മുംബൈ: ക്യാമ്പസുകളിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഐ.ഐ.ടി ബോംബെ. സഹവിദ്യാർഥികളോട് പ്രവേശന കാറ്റഗറി, ജനന വിഭാഗം, ജെ.ഇ.ഇ അല്ലെങ്കിൽ ഗേറ്റ് റാങ്കുകൾ എന്നിവ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ചോദ്യങ്ങൾ സഹവിദ്യാർഥികളിൽ അപകർഷബോധവും വിവേചനവും ഉണ്ടാക്കാൻ കാരണമാകുമെന്ന വിലയിരുത്തലിലാണ് നടപടി.
സ്റ്റുഡന്റ് അഫയേഴ്സ് വിഭാഗം ഡീനിന്റെ ഓഫീസാണ് പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ ഇമെയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും അയച്ചത്. ജാതി, മതം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്നിവയ്ക്കതീതമായി പരസ്പരം സഹകരിക്കുന്ന അന്തരീക്ഷം ക്യാമ്പസിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വെറും ജിജ്ഞാസയുടെ പേരിൽ ചോദിക്കുന്ന ചോദ്യങ്ങൾ പോലും മറ്റുള്ളവരിൽ തെറ്റായ സന്ദേശവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. അതിനാൽ റാങ്കോ കാറ്റഗറിയോ വെളിപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങൾ പാടില്ലെന്ന് ഐ.ഐ.ടി നിർദേശിക്കുന്നു.
കൂടാതെ, അധിക്ഷേപകരമോ ജാതീയമോ സ്ത്രീവിരുദ്ധമോ ആയ പരാമർശങ്ങൾ, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇമെയിൽ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ നേരിട്ടോ പങ്കുവെക്കുന്നതിന് കർശന വിലക്കുണ്ട്. ഇത്തരം തമാശകളും സന്ദേശങ്ങളും റാഗിങ്ങായോ പീഡനമായോ കണക്കാക്കി കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
സെപ്റ്റംബർ 18-ന് ഐ.ഐ.ടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർഥിയായ സാഹിൽ വാക്കോഡെ (22) ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയിരുന്നു. പരീക്ഷയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം. തുടർന്ന് ഒരു അധ്യാപകന്റെ ഭാഗത്തുനിന്ന് ജാതീയമായ അധിക്ഷേപവും പീഡനവും സാഹിലിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള പുതിയ നടപടികളിലേക്ക് ഐ.ഐ.ടി മാനേജ്മെന്റ് കടന്നത്.
Content Highlights: IT Bombay bans students from asking about entrance ranks and admission categories.
Published: 17 Oct 2026, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented