയെന്നത് അന്നത്തെ കാലഘട്ടത്തില്‍ വിപ്ലവകരമായ ചുവടുവയ്പ്പായിരുന്നു. വാര്‍ത്തക്കും അഭിപ്രായത്തിനുമിടയില്‍ കൃത്യമായ അതിര്‍വരമ്പ് തിരിച്ചിട്ടുകൊണ്ടുള്ള, നിഷ്പക്ഷപത്രപ്രവര്‍ത്തനത്തിന്റെ ആദ്യ പാഠമെന്ന് തന്നെ ഇവയെ വിശേഷിപ്പിക്കാം.
അക്കാലത്ത് നിലനിന്നിരുന്ന സമൂഹവ്യവസ്ഥിതിയില്‍ ഒരു സ്ത്രീയാണ് പത്രം പുറത്തിറക്കുന്നത് എന്നത് സൃഷ്ടിക്കാനിടയുളള പ്രശ്‌നങ്ങളെ മറികടക്കുന്നതിന് വേണ്ടി E.Mallet എന്ന പേരിലാണ് അവര്‍ പത്രം പുറത്തിറക്കിയത്. എഡിറ്റോറിയല്‍ സമീപനം പൂര്‍ണമായും വസ്തുനിഷ്ഠമായിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ മാറ്റി നിര്‍ത്തി വസ്തുതകള്‍ മാത്രം നല്‍കാന്‍ അവര്‍ ബദ്ധശ്രദ്ധയായിരുന്നു. 'ദി ഡെയ്‌ലി കുറാന്റ്' എന്ന സ്വന്തം പത്രത്തിന്റെ സവിശേഷതയായി മാറിയ ഈ സമീപനം പിന്നീട് ക്വാളിറ്റി ജേര്‍ണലിസത്തിന്റെ തന്നെ നിര്‍വചനമായി മാറി. വാര്‍ത്തയുടെ വിശ്വാസ്യതക്കുംl സത്യസന്ധതയ്ക്കും പ്രാധാന്യം കൊടുക്കണമെന്നത് പത്ര പ്രവര്‍ത്തനരംഗത്തെ അടിസ്ഥാന മൂല്യമായി മാറി.
വിവിധ ഭാഷകളില്‍ നിന്ന് വാര്‍ത്തകള്‍ പരിഭാഷപ്പെടുത്തി പത്രത്തില്‍ കൊടുക്കുന്നതിന് മാലറ്റ് ശ്രദ്ധിച്ചിരുന്നു. ദൈനംദിന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും വസ്തുതാപരമായ റിപ്പോര്‍ട്ടിങ് നടത്താനും എലിസബത്ത് മാലറ്റ് നടത്തിയ ശ്രമങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്ന പത്രപ്രവര്‍ത്തന ശീലങ്ങളെ മാറ്റിമറിക്കുന്നതിന് വഴി തെളിച്ചു. മാലറ്റ് തുടങ്ങിവെച്ച പത്രപ്രവര്‍ത്തന പാരമ്പര്യം ഒരു പരിധിവരെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് അവരുടെ ദീര്‍ഘ ദര്‍ശിത്വത്തിന്റെയും പത്രപ്രവര്‍ത്തന വൈദഗ്ധ്യത്തിന്റെയും തെളിവാണ്.
എലിസബത്ത് മാലറ്റിന്റെ പ്രവര്‍ത്തന ശൈലി പത്രപ്രവര്‍ത്തനരംഗത്ത് ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും അടിസ്ഥാന ശിലകള്‍ പാകി. ദിനപത്രമെന്ന ആശയം അവതരിപ്പിച്ചുകൊണ്ട് അവര്‍ വാര്‍ത്തയും സമയബോധവും തമ്മിലുള്ള ബന്ധം പുതുതായി രൂപപ്പെടുത്തി. ചരിത്രകാരന്മാരായ ചാള്‍സ് സോമര്‍വില്‍, മാര്‍ക്ക് ടര്‍ണര്‍, ജോയല്‍ വീനര്‍ എന്നിവര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ദിനപത്രങ്ങളുടെ വരവ് ലോകത്തെ സംബന്ധിച്ച കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തി. അതുവരെ നിലനിന്നുപോന്നിരുന്ന വിരസമായ അവസ്ഥാവിശേഷത്തില്‍ നിന്ന് അനിശ്ചിതത്വവും ആവേഗവും നിറഞ്ഞ യാഥാര്‍ഥ്യത്തിലേക്ക് സമൂഹം മാറി.
കുറച്ചു കാലത്തിന് ശേഷം സാമുവല്‍ ബക്ക്‌ലിക്ക് എലിസബത്ത് മാലറ്റ് തന്റെ പത്രത്തിന്റെ ചുമതലകള്‍ കൈമാറി. 1735 ജൂണ്‍ 28 വരെ 'ദി ഡെയ്‌ലി കുറാന്റ്' പ്രസിദ്ധീകരിച്ചിരുന്നു. 1706 വരെ മാലറ്റ് പ്രസിദ്ധീകരണ രംഗത്ത് തുടര്‍ന്നുവെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ അവരുടെ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിച്ചില്ല.
1883 ഒക്ടോബര്‍ 30-ന് ആസ്‌ത്രേലിയയിലെ ദി ഹെറാള്‍ഡ് ( The Herald) പത്രം ''ലോകത്തിലെ ആദ്യം അച്ചടിച്ച ദിനപത്രത്തിന് പിന്നില്‍ എലിസബത്ത് മാലറ്റ് എന്ന ഒരു സ്ത്രീയായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം?'' എന്ന ഒരു ചോദ്യം ചോദിച്ചത് ചരിത്രത്തിലുണ്ട്.
'So it was the imagination of a woman who first conceived the idea that man would have news every morning with his breakfast' (പുരുഷന്മാര്‍ക്ക് പ്രാതലിനൊപ്പം വാര്‍ത്തയും കൂടി വേണം എന്ന ആശയം ഒരു സ്ത്രീയുടേതായിരുന്നു അല്ലേ?'') എന്ന് 1914 ജൂണ്‍ 13 ന് Fitzroy City Press പ്രസിദ്ധീകരിച്ച Women and Journalism എന്ന ലേഖനത്തില്‍ തമാശരൂപത്തിലാണെങ്കിലും ചോദിക്കുന്നുണ്ട്.
സ്ത്രീകളുടെ ബുദ്ധിയും ധൈര്യവും ലോകത്തെ മാറ്റി മറിക്കാന്‍ കാരണമാകും എന്നതിനൊപ്പം സത്യം പ്രസിദ്ധീകരിക്കാനുള്ള ധൈര്യമാണ് പത്രപ്രവര്‍ത്തനത്തിന്റെ കാതല്‍ എന്നതിന് തെളിവായി എലിസബത്ത് മാലറ്റിന്റെ ജീവിതം നിലനില്‍ക്കുന്നു.
……………….
* Einkommende Zeitung (Incoming Newspapers) എന്ന പേരില്‍ ജര്‍മ്മനിയില്‍ നിന്ന് 1650-ല്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് ലോകത്തിലെ ആദ്യ ദിനപത്രമായി കണക്കാക്കുന്നത്. ഇതിനെ കുറിച്ച് അധിക വിവരങ്ങള്‍ ലഭ്യമല്ല.
*പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയിരുന്ന രാഷ്ട്രീയ സംഭവങ്ങളും യുദ്ധങ്ങളുമെല്ലാം ലോക വാര്‍ത്തകള്‍ അറിയാനുള്ള ആകാംക്ഷ ജനങ്ങളില്‍ ഉയര്‍ത്തി വിട്ടിരുന്നെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് അന്ന് വര്‍ത്തമാനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
Content Highlights: Discover Elizabeth Mallet, the pioneering woman who launched `The Daily Courant,` the world`s first printed daily newspaper, in 1702 London.
Published: 21 Nov 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented