ചിറ്റൂര്‍: ''വറുതിയുടെ കര്‍ക്കടകമാസങ്ങളില്‍ ഇലകള്‍ വെച്ചുകഴിക്കുന്ന മലയാള ശീലങ്ങള്‍ക്കുവേണ്ടി ആദ്യത്തെ കാറ്റിനുതന്നെ കീഴടങ്ങി കൊമ്പൊടിച്ച് ഇട്ടുകൊടുക്കുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. കരുണാമയമായ ഈ ബലക്കുറവുതന്നെയാണ് മലയാളസാഹിത്യത്തിലെന്നപോലെ മലയാള ചലച്ചിത്രരംഗത്തും മുരിങ്ങയ്ക്ക് വിനയായത്.''

To advertise here,

ഈവര്‍ഷത്തെ മികച്ച ഹാസ്യസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരംനേടിയ നിരഞ്ജന്റെ 'കേരളത്തിലെ മൈദാത്മകത (വറുത്തരച്ച ചരിത്രത്തോടൊപ്പം)' എന്ന പുസ്തകത്തില്‍ മലയാളസിനിമയിലും സാഹിത്യത്തിലും മുരിങ്ങയുടെ സാന്നിധ്യമില്ലായ്മയെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിത്.

മലയാളിയുടെ ഭക്ഷണശീലങ്ങളില്‍നിന്ന് നര്‍മം കണ്ടെത്തുന്ന എഴുത്തുരീതി വി.കെ. എന്നിന്റെതാണ്. അദ്ദേഹത്തെ അനുകരിക്കാനുള്ള ശ്രമങ്ങളല്ല, വികെഎന്നിന്റെ അനുഗ്രഹാശിസ്സുകള്‍ ലഭിച്ച എഴുത്തുകാരന്റെ ഗദ്യഭാഷയുടെ അതിര്‍ത്തിവേലികള്‍ മറികടന്നുള്ള സഞ്ചാരമാണ് നിരഞ്ജന്റെ രചനയില്‍ കാണാനാവുക.

പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്നു ഇന്ത്യനൂര്‍ ഗോപിയുടെയും സത്യവതിയുടെയും മകനായി അടയ്ക്കാപ്പുത്തൂരിലാണ് നിരഞ്ജന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലും വിക്ടോറിയ കോളേജിലും എന്‍എസ്എസ് എന്‍ജിനിയറിങ് കോളേജിലുമായുള്ള പഠനകാലത്താണ് വായനയിലേക്കും എഴുത്തിലേക്കുമെത്തുന്നത്.

1990-ലാണ് മര്‍ച്ചന്റ് നേവിയില്‍ ജോലിക്കുചേരുന്നത്. 2010-ല്‍ പുറത്തിറക്കിയ 'ചെലവുകുറഞ്ഞ കവിതകളാ'ണ് ആദ്യപുസ്തക സമാഹാരം. രണ്ടാമത്തെ കവിതാസമാഹാരം 'ബിപിഎല്‍ കവിതകള്‍'. 2014-ല്‍ നവമലയാളിയെന്ന സാമൂഹിക മാധ്യമത്തില്‍ എഴുതിത്തുടങ്ങിയ ലേഖനങ്ങളാണ് 2021-ല്‍ 'കേരളത്തിന്റെ മൈദാത്മകത' എന്നപേരില്‍ പുസ്തകരൂപമായത്. 27 വര്‍ഷമായി ചിറ്റൂര്‍ കണ്യാര്‍പാടത്തെ നിയതിയിലാണ് താമസം. നിലവില്‍ സിംഗപ്പൂരിലെ മറൈന്‍ കമ്പനിയില്‍ ചീഫ് എന്‍ജിനീയറാണ് നിരഞ്ജന്‍.

ഭാര്യ: പട്ടഞ്ചേരി സ്‌കൂളിലെ പ്രധാനാധ്യാപിക ബിന്ദു. മക്കള്‍: നവേന്ദു, നന്ദിത.