ക്കാലവും കാലികപ്രസക്തനായിരിക്കുക എന്നത് ചുരുക്കം ചില പ്രതിഭകള്‍ക്കുമാത്രം വന്നുചേരുന്ന നിയോഗമാണ്. എറിക് ആര്‍തര്‍ ബ്ലെയര്‍ എന്ന അസാധാരണനായ ജോര്‍ജ് ഓര്‍വെല്‍ അത്തരത്തിലൊരു പ്രതിഭയാണ്. ലോകമവസാനിക്കുംവരെയും കാലികപ്രസക്തമായിരിക്കും അദ്ദേഹത്തിന്റെ കൃതികള്‍ എന്ന വീക്ഷണമാണ് റിച്ചാര്‍ഡ് ബ്രാഡ്മാന്‍ രചിച്ച ഓര്‍വെല്‍: എ മാന്‍ ഓഫ് ഔര്‍ ടൈംസ്'എന്ന പുസ്തകത്തെ ആധാരമാക്കി​ ഈ ലേഖനം മുന്നോട്ടുവെക്കുന്നത്. 

To advertise here,

ഓര്‍വെല്‍ തന്റെ അവസാനത്തെ നോവലിനെക്കുറിച്ചു പറഞ്ഞു: 'ഇത് ഒരിക്കലും സംഭവിക്കാന്‍ സമ്മതിക്കരുത്'

മഗ്രാധികാരത്തിന്റെ പുതിയ സ്വരൂപങ്ങളെ പഠിക്കാനും മനസ്സിലാക്കാനും ജനാധിപത്യ വിശ്വാസികള്‍ എപ്പോഴും ആശയങ്ങള്‍ക്കായി തേടിച്ചെല്ലുന്ന എഴുത്തുകാരനാണ് ജോര്‍ജ് ഓര്‍വെല്‍. പാശ്ചാത്യചിന്തയില്‍ രാഷ്ട്രീയ വിമതചിന്തയ്ക്ക് ഏറ്റവും പുകള്‍പെറ്റ സംഭവനകള്‍ നല്‍കിയ ജോര്‍ജ് ഓര്‍വെല്‍ തയ്യാറാക്കിയത് സമഗ്രാധിപത്യത്തെക്കുറിച്ചുള്ള ഒരു ഫിക്ഷണല്‍ ചെക്ക്ലിസ്റ്റാണ്. ഓര്‍വെലിന്റെ ചിന്തകളും നീരിക്ഷണങ്ങളും എന്തുകൊണ്ട് നമ്മുടെ ഈ കാലത്തും പ്രസക്തമാകുന്നുവെന്ന് അന്വേഷിക്കുന്ന ധൈഷണിക ജീവചരിത്രമാണ് റിച്ചാര്‍ഡ് ബ്രാഡ്ഫോര്‍ഡ് എഴുതിയ 'ഓര്‍വെല്‍: എ മാന്‍ ഓഫ് ഔര്‍ ടൈംസ്'എന്ന പുസ്തകം. നമ്മുടെ കാലത്തെ മുന്‍നിര്‍ത്തിയുള്ള പല സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെയും വിലയിരുത്തിക്കൊണ്ടാണ് റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് ഓര്‍വെലിന്റെ ജീവിതകഥയിലെ ഓരോ സന്ദര്‍ഭങ്ങളിലൂടെയും രചനകളിലൂടെയും കടന്നുപോകുന്നത്.  

'ഓര്‍വെലിയന്‍' എന്നുവിളിക്കാവുന്ന ഏകാധിപത്യ സങ്കല്പങ്ങളെ അതിവര്‍ത്തിക്കുന്ന വിധത്തില്‍ ഭീതിതതലങ്ങളിലേക്ക് ടെക്‌നോ-ഓട്ടോക്രസി ഇന്ന് വളര്‍ന്നിരിക്കുന്നു. ജോര്‍ജ് ഓര്‍വെല്‍ സങ്കല്പിച്ചത് അന്നത്തെ സമഗ്രാധികാര വ്യവസ്ഥകളുടെ പരിസരത്ത് നിന്നാണ്. 

എങ്കിലും ഓര്‍വെല്‍ സൂക്ഷ്മമായി അവതരിപ്പിച്ച സമഗ്രാധികാരത്തിന്റെ നിലനില്‍പിന് ആധാരമായ ചിന്താ പോലീസിങ്ങും ഇരട്ട ചിന്തയും ജനാധിപത്യം എന്ന് വിളിപ്പേരുള്ള എല്ലാ വ്യവസ്ഥയ്ക്കും ഇന്ന് ബാധകമായി തീര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാശ്ചാത്യ ആധുനിക ജനാധിപത്യങ്ങളാണ് ഏറ്റവും പ്രമാദമായ രീതിയില്‍ ഈയൊരു അല്‍ഗോരിതമിക് സ്വേച്ഛാക്രമത്തിന് സമകാലത്ത് വഴിപ്പെട്ടിരിക്കുന്നത്. 

 അല്‍ഗോരിതമിക് സ്വേച്ഛാധികാരം  

അല്‍ഗോരിതമിക് സ്വേച്ഛാധികാരത്തിന്റെ സവിശേഷത അത് അദൃശ്യമായിരിക്കെ രാഷ്ട്രീയ വ്യവസ്ഥകളെ ക്രമീകരിക്കുകയും വിവരവിനിമയങ്ങളെ കൗശലപൂര്‍വം കൈകാര്യം ചെയ്തു  നുണകളെ പെരുപ്പിക്കുകയും അങ്ങനെ ജനഹിതത്തെ നിയന്ത്രണവിധേയമാക്കുകയും ചെയ്യുമ്പോള്‍ തന്നെ പ്രത്യക്ഷത്തില്‍ ഒരു അധികാരപ്രയോഗം നടന്നു എന്ന പ്രതീതി പോലും സൃഷ്ടിക്കാതെ പ്രച്ഛന്ന ജനാധിപത്യത്തിന്റെ സര്‍വവിധ പരിവേഷത്തോടെയും സ്വയമേവ അവതരിക്കുകയും ചെയ്യുന്നു എന്നതാണ്. വിവരസാങ്കേതികവിദ്യയുടെ  ഉപായങ്ങളിലൂടെ ഡാറ്റയില്‍ കൃത്രിമം കാണിച്ചും എന്‍ക്രിപ്ഷന്‍ വിദ്യകളിലൂടെ വിവരങ്ങള്‍  ശേഖരിച്ചും ഒളിച്ചുകടത്തിയും അത് മനുഷ്യ ബോധത്തെയാണ് പിടിച്ചെടുക്കുന്നത്. സാങ്കേതിക വിദ്യ ഒരു ദൂഷിത വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്നത് പോലെയായി.
 
ഓര്‍വെലിന്റെ കാലത്തെ  ആധുനിക സാങ്കേതിക വിദ്യകളായ എയ്റോപ്‌ളേനും റേഡിയോവും ദൂരത്തെ ഇലാതാക്കുകയും അതിര്‍ത്തികളെ അപ്പാടെ അപ്രസക്തമാക്കുകയും ചെയ്തെന്ന വാദത്തെ ഏതാണ്ട് നവീന മിത്തെന്നോണം നിരാകരിച്ചുക്കൊണ്ട് ഓര്‍വെല്‍ പറയുന്നു: 'ആധുനിക സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം വാസ്തവത്തില്‍ ദേശീയതയെ കൂടുതല്‍ വര്‍ധിപ്പിക്കുകയും യാത്രകളെ സങ്കീര്‍ണമാകുകയും ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള സംവേദന വ്യവസ്ഥ അറത്തുമാറ്റപെടുകയുമാണ് സംഭവിച്ചത്' 

ഹംഗേറിയന്‍ സ്വേച്ഛാധിപതി വിക്റ്റര്‍ ഓര്‍ബനും ഡൊണാള്‍ഡ് ട്രംപും എല്ലാ അതിര്‍ത്തികളും കൊട്ടിയടക്കാനാണ് ഉത്തരവിട്ടത്. രാജ്യത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തികളില്‍ തടഞ്ഞുനിര്‍ത്തി അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. തിരിച്ചുപോകാന്‍ ഒരു ഇടവുമില്ലാതെ പലായനം ചെയ്തു വന്നവരാണ് ഇവര്‍. ഓര്‍വെലിന്റെ നിരീക്ഷണം രാഷ്ട്രീയ ജാഗ്രതയുള്ള ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും സവിശേഷ പ്രസക്തമാകേണ്ടതാണ്. ഓര്‍വെല്‍ കുടിയേറ്റത്തെക്കുറിച്ചു നടത്തുന്ന നിരീക്ഷണം സെനോഫോബിക് ദേശീയതയുടെ വര്‍ത്തമാനത്തില്‍ എത്രമാത്രം പ്രസക്തമാണ് എന്ന് ശ്രദ്ധിക്കുക. പ്രസക്തമായ ആ നിരീക്ഷണം ഈ പുസ്തകത്തില്‍ റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് ഉദ്ധരിക്കുന്നു: 'കുടിയേറ്റം 1920 ആകുമ്പോഴേക്കും ഉണങ്ങി വരളുന്നു. പുതുലോകത്തിലെ രാഷ്ട്രങ്ങള്‍ പരമാവധി കുടിയേറ്റക്കാരെയും മാറ്റി നിര്‍ത്തി. എന്നാല്‍ സമ്പത്തുമായി വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. യൂറോപ്പിലെ ജൂതര്‍ക്ക് മറ്റെവിടെയും പോകാനില്ലാതെ, കൂട്ടക്കശാപ്പിന് വിധേയമാവേണ്ടിയും വന്നു.' കുടിയേറ്റ നയത്തിലെ വേര്‍തിരിവുകളും വിവേചനങ്ങളും ജനാധിപത്യത്തെക്കുറിച്ചുള്ള കൂടുതല്‍ പക്വമായ ബോധമുണ്ടായിട്ടും ഇന്നും നിര്‍ബാധം തുടരുകയാണ്. ദേശീയ പൗരത്വരജിസ്റ്റര്‍ ആത്യന്തികമായി അസംഖ്യം ആഭ്യന്തര അഭയാര്‍ത്ഥികളെ സൃഷ്ടിക്കില്ലേ എന്ന ചിന്തയിലേക്കാണ് അത് നയിക്കേണ്ടത്. അല്ലെങ്കില്‍ തന്നെ സെനോഫോബിക്കല്ലാതെ ദേശീയവാദ സമഗ്രാധികാരത്തിന് അസ്തിത്വമുണ്ടോ? കോവിഡ് ബാധയുടെ നിയന്ത്രണത്തിനു വേണ്ടി നടപ്പാക്കിയ ലോക്ക് ഡൗണിലൂടെ ജനനിയന്ത്രണത്തില്‍ ഏറെ അനുഭവപരിജ്ഞാനം ആര്‍ജിച്ച ദേശരാഷ്ട്രങ്ങള്‍ ഇനിയുള്ള കാലങ്ങളില്‍ കുടിയേറ്റ നിയന്ത്രിത സമ്പദ്വ്യവസ്ഥ ദൃഢമാക്കാനാണ് സാധ്യത. വലിയ മധ്യവര്‍ഗ പിന്തുണയും അതിനു ലഭ്യമാകും.  

സോഷ്യലിസ്റ്റ് സഹജാവബോധം 

ഇത്രയും സൂചിപ്പിച്ചത് ജോര്‍ജ് ഓര്‍വെല്‍ ജനാധിപത്യത്തിന്റെ  ആന്തരിക പ്രശ്‌നങ്ങളെക്കുറിച്ച് എത്ര ആഴത്തില്‍ ചിന്തിച്ചിരുന്നു എന്ന് അവതരിപ്പിക്കാനാണ്. കുടിയേറ്റം, വധശിക്ഷ, സാമൂഹികവും വ്യക്തിഗതവുമായ യഹൂദ വിരുദ്ധത എന്നിവയെക്കുറിച്ചുള്ള പൊതുബോധ ധാരണകളെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള വിമത വീക്ഷണങ്ങളെ ആംഗ്ലോ അമേരിക്കന്‍ ചിന്തയില്‍ വ്യതിരിക്തമാംവണ്ണം അവതരിപ്പിച്ചത് ഓര്‍വെലാണ്. പാശ്ചാത്യ ലിബറല്‍ സമൂഹങ്ങള്‍ തങ്ങളുടെ മേധാവിത്വത്തെക്കുറിച്ചുള്ള സ്വയം സമ്പൂര്‍ണമായ ചില ചിന്തകളില്‍ അകപ്പെട്ടിരിക്കുന്ന വേളയില്‍ അതിനെ പിടിച്ചുലയ്ക്കുന്നവയായിരുന്നു ഓര്‍വെല്ലിന്റെ പത്രലേഖനങ്ങള്‍. സ്റ്റാലിനിസ്റ്റ് സമഗ്രാധിപത്യത്തിന്റെ മാത്രം വിമര്‍ശകനായിരുന്നില്ല. സമഗ്രാധികാര വിമര്‍ശനം ഓര്‍വെല്ലിന്റെ ജനാധിപത്യ ദര്‍ശനത്തിന്റെ ഭാഗമായിരുന്നു.
 
ആനിമല്‍ ഫാമം, 1984 എന്നിവയാണ് ഓര്‍വെലിന്റെ പ്രകൃഷ്ട കൃതികളെങ്കിലും ഓര്‍വെലിന്റെ  ആദ്യകാല രചനകള്‍ എഴുത്തുകാരന്റെ നേരിട്ടുള്ള അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്. ഓര്‍വെലിന്റെ പ്രധാന എഴുത്തുകളില്‍ ഒന്നായ 'ദ റോഡ് ടു വൈഗന്‍ പിയര്‍' ഏംഗല്‍സിന്റെ 'ഇംഗ്ലീഷ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവസ്ഥ' എന്ന സാമൂഹ്യശാസ്ത്രപരമായ വിവരണാത്മക രചനയെ അനുസ്മരിപ്പിക്കുന്നു. ഓര്‍വെലിന്റേതും തൊഴിലാളി ജീവിതത്തിന്റെ ദൈന്യതയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്രപരമായ അന്വേഷണാത്മക രചനയാണ്.  

ഓര്‍വെലിന്റെ സോഷ്യലിസ്റ്റ് സഹജാവബോധം ഏറ്റവും പ്രകടമാവുന്ന ഒരു കൃതിയാണ് റോഡ് ടു വൈഗന്‍ പിയര്‍. റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് ബ്രിട്ടീഷ് തൊഴിലാളി വര്‍ഗത്തിന് സംഭവിച്ച പിന്നീടുളള പരിണാമത്തെകുറിച്ചു പറയുന്നുണ്ട്. എണ്‍പതുകള്‍ക്ക് ശേഷം താച്ചര്‍ സര്‍ക്കാരിന്റെ വലതുപക്ഷ നയത്തിന്റെ ഭാഗമായുള്ള അപവ്യവസായവല്‍ക്കരണം (deindustrialiazation) തൊഴിലാളികള്‍ക്കിടയിലെ ഐക്യത്തെ ഛിന്നഭിന്നമാക്കി. ഇത് കൂടുതല്‍ ദൂഷിതമാക്കിക്കൊണ്ട് സമീപകാല ഗിഗ് സമ്പദ് വ്യവസ്ഥയുടെ ഭാഗമായി നിലവില്‍ വന്നിട്ടുള്ള കോണ്‍ട്രാക്ട് നിയമങ്ങളും താല്‍ക്കാലിക തൊഴില്‍ വ്യവസ്ഥകളും തൊഴിലാളി സമൂഹത്തെ അടിമുടി അപമാനവീകരിച്ചിരിക്കുന്നു. പക്ഷെ, ഒരു പുതിയ ഐക്യം സാധ്യമാകാതെ കൂടുതല്‍ വലതുപക്ഷവല്‍ക്കരിക്കപ്പെടുകയും കടുത്ത ദേശീയതയുടെ വാഹകരവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അധ്വാനിക്കുന്ന വര്‍ഗം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ പരിണിതി. ബ്രെക്‌സിറ്റിന്  അടിസ്ഥാനവര്‍ഗ പിന്തുണ ലഭിച്ചിരുന്നു. എങ്ങനെ വലതുപക്ഷ ആശയങ്ങള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് ആകര്‍ഷകമാകുന്നുവെന്നതിനെക്കുറിച്ചുള്ള ഓര്‍വെല്‍ നീരിക്ഷണങ്ങള്‍ റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

വൈഗന്‍ പിയറിലെ പഠനത്തിന് ശേഷം ഓര്‍വെല്‍ ഇടതുപക്ഷ സംഘടനകളുടെ, പ്രത്യേകിച്ചും ലേബര്‍ പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നയങ്ങളെ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷിക്കാന്‍ തുടങ്ങി. അതിനെത്തുടര്‍ന്ന് ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുമായി ഓര്‍വെല്‍ സഹകരിക്കാന്‍ തുടങ്ങുന്നു. മുപ്പത്തിനാല് വയസ്സാണ്  ഓര്‍വെലിന് അന്ന് പ്രായം. അപ്പോളേക്കും ഐലീനുമൊത്തുള്ള ദാമ്പത്യം തുടങ്ങിയിരുന്നു. എലീനുമൊത്തുള്ള ജീവിതം തുടരേതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടു മൂന്നു സ്ത്രീകളെ ഓര്‍വെല്‍ പ്രൊപ്പോസ് ചെയ്തിരുന്നു. പിന്നീട് ഐലീന്റെ മരണശേഷം സോണിയയെ വിവാഹം ചെയ്തു. തന്നെ ആകര്‍ഷിച്ച സ്ത്രീകളെ നേരിട്ട് പ്രൊപ്പോസ് ചെയ്യാന്‍ ഓര്‍വെല്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. അവര്‍ അത് അംഗീകരിക്കുമോ എന്നത് ഓര്‍വെല്‍ കാര്യമാക്കിയില്ല എന്നാണ് ജീവചരിത്രകാരന്‍ പറയുന്നത്.   

വൈഗാന്‍ പിയര്‍ എഴുതുന്ന വേളയില്‍ തന്നെ സ്‌പെയിനില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഓര്‍വെല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1936 ഡിസംബര്‍ മാസം ഐലീനുമൊത്ത് സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ റിപ്പബ്ലിക്കന്‍ കക്ഷിയുടെ ഒപ്പം ആയുധമെടുത്തു അണിനിരക്കാന്‍ ഓര്‍വെല്‍ തയ്യാറായി. സ്‌പെയിനിലേക്ക് പോകാന്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഹാരി പൊളിറ്റിനെ സമീപിച്ചു. പക്ഷെ ഹാരി പോളിറ്റിന് ഓര്‍വെലിനോട് അത്ര മതിപ്പുണ്ടായിരുന്നില്ല. കാറ്റലോണിയയില്‍ എത്തിയ ഓര്‍വെല്‍ അവിടുത്തെ മാര്‍ക്‌സിസ്‌റ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത അനുഭവത്തിന്റെ രാഷ്ട്രീയ സാക്ഷ്യപത്രമാണ് 'ഹോമേജ് ടു കാറ്റലോണിയ'. പ്രസാധകനായ ഗോലാന്‍സ് ആദ്യം തിരസ്‌ക്കരിച്ച പുസ്തകമായിരുന്നു ഇത്. സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസ്റ്റുകള്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ കരുതിക്കൂട്ടി നശിപ്പിച്ചു എന്ന് ഓര്‍വെല്‍ കാണിച്ചു തരുന്നുണ്ട്. ആനിമല്‍ ഫാമിനുള്ള ബീജാവാപം നടക്കുന്നത് വാസ്തവത്തില്‍ സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നാണെന്ന് റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് സൂചിപ്പിക്കുന്നു. 

മന:സാക്ഷിയെ അഭിമുഖീകരിക്കുന്ന ഒരു സംഭവവും ഇതിനിടയില്‍ ഓര്‍വെലിന് ഉണ്ടായി. അത്  ഫലാങ്ങിസ്റ്റ് ശത്രുസൈനികനെ ഓര്‍വെലിന് എതിരിടേണ്ടി വരുന്ന വേളയിലാണ്. എതിരിടാന്‍ വന്ന ശത്രുസൈനികന്റെ പാന്റ് അവിചാരിതമായി അഴിഞ്ഞുപോയതു കാരണം ബദ്ധപ്പെട്ട് അതും വലിച്ചു കയറ്റി ജീവനും കൊണ്ടോടി. തോക്കുമായി ലക്ഷ്യം വെച്ചെങ്കിലും ഓര്‍വെല്‍ കാഞ്ചി വലിച്ചില്ല. തന്റെ മുമ്പിലെ ഫാസിസ്റ്റ് ശത്രു ഒരു കോമാളിപ്പരുവത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെറുതെ കൊല്ലാന്‍ വേണ്ടി കൊല്ലുന്നത് മനുഷ്യത്വമല്ല എന്ന് ഓര്‍വെലിന് തോന്നി. റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് ഈ സംഭവം അവതരിപ്പിച്ചുകൊണ്ടു നീരിക്ഷിക്കുന്നു- ഓര്‍വെല്ലിലൂടെ അപ്പോള്‍ കടന്നുപോയ  സവിശേഷ ചിന്താശകലമാണ് 'ആനിമല്‍ ഫാം' എന്ന നോവലിന്റെ അടിസ്ഥാന പ്രമേയം. അത് ആദര്‍ശാത്മകതയും അന്ധമായ മനുഷ്യത്വരാഹിത്യവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ളതായിരുന്നു. 

സമഗ്രാധികാര വിമര്‍ശകന്‍ 

 ലോകപ്രസിദ്ധിയാര്‍ജ്ജിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമായും കുട്ടികള്‍ക്കുള്ള (അ)ധാര്‍മിക മൂല്യ കഥയായും വായിക്കാവുന്ന എക്കാലത്തെയും ബെസ്‌ററ് സെല്ലറായ 'ആനിമല്‍ ഫാം' പ്രസാധക പ്രതിബന്ധങ്ങളെ നേരിട്ടാണ് യഥാര്‍ത്ഥത്തില്‍ അച്ചടിക്കപ്പെട്ടത്. പ്രസാധകതലത്തില്‍ നോവലിന്റെ  ആദ്യത്തെ അസ്വീകാര്യത അറിയിച്ചത് മറ്റാരുമല്ല റ്റി.എസ് എലിയറ്റാണ്. 1945-ലാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ബ്രിട്ടനിലെ അന്നത്തെ പ്രധാന പ്രസാധകരെല്ലാം ഓരോ തൊടുന്യായം ഉന്നയിച്ചുകൊണ്ട് അനിമല്‍ ഫാമിന്റെ പ്രസാധനത്തില്‍ നിന്ന് പിന്മാറി. റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് രേഖപ്പെടുത്തുന്നു:ഗോലാന്‍സസ്, ജോനാഥന്‍ കേപ്പ്, ഫേബര്‍ ആന്‍ഡ് ഫേബര്‍ പിന്നെ ചെറിയ സ്വന്തത്രപ്രസാധകരും ആനിമല്‍ ഫാം നിരസിച്ചു.  

ബ്രാഡ്‌ഫോര്‍ഡ്, എലിയറ്റിന്റെ നിരാസക്കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഈ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഓരോ വാചകവും അടുത്ത വാചകവുമായി വൈരുദ്ധ്യത്തിലായിരിക്കുന്ന ഒരു ബോധ്യവുമില്ലാത്ത മറുപടിയാണ് എലിയറ്റിന്റേത്. വാസ്തവത്തില്‍, ബ്രാഡ്‌ഫോര്‍ഡ് സൂചിപ്പിക്കുന്നതുപോലെ ഇരട്ട ചിന്തയും പേറി ആത്മാര്‍ത്ഥത തെല്ലുപോലുമില്ലാത്ത ഒരു ബുദ്ധിജീവിയുടെ ഭാഷാ ശൈലി. ഇരട്ട ചിന്ത അഥവാ ഡബ്ള്‍ തിങ്ക് എന്നാല്‍ ഇതാണ്: ഒരാള്‍ക്ക് ബോധ്യമുള്ളതും വിശ്വസിക്കുന്നതുമായ കാര്യം എന്നാല്‍ സ്വാര്‍ത്ഥ ഉദ്ദേശങ്ങളോടെ സംഘടനാപരമോ മറ്റ് സമ്മര്‍ദങ്ങള്‍ക്ക് വിധേയമായോ അതിനു തികച്ചും എതിരായത് ചിന്തിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുക. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടമായിരുന്നു അത്. സോവിയറ്റ് യൂണിയന്‍ ബ്രിട്ടന്റെ സഖ്യ കക്ഷിയും, ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയത്തിനെതിരെ അപ്പോള്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക അസാധ്യമായിരുന്നു. പ്രസിദ്ധീകരിക്കാന്‍ ഒരു ഘട്ടത്തില്‍ സമ്മതിച്ച കേപ് അതില്‍ നിന്ന് പിന്‍വലിഞ്ഞത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഉപദേശം സ്വീകരിച്ചാണ്. വളരെ  ചെറിയൊരു പ്രസാധകരായിരുന്ന സെക്കര്‍ ആന്‍ഡ് വാര്‍ബര്‍ഗ് അന്നത് പ്രസിദ്ധീകരിച്ചിട്ടിലായിരുന്നെങ്കില്‍ ആനിമല്‍ ഫാം എന്നത്തേക്കുമായി ചരിത്രത്തിന്റെ നിബിഡാന്ധകാരത്തിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ടായിരിക്കാം.  

ഇത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യഘട്ടത്തില്‍ ബ്രിട്ടനില്‍ സംഭവിച്ച എന്തോ അപഭ്രംശമല്ല. ഇന്ന് ഒരുവിധ എല്ലാ ഭാഷകളിലും തുടരുന്ന ഒരു പ്രക്രിയയാണ്. ഡബ്ള്‍ തിങ്കിനു വിധേയമായി ഏതൊക്കെ കൃതികള്‍ വെളിച്ചം കാണാതെ പോയിട്ടുണ്ടാകാം. പറയുമ്പോള്‍ ജനാധിപത്യമാണ്, ബഹുകക്ഷി സമ്പ്രദായമാണ്. പക്ഷെ സ്വന്തത്ര പ്രസാധനത്തെ നേരിട്ട് നിയന്ത്രിക്കാതെ തന്നെ സംഘടിത രാഷ്ട്രീയത്തിന് അതിന്റെ ഭൂരിപക്ഷാത്മകത ആശയലോകത്തില്‍ അടിച്ചേല്‍പിക്കാന്‍ സാധിക്കുന്നുണ്ട്. ഈക്കാര്യത്തില്‍  ഇടതെന്നോ വലതെന്നോ ഉള്ള വ്യത്യാസമില്ല. തങ്ങള്‍ക്ക് അസ്വീകാര്യമായത് വെളിച്ചം കാണാതിരിക്കുക എന്നതാണ്. ഭൂരിപക്ഷാത്മക സമവായത്തില്‍ നിന്ന്  നിന്ന് കുതറിമാറുന്ന ചിന്തകള്‍ ഒരു പക്ഷെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായി, ഒരു വിദൂര വിമത സാന്നിധ്യമായി സം
സ്‌കാരത്തില്‍ നിലനിന്നാലായി. കാരണം  ഈ സമവായം വിമതവും ന്യൂനപക്ഷാത്മകവുമായ ചിന്തകളെ ബഹിഷ്‌കരിക്കാന്‍ പറ്റുന്ന എല്ലാ ബൗദ്ധിക ചേഷ്ഠകളും സമാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. 

ആനിമല്‍ ഫാം പുറത്തിറങ്ങിയ 1945 ഓഗസ്റ്റ് മാസമാകുമ്പോഴേക്കും ജര്‍മ്മനി കീഴടങ്ങിയിരുന്നു. ഹിരോഷിമാ നാഗസാക്കിയില്‍  അമേരിക്കയുടെ അണുബോംബ് ആക്രമണത്തിന് ശേഷം ജപ്പാനും അടിയറവ് പറഞ്ഞിരുന്നു. ഓര്‍വെല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചുവരുന്ന സമയമാണ്. ഇതിനടയില്‍  ഒരു കുഞ്ഞിനെയും ഓര്‍വെല്ലും ഐലീനും ദത്തെടുത്തു- റിച്ചാര്‍ഡ്. ഓര്‍വെല്ലിന്റെ സൗഹൃദ വലയം വിശാലമായി. ആര്‍തര്‍ കൊയ്സ്ലര്‍, മാല്‍കം മക്ഗറിഡ്ജ് എന്നിവരൊക്കെ ഓര്‍വെലിന്റെ വീട്ടിലെ സന്ദര്‍ശകരായിരുന്നു. പക്ഷെ ഈ ഘട്ടത്തില്‍ തന്നെ ഓര്‍വെലിന്റെ  ജീവിതത്തില്‍ വലിയ ആഘാതം സൃഷ്ടിച്ചുകൊണ്ട് ഐലീന്‍ മരണപ്പെട്ടു. 

ഇടതുപക്ഷ മാധ്യമങ്ങള്‍ ആനിമല്‍ ഫാം നിശിതമായ വിമര്‍ശനത്തോടെയാണ് എതിരേറ്റത്. ഓര്‍വെല്‍ ഒരു അഞ്ചാം പത്തിയാണെന്ന അവരുടെ പൂര്‍വ്വനിഗമനത്തിനുള്ള മറ്റൊരു തെളിവായി മാത്രമേ  അവര്‍ ഇതിനെ കണ്ടിരുന്നുള്ളൂ. സ്റ്റാലിന്‍ അധികാരത്തില്‍ വിരാജിക്കുന്ന സമയമാണിത്. പക്ഷെ, ഓര്‍വെലിന്റെ മരണശേഷം ഏതാണ്ട് അറുപതുകളോടെ ആനിമല്‍ ഫാമിന്റെ യാഥാര്‍ഥ്യം ബ്രിട്ടീഷ് ഇടതുപക്ഷം അംഗീകരിക്കാന്‍ തയ്യാറായി. ഇന്ന് ആനിമല്‍ ഫാം വായിക്കുന്നത് സ്റ്റാലിനിസ്റ്റ് വ്യവസ്ഥയെക്കുറിച്ചുള്ള നിശിത വിമര്‍ശനം എന്ന നിലയ്ക്ക് മാത്രമല്ല. എല്ലാ സമഗ്രാധികാര വ്യവസ്ഥയുടെയും നിലനില്‍പും വാഴ്‌വും ആ കൃതി തുറന്നു കാണിച്ചുതരുന്നു എന്ന നിലയിലാണ്. 

റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് ഈ ജീവചരിത്രത്തില്‍ പറയുന്നത് പോലെ: ഇന്ന് റഷ്യ ഭരിക്കുന്നത് വ്‌ലാദിമിര്‍ പുടിനാണ്. തനിക്കെതിരെയുള്ള ഒരു എതിര്‍പ്പ് പോലും വകവെച്ചു കൊടുക്കുകയോ അംഗീകരിക്കുയോ ചെയ്യുകയില്ല എന്ന് മാത്രമല്ല അത്തരം ശ്രമങ്ങളൊക്കെ തന്നെ പുടിന്റെ വാചകക്കസര്‍ത്തിന്റെയും ക്ഷുദ്രരാഷ്ട്രീയത്തിന്റെയും മുമ്പില്‍ പാഴ്‌വേലയായി മാറുകയാണ്. 

ആനിമല്‍ ഫാമില്‍ വരച്ചിടുന്നതുപോലുള്ള രാഷ്ട്രീയ ക്രമങ്ങള്‍ ഇന്ന് ലോകത്ത് പലയിടത്തും വിമര്‍ശനരഹിതമായി നില്‍നില്‍ക്കുന്നു. ഓര്‍വെലിന്റെ നോവലിലേതു പോലെ പിലികിങ്ടണും നെപ്പോളിയനും തമ്മിലുള്ള അന്താരാഷ്ട്ര  ഉടമ്പടികളില്‍ പരസ്പരം കോര്‍ത്ത് ഇന്ന് രാജ്യങ്ങള്‍ അധികാരവകാശങ്ങള്‍ പങ്കിട്ടു ജീവിക്കുന്നു. കോവിഡ് 19 ശേഷം സ്വാര്‍ത്ഥതാല്പര്യം മുന്‍നിര്‍ത്തി ചൈനയെ വംശീയവാദപരമായി ആക്രമിക്കുന്നതിനപ്പുറം, യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശവും മറ്റും മുന്‍നിര്‍ത്തി ചൈനയെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ചൈനയുമായുള്ള വ്യാപാര ഉടമ്പടികളില്‍ നിന്ന് പിന്മാറുക എളുപ്പവുമായിരിക്കില്ല.  

ആനിമല്‍ ഫാം പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ തന്റെ ലോക ക്ളാസ്സിക്കായ 1984 ന്റെ എഴുത്തിലേക്ക് ഓര്‍വെല്‍ പ്രവേശിച്ചു. ഓര്‍വെല്‍ അതിദീര്‍ഘവീക്ഷണത്തോടെ വിവരിച്ച ഭാഷ, മാനിപുലേഷന്‍, ഡബ്ള്‍ തിങ്ക്, രണ്ടു നിമിഷം വിദ്വേഷം, ബിഗ് ബ്രദര്‍ സൂക്ഷ്മ നീരീക്ഷണം - എല്ലാം തന്നെ ആ നോവല്‍ പ്രസിദ്ധീകൃതമായ കാലയളവിനേക്കാള്‍ ഇന്നാണ് കൂടുതല്‍ പ്രസക്തവും അനുഭവവേദ്യവുമാകുന്നത്. വ്യാജ വാര്‍ത്തകൊണ്ടുമാത്രം അധികാരത്തില്‍ വരാന്‍ മാത്രമല്ല, അതില്‍ തുടരാനും പറ്റുമെന്ന് പല ഭരണാധികാരികളുടെയും പ്രവര്‍ത്തനരീതികള്‍ സാക്ഷ്യപ്പെടുത്തുന്നു.  റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് പറയുന്നത്, ജനുവരി 2017 -ല്‍ ആമസോണ്‍ ബേസ്ഡ് സെല്ലര്‍ ലിസ്റ്റില്‍ ഏറ്റവും ടോപ്പായിരുന്നു 1984 എന്നാണ്.ഏതാണ്ട് 750000 കോപ്പികള്‍ക്കാണ്  ജനുവരി മാസത്തെ അവസാന ആഴ്ചകളില്‍ യു.എസില്‍ നിന്ന്  ഓര്‍ഡര്‍ വന്നത്. 

മാസ്സ് സര്‍വേലെന്‍സ് 

റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് പറയുന്നു, ഓര്‍വെലാണ് ആദ്യമായിട്ട്  മാസ്സ് സര്‍വേലന്‍സിനെ ഫിക്ഷണല്‍ ഭാവനയില്‍ ആവിഷ്‌കരിച്ചത്. 1984 നു മുമ്പ് തന്നെ റഷ്യന്‍ എഴുത്തുകാരന്‍ യെവ്ഗനി  സെമയാറ്റിന്റെ 'വീ' എന്ന നോവല്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സര്‍വേലന്‍സിന്റെ വിഭ്രമാത്മകമായ രീതികള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്.  'വീ'യെക്കുറിച്ചു റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് പ്രതിപാദിക്കുന്നുണ്ട്. ഐസക് ഡ്യുയറ്റ്ഷ്വര്‍ 1984 ന്റെ നിരൂപണത്തില്‍ ആ നോവലിന്റെ പ്രമേയം  'വീ' യില്‍ നിന്ന് സ്വാംശീകരിച്ചതാണെന്നു സൂചിപ്പിക്കുന്നതായി ബ്രാഡ്ഫോര്‍ രേഖപ്പെടുത്തുന്നു. ഓര്‍വെല്‍ 'വീ' യെക്കുറിച്ച് ട്രിബ്യൂണില്‍ എഴുതിയിരുന്നു. 

1984വ്യത്യസ്തമാവുന്നത് അത് പ്രകടമായ രീതിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ടാണ്. ഓര്‍വെല്‍ ലക്ഷ്യം വെച്ചത് തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്റെ വൈരുദ്ധ്യങ്ങളെ തുറന്നുകാണിക്കലാണ്. പാശ്ചാത്യ ബുദ്ധിജീവികളുടെ കമ്മ്യൂണിസത്തോടുള്ള ഐക്യം എന്ന പേരിലുള്ള സ്റ്റാലിനിസത്തോടുള്ള അനുഭാവത്തെയാണ് ഓര്‍വെല്‍ നിശിത വിമര്‍ശനത്തിന് വിധേയമാക്കിയത്. ഇരട്ട ചിന്ത എന്നത് ഒരേ സമയം നുണയും വാസ്തവവും തിരിച്ചറിഞ്ഞുകൊണ്ട് നുണ മാത്രം പ്രചരിക്കാന്‍ നിര്‍ബന്ധതിരാകുന്ന പ്രോഗ്രാം ചെയ്യപ്പെട്ട ബൗദ്ധികതയെയാണ് ഓര്‍വെല്‍ ആക്രമിക്കുന്നത്. ബ്രിട്ടിഷ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ രജനി പാമേദത്ത് 1984 നെക്കുറിച്ചു നടത്തിയ നിരീക്ഷണം ഓര്‍വെലിന്റെ വിമര്‍ശനം കമ്മ്യൂണിസത്തെക്കുറിച്ചല്ല എന്നതാണ്. കാരണം ഓര്‍വെലിന് കമ്മ്യൂണിസത്തെക്കുറിച്ചു ഒരു ചുക്കുമറിയില്ല,  മറിച്ച് 1984 നോവല്‍ കുത്തക മുതലാളിത്തത്തെക്കുറിച്ചാണെന്നുമാണ്. 

രജനി പാമേദത്തിന്റെ വിമര്‍ശനം റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് അംഗീകരിക്കുന്നില്ല. എങ്കിലും 1984 ഇന്ന് വായിക്കുമ്പോള്‍ പാമേദത്തിന്റെ വിമര്‍ശനം സമകാലിക ലോകസാഹചര്യത്തില്‍ പ്രസക്തമാണ്. റിച്ചാര്‍ഡ് ബ്രാഡ്‌ഫോര്‍ഡ് ഒരു പക്ഷെ തന്റെ ലിബറല്‍ പക്ഷപാതം നിമിത്തമായിരിക്കാം നവലിബറല്‍ വ്യവസ്ഥയുടെ ഭാഗമായി സര്‍വേലെന്‍സിനെ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നത്. സമകാലിക കുത്തക കോര്‍പറേറ്റ് മുതലാളിത്തം സര്‍വേലന്‍സിനെ എന്നോ പുല്‍കിക്കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മ പരിശോധന വ്യവസ്ഥ എത്രമേല്‍ ഗാഢമായിരിക്കുന്നുവെന്ന് റിച്ചാര്‍ഡ് ബ്രഫോര്‍ഡ് നിരവധി ഉദാഹരണം നിരത്തി വിശദീകരിക്കുന്നുണ്ട്. 

ചൈനയില്‍ പൗരന്മാര്‍ക്ക് സോഷ്യല്‍ ക്രെഡിറ്റ് എന്നൊരു നൂതന സര്‍വേലെന്‍സ് വ്യവസ്ഥ നടപ്പാക്കിയതായി ബ്രാഡ്‌ഫോര്‍ഡ് വിശദീകരിക്കുന്നു. ഫിനാന്‍ഷ്യല്‍ സര്‍വേലന്‍സിന്റെ ഭാഗമായി നിലവില്‍ തന്നെ ക്രെഡിറ്റ് റേറ്റിങ്ങുണ്ട്, ലോക രാജ്യങ്ങളില്‍. അതിന്റെ സ്‌കോര്‍ കണക്കാക്കിയാണ് ഒരാള്‍ക്ക് ലോണ്‍ അനുവദിക്കുന്നത്. ചൈനയില്‍ സോഷ്യല്‍ ക്രെഡിറ്റ് റേറ്റിങ്ങാണ് ഉള്ളത്. വിമത പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയോ പാര്‍ട്ടിയെക്കുറിച്ചു മോശം പറയുകയോ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായോ എന്തെങ്കിലും പൗരന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അയാളുടെ ക്രെഡിറ്റ് റേറ്റിങ്് കുറയും. എന്ത് പ്രവര്‍ത്തിയാണ് ചെയ്തതെന്ന് അനുസരിച്ചിരിക്കും റേറ്റിങ്്. കൂടുതല്‍ വലിയ കുറ്റമാണെങ്കില്‍ റേറ്റിങ് നന്നേ കുറയും. സോഷ്യല്‍ ക്രെഡിറ്റ് അനുസരിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ ഇതര സര്‍ക്കാര്‍ സേവനങ്ങളോ സര്‍ട്ടിഫിക്കേറ്റുകളോ ലഭിക്കുക. 

ചൈനയിലെ റോങ്ചെങ് എന്ന പട്ടണത്തില്‍ 1984 -ലെ പോലെ തെരുവുകളില്‍ മോണിറ്റര്‍ സ്ഥാപിച്ചിരിക്കുകയാണ്, അത് ഓരോ വ്യക്തിയുടെയും ഓരോ ചെയ്തികളും കൃത്യമായി പകര്‍ത്തും. എന്തിന് പറയുന്നു, ചുണ്ടുകളുടെ അനക്കത്തില്‍ നിന്ന് വരെ ചിന്തിച്ചതെന്നും പറഞ്ഞതെന്തെന്നും വായിച്ചെടുക്കും. ഒരു അയല്‍വാസിയുമായി നിസ്സാരകാര്യത്തിന് വഴക്കിട്ടാല്‍ ക്രെഡിറ്റ് ഉടനെ ഡെബിറ്റാകാം. സ്‌കോര്‍ കുറഞ്ഞുവരുന്തോറും ഒരു പക്ഷെ ശിക്ഷാ നടപടികളിലേക്ക് വരെ നീങ്ങാന്‍ സാധ്യതയുണ്ട്. 

ചൈനയില്‍ 1984 നോവല്‍ 1979 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രധാന അംഗങ്ങള്‍ക്ക് ലഭ്യമാണ്. സാധാരണ പൗരന്മാര്‍ക്ക് ലഭ്യമല്ല. ഇന്റര്‍നെറ്റില്‍ 1-9-8-4 എന്ന് തിരഞ്ഞാല്‍ ബ്ലോക്ക് മെസ്സേജ് ലഭിക്കും. ടിയാന്‍മെന്‍ എന്ന് തിരഞ്ഞാല്‍ 'ഒന്നും അറിവിലില്ല'എന്ന സന്ദേശമാണ് തെളിയുക. ഈവക കാര്യങ്ങള്‍ പുസ്തകത്തില്‍ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്.

സര്‍വേലന്‍സ് ചൈനയില്‍ മാത്രമല്ല, പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ ജനസമ്മതിയോടെ തന്നെ നടക്കുന്ന പ്രക്രിയയാണ്. ഡേവ് എഡ്ഗേഴ്‌സിന്റെ നോവല്‍ 'ദി സര്‍ക്കിളിന്റെ' ചലച്ചിത്രാവിഷ്‌ക്കാരത്തില്‍ ഓര്‍വെലിയന്‍ ന്യൂ സ്പീക്ക് എങ്ങിനെയാണ് സിലിക്കണ്‍ വാലി കമ്പനികള്‍ ഏറ്റെടുത്തത് എന്ന് അവതരിപ്പിക്കുന്നുണ്ട്. ഇത്  ബ്രാഡ്‌ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. സര്‍വേലന്‍സ് സ്വാഭാവികമാകുന്ന ആ 'തുറന്ന' ലോകത്ത്,  'രഹസ്യം നുണകളാണ്', 'സ്വന്തം കാര്യം പങ്കുവെയ്ക്കല്‍ മറ്റുള്ളവരോടുള്ള കരുതലാണ്', 'സ്വകാര്യത എന്നാല്‍ മോഷ്ടിക്കപ്പെട്ടതാണ്'. എന്നിങ്ങനെ കമ്പനികള്‍ മാറ്റിയെഴുതി. ഇതിനെയാണ് ജനതയുടെ ആത്മരതിയാല്‍  പ്രേരിതമാകുന്ന  സ്വമേധയായുള്ള സമഗ്രാധിപത്യം (voluntary totalitarianism by narcissism)   എന്ന് ബ്രാഡ്‌ഫോര്‍ഡ് വിശേഷിപ്പിക്കുന്നത്. 

ഇതാണ് പുതിയ ദശാബ്ദത്തിലെ ഓര്‍വെലിയന്‍ കാലം. അതുകൊണ്ട് ഓര്‍വെല്‍ വീണ്ടും വീണ്ടും പല തവണ പല രാജ്യങ്ങളില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഒരര്‍ത്ഥത്തില്‍  ഓര്‍വെല്‍ വിസ്മൃതനാവുകയാണ് നല്ലത്. കാരണം ഓര്‍വെല്‍ അപ്രസക്തനാകുന്ന കാലം യഥാര്‍ത്ഥ ജനാധിപത്യത്തിന്റേതാണ്. ആ കാലത്തെ തീര്‍ച്ചയായും വിളിക്കാവുന്ന പേര് കമ്മ്യൂണിസം എന്ന് തന്നെയായിരിക്കും. അപ്പോള്‍ ഭരണകൂടം നിശ്ശേഷം കൊഴിഞ്ഞു പോയിരിക്കുകയും  സമത്വം ഹിതകരവും അഭിവൃദ്ധിപൂരിതവുമായിരിക്കും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍, ഓര്‍വെലിനെ നിലവിലെ രാഷ്ട്രീയാവസ്ഥകള്‍ വിസ്മരിക്കാന്‍ സമ്മതിക്കുന്നില്ല.
ഓര്‍വെലിയനാകുന്നു കാലം... 

Content Highlights: Damodar Prasad Writes Book Review on Orwell A Man of Our Times by Richard Bradford