മുരളി ഗോപി ഒരാളോട് സംസാരിക്കുന്നു. അല്ല, ചലച്ചിത്രങ്ങളെക്കുറിച്ചല്ല, ബോക്സിങിനെക്കുറിച്ച്! ശ്രോതാവിന് മനസ്സിലാകും (കുറച്ചു നേരത്തേക്ക് ഈ വ്യക്തി 'ശ്രോതാവ്' എന്ന പേരില്‍ തുടരട്ടെ).    

To advertise here,

ഒരിക്കല്‍ അറബ്- അലൈഡ് മീഡിയക്ക് വേണ്ടി യു.ഏ.ഈയില്‍ രണ്ട് സ്‌പോര്‍റ്റ്‌സ് ആനുകൂലികങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മുരളി ഗോപിയെ പരിചയമുള്ളവര്‍ക്കു പോലും ഇത് പിടികിട്ടണമെന്നില്ല. ചലച്ചിത്രങ്ങളിലൂടെ നേരിട്ട് മുരളിയെ ധാരാളമായി അറിഞ്ഞവര്‍ക്കും ഇത് മനസ്സിലാകണമെന്നില്ല. ഇത് അറിവിന്റെ താരതമ്യമല്ല.  

പറയുന്ന ആള്‍ക്കും കേള്‍ക്കുന്ന ആള്‍ക്കും ഇടയിലുള്ള സ്ഥലത്തില്‍ ഒതുങ്ങിനില്‍ക്കുന്നു സംവേദനം — പക്ഷേ, സ്മൃതികളുടെ മാരത്തണ്‍ ദൂരങ്ങള്‍ പൂരിപ്പിച്ചുകൊണ്ട്! . 

മുരളി, അടുത്തൊരു ശ്രോതാവ്. വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ളൊരു സൗഹൃദത്തിന്റെ തുടക്കത്തിലെ സംഭാഷണങ്ങള്‍ ഇപ്പോള്‍ ഇവര്‍ രണ്ടു പേര്‍ക്കും മാറ്റൊലികളല്ല, പുതിയ ഉള്‍ക്കാഴ്ചകളാണ്; അല്ലെങ്കില്‍ തമാശകള്‍. ഇവരോട് ഒരു അഭ്യാസിയുടെ പേര് പറയുക, ബ്രൂസ് ലീ. ഇപ്പോളും ഇവര്‍ രണ്ടു പേരും ബ്രൂസ് ലീയെ ഓര്‍ക്കുന്നത് വളരെ സ്‌നേഹത്തോടെയും, ഇവരുടേതു മാത്രമായൊരു ദുരന്താവബോധത്തോടെയും ആയിരിക്കും. പക്ഷേ, മറ്റൊരു കായിക വിനോദമെടുത്താല്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഇടഞ്ഞു നില്‍ക്കും. 

1990കളുടെ അവസാനത്തില്‍ രണ്ട് പേരും സുഹൃത്തുക്കളാകുന്നു. സംഭാഷണങ്ങള്‍ കൂടുതല്‍ വ്യക്തിപരമാകുന്നു. മുരളിക്ക് ബോക്സിങ് ഇഷ്ടമായിരുന്നു, ക്രിക്കറ്റ് ഇഷ്ടമായിരുന്നു. ശ്രോതാവിന് ക്രിക്കറ്റ് സഹ്യം, ബോക്സിങ് തികച്ചും ദുസ്സഹം. കൂട്ടത്തില്‍ ഒരു തമാശയായി പരിഗണിക്കാം, ഡബ്ള്യു ഡബ്ള്യു ഈ (WWE) ഗുസ്തിമത്സരങ്ങള്‍ കണ്ടിരുന്നു ശ്രോതാവ്. മുരളി തമാശയോടെ ഈ അഭിരുചിയെ പരിഹസിച്ച് ചിരിക്കും  .

തമാശയുടെ വിതാനം വിടാതെ ശ്രോതാവ് പറയും, ''ഇതൊക്കെ എന്നെയും വോര്‍ഹോളിനെയും പോലെ അപാരമായ ഉള്‍കാഴ്ചയുള്ളവര്‍ക്ക് ഒരു പ്രത്യേക മോഡില്‍ ആസ്വദിക്കാനുള്ള കളികളാണ്.'' 

placeholder
മുരളി ഗോപി/ ഫോട്ടോ  : MG Soliloquies

ഡബ്ള്യു ഡബ്ള്യു ഈയുടെ ചരിത്രത്തില്‍, അവിശ്വസനീയമാം വിധം, ഗുസ്തി കാണാന്‍ ഒരിക്കല്‍ സദസ്സില്‍ എത്തിയൊരാള്‍ ചിത്ര-ചലച്ചിത്ര കലകളില്‍ ഒരേ പോലെ അപകടകാരിയായിരുന്ന ആന്‍ഡി വോര്‍ഹോളായിരുന്നു! / ഒരിക്കല്‍ ഒറ്റക്കൊരു ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് ഫ്ളാറ്റില്‍ തിരിച്ചെത്തിയ ഡാലിയയുടെ ഉച്ചമയക്കം സൃഷ്ടിച്ച വിചാരങ്ങളില്‍ ഞാന്‍ വാര്‍ഹോളിനെ ഓര്‍ത്തിരുന്നു: കൂട്ടുകാരന്‍ ഉറങ്ങുന്ന കാഴ്ച മാത്രം അഞ്ചു മണിക്കൂറിലേറെ ദൈര്‍ഘ്യത്തില്‍ വാര്‍ഹോള്‍ പകര്‍ത്തിയ ചിത്രം ('Sleep') എത്ര ഡോക്റ്റര്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്? ഉറക്കത്തിലെ ചരിവുകളെക്കുറിച്ച് ചില പാഠങ്ങള്‍ ഇതില്‍ ഇല്ലേ?  . 

പ്രവചനീയ ഡൈലോഗ്: ഡാലിയ എവിടെ! 

1990കളില്‍ മുരളി വെള്ളിത്തിരയില്‍ എത്തിയിരുന്നില്ല. 2023 ഒക്‌റ്റോബറില്‍  ശ്രോതാവിനെ സന്ദര്‍ശിച്ചപ്പോള്‍, ചലച്ചിത്രലോകത്തില്‍ തന്റെ ഐതിഹാസിക നിമിഷങ്ങളെക്കുറിച്ച് ഉപന്യസിക്കുന്നതില്‍ മുരളിക്ക് ഒട്ടും താത്പര്യമില്ല; അതിന് മനസ്സില്ല, സമയവുമില്ല. പക്ഷേ, ഒരു സെറ്റില്‍ താന്‍ എന്താണ്/ആരാണ് എന്നതിനെക്കുറിച്ചുള്ള അവബോധം മാത്രം മുരളി വ്യക്തമാക്കി. അതാകട്ടെ, ഏകദേശം കാല്‍ നൂറ്റാണ്ടിനു മുന്‍പ് കായികവിനോദങ്ങളില്‍ നിരീക്ഷിച്ചൊരു ഘടകം വര്‍ത്തമാനത്തിലേക്ക് വിക്ഷേപിക്കലായിരുന്നു.

''കളിക്കാരനും കാഴ്ചക്കാരനും തമ്മിലുള്ള അകലം ഏറ്റവും കുറവുള്ളത് ബോക്സിങ്ങിലാണ്,.'' മുരളി പറഞ്ഞു. / സെറ്റില്‍ മുരളിയുടെ സ്വത്വത്തിന്റെ വ്യാഖ്യാനം ഇതില്‍ തുടങ്ങുന്നു, തുടരുന്നു. ഇനി ചലച്ചിത്രങ്ങളെക്കുറിച്ച് ഒന്നും തനിക്ക് പറയാനില്ല. ഖലാസ്!  

മുരളി ചോദിച്ചു, ''ഡാലിയ എവിടെ?''

ശ്രോതാവിന്റെ 'ഐഡെന്റ്ററ്റി' ഇപ്പോള്‍ നമുക്കറിയാം: ഡാലിയയുടെ അച്ഛന്‍. അദ്ദേഹം ഓര്‍ക്കുന്നു... 

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡാലിയയുടെ മമ്മി നല്ല ആരോഗ്യമുള്ളൊരു ആതിഥേയയായി ജീവിച്ചിരിക്കുമ്പോള്‍, മുരളിയുടെ നഗരത്തിലായിരുന്നു കുടുംബം. മുരളി കുടുംബസുഹൃത്തായിരുന്നു. പിന്നെ ദേശാടനങ്ങള്‍. വീണ്ടും (2016ല്‍) അതേ നഗരത്തില്‍ എത്തിയതിനെത്തുടര്‍ന്നുള്ള ഏഴ് വര്‍ഷങ്ങളില്‍ ഇടക്കിടെ ഫോണിലൂടെ വിനിമയങ്ങള്‍. വിളിക്കുമ്പോള്‍ മുരളി മിക്കവാറും കൊച്ചിയിലായിരിക്കും. പറയും, ''അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍...' / വന്നിട്ടില്ല. തിരക്ക്.   

ഡാലിയയുടെ ബാധ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം, കീമോതെറപി തുടങ്ങുന്നതിനു മുന്‍പുള്ള ഇടവേളയിലാണ് മുന്‍കൂട്ടി വിവരമറിയിച്ച് ഒരു സന്ധ്യയില്‍ മുരളി എത്തുന്നത്. പ്രശ്നത്തിനും പരിഹാരത്തിനും ഇടയില്‍ വളരുന്ന അനിശ്ചിതത്വത്തിന്റെയും, ഇടക്കിടെ വരാറുള്ള സുഹൃത്തുക്കളുടെ ദീര്‍ഘമായ അകല്‍ച്ചയുടെയും ദിവസങ്ങള്‍. അന്തരീക്ഷത്തില്‍ കനത്തിരുന്ന  ഭീതി ഈ പംക്തിയുടെ തുടക്കത്തില്‍ത്തന്നെ രേഖപ്പെട്ടിരുന്നു: ''പെണ്‍കുട്ടി മരിക്കുകയാണ്'' (01). 

ഇത്രയും കൃത്യമായ സമയത്തില്‍, ജ്ഞാനദൃഷ്ടിയില്‍ ഒരു വിപല്‍സൂചന അറിഞ്ഞതുപോലെ സ്ഥലത്തെത്താന്‍ ഒരു കാവല്‍മാലാഖക്കേ കഴിയൂ. ഡാലിയയുടെ അച്ഛന് അങ്ങനെയാണ് തോന്നിയത്. അദ്ദേഹം ഒരു ലോഗ് ബുക്ക് വായിച്ചു കേള്‍പ്പിക്കുന്നതു പോലെ എല്ലാം വിശദമായി മുരളിയെ അറിയിക്കുന്നു. മുരളി ആഘാതത്തില്‍.  

ആഘാതത്തിന്റെ താഴ്ചയില്‍ മുരളി പ്രായോഗിക കാര്യങ്ങളിലേക്ക് കടന്നു: ''ഞാന്‍ സ്ഥലത്തുണ്ടാവില്ല. ചില ദിവസങ്ങളില്‍ ഇന്ത്യയില്‍പ്പോലും ഉണ്ടാവില്ല. ഹോസ്പിറ്റലില്‍ ആവശ്യമുള്ള കാര്യങ്ങള്‍ സാറ് ശ്രദ്ധിക്കണം. എല്ലാം കഴിയും വരെയുള്ള യാത്രച്ചെലവുകളോര്‍ത്ത് വിഷമിക്കരുത്. ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങള്‍ വിളിച്ചാല്‍ എത്തുന്നൊരു വാഹനം ഞാന്‍ ഏര്‍പ്പാട് ചെയ്യും.'' / 'പക്ഷെ, മുരളീ...' / 'സാറ് ദയവു ചെയ്ത് ഇക്കാര്യത്തില്‍ എന്നെ തടുക്കരുത്. ഡാലിയ എന്റെ അനിയത്തിയാണ്.'' 

കളിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും ഇടയിലെ അകലം   

ബോക്സിങ് വലയത്തില്‍ നില്‍ക്കുന്നൊരു അഭ്യാസിയുടെ അവസ്ഥ. ഒരു ചലച്ചിത്രത്തിന്റെ സെറ്റില്‍ നില്‍ക്കുന്ന അഭിനേതാവിന്റെ അവസ്ഥ. വാഴ്വിലെ പല റോളുകളുടെ കൂട്ടത്തില്‍ ഒരു മാതൃകാ സ്പോര്‍ട്‌സ് ലേഖകനും പ്രശസ്ത നടനും കൂടിയായ മുരളി ഗോപി എങ്ങനെയാണ് ഇവയില്‍ ഒന്നിനെ മറ്റേതിനു മേല്‍ ഉപരിമുദ്രണം ചെയ്യുന്ന അനുഭവമുണ്ടാക്കുന്നത്? ഒരു പില്‍ക്കാല ചര്‍ച്ചയിലാണ് മുരളി ഇത് വിശദീകരിച്ചത്:

'ഇടിക്കൂട്ടിന്റെ കയറുകളില്‍ ഉരുമ്മിനിന്നാണ് കാഴ്ചക്കാരന്‍ കളി കാണുന്നത്. ഇഷ്ടതാരത്തിന്റെ വിയര്‍പ്പിന്റെ ഗന്ധം പോലും അവനു മനഃപാഠം. എന്നിരിക്കിലും, യുദ്ധം തുടങ്ങിയാല്‍, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവനായി മാറും ഒരു ബോക്‌സര്‍. ചുറ്റുമുള്ള ഒരു മുഖവും അവന്‍ കാണുന്നില്ല. ഒരു ആരവവും കേള്‍ക്കുന്നില്ല. ആകെയുള്ളത് മുന്നില്‍ നിന്ന് തുള്ളുന്ന ഒരു മനുഷ്യസമസ്യയും അതിനെ ഉടച്ച് വീഴ്ത്തി 'അഹ'പാനം ചെയ്യാനുള്ള ഒരു ഉള്‍വിളിയും മാത്രം. കാണികള്‍ക്ക് വേണ്ടത് തലയടിച്ചുള്ള ഒരു വീഴ്ചയാണ്; അത് രണ്ടില്‍ ആരുടെയായാലും മതി, കരഘോഷമാണ് പിന്നെ!

''കഥാപാത്രമായി കമറയുടെ മുന്നില്‍ നില്‍ക്കുന്ന നടന്റെ അവസ്ഥയും ഏതാണ്ട് ഇത് പോലെതന്നെയാണ്. ഇവിടെയൊരു മത്സരം ഇല്ല എന്നത് മാത്രമാണ് വ്യത്യാസം. ചുറ്റുമുള്ളവര്‍ അവനെ കാണുമ്പോള്‍ അവന്‍ അവരെ കാണുന്നതേയില്ല. അവര്‍ കാണാത്ത ഒരു കഥാപാത്രത്തെ അവന്‍ ഉള്ളാലെ കാണുകയും ചെയ്യുന്നു. അവന്റെ ഏകാന്തതയില്‍ ആകെയുള്ളത് ഗ്രാഹ്യമറ്റ് വീഴാതെ പുലരാനുള്ള ഒരു ഗൂഢധ്യാനം മാത്രം. റൗന്‍ഡുകള്‍ തീരുന്നതു പോലെ സീനുകളും തീരുന്നു. ആരോക്കെയോ കൈ പിടിച്ചുയര്‍ത്തുമ്പോള്‍ മാത്രം ജയിച്ചെന്നും അവന്‍ അറിയുന്നു.''
   
ഞാന്‍ ഒരു വീട് തിരയുന്നു: ഹൌസ് നംബര്‍ 44 

ഒരു അരാഷ്ട്രീയ അഭിപ്രായത്തിലാണ് വി.ഐ. ലെനിന്റെയും എന്റെയും സ്വരങ്ങള്‍ ഒരേ അവബോധത്തില്‍ ഒറ്റക്കെട്ടായത്: സംഗീതം ആപല്‍ക്കരമാകാം (പില്‍ക്കാല ശാസ്ത്രീയ ഗവേഷണങ്ങളില്‍ ഈ അഭിപ്രായത്തെ തുണക്കുന്ന  തെളിവുകള്‍). പക്ഷേ, കടല്‍ജലത്തില്‍ ഉപ്പെന്നതു പോലെ ഭൗതികരീതിയില്‍, ആഴത്തിലുള്ളൊരു വ്യക്തിപരതയില്‍ എന്റെ മനസ്സ് സംഗീതത്തിലായിരുന്നു. ഇവിടെ മുരളിയും ഞാനും ഒന്നിക്കുമായിരുന്നോ? അറിയില്ല.

വ്യക്തിയെ സംബന്ധിച്ചതെല്ലാം വ്യക്തിപരം, പക്ഷേ അതിലും ആഴത്തിലൊരു വ്യക്തിപരതയുണ്ട്. 'അഹം'ബോധത്തിനു ചുവട്ടിലെ സ്വത്വത്തിന്റെ അവസ്ഥ — 'ആധാര്‍' അക്കങ്ങളില്ലാതെ. 

ഞാന്‍ വ്യപാരിക്കാന്‍ പോകുന്ന ഭൂതത്തില്‍ മുരളി ഗോപി ജനിച്ചിട്ടില്ല. പക്ഷേ ഇനിയുള്ള ഓരോ പാരഗ്രാഫിലൂടെയും ഞാന്‍ മുരളിയിലെ വ്യക്തിപരതയോട് അടുക്കുകയാണ്.   

ബാല്യത്തിന്റെ അവസാനം തൊട്ട് തുടങ്ങുന്ന കാലഘട്ടം. 1950-1960കളിലെ ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍. ക്‌ളാസ്‌മേറ്റുകള്‍ക്ക് അജ്ഞാതമായിരുന്നതിനാല്‍ ഈ ലോകം എന്റെയൊരു സ്വകാര്യലോകമായിരുന്നു. ഹൈസ്‌കൂളില്‍ ആറാം ക്‌ളാസ് തൊട്ട് മുകളിലേക്ക് പോകുന്തോറും എന്റെ മാര്‍ക്കുകള്‍ ചുരുങ്ങാന്‍ തുടങ്ങിയത് ശ്രദ്ധിച്ച ഗുരുക്കള്‍ക്ക് ഈ ''കാരണലോകം'' അചിന്ത്യം. ഇവിടെ എന്റെ വ്യക്തിപരത വളരെ ആഴത്തിലുള്ളതായിരുന്നു. ഇവിടെ മുരളിയും ഞാനും ഒന്നിക്കും, തിരിച്ചറിയും. 

placeholder
ഹേമന്ത്‌ കുമാര്‍

ആദ്യഘട്ടത്തില്‍ ഒരിക്കല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ പാടിയത് ഹേമന്ത് കുമാറായിരുന്നു. / (ഇന്ത്യ വിട്ട് ആദ്യമായൊരു അന്യരാജ്യത്തിലേക്ക്  പറക്കുമ്പോള്‍, വിമാനത്താവളത്തില്‍ 'അറിയിപ്പ്' കാത്തിരിക്കുമ്പോള്‍, ഞാന്‍ ഏതാനും മീറ്ററുകള്‍ അകലെ ഒരാളെ കണ്ടു, ഉടനെ തിരിച്ചറിഞ്ഞു: ഹേമന്ത് കുമാര്‍! ആരും അദ്ദേഹത്തെ തിരിച്ചറിയുന്നില്ലേ? എന്തുകൊണ്ടാണ് ആരും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാത്തത്? / ഇരിപ്പിടത്തില്‍ ബാഗ് വെച്ച് ഞാന്‍ ഹേമന്ത് ദാദയെ സമീപിച്ചു; അദ്ദേഹത്തിന്റെ കാല്‍പ്പടങ്ങള്‍ തൊട്ട് വന്ദിച്ചു. / ഞാന്‍ സംഗീതത്തോട് വിട പറയുകയായിരുന്നെന്ന് തിരിച്ചറിയാന്‍ ആ സന്ദര്‍ഭത്തില്‍ എനിക്ക് കഴിയുമായിരുന്നില്ല.)

ആദ്യമായി ഇശൈത്തട്ടുകളില്‍ കേട്ട പാട്ടുകള്‍ ചലച്ചിത്ര രംഗങ്ങളില്‍   തിരിച്ചറിയുന്നതിലെ ഉന്മത്തതയിലേക്ക് കൗമാരം ഗ്രാമഫോണിന്റെ ഹോണ്‍ പോലെ ഉയിരെടുക്കുന്ന കാലം. കളര്‍ റ്റെക്‌നോളജി വ്യാപകമാകും മുന്‍പ്, ചില ചിത്രങ്ങളിലെങ്കിലും, കറുപ്പും വെളുപ്പും (B&W) വെറും നിറങ്ങളുടെ അഭാവം മാത്രമായിരുന്നില്ല, മറിച്ച്, ഇത്രിവൃത്തത്തിനുള്ളൊരു സംഭാവനയായിരുന്നു: അന്തരീക്ഷം. എന്റെ എഴുത്തിനെ എന്നും സ്വാധീനിച്ചിട്ടുള്ള കുറ്റാന്വേഷണ കഥകള്‍ ധാരാളമായി പരിചയപ്പെടുത്തിയ ഇരുട്ടും 1950കളിലെ പടങ്ങളില്‍ ഒരു അന്തരീക്ഷമാണ്: തുറന്ന തെരുവ്, കൊച്ചു കുറ്റകൃത്യങ്ങള്‍, ഭവനരഹിതരുടെ അന്തിയുറക്കം.  

നിഴലുകള്‍ നിറയുന്നൊരു ഇരുള്‍പ്പട (film noir) ബോധധാരയില്‍ ഞാനൊരു പ്രത്യേക വീട് തിരയുന്നു. ഹൌസ് നംബര്‍ 44. ഹാ, ഇത് ദേവ് ആനന്ദിന്റെ വീടല്ല! ഉപേക്ഷിക്കപ്പെട്ടൊരു വലിയ പൈപ്പ്ലൈനിന്റെ ഖണ്ഡത്തിലാണ് ദേവ് സാബ് പാര്‍ക്കുന്നത്.   

സ്ഥാവരവസ്തുക്കള്‍ (real estate) കൈകാര്യം ചെയ്യുന്നൊരു വെബ്‌സൈറ്റ് പറഞ്ഞൊരു തമാശ ഞാന്‍ ഓര്‍ക്കുന്നു: ''നാല്‍പ്പത്തി നാലാം നമ്പര്‍ വീട് ക്ഷീണിതഹൃദയര്‍ക്കുള്ളതല്ല. ഇത് പലപ്പോഴും ഒരു സൈനിക കുടുംബമാണ്, അഥവാ അച്ചടക്കമുള്ള കുടുംബമാണ്. പ്രതിബദ്ധത പോലുള്ള വാക്കുകള്‍ക്ക് 44 പ്രകമ്പനമുണ്ട്.'' / എന്റെ ഹൈസ്‌കൂള്‍ കാലത്തെ സ്മൃതികളില്‍ ഏറ്റവും ശക്തമായി തുടരുന്ന ചിത്രമാണ് 'ഹൌസ് നംബര്‍ 44' — കറുപ്പിന്റെയും വെളുപ്പിന്റെയും ആന്തരീക്ഷിക ശക്തിയോടെ, പക്ഷേ തിരക്കഥകള്‍ക്ക്  മൂപ്പെത്തിയിട്ടില്ലാത്തൊരു ഋതുവിന്റെ മുദ്രകളോടെ.

യാദൃച്ഛികം, ചില ചിത്രങ്ങളില്‍ ഹേമന്ത് കുമാറിന്റെ ഗാനത്തിന്നായി ചുണ്ടുകള്‍ അനക്കുന്ന നടന്‍ ദേവ് ആനന്ദാണ്; ദേവ് അഭിനയിക്കുന്ന ചില ചിത്രങ്ങള്‍ക്ക് പിന്നില്‍ നിര്‍മ്മാതാവായോ, സംവിധായകനായോ, രണ്ടുമായോ ഗുരു ദത്തുണ്ട്. ഒരു ഇഷ്ടവ്യൂഹം ഇവിടെയുണ്ട്. പില്‍ക്കാലത്ത് മുരളി ഗോപി തന്റെ ബ്‌ളോഗില്‍ എഴുതിയൊരു അസാധാരണ ലേഖനം ദേവ്-ഗുരു ബന്ധവും  ഈ രണ്ട് വ്യക്തികളുടെ ജീവിതശൈലികളും വിശകലനം ചെയ്യന്നു.

placeholder
ദേവ് ആനന്ദ്, ഗുരുദത്ത്‌

കുട്ടികള്‍ക്കറിയാം 'ഫോട്ടോട്രോപിസം', പ്രകാശാഭിഗതി; ആകാശത്തിലെ വെളിച്ചത്തിലേക്ക് ചെടികളുടെ വളര്‍ച്ച. ഇതൊരു അനിവാര്യ ഉന്മുഖത —ഓറിയന്റ്റേഷന്‍. ദേവ് ആനന്ദിന്റെ നീക്കങ്ങള്‍ ജീവിതോന്മുഖമായിരുന്നെങ്കില്‍, ഗുരു ദത്തിന്റെ നീക്കങ്ങള്‍ മരണോന്മുഖമായിരുന്നെന്ന് മുരളി ആര്‍ദ്രതയോടെ രേഖപ്പെടുത്തുന്നു. ('ഇച്ഛാക്തി' എന്ന കാല്പനിക സങ്കല്പം തകര്‍ത്തുകൊണ്ട്, ജീവികളുടെ എല്ലാ അഭിഗതികളും നിര്‍ബന്ധിത ചലനങ്ങളാണെന്നു ഗ്രഹിച്ച  ജീവശാസ്ത്രജ്ഞനായ ജാക്ക് ലോബിനെ ഞാന്‍ ഒരുക്കുന്നു.)    

എനിക്ക് പ്രവചനീയമായിരുന്നു മുരളിയുടെ അഭിഗതി — നടന്റെ റോള്‍ മറികടന്ന് വ്യക്തിയെ അടുത്തറിയല്‍ (തിരക്കഥയിലെ സാന്ദര്‍ഭിക പ്രത്യക്ഷത മാത്രമല്ലേ നടന്‍?). ഈ കണ്ടെത്തല്‍ വ്യക്തമാക്കാന്‍ മറ്റൊരു തുടക്കം വേണം. 

placeholder
മുരളി ഗോപി/ ഫോട്ടോ  : MG Soliloquies

ആത്മഗതങ്ങള്‍ (സലിലക്വികള്‍): പിന്നണിപ്പാട്ടുകള്‍ 

1990കളില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്‌ പത്രം വായിക്കുന്നവര്‍ക്ക് വെള്ളിയാഴ്ചകളില്‍ കിട്ടിയിരുന്ന 'യൂത്ത് എക്സ്പ്രസ്' അഥവാ 'യെസ്'  (YES) എന്ന വാരികയെക്കുറിച്ച് ഈ പംക്തിയുടെ ഒന്നാം ലക്കത്തില്‍ത്തന്നെ ഞാന്‍ എഴുതിയിരുന്നു. 'യെസ്' ഒരു ഹിറ്റായിരുന്നു. 

ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു: ഒരു ദിവസം രാത്രി 12.00 കഴിഞ്ഞാണ് ഞാന്‍ 'യെസ്' എന്ന വാക്ക് റ്റൈപ്പ് ചെയ്തത്. 'യെസ്' റ്റീമിന്റെ ഒരു ആവേശമായിരുന്നു മുരളി. ഞാന്‍ റ്റൈപ്പ് ചെയ്ത വാക്കിനോട് അനുധ്വനിക്കുന്നതു പോലെയാണ് പിറ്റേന്ന് രാവിലെ മുരളി എന്നെ വിളിച്ചത്. ''സാര്‍ ഇന്ന് ഫ്രീ ആയിരിക്കുമോ? എനിക്ക് വരാമോ?'' / 'ആറു മണിക്ക് ശേഷം?'' / 'ഓകെ.'' / 'ഗ്രേറ്റ്!.''  

നേരിട്ട് കാണല്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം! / 2007 ജനുവരിയില്‍ ഞാന്‍ ഒന്നാമത്തെ ഇന്‍ഡോ-ആറബ് കല്‍ചറല്‍ ഫെസ്റ്റവലില്‍ പങ്കെടുക്കാന്‍ അബു ദാബിയില്‍ എത്തിപ്പെടുമ്പോള്‍, അറബ്-അലൈഡ് മീഡിയയുടെ സ്പോര്‍ട്‌സ് എഡിറ്ററായിരുന്നു മുരളി. രണ്ടു പേരും തിരക്കിലായിരിക്കെ ഒരു കൂടിക്കാഴ്ച. സായാഹ്നം. സമയം ഹ്രസ്വം. സംഭാഷണം ഹ്രസ്വം. 

എനിക്ക് തരാന്‍ മുരളിയുടെ കയ്യില്‍ ചില സമ്മാനങ്ങളുണ്ടായിരുന്നു. കൂട്ടത്തിലൊന്ന് വളരെ വില പിടിച്ചൊരു സെല്‍ഫോണ്‍ — എന്റെ ആദ്യത്തെ സെല്‍ഫോണ്‍ (വര്‍റ്റിഗോ എന്നെ ബാധിച്ചൊരു രാത്രിയില്‍, ഒരു റ്റ്‌റേനില്‍ ഈ അമൂല്യവസ്തു എനിക്ക് നഷ്ടപ്പെട്ടു. വര്‍റ്റിഗോ ഒരിക്കലും എന്നെ നഷ്ടപ്പെടുത്തില്ല!). 

2023 ഒക്‌റ്റോബര്‍. റീയൂന്‍യന്‍. എന്റെ 44-ഭൂതാവേശത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നു. / കോവിഡ്-19 എന്നെ ബാധിച്ചില്ല, പക്ഷേ രണ്ടാമത്തെ 'ജാബ്' ശരീരത്തില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സൃഷ്ടിച്ചു; എന്റെ വയസ്സിനോട് പത്തു വര്‍ഷങ്ങളോളം കൂട്ടിച്ചേര്‍ത്തു. ഒരു അവിഹിത ബന്ധത്തിലേക്കെന്നതു പോലെ രഹസ്യമായി ഞാന്‍ എന്റെ 'കറുപ്പും വെളുപ്പും' ഗൃഹാതുരത്വത്തിലേക്ക് കടന്ന ദിനങ്ങളെക്കുറിച്ച് ഞാന്‍ മുരളിയോട് പറഞ്ഞു.

പഴയ ഫിലിം ചുരുളുകള്‍. ഒരു ദേവ്-ഗുരു തുനിച്ചില്‍: ഗുരു ദത്ത് സംവിധാനം ചെയ്ത 'ജാല്‍' (1952); ഇന്ത്യന്‍ ചലച്ചിത്രത്തിലെ ആദ്യത്തെ ആന്റ്റി-ഹീറോ പദവിയില്‍ ദേവ് ആനന്ദ്... 

ഞങ്ങള്‍ 'യെസ്' ദിവസങ്ങളെക്കുറിച്ച് സംസാരിച്ചു  ഒരിക്കല്‍ വളരെ സങ്കോചത്തോടെയാണ് മുരളി എന്നോടൊരു ചോദ്യം ചോദിച്ചത്: ''സര്‍, ഞാന്‍ ഗുരുദത്തിനെക്കുറിച്ചൊരു ലേഖനം തന്നാല്‍ 'യെസി'ല്‍ ചേര്‍ക്കാമോ?'' / 'തീര്‍ച്ചയായും.'' / (മുരളിയുടെ Sir എന്ന സംബോധനയിലെ അക്ഷരവിന്യാസം തുടക്കത്തില്‍ Tsar അഥവാ Czar എന്നായിരുന്നുവെന്നത് ഞങ്ങള്‍ക്കിടയില്‍ വിസ്മൃതമായൊരു തമാശ.)

ഗുരുദത്തിനെക്കുറിച്ചുള്ള ലേഖനമാണ് മുരളി ഗോപിയെ എനിക്ക് ശരിക്കും മനസ്സിലാക്കിത്തന്നത്. കിനിവുള്ളൊരു പടലത്തിലൂടെ ഒരു ദ്രാവകം മറ്റൊരു ദ്രാവകത്തില്‍ ലയിക്കുന്നൊരു പ്രക്രിയ ശാസ്ത്രത്തിലുണ്ട് — വ്യതിവ്യാപനം അഥവാ osmosis. വ്യക്തിപരത (ദുഃഖങ്ങള്‍, അനുഭവങ്ങള്‍) നടന്റെ റോളിലേക്ക് പടരുന്നു. നേരത്തേ കണ്ട ബോക്സിങ് രൂപകത്തിന് ഒരു അനുബന്ധമുണ്ട്: നടന്റെ റോളിനുമപ്പുറം കാണുന്ന കാഴ്ചക്കാരനാണ് മുരളി. പക്ഷേ, ഒരു ചലച്ചിത്രത്തില്‍ താന്‍ അഭിനയിക്കുമ്പോള്‍ മുരളി ഈ പടലം അനുവദിക്കില്ല.    

ഗായകനായ മുരളി? 'യെസ്' റ്റീമിന്റെ ഏതു പാര്‍ട്ടിയിലും മുരളിയുടെ പാട്ടുണ്ടായിരുന്നു. വേദിയില്‍ കയറി മൈക്കിനു മുന്നില്‍ നിന്നും മുരളി പാടിയിട്ടുണ്ട്.. പക്ഷേ, മുരളിയുടെ 'ആത്മഗതങ്ങള്‍' (Soliloquies) എന്ന വീഡിയോ പരമ്പര ആസകലം ഇതരം; മാധ്യമഭേദിയായൊരു 'ഞാന്‍-മാത്രം-നീ-മാത്രം' ആവിഷ്‌കാരം. ദൃശ്യ-ശ്രവ്യങ്ങള്‍ക്കിടയിലെ ഒരു പടലമാണ് ഞാന്‍ കാണുന്നത്. പക്ഷേ അങ്ങോട്ടുമിങ്ങോട്ടും ഗതാഗതം (വ്യതിവ്യാപനം) അനുവദനീയം. പാട്ടില്‍ വരികളുണ്ട്. മുരളി കാണുന്ന കാഴ്ചകളും തൊടുന്ന വസ്തുക്കളും തത്സമയ വരികളുടെ വിനിമയവുമായി ബന്ധപ്പെടുന്നു; മറിച്ചും. 

വീഡിയോകളില്‍ മുരളിയിലെ നടന്‍ ഇല്ല; മുരളി പാടുന്നുമില്ല. ചലച്ചിത്രം ഉള്‍പ്പെടെ എല്ലാ വ്യാപാരങ്ങളിലും സാധ്യമായ നിസ്സംഗതയോടെ, ദൃശ്യങ്ങളില്‍ മുരളി ഒറ്റക്ക് പ്രത്യക്ഷപ്പെടുന്നു. പാട്ട്, മുരളിയുടെ സ്വരം, പിന്നണിയിലാണ്. ആദ്യമായി, താന്‍ ഗായകനാണെന്ന വിളംബരം ഇല്ലാതാവുന്നു. ദൃശ്യങ്ങളിലെ വ്യക്തി ഒരു നടനാണെന്ന് മുരളിയുടെ സ്വരവുമായി പരിചയം ഇല്ലാത്തൊരാള്‍ ധരിച്ചേക്കാം. ഗായകര്‍ ദൃശ്യങ്ങളില്‍ ഭാവ പ്രക്ഷേപത്തിനായി നടീനടന്മാരെ  ഉപയോഗിക്കുന്നത് സാധാരണമല്ലേ? . 

മുരളിയുടെ അഭിരുചി എനിക്കറിയാം, ശബ്ദസാധ്യതകളും എനിക്കറിയാം. ആകയാല്‍, എന്നില്‍ അസഹിഷ്ണുത പോലും ജനിപ്പിക്കുന്ന ചില പാട്ടുകള്‍ 'ആത്മഗത' പരമ്പരയില്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയിട്ടുണ്ട്. 

മുരളി ഏറ്റവും അവസാനമായി അയച്ച വീഡിയോ. കോംപസിഷന്‍: ലക്ഷ്മികാന്ത്- പ്യാരേലാല്‍. എന്റെ വ്യക്തിപരമായ എടുപ്പില്‍, കാര്യകാരണ ബന്ധം സ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും, ഈ ജോഡിയുടെ വരവും, ഹിന്ദി ചലച്ചിത്ര സംഗീതത്തിന്റെ അപചയവും ഏതാണ്ട് ഏകകാലികമാണ്. പക്ഷേ, മുരളിയുടെ ഒരു വീഡിയോ ഡിലീറ്റ് ചെയ്യല്‍ അചിന്ത്യം. ഓടിച്ചപ്പോള്‍... കര്‍ത്താവേ, ഇതെന്ത് മറിമായം! (മുരളി എന്നോട് പറയുന്നത് കേള്‍ക്കാം: ''സര്‍, ഇത് ഞാനാണ്, മുരളി.'')  

ഒരു തരം ഫില്‍റ്ററിങ് സാങ്കേതിക പ്രയോഗത്തിലെന്നതു പോലെയാണ് ആശ്ചര്യം സംഭവിച്ചത്. മൗലിക ശബ്ദാന്തരീക്ഷം തകര്‍ന്നിരിക്കുന്നു. തികച്ചും മുരളിയുടെ ഒച്ചയില്‍, മുരളിയുടെ അന്തരീക്ഷത്തില്‍, ഞാന്‍ ആ പാട്ടു കേട്ടു. ലക്ഷ്മികാന്ത്- പ്യാരേലാല്‍ സ്ഥലം വിട്ടിരിക്കുന്നു.

സാധാരണ വിനിമയത്തില്‍ 'ആബ്സ്റ്റ്‌റാക്റ്റ്' (abstract) = അമൂര്‍ത്തം. പക്ഷേ ഗവേഷണ കടലാസുകളുടെ തുടക്കത്തിലെ 'ആബ്സ്റ്റ്‌റാക്റ്റ്' സംഗ്രഹമാണ്.. മുരളി നല്‍കുന്നത് മൗലിക ഗായകന്റെ ശബ്ദവ്യാപ്തിയുടെയും പാട്ടിലെ ഭാവ വിസ്താരത്തിന്റെയും 'ആബ്സ്റ്റ്‌റാക്റ്റ്' ആണെന്ന് എനിക്ക് തോന്നുന്നു. ഒരു ഔപചാരിക ഗാനമേളയുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍ ഇതില്‍ ഇല്ല — 'യെസ്' റ്റീമിന്റെ പാര്‍ട്ടികളിലെ വട്ടമിട്ടിരിക്കല്‍ പോലും ഇല്ല. ചിലപ്പോള്‍, ഹാ, ഗായകന്‍ പോലും ഇല്ല! 

placeholder
മേതില്‍/ ഫോട്ടോ: മധുരാജ്‌

ഭോഷ്‌കിനപ്പുറത്ത്, നിങ്ങളില്‍ ശരിക്കുമുള്ള ഏകാകിയെ മുരളിയുടെ ആലാപനത്തില്‍ നിങ്ങള്‍ കണ്ടെത്തും — ഞാന്‍ എന്റെ കൗമാരത്തിലെ 'കറുപ്പും വെളുപ്പും' ഏകാന്തത കണ്ടെത്തിയതു പോലെ.   

മുരളിയോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു: ''കുമാര്‍ സാനുവിന്റെ ഒച്ച എനിക്ക് ദുസ്സഹമാണ്. പക്ഷേ 'കുച്ഛ് നാ കഹോ' അല്പം വ്യത്യസ്തമായി തോന്നി. പിന്നെ, ഗാനരചന. ReaLyric. ശരിക്കും ലളിതഗാനം. പരമ്പരയ്ക്കു വേണ്ടി ഇത് പാടാമോ? മുരളിയുടെ ശബ്ദവ്യാപ്തിക്കുള്ളില്‍ പാട്ട് കൂടുതല്‍ ഭംഗിയാവും.'' / സത്യത്തില്‍, ആര്‍.ഡി. ബര്‍മനോട് ചിലപ്പോള്‍ തോന്നുന്ന സ്നേഹമല്ല, ജാവേദ് അക്തറിന്റെ വരികള്‍ മുരളിയുടെ അവതരണത്തിന്റെ സന്ദേശമാണെന്ന പ്രതീതിയാണ് ഇങ്ങനെ പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. 

ഒന്നും പറയരുത്, ഒന്നുമൊന്നും. 
പറയേണ്ടതെന്ത്, കേള്‍ക്കേണ്ടതെന്ത്,
എനിക്കുമറിയാം, നിനക്കുമറിയാം,
കാലത്തിലെ ഈ നിമിഷം നിലച്ചിരിക്കുന്നു,
ഈ നിമിഷത്തില്‍ മറ്റാരുമില്ല,
ഞാന്‍ മാത്രവും,
നീ മാത്രവും

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍  ഇവിടെ വായിക്കാം.