
മഹാശ്വേതാദേവി, ഋത്വിക് ഘട്ടക്ക്
ഐതിഹാസിക ബംഗാളി സംവിധായകൻ ഋത്വിക് ഘട്ടക്കും പ്രശസ്ത എഴുത്തുകാരിയായ മഹാശ്വേതാദേവിയും അടുത്ത ബന്ധുക്കളാണ്. അവർ ഒന്നിച്ച് വളർന്നു, വ്യത്യസ്ത മേഖലകളിൽ സർഗാത്മകമായി വ്യാപരിച്ചു. മഹാശ്വേത ഹൃദയംതൊട്ടെഴുതിയ ഈ കുറിപ്പ്, വലിയ പ്രതിഭകളായി പിന്നീട് വളർന്ന രണ്ടുപേരുടെ നിഷ്കളങ്കമായ കുട്ടിക്കാലത്തെക്കുറിച്ചാണ്.
ഋത്വിക് ഘട്ടക്ക് എന്റെ ചെറിയച്ഛനായിരുന്നെങ്കിലും അവനും അവന്റെ ഇരട്ടസഹോദരി പ്രതീതിയും ഞാനും ഏകദേശം സമപ്രായക്കാരായിരുന്നു. ഭവയെന്നും ഭവിയെന്നുമായിരുന്നു ഇരുവരെയും വീട്ടിൽ വിളിച്ചിരുന്നത്. കുട്ടിക്കാലംമുതൽ കൂടപ്പിറപ്പുകളെപ്പോലെ ഒരേ വീട്ടിലാണ് ഞങ്ങൾ കളിച്ചുവളർന്നത്.
എന്റെ അച്ഛനെ ഞങ്ങൾ തുതൂൽ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തെ വലിയ ഭയാദരവോടെയാണ് വീട്ടിലെല്ലാവരും കണ്ടിരുന്നത്. (കവിയും എഴുത്തുകാരനുമായിരുന്ന മനീഷ് ഘട്ടക്കിനെ തുതൂൽ എന്നാണു മഹാശ്വേതാദേവി വിളിച്ചിരുന്നത്-വിവ.). സ്വന്തം സഹോദരങ്ങൾപോലും അങ്ങെന്ന് വിളിച്ചുപോന്നു. തുതൂലായിരുന്നു മക്കളിൽ ഏറ്റവും മുതിർന്നയാൾ. പ്രായത്തിൽ ചെറിയ ഇളപ്പമുള്ള സുധീഷ് ഘട്ടക്കുപോലും തുതൂലിനെ ബഹുമാനാർഥം അങ്ങെന്ന് വിളിച്ചു. ഭവയാണെങ്കിൽ തുതൂലിന്റെ ചുറ്റുവട്ടത്തേക്കുപോലും പോകാറില്ലായിരുന്നു. വളർന്നുവലുതായി ഋത്വിക് ഘട്ടക്ക് എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയശേഷം തുതൂലിനെ ‘എം.ജി.സൂപ്പർ’ എന്നാണ് ഋത്വിക് വിളിച്ചിരുന്നത്. അതും നേരിട്ടല്ല, കാണാമറയത്തിരുന്ന്.
സ്ഥാനംകൊണ്ട് എന്റെയമ്മ ഭവ-ഭവിയുടെ ‘ബൗദി’(ഏട്ടത്തിയമ്മ)യായിരുന്നെങ്കിലും അമ്മയെയും ബഹുമാനത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. ഭവ-ഭവി എന്റെ കളിക്കൂട്ടുകാരായിരുന്നു. കളിച്ചും തല്ലുപിടിച്ചുമാണ് ഞങ്ങൾ വളർന്നത്. അതുകാരണം മാറിത്താമസിക്കുന്ന കാര്യം വന്നപ്പോഴൊക്കെ ഞങ്ങൾ വലിയ വായിൽ നിലവിളിച്ചു. അതുകൊണ്ട് പലപ്പോഴും വീട്ടിൽ പോകാതെ ഞാൻ മുത്തശ്ശിയുടെ കൂടെത്തന്നെ താമസിച്ചു. ഭവ-ഭവിയും ഒപ്പം തങ്ങി. തുതൂൽ ഞങ്ങൾ മൂന്നുപേരെയും ഒരുപോലെയാണ് കണ്ടിരുന്നത്. പക്ഷേ, ഭവ, തുതൂലിൽനിന്ന് എല്ലായ്‌പ്പോഴും ഒരകലം പാലിച്ചിരുന്നു. എന്നാൽ, ചില സമയങ്ങളിൽ അതൊട്ടും സാധിച്ചിരുന്നുമില്ല.
1934-ൽ ഇന്നത്തെ ബംഗ്ളാദേശിൽ ധാക്കയിലെ നളിനി കുടീർ എന്ന വീട്ടിൽ താമസിച്ചിരുന്നപ്പോൾ ഭവയും ഞാനും മത്സരിച്ചാണ് രാമാനന്ദ ചട്ടോപാധ്യായ് എഡിറ്റുചെയ്ത ആയിരത്തൊന്നു രാവുകൾ വായിച്ചിരുന്നത്. അതിൽ ഒരു കിഴങ്ങ് കഴിച്ചശേഷം നിത്യയൗവനം കൈവരിച്ച ഒരു രാജകുമാരിയുടെ കഥ വായിച്ച് ഏതുവിധേനയും ആ കിഴങ്ങ് സംഘടിപ്പിക്കാൻ ഭവയും ഞാനും കിണഞ്ഞുപരിശ്രമിച്ചു. പക്ഷേ, നിത്യയൗവനം എന്താണെന്നുള്ളത് ഞങ്ങൾക്ക് അജ്ഞാതമായിരുന്നു. ആശ്ചര്യകരമായ എന്തോ കാര്യമാണെന്ന ധാരണയിലാണ് ഞങ്ങളത് തിരഞ്ഞുകൊണ്ടിരുന്നത്.
തുതൂലിന്റെ ആഗ്രഹപ്രകാരമാണോ അതോ അമ്മ പറഞ്ഞിട്ടാണോ എന്നിപ്പോൾ ഓർക്കാനാവുന്നില്ലെങ്കിലും ആ സമയത്താണ് വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കാൻ ആരംഭിച്ചത്. ആ സമയത്ത് വീട്ടുമതിലിന്റെ നിഴൽപറ്റി കുറച്ച് ചേമ്പുചെടികൾ നിന്നിരുന്നു. അവയിലൊരിക്കലും സൂര്യപ്രകാശം വീണിരുന്നില്ല. നിങ്ങൾക്കറിയാമോ എന്നറിയില്ല, ചേമ്പിലോ ചേനയിലോ സൂര്യപ്രകാശം പതിഞ്ഞില്ലെങ്കിൽ അത് കഴിക്കുമ്പോൾ തൊണ്ട ചൊറിയും. പൂന്തോട്ടം വൃത്തിയാക്കുന്നതിനിടെ ചേമ്പിൻക്കൂട്ടത്തെ തോട്ടക്കാരൻ മൂടോടെ പിഴുതുകളഞ്ഞു. അതുകണ്ട് ഞങ്ങൾ, ഭവയും ഞാനും ഏറെ സന്തോഷഭരിതരായി. മണ്ണിനടിയിൽനിന്ന് കിട്ടുന്ന വെളുത്ത എന്തോ സാധനം കഴിച്ചാൽ നിത്യയൗവനം പ്രാപിക്കാനാവുമെന്നാണ് ഞങ്ങൾ ധരിച്ചുെവച്ചിരുന്നത്. ആ പ്രേരണയിൽ ഭവ-ഭവിയും ഞാനും തോട്ടക്കാരൻ പറിച്ചുകളഞ്ഞ ചേമ്പിൻകിഴങ്ങ് നന്നായി ചവച്ചരച്ച് കഴിച്ചു. അത് കഴിച്ചുകഴിഞ്ഞതും ഉറക്കെ നിലവിളിച്ചുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് ഓടിക്കയറി. ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ തുതൂൽ വല്ലാതെ പരിഭ്രമിക്കുകയും ഒച്ചെവച്ചുകൊണ്ട് ഇംഗ്ലീഷിൽ സംസാരിക്കാൻ ആരംഭിക്കുകയും ചെയ്യുമായിരുന്നു. ‘Dangerous...dangerous accident’ എന്ന് തുതൂൽ അട്ടഹസിക്കാൻ തുടങ്ങി. ഞങ്ങളെ പാമ്പുകടിച്ചു എന്നാണ് അദ്ദേഹം കരുതിയത്.
കുരുത്തക്കേടിന്റെ കൂടായിരുന്ന ഭവയുടെ തൊണ്ട ചൊറിഞ്ഞു വീർത്തെങ്കിലും വീണ്ടും വീണ്ടും എനിക്കുനേരേ ചൊറിയൻ കിഴങ്ങ് നീട്ടിക്കൊണ്ടിരുന്നു. അതുകണ്ട് തുതൂൽ പൂർവാധികം ഉച്ചത്തിൽ അലമുറയിട്ടുകൊണ്ടു പറഞ്ഞു: ‘ദേ...മൂന്നെണ്ണം മരിക്കാനുള്ള പുറപ്പാടാണ്..!’
മുത്തശ്ശിയും അമ്മയും വളരെ സമചിത്തതയോടെ കാര്യങ്ങളെ സമീപിച്ചിരുന്നവരാണ്. അവർ ഞങ്ങൾ മൂന്നുപേരെയും തീന്മേശപ്പുറത്ത് കയറ്റിക്കിടത്തിയശേഷം ഞങ്ങളുടെ തൊണ്ടയിലേക്ക് കൈകടത്തി പച്ചപ്പുളിയും കടുകെണ്ണയും തേച്ചുപിടിപ്പിക്കാൻ തുടങ്ങി. തൊണ്ടക്കുഴി ഏതാണ്ട് അടഞ്ഞ മട്ടായിരുന്നു.
അല്പനേരം കഴിഞ്ഞ് തൊണ്ടയിൽനിന്ന് ശബ്ദംവരാൻ തുടങ്ങവേ, ആരുപറഞ്ഞിട്ടാണ് ചേമ്പിൻക്കിഴങ്ങ് കഴിച്ചതെന്ന് ഭവയോട് തുതൂൽ ചോദിച്ചു. അപ്പോഴേക്കും ഭയന്നുപോയ ഭവ വെപ്രാളത്തോടെ പറഞ്ഞു: ‘‘ഞാനല്ല പറഞ്ഞത്. ഖുകുവാണ് ഞങ്ങളെ കഴിക്കാൻ പ്രേരിപ്പിച്ചത്. ഈ കിഴങ്ങ് കഴിച്ചാൽ നിത്യയൗവനം ഉറപ്പായും ലഭിക്കുമെന്ന് ഖുകു ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു..!’’ (അമ്മായിമാർ എന്നെ ഖുകുമ എന്നാണ് വിളിച്ചിരുന്നത്. ഞാനവരെ ഡോളിമയെന്നും മിലിമയെന്നും).
അതുകേട്ട് തുതൂൽ കൂടുതൽ ക്രുദ്ധനായി. അദ്ദേഹത്തിന്റെ അലർച്ചയിൽ വീടാകെ വിറകൊണ്ടു. ‘പച്ചച്ചേമ്പ് കഴിച്ച് നിത്യയൗവനം നേടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ’എന്നുപറഞ്ഞ് തുതൂൽ ഞങ്ങളെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു. അമ്മ, ഭവയുടെ വാക്കുകളെ മുഖവിലയ്ക്കെടുത്തു കഴിഞ്ഞിരുന്നു. എനിക്കാണെങ്കിൽ ഭവയെ കൈയിൽക്കിട്ടിയാൽ പൊതിരേ തല്ലാനുള്ള അരിശമുണ്ടായിരുന്നു. അരിശംപൂണ്ട് നിന്നിരുന്ന തുതൂലിനെ സമനില വീണ്ടെടുക്കാൻ മുത്തശ്ശി പുറത്തേക്ക് പറഞ്ഞയച്ചു. ഭവയുടെയും എന്റെയും കൂട്ടുകെട്ട് ഇതുപോലെ പല അപകടകരമായ സന്ദർഭങ്ങളും ക്ഷണിച്ചുവരുത്തുമായിരുന്നു. എല്ലാ സാധനങ്ങളും കട്ടുകഴിക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങൾക്ക്. നല്ല അളവിൽ കഴിക്കുകയും ചെയ്യുമായിരുന്നു.
1937-ലാണ് ഞങ്ങളുടെ ഇളയ അമ്മായി മിലിമാ (ബ്രതതി ഭട്ടാചാര്യ) വിവാഹിതയാവുന്നത്. ബകുൽ ബഗാൻ റോയിലുള്ള ഞങ്ങളുടെ വീടിന്റെ അയൽപക്കത്തായിരുന്നു അമ്മായിയെ വിവാഹംകഴിച്ച അനിൽ ഭട്ടാചാര്യയുടെ വീട്. മിലിമായുടെ ഭർത്തൃവീട്ടിലെ എല്ലാവരുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. മിലിമായുടെ ‘ബഹുഭാത്’ (വിവാഹത്തിന്റെ മൂന്നാംനാളിൽ നടക്കുന്ന സത്‌കാരം) ചടങ്ങിനുപോയതായിരുന്നു ഞങ്ങൾ. തുതൂൽ പുറത്ത് എല്ലാവരുമായി സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ആ നേരത്താണ് അടുക്കളയിൽ വലിയ പാത്രങ്ങളിൽ നിറച്ചുെവച്ചിരിക്കുന്ന പലതരം മധുരപലഹാരങ്ങളെക്കുറിച്ച് ഭവ എന്നോട് പറയുന്നത്. ഞങ്ങൾ രണ്ടുപേരുംകൂടി പതുക്കെ അടുക്കളയിലേക്ക് നീങ്ങി. ആ നേരം അവിടെ ആരുമുണ്ടായിരുന്നില്ല. വലിയ തളികകളിൽ ഭംഗിയായി അടുക്കിെവച്ചിരിക്കുന്ന പാൽക്കട്ടി കൊണ്ടുണ്ടാക്കിയ മുഴുത്ത, തൂവെള്ള നിറത്തിലുള്ള ‘ചംചം’ കണ്ട് ഞങ്ങൾക്ക് കൊതിയടക്കാനായില്ല. ക്ഷണമാത്രയിൽ ഏതാനും ചംചം എടുത്ത് ഞങ്ങൾ വായിലാക്കി. വായിലിട്ടതും എരിവുകൊണ്ട് ഞങ്ങൾ പുളഞ്ഞു. അത് ചംചം ആയിരുന്നില്ല. വറുത്തെടുക്കാൻ ഒരുക്കിവെച്ച ഇറച്ചിക്കട്‌ലറ്റ് ആയിരുന്നു. ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്നാ അവസ്ഥയിലായി ഞങ്ങൾ. ഒടുവിൽ പിന്നാമ്പുറത്തുള്ള കുളിമുറിയിൽ കയറി തൊട്ടിയിൽനിന്ന് വെള്ളംകുടിച്ചും കുലുക്കിത്തുപ്പിയും ഞങ്ങൾ രക്ഷതേടി. അപ്പോഴും ആരെങ്കിലും കണ്ടാൽ എന്താവുമെന്ന പേടിയിൽ ഞങ്ങൾ ഇരുവരും ഒരുപോലെ വിറച്ചുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങളുടെ വങ്കത്തരം തുതൂൽ എങ്ങനെയോ അറിഞ്ഞിരുന്നു. ബഹുഭാത് വിരുന്നിൽ ഞങ്ങൾക്ക് കാര്യമായി ഒന്നും കഴിക്കാനായില്ല. പിറ്റേന്ന് എല്ലാവരുടെയും മുന്നിൽവെച്ച് തുതൂൽ ഭവയോടായി ചോദിച്ചു: ‘‘എന്താ മക്കളേ, ഇന്നലത്തെ വിരുന്നിൽ നന്നായി ആസ്വദിച്ചു കഴിച്ചോ നിങ്ങൾ?’’
ഒട്ടും കൂസാതെ ഭവ മറുപടി പറഞ്ഞു: ‘‘നന്നായിക്കഴിച്ചു’’
‘‘അതെനിക്ക് മനസ്സിലായി. പച്ചക്കട്‌ലറ്റ് കഴിച്ചാൽപ്പിന്നെ ബാക്കിയെല്ലാം രുചിയോടെ കഴിക്കാമല്ലോ’’ -തുതൂൽ പരിഹാസസ്വരത്തിൽ പറഞ്ഞു.
ഭവ പിന്നെയൊന്നും പറഞ്ഞില്ല. ഞാനും! എന്തുപറയാനാണ്?
ധാക്കയിൽ താമസിച്ചിരുന്ന കാലത്ത് തുതൂൽ സുഹൃത്തുക്കളുമായി ചേർന്ന് ഒരു കൈയെഴുത്ത് മാസിക ഇറക്കിയിരുന്ന കാര്യം ഞങ്ങൾ കേട്ടിരുന്നു. 1939-ൽ ആൾ സ്ട്രീറ്റിലെ വീട്ടിൽ താമസിച്ചിരുന്നപ്പോൾ ഭവ ഒരു ദിവസം എന്നോടു വന്നുപറഞ്ഞു:
‘‘നമുക്കൊരു കൈയെഴുത്ത് മാസിക ഇറക്കാം. ഞാനായിരിക്കും അതിന്റെ പത്രാധിപർ!’’
മാസികയുടെ മുഖ്യ എഴുത്തുകാർ മൂന്നുപേരായിരുന്നു. ഭവ, അമ്മായിയുടെ മകൾ ടുസ്കി (സബിത ഭട്ടാചാര്യ) പിന്നെ ഞാനും. ഭംഗിയുള്ള കൈയക്ഷരമായതിനാൽ മാസികയുടെ എഴുത്തെല്ലാം ടുസ്‌കിയാണ് നിർവഹിച്ചത്. നന്നായി വരച്ചിരുന്നതിനാൽ മാസികയുടെ വരക്കാരൻ ഭവയായിരുന്നു. ചെറുപ്പം മുതൽക്കുതന്നെ ഭവ ഗംഭീരമായി വരയ്ക്കുമായിരുന്നു.
1932-‘33 കാലഘട്ടത്തിൽ മെയ്മൻസിങ് ജില്ലയിലെ മജിസ്‌ട്രേറ്റ് ആയിരുന്നു മുത്തച്ഛൻ. അക്കാലത്ത് ബ്രഹ്മപുത്ര നദിയോരത്തുള്ള വലിയൊരു ബംഗ്ലാവിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. അന്നൊക്കെ ഭവയും ഞാനും തമ്മിൽ പൊരിഞ്ഞ അടികൂടുമായിരുന്നു. വഴക്കിനുശേഷം വീണ്ടും കൂട്ടുകൂടാൻവേണ്ടി, പറയാനുള്ള കാര്യങ്ങൾ ബംഗ്ലാവിന്റെ വീതിയേറിയ വരാന്തയിൽ നിരനിരയായി നല്ലഭംഗിയിൽ ചോക്കുകൊണ്ട് ഭവ വരച്ചുവെക്കുമായിരുന്നു. ഒടുവിൽ ഭവ വെച്ചുനീട്ടിയിരുന്ന ഒരു മാമ്പഴത്തിന്റെയോ പഴത്തിന്റെയോ പുറത്താണ് ഒത്തുതീർപ്പ് സംഭവിച്ചിരുന്നത്. വീണ്ടും ഞങ്ങൾ ഒളിച്ചുകളിക്കാനും തൊങ്കിക്കളിക്കാനും തുടങ്ങും.
വീട്ടിലെ മുതിർന്നവർ ഒരു കാരണവശാലും അറിയാൻ പാടില്ല എന്നതായിരുന്നു കൈയെഴുത്ത് മാസിക ഇറക്കുന്നതിനുള്ള ഒരേയൊരു ഉടമ്പടി. പെട്ടെന്നൊരു ദിവസം ചുവരിൽ പ്രത്യക്ഷപ്പെടുമ്പോൾമാത്രമേ അവരറിയാൻ പാടുള്ളൂ. അതുകണ്ട് എല്ലാവരും ഞെട്ടണം. പക്ഷേ, ഉച്ചയുറക്കമില്ലാത്ത അമ്മയും ചെറിയമ്മയുമുള്ളൊരു വീട്ടിൽ രഹസ്യമായി കാര്യങ്ങൾ ചെയ്യുന്നത് തീർത്തും കഠിനമായിരുന്നു. അതുമാത്രമല്ല, ഞാൻ എന്തെഴുതുന്നുവെന്നത് ഭവയും ഭവയെഴുതുന്നത് ഞാനും അറിയാൻ പാടില്ല എന്നൊരു കരാർകൂടി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും സൃഷ്ടികൾ കാണാനവസരമുള്ള ഒരേയൊരാൾ ടുസ്‌കി മാത്രമായിരുന്നു. അവളത് ആരോടും വെളിപ്പെടുത്തില്ലെന്ന് ശപഥംചെയ്തിരുന്നു. ആ ചുവർ പത്രികയിൽ ടുസ്‌കി ഒരു കവിതയോമറ്റോ എഴുതിയിരുന്നു എന്നാണോർമ്മ.
എന്തായാലും ഒരു സുപ്രഭാതത്തിൽ വീട്ടിലെ സ്വീകരണമുറിയുടെ ചുവരിൽ കൈയെഴുത്ത് മാസിക പ്രകാശിതമായി. വീട്ടിലെ മുതിർന്നവർ അത് വായിക്കുന്നതും അനന്തരം മന്ദഹസിക്കുന്നതും ഞങ്ങൾ ഒളിച്ചുനിന്നുകണ്ടു. തുതൂലിന്റെ പ്രതികരണം അറിയാൻ ഞങ്ങൾ വല്ലാതെ ഉദ്വിഗ്‌നരായി. ചുവർപത്രിക വായിച്ച് തുതൂൽ വീട് കുലുങ്ങുമാറുച്ചത്തിൽ പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ സൃഷ്ടികൾ വായിച്ചശേഷം തുതൂൽ പറഞ്ഞു: ‘‘ഭവ നന്നായി എഴുതിയിരിക്കുന്നു. ഖുകുവിന്റെ എഴുത്ത് അത്ര ഒറിജിനലായി തോന്നിയില്ല’’
തുതൂൽ പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു. പഥേർ പാഞ്ജലി എന്ന നോവലിൽ നീലം ഫാക്ടറിയിലെ സായിപ്പിന്റെ മകളുടെയോ മകന്റെയോ ശവകുടീരത്തെക്കുറിച്ച് വായിച്ച് അതിഭയങ്കര മോഹാവേശിതയായി ‘ഒരു സമാധിയുടെ ആത്മകഥ’ എന്നൊരു കുറിപ്പാണ് ഞാനെഴുതിയത്. ഭവയുടെ രചന വായിച്ച് അമ്മയും ചെറിയമ്മയും വല്ലാതെ ചിന്താധീനരായി. ഭവ എന്താണ് എഴുതിയതെന്ന് എനിക്ക് കൃത്യമായി ഓർത്തെടുക്കാനാവുന്നില്ല. പക്ഷേ, അതിന്റെ സാരാംശം ഭവയുടെ ജീവിതത്തിൽ കടന്നുവന്ന പെൺകുട്ടികളും അവർ മൂലമുണ്ടായ സംഘർഷങ്ങളും സങ്കീർണതകളുമായിരുന്നു. അതിലെ ഒരു വരി എനിക്കിപ്പോഴും ഓർമ്മയുണ്ട്. അത് ഇപ്രകാരമായിരുന്നു:
‘നിലവിലുള്ള കൂട്ടുകാരിയുടെ പേര് ആതസിയെന്നോ മാനസിയെന്നോ അല്ല. അവളുടെ പേര് ....... എന്നാണ്!’
ആതസിയും മാനസിയും സാങ്കല്പികപേരുകളായിരുന്നു. എന്നാൽ, മൂന്നാമതുപറഞ്ഞ പേര് ഒരു പത്തുവയസ്സുകാരിയായ പെൺകുട്ടിയുടേതായിരുന്നു. മെലിഞ്ഞ് സുന്ദരിയായ, കാറ്റുപോലെ പായുന്ന മിടുക്കിയായിരുന്നു അവൾ. വൈകുന്നേരങ്ങളിൽ വീടിനുമുന്നിലുള്ള മാഡോക്സ് ചത്വരത്തിലെ ഉദ്യാനത്തിൽ ഞങ്ങൾ ആൺ-പെൺ ഭേദമില്ലാതെ കളിക്കുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ടായിരുന്നു.
അന്ന് സന്ധ്യക്ക് ഞങ്ങളെ വിളിപ്പിച്ചശേഷം ചിരിയടക്കിക്കൊണ്ട് തുതൂൽ പറഞ്ഞു: ‘‘ഭവ, നീ നന്നായി എഴുതിയിരിക്കുന്നു. ഖുകുവും മോശമല്ലാത്ത രീതിയിൽ എഴുതിയിട്ടുണ്ട്. ടുസ്‌കിയുടെ ഉള്ളിൽ കവിതയുണ്ട്. നിങ്ങളിനിയും എഴുതണം. ഇഷ്ടമുള്ളതെന്തും എഴുതാം. ചുവർപത്രികയിലെ ചിത്രങ്ങൾ അസലായിട്ടുണ്ട്’’
അതുകേട്ടതും ഭവയുടെ വാലുപൊങ്ങി വാഴയോളം വളർന്നു. പക്ഷേ, വീട്ടിലുള്ളവർ, വിശേഷിച്ചും അമ്മയും ചെറിയമ്മയും ഉൾപ്പെടെയുള്ളവർ ഒരു കാര്യം തീരുമാനിച്ചു. ആ പ്രായത്തിൽ സാഹിത്യത്തെക്കുറിച്ച് അധികം വേവലാതിപ്പെടാതെ പഠിത്തത്തിൽമാത്രം ശ്രദ്ധ പതിപ്പിച്ചാൽ മതി എന്നതായിരുന്നു ആ തീരുമാനം.
ആവീട്ടിൽ താമസിക്കുന്ന സമയത്താണ് ഭവ വലിയൊരു സാഹസികത കാട്ടിയത്. തുതൂലിന്റെ കൈവശം എല്ലായ്‌പ്പോഴും പലതരം സാധനങ്ങൾ ഉണ്ടാകുമായിരുന്നു. അക്കൂട്ടത്തിൽ കടുംനീല നിറമുള്ള ഒരു സ്വിംസ്യൂട്ടും ഉണ്ടായിരുന്നു. അതെന്തിനായിരുന്നു വാങ്ങിയതെന്ന് ആർക്കുമറിയില്ല. ജീവിതത്തിൽ ഒരിക്കൽപ്പോലും തുതൂൽ സ്വിംസ്യൂട്ട് ധരിച്ച് ഞാൻ കണ്ടിട്ടുമില്ല. എന്നാൽ, ഇടയ്ക്കിടെ ഭവയെ നീന്തൽ പഠിപ്പിക്കാൻ കൊണ്ടുപോകുന്ന കാര്യം വീട്ടിൽ പറയുമായിരുന്നു. ഒടുവിൽ ഭവ നീന്തൽ പഠിച്ചോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ ഞങ്ങൾ നാലുപേരും-അനീഷ്, സമീഷ്, മൈത്രേയ പിന്നെ ഞാനും - ചെറിയ പ്രായത്തിൽത്തന്നെ നീന്തൽ വശത്താക്കിയിരുന്നു. അനീഷും സമീഷും നല്ല നീന്തൽക്കാരായി മാറി. എന്നോ ഒരിക്കൽ ബാല്യകാലസ്മരണകൾ പങ്കുവെക്കവേയാണ് സ്വിംസ്യൂട്ട് സംഭവം ഭവ വിവരിച്ചത്. ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ സ്വിം സ്യൂട്ടിൽ ഭവ നോട്ടമിട്ടുവെച്ചിരുന്നത്രേ. ഒരു ദിവസം അതിവെളുപ്പാൻ കാലത്ത് സ്വിം സ്യൂട്ട് കൈയിലെടുത്ത് തടാകതീരത്ത് ഹാജരായ ഭവ നീന്തൽ പഠിപ്പിക്കുന്ന സ്ഥലത്തുചെന്ന് ഡൈവിങ് ബോർഡിന്റെ മുകളിൽ സ്വാമി വിവേകാനന്ദന്റെ നിൽപ്പുപോലെ കൈയുംകെട്ടി നിൽക്കാൻ തുടങ്ങി. ആ സമയത്തുതന്നെ പിന്നിൽനിന്ന് ആരോ ഹിന്ദിയിൽ, ‘ഡാ ചെറുക്കാ, ചുമ്മാ നോക്കിനിന്നിട്ട് ഒരു കാര്യവുമില്ല, എടുത്തങ്ങോട്ടു ചാടിക്കോ’ എന്നുപറയുകയും ഭവയെ വെള്ളത്തിലേക്ക് തള്ളിയിടുകയും ചെയ്തു. വെള്ളത്തിലേക്കുവീണ ഭവ മുങ്ങിത്താണു. വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിവന്നതും കൈകാലിട്ടടിച്ച് ഭവ ഉറക്കെ നിലവിളിച്ചു: ‘എനിക്ക് നീന്താനറിയില്ലേ... രക്ഷിക്കണേ...’ നിലവിളികേട്ട മനുഷ്യൻ വെള്ളത്തിലേക്ക് എടുത്തുചാടി ഭവയെ കരയ്ക്കെത്തിച്ചു. എന്നും ആ നേരത്താണ് അയാൾ തന്റെ അനിയനെ അവിടെ നീന്തൽ പഠിപ്പിക്കാൻ കൊണ്ടുവന്നിരുന്നത്. നീന്താൻ പഠിച്ചെങ്കിലും ഡൈവിങ് അനിയന് പേടിയായിരുന്നു. അനിയനാണെന്നുകരുതിയാണുപോലും അയാൾ ആ അതിക്രമത്തിന് മുതിർന്നത്. ചെയ്ത അപരാധത്തിന് ക്ഷമാപണം നടത്തുകയും ഒടുവിൽ തന്റെ വാഹനത്തിൽ ഭവയെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
ഭവയാണെങ്കിൽ വിജയശ്രീലാളിതനെപ്പോലെയാണ് തിരിച്ചെത്തിയത്. കൈവശം മധുരപലഹാരങ്ങളും ചോക്കലേറ്റുമടക്കം ധാരാളം സാധനങ്ങളുമുണ്ടായിരുന്നു. പക്ഷേ, കാര്യങ്ങളറിഞ്ഞതോടെ തുതൂൽ അമ്മയോട് നന്നായി ദേഷ്യപ്പെട്ടു. ശേഷം ഭവയോട് ചോദിച്ചു: ‘‘നീന്തലറിയാത്ത നീയെന്തിന് കടവിലേക്കുപോയി?’' ചില അത്യാവശ്യസന്ദർഭങ്ങളിൽ കരയുന്ന ശബ്ദത്തിൽ സംസാരിക്കാനുള്ള സിദ്ധി ഭവയ്ക്കുണ്ടായിരുന്നു. സമീഷും പിന്നീടതിൽ പ്രാവീണ്യം നേടി. തുതൂലിന്റെ കാർക്കശ്യം നിറഞ്ഞ ചോദ്യത്തിന് ഭവയുടെ മറുപടിയായിരുന്നു രസകരം. സ്വിംസ്യൂട്ട് ധരിച്ചാൽ നീന്താനാവും എന്നാണ് ഭവ കരുതിയിരുന്നതത്രേ! പൊടുന്നനെ ഞങ്ങളുടെ മുന്നിൽ ഭവയ്ക്ക് നായകപരിവേഷം കൈവന്നു.
സ്വിംസ്യൂട്ട് വിഷയത്തിൽ തുതൂലിനെ കുറ്റപ്പെടുത്തിയാണ് അമ്മ സംസാരിച്ചത്. വലുപ്പമേറിയ സ്വിംസ്യൂട്ടുപോലുള്ള സാധനങ്ങൾ അനാവശ്യമായി വീട്ടിൽ സൂക്ഷിച്ചാൽ കുട്ടികൾക്ക് ആകർഷണംതോന്നുമെന്നും അതിനാൽ ഭവയെ കുറ്റം പറയാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു അമ്മ. അതിനെത്തുടർന്ന് വർഷങ്ങൾക്കുമുൻപ് തുതൂൽ വാങ്ങിയ ഹണ്ടിങ് ബൂട്ടിനെക്കുറിച്ചും അതിൽ സ്ഥിരതാമസമാക്കിയ എലികളെക്കുറിച്ചും പറഞ്ഞ് അവരിരുവരും ഏറെസമയം തർക്കത്തിലേർപ്പെട്ടു.
ഇതുപോലെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭവയുടെ തലവര എല്ലായ്‌പ്പോഴും അവനെ തുണച്ചിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളുടെ കൈകളിൽ ഒരു പൈസയും എത്തിപ്പെടാറില്ലായിരുന്നു. ബകുൽ ബഗാൻ റോയിലെ വീടിന്റെ രണ്ടാം നിലയിലെ വരാന്തയോടുചേർന്ന് മുത്തച്ഛന് ഒരു ചില്ലുമുറിയുണ്ടായിരുന്നു. പലപ്പോഴും ഞങ്ങളെല്ലാവരും അവിടെയായിരുന്നു ഒത്തുകൂടിയിരുന്നത്. വളരെ അപൂർവമായി അമ്മയോ മുത്തശ്ശിയോ ചെറിയമ്മയോ മുത്തച്ഛനോ തുതൂലോ മംതാസോ (സുധീഷ് ഘട്ടക്ക്) പുലർത്തുന്ന അശ്രദ്ധ കനിഞ്ഞാൽ ഞങ്ങൾക്ക് ഒരണയോ മറ്റോ അവിടെനിന്ന് വീണുകിട്ടുമായിരുന്നു. ആ ഒരണമതി പ്രഭുക്കളെപ്പോലെ ഞങ്ങൾക്ക് കുറച്ചുദിവസം കഴിയാൻ. പഞ്ചസാരയിൽ പൊതിഞ്ഞ പെരിഞ്ചീരകമിഠായി, സ്വർണനാണയം പോലെയിരിക്കുന്ന മിഠായി, കണ്ടാൽ തനി സിഗരറ്റുപോലെ തോന്നിപ്പിക്കുന്ന സിഗരറ്റ് മിഠായി തുടങ്ങി ഒട്ടേറെ സാധനങ്ങൾ അന്ന് ഒരണ കൊടുത്താൽ കിട്ടുമായിരുന്നു. ഭവയാണ് അതെല്ലാം വാങ്ങിവരുക. വാങ്ങിവന്നാൽപ്പിന്നെ കൂട്ടംകൂടിയിരുന്നു ഞങ്ങളത് പങ്കിട്ടുകഴിക്കുമായിരുന്നു.
ഒരുനാൾ ഭവയ്ക്ക് ഇരുപത്തഞ്ച് പൈസയോ മറ്റോ വീണുകിട്ടി. നേരം സന്ധ്യയായിരുന്നു. തെരുവിലെ വഴിവിളക്കുകൾ തെളിഞ്ഞുകഴിഞ്ഞിരുന്നു. ആ നേരത്ത് ഞങ്ങൾ കുട്ടികൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ലായിരുന്നു. പക്ഷേ, ഭവ പറഞ്ഞു:
‘‘ഞാൻ പെട്ടെന്ന് പോയിവരാം’’
ഭവ പോയശേഷം വീട്ടിലുള്ള മുതിർന്നവർ അറിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ചോർത്തും വരുന്നവഴിക്ക് ഭവ മിഠായികളിൽ ചിലത് തിന്നുകളയുമോ എന്ന കാര്യമോർത്തും ഞങ്ങൾ വല്ലാതെ അസ്വസ്ഥരായി. ഭവയാണെങ്കിൽ ഷർട്ടിന്റെയും നിക്കറിന്റെയും പോക്കറ്റിൽ ഇഷ്ടാനുസരണം മിഠായി വാങ്ങി നിറച്ച് ഒരു സിഗരറ്റ് മിഠായി ചുണ്ടിൽ തിരുകി ചപ്പിക്കൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അന്നൊക്കെ സന്ധ്യാസമയത്ത് കുട്ടികളെ വഴിയിൽക്കണ്ടാൽ വീട്ടുകാരെന്നല്ല പ്രദേശവാസികളും ചെവിപിടിച്ച് ശാസിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുമായിരുന്നു. അതിനാൽ ആ നേരത്ത് മിഠായിവാങ്ങി മടങ്ങുന്ന ഭവയെക്കണ്ട് സ്വന്തം അനിയനാണെന്ന് തെറ്റിദ്ധരിച്ച ഒരു പ്രദേശവാസി പ്രകോപിതനായി. നേരം വൈകി മടങ്ങുന്നതും പോരാഞ്ഞിട്ട് ചുണ്ടിൽ സിഗരറ്റും! ചെവിയിൽ കടന്നുപിടിച്ച് ഭവയെ ശിക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് ചുണ്ടിൽ സിഗരറ്റല്ല, മിഠായിയാണെന്ന് അയാൾ തിരിച്ചറിഞ്ഞത്. അതോടെ അയാൾക്ക് കുറ്റബോധമായി. അതുതീർക്കാൻ അടുത്തുള്ള കടയിൽനിന്ന് ഒരുകൂട്ടം മിഠായികളും ചോക്കലേറ്റുകളും വാങ്ങിനൽകി ഭവയെ വീട്ടിൽ കൊണ്ടാക്കിയശേഷമാണ് ആ മനുഷ്യൻ മടങ്ങിയത്.
കുട്ടിക്കാലത്ത് തുതൂൽ ഞങ്ങളോടൊപ്പം തീരേ സമയം ചെലവഴിക്കുമായിരുന്നില്ല. വീട്ടിലെ വലിയവരും ചെറിയവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ നന്നേ കുറവായിരുന്നു. ഭവ വലുതായി ഋത്വിക് ഘട്ടക്ക് ആയെങ്കിലും അതിനോടകം അന്നത്തെ തമാശക്കഥകൾ അറിയുന്നവർ പലരും പലവഴിക്കായി. പിന്നെ എല്ലാവരും ഒന്നൊന്നായി വിടവാങ്ങി. ഞാനാണെങ്കിൽ സ്വന്തം ജീവിതത്തിന്റെ തിരക്കുകളുമായി ഏറെ സമയവും കൊൽക്കത്തയിലാണ് കഴിഞ്ഞിരുന്നത്.
ബഹരംപുരിൽനിന്നാണ് ഭവ ബിഎ പാസായത്. അവിടെെവച്ചായിരുന്നു ഭവയുടെ വിവാഹസത്‌കാരവും. അക്കാലത്ത് ഭവയും തുതൂലും ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. ആ കാലത്തെ അവരുടെ ജീവിതം മൈത്രേയനോ കൊഞ്ചിക്കോ (മഹാശ്വേതാ ദേവിയുടെ അനിയത്തി) നന്നായി വിവരിക്കാനാവും.
എന്റെ കൂടപ്പിറപ്പുകളിൽനിന്നാണ് ഭവയുടെ വിയോഗവാർത്ത ഞാനറിഞ്ഞത്. സമീഷും കുടുംബവും പാട്‌നയിലെ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയ ദിവസമായിരുന്നു. വീട്ടിലാകെ ഉത്സവാന്തരീക്ഷം നിറഞ്ഞുനിന്നിരുന്നു. അടുക്കളയിൽ വിശിഷ്ടവിഭവങ്ങൾ തയ്യാറായിക്കൊണ്ടിരുന്നു. അക്കാലത്ത് ബഹരംപുരിൽ പത്രമെത്താൻ പതിനൊന്നുമണി കഴിയും. പത്രത്തിൽ ഭവയുടെ മരണവാർത്തകണ്ട് തുതൂൽ പത്രം മേശവലിപ്പിൽ ഒളിപ്പിച്ചു. റേഡിയോ അലമാരയിൽ പൂട്ടിെവച്ചു. ഏറെ വിഷണ്ണനായാണ് അന്ന് തുതൂൽ കഴിക്കാനിരുന്നത്. മത്സ്യ-മാംസ ആഹാരാദികൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നയാൾ അന്നതൊന്നും തൊട്ടതേയില്ല. ആ പകൽ മുഴുവൻ മൂകനായിരുന്ന് മേശപ്പുറത്തെ കടലാസിൽ തുതൂൽ കോറിവരച്ചുകൊണ്ടിരുന്നു. സന്ധ്യയായപ്പോൾ അമ്മയെ വിളിച്ച് അടുത്തിരുത്തി. ശേഷം പതുക്കെ പറഞ്ഞു: ‘‘ഭവ പോയി’’. ഇരുവരും ഏറെനേരം നിശ്ശബ്ദരായിരുന്നു. തുതൂലിന്റെ ഒരു കൈ അമ്മയുടെ ചുമലിൽ വിശ്രമിച്ചു. ഇരുവരും വിറയ്ക്കുന്നുണ്ടായിരുന്നു. ഏറെനേരം അവർ മുഖംപൊത്തി കരഞ്ഞു.
ഭവയുടെ മരണശേഷം നാഗരിക് റിലീസ് ചെയ്തപ്പോഴേക്കും കടുത്ത പ്രമേഹംമൂലം അമ്മയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. സിനിമ കണ്ട് പൂർത്തിയാക്കാൻ നിൽക്കാതെ തുതൂൽ തിയേറ്റർവിട്ടിറങ്ങുകയും ചെയ്തു. ഇങ്ങനെയൊക്കെയായിരുന്നു ഭവയുടെ കാര്യങ്ങൾ..!
Content Highlights: A heartwarming glimpse into the innocent childhood days of legendary director Ritwik Ghatak and acclaimed writer Mahasweta Devi, who were close relatives and playmates.
Published: 23 Nov 2025, 08:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented