രണ്ടു വായനകളാണ് ഈ ലക്കം 'ആഴ്ചപ്പാടുകളി'ലേക്ക് വഴിവെട്ടിയത്, ഒരു പുസ്തകവായനയും ഒരു അഭിമുഖസംഭാഷണത്തിന്റെ വായനയും. ആ സ്വാധീനത്തിൽ ഉണ്ടായ തോന്നലാണ് നാം ജീവിക്കുന്ന ഇന്ത്യ നാം ജീവിച്ചിരുന്ന ഇന്ത്യയിൽ നിന്ന് എത്ര കണ്ട് മാറിപ്പോയിരിക്കുന്നു എന്നത്. ഓരോരുത്തർക്കും അവരവരുടേതായ ഇന്ത്യകളുണ്ട് എന്ന കാര്യം ഞാൻ സമ്മതിക്കുന്നു. അതായത് ഓരോ ഇന്ത്യാക്കാരനും ഓരോന്നെന്ന രീതിയിൽ വിവിധ ഭാരതങ്ങളുണ്ട് എന്നർത്ഥം. ഈ വൈവിധ്യത്തിന്റെ മഴവിൽ സാധ്യതയെ 'ഒറ്റ രാജ്യം ഒറ്റ ജനത' എന്ന ഒരു കാർമേഘപടലം ഇപ്പോൾ മൂടുകയാണ്. ചിലർക്ക് ഈ പുതിയ 'ഒറ്റ രാജ്യം' മനോരഞ്ജകമായിരിക്കാം. ഇക്കാണുന്നത് ഇരുണ്ട മേഘപടലമല്ല, മറിച്ച് പുതിയ സൂര്യോദയമാണെന്ന് അവർ വിശ്വസിക്കുന്നു. പതിറ്റാണ്ടുകളായി അവർ കാത്തിരുന്ന സ്വപ്നരാജ്യത്തിന്റെ ഉദയമായിരിക്കാം അത്. എന്നാൽ, മറ്റു ചിലർക്ക് ഈ മേഘചലനം പ്രശസ്തമായ ബുനുവൽ- സാൽവദോർ ദാലി ചിത്രത്തിൽ കണ്ണിന്റെ കൃഷ്ണമണിയെ മുറിക്കുന്ന ബ്ലേഡിന്റെ ചടുലനീക്കം പോലൊന്നാണ്, ഇന്ത്യയുടെ കൃഷ്ണമണിക്കു കുറുകേ ഒരു സ്‌റ്റൈൻലെസ്സ് സ്റ്റീൽ ബ്ലേഡിന്റെ പായൽ.

To advertise here,

ഇന്ത്യയുടെ രാഷ്ട്രീയ ബോധവേദിയിൽനിന്ന് പതുക്കെ പിൻവാങ്ങിക്കൊണ്ടിരിക്കുന്ന പുരോഗമന ജനാധിപത്യ മനഃസാക്ഷിയുടെ ഒരു യുഗസാക്ഷ്യമാണ് റൊമില ഥാപ്പറുടെ ആത്മകഥ. പണ്ട് വി.സി. ബാലകൃഷ്ണപ്പണിക്കരുടെ 'ഒരു വിലാപ'ത്തെക്കുറിച്ച് പറയവേ ലീലാവതി ടീച്ചർ പറഞ്ഞ വാചകമുണ്ട്, 'പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടേ തുടങ്ങിയ വരികളിൽ അണിയറയിലേക്കു പിൻവാങ്ങുന്ന നിയോ ക്ലാസ്സിസിസത്തിന്റെ കിരീടാഗ്രം കാണാം' എന്ന്. അതുപോലെ ഇന്ത്യൻ രാഷ്ട്രീയ ബോധവേദിയിൽനിന്ന് പിൻവാങ്ങുന്ന പുരോഗമന ജനാധിപത്യ ബോധത്തിന്റെ കിരീടാഗ്രമാണ് റൊമില ഥാപ്പറുടെ ആത്മകഥ. Just Being എന്ന പുസ്തകം വായിച്ചു തീർന്നപ്പോഴാണ് ജൂൺ മുപ്പതാം തീയതി ഗാർഡിയൻ ദിനപ്പത്രം പ്രസിദ്ധീകരിച്ച ഒരു അഭിമുഖസംഭാഷണം വായിക്കാനിടയായത്. വിചാരണത്തടവുകാരനായ ഉമർ ഖാലിദ് 2020-ൽ ജയിലിൽ അടയ്ക്കപ്പെട്ടതിനു ശേഷം ആദ്യമായി നൽകിയ ഈ അഭിമുഖ സംഭാഷണം നടത്തിയത് ഗാർഡിയൻ പത്രത്തിന്റെ ദക്ഷിണേഷ്യൻ പ്രതിനിധിയായ ഹന്നാ ഇല്ലിസ് -പീറ്റേഴ്സൺ ആണ്. ചുരുക്കിപ്പറഞ്ഞാൽ, ഒരു സവിശേഷ ഇന്ത്യയെ വിഭാവനം ചെയ്ത ഭാവനാലോകം പതുക്കെ പിൻവാങ്ങുന്നതും ആ ഭാവനാലോകത്തെ ഇന്നും കൈവിടാതെ ജീവിക്കുന്നവർ അനുഭവിക്കുന്ന ഏകാന്തതയുമാണ് ഈ ആത്മകഥയും ഈ അഭിമുഖസംഭാഷണവും.

ഗാർഡിയൻ പത്രത്തിന്റെ തെക്കേ ഏഷ്യൻ പ്രതിനിധി ഹന്നാ എല്ലിസ് -പീറ്റേഴ്സൺ എഴുതിത്തുടങ്ങുന്ന അസാധാരണ ഗദ്യം ഞാൻ ഇങ്ങനെ മലയാളത്തിലാക്കുന്നു:

'സൂര്യനസ്തമിക്കുന്ന നേരമാണ് ജയിലിലെ ഏറ്റവും കഠിനമായ സമയം. ഡൽഹിയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് തടവുകാരെ ഓരോ വൈകുന്നേരവും സെല്ലുകളിൽനിന്ന് പുറത്തേക്കിറക്കി, ഇരുട്ട് വീഴുന്നതുവരെ ഈർപ്പവും ദുർഗന്ധവും നിറഞ്ഞ മുറ്റത്ത് നിൽക്കാൻ നിർബന്ധിതരാക്കും. 626714-ാം നമ്പർ തടവുകാരന്റെ ഉള്ളിൽ ശിക്ഷയെപ്പോലെ കഠിനമായ ഒരു ഭീതി അപ്പോൾ പതുക്കെ ഉയർന്നുവരാൻ തുടങ്ങും.

എന്നാൽ, അടുത്തിടെ ഒരു കാര്യം ഈ തടവുകാരനെ-ഉമർ ഖാലിദ് എന്നാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്- ആഴത്തിൽ സ്പർശിക്കുകയുണ്ടായി. ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് മൈൽ അകലെ, മറ്റൊരു കാലത്ത്, മറ്റൊരു തടവുപാളയത്തിൽ നാടുകടത്തപ്പെട്ട് കഴിഞ്ഞിരുന്ന മറ്റൊരു രാഷ്ട്രീയത്തടവുകാരൻ ഇതേ വികാരത്തെക്കുറിച്ച് നൂറ്റിയമ്പത് വർഷങ്ങൾക്കുമുമ്പ് എഴുതിയിരുന്നതായി അദ്ദേഹം കണ്ടെത്തി.

ആ രാഷ്ട്രീയത്തടവുകാരൻ ഫ്യോദർ ദസ്തയേവ്‌സ്‌കിയായിരുന്നു. ഉമർ ഖാലിദ് പറയുന്നു: 'തടവുജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പുകളിൽ സൂര്യാസ്തമയം മനുഷ്യനിൽ ഉണർത്തുന്ന മാനസികാവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. കാരണം, സൂര്യൻ അസ്തമിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലെ മറ്റൊരു ദിവസം കൂടി തടവിന്റെ സന്ധ്യയിൽ മുങ്ങിത്താഴുകയാണ്.'

1849-ലാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ദസ്തയേവ്‌സ്‌കി അറസ്റ്റിലാകുന്നത്. പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ചർച്ചാവേദിയായിരുന്നു സെന്റ് പീറ്റേഴ്സ്ബർഗിലെ പെട്രഷേവ്‌സ്‌കി വട്ടം (Petrashevsky Circle). നാലുവർഷം അദ്ദേഹം സൈബീരിയയിൽ കഠിനതടവിൽ കഴിഞ്ഞു. തടവുജീവിതത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത് സാർ ഭരണകൂടം നിരോധിച്ചിരുന്നതിനാൽ, ആ അനുഭവങ്ങൾ അദ്ദേഹം അലക്‌സാണ്ടർ പെട്രോവിച്ച് ഗോര്യാഞ്ചിക്കോവ് എന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ പേരിൽ The House of the Dead എന്ന നോവലായി എഴുതി.

ഉമർ ഖാലിദിനെ കാണാൻ ഹന്നാ എല്ലിസ് -പീറ്റേഴ്സണ് അനുമതി ലഭിച്ചില്ല. ഉമർ ഖാലിദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴിയാണ് ഉത്തരങ്ങൾ ഹന്നയ്ക്ക് ലഭിച്ചത്.

ഓരോ ഇന്ത്യാക്കാരനും ഓരോ ഇന്ത്യയുള്ളതുപോലെ, ഓരോ ഉമർ ഖാലിദും ഓരോരുത്തരുടെയും മനസ്സിൽ വ്യത്യസ്തനാണ്. ചിലർക്ക് പ്രതിഷേധത്തിന്റെ പ്രതീകമാണത്, ചിലർക്ക് രാജ്യദ്രോഹത്തിന്റെ പ്രതീകമാണ്, ഇനി ചിലർക്ക് പകൽ പോലെ മുന്നിലുള്ളത് കാണാതിരിക്കാൻ തീരുമാനിച്ച നീതിന്യായ വ്യവസ്ഥയുടെ ഇര എന്ന പ്രതീകമാണ്. പ്രതിച്ഛായകളുടെ ഇരയാണയാൾ. ദസ്തയേവ്‌സ്‌കി എഴുതിയതുപോലെയാണ് മുപ്പത്തിയെട്ടുകാരനായ ഉമർ ഖാലിദ് ഇപ്പോൾ സംസാരിക്കുന്നത്. അയാളുടെ ഈ വാക്കുകൾ നോക്കൂ :

'ഒരാളെ ഒരു പ്രതിച്ഛായയായി മാത്രം- അത് അനുകൂലമായാലും പ്രതികൂലമായാലും- ചുരുക്കിക്കളയുമ്പോൾ, മനുഷ്യത്വം മാത്രമല്ല, ചിലപ്പോഴെങ്കിലും മാനസികനിലതന്നെ കാത്തുസൂക്ഷിക്കാൻ പ്രയാസമാകുന്നു. എന്നോട് സഹതാപം തോന്നുന്നവരോ എന്നെ യഥാർഥ വ്യക്തിത്വത്തേക്കാൾ വലിയ ഒരാളായി ചിത്രീകരിക്കുന്നവരോ പോലും ഞാൻ ഭയങ്ങളും ദൗർബല്യങ്ങളും അപൂർണതകളും ഉള്ള ഒരു മനുഷ്യനാണെന്ന കാര്യം മറന്നുപോകുന്നു. ജയിലിൽ കഴിഞ്ഞ ഈ ദീർഘവർഷങ്ങൾ എന്റെ മനസ്സിനെയും ശരീരത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും എന്റെ ഉള്ളിലുണ്ടായിരുന്ന എല്ലാ ഉത്കണ്ഠകളെയും കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ടെന്നും അവർ പലപ്പോഴും തിരിച്ചറിയുന്നില്ല.'

ഈ വാക്കുകളാണ് നമ്മെ ഒരു വലിയ ചോദ്യത്തിലേക്ക് നയിക്കുന്നത്. നാം ഒരാളെ അയാളായി തന്നെയാണോ കാണുന്നത്? അതോ നമ്മുടെ സാമൂഹ്യപരിസരം സൃഷ്ടിച്ച പ്രതിച്ഛായകളിലൂടെയാണോ ? ആത്മോപദേശ ശതകത്തിലെ നാൽപ്പത്തിനാലാം ശ്ലോകത്തിൽ നാരായണഗുരു പറയുന്നുണ്ട് 'ഒരാനയിൽ അന്ധരെന്നപോലെ പലവിധയുക്തി പറഞ്ഞു പാമരന്മാർ അലയുന്നതി'നെക്കുറിച്ച്. ഉമർ ഖാലിദ് എന്ന മനുഷ്യനെ കാണുന്നതിനുപകരം, നമ്മളിൽ ഓരോരുത്തരും ഓരോ പ്രതിച്ഛായകളെ മാത്രം കണ്ട് അലഞ്ഞുനടക്കുകയാണോ?

ജയിലിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിലിരിക്കുന്ന ഒരാൾ നിങ്ങളെ 'ഭീകരവാദി' എന്നു വിളിയ്ക്കുന്നതു കേൾക്കുമ്പോഴാണ് ഒരു പ്രതിച്ഛായയായി മാത്രം ജീവിക്കേണ്ടി വരുന്നതിന്റെ ദുസ്സഹമായ നിസ്സഹായത അയാളെ പൊതിയുന്നത്. അയാൾ അസ്തമയത്തെ ഭയക്കുന്നത് ഇരുട്ടിലെ ഈ വിളി കേൾക്കാൻ വയ്യാത്തതുകൊണ്ടാണ് . ഇവിടെയാണ് ദസ്തയേവ്‌സ്‌കിയെപ്പോലെയോ ജയിലറകൾ അനുഭവിച്ച മഹാന്മാരായ മറ്റ് എഴുത്തുകാരെപ്പോലെയോ ഉമർ ഖാലിദ് ആഴമുള്ള ഓരോ വാചകങ്ങൾ പറയുന്നത്. ഒരു വാചകം ഇടിമുഴക്കംപോലെ എന്റെ ചെവിയിൽ പതിക്കുന്നു. ഇരുട്ടിൽ, പിന്നിൽനിന്ന് അപരിചിത ജയിൽപ്പുള്ളി അപമാനിച്ച് terrorist എന്നു വിളിച്ചതിനെക്കുറിച്ച് പറയുമ്പോൾ പ്രതിച്ഛായകളുടെ ഇരയായ ഉമർ ഖാലിദ് ഇങ്ങനെ: 'എന്നെപ്പോലുള്ളവർക്ക് മനുഷ്യരായി പരിഗണിക്കപ്പെടുക എന്ന വിശേഷാവകാശം പോലും നിഷേധിക്കപ്പെടുന്നു.'

ചരിത്രകാരിയുടെ ആത്മകഥയും  പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു തടവുകാരന്റെ നോവലും ഇന്നത്തെ ഒരു രാഷ്ട്രീയത്തടവുകാരന്റെ വാക്കുകളും ഒടുവിൽ ഒരേ സ്ഥലത്ത് സംഗമിക്കുന്നു. ആ ത്രിവേണിയിൽ ചരിത്രം നമ്മളെയും നഗ്‌നരാക്കുന്നു. അവ മൂന്നും ചരിത്രത്തെക്കുറിച്ചല്ല, മനുഷ്യനെക്കുറിച്ചാണ് സംസാരിക്കുന്നത്. സമൂഹങ്ങളുടെ ചരിത്രം മനുഷ്യനെ ഒരു പ്രതിച്ഛായയാക്കി ചുരുക്കുന്ന ശക്തികളുടെ ചരിത്രം കൂടിയാണ്. എന്നാൽ, സാഹിത്യം വീണ്ടും വീണ്ടും ആ പ്രതിച്ഛായയ്ക്കുള്ളിലെ മനുഷ്യനെ തിരികെ കാണിച്ചുതരുന്നു. അതുകൊണ്ടാകണം, റൊമില ഥാപ്പറുടെ ആത്മകഥ വായിച്ചു തീർന്ന ഉടൻ ഉമർ ഖാലിദിന്റെ ഈ അഭിമുഖം വായിക്കേണ്ടിവന്നത് ഒരു യാദൃച്ഛികതയായി എനിക്ക് തോന്നാതിരിക്കുന്നത്.