മലയാള സിനിമയുടെ നാഡീഞരമ്പുകളില്‍ ഹാസ്യം കുതികുത്തിയൊഴുക്കിയ അനശ്വരനടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട് തികയുകയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബഹദൂറിന്റെ ആത്മകഥ ഞാന്‍ ബഹദൂറില്‍ നിന്നും ഒരു അധ്യായം.
മനുഷ്യജീവിതത്തിലെ ധന്യമായ നാളാണ് വിവാഹം. നിക്കാഹ് നിശ്ചയിച്ചതിനുശേഷം നീണ്ട നാലുകൊല്ലം കഴിഞ്ഞു. അതിനിടയില്‍ കണ്‍മുമ്പിലൂടെ കുത്തിയൊലിച്ചുപോയ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും കൈയും കണക്കുമില്ലായിരുന്നു.അപകടങ്ങളും മരണങ്ങളുംകൊണ്ട് കുടുംബത്തിലുള്ളവരും ഞാനും മാനസികമായും ശാരീരികമായും ആ ഘട്ടത്തില്‍ നിരാശരായിരുന്നു. അന്നേരമാണ് കഷ്ടകാലത്തിനു കാലിന് അപകടം പിണഞ്ഞത്.
പലവട്ടം നീട്ടിവെക്കപ്പെട്ട വിവാഹത്തീയതി വീണ്ടും നിശ്ചയിച്ചു.
കൈയില്‍ പണമില്ല, ഞാനാകെ കുഴങ്ങി. പരിചയസീമയില്‍പ്പെട്ട പലര്‍ക്കും കത്തെഴുതി. എല്ലാവരുംതന്നെ എന്നെ കടം തന്ന് സഹായിച്ചു (എല്ലാവരുടെയും കടം തീര്‍ത്തു. പക്ഷേ രണ്ടു കുട്ടികളുടെ പിതാവായിട്ടും ഫറോക്കിലുള്ള എന്റെ പ്രിയ സ്നേഹിതനും ധനാഢ്യനുമായ ഹസ്സന്‍കുട്ടിയോടു വാങ്ങിയ നാലായിരം രൂപ മുഴുക്കെ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു നഗ്‌നസത്യമാണ്).
അതിനിടയില്‍ രണ്ടു കാര്യങ്ങള്‍ എനിക്കു മറക്കാന്‍ കഴിയുന്നില്ല. ഓപ്പറേഷന്‍ ചെയ്ത് ആശുപത്രിയില്‍ കിടന്നിരുന്ന സമയത്ത് പി. ഭാസ്‌കരന്‍ ഡയറക്ടു ചെയ്യുന്ന പടത്തില്‍ എനിക്ക് റോളുണ്ടായിരുന്നു. എന്നെക്കൂടാതെ അദ്ദേഹത്തിന് പടം റിലീസ് ചെയ്യുകയോ, എനിക്കുപകരം മറ്റൊരാളെവെച്ച് ചിത്രം മുഴുമിപ്പിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ പി. ഭാസ്‌കരന്‍ എന്റെ ഭാഗമൊഴിച്ച് ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഷൂട്ട് ചെയ്തശേഷം നിര്‍ത്തിവെച്ചു. ഞാന്‍ ആശുപത്രിയില്‍നിന്നും വന്നതിനുശേഷം ഞാനഭിനയിച്ചതില്‍ പിന്നീടാണ് ആ ചിത്രം അദ്ദേഹം റിലീസ് ചെയ്തത്. പി. ഭാസ്‌കരന്റെ സ്നേഹത്തിനു മുമ്പില്‍ കൈകൂപ്പിപ്പോകുന്നു.
അതേസമയം ഉദയായുടെ ജയില്‍ എന്ന ചിത്രത്തില്‍ ഞാന്‍ കരാര്‍ ചെയ്യപ്പെട്ടിരുന്നു. ഷൂട്ടിങ്ങിനായി അവര്‍ അറിയിച്ച അവസരത്തിലാണ് എനിക്ക് ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍ നിശ്ചയിച്ചതും ഓപ്പറേഷന്‍ ചെയ്തതും. ഞാന്‍ വിവരം വിശദമായി കാണിച്ച് ഉദയായ്ക്ക് എഴുതി. പക്ഷേ, എനിക്ക് പരിഭവമാണു കിട്ടിയത്. അതിലെനിക്ക് സുഖം തോന്നി. കാരണം, ഉദയായുടെതന്നെ പടമായിരുന്നു ഉണ്ണിയാര്‍ച്ച. ആ ചിത്രത്തിന്റെ ഔട്ട്ഡോര്‍ നടക്കുമ്പോഴാണല്ലോ എനിക്ക് കാലില്‍ സമ്പാദ്യം കിട്ടിയത്. അനേകമാസം ആശുപത്രിയില്‍ കിടന്ന് നരകയാതന അനുഭവിച്ചതു മനസ്സിലാക്കാന്‍ കഴിയാത്തവരും ഇവിടുണ്ട്.
ലോകത്തിന്റെ മുമ്പിലും ലോകരുടെ മുമ്പിലും കുഞ്ചാക്കോയുടെ മുമ്പിലും അതിനേക്കാള്‍ വലിയവരുടെ മുമ്പിലും ചെറിയവരുടെ മുമ്പിലും മുണ്ട് മുട്ടുവരെ മടക്കിക്കുത്താം. എന്റെ വലത്തെ കാല്‍ ഇടത്തെ കാലിനെക്കാളും വലുതാണ്.
ഓപ്പറേഷന്‍ ചെയ്ത കാലുമായി കൊടുങ്ങല്ലൂരെത്തി. കല്യാണക്കത്ത് അടിപ്പിച്ചു, പലര്‍ക്കും അയച്ചു. ചിലര്‍ക്ക് അയയ്ക്കാന്‍ വിട്ടുപോയി. പലരെയും കണ്ടില്ല; കാണാന്‍ പറ്റിയുമില്ല. എന്റെ സഹപ്രവര്‍ത്തകരെപ്പോലും നേരില്‍ വിളിക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കെല്ലാം കല്യാണക്കുറി മാത്രമാണ് അയച്ചത്. സഹപ്രവര്‍ത്തകരില്‍ തിക്കുറിശ്ശിയെ മാത്രം ക്ഷണിച്ച കാര്യം ഓര്‍മ്മയിലുണ്ട്.
'എന്റെ കല്യാണത്തിനു വരണം. സഹപ്രവര്‍ത്തകരില്‍ മറ്റാരും വരുമെന്ന് എനിക്കു പ്രതീക്ഷയില്ല. ഞാന്‍ സിനിമാനടനാണെന്നാണല്ലോ വയ്പ്! സിനിമാരംഗത്തുനിന്ന് ഒരാളെങ്കിലും വന്നില്ലെങ്കില്‍ സിനിമയിലല്ല ജോലിചെയ്യുന്നതെന്ന് നാട്ടുകാര്‍ ധരിച്ചാലോ?'
സുഖമില്ലാത്ത കാലുവെച്ച് അത്യാവശ്യം വേണ്ടവരെ മാത്രം അവസാനനിമിഷത്തില്‍ ഞാന്‍ പോയി വിളിച്ചു. പക്ഷേ, എന്റെ ആദ്യത്തെ പ്രൊഡ്യൂസറായ കോശിയെ എനിക്ക് നേരിട്ടു ക്ഷണിക്കാന്‍ കഴിയാത്തതില്‍ ഞാനിപ്പോഴും ഖേദിക്കുന്നു.
1966 ജൂണ്‍ രണ്ടാം തീയതി ആ മഹത്സംഭവം നടന്നു. ജമീലയുടെ കഴുത്തില്‍ ഞാന്‍ താലിചാര്‍ത്തി. തിക്കുറിശ്ശി, യേശുദാസ്, പി. ഭാസ്‌കരന്‍, അപ്പച്ചന്‍ എന്നിവരും മറ്റനേകം പേരും പങ്കെടുത്തിരുന്നു.
വിവാഹം കഴിഞ്ഞ് ഞാനാകുന്ന വരനും പാര്‍ട്ടിയും പെണ്ണിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ മുത്തയ്യ ഇരിക്കുന്നതുകണ്ട് ഞാനദ്ഭുതപ്പെട്ടു. ആരോഗ്യം മോശമാണ്. കല്യാണത്തിനു വരേണ്ടെന്നു വിലക്കിയിരുന്നിട്ടും അദ്ദേഹം ഞാനെത്തുംമുമ്പെ എന്റെ ഭാര്യാഗൃഹത്തില്‍ എത്തിയിരിക്കുന്നു.
മുത്തയ്യ എന്റെ കൈവെള്ളയില്‍ രണ്ടിലും ഓരോ പവന്‍ വെച്ചുതന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'സാമ്പത്തികബുദ്ധിമുട്ടുള്ള താങ്കള്‍ ഇതെന്തിനു ചെയ്തു. ഇതു വേണ്ടായിരുന്നു.'
അതു കേട്ടപ്പോള്‍ അദ്ദേഹം മൊഴിഞ്ഞു: 'ഞങ്ങളുടെ ജാതിയില്‍ സ്വന്തം അനിയന്മാരുടെ കല്യാണത്തിന് ജ്യേഷ്ഠന്‍ ഇങ്ങനെയാണു ചെയ്യാറ്.'
മുത്തയ്യയുടെ വാക്കുകള്‍ എന്നെ കോരിത്തരിപ്പിച്ചു. അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്. ഞാന്‍ അനിയനും. എത്ര പവിത്രമായ സ്നേഹമാണ്.
എനിക്കുണ്ടായിരുന്ന ജ്യേഷ്ഠനെക്കുറിച്ച് ഞാനോര്‍ത്തു.
കല്യാണത്തിന് കടം വാങ്ങിയിട്ടാണെങ്കിലും ധാരാളം പണം ചെലവായി. കുറെയൊക്കെ മാനസികരോഗിയായ ജ്യേഷ്ഠന്റെ നോട്ടക്കുറവും ആവശ്യമില്ലാത്ത ചെലവാക്കലും കൊണ്ടായിരുന്നു. ജ്യേഷ്ഠന്‍ ഒരു മാനസികരോഗിയല്ലായിരുന്നെങ്കില്‍ അനുജന്‍ ചെറുപ്പം മുതല്‍ ഇങ്ങനെ കണ്ണുനീരും കയ്പ്പേറിയ അനുഭവങ്ങളും പേറി കഷ്ടപ്പെടണോ?
അന്നുതന്നെ ഞാന്‍ പെണ്ണിന്റെ വീട്ടില്‍നിന്നും കൊടുങ്ങല്ലൂര്‍ക്കു തിരിച്ചു. ജമീലയുടെ വാപ്പ വിവാഹം ഉഗ്രമായിത്തന്നെ നടത്തി; സ്വന്തം സാമ്പത്തികനില നോക്കാതെതന്നെ. പിന്നീട് അദ്ദേഹത്തിന്റെ കടങ്ങള്‍ക്ക് ഞാന്‍ ഭാഗഭാക്കാവേണ്ടിവന്നു എന്ന ചരിത്രം വേറെയാണ്.
രസമുള്ള ഒരു കഥ ഓര്‍ത്തുപോകുന്നു. ഇക്കഥ ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്.
വിവാഹം ആലോചിക്കുമ്പോള്‍ കാറിനുപകരം പതിനായിരം രൂപ തരാമെന്ന് പെണ്ണിന്റെ വാപ്പ സമ്മതിച്ചിരുന്നു. തരാന്‍ വൈകിയപ്പോഴാണ് എന്റെ കഥ ബന്ധുക്കളും സ്നേഹിതരും ശ്രവിച്ചത്.
സ്‌കൂള്‍മാസ്റ്റര്‍ എന്ന ചിത്രം ഇറങ്ങിയ കാലഘട്ടമാണത്. അതില്‍ അടൂര്‍ ഭാസിയുടെ മകനാണു ഞാന്‍. പിശുക്കനായ ഭാസി സ്ത്രീധനം കൈയില്‍ കിട്ടാന്‍ കാത്തിരിക്കുമ്പോള്‍ മകനായ ഞാന്‍ പെണ്ണിനെക്കണ്ട് ഭ്രമിച്ച് ആരുടെയും അനുവാദമില്ലാതെ താലി കഴുത്തില്‍ കെട്ടി. (അന്ന് എന്റെ കൂടെ അഭിനയിച്ച കല്‍പ്പന ഇന്ന് കന്നടത്തിലെ നായികയാണ്.) ക്ഷുഭിതനായ അച്ഛന്‍ പണത്തിനുപകരം നോട്ട് എഴുതിവാങ്ങി. മകനായ എന്നെയും ഭാര്യയെയും കൊണ്ട് വീട്ടിലേക്കു പോരുന്നു. പണം കൈയില്‍ കിട്ടാത്തതുകൊണ്ട് മകനെയും ഭാര്യയെയും വേറെയാണു താമസിപ്പിച്ചത്.
ദിവസങ്ങള്‍ കഴിഞ്ഞ് ഭാര്യയുടെ അച്ഛന്റെ കമ്പി വന്നു, ഉടനെ വീട്ടില്‍ ചെല്ലണമെന്ന്.
പണം തരാനാണെന്നു കരുതി മുമ്പ് ഭാര്യാപിതാവിന്റെ പക്കല്‍നിന്ന് എഴുതിവാങ്ങിയ മുന്നൂറു രൂപയുടെ പ്രോനോട്ട് എഴുതിയതും കൊടുത്ത് മകനെയും ഭാര്യയെയുംകൊണ്ട് ഭാര്യവീട്ടിലെത്തി. ഭാര്യാപിതാവിന്റെ ദയനീയസ്ഥിതി കണ്ടു. ആണ്‍മക്കളെല്ലാം അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. മകളുടെ ഭര്‍ത്താവായ ഞാന്‍ 'എനിക്ക് ഇതുമാത്രമേ ചെയ്തുതരാന്‍ സാധിക്കൂ' എന്നു പറഞ്ഞ് നോട്ട് വലിച്ചുകീറിക്കളഞ്ഞു. ഇതാണ് സിനിമയിലെ രംഗം.
ഈ സിനിമ നിക്കാഹ് കഴിഞ്ഞിരിക്കുന്ന സമയത്ത് എന്റെ ഭാര്യാപിതാവ് കണ്ടിരിക്കുമെന്നും എന്റെ സ്വഭാവം ഇതാണെന്നു ധരിച്ച് പണം കൊടുക്കാന്‍ താമസിച്ചാല്‍ ദേഷ്യംവന്ന് പെണ്ണിനെയും വിളിച്ചുകൊണ്ടു പോകുമെന്നും തീരുമാനിച്ചിട്ടുണ്ടാകുമെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് കിട്ടാനുള്ള പതിനായിരം രൂപ ഇതിനൊക്കെ കാരണമുണ്ടാക്കിയ ചിത്രനിര്‍മ്മാതാവായ അരുണാചലം ചെട്ടിയാര്‍ തരണം. ഇതാണ് കഥ.
കഥ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പതിനായിരം രൂപ കിട്ടി. ആ പണത്തില്‍നിന്നാണ് ഭാര്യയുടെ പേരില്‍ ഒരേക്കര്‍ ഭൂമി കൊടുങ്ങല്ലൂര്‍ വാങ്ങിയത്.
ജൂണ്‍ നാലിന് ഞാനും ഭാര്യയും മദിരാശിയിലേക്കു യാത്രയായി. ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടാതിരുന്നതുകൊണ്ട് രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തു. പക്ഷേ, ഫസ്റ്റ് ക്ലാസിന്റെ വരാന്തയില്‍ ഒരു പെട്ടിയുടെ പുറത്ത് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞിരുന്നാണ് മദിരാശിയിലെത്തിയത്.
മദ്രാസിലിറങ്ങി, നേരെ വുഡ്ലാന്‍ഡ്സില്‍ പോയി മുറിയെടുത്തു. പെട്ടിയും മറ്റും അവിടെ വെച്ചശേഷം അന്ന് പങ്കെടുക്കേണ്ട ഷൂട്ടിങ്ങിനു ഞങ്ങള്‍ ഒന്നിച്ചുപോയി.
പി. ഭാസ്‌കരന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു. കെ.പി. ഉമ്മര്‍, വാസന്തി, ഞാന്‍ ഇത്രപേരായിരുന്നു ആര്‍ട്ടിസ്റ്റ്. ആദ്യമായാണ് എന്റെ ഭാര്യ സ്റ്റുഡിയോ കാണുന്നത്, ഷൂട്ടിങ്ങും. എല്ലാവരെയും ഞാനവള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. കെ.പി. ഉമ്മറെ പരിചയപ്പെടുത്തുംമുമ്പ് ഞാന്‍ സ്വകാര്യം പറഞ്ഞു: 'ഉമ്മര്‍ എന്തെങ്കിലും കുസൃതി ഒപ്പിക്കും.'
അതുപോലെത്തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഉമ്മര്‍ എന്നെയും ഭാര്യയെയും നോക്കിയിട്ട് എന്നോടായി ചോദിച്ചു: 'നിന്റെ ഭാര്യയാണെന്നും പറഞ്ഞ് ആലപ്പുഴ കൊണ്ടുവന്ന സ്ത്രീ ഇതല്ലല്ലോ.' ഭാര്യയുടെ ഉള്ള് ആന്തിക്കാണും. സ്റ്റുഡിയോയും അത്രയും ആളുകളും ഉണ്ടായിരുന്നില്ലെങ്കില്‍, ഞാന്‍ നേരത്തേ ഉമ്മറിനെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെയും തെറ്റിദ്ധരിച്ച് കരയുമായിരുന്നു.
അവളെന്റെ മുഖത്തേക്കു നോക്കി, ഞാന്‍ ചിരിച്ചു. ഉമ്മറും ചിരിയില്‍ പങ്കുചേര്‍ന്നപ്പോള്‍ അവളുടെ ചുണ്ടിലും പുഞ്ചിരിയുടെ പൂത്തിരി കത്തി.
രണ്ടാം ദിവസം സ്റ്റുഡിയോയില്‍ കൂടെ കൊണ്ടുപോയില്ല. കാരണം, ഉമ്മറിന്റെ തമാശകളുടെ വ്യാഖ്യാനം മനുഷ്യരാശിക്കുപോലും മനസ്സിലാക്കാന്‍ സാധിക്കാത്തതാണ്.
എന്നെ സ്നേഹിക്കുന്ന പി. ഭാസ്‌കരന്റെ വീട്ടിലാണവളെ കിടത്തി ഉറക്കിയത്. അന്ന് വെളുപ്പിന് അഞ്ചുമണിക്ക് ഷൂട്ടിങ് തീര്‍ന്നു. ഭാസ്‌കരന്റെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ട് വുഡ്ലാന്‍ഡ്സിലേക്കു പോന്നു.
അന്നുതന്നെ ട്രെയിനില്‍ ടിക്കറ്റു കിട്ടി. ഇങ്ങോട്ടു പോന്നപ്പോള്‍ പെട്ടിപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞിരുന്നാണ് വന്നതെങ്കിലും തിരിച്ചുപോകാന്‍ കാലത്ത് നാലു ബര്‍ത്തുള്ള ഫസ്റ്റ് ക്ലാസ് കിട്ടി.
ഫസ്റ്റ് ക്ലാസില്‍ ഞങ്ങള്‍ രണ്ടും. വിവാഹം കഴിഞ്ഞതിന്റെ മഹത്തായ നാലാം ദിവസം. എന്റെ മനസ്സാകെ കോരിത്തരിച്ചു; അവളുടെയും. പക്ഷേ, ഭര്‍ത്താവിന് ഭാര്യയിലുള്ള സ്വാതന്ത്ര്യം പ്രകൃതി വിലക്കിയ ദിവസമായിരുന്നു അന്ന്. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയം തണുത്തുവരികയായിരുന്നു. ആറ്റുനോറ്റിരുന്ന സ്വപ്നം സഫലീകൃതമായ, ആഹ്ലാദത്തുള്ളിച്ചയിലായിരുന്നു ഭാര്യ ജമീല. മദിരാശി നഗരം കണ്ടശേഷമുള്ള മടക്കത്തില്‍ നൂറായിരം അനുഭൂതികള്‍ അയവിറക്കുന്നതായി തോന്നി.
ട്രെയിനിന്റെ കിതച്ചുകൊണ്ടുള്ള ഓട്ടം; അവളുടെ ഹൃദയവും അപ്പോള്‍ ഓടുകയായിരിക്കണം മുമ്പോട്ട്. സ്വന്തമായ കുടുംബജീവിതം, കുഞ്ഞുങ്ങള്‍.
അവളുടെ മനോവിചാരങ്ങള്‍ പഠിക്കാന്‍ എനിക്കു വിഷമമുണ്ടായില്ല. ഒരു സിനിമാക്കാരന്റെ ജീവിതവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയുമോ? പക്ഷേ, വിവാഹത്തിനു മുമ്പുള്ള തന്റെ സ്റ്റഡി ക്ലാസ് അവളില്‍ ബോധമുണര്‍ത്തിയിരിക്കണം.
പ്രകൃതി ചെയ്ത വികൃതിയെ മനസാ പഴിച്ച് ഞങ്ങള്‍ ട്രെയിനില്‍ എറണാകുളം ജങ്ഷനിലിറങ്ങി. അവിടുന്ന് കൊടുങ്ങല്ലൂര്‍ക്ക് തിരിച്ചു.
വലിയ വരവേല്‍പ്പായിരുന്നു. ഉമ്മയും പെങ്ങന്മാരും, നേരത്തേ അറിയിച്ചിരുന്നതുകൊണ്ട് പടിപ്പുരവാതിലില്‍ത്തന്നെ കണ്ണുംനട്ട് ഇരിക്കുകയായിരുന്നു.
ഞങ്ങള്‍ ഇറങ്ങിയ കാര്‍ നിര്‍ത്തിയപ്പോള്‍ സ്നേഹവതികളായ സഹോദരികള്‍ ഞങ്ങളെ പൊതിഞ്ഞു. അവിടുന്ന് വീടിന്റെ ഇറയംവരെ പോയത്
സ്നേഹത്തിന്റെ പല്ലക്കിലിരുന്നാണ്.
നാലുദിവസം കഴിച്ചുകൂട്ടി. ഞങ്ങളുടെ ദാമ്പത്യത്തിന്റെ മധുരിമ നുകര്‍ന്ന രാത്രികളായിരുന്നു ആ നാലുനാളും.
ഞാന്‍ ജമീലയെ അവളുടെ വീട്ടില്‍ കൊണ്ടുപോയാക്കി. പോകുമ്പോള്‍ അവള്‍ ചോദിച്ചു: 'ഇനി എന്നാ...'
ആ ചോദ്യത്തിന് ശരിക്കുള്ള ഉത്തരം കൊടുക്കാനില്ലായിരുന്നു. എന്നാണ് ഇനി കാണാന്‍ പറ്റുക; ഒഴുക്കന്‍ മട്ടില്‍ 'ഞാനുടനെ വരില്ലേ' എന്ന മറുചോദ്യം മാത്രമാണ് എന്റെ ചുണ്ടില്‍നിന്നും അടര്‍ന്നുവീണത്.
മദിരാശിയില്‍ തിരക്കിട്ട ഷൂട്ടിങ്. അപ്പോള്‍ വീട്ടില്‍നിന്നും കത്തുവന്നു: 'ജമീല ഗര്‍ഭിണിയായിരിക്കുന്നു.'
വായിച്ചപ്പോള്‍ സന്തോഷം തോന്നി. താനൊരു പിതാവാകുന്നു. ഞാനും ഭാര്യയും അറിയാതെ സംഭവിച്ചതാണിത്. അല്ലെങ്കില്‍ ഇത്ര പെട്ടെന്ന്...
ജമീല അഞ്ചുവര്‍ഷം കഴിഞ്ഞേ പ്രസവിക്കാവൂ എന്ന് ഞാനാശിച്ചിരുന്നു. കാരണം, പുരുഷന് സ്ത്രീയെ മനസ്സിലാക്കാന്‍, പഠിക്കാന്‍ ഈ കാലയളവ് കൂടിയേ തീരൂ; ഭാര്യയ്ക്ക്, ഭര്‍ത്താവിനെ പഠിക്കാനും.
പക്ഷേ, എല്ലാ കാലയളവും ഞങ്ങള്‍ തെറ്റിച്ചുകളഞ്ഞു. അവള്‍ ഗര്‍ഭിണിയുമായി.
അവള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മൂന്നോ നാലോ പ്രാവശ്യം കോഴിക്കോട്ടു പോയി തലകാണിച്ചു പോന്നിട്ടുള്ളതല്ലാതെ, അവളെ സന്തോഷിപ്പിക്കാനോ, സമാധാനിപ്പിക്കാനോ ഒന്നും നേരമുണ്ടായിരുന്നില്ല.
Content Highlights: bahadur 25th death anniversary autobiography njan bahadur excerpt
Published: 22 May 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented