മുഖ്യ കഥാപാത്രം ഒരു കിണറില്‍ /നീന്തല്‍ത്തടാകത്തില്‍ മുങ്ങിച്ചാവുന്നൊരു കഥ പൂര്‍ത്തിയാക്കാന്‍ എലാറ എന്ന ചെറുപ്പക്കാരിക്ക് കഴിയുമോ? ഒരു വന്‍കിട ചോദ്യമാണിത്. സ്വന്തം ജീവിതത്തിലൂടെ എലാറ നല്‍കുന്ന ഉത്തരം ഒരു സര്‍വേയിലൂടെയാണ് എനിക്ക് കിട്ടിയത്. 

To advertise here,

എലാറയുടെ ഏറ്റവും വലിയ ഭയമെന്ത്? അന്ത്യം. കഥകളുടെ അന്ത്യം. എലാറയെ സന്ദര്‍ശിച്ചവര്‍ പറയുന്നു, ഇത്രയും കഥകള്‍ (കയ്യെഴുത്തുപ്രതികള്‍) പൂര്‍ത്തിയാകാതെ കിടക്കുന്ന കാഴ്ച വേറൊരിടത്തും കാണില്ല. എലാറ ഒരു കഥ എഴുതാന്‍ തുടങ്ങുന്നു; കഥ വികസിക്കുമ്പോള്‍, വായനക്കാര്‍ കഥയുടെ അന്ത്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ചിന്തയില്‍ അന്തിച്ച് നില്‍ക്കുന്നു. കഥ നിലയ്ക്കുന്നു. കടലാസുകള്‍ മാറ്റിവെച്ച്, എലാറ പുതിയൊരു കഥ എഴുതാന്‍ തുടങ്ങുന്നു... തഥൈവ! ഈ ചെറുപ്പക്കാരി എവിടെ എത്തും!

ഞാന്‍ എലാറയോട് പറയുമായിരുന്നു, 'അന്ത്യത്തില്‍ തുടങ്ങുക; ഏറ്റവും ആഴത്തില്‍നിന്ന്, മരണത്തില്‍നിന്ന് തുടങ്ങുക; ഈ അന്ത്യത്തിന്റെ മുഴുവന്‍ അനുഭവങ്ങളും അറിയുക- ദൃശ്യങ്ങള്‍, വികാരങ്ങള്‍. ഇവയിലൂടെ കടന്നുപോവുക. പിന്നെ മനസ്സില്‍ നിങ്ങള്‍ നിന്നിരുന്നിടത്ത് തിരിച്ചെത്തിയാല്‍ ഏത് തരം അത്യാഹിതവും ആപേക്ഷികമായി ലഘുവാണെന്ന് തോന്നും.

സന്ദര്‍ഭവശാല്‍, വളരെയേറെ കഥകള്‍ എഴുതിയൊരാള്‍ (ആരുമാകട്ടെ) എലാറയുടെ നാട്ടിലെ ഒരു പരിപാടിയില്‍ എത്തുന്നു. എലാറ കഥാകൃത്തിനെ പരിചയപ്പെടുന്നു, തന്റെ പ്രശ്നം അവതരിപ്പിക്കുന്നു. അദ്ദേഹം ഉപദേശിക്കുന്നു. കഥകള്‍ അവസാനം തൊട്ട് തുടങ്ങുക! ഈ നിര്‍ദേശം അനുസരിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍, എലാറക്ക് എഴുത്തിനെക്കുറിച്ചുള്ള സങ്കല്പം മാറുകയായി. പൂര്‍ത്തിയാകാത്ത കഥകള്‍ എഴുത്തില്‍ ഇല്ലാതായി.

കട്ട് & പേസ്റ്റ് അചിന്ത്യം: സപ്‌ളൈസ് & ജോയ്ന്‍! 

'ഡിലൈല' എന്ന ചെറുകഥ പ്രസിദ്ധീകരണത്തിന് അയക്കാന്‍ പാകത്തില്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഞാന്‍ ഒടുവിലത്തെ ചില വിശദാംശങ്ങള്‍ തുടക്കത്തിലേക്ക് എടുത്തുമാറ്റിയത്. എഴുത്തില്‍ എഡിറ്റിങ് എനിക്ക് പതിവില്ല. കട്ട് & പേസ്റ്റ് അറിയപ്പെടാത്ത കാലം. ഒരു ചലച്ചിത്ര സങ്കേതമനുസരിച്ച് പറഞ്ഞാല്‍, ഒടുക്കത്തെ ഫിലിം ചുരുളിലെ ചില ചതുരങ്ങള്‍ ആദ്യത്തെ റീലിലെ ചതുരങ്ങളോട് യോജിപ്പിക്കുകയായിരുന്നു ഞാന്‍. 

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌ 

ദ്രോണാചലത്തിലെ കുട്ടി(02) ഈ ക്രമഭംഗം അനുവദിക്കുമായിരുന്നില്ല. ചലച്ചിത്രകലയിലെ എഡിറ്റിങ് കുട്ടിക്ക് പരിചിതമല്ല. ചലച്ചിത്ര പ്രക്ഷേപമാണ് പ്രൊജെക്ഷന്‍ ബൂത്തിലെ ഗുരുവില്‍നിന്ന് അവന്‍ പഠിച്ചത്. ഫിലിം ചുരുളുകള്‍ ചേര്‍ത്ത് സപ്‌ളൈസ് ചെയ്യല്‍ പരിചിതം. എല്ലാം ക്രമാനുഗതം. മൂന്നാം റീലിലെ ചതുരങ്ങള്‍, ഒന്നാം റീലില്‍ എത്തില്ല, എത്തരുത്. പക്ഷേ, പ്രക്ഷേപിക്കപ്പെടുന്ന  ചലച്ചിത്രങ്ങളിലെ കഥാഗതി കുട്ടിയുടെ വകുപ്പില്‍ പെട്ടതായിരുന്നില്ല.   

'ഡിലൈല' എന്ന കഥയില്‍ ഒരു കിണര്‍. കിണറിലെ വെള്ളത്തിന്റെ മേല്‍പ്പരപ്പിലെ ചില സാധാരണ ദൃശ്യങ്ങള്‍ (മത്സ്യങ്ങള്‍, കുമിളകള്‍). കഥയുടെ തുടക്കത്തിലെ ദൃശ്യങ്ങളാണ്. കിണറില്‍ ഒരു മരണത്തിന്റെ പുരാവൃത്തം ആഴത്തിലുണ്ട്. ആ മരണം സംഭവിച്ചപ്പോളും മേല്‍പ്പരപ്പില്‍ കുമിളകള്‍ എത്തിയിരിക്കണം. 

കിണറിലെ മേല്‍പ്പരപ്പിലെ ചില കാഴ്ചകള്‍ മാറ്റിനിര്‍ത്തിയാല്‍, 1990കളുടെ മധ്യത്തില്‍ എഴുതപ്പെട്ട ഈ ചെറുകഥയുടെ ഉള്ളടക്കം എന്റെ മനസ്സില്‍ തികച്ചും വിസ്മൃതമായിരുന്നു. എന്റെ പുസ്തകങ്ങളുടെ കോപ്പികള്‍ സൂഖിക്കുന്ന സ്വഭാവം എനിക്കില്ല.  

എലാറക്ക് ഞാന്‍ നല്‍കുമായിരുന്ന നിര്‍ദേശത്തില്‍ ഒരു ആകസ്മിക ഉദാഹരണമായാണ് 'ഡിലൈല' ഒരു ദിവസം രാത്രി കടന്നുവന്നത്. ഉടനെ ഞാന്‍ എന്റെ സുഹൃത്തായ വിദ്യ സുന്ദറിനോട് 'ഡിലൈല' വായിക്കാന്‍ അപേക്ഷിച്ചു. / 'വിദ്യാ, അതില്‍ ഒരു കിണറുണ്ട്. കിണറില്‍ ഒരു മുങ്ങല്‍ അഥവാ മരണം സംഭവിക്കുന്നുണ്ടോ?'

'മരണം സംഭവിക്കുന്നുണ്ട്,' വിദ്യ അറിയിച്ചു, പിന്നെ ഒരു തമാശക്കായി ചോദിച്ചു, 'കഥയിലൊരു കിണറുണ്ടെങ്കില്‍ അതിലൊരു മരണമുണ്ടാവണമെന്ന് ഒരു 'മേതില്‍'സ് ലോ' ഉണ്ടോ?'
'ഇല്ല, ഇല്ല.'

സത്യത്തില്‍ വിദ്യയുടെ ചോദ്യത്തില്‍ ഒരു സൂചനയുണ്ട് - ആന്റ്റോണ്‍ ചെഖോവിന്റെ സിദ്ധാന്തത്തിലേക്ക്. റോഡ്റിഗോയുടെ കഥ(04) പറയുമ്പോള്‍ ഞാന്‍ ഇത് വിവരിച്ചിരുന്നു. ഒരു കഥയുടെ തുടക്കത്തില്‍ ചുവരിലൊരു തോക്ക് തൂങ്ങുന്നുണ്ടെങ്കില്‍, കഥ അവസാനിക്കും മുന്‍പ് ആ തോക്കില്‍ നിന്നും വെടി പൊട്ടിയിരിക്കണം. എനിക്കിത് ഒരു നിയമംതന്നെയാണ്.

ഓരോ ചുവരിലും, ഉടലിനകത്തും ഒരു തോക്ക് തൂങ്ങുന്നുണ്ട്. ഒരിക്കലത് വെടിയുതിര്‍ക്കും. ചില തോക്കുകളില്‍ 'സൈലന്‍സര്‍' ഘടിപ്പിച്ചിരിക്കുമെന്ന് മാത്രം. / എല്ലാ കഥകളും എലാറ പൂര്‍ത്തിയാക്കും.

പ്രതികരണം: ഒരു കോഴി പ്രത്യക്ഷപ്പെടുന്നത്

ആകാശത്തെയും, രാത്രിയെയും, തെരുവിനെയും വായിക്കാന്‍ എനിക്ക് കഴിയുമെന്നതില്‍ സംശയമില്ലാതെ, സരിത ജയപാല്‍ എഴുതുന്നു: കോക്‌റ്റേല്‍ എന്ന വാക്കിന്റെ പിന്നിലുള്ള ഉത്പത്തികഥകളിലൊന്നും ഒരു കോഴി ഇല്ലെന്ന് മേതില്‍ പറഞ്ഞു. ഗൂഗ്ള്‍ ചെയ്ത് നോക്കിയപ്പോള്‍, അഹല്യയുടെയും ഗൗതമ മുനിയുടെയും കഥകള്‍ പറയുന്ന പേജുകളിലൊന്നും ഞാനും ഒരു കോഴിയെ കണ്ടില്ല. ഏത് റെഫറന്‍സിലാണ് ഇത് പ്ര്യത്യക്ഷപ്പെടുന്നത്?'

ഏറെ ഗൂഗ്ള്‍ ചെയ്തതിനുശേഷമാണ് ഞാന്‍ ഈ ഭാഗം(14) എഴുതിയത്. സംശയങ്ങളുണ്ടായിരുന്നു. ഗൗതമ മുനിയുടെ സുന്ദരിയായ ഭാര്യയാണ് അഹല്യ. ഇന്ദ്രന് അഹല്യയോട് അതിയായ കാമം. രാത്രിനേരത്ത് ആശ്രമത്തില്‍നിന്ന് മുനിയെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ അഹല്യയെ സൗകര്യപൂര്‍വം സമീപിക്കാന്‍ ഇന്ദ്രന് കഴിയൂ. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ദ്രന്‍ ഗൗതമ മുനിയെ അകറ്റുന്നു; മുനിയുടെ രൂപത്തില്‍ അഹല്യയെ പ്രാപിക്കുന്നു. 

പ്രശ്നം ഈ ചുരുക്കിപ്പറയലിലാണ്: ഇന്ദ്രന്‍ എങ്ങനെയാണ് മുനിയെ സ്ഥലത്തില്ലാതാക്കിയതെന്ന് ഗൂഗ്ളിങ്ങില്‍ ഞാന്‍ കണ്ടില്ല. പക്ഷേ, നാട്ടിലെ കണ്യാര്‍കളിയില്‍ എനിക്കോര്‍ക്കാന്‍ ഒരു പാട്ടുണ്ട്. ഏതെങ്കിലും പുരാണമോ കഥകളിയോ ആയിരിക്കണം ആധാരം. ഏതായാലും ഐതിഹാസികമായൊരു മിമിക്രിയുടെ കഥയാണത്. പുലരിയാകാതെ, യാമം ഇരുണ്ട് തുടരുമ്പോള്‍, കോഴിയുടെ ഒച്ചയില്‍ കൂവിയുണര്‍ത്തിയാണ് ഇന്ദ്രന്‍ മുനിയെ അകറ്റിയത്. കോഴി കൂവിയാല്‍ ഗംഗാസ്നാനം അദ്ദേഹത്തിന്റെ പതിവ്!

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം...