കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാര്‍ഡ് നിരസിച്ചതിനെക്കുറിച്ച് മാതൃഭൂമി ഡോട്‌കോമിനോട് ഡോ. എം.കുഞ്ഞാമന്‍ പ്രതികരിച്ചത് പുനഃപ്രസിദ്ധീകരിക്കുന്നു. 

To advertise here,

കേരള സാഹിത്യ അക്കാദമി എന്റെ 'എതിര്' എന്ന പുസ്തകത്തിന് പ്രഖ്യാപിച്ച പുരസ്‌കാരം നിരസിക്കാനുള്ള കാരണം തികച്ചും വ്യക്തിപരമാണ്. പുരസ്‌കാരങ്ങളിലും അംഗീകാരങ്ങളിലും അഭിരമിക്കുകയോ അതിനുവേണ്ടി  പ്രവര്‍ത്തിക്കുകയോ എഴുതുകയോ ചെയ്യുന്ന ആളല്ല ഞാന്‍. ആത്മകഥ എന്നതിലുപരി ആ പുസ്തകത്തെ ഞാന്‍ കാണുന്നത് സാമൂഹിത -സാമ്പത്തിക- രാഷ്ട്രീയ പ്രശ്നങ്ങളെ നോക്കിക്കാണുന്ന രീതിയാണ്. പുസ്തകം വിശകലനം ചെയ്യപ്പെടണം, അതില്‍ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടോ എന്ന് കേരള സമൂഹവും ഇന്ത്യന്‍ സമൂഹവും വിലയിരുത്തണം. 

പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രം എഴുതിയ ഒരു പുസ്തകമാണത്. എന്റെ വ്യക്തിപരമായ ജീവിതകഥകള്‍ അതില്‍ ഉണ്ടെങ്കില്‍ത്തന്നെ ഊന്നല്‍ കൊടുക്കുന്നത് അതിനല്ല, പ്രശ്നങ്ങള്‍ക്കാണ്. സമൂഹത്തിലെ മര്‍ദ്ദിതരും ചൂഷിതരുമായിട്ടുള്ളവരുടെ പുസ്തകമാണത്. വിവേചനം, അടിച്ചമര്‍ത്തല്‍ തുടങ്ങിയ വ്യവസ്ഥിതിയുടെ ഭാഗമായി നില്‍ക്കുന്നതിനെതിരെയാണ് ആ പുസ്തകം. അത്തരം വ്യവസ്ഥിതിയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകം എന്ന നിലയില്‍ മാത്രമേ 'എതിരി'നെ ഞാന്‍ കാണുന്നുള്ളൂ. ഈ വ്യവസ്ഥിതിയെ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ നമ്മള്‍ കൈക്കൊള്ളുന്നുണ്ടോ? അങ്ങനെ ഏതെങ്കിലും മേഖലയില്‍ അത്തരം മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരം. 

സത്യത്തില്‍ ആ പുസ്തകം ഒരു വ്യക്തിയെക്കുറിച്ചല്ല, ഒരു സമുദായത്തിന്റെ പരാജയത്തെക്കുറിച്ചുള്ള കഥയാണ്. വിജയത്തിന്റെ ചരിത്രമല്ല. എതിര് എഴുതിയ കാലത്ത് നിന്നും വളരെ മൗലികമായ വ്യത്യാസം ഇന്ന് സമൂഹത്തിന് സംഭവിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. വന്നുചേര്‍ന്നതൊന്നും മാറ്റങ്ങളല്ല, മെച്ചപ്പെടലുകള്‍ മാത്രമാണ്. ചേരികളിലും പുറമ്പോക്കുകളിലും താമസിക്കുന്നവര്‍ അവിടെത്തന്നെയാണ് താമസിച്ചുകൊണ്ടിരിക്കുന്നത്. മെച്ചപ്പെടല്‍ സംഭവിച്ചിരിക്കുന്നത് അവരുടെ ഭക്ഷണത്തിലും വസ്ത്രത്തിലുമാണ്.  

സമൂഹത്തിന്റെ സമ്പത്ത് ആര് നിയന്ത്രിക്കുന്നു? ബൗദ്ധികസമ്പത്ത്, വിജ്ഞാനം ഇതൊക്കെ ആരാണ് നിയന്ത്രിക്കുന്നത്? വിദ്യാലയത്തില്‍ നിന്നും അധികാരത്തില്‍ നിന്നും സമ്പത്തില്‍നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ ഇപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും പിന്തള്ളപ്പെടുകയും തന്നെയാണ് ചെയ്യുന്നത്. അവര്‍ക്ക് പല മേഖലകളിലും പങ്കാളിത്തവും പ്രാതിനിധ്യവും ലഭിച്ചിട്ടില്ല. കിട്ടിയതെല്ലാം പ്രത്യേക ആനുകൂല്യങ്ങളുടെ പേരിലും പരിഗണനയുടെ അടിസ്ഥാനത്തിലുമാണ്. 

വിവിധ മേഖലകളില്‍ നിയന്ത്രണത്തിലിരിക്കുന്നവര്‍ സമ്പത്ത് നിയന്ത്രിക്കുന്ന കുടുംബങ്ങളില്‍ നിന്നോ വിഭാഗങ്ങളില്‍ നിന്നോ വന്നവരാണ്. അവര്‍ക്കേ അവിടെയെത്താനും വിജയിക്കാനും കഴിഞ്ഞിട്ടുള്ളൂ. അക്കാദമിക രംഗത്തായാലും സാമ്പത്തികമായി ഉയര്‍ന്ന വിഭാഗങ്ങളില്‍ നിന്നും വരുന്ന കുടുംബാംഗങ്ങളാണ് നിയന്ത്രിക്കുന്നത്. താഴ്ന്നവര്‍ക്ക് പങ്കാളിത്തമുണ്ടായിരിക്കും, പ്രതിനിധ്യമുണ്ടായിരിക്കും. പക്ഷേ തലപ്പത്ത് എത്തുന്നില്ല. ആ തരത്തില്‍ നോക്കുമ്പോള്‍ സമൂഹത്തിലെ സമ്പത്തിന്റെ വിതരണം- ഉത്പാദന ബന്ധങ്ങള്‍-അതിപ്പോഴും ചില പ്രത്യേക സാമൂഹിക വിഭാഗങ്ങളിലാണുള്ളത്. അത് മാറുന്നില്ല. മെച്ചപ്പെടല്‍ മാറ്റമല്ല. ആ മാറ്റം വരാത്തതില്‍ എനിക്ക് നിരാശയുണ്ട്. പക്ഷേ പുരസ്‌കാരം നിരസിച്ചതുമായി ഈ നിരാശയ്ക്ക് ബന്ധമില്ല. അത് തികച്ചും വ്യക്തിപരമാണെന്ന് ആവര്‍ത്തിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി എഴുതിയതല്ല ആ പുസ്തകം എന്നതാണ് അക്കാദമി അവാര്‍ഡ് നിരസിക്കാനുള്ള കാരണം. അംഗീകാരത്തോടും പുരസ്‌കാരത്തോടും താല്‍പര്യമില്ല എന്നതുകൊണ്ട് കൂടിയാണ്. അക്കാദമി സെക്രട്ടറിയോട് പറഞ്ഞത് അവാര്‍ഡിന് പരിഗണിച്ചതില്‍ കൃതജ്ഞതയുണ്ട്, അത് കൃതജ്ഞതാപൂര്‍വം നിരസിക്കുന്നു എന്നാണ്.