
രഞ്ജു കിളിമാനൂര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കുറ്റാന്വേഷണ നോവലായ 'ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും' മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ അലക്‌സി കഥകള്‍ അവതരിപ്പിച്ചുകൊണ്ട് ഉത്തരാധുനികകാലത്തെ കുറ്റാന്വേഷണകഥകളുടെ കെട്ടും മട്ടും മാറ്റിപ്പണിയാന്‍ ശ്രമിച്ച കഥാകാരന്‍ രഞ്ജു കിളിമാനൂര്‍ നോവലിന്റെ പിന്നാമ്പുറത്തെക്കുറിച്ച് റൈറ്റേഴ്‌സ് ഡയറിയില്‍ എഴുതുന്നു.
ഷെര്‍ലക്ക് ഹോംസ് കഥകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഒരു കഥ വായിച്ചു തുടങ്ങുന്ന ഒരു വായനക്കാരന് അതിന്റെ അവസാന വരി വരെ വായിച്ചു തീര്‍ക്കാതെ, യാതൊരു സമാധാനമുണ്ടാകില്ല എന്നതായിരുന്നു അത്. ജീവിതത്തിലൊരിക്കലും ഒരെഴുത്തുകാരനാണെന്ന് സ്വയം തോന്നിയിട്ടില്ലാത്ത ഞാന്‍ പക്ഷേ അതീവ ബുദ്ധിശാലിയായ മറ്റൊരു കുറ്റാന്വേഷകനെ സൃഷ്ടിച്ചാലോ എന്നു പലപ്പോഴും ചിന്തിച്ചിരുന്നു.
എന്നാല്‍ ഓരോ സാഹചര്യങ്ങളിലും എനിക്കതിനു കഴിയുമോയെന്ന ചിന്ത എന്നെ പുറകോട്ടു പിടിച്ചു വലിക്കുകയായിരുന്നു.ഹോംസിനെപ്പോലെ നിരീക്ഷണപാടവമുള്ള അതീവ ബുദ്ധിശാലിയായ ഒരു ഡിറ്റക്റ്റീവിനെ സൃഷ്ടിക്കണമെങ്കില്‍ ഒത്തിരി കഷ്ടപ്പെടേണ്ടി വരും. അത്രയും മനോഹരമായ കഥകള്‍ തയ്യാറാക്കുന്നതിലും വലിയ വെല്ലുവിളിയാണുള്ളത്. ഒരു കഥയെഴുതുകയെന്നത് ഭാവനയുള്ള ആര്‍ക്കും ഒന്നു ശ്രമിച്ചു നോക്കാവുന്ന കാര്യമാണ്.
അപ്പോള്‍ ഭാവനയുണ്ടോ എന്ന് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത എനിക്ക് അതിന് കഴിയുമെന്ന് ഞാന്‍ ഒട്ടും വിശ്വസിച്ചിരുന്നില്ല. അതുപോലെ തന്നെ കേരളത്തിലെ സാഹചര്യങ്ങള്‍ ഡിറ്റക്റ്റീവ് ഏജന്‍സിയിലൂടെ അന്വേഷണം നടത്തുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ സൃഷ്ടിക്കുന്നതില്‍ വലിയൊരു തടസ്സവുമായിരുന്നു.
എന്തായാലും കേരളത്തില്‍ ഡിറ്റക്റ്റീവ് ഏജന്‍സികളുണ്ടോ എന്നായി പിന്നീടെന്റെ അന്വേഷണം. ഒന്നല്ല, ഒരുപാട് പ്രൈവറ്റ് ഡിറ്റക്റ്റീവ് സ്ഥാപനങ്ങള്‍ ഞാന്‍ ഗൂഗിളില്‍ തെരഞ്ഞു കണ്ടെത്തിയതോടെ അലക്‌സിയെന്ന പ്രൈവറ്റ് ഡിറ്റക്റ്റീവ് കഥാപാത്രത്തെ ജനിപ്പിക്കാനുള്ള എന്റെ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
അങ്ങനെ അലക്‌സിയെ കേന്ദ്ര കഥാപാത്രമാക്കി 'ശവപ്പെട്ടിയിലെ രഹസ്യം' എന്നൊരു കഥ ഞാന്‍ എഴുതി പൂര്‍ത്തിയാക്കി. അതു വായിക്കാന്‍ ആളിനെ അന്വേഷിച്ചു നടക്കലായിരുന്നു പിന്നീടെന്റെ പണി. കഥകളുടെ നീളം കൂടിപ്പോയതിനാല്‍ ആര്‍ക്കും വായിക്കാന്‍ തീരെ സമയമില്ലായിരുന്നു.
പലരും വായിക്കാമെന്ന് പറഞ്ഞ് വാങ്ങിയെങ്കിലും എന്നിലൊരു എഴുത്തുകാരനുണ്ടെന്ന വിശ്വാസം എന്നെപ്പോലെ തന്നെ അവര്‍ക്കൊന്നും തീരെയുണ്ടായിരുന്നില്ല. ഒടുവില്‍ വായനക്കാരായ കുറച്ചു സുഹൃത്തുക്കളെ ഞാന്‍ കണ്ടെത്തി. ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ കഥാ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയില്‍ കഥ പോസ്റ്റ് ചെയ്തു.
ആ കഥയ്ക്ക് നല്ല അഭിപ്രായങ്ങള്‍ കിട്ടാന്‍ തുടങ്ങിയതോടെ 13/ബി യിലെ കൊലപാതകങ്ങളും ശ്രീജയുടെ തിരോധനവും അതിന് തൊട്ട് പിന്നാലെ തന്നെ ജനിച്ചു. അവയ്ക്ക് കിട്ടുന്ന കമന്റുകള്‍ ഞാനെന്റെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തു. അതു കണ്ടിട്ടെങ്കിലും വായിക്കട്ടെ എന്നതായിരുന്നു എന്റെ ഉദ്ദേശം.
എന്നാല്‍ പ്രതീക്ഷിച്ചതിന്റെ എതിര്‍ ഫലങ്ങളായിരുന്നു അതുണ്ടാക്കിയത്. കഥകളെ പുകഴ്ത്തി വരുന്ന കമന്റുകള്‍ അവര്‍ക്ക് ആരോചകമായി മാറി. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വായിക്കാനുള്ള മടി മാറ്റാന്‍ ആ കമന്റുകള്‍ക്കൊന്നും സാധിച്ചിരുന്നില്ല.
അതേ സമയം തന്നെ അലക്‌സിയ്ക്ക് ആരാധകരുണ്ടാകുന്ന കാഴ്ച പതിയെപ്പതിയെ ഞാന്‍ കാണാന്‍ തുടങ്ങി. അലക്‌സി യഥാര്‍ത്ഥത്തിലുള്ള ആളാണോ എന്നുള്ള മെസ്സേജുകള്‍ ഇന്‍ബോക്‌സില്‍ എന്നെ തേടി വരാന്‍ തുടങ്ങി. അലക്‌സിയുടെ ബുദ്ധികൂര്‍മ്മതയെ അവരെല്ലാം അംഗീകരിക്കുന്നത് സന്തോഷത്തോടെ ഞാന്‍ കണ്ടുനിന്നു.
പതിയെപ്പതിയെ വായനക്കാരുടെ പിന്തുണയോടെ അലക്‌സിയുടെ വ്യത്യസ്തങ്ങളായ ഏഴു കഥകള്‍ ജനിച്ചു. മൂന്നാമത്തെ തുന്നിക്കെട്ടും, എഡ്വിന്‍ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റും സെന്റ് ജോണ്‍സ് ചര്‍ച്ചിലെ കോണ്‍വെന്റ് റൂമുമെല്ലാം അലക്‌സിയുടെ വിജയകിരീടത്തിലെ പൊന്‍തൂവലുകളായി മാറി.
ട്വിസ്റ്റും സസ്‌പെന്‍സും കൂടുന്നതിനനുസരിച്ച് വായനക്കാരുടെ എണ്ണവും കൂടിക്കൂടി വന്നു. എന്നിലെ എഴുത്തുകാരന്റെ ഫോളോവേഴ്സിന്റെ എണ്ണവും അതിനോടൊപ്പം ഏഴായിരം കടന്നിരുന്നു. എന്റെ കഥ വായിക്കാന്‍ വേണ്ടി ഒരാളെ അന്വേഷിച്ചു നടന്നിരുന്ന എനിക്ക് വായനക്കാര്‍ ഒരുപാട് പേരായി.
അലക്‌സി കഥകള്‍ ഇഷ്ടപ്പെടുന്ന ഒത്തിരിപ്പേരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ പരിചയപ്പെട്ടു.പക്ഷേ അപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ മാത്രം തിരക്കുകള്‍ കൊണ്ട് എന്നെ ഒഴിവാക്കിക്കൊണ്ടിരുന്നു.കഥകള്‍ക്ക് കിട്ടുന്ന കമന്റുകള്‍ ഞാന്‍ കൃത്രിമമായി സൃഷ്ടിക്കുന്നതാണോ എന്നവര്‍ സംശയിച്ചു. ചിലര്‍ അതെന്നോട് തുറന്ന് ചോദിക്കുകയും ചെയ്തു.
അതേ സമയം കഥകള്‍ വായിച്ചവരെല്ലാം അലക്‌സിയോടുള്ള ഇഷ്ടം കൂടുതല്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെ എന്തുകൊണ്ട് ഒരു പുസ്തകം ചെയ്തു കൂടാ എന്നൊരു ചിന്ത എന്റെ തലയില്‍ പൊട്ടിമുളക്കാന്‍ തുടങ്ങി.
സാമ്പത്തിക സഹായവുമായി അനിയന്‍ ഉറച്ച പിന്തുണയും പ്രഖ്യാപിച്ചതോടെ പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ച അലക്‌സിയുടെ നാല് കഥകളും ഒരു പുതിയ കഥയും ചേര്‍ത്ത് അഞ്ച് കഥകളാക്കി പുസ്തക രൂപത്തില്‍ തയ്യാറാക്കി. പേജ്‌മേക്കറില്‍ സ്വന്തമായി പേജും ഡിസൈന്‍ ചെയ്ത് പ്രതിലിപിയിലെ തന്നെ മറ്റൊരു ഡിറ്റക്റ്റീവ് നോവലിസ്റ്റും സുഹൃത്തുമായ സമീര്‍ കലന്തന്റെ സഹായത്തോടെ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം പുസ്തകം പിടിഎഫ് രൂപത്തിലാക്കി മാറ്റി.
ഒടുവില്‍ പുസ്തകം ആയിരം കോപ്പികള്‍ പ്രിന്റ് ചെയ്ത് വീട്ടിലെ കട്ടിലില്‍ കൊണ്ട് അടുക്കി വെയ്ക്കുമ്പോള്‍ എന്റെ ഭാര്യ എന്നോട് ചോദിച്ചത് ഇതൊക്കെ വിറ്റു പോകുമോയെന്ന ചോദ്യമായിരുന്നു. 'അലക്‌സിയെ നിനക്കറിയാത്തത് കൊണ്ടാണ് നീയീ ചോദ്യം ചോദിച്ചത്' എന്നായിരുന്നു എന്റെ മറുപടി.
അലക്‌സിയെന്ന കഥാപാത്രം എന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ഒന്നു മാത്രമായിരുന്നു ആ മറുപടി പറയുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന കോണ്‍ഫിഡന്‍സ്. 'വിറ്റ് പോയാല്‍ മതി' എന്നവള്‍ മറുപടിയും പറഞ്ഞു. പക്ഷേ എന്റെ ആത്മവിശ്വാസം തെറ്റിയിരുന്നില്ല. കൃത്യം 75 ദിവസം കൊണ്ട് ആ പുസ്തകത്തിന്റെ ആയിരം കോപ്പികളും വിറ്റ് തീര്‍ന്നിരുന്നു.
പലരും പൈസ തരാതെ പറ്റിച്ചുവെങ്കില്‍ക്കൂടി കാശ് മുടക്കിയവര്‍ക്ക് അതിന്റെ മുതലും ലാഭവും കൊടുക്കാന്‍ എനിക്കു സാധിച്ചിരുന്നു. ആ ലാഭവും കുറച്ചു കാശും കൂടി ചേര്‍ത്ത് ക്വാളിറ്റി കുറച്ചു കൂടി കൂട്ടി രണ്ടാമത്തെ എഡിഷന്‍ പ്രിന്റ് ചെയ്ത് വീണ്ടുമൊരു ആയിരം കോപ്പി കൂടി ഞാന്‍ വീണ്ടും വീട്ടിലെ കട്ടിലില്‍ കൊണ്ട് നിറച്ചു.

ആമസോണിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും പുസ്തകത്തിന് കൂടുതല്‍ പ്രചാരം കിട്ടി. കോട്ടയത്തുള്ള സാരഥി പബ്ലിക്കേഷന്‍സും എറണാകുളത്തുള്ള ടട സ്റ്റോഴ്‌സും കടകളിലേക്ക് എന്റെ പുസ്തകമെത്തിക്കാന്‍ എന്നെ ഒരുപാട് സഹായിച്ചു.
ഒത്തിരി ആസ്വാദനക്കുറിപ്പുകള്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലുകളിലും വന്നതോടെ പലരും എന്റെ മെസ്സഞ്ചറില്‍ തന്നെ നേരിട്ട് പുസ്തകം ചോദിച്ചു വരാന്‍ തുടങ്ങി.
അവരയച്ചു തന്ന അഡ്രസ്സുകളില്‍ ഞാന്‍ പുസ്തകമയച്ചു കൊടുത്തു. തിരക്കഥാകൃത്തും എഴുത്തുകാരനും സഹോദര സ്ഥാനീയനുമായ ബിപിന്‍ ചന്ദ്രനോട് അലക്‌സിയുടെ അടുത്ത കഥയായ 'ആന്റിക്‌സ് ഡീലും മുറിഞ്ഞ വിരലുകളും' പബ്ലിഷ് ചെയ്യാന്‍ ഏതെങ്കിലും പബ്ലിക്കേഷനില്‍ അവസരം കിട്ടുമോ എന്ന് ഞാന്‍ അന്വേഷിച്ചിരുന്നു. അനുകൂലമായിരുന്നു മറുപടി.
അലക്‌സിയെ എല്ലായിടത്തും എത്തിക്കാന്‍ എനിക്ക് ഒറ്റയ്ക്ക് സാധിച്ചിരുന്നില്ല. നല്ലൊരു പബ്ലിക്കേഷന്റെ സഹായമുണ്ടെങ്കില്‍ അതിന് സാധിക്കുമെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ എഴുത്തുകാരനും കോളേജ് പ്രഫസറുമായ മരിയ റോസ് എഴുതിയ മനോഹരമായ ആസ്വാദനക്കുറിപ്പ് വായിച്ച മാതൃഭൂമി ബുക്ക്‌സിന്റെ മാനേജര്‍ നൗഷാദ് എന്റെ പുസ്തകം വായിക്കുകയും വിളിക്കുകയും ചെയ്തു.
ഒരു വലിയ എഴുത്തുകാരനാകും എന്നദ്ദേഹം അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ മതിമറന്നു സന്തോഷിച്ചു. അര്‍ഹതയുള്ളവരില്‍ നിന്ന് കിട്ടുമ്പോഴാണ് അംഗീകാരത്തിനു പൂര്‍ണ്ണമായുള്ള അര്‍ത്ഥം കൈവരുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. പകുതി പൂര്‍ത്തിയായ ഒരു നോവല്‍ ഞാന്‍ എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കിയിട്ട് അദ്ദേഹത്തിന് അയച്ചു കൊടുത്തു. അങ്ങനെ വായിക്കാന്‍ ആളില്ലാതിരുന്ന ആരുമറിയാതിരുന്ന എന്നിലെ എഴുത്തുകാരന്‍ ഇന്നിപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രസാധകരില്‍ ഒരാളായ മാതൃഭൂമി ബുക്ക്‌സില്‍ വരെ എത്തി നില്‍ക്കുകയാണ്.
ഈ അവസരം എനിക്കു ലഭിച്ചതില്‍ ശരിക്കും ഒരുപാട് സന്തോഷമുണ്ട്. ഒപ്പം ഈ ഒരവസരത്തില്‍ നന്ദി പറയാനും സ്മരിക്കാനും എനിക്ക് ഒത്തിരി പേരുണ്ട്. അകാലത്തില്‍ പൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ട അനുജന്‍ ജിഞ്ചുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ ഈ പുതിയ പുസ്തകവും സമര്‍പ്പിക്കുന്നു.
Content Highlights: Writer's Diary Ranju Kilimanoor writes
Published: 04 Apr 2022, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented