ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറുമോ? കൈമാറിയാൽ അവരെ തൂക്കിക്കൊന്നേക്കാം. ബംഗ്ലാദേശിലെ വിശേഷാൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണല്ലോ. ജഡ്‌ജി ആ വിധി പ്രസ്താവിച്ചപ്പോൾ കോടതിമുറിയിലുണ്ടായിരുന്നവർ എഴുന്നേറ്റ് ആർപ്പുവിളികളോടെ കൈയടിച്ചു. ഒരു ഞെട്ടലോടെ മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞുള്ളൂ. ഒരാളെ വധശിക്ഷയ്ക്കു വിധിയ്ക്കുന്നതു കേൾക്കുമ്പോൾ ആയിരത്തണ്ടുകളിലെ മനുഷ്യസംസ്കൃതിയുടെ നന്മകൾ ഘനീഭൂതമായി അവിടെ ഒരു മൗനനിലയുണ്ടാവേണ്ടതല്ലേ? കാവാലം നാരായണപ്പണിക്കരുടെ തരംഗസൃഷ്ടിയായ നാടകം അവനവൻ കടമ്പയിൽ നാട്ടുടയോന്റെ മകനെ ദൂരെനിന്നും പാട്ടുപരിഷ മഷിയിട്ടു വരുത്തി ഉത്സാഹത്തോടെ കൊല്ലുന്ന ഒരു രംഗമുണ്ട്. അതോർമ്മവന്നു. ആ നാടകത്തിൽ ഒരു താളമുണ്ട്, ശവത്താളം. 

To advertise here,

ലോകത്തിലെ ഏതൊരു ആത്മകഥയ്ക്കുമിടാൻ കഴിയുന്ന ഒരു പേര് പക്ഷേ കാവാലം നാരായണപ്പണിക്കർ ഇട്ടത് ഒരു നാടകത്തിനാണ്, 'അവനവൻ കടമ്പ'. മലയാളിയുടെ രംഗബോധത്തെ സമൂലം സ്വാധീനിച്ച ആ നാടകത്തിന് അമ്പതുവയസ്സാകുകയാണ് ഇക്കൊല്ലം. ആരും കാൽതട്ടി വീഴുന്ന അവനവൻ കടമ്പയാണ് നാടകത്തിലൂടെ കാവാലം മറികടക്കാൻ ആഗ്രഹിച്ചത്.

'ആരും കാൽമടിഞ്ഞു വീണുപോകും
അവനവൻ കടമ്പ
ഏതു കേമൻറേം ഏപ്പിളക്കിവിടും
നമ്മുടെ അവനവൻ കടമ്പ
എത്ര ഊക്കിൽ കാൽ വെയ്ച്ചാലും
തട്ടിയിടുമല്ലോ അവനവൻ കടമ്പ
മുള്ളുമുന നീട്ടി മാന്തിക്കീറാൻ നിൽക്കും
അവനവൻ കടമ്പ'

ഷെയ്ഖ് ഹസീന കാൽ മടിഞ്ഞു വീണുപോയ അവനവൻ കടമ്പ കഴിഞ്ഞ കൊല്ലം ബംഗ്ലാദേശിലുണ്ടായ വിദ്യാർഥികലാപം അടിച്ചമർത്താൻ ഉപയോഗിച്ച ബലപ്രയോഗമാണ്, ആയിരത്തിനാനൂറോളം വിദ്യാർഥികൾ തെരുവിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. 1947 -48 കാലത്ത് ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ ഹിംസകൾക്കും 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്തെ രാഷ്ട്രീയഹിംസകൾക്കും ശേഷം ആ രാജ്യം കണ്ട ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് ദേശത്തുടയോളായ ഷെയ്ഖ് ഹസീനയുടെ അവനവൻ കടമ്പയായത്. ഇന്ത്യയ്ക്ക് അവരെ ബംഗ്ലാദേശിന് കൈമാറാൻ കഴിയുമോ? അത് മറ്റൊരു വലിയ കടമ്പയാണ്.

അവനവൻ കടമ്പ എന്ന നാടകത്തിൽ രണ്ടു വധശിക്ഷകൾ ഉണ്ട്. കോടതികളല്ല അത് നടപ്പിലാക്കുന്നത്. നാട്ടുരാജാവുമല്ല വധശിക്ഷ പ്രഖ്യാപിക്കുന്നത്. എന്നാൽ നാടകം കൊലയ്ക്കും കത്തിയ്ക്കും എതിരാണ്. അതിനാൽ നാടകാന്ത്യത്തിൽ കൊല്ലപ്പെട്ടവർ ശവങ്ങളായും കൊല്ലപ്പെടാനിരിക്കുന്നവർ ജീവനുള്ളവരായും ഒന്നിച്ച് 'തെയ്യുമത തെയ്യുമത' എന്ന താളത്തിൽ അവനവൻ കടമ്പകൾ കടന്ന് വാലടിക്കാവിലെ ഉത്സവത്തിന് പോകുന്നുണ്ട്. വാലടിക്കാവിലെ ഉത്സവത്തിന് പോകണമെങ്കിൽ എല്ലാവരും സ്വജീവിതത്തിലെ കടമ്പകൾ കടക്കേണ്ടതുണ്ട്. ഏതാണ് ഷെയ്ഖ് ഹസീനയുടെ വാലടിക്കാവ്? ഏതാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ വാലടിക്കാവ്? നാടകത്തിൽ പറയുന്നുണ്ട്, ആരും വീണുപോകും അവനവൻ കടമ്പകളിൽ. അതിനാൽ വീണടം വിദ്യയാക്കുവിൻ ആട്ടപ്പണ്ടാരങ്ങളേ… എന്ന്.

വീണടം വിദ്യയാക്കുന്നത് രാഷ്ട്രീയധർമ്മമാകാം എന്നാൽ കലാധർമ്മമല്ല. അൻപതാണ്ടുകൾ പിന്നിട്ട ഈ കലാശിൽപം ഒരു രാഷ്ട്രീയനാടകമാണ്. ഇത് ഇന്ത്യയിലെ അടിയന്തിരാവസ്ഥക്കാലത്ത് എഴുതപ്പെട്ടതാണ്, പ്രാഥമിക മനുഷ്യസ്വാതന്ത്ര്യം ഹനിയ്ക്കപ്പെട്ട കാലത്ത്. നാടകം സംവിധാനം ചെയ്തത് ചലച്ചിത്രകാരൻ ജി . അരവിന്ദനായിരുന്നു. അനുഗ്രഹീതനടന്മാരായിരുന്ന നെടുമുടി വേണുവും ഗോപിയും ജഗന്നാഥനും നടരാജനും മറ്റുമാണ് അഭിനയിച്ചത്. ഹിംസയും രാജ്യാധികാരവും പ്രണയവും ഈ നാടകത്തിൽ താളവട്ടങ്ങളിലാണ് അവതരിപ്പിക്കപ്പെടുന്നത്. പമ്പയാറ്റിൽ തലയില്ലാതെ ഒഴുകിനടക്കുന്ന ഒരു ശവം ഈ നാടകത്തിൽ 'ശവത്താള'ത്തിൽ ചുവടുവെയ്ക്കുന്നുണ്ട്.

'കട്ടിക്കാരപ്പയൽ, വട്ടിപ്പണക്കാരൻ
നാട്ടിലെ മൂർഖന്റെ പച്ചശ്ശവം.
വാലടിക്കാവിലെ ആറ്റിൽ കിടന്നങ്ങ്
താലോലമാടുന്ന പച്ചശ്ശവം' എന്നാണ് ആ താളം.
നാടകത്തിലെ ഒരേയൊരു സ്ത്രീകഥാപാത്രമായ ചിത്തിരപ്പെണ്ണ് പാടുന്നുണ്ട്,' ആരുടെ ചോര, യിതാരുടെ ചോര?, എല്ലാ ചോരയും എൻ്റെ ചോരയാണ് പാട്ടുകാരാ'.

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മറ്റൊരു കലാസൃഷ്ടിയുംകൂടി മനസ്സിൽ വന്നു.

1968 ൽ നഗീസ ഓഷിമ സംവിധാനം ചെയ്ത ചലച്ചിത്രമായ Death by Hanging വധശിക്ഷയെക്കതിരെ ഉണ്ടായിട്ടുള്ള അതിശക്തമായ ചലച്ചിത്രങ്ങളിലൊന്നാണ്. ആ സിനിമയിൽ വധശിക്ഷാമുറതന്നെ കാൽ തട്ടി വീഴുന്ന അവനവൻ കടമ്പകൾ അനാവൃതമാകുന്നുണ്ട്.

ആർ. എന്ന ഒരു കുറ്റവാളി ശിക്ഷിക്കപ്പെടുന്നു. ജയിലിൽ വധശിക്ഷ നടപ്പിലാക്കപ്പെട്ടു. തൂക്കുമരത്തിൽ തൂങ്ങിനിൽക്കുന്ന ശവം നിലത്തിറക്കിക്കിടത്തി. അപ്പോഴാണ് മനസ്സിലാകുന്നത് അയാളിൽ ജീവൻ ബാക്കിയാണെന്ന്. എന്നാൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും അയാൾക്ക് ഓർമ്മശക്തി പൂർണമായും നഷ്ടപ്പെട്ടിരുന്നു. അവിടെയാണ് നീതിന്യായവ്യവസ്ഥയുടെ അവനവൻ കടമ്പ മുന്നിൽ മുള്ളുമുനയുമായി നിവർന്നത്. ചെയ്ത കുറ്റങ്ങളെക്കുറിച്ചുള്ള ഓർമ്മ പൂർണമായും നഷ്ടപ്പെട്ട ഒരാളെ ഒരിക്കൽക്കൂടി വധശിക്ഷയ്ക്കു വിധേയമാക്കാൻ കഴിയില്ല. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന വധശിക്ഷ എന്ന നിയമവ്യവസ്ഥ അവനവൻ കടമ്പയിൽ തട്ടിവീണ് മുടന്തിനടക്കുന്ന സിനിമയാണ് Death by Hanging.

ചട്ടമ്പിസ്വാമികളുടേയും നാരായണഗുരുവിന്റേയും അനുയായിയായിരുന്ന പന്നിശ്ശേരി നാണുപിള്ള എഴുതിയ 'നിഴൽക്കുത്ത്' എന്ന ആട്ടക്കഥയിൽ മലവേടനോട് പാണ്ഡവരെ നിഴൽക്കുത്തിൽ കൊല്ലാൻ ദുര്യോധനൻ പറഞ്ഞപ്പോൾ അയാൾ അസാധ്യമായത് ആവശ്യപ്പെട്ടു :

'സൂര്യന്റെ വിളക്ക്, വട്ടകയായി മുഴക്കിരുട്ട് , ജലത്തിനാൽ പിരിച്ച കയർ, നിലാവിന്റെ കിളുന്ന്, ഇരുട്ടിന്റെ ഞെട്ട്'.

കാവാലം നാരായണപ്പണിക്കരുടെ 'അവനവൻ കടമ്പ' എന്ന നാടകത്തിൽ വടിവേലവനെ മഷിയിട്ടുവരുത്തിക്കൊലാൻ പാട്ടുപരിഷ നിലാവിന്റെ കിളുന്നും ഇരുട്ടിന്റെ ഞെട്ടും അടർത്തുന്നുണ്ട്. വധശിക്ഷയ്‌ക്കെതിരേ മലയാളത്തിൽ ഇറങ്ങിയ മനോഹരമായ ചലച്ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണൻ ഇട്ട പേരാകട്ടെ, നിഴൽക്കുത്ത് എന്നായിരുന്നു.

അവനവൻ കടമ്പ അവതരിപ്പിക്കപ്പെട്ട് മൂന്നുകൊല്ലങ്ങൾ കഴിഞ്ഞ് 1979 ഏപ്രിൽ മാസം നാലാം തീയതിയാണ് മുൻ പാകിസ്താൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ കോടതിവിധിപ്രകാരം തൂക്കിക്കൊന്നത്. അതിനും പത്തു കൊല്ലങ്ങൾക്കു ശേഷമാണ് റൊമാനിയൻ പ്രസിഡണ്ടായിരുന്ന നിക്കോളെ ചെഷസ്ക്യൂവിനെ ഒരുകൂട്ടം ആളുകൾ വെടിവെച്ച് കോടതിയുടെ വധശിക്ഷ നടപ്പിലാക്കിയത്. 1996 ലാണ് അഫ്ഗാനിസ്ഥാൻ പ്രസിഡണ്ടായിരുന്ന മുഹമ്മദ് നജീബുള്ളയെ തൂക്കിക്കൊന്ന് വധശിക്ഷ നടപ്പിലാക്കിയത്. 2006 ലാണ് ഇറാക്കിലെ പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന് വധശിക്ഷ നടപ്പിലാക്കിയത്.

എവിടേയും ഉത്സാഹമായിട്ടാണ് രാഷ്ട്രങ്ങൾ നിയമപ്രകാരം മുൻ ഭരണാധികാരികളുടെ വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്. ബംഗ്ലാദേശിലെ കോടതിവിധിയെ അവലംബമാക്കി പ്രമുഖ കാർട്ടൂണിസ്റ്റ് ഇ.പി . ഉണ്ണി നവംബർ പത്തൊൻപതാം തീയതി ഇന്ത്യൻ എക്സ്പ്രസ്സിൽ വരച്ച ഒരു കാർട്ടൂൺ ഉണ്ട്.

ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ വാതിലിലേക്ക് ഷെയ്ഖ് ഹസീനയുടെ തൂക്കുകയറുമായി ധാക്കയിൽ നിന്നു വരുന്ന ആരാച്ചാരുടെ കറുത്ത നിഴലിനോട് സാധാരണക്കാരൻ ചോദിക്കുകയാണ് 'അധികാരപത്രം കൈയിലുണ്ടോ' എന്ന്.

രണ്ടുരാജ്യങ്ങളുടേയും ദേശീയഗാനങ്ങൾ എഴുതിയ ടാഗോർ 1892 ൽ എഴുതിയ 'ശിക്ഷ' എന്ന കഥയിൽ വധശിക്ഷയുടെ ധാർമ്മികതയെ ചോദ്യം ചെയ്തിരുന്നു എന്നതും നമുക്കോർക്കാം . കാവാലം എഴുതിയതുപോലെ മരിച്ചോ, മരിച്ചോ, അവനവൻ കടമ്പക്കൽ മരിക്കാൻ കൊള്ളാം'.