
ഗീതാഞ്ജലി ശ്രീയുടെ ബുക്കര്‍ പ്രൈസ് നോവലായ രേത് സമാധിയുടെ വിവര്‍ത്തനാനുഭവം ഡോ. കെ വനജ പങ്കുവെക്കുന്നു. 'മണല്‍ സമാധി' എന്ന പേരില്‍ മാതൃഭൂമി ബുക്‌സാണ് നോവല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2022-ലെ അന്തര്‍ദ്ദേശീയ ബുക്കര്‍സമ്മാനം ലഭിച്ചത് ഗീതാഞ്ജലി ശ്രീ ഹിന്ദിയില്‍ എഴുതിയ രേത് സമാധി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ടോംബ് ഓഫ് സാന്‍ഡിനാണല്ലോ. ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ഡെയ്‌സി റോക്വെല്‍ എന്ന അമേരിക്കക്കാരിയാണ്. ഭാഷകളുടെ എല്ലാ അതിരുകളെയും ഭേദിച്ചുകൊണ്ട് ഹിന്ദിഭാഷയിലെ ഒരു കൃതി ലോകവായനയിലേക്ക് എത്തപ്പെടുകയാണ്. ഇത് ഭാരതീയരായ നമ്മളോരോരുത്തര്‍ക്കും അഭിമാനിക്കാന്‍ വകതരുന്നതാണ്. എന്നാല്‍ ആ സ്വീകാര്യത ഭാരതത്തില്‍ കിട്ടിയോ എന്ന ചോദ്യം അവശേഷിക്കുന്നു.
മൂലഭാഷയായ ഹിന്ദിയില്‍ നോവല്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയത് ഇത് കഥയെഴുത്തിന്റെ ഒരു പുതിയ സൗന്ദര്യശാസ്ത്രമാണെന്നാണ്. ഇതിന്റെ കഥ, കാലം, സംവേദനം, കഥനം എല്ലാം വിചിത്രം. കഥയ്ക്കുള്ളില്‍ കഥകളും കവിതകളും സൃഷ്ടിക്കുന്നു. ചിരപരിചിതമായ സൗന്ദര്യശാസ്ത്രത്തിന്റെ അതിരുകളെ ഇതു മറികടക്കുന്നു. ഇതിന്റെ ലോകം പരിചിതം, എന്നാല്‍ മാന്ത്രികം. കാലത്തിന്റെ നൈരന്തര്യത്തില്‍ എല്ലാ അന്തരങ്ങളുമില്ലാതാക്കുന്നു; എല്ലാ സീമകളും. ഗദ്യപദ്യങ്ങളുടെയും മനുഷ്യര്‍ക്കൊപ്പം അന്യജീവജാലങ്ങളുടെയും ദേശങ്ങളുടെയും ദ്വേഷവിദ്വേഷങ്ങളുടെയും വേലിക്കെട്ടുകള്‍ എവിടെയോ പോയ്മറയുന്നു. ദേശീയതയില്‍നിന്ന് അന്തര്‍ദ്ദേശീയതയിലേക്കു കടക്കുന്ന ഈ നോവല്‍ ഒരു സാര്‍വ്വദേശീയമാനമാണ് കൈവരിക്കുന്നത്.
ഓര്‍മ്മകളുടെയും ഓര്‍മ്മപ്പെടുത്തലിന്റെയും മണല്‍ വര്‍ത്തമാനത്തില്‍ തട്ടിമാറ്റുമ്പോള്‍ സമാധിയിലുള്ള ഭൂതം ഉണരുന്നു. അത് ബുദ്ധന്റെ മദ്ധ്യമാര്‍ഗ്ഗത്തിന്റെ വേരുറപ്പാണ്. അതില്‍ മൂന്നു കാലങ്ങളും ചേര്‍ന്നുനില്‍ക്കുന്നു. അതായത് ഭൂതം, വര്‍ത്തമാനം, ഭാവി ഇവയെ കോര്‍ത്തിണക്കുന്ന ഒരു ശ്രേഷ്ഠകൃതി. ഇന്നത്തെ വ്യവസ്ഥിതിയിലെ ജീര്‍ണ്ണതയുടെ മുമ്പില്‍ ചോദ്യമുയര്‍ത്തണമെങ്കില്‍ ശക്തമായ ഭൂതകാലജ്ഞാനമുണ്ടാകണം. ആ ഓര്‍മ്മകള്‍ ഗാഢമായ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയുമൊപ്പം വേര്‍പെടലിന്റെ മുറിപ്പാടുകളും വഹിക്കുന്നതാണെങ്കില്‍ അതിനു തീവ്രത കൂടും. ആ മുറിപ്പെടുത്തലാണെങ്കിലോ ഇരുപതാം നൂറ്റാണ്ടിലെ ഒരിക്കലും മറക്കാനാവാത്ത ദുരന്തസംഭവങ്ങളിലൊന്നായിരുന്ന ഭാരതവിഭജനവും. വിഭജിച്ച മണ്ണിനൊപ്പം മനുഷ്യഹൃദയങ്ങളിലെ വിഭജനങ്ങളുടെ മുറിവ് അതിയായ ആഴവും വേദനയും ജനിപ്പിക്കുന്നതായിരുന്നു. അവരുടെ സ്‌നേഹവും പ്രണയവും, മണ്ണിന്റെ ആര്‍ദ്രതയും പ്രകൃതിയുടെ സഹജതയുംകൊണ്ടു സുഗന്ധിതമായിരുന്നു. തന്റെ സ്‌നേഹത്തിന്റെ ആഴമറിഞ്ഞ് അത്രയുംതന്നെ തിരികെ തന്ന ആദ്യഭര്‍ത്താവായ അന്‍വറിനെ അന്വേഷിച്ച് ചന്ദ്ര എന്ന എണ്‍പതുകാരി ഭാരതത്തിന്റെയും പാകിസ്താന്റെയുമിടയിലുള്ള എല്ലാവിധ അതിരുകളെയും ഭേദിച്ച് മുമ്പോട്ടു നീങ്ങി. വര്‍ത്തമാനകാലം ഈ സ്‌നേഹത്തിന്റെ ആഴം തിരിച്ചറിയാതെപോകുന്നു. ഇന്ന് എല്ലാവിധങ്ങളായ അതിരുകളാലും മതിലുകളാലും മനുഷ്യര്‍ ഒറ്റപ്പെട്ടിരിക്കുന്നു. അതിരുകള്‍ എല്ലാ ജഡചൈതന്യവസ്തുക്കളിലും തെളിഞ്ഞും ഒളിഞ്ഞും പ്രകടമാണ്. എന്നാല്‍ ആ അതിരുകള്‍ തന്റേതായ സ്വത്വം രൂപപ്പെടുത്താനും സുന്ദരമാക്കാനും ഉയര്‍ത്തിപ്പിടിക്കുവാനുമാണ്. അവ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി അടിമകളാക്കാനുള്ളതല്ല, ആ അതിരുകള്‍ സ്‌നേഹസംഗമത്തിന്റെ ഇടങ്ങളാകണം. എല്ലാ അതിരുകളും ലംഘിക്കപ്പെടേണ്ടതാണ് എന്ന മഹത്തായ സന്ദേശമാണ് നോവലില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അതായത് വെറുപ്പും ക്രൂരതയും നടമാടുന്ന ഖൈബറിലും സ്‌നേഹമുണ്ടാകണം, ഉണ്ടായിട്ടുണ്ട്. എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും, യുദ്ധത്തില്‍പ്പോലും പച്ചനാമ്പുകള്‍ പൊട്ടിമുളയ്ക്കും. അതിനാല്‍ ഇന്നത്തെ നിരവധിയായ, എണ്ണിയാലൊടുങ്ങാത്ത അതിരുകളെ, അതായത് ദേശം, മതം, ജാതി, ലിംഗം, വര്‍ഗ്ഗം, നിറം, ഭാഷ, വേഷം, വചസ്സ് ഇവയൊക്കെ ഭേദിക്കാന്‍ മണ്ണിനോടും പ്രകൃതിയോടും ഒത്തുചേര്‍ന്ന സ്‌നേഹം അന്തര്‍ലീനമായി ഭവിക്കണം.
ഈ നോവല്‍ ദേശീയതയില്‍നിന്ന് അന്തര്‍ദ്ദേശീയതയിലേക്ക് ഉയിര്‍ത്തെണീക്കുമ്പോള്‍ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. അതിനെയാണ് ഭാരതീയമതം എന്നു നോവല്‍ നിര്‍വ്വചിക്കുന്നത്. മനുഷ്യവര്‍ഗ്ഗത്തിന്റെയും പ്രപഞ്ചത്തിന്റെയും മൊത്തം പ്രകൃതിയുടെയും നിലനില്‍പ്പിനെക്കുറിച്ചുള്ള അടിസ്ഥാനചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് നോവല്‍ നമുക്കായി തുറന്നുതരുന്നത്. ഓരോ വ്യക്തിയും തന്നെത്തന്നെ തിരിച്ചുപിടിക്കുന്നതാണ് ആത്മവിശ്വാസം. ഇവിടെ എണ്‍പതു കഴിഞ്ഞ ഒരു അമ്മയാണ് എല്ലാത്തിനും ഉത്തരമായി നിലകൊള്ളുന്നത്. ചരിത്രത്തിനും ഭൂമിക്കും വേണ്ടതൊക്കെ നോവല്‍ തരുന്നുണ്ട്. ഭൂമിയുടെ ചൂഷണം വേണ്ട, നാലുപാടും തളംകെട്ടി നില്‍ക്കുന്ന കൂട്ടക്കൊലയും വേണ്ട. ഇനി പുരുഷനിലൂന്നിയ ഭാഷ വേണ്ട, മതിലുകള്‍ വേണ്ട, ബന്ധങ്ങളുടെ ആര്‍ദ്രതയാണ് ആവശ്യം. തുറന്നിട്ട വാതിലുകള്‍ വേണം. മാതൃവിലാപത്തിന്റെ മര്‍മ്മരം വേണ്ട, മഹാസ്‌നേഹത്തിന്റെ ശ്രുതിതാളമാണാവശ്യം.
ഈ നോവല്‍ ഗീതാഞ്ജലി ശ്രീയുടെ സാംസ്‌കാരികചിന്തനങ്ങളുടെ ദാര്‍ശനികമായ രൂപപ്പെടുത്തലാണ്. വാക്കുകള്‍ അനുഭവത്തില്‍ നിന്നും രൂപപ്പെടുന്ന ജീവിതകാഴ്ചപ്പാടാണ്. ഒരു സമൂഹത്തിന്റെ ഓര്‍മ്മയുടെ ചിഹ്നമാണ്. ഭാരതീയഭാഷയുടെ സവിശേഷതയാര്‍ന്ന രൂപകത്വവും മിത്തോളജിയും ഇവിടെയുണ്ട്. പ്രകൃതിബോധവും ഭാഷയെ നിര്‍മ്മിക്കുന്നു. പ്രകൃതിയുടെ നഷ്ടപ്പെടലുകള്‍ ഭാഷയില്‍ ചിഹ്നിതമാണ്. എന്നാല്‍ അവയെ വീണ്ടെടുക്കുന്ന നിലപാട് നോവലില്‍ എല്ലായിടത്തും ദൃശ്യമാണ്. വെയില്‍, നദി, മണല്‍, വൃക്ഷം, കാക്ക, തിത്തിരിപ്പക്ഷി (തീത്തര്‍), ചിത്രശലഭങ്ങള്‍, കാറ്റ്, പൂക്കള്‍, മണ്ണ്, വിവിധങ്ങളായ ചെടികള്‍ ഇവയെല്ലാം നോവലിന്റെ ഹരിതഭാഷയെ അടയാളപ്പെടുത്തുന്ന പ്രതീകങ്ങള്‍തന്നെയാണ്. ഡല്‍ഹിയിലെ കഥയാണെങ്കിലും ഗ്രാമീണവസ്ത്രങ്ങള്‍, ആഹാരങ്ങള്‍, പച്ചയായ ഗ്രാമീണര്‍ എന്നിവ നമുക്ക് കൊതിയൂറുന്ന ആകര്‍ഷകമായ അനുഭവങ്ങളാണു നല്‍കുന്നത്.
നോവലിസ്റ്റ് വാക്കുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് എവിടെയോ പറഞ്ഞത് വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതായത്, വാക്ക് യന്ത്രമല്ല, മാദ്ധ്യമമല്ല, തര്‍ക്കിക്കാനുള്ള ഒരു വൈചാരികപദ്ധതിയുമല്ല. അത് അതുതന്നെ. അതു വ്യക്തിത്വം നിര്‍മ്മിക്കുന്നു, ദൃശ്യങ്ങളുണ്ടാക്കുന്നു, ധ്വനിയുണ്ടാക്കുന്നു, തന്റെ കഥയുണ്ടാക്കുന്നു. വാക്കുകളുടെ ആത്മാവിനെ തിരിച്ചറിഞ്ഞ ഗീതാഞ്ജലി ശ്രീയുടെ നോവലിന്റെ മര്‍മ്മത്തെ ഹിന്ദി വായനക്കാര്‍ പലപ്പോഴും തിരിച്ചറിഞ്ഞില്ല എന്നു തോന്നി. അവരുടെ കഥപറച്ചിലിനോടു ചേര്‍ന്നുപോകാത്ത ധാരാളം വായനക്കാരും വിമര്‍ശകരും ഹിന്ദിയിലുണ്ട്. എന്തെന്നാല്‍, ചിരപരിചിതമായ നോവലിന്റെ ഫോമിനെ ഗീതാഞ്ജലി ശ്രീ തച്ചുടച്ചുകളഞ്ഞു. ഈ പുതിയ സംവേദനത്തെ മനസ്സിലാക്കാനും അവയോടു പൊരുത്തപ്പെടാനും കഴിയാതെപോയതാണ് ഇവരുടെ വായനയുടെ പരാജയം.
ഇനി പരിഭാഷയിലേക്കു കടക്കാം. പരിഭാഷയുടെ വഴികള്‍ എപ്പോഴും മുള്ളുകള്‍ നിറഞ്ഞതാണ്. ഇത് രണ്ടു ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും കൂടിച്ചേരലിന്റെയും വേര്‍പെടുത്തലിന്റെയും ഒരു പ്രക്രിയയാണ്. ഇവിടെ ഭാഷ, ഭാവം, ശൈലി, വിഷയം എന്നിവയുടെ സമതുലിതയ്ക്കുവേണ്ടിയുള്ള ഒരു തീവ്രശ്രമമാണ് നടക്കുന്നത്. മൂലഭാഷയുടെ വിവിധങ്ങളായ പ്രയോഗവൈശിഷ്ട്യങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന ലാക്ഷണികവും വ്യഞ്ജനാത്മകവുമായ അര്‍ത്ഥതലങ്ങളെ ലക്ഷ്യഭാഷയില്‍ പുനഃസൃഷ്ടിക്കുമ്പോഴുണ്ടാകുന്ന ന്യൂനതകളില്‍നിന്ന് ഒരിക്കലും ഒരു വിവര്‍ത്തകനും രക്ഷപ്പെടുവാനാകില്ല.
മിക്ക ചിന്തകന്മാരും പരിഭാഷകരും തര്‍ജ്ജമയ്ക്ക് മൂലകൃതിക്കൊപ്പം സ്ഥാനം കൊടുക്കാറില്ല. സ്ത്രീപുരുഷസമാനതയുടെ കാര്യം പറയുന്നതുപോലെയാണ് മൂലകൃതിയുടെയും തര്‍ജ്ജമയുടെയും സ്ഥിതി. സൂസന്ന ദ ലോബിനോര്‍ ഹാവുഡിന്റെ പ്രസിദ്ധമായ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: 'ഞാന്‍ ഒരു പരിഭാഷയാണ്. എന്തെന്നാല്‍, ഞാനൊരു സ്ത്രീയാണ്.' പക്ഷേ, ഴാക് ദെരിദ തന്റെ ഡീ കണ്‍സ്ട്രക്ഷന്‍ സിദ്ധാന്തമനുസരിച്ച് പരിഭാഷയ്ക്ക് മൂലകൃതിക്കു തുല്യമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിവര്‍ത്തനം ഒരു സൃഷ്ടിയാണ്, മൂലകൃതിയില്‍ കേന്ദ്രിതമായിട്ടുള്ള ഒരു സൃഷ്ടി. അതിനാല്‍ത്തന്നെ മൂലകൃതിയുടെ വിഷയത്തിനും പരിഭാഷയുടെ വിഷയത്തിനും തമ്മില്‍ താദാത്മ്യവും സമതുലിതയുമുണ്ടാകും.
രേത് സമാധിയുടെ വിവര്‍ത്തനം മലയാളത്തില്‍ നടത്തിയപ്പോള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ നിരവധിയായിരുന്നു. വലുതും ഈടുറ്റതുമായ ഈ കൃതി രൂപഭദ്രതയുടെ കാര്യത്തില്‍ ഒന്നു വേറിട്ടതുതന്നെ. സാമൂഹികശാസ്ത്രീയ കെട്ടുപാടുകളില്‍ ഒതുക്കാതെ ഭാഷയുടെ ക്രാഫ്റ്റില്‍ പുതിയ പ്രയോഗങ്ങള്‍ സൃഷ്ടിച്ച കൃതിയാണെന്ന് മുമ്പുതന്നെ സൂചിപ്പിച്ചല്ലോ. ഹിന്ദി ഇതുവരെ കാണാത്ത പ്രയോഗങ്ങളാല്‍ സമ്പന്നമാണ് ഈ കൃതി. വാക്കുകള്‍ പുതുതായി സൃഷ്ടിച്ചെടുത്തു. കാവ്യാത്മകവും ചെറുതുമായ വാക്യങ്ങള്‍ പലേടത്തും കൃതിയെ മനോഹരമാക്കിയെങ്കില്‍ പേജുകള്‍ നീണ്ട വാക്യങ്ങള്‍ വായനക്കാരില്‍ കൗതുകം ജനിപ്പിക്കുന്നു. ഹിന്ദിക്കൊപ്പം പഞ്ചാബിയും ഹരിയാണ്‍വിയും ഇംഗ്ലീഷും ഉറുദുവുമൊക്കെ സന്ദര്‍ഭാനുസരണം പ്രയോഗിക്കുന്നതില്‍ എഴുത്തുകാരി ഒട്ടും പിശുക്കു കാണിച്ചിട്ടില്ല. ഭക്ഷണങ്ങളുടെയും പച്ചക്കറികളുടെയും ചീരകളുടെയും ധാന്യങ്ങളുടെയും പയറുവര്‍ഗ്ഗങ്ങളുടെയും വിവിധങ്ങളായ രൂപങ്ങളില്‍ക്കൂടിയും രുചിഭേദങ്ങളില്‍ക്കൂടിയും നമ്മളെ കൊണ്ടുപോകുമ്പോള്‍ ഇവയെ മലയാളത്തില്‍ എന്തുപേരിട്ടു വിളിക്കണമെന്നറിയാതെ വിവര്‍ത്തക കുഴയുന്നു.
ഹിന്ദിയിലെ ഒരേ വാക്കിന്റെ ആവര്‍ത്തിച്ചുള്ള പ്രയോഗത്തില്‍നിന്ന് പ്രാസമൊപ്പിച്ച് പുതിയ വാക്കിലേക്കെത്തുമ്പോള്‍ നോവലിനുതന്നെ പുതിയ അര്‍ത്ഥതലങ്ങള്‍ വന്നുചേരുന്നു. ഉദാഹരണത്തിന് 'നഹീം' (ഇല്ല) എന്ന വാക്ക്. നോവലിന്റെ ആദ്യഭാഗമായ 'പീഠി'ല്‍ (പിന്‍ഭാഗം) പല തവണ ആവര്‍ത്തിച്ച് അമ്മയും മകളും പറയുന്നുണ്ട്. ആദ്യമാദ്യം അമ്മ പറയുന്ന ആ വാക്ക് എല്ലാത്തിനോടും പിന്‍തിരിഞ്ഞ് അതായത്, ഈ ലോകത്തിനോട് മുഖംതിരിഞ്ഞുകൊണ്ടുതന്നെ തന്റെ സമാധിയില്‍ പുതിയ ലോകവും കാഴ്ചപ്പാടും കെട്ടിപ്പടുക്കുകയായിരുന്നു. എന്നാല്‍, ആ 'നഹീം' പിന്നീട് 'നയി' (പുതിയത്) ആകുന്നു. അത് നോവലില്‍ അമ്മയുടെ പുതിയ സമീപനത്തെ സൂചിപ്പിക്കുന്നു. അതാണ് കഥയുടെ ഗതിയെത്തന്നെ നിയന്ത്രിക്കുന്നത്. ഹിന്ദിയില്‍ പ്രാസമൊപ്പിച്ചുള്ള ആ രണ്ടു വാക്കുകള്‍ക്കു തുല്യംവെക്കാന്‍ പറ്റിയ വാക്ക് മലയാളത്തില്‍ കണ്ടെത്തേണ്ടിവരുമ്പോള്‍ വിവര്‍ത്തകയ്ക്ക് മലയാളത്തിലെ പ്രാസമൊപ്പിച്ചല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് തൃപ്തിപ്പെടേണ്ടതായിവരും. മൂലകൃതിയുടെ ഭാഷാസൗന്ദര്യം വിവര്‍ത്തനത്തില്‍ കൊണ്ടുവരാന്‍ സാധിക്കാതെവരുമ്പോഴുണ്ടാകുന്ന നിരാശ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അതുപോലെ എത്രയോ വാക്കുകള്‍.
വേറൊരുദാഹരണവുംകൂടി ഇവിടെ ചേര്‍ക്കട്ടെ. 'ബജ്‌ന' എന്ന ഹിന്ദിവാക്കിന്റെ മാന്ത്രികമായ പ്രയോഗം നോവലില്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്നു. ഇതിന് മലയാളത്തില്‍ 'അടിക്കുക' എന്നാണര്‍ത്ഥം. അതായത് ക്ലോക്കടിക്കുക, ബെല്ലടിക്കുക; എന്നാല്‍ വളയുടെ കിലുക്കം, വാദ്യോപകരണങ്ങളുടെ വായന എന്നിവയ്ക്കും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട് ഹിന്ദിയില്‍. ഈ അര്‍ത്ഥത്തിലെല്ലാം ഈ വാക്ക് ആവര്‍ത്തിച്ചുപയോഗിച്ച് കഥയില്‍ മകളുടെ മാനസികവ്യാപാരത്തെ വളരെ ഗംഭീരമായും സുന്ദരമായും രൂപപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്. പക്ഷേ, മലയാളത്തില്‍ ഈ ആശയങ്ങളെയെല്ലാം പ്രകടിപ്പിക്കാന്‍ ഒരു വാക്ക് പോരല്ലോ.
നോവലിന്റെ പേരായ രേത് സമാധി (മണല്‍സമാധി)യും അതിന്റെ മൂന്നു ഭാഗങ്ങളായ 'പീഠ്' (പിന്‍ഭാഗം), 'ധൂപ്' (വെയില്‍), 'ഹദ് സര്‍ഹദ്' (അതിരുകള്‍), വാതില്‍, ഭിത്തി, ജനല്‍ മുതലായ എല്ലാ വാക്കുകളും വലിയ അര്‍ത്ഥതലങ്ങളെ ധ്വനനം ചെയ്യുന്ന പ്രതീകങ്ങളാണ്. ബുദ്ധന്റെ മണല്‍സമാധിയും അതില്‍നിന്നും ധ്വനിക്കുന്ന മദ്ധ്യമമാര്‍ഗ്ഗവും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള പ്രയാണത്തിലെ ഥാര്‍മരുഭൂമിയുടെ ഓര്‍മ്മയുണര്‍ത്തലും സമാധിയില്‍നിന്ന് ഉണരുമ്പോള്‍ പുതിയ ദൃഷ്ടിബോധം ഉടലെടുക്കുന്നതുമായ അനേകം അര്‍ത്ഥതലങ്ങള്‍ ഈ പേര് ധ്വനിപ്പിക്കുന്നുണ്ട്. ഗീതാഞ്ജലിയുടെ ഈ നോവലില്‍ക്കൂടി കടന്നുപോകുമ്പോള്‍ ആനന്ദവര്‍ദ്ധനന്റെ ഓര്‍മ്മയാണു വരുന്നത്. ധ്വനി സാഹിത്യത്തിന്റെ ആത്മാവാണെന്നും അത് അര്‍ത്ഥത്തെ ധ്വനിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞുവെച്ചത്.
അതുപോലെ പല ഭാവങ്ങളും പ്രകടിപ്പിക്കുന്നതിന്, ഉദാഹരണത്തിന്, കാറ്റിന്റെ ശക്തമായ അടിക്ക് 'ഫട് ഫട്' എന്ന വാക്ക്, പക്ഷികളുടെ ചിറകടിക്ക് 'പര്‍ പര്‍', കാക്കയുടെ ഭാഷയെ 'കാവ് കാവ്' ഇങ്ങനെ എത്രയോ വാക്കുകള്‍ ധ്വനിവിശേഷങ്ങള്‍കൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു. അവയുടെ സൗന്ദര്യം നിലനിര്‍ത്തുന്നതിനായി അവയെ അതേപടിയാണ് മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഹിന്ദിയില്‍ ഇതുവരെ കാണാത്ത പ്രയോഗങ്ങളും ചൊല്ലുകളും ആവോളം ഉപയോഗിച്ചിട്ടുണ്ട്. അവയുടെ അര്‍ത്ഥത്തിനും ഭാവത്തിനുമായി ഹിന്ദിയിലെ പല വിദ്വാന്മാരും വിദുഷികളുമായ എന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ അവരൊക്കെ കൈമലര്‍ത്തുകയാണ് ചെയ്തത്. 'ബാട്ടി ബഖാര്‍ ദസ്തി കീ കഹകര്‍' എന്ന ചൊല്ലിന്റെ അര്‍ത്ഥം എത്രയോ നിഘണ്ടുക്കളില്‍ പരതിനോക്കി. എല്ലാം നിഷ്ഫലം. അവസാനം ഗീതാഞ്ജലി ശ്രീയോടു ചോദിച്ചപ്പോഴാണ് അര്‍ത്ഥം മനസ്സിലായത്. 'വീട്ടുകാര്യങ്ങള്‍ വീണ്ടും വീണ്ടും പറയുക' എന്നാണ് അതിന്റെ അര്‍ത്ഥം. അങ്ങനെ എത്രയോ ചൊല്ലുകളും പ്രയോഗങ്ങളും.
കോഴിക്കോട്ട് 2022 ഡിസംബറില്‍ ഒരു പരിപാടിക്കായി ഗീതാഞ്ജലി ശ്രീ വന്നപ്പോള്‍ കൊച്ചിയില്‍ വരികയും ഒരുദിവസം എന്റെ വീട്ടില്‍ തങ്ങുകയും ചെയ്തു. അപ്പോഴാണ് എന്റെ പല സംശയങ്ങളും ദൂരീകരിക്കാന്‍ സാധിച്ചത്. എന്നിരുന്നാലും എല്ലാത്തിനുമൊരു പരിധിയുണ്ടല്ലോ? നോവലിന്റെ മൂന്നാമത്തെ ഭാഗമായ 'അതിരുകളു'ടെ ആരംഭത്തില്‍ വാഘാ ബോര്‍ഡറില്‍ ഒരു നാടകം സൃഷ്ടിച്ചെടുക്കുന്നുണ്ട്. അതില്‍ ഭാരതവിഭജനത്തിനെ കഥാതന്തുവാക്കി ഹിന്ദിയിലും ഉറുദുവിലും കൃതികള്‍ എഴുതിയവരുടെ ഒരു കൂടിച്ചേരലും അവരുടെ കഥാപാത്രങ്ങളുടെ അഭിനയവുമുണ്ടായതോടൊപ്പം അവിടെ എന്നും അരങ്ങേറുന്ന നാടകവുമുണ്ട്. ആ നാടകത്തില്‍ ബിശന്‍ സിങ് എന്ന കഥാപാത്രം പല തവണ പാടുന്ന ഒരു പഞ്ചാബി ഫോക് ഗീതത്തിന്റെ വരികളുണ്ട്. ഗീതാഞ്ജലിയോടു ചോദിച്ചപ്പോള്‍ അത് അങ്ങനെതന്നെ മലയാളലിപിയില്‍ എഴുതാന്‍ നിര്‍ദ്ദേശിക്കുകയാണു ചെയ്തത്. 'ഔപട് ദി ഗഡ് ഗഡ് ദി അനൈക്‌സ് ദി ബേധ്യാനാം ദിമുംഗ് ദി ദാല്‍ ഓഫ് ദി ലാല്‍ട്ടേന്‍.' അര്‍ത്ഥം അനര്‍ത്ഥമാക്കാതെ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കുന്നതാണല്ലോ ഉത്തമം.
ധാരാളം പുതിയ പുതിയ വാക്കുകള്‍കൊണ്ടും ഭാഷാപ്രയോഗങ്ങള്‍ കൊണ്ടും സമ്പന്നമായ ഈ നോവലിന്റെ വായന ദുഷ്‌കരംതന്നെയാണ്. വിവര്‍ത്തനവും അങ്ങേയറ്റം ക്ലേശകരമായിരുന്നു. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ വിവര്‍ത്തനത്തിനിടയില്‍ അനുഭവപ്പെട്ടു. ഹിന്ദിയുടെയും മലയാളത്തിന്റെയും വാക്യഘടന ഒന്നായതിനാല്‍ ഒരു വിദേശഭാഷയില്‍നിന്നു പരിഭാഷപ്പെടുത്തുന്ന ബുദ്ധിമുട്ട് ഇല്ല എന്നുള്ളത് സത്യമാണ്. എന്നിരുന്നാലും ഭാഷാഘടനയ്ക്കും വാക്കുകള്‍ക്കും ധ്വനികള്‍ക്കും പ്രയോഗങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുത്തിട്ടുള്ളതിനാല്‍ ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ക്കുപോലും ഈ നോവല്‍വായന ഏറെ ബുദ്ധിമുട്ടുളവാക്കിയിട്ടുണ്ട്. അപ്പോള്‍പ്പിന്നെ മലയാളിയായ എന്റെ ശ്രമത്തിന്റെ ആഴം എത്രയെന്ന് അനുമാനിക്കാമല്ലോ. മൂലകൃതിയോട് കൂറുപുലര്‍ത്തിക്കൊണ്ടുതന്നെ മലയാളത്തിന്റെ ശൈലിയില്‍ ഈ നോവലിനെ പുനഃസൃഷ്ടിക്കുവാന്‍ ഞാന്‍ നടത്തിയ പരിശ്രമത്തിന്റെ തോത് നിങ്ങള്‍തന്നെ അടയാളപ്പെടുത്തുക.
Content Highlights: Dr. K. vanaja, Geethanjali Shree, Retsamadhi, Mathrubhumi Books
Published: 27 Jun 2023, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented