അജ്ഞാതദേവതകളുടെ പുഷ്പവൃഷ്ടി പോലെ എന്നും ഉണര്‍ന്നു വരുമ്പോള്‍ മണലില്‍ ആ പൂക്കള്‍ ചിതറിക്കിടക്കും. തീരെച്ചെറിയ നീണ്ട ഉടലും,ഉള്ളില്‍ മൂന്നാലു തിരികളുമുള്ള റോസുനിറമുള്ള കുഞ്ഞുപൂക്കള്‍. ഈ പൂക്കള്‍ ഏതു മരത്തില്‍ നിന്നാണ് വീഴുന്നത്.? ഉണ്ണിക്കണ്ണന്‍ ഉരലും കൊണ്ടോടിയപ്പോള്‍ മറിച്ചിട്ട ഇരട്ട നീര്‍മരുതുകളെപ്പോലെ അടുത്തടുത്തായി രണ്ടു ബംബ്ലിമാസ് മരങ്ങള്‍ മുറ്റത്തുണ്ട്. മാമന്റെ വണ്ടി ടയര്‍ മാറുമ്പോള്‍ പഴയ ടയറുകള്‍ അതിന്റെ കൊമ്പില്‍ കയറില്‍ക്കെട്ടിയിടും. അതിലിരുന്നാണ് ഊഞ്ഞാലാട്ടം.. ഏതു നിമിഷവും പൊട്ടിവീഴാവുന്ന ഇരുമ്പുണ്ടകളെപ്പോലെ അതിന്റെ വലിയ ഗോളാകൃതിയിലുള്ള കായകള്‍ കാറ്റില്‍ ആടിക്കളിക്കും. പക്ഷേ റോസുനിറമുള്ള പൂക്കളുടെ ഉടമകള്‍ ഈ മരങ്ങളല്ല.
ശീമപ്ലാവ് പുരയെക്കാള്‍ വളര്‍ന്നാല്‍ ദോഷമാണെന്ന് അമ്മച്ചി പറയുമായിരുന്നു. അങ്ങനെ ജീവാപായഭീഷണി നേരിടുന്ന ഒരു ശീമപ്ലാവുണ്ടായിരുന്നു. മൂപ്പെത്തും മുമ്പടര്‍ന്ന ശീമച്ചക്കകള്‍ അതിന്റെ ചോട്ടില്‍ പൊഴിഞ്ഞു കിടന്നു. വരിക്കപ്ലാവില്‍ നിന്നു മുറ്റത്താകെ പ്ലാവിലകള്‍ പാറിവീണു.പക്ഷേ ഈ പൂക്കള്‍ ഇവയുടേതുമല്ല.
നാലഞ്ചു വയസ്സു പ്രായത്തില്‍ കണ്ണില്‍ത്തറഞ്ഞ ഈ നിഗൂഢപുഷ്പപാതം വീണ്ടും കുറേക്കുറേക്കാലം കഴിഞ്ഞാണ് പിടി തന്നത്. പ്ലാവിന്റെ കൊമ്പിലെ ഒരു അഭയാര്‍ത്ഥിയായിരുന്നു കക്ഷി. തുടുതുടുപ്പുള്ള മാംസളമായ ഇലകളുമായി കൊമ്പില്‍ അള്ളിപ്പിടിച്ചിരുന്ന ഇത്തിള്‍ക്കണ്ണിയുടേതായിരുന്നു ആ കുഴല്‍പ്പൂക്കള്‍. ഓരോ കാഴ്ചയും ഓരോ ഓര്‍മ്മയാണല്ലോ. ഓര്‍മ്മകളാണ് ജീവിതവും കവിതയും.
മറ്റൊരാളുടെ ചോരയൂറ്റിക്കൊണ്ടു ചിരിവിടര്‍ത്തുന്ന പരാദജീവികള്‍! മാതൃമരങ്ങളുടെ തീന്‍മേശകള്‍ക്കരികില്‍ അവര്‍ അധികാരപൂര്‍വ്വം കസേര വലിച്ചിട്ടിരുന്നു. അവകാശപൂര്‍വം അന്നം തട്ടിപ്പറിച്ചു. മധുരമുള്ള ചെറുപഴങ്ങളാല്‍ വഴിയെ പോയ കിളികളെ വിളിച്ചു വിരുന്നൂട്ടി, ഉദാരമതികളായി..അവയുടെ കൊക്കുകളില്‍ വിത്തുകളായി ഒട്ടിപ്പിടിച്ച് ആകാശസഞ്ചാരം നടത്തുകയും ശിഖരങ്ങളില്‍ നിന്ന് ശിഖരങ്ങളിലേയ്ക്ക് ചൂഷകവംശാവലി പടര്‍ത്തുകയും ചെയ്തു. ആഴങ്ങളില്‍ കഠിനവേല ചെയ്ത് കോരിയെടുത്ത വെള്ളമാണ് ആ പിടിച്ചുപറിക്കാര്‍ മരത്തിന്റെ ജലഞരമ്പുകളില്‍ നിന്ന് കുത്തിക്കുടിച്ചിരുന്നത്. പക്ഷേ പ്ലാവിന്റെ ചോരയും നീരുമൂറ്റിയ ആ പുള്ളോന്നിപ്പൂക്കളെ ഞാന്‍ അന്ന് നിഷ്‌ക്കളങ്കമായി സ്‌നേഹിച്ചു. അവയുടെ ചതിയന്‍ ചിരികളെ ഇന്നും ഗൃഹാതുരമായി സ്‌നേഹിച്ചുപോകുന്നു. സസ്യേതരമായ പരാന്നജീവിതങ്ങളുമുണ്ടെന്ന് അന്നറിയുമായിരുന്നില്ല. ഇത്തിള്‍ക്കണ്ണി മനുഷ്യരെക്കാണാനും പരിചയപ്പെടാനുമിടയായത് വളരെക്കാലം കഴിഞ്ഞാണ്.
ഈ മണല്‍മുറ്റവും ബംബ്ലിമാസുകളും ഇത്തിള്‍ക്കണ്ണിപ്പൂവും ഉമ്മറത്തിണ്ണയുമെല്ലാം പില്‍ക്കാലത്തൊരു കവിതയ്ക്കു പശ്ചാത്തലമായി. ആട്ടിന്‍കുട്ടി സഹനടനായും രംഗത്തെത്തി. കാവ്യഗുണ്ട എന്ന കവിതയുടെ പശ്ചാത്തലത്തില്‍ ഇവരെല്ലാം വന്നു തലകാണിച്ചു.
'തരളമായ് പൂമൊട്ടുതിര്‍ക്കുന്നു പ്ലാവിന്റെ
മുകളില്‍ നിന്നിത്തിളിന്‍ കൈക്കുടന്ന
മണലാകെ മൂടുന്നു പ്ലാവില
കാലൊന്നു വഴുതിപ്പതിക്കുന്നു തേന്‍വരിക്ക '
കവിതയുടെ കുഞ്ഞാടു കെട്ടു പൊട്ടിച്ചു തുള്ളി നിന്ന ഇളവെയില്‍ മുറ്റത്തിന്റെ പ്രകൃതി ആ വടക്കതില്‍ തറവാടിന്റെയാണ്, അമ്മയുടെ വീടിന്റെ. ഒരുപക്ഷേ അക്ഷരമെഴുതിപ്പഠിച്ച ആദ്യകാലത്തോടുള്ള ഉപബോധപ്രതിപത്തിയാലാവണം കവിതയുടെ കുഞ്ഞാട് അവിടെത്തന്നെ ചെന്ന് തുള്ളിയത്.
പണ്ട് ഒരു തള്ളയാടും രണ്ടാട്ടിന്‍കുട്ടികളുമുണ്ടായിരുന്നു അവിടെ. അവര്‍ക്കു താമസിക്കാന്‍ മരത്തിന്റെ ഫ്രെയിമില്‍ ഇരുമ്പുനെറ്റടിച്ച ഒരു കൂടും. രാവിലെ ഒരു ഈര്‍ക്കിലുമായിറങ്ങി പ്ലാവിലകള്‍ അതില്‍ കുത്തിക്കൊണ്ടുവന്ന് ആടിനെ തീറ്റിക്കലായിരുന്നു പ്രധാനജോലി. പാവക്കുട്ടിയെപ്പോലെ ലാളിക്കാനും, പുന്നാരിക്കാനുമൊക്കെയുള്ള ശിശുപരിശ്രമങ്ങളോട് സൂക്ഷ്മതയോടെയുള്ള ഒരകലം ആട് എന്നും പാലിച്ചിരുന്നു. അതിന്റെ ചെറിയ കൊമ്പ് രോമങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടതു പോലെയാണ്. വലിയ സൗഹൃദത്തിനു ചെന്നാല്‍ തല താഴ്ത്തി അത് ഇടിക്കാന്‍ വരുമ്പോലെ കാട്ടും. തൂങ്ങിയാടുന്ന വലിയ അകിട് ഇപ്പോള്‍ അറ്റു നിലത്തു വീഴുമെന്ന് തോന്നും. ആട്ടിന്‍കുട്ടികള്‍ പടുവികൃതികളാണ്. അവയ്ക്ക് മര്യാദയ്ക്ക് നടക്കാനറിയില്ല. തുള്ളിച്ചാട്ടമാണ് എപ്പൊഴും. ആരെയും അനുസരിക്കില്ല. 'അറിയില്ല തന്‍ തോന്നലല്ലാതെ മറ്റേതു നിയമവും കുഞ്ഞാടിനന്നുമിന്നും.' എന്ന് കവിതയെപ്പറ്റിയെഴുതുമ്പോള്‍ ഈ ആട്ടിന്‍കുട്ടികളുണ്ടായിരുന്നു മനസ്സില്‍. കവിതയിലുള്ളത് കൃത്രിമമായ വൃത്തബോധമല്ല, ഉപബോധത്തിലുള്ള പ്രാകൃതമായ താളബോധമാണ്.
പണ്ട് ഒരു മഴക്കാലത്ത് വെള്ളം കേറി പാടവും പുഴയുമെല്ലാം ഒന്നായി. വയല്‍ നിറയെ വെള്ളാമ്പല്‍ വിരിഞ്ഞു നിന്നു. അതിഹൃദ്യഗന്ധമുള്ള വലിയ വെള്ളപ്പൂക്കള്‍. വയലുകള്‍ക്കിടയിലെ വരമ്പുകള്‍ വെള്ളത്തിനടിയില്‍, തൊലിയ്ക്കടിയിലെ ഞരമ്പുകള്‍ പോലെഴുന്നു കാണാം. തോട്ടിലൂടെ ഡോള്‍ഫിന്‍ ഒഴുകി വരുന്നെന്ന് വാര്‍ത്ത പരന്നപ്പോള്‍ അതിനെ കാണാന്‍ ജനം കൂടി. സ്രാവാണെന്ന് കരുതി ആരോ അതിനെ പിടികൂടി അടിച്ചു കൊന്നെന്നും കഥയുണ്ടായി. അന്ന് വയലിലെ ആമ്പല്‍ പറിക്കാന്‍ അമ്മ വരമ്പിലൂടെ നടന്നു. വെളളം സാരിത്തുമ്പിനെ കുതിര്‍ത്തു. കുറച്ചു മുന്നോട്ടു നടന്നു കാണണം. കരയില്‍ നിന്നു നോക്കുമ്പോള്‍ കടല്‍ പോലെ പരക്കുകയാണ് ജലം. അമ്മ അതിനുമീതേ ഗലീലിക്കടലിനു മേല്‍ യേശു നടന്ന പോലെ നടന്നുപോയി. ചുറ്റും ആമ്പല്‍ക്കാടുകള്‍ ഉലഞ്ഞു. അമ്മ പോയിക്കഴിഞ്ഞു. ഓര്‍മ്മയിലെയാ പഴയ ആമ്പല്‍പ്പരപ്പ് ശോകപ്പരപ്പായി ഭാവഭേദപ്പെട്ടു കഴിഞ്ഞിരുന്നു.
'മലരുന്ന ശോകപ്പരപ്പിനങ്ങേപ്പുറം
വിടരുമാമ്പല്‍പ്പൂവുലഞ്ഞ താളം'
എന്ന് അത് കവിതയില്‍ പ്രത്യക്ഷപ്പെട്ടു.
ചിറയിന്‍കീഴച്ഛനെന്നും,അമ്മച്ചിയെന്നുമാണ് അമ്മയുടെ അച്ഛനമ്മമാരെ ഞങ്ങള്‍ കുട്ടികള്‍ വിളിച്ചുപോന്നത്. ആദ്യത്തെ ഓര്‍മ്മകളില്‍, നിറയെപ്പൂത്ത പിച്ചിച്ചെടിയും, അടുക്കുചെമ്പരത്തിയും, പാരിജാതവുമുള്ള ആ മുറ്റമുണ്ട്. ഇരുമ്പുഗേറ്റിനു വശത്ത് വലിയ മള്‍ബറിമരമുണ്ട്. പലതരം വാലുകളും,തൂവല്‍ ഡിസൈനുകളുമുള്ള കുരുവിക്കലഹങ്ങളുണ്ട്. ആദ്യത്തെ ഓര്‍മ്മയിലേ ഒറ്റപ്പെടലും അനാഥത്വവുമുണ്ട്. കുഞ്ഞുങ്ങള്‍ അച്ഛനമ്മമാര്‍ക്കൊപ്പം സ്‌നേഹവും സുരക്ഷിതത്വവുമറിഞ്ഞ് വളരേണ്ട പ്രായത്തിലേ ഒറ്റയ്ക്കായിരുന്നു. അമ്മ ട്രാന്‍സ്ഫറായി ഷൊര്‍ണ്ണൂര്‍ക്കു പോയി. ഹൈസ്‌ക്കൂള്‍മാഷായിരുന്ന അച്ഛനും,അണ്ണനും വീട്ടില്‍. ഞങ്ങള്‍ ഇരട്ടക്കുട്ടികള്‍ അമ്മയുടെ വീട്ടില്‍. അതായിരുന്നു ആ ശിഥിലകുടുംബത്തിന്റെ ആദ്യകാലചിത്രം. അന്നറിയില്ലായിരുന്നെങ്കിലും,അല്‍പവര്‍ഷങ്ങള്‍ കഴിഞ്ഞു വരാനിരുന്ന ചിതറിയജീവിതത്തിലേയ്ക്കുള്ള ഒരു ശൈശവകാല ട്രയല്‍ എന്നു പറയാം.
റിട്ടയേഡ് ഹെഡ്മിസ്ട്രസ്സായിരുന്നു എന്റെ അമ്മച്ചി.മലയാളം അധ്യാപികയായിരുന്നു. ചിറയിന്‍ കീഴച്ഛന്‍ നല്ല വായനക്കാരനും, നാടകനിരൂപകനുമായിരുന്നു. റഷ്യന്‍ ക്ലാസിക്കുകള്‍ അടുക്കിവെച്ച അദ്ദേഹത്തിന്റെ ബുക്ക്‌ഷെല്‍ഫാണ് എന്റെ ആദ്യകാലപുസ്തകസ്മൃതി. ഏതെങ്കിലും തരത്തില്‍ കളിസാമഗ്രിയായി ഉപയോഗിക്കാന്‍ കഴിഞ്ഞാലോ എന്നു കരുതി അതിനു ചുറ്റും ഞാന്‍ റാകിനടക്കുമായിരുന്നു. അപൂര്‍വ്വാവസരങ്ങളില്‍ മാത്രം അവയുടെ നടുവിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ മറിച്ചുനോക്കാന്‍ അനുവാദം കിട്ടി. നിറയെ നാനാനിറങ്ങളുടെ ചുഴികളും മലരികളുമുള്ള ഒരു സോവിയറ്റ് പ്രസിദ്ധീകരണത്തിന്റെ നടുവിലെത്താളിനായി ഞങ്ങള്‍ കടിപിടി കൂടുമായിരുന്നു.
ഗൗരവസ്വഭാവികളായ മനുഷ്യര്‍. അല്ലാത്തപ്പോള്‍ ലാളിക്കുമെങ്കിലും,പഠിപ്പിക്കുമ്പോള്‍ അമ്മച്ചി ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. കുറുമ്പും അക്രമവും കൈമുതലായുള്ള പേരക്കുട്ടികളെ ഒതുക്കാനാണോ അത്ര ചെറുതിലേ അവര്‍ ഞങ്ങളെ മലയാളം പഠിപ്പിക്കാന്‍ തുടങ്ങിയത്? വൈകിട്ടു കൈയും കാലും കഴുകി, നിലവിളക്കിനു മുന്നിലിരുന്നു ഉറക്കം തൂങ്ങിക്കൊണ്ടു നാമം ജപിക്കും. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും അച്ചടക്കഭരിതമായ കാലഘട്ടം അതായിരുന്നു കാണണം.
സംഭവരഹിതമായ, ലാളനാവിരളമായ ദിവസങ്ങള്‍ ജീവിതത്തിന്റെ ആ ആദ്യകാലത്തെ വല്ലാതെ ബോറടിപ്പിച്ചു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നഴ്‌സറിയില്‍ ചേര്‍ത്തിട്ടില്ല. എങ്ങും കളിക്കാന്‍ പോകാന്‍ അനുവാദമില്ല. ഉദിച്ചസ്തമിക്കുന്നതിനിടയിലെ ഉത്സാഹരഹിതമായ മണിക്കൂറുകള്‍ എങ്ങനെ കടന്നു പോകും? വൈകിട്ട് അമ്മയും അച്ഛനും വന്നു കയറാനില്ലാത്ത വീട് എത്ര അര്‍ത്ഥശൂന്യമാണ്! അത്ര ചെറുതിലേ സങ്കടം എന്റെ ശീലമായിരുന്നു.
തൊട്ടുപിന്നിലെ പറമ്പ് അതിരില്‍ നിന്നു വളരെ താഴെയാണ്. അതിരിന്റെ അങ്ങേമൂലയില്‍ ഒരു കടലാസു ചെടിയുണ്ട്. അപ്രതീക്ഷിതമായി ചിലപ്പോള്‍ മേലേക്കൊമ്പില്‍ ഒരു വെള്ളപ്പൂ കാറ്റിലാടും. ആരും കാണാതെ ഓടിച്ചെന്നു നോക്കുമ്പോള്‍ താഴേയ്ക്കു ചാടിയ ചില്ലകളില്‍ നിറയെ പൂവുണ്ടാവും. ഹൊ! അന്നേരമെല്ലാം അനുഭവിച്ച സന്തോഷങ്ങള്‍!വിരസതയുടെ ഉപരിതലത്തില്‍ ആ പൂക്കള്‍ കിടന്ന് ഓളംവെട്ടും. കയ്യും കാലും മുഖവുമൊന്നും വേറിട്ടറിയാത്ത ഒരു പ്ലാസ്റ്റിക് പെണ്‍പാവയുണ്ടായിരുന്നു എല്ലാ ഉത്സവകാലത്തും. പച്ചയോ ചുവപ്പോ നിറം. ഈയടുത്ത് ഒരുത്സവത്തിന് അതിനെ വഴിയോരക്കടയില്‍ കണ്ടത്ഭുതപ്പെട്ടു. വലിയ കാലത്തെ അതിജീവിച്ച് അതു പോലെ തന്നെ നിലനില്‍ക്കുന്നു. വെറുതെയൊരെണ്ണം വാങ്ങി. പരുപരുത്ത മുഖത്തു വിരലോടിയ്ക്കുമ്പോള്‍ ശര്‍ക്കരഭരണിയ്ക്ക് ഉരുളു വീഴുമ്പോലെ ഓര്‍മ്മകള്‍ മനസ്സില്‍ വീണുരുണ്ടു..
പെരുമഴ പെയ്ത് വെളളം കേറുമ്പോള്‍ മാത്രം, ഒഴിഞ്ഞ പറമ്പുകള്‍ക്കപ്പുറത്തെ വയല്‍ മഹാജലധിയായി കണ്ണില്‍പ്പെട്ടു.ആ വെള്ളക്കെട്ട് വിദൂരത്തായി അനന്തതയോളം പടര്‍ന്നുകാണുമ്പോള്‍ അകാരണമായ ഭയവും, അമ്മയെക്കാണാനുള്ള കൊതിയും വന്നു പൊതിയും. ഞങ്ങള്‍ രണ്ടു ശിശുക്കളെക്കാള്‍ ചെറിയൊരു ശിശു ആ വീട്ടിലുണ്ടായിരുന്നു ,മാമന്‍.! അമിതലാളനയാല്‍ വശംകെട്ടുപോയ ഒറ്റമകന്‍. മാമന്റെ കല്‍പനകള്‍ക്കനുസരിച്ചാണ് അന്ന് ശിശുലോകം കറങ്ങിയിരുന്നത്. സ്ലേറ്റിലെഴുതാന്‍ വെള്ളമുനയുള്ള ഒരു നീലപ്പെന്‍സിലാണുള്ളത്. അതിന്റെ മുന എപ്പൊഴും കുത്തിയൊടിക്കും. കൂര്‍പ്പിച്ചു തരേണ്ടത് മാമനാണ്. പേടിച്ചു വിറച്ചാണ് സമീപിക്കുക. നല്ല മൂഡല്ലെങ്കില്‍ വഴക്കു കിട്ടും. വഴക്കു കഴിഞ്ഞാല്‍ ചിലപ്പോള്‍ മിഠായിയും. അമൃതും കാകോളവും ഇരുകൈകളില്‍പ്പേറിയ അസാധാരണ ചപലമൂര്‍ത്തിയായിരുന്നു അദ്ദേഹം. ടാക്‌സിയായി ഓടാന്‍ ഒരു അംബാസിഡര്‍ക്കാറുണ്ടായിരുന്നു. അതിന്റെ താമസസ്ഥലമായ ഷെഡ്ഡില്‍, നിലത്തു നിറയെ കുഴിയാനകളുണ്ട്. അവയുടെ മണ്‍ചുഴികളില്‍ കണ്ണുനട്ട് ആനക്കുട്ടികള്‍ പുറത്തു വരുമെന്ന് വിചാരിച്ച് പണ്ടു നിന്നിട്ടുണ്ട്. കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിനു മുകളിലായി ഒറിജിനലിനെ വെല്ലുന്ന ഒരു മുന്തിരിവള്ളി പടര്‍ന്നു പിടിച്ചു കിടന്നു. അതിനുള്ളില്‍ കയറാന്‍ അനുവാദം കിട്ടുമ്പോഴെല്ലാം അവയെ തൊടരുതെന്നു മുന്നറിയിപ്പും കിട്ടുമായിരുന്നു.
വഴക്കും കരച്ചിലും മടുപ്പുമായി അക്ഷരം പഠിക്കല്‍ മുന്നോട്ടു പോയി. ദിവസവും ഒരു നിശ്ചിതസമയം സ്ലേറ്റുമായി ഉമ്മറത്തു ഹാജരാവേണ്ടതുണ്ട്. എന്തെങ്കിലും ആവേശകരമായി നടക്കുന്നതായി തോന്നിയതേയില്ല. പക്ഷേ ഒരു ഞായറാഴ്ച അച്ഛന്‍ വന്നപ്പോള്‍ തപ്പിത്തടഞ്ഞ് പത്രത്തിലെ തലവാചകം വായിച്ചു കേള്‍പ്പിച്ചു. അച്ഛന്‍ അമ്പരന്നുപോയി. അമ്മച്ചി അഭിമാനപൂര്‍വ്വം ചിരിച്ചു. അപ്പോള്‍ സന്തോഷം തോന്നി.
ശനിയാഴ്ച വൈകിട്ട് വന്ന് തിങ്കളാഴ്ച രാവിലെ അമ്മ തിരിച്ചുപോവുമായിരുന്നു. പോവില്ലെന്ന് അമ്മയെക്കൊണ്ട് നൂറുവട്ടം സത്യം ചെയ്യിച്ചിട്ടാണ് കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കിടക്കുക. ഉണരുമ്പോള്‍ അടുത്തില്ലെന്നറിഞ്ഞ് കുറേ നിലവിളിക്കും. പിന്നെ അടുത്തയാഴ്ച്ചത്തേയ്ക്കുള്ള സങ്കടക്കാത്തിരിപ്പ്. കുറെക്കാലം ഇത് തുടര്‍ന്നു. എനിക്കറിയാം, അച്ഛനമ്മമാര്‍ക്കൊപ്പമല്ലാതെ വളരുന്ന കുഞ്ഞുങ്ങളുടെ ആ ഇടറിയ നെഞ്ചിടിപ്പ്. ജീവിതാവസാനം വരെ അതില്‍ അരക്ഷിതത്വത്തിന്റെ അവതാളം കലര്‍ന്നിരിക്കും.
അമ്മയ്ക്കു വീണ്ടും നാട്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ തിരികെ വീട്ടിലേയ്ക്കു പോയി. അരക്ഷിത ബാല്യത്തിന്റെ ഇരുട്ടുവീണ മുറികളായിരുന്നു ആ വീടിന്. ഞാന്‍ കണ്ട പ്രകൃതി മുഴുവനും അതിനെ ചുറ്റിപ്പറ്റിയാണ്.അച്ഛന്റെ നാട്. പരസ്പരം സ്‌നേഹിക്കാത്ത മനുഷ്യരായിരുന്നു ആ വീടിനുള്ളില്‍. ഭൂകമ്പം വരും മുമ്പെ പക്ഷികള്‍ ചിറകടിച്ചു പാറുമ്പോലെ, മൃഗങ്ങള്‍ ഒച്ചവെച്ചു കൂടുകള്‍ക്കുള്ളില്‍ അസ്വസ്ഥരാവുമ്പോലെ, സ്‌നേഹരാഹിത്യം ഏറ്റവും ആദ്യം അറിയുന്നത് തീരെച്ചെറിയ കുഞ്ഞുങ്ങളായിരിക്കും.അതിനുംമുമ്പു തന്നെ വെളുത്ത ജുബ്ബയില്‍ ഒരു കവിള്‍ ചോര ഛര്‍ദ്ദിച്ച്, ചെല്ലപ്പന്‍പിള്ള എന്ന ചിറയിന്‍കീഴച്ഛന്‍, എന്റെ അപ്പൂപ്പന്‍ മരിച്ചു. ക്ഷയരോഗം തുളവീഴ്ത്തിയ ശ്വാസകോശങ്ങള്‍ അത്യധ്വാനം ചെയ്യുമ്പോള്‍, കൊടുങ്കാറ്റു മൂളുന്ന ഒച്ചയുയര്‍ന്നു. ആ മരണരംഗം നടക്കുമ്പോള്‍ വാതില്‍പ്പാളികള്‍ക്കു പിറകില്‍ ഞങ്ങള്‍ ആകാംക്ഷാഭരിതരായി നിന്നു. അമ്മച്ചിയും മാമനും മറ്റുമാണകത്ത്. പിന്നെ വീട്ടില്‍ ആളുവന്നു നിറയുന്നത്, പച്ചപ്പെയിന്റടിച്ച ഇരുമ്പുമടക്കുകസേരകള്‍ കൊണ്ടു മുറ്റം നിറയുന്നത് ,ഒരു താലത്തില്‍ കൊണ്ടുവെച്ച വെറ്റിലയും അടയ്ക്കയും മുറുക്കി ആള്‍ക്കാര്‍ തമ്മില്‍ സംസാരിച്ചുനില്‍ക്കുന്നത്. എല്ലാം വീക്ഷിച്ച് പാഞ്ഞു നടന്നു. കളിക്കാന്‍ ബന്ധുവീടുകളിലെയും അയല്‍വീട്ടിലെയും കുട്ടികളെക്കിട്ടി. സങ്കടമറിഞ്ഞില്ല.
പക്ഷേ ഷൊര്‍ണൂരില്‍ നിന്ന് വന്ന് പൊട്ടിക്കരച്ചിലോടെ അമ്മ വരാന്തയിലേയ്ക്കു കയറിയപ്പോള്‍ അമ്മ കരയല്ലേയെന്ന് ഞാന്‍ വാവിട്ടു നിലവിളിച്ചു.
ഉയരമുള്ള ഗൗരവക്കാരനായ ആ മനുഷ്യന്റെ അപാരമായ വായനാലോകത്തെ, അദ്ദേഹം ബന്ധപ്പെട്ട നാടകങ്ങളെ എനിക്കറിയുമായിരുന്നില്ല. ഈയടുത്ത് രമണനെപ്പറ്റി ഏതോ ഒരു വേദിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തെപ്പറ്റി സാബുമാമന്‍ എന്നോടു പറഞ്ഞു. ഗംഭീരമായിരുന്നു എന്ന് ആരെല്ലാമോ നടത്തിയ അഭിപ്രായപ്രകടനത്തെപ്പറ്റിയും. അന്നത്തെ അദ്ദേഹത്തിനും, ഇന്നത്തെ എനിയ്ക്കുമിടയിലെ കാലദൈര്‍ഘ്യത്തിനെ ഒരു കത്രികയാല്‍ വെട്ടിക്കളയാന്‍ പറ്റിയിരുന്നെങ്കില്‍ ! എങ്കില്‍ സ്വതസിദ്ധമായ ഗൗരവമലിഞ്ഞ്,ചില വൈകുന്നേരങ്ങളില്‍ സന്ദര്‍ശിക്കാറുള്ള സഹൃദയസുഹൃത്തുക്കളോടെന്നപോലെ, ചാരുകസേരയില്‍ക്കിടന്ന് എന്നോട് പുഞ്ചിരിയോടെ സംസാരിക്കുമായിരുന്നോ? രമണന്റെ ഹൃദയരഹസ്യമറിയാന്‍ മാത്രം അന്നു ഞാന്‍ വളര്‍ന്നിട്ടില്ലായിരുന്നു. രണ്ടുപേര്‍ക്കും ഒരുപോലെ പ്രിയങ്കരനായ ആ മനുഷ്യനെപ്പറ്റി ഞങ്ങള്‍ക്ക് ഒന്നും സംസാരിക്കാനായില്ല. എനിക്കന്ന് അഞ്ചുവയസ്സായിരുന്നു. അദ്ദേഹത്തിന് അറുപത്തഞ്ചും. പടുവികൃതിയും, തല്ലുകൊള്ളിയുമായ പേരക്കുട്ടിയായി മാത്രം ഞാന്‍ ആ ഹൃദയത്തിലടയാളപ്പെട്ടു. നിര്‍ദ്ദയമായ കാലലീലയില്‍ഞങ്ങള്‍ തീര്‍ത്തും അപരിചിതരായിപ്പിരിഞ്ഞു. തൊട്ടടുത്തുണ്ടായിരുന്നിട്ടും, തുറന്നു സംസാരിക്കാന്‍ കഴിയാതെപോയ സമാനഹൃദയാ, ഇന്നും വലിയ നഷ്ടബോധത്തോടെ അങ്ങയെ ഓര്‍ക്കുന്നു.
എല്ലാ വെക്കേഷനുകളിലും അമ്മച്ചിയ്‌ക്കൊപ്പം നില്‍ക്കാന്‍ പോവുമായിരുന്നു. ഓടിട്ട വീടിന്റെ കോലായില്‍ എല്ലാരും നിരന്നുകിടക്കും. ഉറങ്ങുംവരെ കഥ പറയും. അച്ഛനും,അമ്മയും, മാമനുമെല്ലാം മരിക്കുന്നത് കാണാന്‍ അമ്മച്ചിയ്ക്കു ജീവിച്ചിരിക്കേണ്ടി വന്നു. ഉഗ്രപ്രതാപിയായ, എന്നാല്‍ അലിവിന്റെ അമ്മമുഖമായ ആ സ്ത്രീ വൃദ്ധയാവുന്നത്, നിയന്ത്രണാതീതമായ പ്രമേഹത്താല്‍ ക്രമേണ ക്ഷീണിതയാകുന്നത് സങ്കടത്തോടെ കണ്ടു. പതിയെപ്പതിയെ
വികാരങ്ങള്‍ മനസ്സിന്റെ പിടിവിടുവിച്ചോടാന്‍ തുടങ്ങി. കെട്ടുപൊട്ടിപ്പോയ വിറകുകൊള്ളികള്‍ പോലെ അവ ചുറ്റിലുമഴിഞ്ഞു വീണു. താനേ തീ പിടിച്ചു. താനേ നനഞ്ഞു കുതിര്‍ന്നു. ഇടയ്ക്കു കാണാന്‍ വരുന്ന ബന്ധുക്കളോട് പതം പറഞ്ഞു കരയും. ഒരുതവണ അപ്പുപ്പന്റെ ബന്ധത്തിലുള്ള ദമ്പതികള്‍ അമ്മച്ചിയെ കാണാന്‍ വന്നു. പഴയ കാലങ്ങളെപ്പറ്റി പലതും പറഞ്ഞ് അമ്മച്ചി വികാരാധീനയായി.അച്ഛനമ്മമാരില്ലാത്ത പേരക്കുട്ടികളെയോര്‍ത്ത് പൊട്ടിക്കരഞ്ഞു. കേട്ടു നിന്ന ഞാന്‍ വല്ലാതായി. ഒടുവില്‍ കരച്ചില്‍ അപേക്ഷയും അഭ്യര്‍ത്ഥനയുമായി രൂപം മാറി. ഇവര്‍ക്കാരുമില്ല, നിങ്ങളെല്ലാരും എന്തെങ്കിലും കൊടുക്കണേയെന്ന കെഞ്ചലായി. അരിശം കൊണ്ടും, അഭിമാനക്ഷതം കൊണ്ടും അടുത്തുനിന്ന ഏഴാം ക്ലാസ്സുകാരിയുടെ മുഖം ചുവന്നു.
ആ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അമ്പരന്നുപോയിരുന്നു. ഇത്തരമൊരപേക്ഷ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ചായഗ്ലാസ് മേശപ്പുറത്തുവെച്ച് യാത്ര പറഞ്ഞെഴുന്നേറ്റ് മുറിയ്ക്കു പുറത്തിറങ്ങി ഗേറ്റു വരെയെത്തിയ ശേഷം അവര്‍ പരസ്പരം ഒരു നിഗൂഢചര്‍ച്ചയിലേര്‍പ്പെട്ടു. പിന്നെ എന്തോ തീരുമാനത്തിലെത്തിയ പോലെ തിരിച്ചുവന്നു. വെള്ളഷര്‍ട്ടു ധരിച്ച ആ മനുഷ്യന്‍ നൂറുരൂപയുടെ ചുരുട്ടിയ ഒരു നോട്ട് എന്റെ കയ്യില്‍പ്പിടിപ്പിച്ചപ്പോള്‍,അപകര്‍ഷതയാല്‍ മുഖം കുനിഞ്ഞുപോയി. സമപ്രായക്കാരനായ അവരുടെ മകന്റെ കൗതുകനോട്ടത്തില്‍, കണ്ണു നിറഞ്ഞു. ധനികരല്ലെങ്കിലും, ചിറകുറയ്ക്കുംവരെ ജീവിക്കാനും പഠിക്കാനും സൗകര്യങ്ങളുണ്ടായിരുന്നു. അമ്മച്ചിയും സര്‍വ്വീസ് പെന്‍ഷണറാണ്. പക്ഷേ അമ്മച്ചിയുടെ തളര്‍ന്ന ബോധത്തില്‍ എന്നും മൂന്നനാഥക്കുഞ്ഞുങ്ങള്‍ നിരാലംബരായി കൈനീട്ടി നിന്നു. വരുന്നവരോടെല്ലാം പാവം അമ്മച്ചി യാചന തുടര്‍ന്നു. ആരെങ്കിലും വല്ലതും വച്ചുനീട്ടുന്നത് വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഒരു കവിതാമത്സരത്തിന് വിഷയം 'അമ്മ' എന്നായിരുന്നു. ഏതോ ക്ലബ്ബിന്റെ വാര്‍ഷികമായിരുന്നു. എക്കാലത്തെയും പ്രിയകവി സുധീറേട്ടനായിരുന്നു ഒരു സംഘാടകന്‍. ഓണത്തിന് അമ്മച്ചിയെക്കാണാന്‍ പോയപ്പോള്‍ കവിതയ്ക്ക് ഒന്നാംസ്ഥാനം കിട്ടിയ വിവരം പറഞ്ഞു. വായിച്ചു കേള്‍പ്പിക്കാനാവശ്യപ്പെട്ടു. സ്വന്തമായി കവിതകള്‍ സ്‌കൂള്‍ മീറ്റിങ്ങുകളില്‍ അവതരിപ്പിച്ചിരുന്ന അമ്മച്ചി ആ കവിത കേട്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. എന്തെല്ലാം ഓര്‍ത്തുപോയിക്കാണും. മകളെ ആദ്യമായി സ്വന്തം കയ്യിലേറ്റു വാങ്ങിയതു മുതല്‍, അവസാനിക്കാത്ത നിലവിളിയോടെ യാത്രയാക്കിയതുവരെയുള്ള എന്തെല്ലാം സംഭവപരമ്പരകള്‍!
മാമന്റെ മകന്‍ ഞങ്ങളെക്കാളെല്ലാം ഇളയതാണ്. ഒരു വെക്കേഷന് ഞങ്ങള്‍ കസിന്‍സെല്ലാം ചേര്‍ന്ന് അവനെ പഠിപ്പിച്ച് ശരിയാക്കാന്‍ തീരുമാനിച്ചു. അടുത്ത കൊല്ലത്തേക്കുള്ള ടെക്സ്റ്റ് ബുക്കുകളുമായി ആ നിരപരാധി വീട്ടില്‍ എത്തിക്കപ്പെട്ടു. പകല്‍ പഠന പീഡനം. രാത്രിയില്‍ പ്രേതകഥകള്‍ പറഞ്ഞ് വിറപ്പിക്കല്‍. പേടിയുണ്ടെങ്കിലും കണ്ണുംതള്ളി അവന്‍ കേട്ടുനില്‍ക്കും.
ഒരുച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പെട്ടെന്ന് അച്ഛനെക്കാണാന്‍ തോന്നുന്നെന്ന് അവന്‍ പറഞ്ഞു, രണ്ടു തുള്ളിക്കണ്ണീര്‍ കവിളിലൂടൊലിച്ചു. സാരമില്ല, വൈകിട്ടു വീട്ടില്‍പ്പോവാമെന്ന് ഞങ്ങള്‍ സമാധാനിപ്പിച്ചു. കുഴച്ചു വെച്ച ചോറ്, പ്ലേറ്റില്‍ അതുപോലെ ഉപേക്ഷിക്കപ്പെട്ടു. അവന്‍ ചോറുണ്ടില്ല. ഞങ്ങള്‍ കൈ കഴുകുമ്പോള്‍ ഹാളില്‍ ഫോണടിച്ചു. വല്യച്ഛന്‍ തിരക്കിട്ട് അടുക്കളയിലേയ്ക്കു വന്നു. വേഗം റെഡിയാവണം. മാമനെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുന്നു. ഹൃദയാഘാതമാണ്. മാമന്‍ മരിച്ച വിവരം തന്നെയായിരുന്നു അറിയിച്ചത്. വല്യച്ഛന്‍ അത് പറഞ്ഞില്ലെന്നു മാത്രം.
പ്രമേഹം അധികരിച്ച് അമ്മച്ചിയുടെ ഇരുവൃക്കകളും തകരാറിലായി. ഒരുവര്‍ഷത്തോളം ഡയാലിസിലൂടെ ആ ജീവന്‍ നിലനിന്നു. തടിച്ചു കുറുതായ പ്രൗഢയായ ആ സ്ത്രീ ഒരു കൊഞ്ചിനെപ്പോലെ ശോഷിച്ച് കട്ടിലില്‍ച്ചുരുങ്ങി. ഓര്‍മ്മ മറ്റേതോ ലോകത്തു തങ്ങി. എങ്ങനെയോ പണിപ്പെട്ടു മരിച്ചു. കിടപ്പിലായിപ്പോവുന്ന വയസ്സായവരെ ഒരു ഘട്ടം കഴിഞ്ഞാല്‍, ഇനി ജീവിതത്തിലേയ്ക്കു തിരിച്ചുവരില്ലെന്നു കണ്ടാല്‍ മരിക്കാന്‍ അനുവദിക്കുന്ന നിയമമുണ്ടായിരുന്നെങ്കില്‍! പേടിപ്പിക്കുന്ന യന്ത്രമുരള്‍ച്ചകള്‍ക്കിടയില്‍ വെറും മിടിപ്പു നിലനിര്‍ത്തിക്കിട്ടുന്ന നരകനിമിഷങ്ങളിലൂടെ എന്തിനാണവരെ കടത്തിവിടുന്നതെന്നു തോന്നും. ജീവിതം പോലെ മരണവും മാന്യതയര്‍ഹിക്കുന്നുണ്ട്. എല്ലാവരുടെ ഊഴവും വരും. നേരിയ സമയവ്യത്യാസങ്ങള്‍ മാത്രമേയുള്ളു. ഓര്‍മ്മകളുടെ രഥവീഥികള്‍ മരണത്തിന്റെ മഹാവനം മുറിച്ചു കടന്നുപോവുന്നു.മരിച്ചവര്‍ക്കൊപ്പം നിരന്തരം ഞാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
അമ്മച്ചിയെയോര്‍ക്കുമ്പോള്‍ ഇന്നും നിറഞ്ഞ ചിരിയുള്ള ആ തുടുത്ത മുഖമേ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ളു. പണ്ട് പെന്‍ഷന്‍ വാങ്ങാന്‍ പോവുമ്പോള്‍ അതുവഴി വീട്ടിലേയ്ക്കും വരും. 'മുത്തുക്കിളികള്‍ ' എന്നാണ് കൊഞ്ചിച്ചുവിളിക്കുക. ബാഗിനുള്ളില്‍ അവലോസുണ്ടയുണ്ടാവും പഴവും. മറ്റാരും തരാത്ത ഒരു സമ്മാനം കൂടി, അന്നു വിരിഞ്ഞ,നനവു മാറാത്ത രണ്ടു പാരിജാതപ്പൂക്കള്‍. എന്തുകൊണ്ടായിരിക്കും അതു കൊണ്ടുത്തരാന്‍ തോന്നിയിരുന്നത്! പൂക്കളുമായി ബസ് കയറിവരുന്നതായി ആ ഒരു സ്‌നേഹമേ ഉണ്ടായിരുന്നുള്ളു.
ഈയടുത്ത് എന്റെ വീട്ടിലും ഒരു പാരിജാതം പൂത്തു. പുന്നാരിച്ചു വളര്‍ത്തിയ ഒരു ബ്ലീഡിങ്ങ് ഹാര്‍ട്ട് വഴിപിഴച്ച് തലവേദനയായി മാറിയിരുന്നു. എത്ര വെട്ടിക്കളഞ്ഞാലും സമീപഭൂമിയിലെ ഏതെങ്കിലും ഒരു രഹസ്യദ്വാരത്തിലൂടെ അതുവീണ്ടും പുറപ്പെട്ടുവരും. സകലചെടികളെയും ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കും. എന്നോ കൊണ്ടുനട്ട് കുറച്ച് നാള്‍ പരിപാലിച്ചു വിസ്മരിക്കപ്പെട്ട പാരിജാതത്തിന്റെ ചെറിയ തൈ ആ വള്ളിക്കെട്ടിനുള്ളില്‍ എവിടെയോ ആയിരുന്നു. ഒരു വൈകുന്നേരം വളരെ യാദൃച്ഛികമായി അത് ശ്വാസമെടുക്കുന്നത് ഞാന്‍ കേട്ടു. വള്ളികള്‍ വകഞ്ഞുമാറ്റി ആ തിരുരൂപം ദര്‍ശിച്ചു. വെള്ളമുണ്ടും നേര്യതുമുടുത്ത അമ്മച്ചിയെ മനസ്സില്‍ നമസ്‌കരിച്ചു..
മറന്നിട്ടില്ല, എങ്ങനെ മറക്കാനാണ് !എന്റെ ഭാഷയുടെ ഒരേയൊരുടമയ്ക്ക് സമര്‍പ്പിച്ച കണ്ണീരു നനഞ്ഞ ബലിപിണ്ഡമാണ് എന്റെ കവിത.
Content Highlights: sheeja vakkom childhood memories
Published: 20 Aug 2025, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented