കിടങ്ങൂർ: കൊമ്പുകനത്തിലും പെരുമുഖ വിരിവിലും വിടർന്ന ചെവികളിലും ആരെയും കൊതിപ്പിക്കും. ഒപ്പം തികഞ്ഞ ശാന്തതയും. പല്ലാട്ട് ബ്രഹ്മദത്തനെ പ്രിയങ്കരനാക്കിയത് ഇവയെല്ലാമാണ്. ആനകളിൽ രാജൻ എന്നാണ് ഗജപ്രേമികൾ അവനെ വിശേഷിപ്പിച്ചത്. മിന്നലിൽ ആ ഗാംഭീര്യം വിടപറയുമ്പോൾ പ്രേമികളുടെ മനസ്സിൽ അവൻ ബാക്കിയാക്കിയത് ഒട്ടേറെ സ്‌നേഹസ്മരണകൾ.

To advertise here,

ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻനായർ എന്ന ഓമനച്ചേട്ടൻ ആയിരുന്നു ദീർഘകാലം പാപ്പാൻ. കാൽനൂറ്റാണ്ട് അതൊരു വല്ലാത്ത സ്‌നേഹബന്ധമായി. ചങ്ങലപോലുമില്ലാതെ ബ്രഹ്മദത്തനെ കൊണ്ടുപോകാം എന്നായിരുന്നു ചേട്ടന്റെ പക്ഷം. ആനയെ കാണാൻ ആളുകൂടുമ്പോൾ അദ്ദേഹത്തിന് തെല്ലും ആശങ്കയില്ലായിരുന്നു. അത്രയ്ക്ക്‌ സൗമ്യഭാവമാണ് ആനയ്ക്ക്‌. അവൻ ഒരാളെയും നോവിക്കില്ല. അദ്ദേഹം ഉറപ്പ് പറയും.

തോട്ടിയും വടിയും ആനയുടെ ദേഹത്ത് ചേർത്തു തൂക്കിയിട്ടിരിക്കും. ഓമനച്ചേട്ടന് അത് എടുക്കേണ്ട ആവശ്യമുണ്ടാവില്ല. പുതുപ്പള്ളിയിലേക്ക് ബ്രഹ്മദത്തനെത്തിയപ്പോൾ മുതൽ ഒപ്പംചേർന്ന പാപ്പാനായിരുന്നു അദ്ദേഹം. പിന്നെ 2010-ൽ അമ്പാറയിലെ പല്ലാട്ട് വീട്ടിലേക്ക് എത്തിയപ്പോഴും കൂടെത്തന്നെ നിന്നു.

പല്ലാട്ട് തറവാടിന്റെ മുറ്റത്ത് പാപ്പാന്റെ കൺവെട്ടത്താണ് അവനെങ്കിൽ തീർച്ചയായും തളയ്ക്കപ്പെടില്ല. ഉത്സവപ്പറമ്പിൽ എഴുന്നള്ളിച്ചുനിൽക്കുമ്പോൾ മാത്രമാണ് പാപ്പാൻ ബ്രഹ്മദത്തന്റെയടുത്ത് വടിയുമായിനിൽക്കുന്നത്. അത് ബ്രഹ്മദത്തന്റെ അനുസരണക്കേടിനല്ല, മറിച്ച് കാഴ്ചക്കാരുടെ ഒരുറപ്പിനുവേണ്ടിയാണ്. നീരിലുള്ളപ്പോൾമാത്രമേ ഓമനച്ചേട്ടൻ വടിയെടുത്ത് കണ്ടിട്ടുള്ളൂവെന്ന് ആനയുടമ അഡ്വ. രാജേഷ് പല്ലാട്ട് പറയുന്നു. ഓമനച്ചേട്ടന്റെ മരണസമയത്ത് വീട്ടിലെത്തിച്ച ബ്രഹ്മദത്തന്റെ സ്‌നേഹം നാട് കണ്ടറിഞ്ഞു. അന്നവൻ കണ്ണീരണിഞ്ഞിരുന്നു.

മൂവാറ്റുപുഴക്കാരൻ ശരത്തും വിശാലും ആയിരുന്നു പിന്നീട് പാപ്പാന്മാർ. അരുണാചൽപ്രദേശിൽനിന്നാണ് ആന അസമിൽ എത്തിയത്. അവിടെയും ബ്രഹ്മദത്ത് എന്നായിരുന്നു പേര്. താപ്പാന പരിശീലനം നേടിയിട്ടുണ്ട്. എഴുന്നള്ളത്തുകളിൽ നിൽക്കുമ്പോൾ കൂട്ടാനകൾ ചിലപ്പോൾ പ്രശ്‌നങ്ങളുണ്ടാക്കാം. അപ്പോൾ സ്വന്തം പാപ്പാനെ കരുതാൻ അവൻ ശ്രദ്ധിക്കും. വാടാനപ്പള്ളിയിൽ എഴുന്നള്ളത്ത് കഴിഞ്ഞപ്പോൾ മറ്റൊരു ആന, ദാമോദരൻ നായരെ തട്ടിയിട്ട് കുത്താനൊരുങ്ങിയപ്പോൾ ഇടയിൽ കയറിനിന്ന് തടഞ്ഞ് ബ്രഹ്മദത്തൻ താപ്പാനയുടെ ശൗര്യംകാട്ടി രക്ഷിച്ചു.

1999-ലാണ് കേരളത്തിലേക്കുവന്നത്. ആദ്യം ഉടമ കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ്. അന്ന് പുതുപ്പള്ളി ബ്രഹ്മദത്തൻ ആയിരുന്നു. 2010-ൽ മേലമ്പാറ പല്ലാട്ട് രാജേഷ്, സുരേഷ്, മനോജ് സതീഷ് എന്നിവർ വാങ്ങിയപ്പോൾ പല്ലാട്ട് ബ്രഹ്മദത്തനായി.

ചന്ദനനിറമുള്ള മദഗിരിയുള്ളതുകൊണ്ട് 'സായിപ്പ് ' എന്ന വിളിപ്പേരും ബ്രഹ്മദത്തനുണ്ട്. ആനപ്രേമികളും പൂരപ്പറമ്പുകളും ‘പല്ലാട്ടെ കുട്ടി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സ്വന്തം ബ്രഹ്മദത്തന്റെ മരണം ആനപ്രേമികളെ നിരാശയിലാഴ്ത്തി.

ചരിഞ്ഞത് പൂരങ്ങളിലെ നിറസാന്നിധ്യം

ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തൻ(പുതുപ്പള്ളി ബ്രഹ്മദത്തൻ) പൂരങ്ങളിലെ നിറസാന്നിധ്യം. അരുണാചൽവനങ്ങളിൽ താപ്പാനയായിരുന്നു. കോട്ടയം പുതുപ്പള്ളി പോത്തൻ വർഗീസാണ് 27 വർഷം മുമ്പ് ബ്രഹ്മദത്തനെ കേരളത്തിലെത്തിക്കുന്നത്‌. തൃശ്ശൂർ പൂരത്തിന് 2015-ൽ പാറമേക്കാവ് അമ്മയുടെ രണ്ടാമത്തെ ഇടംകൂട്ട് ബ്രഹ്മദത്തനായിരുന്നു. 2018-ൽ പാറമേക്കാവിലമ്മയുടെ രാത്രിതിടമ്പ്‌ ഏറ്റി. ഏറ്റുമാനൂർ, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളിൽ പ്രധാന തിടമ്പ് ബ്രഹ്മദത്തന് സ്വന്തം.