ചരിത്രപ്രസിദ്ധമായ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയില്‍ 1925-ലെ സമ്മേളനനടപടിരേഖകളില്‍നിന്ന് അയ്യങ്കാളി അപ്രത്യക്ഷനായത് എന്തുകൊണ്ടാണെന്നതിന്റെ രേഖാബദ്ധമായ ഒരു അന്വേഷണമാണിത്. ആ അപ്രത്യക്ഷമാകലിനുപിന്നില്‍ ധീരമായ ഒരു നിലപാടുണ്ടായിരുന്നു. ആ നിലപാടിന്റെ ദൃഢതയില്‍നിന്ന് പുതിയ കാലത്തിന് പലതും പഠിക്കാനുണ്ട്.

To advertise here,

തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി അംഗമായിരുന്നത് 1912 മുതല്‍ 1932 വരെയുള്ള 21 കൊല്ലമാണ്. അതിനിടയ്ക്ക് 1925-ലെ സമ്മേളനനടപടിരേഖകളില്‍ അദ്ദേഹത്തെ കാണാത്തത് എന്തുകൊണ്ട്? കേരളത്തില്‍ രണ്ടാമത്തേതെന്ന് കരുതാവുന്ന നിയമസഭാകലാപത്തില്‍, ഒരുകൂട്ടം അംഗങ്ങള്‍ സംഘടിപ്പിച്ച സഭാബഹിഷ്‌കരണത്തില്‍, അദ്ദേഹവും പങ്കെടുത്തോ? സര്‍ക്കാരിനോട് വിനയത്തോടെയും കാര്യമാത്രപ്രസക്തമായും ഇടപെട്ടിരുന്ന ആ ജനനായകനെ ക്ഷോഭിപ്പിക്കാന്‍ എന്താണുണ്ടായത്? അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതികരണമില്ല നമുക്കുമുന്നില്‍. എങ്കിലും രേഖാപരമായ സാഹചര്യത്തെളിവുകള്‍വെച്ച് നോക്കുമ്പോള്‍, അയ്യങ്കാളിയും പങ്കെടുത്തു ആ സമരത്തില്‍ എന്നാണ് കരുതേണ്ടത്.

1904-ല്‍ തുടങ്ങിയ പ്രജാസഭയുടെ 21-ാം വാര്‍ഷികസമ്മേളനമാണ് 1925 മാര്‍ച്ച് ഒമ്പതുമുതല്‍ 13 വരെ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ (ഇന്നത്തെ അയ്യങ്കാളി ഹാള്‍) നടന്നത്. അംഗത്വപട്ടികപ്രകാരം 100 പേരാണ് ഹാജരാകേണ്ടത്. അയ്യങ്കാളിയും മറ്റ് നാല് ദളിത് പ്രതിനിധികളും ഉള്‍പ്പെടെ 23 നോമിനേറ്റഡ് അംഗങ്ങളുമുണ്ട് കൂട്ടത്തില്‍. (Proceedings of the Twenty First Session of the Sri Mulam Popular Assembly of Travancore, 1925 March 9,13:klaproceedings.niyamasabha.org) അംഗങ്ങളില്‍ മിക്കവരും ഒന്നാംദിവസമായ മാര്‍ച്ച് 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് തുടങ്ങിയ സഭയില്‍ ഹാജരുണ്ടായിരുന്നു എന്ന് കരുതാം. സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്മാരും ഓഫീസ് മേധാവികളും സന്നിഹിതരാണ്. പത്രപ്രതിനിധികളുമുണ്ട് ധാരാളം എന്ന് കരുതാം. ദിവാന്‍ ടി. രാഘവയ്യയാണ് അധ്യക്ഷന്‍. അധ്യക്ഷപ്രസംഗം ഉള്‍പ്പെടെയുള്ള ഭരണരേഖകളുടെ ഇംഗ്ലീഷ്, മലയാളം, തമിഴ് കോപ്പികള്‍ മെമ്പര്‍മാര്‍ക്ക് വിതരണംചെയ്തു. സമ്മേളനം  ഉദ്ഘാടനം ചെയ്തശേഷം ദിവാന്‍ ഒരു നീണ്ട അധ്യക്ഷപ്രസംഗം നടത്തി. നാലുപതിറ്റാണ്ടിന്റെ ഭരണത്തിനുശേഷം ഏഴുമാസം മുന്‍പ് 7.8.1924-ന് അന്തരിച്ച മുന്‍ മഹാരാജാവ്  ശ്രീമൂലം തിരുനാള്‍ സര്‍ രാമവര്‍മയുടെ മഹത്ത്വം വാഴ്ത്തി ദിവാന്‍ പുതിയ മഹാരാജാവായി 20.08.1924-ന് െചങ്കോലേറ്റ ബാലനായ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയെയും അദ്ദേഹത്തിനുവേണ്ടി 1.9.1924-ന് റീജന്റ് മഹാറാണിയായി സ്ഥാനമേറ്റ സേതുലക്ഷ്മീ ബായിയെയും സ്തുതിച്ചും 99-ലെ വെള്ളപ്പൊക്കവും 30.03.1924-ന് തുടങ്ങിയ വൈക്കം സത്യാഗ്രഹവും വിസ്തരിച്ചും 1.55-ന് സഭ പിരിഞ്ഞു.

പിറ്റേന്ന്, മാര്‍ച്ച് 10-ന് ഉച്ചയ്ക്ക് 11.30-ന് ദിവാന്റെ അധ്യക്ഷതയില്‍ വീണ്ടും സഭ ചേര്‍ന്നു. ആദ്യമായി അദ്ദേഹം അറിയിച്ചത്, തലേന്നു വൈകീട്ട് 5-ന് കെ.എന്‍. മാധവന്‍ കര്‍ത്തയടക്കം ആറ് സഭാംഗങ്ങള്‍ ചേര്‍ന്ന് തന്റെ വസതിയില്‍ ഏല്‍പ്പിച്ച ഒരു നിവേദനത്തെപ്പറ്റിയാണ്. തലേന്ന് സഭ പിരിഞ്ഞശേഷം ആ ഹാളില്‍ത്തന്നെ ഒരു യോഗം ചേരാന്‍ അവര്‍ക്ക് ദിവാന്‍ അനുവാദം നല്‍കിയിരുന്നു. ആ യോഗത്തിന്റെ തീരുമാനമാണ് വീട്ടില്‍ച്ചെന്ന് അവര്‍ ദിവാനെ ഏല്‍പ്പിച്ചത്. പ്രജാസഭാംഗങ്ങളും തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍(നിയമസഭ) അംഗങ്ങളും തമ്മില്‍ അനാവശ്യമായ ഭേദചിന്ത വളര്‍ത്താന്‍ യാത്രപ്പടി(ടി.എ.) വ്യത്യാസത്തിലൂടെ സര്‍ക്കാര്‍ വഴിയൊരുക്കി എന്ന ആരോപണമാണ് ദിവാന്‍ സഭയില്‍ വായിച്ച പ്രസ്തുത നിവേദനത്തിലുള്ളത്. പ്രജാസഭാംഗങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും താഴെയല്ലെന്നും യാത്രപ്പടിക്കാര്യത്തില്‍ അവരെ രണ്ടാം ഗ്രേഡ് ഉദ്യോഗസ്ഥരുടെ നിലയിലേക്ക് താഴ്ത്തിയെന്നും പറയുന്നു നിവേദകര്‍.

ആ വ്യത്യാസം ഇല്ലാതാക്കി, പിറ്റേന്ന് പതിവുനടപടികള്‍ക്ക് മുമ്പ് സഭയെ അറിയിക്കണമെന്നാണ് അവരുടെ ആവശ്യം. അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍, ഈ സമ്മേളനത്തില്‍ ഇനി പങ്കെടുക്കുന്നത് സഭാംഗങ്ങളുടെ സ്വാഭിമാനത്തിന് നിരക്കാത്തതായിരിക്കുമെന്നും തങ്ങളുടെ യോഗതീരുമാനങ്ങളുടെ ഒരു കോപ്പി മഹാറാണി തിരുമനസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് അയക്കാന്‍, യോഗാധ്യക്ഷനായ മാധവന്‍ കര്‍ത്തയെ ഏല്‍പ്പിച്ചതായും പറയുന്നുണ്ട് നിവേദനത്തില്‍. നിവേദനത്തിലെ ആരോപണങ്ങള്‍ ദിവാന്‍ ഒന്നൊന്നായി സഭയില്‍ വിലയിരുത്തി. 20 കൊല്ലംമുന്‍പ് ഈ അസംബ്ലി നിലവില്‍ വന്നതുമുതല്‍, ഇതിലെ അംഗങ്ങളും നിയമസഭാംഗങ്ങളും തമ്മില്‍ യാത്രപ്പടിയുടെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. നിയമസഭയാണ് ഇതില്‍ പഴക്കമേറിയ സ്ഥാപനം.

placeholder
ചിത്രീകരണം: പ്രദീപ്കുമാര്‍ ബി.എസ്.

ഈ രണ്ട് സഭകളില്‍ ഒന്നിന് മറ്റേതിനെക്കാള്‍ മേന്മയുണ്ടെന്ന് സര്‍ക്കാര്‍ പറയാന്‍ ഉദ്ദേശിക്കയോ പറയാന്‍ ശ്രമിക്കയോ ചെയ്തിട്ടില്ല ഒരിക്കലും. ഒരേ ആദരത്തോടെയാണ് രണ്ട് സഭകളെയും സര്‍ക്കാര്‍ കണക്കാക്കുന്നത്. ഒരേ പരിഗണനയാണ് രണ്ട് സഭകളിലും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കു നല്‍കുന്നത്. അതേസമയം, രണ്ടുസഭകളുടെയും ഭരണഘടന തികച്ചും വ്യത്യസ്തമാണ്. കൃത്യമായ നിയമപരമായ (നിയമനിര്‍മാണം) ചുമതലയാണ് നിയമസഭയ്ക്കുള്ളത്.

പ്രജാസഭയാകട്ടെ, സര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിക്കയാണു ചെയ്യുന്നത്. എന്നുവെച്ച് അത് പ്രജാസഭയെ നിയമസഭയെക്കാള്‍ ചെറുതാക്കുന്നില്ല. പദവിയുടെ പ്രശ്‌നം ഉദിക്കുന്നേയില്ല ഇവിടെ. പ്രജാസഭാംഗങ്ങള്‍ക്ക് ദിവസ ബത്തയായി രണ്ടുരൂപയും യാത്രയ്ക്ക് മൈല്‍ ഒന്നിന് 8 ചക്രവുമാണ് 1922 വരെ നല്‍കിയിരുന്നത്. ഇത് തഹസില്‍ദാരുമാരുടെയും അസിസ്റ്റന്റ് സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നിരക്കായിരുന്നു. അതേസമയം, ആ ഉദ്യോഗസ്ഥര്‍ക്ക് തീവണ്ടി യാത്രയുടെ ഇനത്തില്‍ രണ്ടാം ക്ലാസ് നിരക്കിന്റെ ഇരട്ടി മാത്രവും പ്രജാസഭാംഗങ്ങള്‍ക്ക് ഒന്നാംക്ലാസ് നിരക്കിന്റെ ഇരട്ടിയുമാണ് നല്‍കിയിരുന്നത്.

(8.7.1920) ഞാന്‍ ദിവാനായി വന്നശേഷം, ദിനബത്തയും യാത്രപ്പടിയും മതിയായതല്ല എന്ന പരാതി കിട്ടി (1922ല്‍ പ്രജാസഭാംഗങ്ങള്‍ക്കു ലഘുഭക്ഷണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി). പിന്നെ ഞാന്‍ ദിനബത്ത 4 രൂപയും യാത്രപ്പടിമൈലേജ് 14 ചക്രവുമായി ഉയര്‍ത്തി. അതായത്, ഡിവിഷന്‍ അസിസ്റ്റന്റുമാരുടെയും ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെയും റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിരക്കിനോട് ഏകദേശം സമാനമാക്കി (പഴയ ചട്ടങ്ങളനുസരിച്ച് ഒന്നാം ക്ലാസ് ഉദ്യോഗസ്ഥര്‍ക്കാണ് 4 രൂപ ദിനബത്തയും മൈലേജ് 14 ചക്രവും ഒന്നാം ക്ലാസ് തീവണ്ടി നിരക്കിന്റെ ഇരട്ടിയും കിട്ടിയിരുന്നത്. എന്നാല്‍, ദിനബത്ത 5 രൂപയും അതിനുമേലും കിട്ടിയിരുന്ന ഒരു പ്രത്യേക വിഭാഗം ഉദ്യോഗസ്ഥരുമുണ്ടായിരുന്നു). ഇതിനകം ഞാന്‍ പറഞ്ഞതുപോലെ, 1922 മുതല്‍ പ്രജാസഭാംഗങ്ങള്‍ക്ക് ദിനബത്ത 4 രൂപയും മൈലേജ് 14 ചക്രവും ഒന്നാം ക്ലാസ് തീവണ്ടി നിരക്കിന്റെ ഇരട്ടിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍, മിതവ്യയത്വവും ഐകരൂപ്യവും പാലിക്കാന്‍ ചട്ടങ്ങള്‍ പുതുക്കി. ഒന്നാം ക്ലാസ് ഉദ്യോഗസ്ഥര്‍ എന്നുവിളിച്ചിരുന്നവരെ രണ്ടാം ക്ലാസ് ഉദ്യോഗസ്ഥരെന്ന് വിളിക്കും. ഇത് സാങ്കേതിക ഭാഷയിലെ മാറ്റംമാത്രമാണ്. ദിനബത്ത നാലുരൂപതന്നെ. മൈലേജ് 11 ചക്രമാക്കി. രണ്ടാം ക്ലാസ് തീവണ്ടിനിരക്കിന്റെ ഇരട്ടി കിട്ടും അവര്‍ക്ക്. ആ യാത്രപ്പടിതന്നെയാണ് പുതിയ ചട്ടങ്ങള്‍ പ്രകാരം പ്രജാസഭാംഗങ്ങള്‍ക്കും നല്‍കുന്നത്. മൈലേജ് 14 ചക്രത്തില്‍നിന്ന് 11 ചക്രമായും തീവണ്ടിക്കൂലി ഒന്നാം ക്ലാസിന്റെ ഇരട്ടിയില്‍നിന്ന് രണ്ടാം ക്ലാസിന്റെ ഇരട്ടിയായും കുറച്ചെന്നത് നേരാണ്. ഇത്തരം കുറയ്ക്കല്‍ അസാധാരണമല്ല (മറ്റു രാജ്യങ്ങളിലുമുണ്ട്).

നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് 19.1.1925ന്റേതാണ്. 6 ആഴ്ചകളോളം മുന്‍പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതാണ്. ആ ചട്ടം ശരിയല്ലെന്നുതോന്നുന്ന മെമ്പര്‍മാര്‍ക്ക് അത് യഥാസമയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമായിരുന്നു. അതിനുപകരം ഇപ്പോള്‍ പ്രസ്തുത മെമ്പര്‍മാര്‍, 18 മണിക്കൂറിനകം മറുപടി കിട്ടണമെന്ന് സര്‍ക്കാരിന് അന്ത്യശാസനം നല്‍കുന്ന ഈ നിവേദനം ഇന്നലെ വൈകീട്ട് അഞ്ചിന് എന്റെ കൈയില്‍ വെച്ചുതരുകയാണ് ചെയ്തത്. ഇത് സര്‍ക്കാരിനോട് ആദരത്തോടെയുള്ള പെരുമാറ്റമല്ല. ഇത് കുറച്ച് ആലോചിക്കേണ്ട വിഷയമാണ്. 

മിസ്റ്റര്‍ കെ.എന്‍. മാധവന്‍ കര്‍ത്ത: മഹാരാജര്‍ഷിയായിരുന്ന ഞങ്ങളുടെ പൊന്നുതമ്പുരാന്‍ തിരുമേനിയുടെ നാമധേയത്തെ നിലനിര്‍ത്താനും അവിടത്തെ പ്രജകളായ ഞങ്ങളുടെ സങ്കടങ്ങള്‍ നേരിട്ടുകേള്‍പ്പിക്കാനുമായി ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ള ഈ സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ അവിടത്തെ കാണുവാന്‍വന്നുവെന്നല്ലാതെ അവിടത്തെ ബുദ്ധിമുട്ടിക്കുന്നതിനോ നിര്‍ബന്ധപ്പെടുത്തുന്നതിനോ അല്ല ഞങ്ങള്‍ അവിടെ വന്നത് (ഹസ്തതാഡനം)... സാധാരണ നോണ്‍ അഫീഷ്യല്‍ മെമ്പര്‍മാര്‍ക്കുള്ള ഡബിള്‍ ഫസ്റ്റ് ക്ലാസ് റെയില്‍വേ ചാര്‍ജും 14 ചക്രംവീതം മൈലേജും ഞങ്ങള്‍ കഴിഞ്ഞയാണ്ടില്‍ വാങ്ങീട്ടുണ്ട്. കഴിഞ്ഞ ആണ്ടത്തെപ്പോലെ ഞങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കെ, അതുപോലെ ഞങ്ങളോട് ഇയ്യാണ്ടും പെരുമാറും എന്നുള്ള ഉത്തമവിശ്വാസത്തിന്മേലാണ് ഞങ്ങള്‍ അവിടത്തെ മുമ്പാകെ വന്നിട്ടുള്ളത്. ഏതായാലും, അവിടന്നു കുറുപ്പുകേസിനേ സംബന്ധിച്ചു 2500 രൂപാപോലം ഒരു വക്കീലിനു കൊടുക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. അവിടത്തെ അഡ്രസില്‍ (ഇന്നലത്തെ അധ്യക്ഷപ്രസംഗത്തില്‍), ലാന്‍ഡ് റിക്കാര്‍ഡ് മെയിന്റനന്‍സ് സംബന്ധമായുള്ള റൂളുകളില്‍ 35-ാം വകുപ്പില്‍ പറയുന്നതുപോലെ ചെയ്തിട്ടുള്ള വേല മുഴുവനും നഷ്ടമാണ്. 100 നു 90 ഉം രണ്ടാമതു ഭേദപ്പെടുത്തേണ്ടിവരും എന്നറിയുന്നു. ഈ വകയില്‍ 8 ലക്ഷം രൂപാനഷ്ടമാണ് വന്നിട്ടുള്ളത്. 

ദിവാന്‍: ഈ സഭയിലെ അംഗങ്ങളോടു ഞാന്‍ ബഹുമാനം കാണിച്ചില്ലെന്ന് മി. കര്‍ത്തയുടെ വായില്‍നിന്നുവന്നതിലും സഭ അത് കൈയടിച്ചംഗീകരിച്ചതിലും ഞാന്‍ ഖേദിക്കുന്നു.
മി. സി.പി. മാത്തന്‍: ഞങ്ങളത് ആവര്‍ത്തിക്കുന്നു.
ദിവാന്‍: എങ്കില്‍, എന്റെ അധികാരം പ്രയോഗിക്കേണ്ടതല്ലേയെന്ന് എനിക്ക് ആലോചിക്കണം. 
മി. കണക്ക് തമ്പി മാര്‍ത്താണ്ഡന്‍ പദ്മനാഭന്‍: ഏതായാലും ഞങ്ങള്‍ക്കു പണത്തെ സംബന്ധിച്ചു വലുതായ സങ്കടമില്ല. 50 രൂപ കരം തീരുവയുള്ളവരെയും 2000 രൂപ ആദായനികുതി കൊടുക്കുന്നവരെയും ബി.എ. പാസായി 10 കൊല്ലം പഴക്കം ഉള്ളവരെയുമാണ് ഇവിടെ തിരഞ്ഞെടുത്തയച്ചിട്ടുള്ളത്. നിയമനിര്‍മാണസഭയിലുള്ളപോലെ അഞ്ചുരൂപ കരം തീരുവയുള്ളവരെയോ ഒരുരൂപ വീട്ടുകരം കൊടുക്കുന്നവരെയോ ബി.എ. പാസായ ഉടനെ വോട്ടുചെയ്തിട്ടുള്ളവരെയോപോലെ അല്ല ഈ ഇരിക്കുന്ന മാന്യന്മാരെല്ലാവരും (ഹസ്തതാഡനം). ഇവിടെ നോക്കുകയാണെങ്കില്‍ 2000 രൂപയില്‍ കുറവായ ആദായനികുതി കൊടുക്കുന്നവരും 50 രൂപയില്‍ കുറവായി കരംകൊടുക്കുന്നവരും ഈകൂട്ടത്തില്‍ കാണുകയില്ല (അയ്യങ്കാളിയും മറ്റു സാധുജനപ്രതിനിധികളും ഇദ്ദേഹത്തിന്റെ കണ്ണില്‍പ്പെടുന്നുണ്ടാവില്ല!). .... ഞങ്ങളെ ലെജിസ്ലേറ്റീവു കൗണ്‍സില്‍ മെമ്പര്‍മാരുമായി താരതമ്യപ്പെടുത്തീട്ടാവശ്യമില്ല. ഞങ്ങളുടെ അപേക്ഷയ്ക്ക് ഒരുതീരുമാനം ഉണ്ടാവുന്നതുവരെ ഞങ്ങളില്‍ആരുംതന്നെ ഈ സഭായോഗത്തില്‍ പങ്കുകൊള്ളാന്‍ തയ്യാറില്ല (ഹീയര്‍, ഹീയര്‍).

ദിവാന്‍: പെട്ടെന്ന് ഒരു തീരുമാനം പറയാന്‍ എനിക്ക് കഴിയില്ല.
മി. കര്‍ത്ത: യോഗം നിര്‍ത്തിവച്ചേക്കുക; പ്രശ്‌നം തീരുമാനമാകുംവരെ ഞങ്ങള്‍ ഇവിടെത്തന്നെ തുടരും. 
ദിവാന്‍: വിഷയം മഹാറാണി തീരുമനസ്സിനുമുന്നില്‍ വയ്ക്കേണ്ടതുണ്ട്.
മി. കര്‍ത്ത: ഞങ്ങള്‍ നാളെ 11-ന് വരും.
ഈ ഘട്ടത്തില്‍ അനേകം അംഗങ്ങള്‍ ഹാള്‍ വിട്ടുപോയി. 13 അംഗങ്ങള്‍ ശേഷിച്ചു 12.20-ന് (.....) തുടര്‍ന്ന് അവരില്‍നിന്നുള്ള നിവേദനങ്ങള്‍ ഒന്നൊന്നായി സ്വീകരിച്ചുതുടങ്ങി ദിവാന്‍. സഭായോഗം 4.45-ന് പിരിഞ്ഞു, പിറ്റേന്ന് 11.30-ന് കൂടാനായി.
11.3.1925-ന് 11.35-ന് സഭതുടങ്ങി. ആകെ 11 അംഗങ്ങളാണ് നിവേദന/പ്രസംഗങ്ങള്‍ നടത്തിയത്. ഇന്നലെ ദിവാനോടു സഹകരിച്ച് ഒടുവില്‍ സഭാനടപടികളില്‍ പങ്കെടുത്ത 13 പേരില്‍പ്പെടാത്ത അഞ്ച് പുതിയ അംഗങ്ങളുമുണ്ട് ആക്കൂട്ടത്തില്‍. 5.10-ന് സഭപിരിഞ്ഞു.
12-നു 11.30-ന് സഭതുടങ്ങി. ദിവാന്റെ മുന്നില്‍ നിവേദനം/പ്രസംഗങ്ങള്‍ നടത്താനായി വെറും മൂന്നുപേരേയുണ്ടായിരുന്നുള്ളൂ. ഒരാള്‍ പുതിയതാണ്. 1.42-ന് സഭ പിരിഞ്ഞു.

സമ്മേളനദിവസങ്ങള്‍ അഞ്ചായി വെട്ടിക്കുറച്ചതാണെന്ന് വ്യക്തം (കഴിഞ്ഞകൊല്ലം 14 ദിവസമാണ് സഭ ചേര്‍ന്നത്) പങ്കെടുക്കാന്‍ കൂടുതല്‍ അംഗങ്ങള്‍ തയ്യാറായില്ല എന്നും ഊഹിക്കാം. അഞ്ചു ദിവസങ്ങള്‍ക്കകം നടന്ന നാലുദിനയോഗങ്ങളാലായി 17 അംഗങ്ങള്‍ മാത്രമാണ് വിഷയങ്ങള്‍ അവതരിപ്പിച്ചത് (ഹാജരായതും?). 100 അംഗങ്ങളുള്ള ഒരു ജനകീയ പ്രതിനിധിസഭയില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം അലയടിച്ചതിന്റെ ശക്തിയെത്രയെന്നാണ് ഇതുതെളിയിക്കുന്നത്. സര്‍ക്കാര്‍ താത്പര്യപ്പെട്ട് നോമിനേഷനിലൂടെ അംഗങ്ങളാക്കിയ 23 പേരില്‍ മൂന്നുപേര്‍മാത്രമേ വിഷയാവതരണത്തിനായി സഭയിലെത്തിയുള്ളൂ. ദളിത് വിഭാഗത്തിലെ അയ്യങ്കാളിയും മറ്റുനാലുപേരും അടക്കം 20 പേര്‍ സഭവിട്ടുനിന്നു. 

സ്വന്തം ജനങ്ങളുടെ ദുരിതങ്ങള്‍ സര്‍ക്കാരിനുമുന്നിലെത്തിക്കാന്‍ അവസരം കിട്ടുന്ന പ്രജാസഭാ സമ്മേളനങ്ങള്‍ അയ്യങ്കാളിയും മറ്റും അന്നോളം പാഴാക്കിയിട്ടില്ല. അവരെപ്പോലും സഭാ ബഹിഷ്‌കരണത്തിനു നിര്‍ബന്ധിച്ചെങ്കില്‍ പ്രശ്നം എത്ര തീവ്രമായിരുന്നു എന്ന് ഊഹിക്കാം. സര്‍ക്കാരിന്റെ സൗമനസ്യത്താല്‍മാത്രംകിട്ടുന്ന പ്രജാസഭാ നോമിനേറ്റഡ് അംഗത്വമായിട്ടുപോലും ഒരു പൊതുരാഷ്ട്രീയ മുദ്രവാക്യത്തെ പിന്തുണയ്ക്കാന്‍ മടിച്ചില്ല അവര്‍ എന്നതിന് വലിയ പ്രാധാന്യമുണ്ട്, പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ആ തുടക്കകാലത്ത്. വെറും യാത്രപ്പടിക്കാര്യത്തില്‍ ഒതുങ്ങുന്നതല്ല പ്രക്ഷോഭകരുടെ രോഷമെന്ന് വ്യക്തമാക്കുന്നുണ്ട്, സര്‍ക്കാരിന്റെ സാമ്പത്തിക ദുര്‍നയങ്ങള്‍ക്കുനേരെ അവര്‍ ഉയര്‍ത്തിയ വിമര്‍ശനം. ഏതായാലും, ജനപ്രിയനല്ലാതിരുന്ന ദിവാന്‍ ടി. രാഘവയ്യയുടെ കാലാവധി 18.05.1925-ന് അവസാനിക്കുകയും എം.ഇ. വാട്സ് പുതിയ ദിവാനായി സ്ഥാനമേല്‍ക്കുകയും ചെയ്തു.