
കേരളം കണ്ട രണ്ടു മഹതികളാണ് -എ.വി. കുട്ടിമാളു അമ്മയും നാലപ്പാട്ട് ബാലാമണിയമ്മയും. തങ്ങളുടെ കര്‍മരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണവര്‍. കുട്ടിമാളു അമ്മ രാഷ്ട്രീയ-സാമൂഹിക രംഗത്തും ബാലാമണിയമ്മ സാഹിത്യരംഗത്തും. അവര്‍ രണ്ടുപേരോടും മാതൃനിര്‍വേശമായ സൗഹൃദം ഞാന്‍ പുലര്‍ത്തിയിട്ടുണ്ട്. അവരിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.
രണ്ടുപേരും ഏകദേശം സമപ്രായക്കാരാണ്. വെള്ള ഖാദി വേഷ്ടിയും മുണ്ടുമാണ് അവര്‍ രണ്ടുപേരും ധരിച്ചിരുന്നത്. കുട്ടിമാളു അമ്മയുടെ ഭര്‍ത്താവ് കോഴിപ്പുറത്ത് മാധവമേനോന്‍ കോണ്‍ഗ്രസിന്റെ സമുന്നതനേതാവും അവിഭക്ത മദ്രാസ് സംസ്ഥാനത്തില്‍ മന്ത്രിയുമായിരുന്നു. സജീവരാഷ്ട്രീയം വിട്ടശേഷം അദ്ദേഹം കോഴിക്കോട്ട് പന്നിയങ്കരയിലെ 'മുക്തി'യില്‍ മാതൃഭൂമിയുടെ ജോയന്റ് മാനേജിങ് ഡയറക്ടര്‍ പദവിയും സ്വീകരിച്ച് താമസം ഉറപ്പിച്ചു. ബാലാമണിയമ്മയുടെ ഭര്‍ത്താവ് വടേക്കര മാധവന്‍ നായര്‍ എന്ന വി.എം. നായര്‍ കല്‍ക്കത്തയിലെ ഒരു വിദേശകമ്പനിയില്‍ ഉന്നതപദവി വഹിച്ചയാളാണ്. അദ്ദേഹവും വിരമിച്ചശേഷം മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായി കോഴിക്കോട്ട് താമസം തുടങ്ങി.
കുട്ടിമാളു അമ്മയ്ക്കും ബാലാമണിയമ്മയ്ക്കും നാലുമക്കളാണുണ്ടായിരുന്നത്, രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. എനിക്കുതോന്നുന്നു, കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയദമ്പതികള്‍ മാധവമേനോനും കുട്ടിമാളു അമ്മയുമായിരുന്നുവെന്ന്, പിന്നീട് പലരും ഉണ്ടായിട്ടുണ്ടെങ്കിലും. ഓപ്പ എന്നാണ് മാധവമേനോനടക്കം എല്ലാവരും കുട്ടിമാളു അമ്മയെ വിളിച്ചിരുന്നത്. അവരുടെ വീട്ടിലെ തീന്‍മുറിയില്‍ അവിടത്തെ ജോലിക്കാരും ഡ്രൈവര്‍മാരും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കണമെന്നത് മാധവമേനോന് നിര്‍ബന്ധമായിരുന്നു. അതിഥികളായി എത്തുന്നവരുടെ ഡ്രൈവര്‍മാര്‍ക്കും ഇതില്‍ പങ്കെടുക്കാമായിരുന്നു. മാധവമേനോനും കുട്ടിമാളു അമ്മയും കാറില്‍പ്പോകുമ്പോള്‍ എത്ര സ്പീഡിലായാലും അതായിരുന്നു അവര്‍ക്ക് ഇഷ്ടം. മെല്ലെയാണ് പോകുന്നതെങ്കില്‍ കാളവണ്ടിയാണോ ഇത് എന്നു ചോദിക്കും. ഡ്രൈവര്‍മാര്‍ക്ക് അതു കേള്‍ക്കുന്നത് നല്ല രസമായിരുന്നു.
വിവാഹശേഷമാണ് കുട്ടിമാളു അമ്മ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ഒന്നിലധികംതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍, ജനിച്ച് അധികദിവസമാകാത്ത കൈക്കുഞ്ഞുമായാണ് അവര്‍ ജയിലിലേക്കുപോയത്. അത് അന്ന് പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പല സംസ്ഥാനത്തുനിന്നുള്ളവരുമായി ജയിലില്‍വെച്ച് പരിചയവും ഇടപഴകലും ഉണ്ടായതുകൊണ്ടായിരിക്കാം ഇംഗ്ലീഷും മലയാളവും കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നല്ലപോലെ സംവദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. രാഷ്ട്രീയത്തിലെന്നപോലെ സാമൂഹികക്ഷേമരംഗത്തും കുട്ടിമാളു അമ്മയുടെ പ്രവര്‍ത്തനം സജീവമായിരുന്നു.
അവരുടെയും കുടുംബസുഹൃത്ത് കെ.എന്‍. കുറുപ്പിന്റെയും ശ്രമഫലമായാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ അനാഥമന്ദിരം സ്ഥാപിതമായത്. അശരണര്‍ക്കും നിരാലംബര്‍ക്കും പരിചരിക്കാന്‍ ആരുമില്ലാത്ത അനാഥര്‍ക്കും വിധവകള്‍ക്കും അവിവാഹിതരായ അമ്മമാര്‍ക്കും അഭയമായിരുന്നു ആ അനാഥമന്ദിരം. വിധവകളുടെയും അവിവാഹിതരായ അമ്മമാരുടെയും മക്കളെ സ്‌കൂളിലയച്ച് പഠിപ്പിക്കാന്‍ അനാഥാലയ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. അവിടെനിന്ന് പഠിച്ച ഈ കുട്ടികള്‍ പിന്നീട് ഉന്നതപദവികളില്‍ എത്തിയതായറിയാം. അങ്ങനെ ഒരാളെ ഒരു യോഗത്തില്‍വെച്ച് ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്.

ഫോട്ടോ: മാതൃഭൂമി
സര്‍ക്കാരിന്റെയും ഉദാരമതികളായ ധനികരുടെയും ദിവസേനയെന്നോണം നടക്കുന്ന അന്നദാനങ്ങളുടെയും വരുമാനംകൊണ്ട് ഈ അനാഥാലയത്തിന്റെ പ്രവര്‍ത്തനം സാമാന്യം നല്ലനിലയില്‍ നടക്കുന്നുണ്ട്. മരണംവരെ അവര്‍ മാതൃഭൂമി ഡയറക്ടറുമായിരുന്നു. 1971ല്‍ ഇന്ത്യ-പാക് യുദ്ധകാലത്ത് മുറിവേറ്റ ഭടന്മാര്‍ക്ക് മരുന്ന് വളരെയധികം ആവശ്യമായിരുന്നു. അതിനുവേണ്ട സഹായം ആവശ്യപ്പെടുന്നതിനായി ജവാന്‍ വെല്‍ഫെയര്‍ ഫണ്ട് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അതിന്റെ ആഭിമുഖ്യത്തില്‍ കുട്ടിമാളു അമ്മ നേതൃത്വംകൊടുത്ത് കോഴിക്കോട്ടെ സ്ത്രീസംഘടനകള്‍ സ്വകാര്യആശുപത്രികളെയും മരുന്നുകമ്പനികളെയും സമീപിച്ചു. ഞാനും അതിലൊരംഗമായിരുന്നു. നല്ല പ്രതികരണമാണ് മരുന്നുകമ്പനികളില്‍നിന്നും സ്വകാര്യ ആശുപത്രികളില്‍നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത്. വലിയ മരുന്നുശേഖരംതന്നെ സംഭരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. സൈനിക ആസ്ഥാനത്തില്‍നിന്ന് ഈ പ്രവര്‍ത്തനത്തിന് നല്ല അംഗീകാരമാണ് ലഭിച്ചത്.
കുട്ടിമാളു അമ്മയുടെ മറ്റൊരുമുഖം ഞാനോര്‍ക്കുന്നു. പാലക്കാട്ട് ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍വരുമ്പോള്‍ വീട്ടിലെ കുളത്തില്‍ ഞങ്ങളോടൊപ്പം നീന്തിക്കുളിക്കാന്‍ അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അതുപോലെ ചീട്ടുകളിയില്‍ റമ്മികളിക്കാനും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍, എന്റെ വീട്ടില്‍ താമസിക്കാന്‍വന്നപ്പോള്‍ എന്റെ മകള്‍ ശോഭനയായിരുന്നു അവര്‍ക്ക് റമ്മികളിയിലെ കൂട്ടുകാരി. പിന്നീട് അവള്‍ പറയുകയുണ്ടായി, കളിയില്‍ വല്യമ്മയ്ക്ക് എപ്പോഴും ജയിക്കണം. അതുകൊണ്ട് ഞാന്‍ വിട്ടുകൊടുക്കുകയായിരുന്നു. അവര്‍ രണ്ടുപേരും റമ്മികളിക്കുന്ന രംഗം ഇന്നും ഞാനെന്റെ മനസ്സില്‍ കാണുന്നു.
അതുപോലെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച 'Mills and Boon'-ന്റെ നോവലുകള്‍ വായിക്കാന്‍ അവര്‍ സമയംകണ്ടെത്തിയിരുന്നു. അതുകൊണ്ട് അവരുടെ ഹാന്‍ഡ്ബാഗില്‍ അത്തരത്തിലുള്ള രണ്ടോ മൂന്നോ നോവലുകളുണ്ടാവുക പതിവാണ്. എന്റെ ഭര്‍ത്താവും അവരുടെ മൂത്തമകന്‍ കേണല്‍ അച്യുതനും മദിരാശി ലോ കോളേജില്‍ കുറച്ചുകാലം സഹപാഠികളായിരുന്നു. ആ സൗഹൃദം രണ്ടുപേരും മറന്നില്ല. അന്ത്യകാലം രോഗാവസ്ഥയില്‍ കിടക്കാതെയാണ് അവര്‍ മരിച്ചത്, 1985-ല്‍.
ശാന്തപ്രകൃതവും സൗമ്യഭാവവും മൃദുഭാഷിണിയുമായിരുന്നു ബാലാമണി അമ്മ. എന്നാല്‍, അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ശക്തിയുക്തം തന്റെ നിലപാടിനെ ന്യായീകരിക്കുമായിരുന്നു. അപ്പോള്‍ മാത്രമാണ് ഉച്ചത്തില്‍ അവരുടെ ശബ്ദം കേട്ടിരുന്നത്. തന്റെ ഭാര്യയുടെ കവിതാരചനയ്ക്ക് ഭംഗംവരാതിരിക്കാന്‍ വീട്ടമ്മയുടെ ചുമതലയില്‍നിന്ന് അവരെ വി.എം. നായര്‍ ഒഴിവാക്കിയിരുന്നു. ഭാവനയുടെ വിഹായസ്സിലേറി അവരുടെ കവിതകള്‍ പുറംലോകത്തേക്കും വന്നുതുടങ്ങി. മലയാളസാഹിത്യലോകം ആ സര്‍ഗാത്മകതയ്ക്ക് വലിയ വരവേല്‍പ്പാണ് നല്‍കിയത്.
കവിതകളുടെ പ്രസിദ്ധീകരണം മാസികകളിലും പുസ്തകങ്ങളിലുമായിവന്നത് ഭര്‍ത്താവ് വി.എം. നായരുടെ പൂര്‍ണപിന്തുണയും പ്രോത്സാഹനവും കൊണ്ടാണ്. അതില്ലായിരുന്നെങ്കില്‍ ബാലാമണിയമ്മ എന്ന കവയിത്രി അറിയപ്പെടില്ലായിരുന്നു. കവയിത്രിയായ ബാലാമണിയമ്മയുടെ ഭര്‍ത്താവ് എന്നറിയപ്പെടുന്നതില്‍ വി.എം. നായര്‍ക്ക് സന്തോഷവും അഭിമാനവുമായിരുന്നു. വി.എം. നായര്‍ ബാലാമണിയമ്മയെ കുട്ടി എന്നാണ് വിളിച്ചിരുന്നത്. ഒരു കുട്ടിയെപ്പോലെ അദ്ദേഹം അവരെ പരിപാലിക്കുകയും ചെയ്തു.
ബാലാമണിയമ്മയെക്കുറിച്ച് ബോംബെയില്‍നിന്ന് ഇറങ്ങുന്ന വനിതാമാസികയായ ഫെമിനയില്‍ ഒരു ജീവിതക്കുറിപ്പ് ഞാനെഴുതിയിരുന്നു. അത് വായിച്ച് ബാലാമണിയമ്മയും വി.എം. നായരും അവരുടെ സന്തോഷവും അഭിനന്ദനവും എന്നെ അറിയിച്ചതും ഞാനോര്‍ക്കുന്നു. അവരുടെ മകന്‍ മോഹന്‍ദാസിന് ഇറാനില്‍ വലിയൊരു ഉദ്യോഗം കിട്ടി പോകാനൊരുങ്ങി. കൂടെ ഭാര്യയും മൂത്തപുത്രനുമുണ്ടായിരുന്നു. വയസ്സുതികയാത്ത രണ്ടാമത്തെ മകനെ കൂടെക്കൊണ്ടുപോകാന്‍ എന്തോ തടസ്സമുണ്ടായതിനാല്‍ ഉദ്യോഗം സ്വീകരിക്കണമോ എന്ന സംശയത്തിലായിരുന്നു ഡോ. മോഹന്‍ദാസ്. ബാലാമണിയമ്മയിലെ അമ്മ മകന്റെ നല്ലഭാവിക്കുവേണ്ടി ആ കുട്ടിയെ താന്‍ വളര്‍ത്താമെന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ച് യാത്രയാക്കി. പിന്നെ ആ കുട്ടിയെ വളര്‍ത്തുന്നതിലാണ് അവരുടെ ശ്രദ്ധമുഴുവന്‍ ഉണ്ടായിരുന്നത്. ബാലാമണിയമ്മയുെട മകന്‍ എന്നാണ് പലരും മാധവചന്ദ്രന്‍ എന്ന കുട്ടിയെപ്പറ്റി പറയാറ്. ബാലാമണിയമ്മയിലെ കവയിത്രി ബാലാമണിയമ്മയിലെ അമ്മയ്ക്ക് വഴങ്ങേണ്ടിവന്ന അവസരമായിരുന്നു അത്.
എന്റെ ചെറിയമ്മയുടെ പേരമകന്‍ ഡോ. മോഹന്‍ദാസിന്റെ വീട്ടില്‍ച്ചെന്നാണ് അവന്റെ ഭാവിവധുവിനെ ആദ്യം കാണുന്നത്. ആ കുട്ടിയുടെ അച്ഛനും മോഹന്‍ദാസും ഉറ്റസുഹൃത്തുക്കളായിരുന്നു. അന്ന് ബാലാമണിയമ്മ അവിടെയുണ്ടായിരുന്നു. ആ കൂടിക്കാഴ്ചയെയും അതിന്റെ പരിണതഫലത്തെയും അറിയാന്‍ ഏതൊരു സ്ത്രീയെയുംപോലെ അവര്‍ കാണിച്ച ആകാംക്ഷയും ഔത്സുക്യവും ഞാനിന്നും ഓര്‍ക്കുന്നു.

ഫോട്ടോ: മാതൃഭൂമി
ബാലാമണിയമ്മ ജീവിച്ചിരുന്ന സമയത്താണ് അവരുടെ മകന്‍ ഡോ. മോഹന്‍ദാസ് മരിച്ചത്. ആ നിശ്ചലദേഹത്തിനരികില്‍ സംയമനം പാലിച്ച് സമചിത്തത കൈവിടാതെയിരിക്കുന്ന ആ അമ്മയെ ഞാനോര്‍ക്കുന്നു. ഒരുപേക്ഷ, ഈ സീമന്തപുത്രന്‍ ജനിച്ചപ്പോള്‍ ആദ്യമായി അമ്മയായ സന്തോഷാധിക്യത്താല്‍ അവര്‍ രചിച്ച അമ്മ എന്ന കവിതയിലെ മധുരോദാരമായ വരികളില്‍ ആ ശിശുവിന്റെ ചേഷ്ടകളെ, പ്രത്യേകിച്ച് കൈയും കാലും ഇളക്കിക്കളിക്കുന്ന കുട്ടിയെയും ഇപ്പോള്‍ ചേതനയറ്റ് കിടക്കുന്ന പുത്രനും തമ്മിലുള്ള അന്തരം അവരെ എത്രമാത്രം തീവ്രദുഃഖത്തിലാഴ്ത്തിയിരിക്കാമെന്ന് ഊഹിക്കാം. പിന്നീട്, സമാനദുഃഖം അനുഭവിച്ച ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നു.
അവസാനകാലത്ത് മറവിരോഗം ബാലാമണിയമ്മയെ പിടികൂടിയിരുന്നു. ഒരിക്കല്‍ ഞാനും ചെറിയമ്മയും തിരുവനന്തപുരത്തു പോയപ്പോള്‍ അന്ന് അവിടെ മകള്‍ കമലാദാസും (പ്രസിദ്ധ സാഹിത്യകാരി മാധവിക്കുട്ടി) ഭര്‍ത്താവ് മാധവദാസും താമസിച്ചിരുന്ന ശാസ്തമംഗലത്തെ വീട്ടില്‍ അവരോടൊപ്പം താമസിച്ചിരുന്ന ബാലാമണിയമ്മയെ കാണാന്‍ചെന്നു. ഞങ്ങളെക്കണ്ട ഉടനെ അവര്‍പറഞ്ഞത്: ''അയ്യോ എനിക്ക് ഇവരെ നല്ലപോലെ അറിയാം, പക്ഷേ, ആരാണെന്നും പേരും ഓര്‍മയില്ല'' എന്നാണ്. അതുകേട്ട് ഞങ്ങള്‍ അതിദുഃഖിതരായി. പിന്നെ എറണാകുളത്ത് കനിഷ്ഠപുത്രി ഡോ. സുലോചനയോടൊപ്പം താമസിച്ചിരുന്ന അവരെ ആ വീട്ടില്‍പ്പോയപ്പോള്‍ അടുത്തുകാണാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. ആ ദുഃഖം ഇനിയും ആവര്‍ത്തിക്കാന്‍ ശക്തരല്ലായിരുന്നു.
കുട്ടിമാളു അമ്മയും ബാലാമണിയമ്മയും അവരുടെ കര്‍മരംഗത്ത് ശക്തരായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് അവരുടെ ഭര്‍ത്താക്കന്മാര്‍ രോഗശയ്യയിലായത്. എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിച്ച് അവര്‍ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ ശുശ്രൂഷിച്ച് ധര്‍മം നിറവേറ്റി. മാധവമേനോന്‍ 1971-ലും വി.എം. നായര്‍ 1977-ലുമാണ് മരണമടഞ്ഞത്.
Content Highlights: A.V. Kuttimalu Amma, Nalapat Balamani Amma, Memories by Nalini Damodaran, Mathubhumi
Published: 20 Jun 2023, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented