എന്റെ ചെവികളില്‍ റ്റിനറ്റസ് എന്ന ബാധയുണ്ട് - ഒരു ശബ്ദ അകമ്പടി. പലര്‍ക്കും ഇത് പലതാണ്. എന്റെ ചെവികളിലിത് ചീവീടുകളുടെ കരച്ചിലാണ്. ഇതിലെ ഉയര്‍ച്ചത്താഴ്ച്ചകള്‍, അഥവാ ബീറ്റിങ്‌സ്, അഥവാ ഇടവേളകള്‍ എന്റെ ചെവികളില്‍ ചോര വന്നലയ്ക്കുന്നതിന്റെ താളം (കേള്‍വി ഒരു കടല്‍ത്തീരം) . നാഡിസ്പന്ദങ്ങളുമായി ഈ താളം പൊരുത്തപ്പെടുന്നു.  

To advertise here,

എല്ലാ ചീവീടുകളുടെയും ഒച്ചകള്‍ക്ക് എന്റെ ചെവികളില്‍ ഇടമുണ്ട്. എല്ലാ ഷഡ്പദങ്ങള്‍ക്കും എന്റെ പാര്‍പ്പിടത്തില്‍ ഏതു സമയത്തും സ്വാഗതം! എങ്കില്‍, ഇതര ജീവികളുടെ കാര്യം? ഉത്തരം പറയാന്‍ എനിക്കൊരു പുസ്തകം മുഴുവന്‍ ആവശ്യമാകും. കാരണം, ചില കുടുംബങ്ങളില്‍ ജീവികളുടെ വരവ് തികച്ചും വ്യത്യസ്തമായൊരു ഇതിവൃത്തമാകാം. നാം പരിചയപ്പെട്ട ഇതിവൃത്തമാണിത്. തുടക്കവും പിന്നെ തുടര്‍ച്ചയുമുള്ളൊരു ആചാരം (08) - സംഭവങ്ങള്‍; ഒപ്പം ഭയസൂചനയും. 

ഇന്നലെ രാത്രി ഞങ്ങളുടെ ഫ്ളാറ്റില്‍ ഒരു ചീവീട് വന്നു. അടുക്കളയുടെ നിലത്തിനു നടുവിലാണ് ഞാന്‍ കണ്ടത്. കണ്ണട ധരിച്ചിട്ടില്ലാത്ത ഒറ്റക്കണ്ണന്റെ അവസ്ഥയിലും ശാസ്ത്രീയ സന്ദേഹങ്ങള്‍ ഉണ്ടായി. ഇത് മുഴുവന്‍ വിവരിക്കാന്‍ ഞാന്‍ എഴുതിയ ഷഡ്പദ ഗവേഷണ കടലാസുകളിലൂടെ കടന്നുപോകേണ്ടി വരും. കടക്കുന്നില്ല. 

ചുരുക്കത്തില്‍ പറഞ്ഞാല്‍, എവിടെയോ ഒരു തകരാറുണ്ട്. തറയില്‍ ചീവീട് ഘടികാരദിശയില്‍ വലയമിടുകയാണ്. അപകടാനന്തര അവസ്ഥയുടെ ലക്ഷണം. വലതു വശത്തെ കാലുകളിലൊന്നില്‍ ക്ഷതമേറ്റിരിക്കണം. 

കട്ടിയുള്ളൊരു കടലാസിലേക്ക് ഞാന്‍ ചീവീടിനെ പതുക്കെ എടുക്കുന്നു. ഞങ്ങളുടെ ഫ്ളാറ്റില്‍ മൂന്നിടങ്ങളില്‍ കാണാവുന്നൊരു സജ്ജീകരണത്തിലേക്ക് ഒരു സ്ഥലമാറ്റം. അഞ്ചും അഞ്ചും ഇഷ്ടികകളുള്ള ഈ സമചതുരക്കെട്ടിന്റെ രണ്ടു വശങ്ങളിലേ ചുവരുകളുള്ളൂ. ശേഷിക്കുന്ന രണ്ടു ചുവരുകളുടെ ഭാഗങ്ങളില്‍  ഒരെണ്ണം വീടിന്നകത്തേക്കു തുറന്നു കിടക്കുന്നു. കെട്ടിടത്തിന്റെ പുറത്തേക്ക് തുറന്നു കിടക്കുന്ന നാലാം ചുവര് ജാലകച്ചട്ടത്തിന്റെ തടസ്സമുള്ള അഴിച്ചുവരാണ്.  

ചീവീട് കിടക്കുന്ന കടലാസ് ഞാന്‍ ഈ ഗ്രില്ലിനോട് ചേര്‍ത്തുവെക്കുന്നു. ചലിക്കാന്‍ ശക്തിയുണ്ടെങ്കില്‍, പുറത്തോട്ട് ഏതു ഭാഗത്തേക്കും പറക്കാന്‍ ഏറ്റവും സൗകര്യമുള്ള ഇടം; ബേത്ത്‌ളേഹേമിലേക്ക് പോലും പറക്കാം. അകത്തേക്ക് കടക്കലും അതേപോലെ എളുപ്പം.

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

ബേത്ത്‌ളേഹേമിലേക്ക് ഇഴച്ചില്‍: മരണം സ്വകാര്യം 

ഇന്ന് രാവിലെ നോക്കുമ്പോള്‍ ചീവീട് മരിച്ചിരുന്നു. കടലാസ് വിട്ട് തറയില്‍ സഞ്ചരിച്ചിട്ടുണ്ട്. രണ്ട് ഇഷ്ടികകള്‍ക്കിടയിലെ വിടവില്‍ ആവുന്നത്രയും ഉടല്‍  ഒതുക്കിക്കൊണ്ട് അതിന്റെ  അവസാനത്തെ കിടത്തം. ജീവികളുടെ, പ്രത്യേകിച്ചും ഷഡ്പദങ്ങളുടെ, മരണാഭിഗതി (orientation do death) വിവരിക്കുന്നൊരു കുറിപ്പില്‍, അന്ത്യം മുന്‍കൂട്ടി അറിഞ്ഞിട്ടെന്നതു പോലെയുള്ള ചില ചലനരീതികള്‍ ഞാന്‍ നിരീക്ഷിച്ചിരുന്നു.  

ചീവീടേ, ഇതാണോ നിന്റെ ബേത്ത്‌ളേഹേം? / പലരും 'ക്വോട്ട്' ചെയ്തതെങ്കിലും യേറ്റ്‌സിന്റെ ഒരു പ്രശസ്ത നിരീക്ഷണം സ്വയം ഇവിടെ കടന്നു വരുന്നു.

And what rough beast, its hour come round at last,   
Slouches towards Bethlehem to be born?
(Second Coming) 

ഒടുവില്‍ തന്റെ സമയടുക്കുമ്പോള്‍ ഏതു പരുക്കന്‍ ജന്തുവാണ് 
വീണ്ടും ജനിക്കാന്‍ ബേത്ത്‌ളേഹേമിലേക്ക് ചരിക്കാത്തത്? 


പലബന്ധുമിത്ര'പരീതന്‍'എന്ന അവസ്ഥയില്‍ പരേതനാകല്‍ മിക്കവാറും ഏതൊരു മര്‍ത്ത്യന്റെയും അഭിലാഷം. ഏകതയില്‍ മരണത്തെ സമീപിക്കാന്‍ നിശ്ചയിച്ചു റോഡ്റിഗോ (04). പക്ഷേ, റോഡ്റിഗോ ഒരു കഥാപാത്രമായതിനാല്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ മാതൃകയാക്കേണ്ടതില്ല. ബാഹ്യനിര്‍ബന്ധങ്ങളുടെ ഇടപെടല്‍ ഇല്ലെങ്കില്‍, ജന്തുക്കള്‍ ഏകാന്തമായി മൃത്യുവിലേക്ക് ചരിക്കുന്നു. ജന്തുക്കള്‍ക്ക് മരിക്കാന്‍ നിഗൂഢത ആവശ്യമുണ്ട്. അവയുടെ ബേത്ത്‌ളേഹേം പുനര്‍ജ്ജനിയല്ല, മരണത്തിന്റെ സ്വകാര്യതയാണ്

ഞങ്ങളുടെ ഫ്ളാറ്റില്‍ രണ്ട് ഇഷ്ടികകള്‍ക്കിടയിലെ വിടവില്‍ ചീവീട് ആഗ്രഹിച്ചതും (ഒരു പക്ഷേ ഭാഗികമായെങ്കിലും നേടിയതും) മരണത്തിന്റെ സ്വകാര്യതയാണ്.

ഇനി മറവു ചെയ്യല്‍. ആറു വയസ്സായൊരു കുട്ടിയുടെ ആചാരനിഷ്ഠ (05) പ്രായോഗികമാവാത്ത സാഹചര്യം. മൂന്ന് വലിയ എടുപ്പുകളിലായി ധാരാളം ഫ്‌ളാറ്റുകളും ആള്‍ച്ചലനങ്ങളുമുള്ളൊരു അപാര്‍റ്റ്മന്റ്റ് കെട്ടിടത്തിന്റെ ചുറ്റും പരിമിതമായ മണ്ണില്‍ ഒരിടത്തും ഒരു ചീവീടിനെ മറവ് ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ലഭിക്കില്ല.. 

ശവസംസ്‌കാരം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ നൈരാശ്യം എന്റെ നിസ്സഹായതയെ കൃത്യമായി അളക്കുന്നു —  വയസ്സുമായുള്ള അനുപാതം കുറിച്ചുകൊണ്ട് (വയസ്സിനെ ചിലപ്പോള്‍ അംഗുലങ്ങളായി അളക്കാം).

രംഗബോധമില്ലാത്ത കോമാളി: ക്രിസ് റോക്ക്? 

ചാവാന്‍ എത്തുന്നൊരു ചീവീട് കാവല്‍മാലാഖമാരെയെല്ലാം അകറ്റുമോ? ചെറിയൊരു കരച്ചില്‍ മെഴുകുതിരികളെല്ലാം അണച്ച്, പള്ളിയില്‍ ആളുകളെ വിളിച്ചു കൂട്ടാനുള്ള മണിയടിക്കുമോ? എല്ലാം എന്റെ ജ്വരബാധിതമായ മനസ്സില്‍ കവിത പോലെ നിസ്സാരമായൊരു പൂര്‍ത്തിയില്‍ പോലും എത്താത്ത ചിന്തകള്‍.
ഇവയില്‍ ആനിയുണ്ട് —  ഡാലിയയുടെ പുതിയ ബൈസ്റ്റാന്‍ഡര്‍ 

ഞങ്ങളുടെ ഫ്ളാറ്റില്‍ എത്തിയ ചീവീടിനെക്കുറിച്ച് തീര്‍ച്ചയായും ഒന്നും ആനിക്ക് അറിഞ്ഞുകൂടാ. ഡിസംബര്‍ ഇരുപത്തെട്ടാം തീയതി 9.00 തൊട്ട് 3.00 വരെ ഹോസ്പിറ്റലില്‍ ആയിരുന്നിട്ടും തന്റെ  ഉണര്‍വില്‍ പെട്ടിട്ടില്ലാത്തൊരു കരച്ചില്‍ ആനിയെ അലട്ടേണ്ടതില്ല. ചുവന്ന ഗതാഗത വിളക്ക് പോലെ, അന്നു  കേട്ടൊരു കാര്യം അവളുടെ വിചാരങ്ങളില്‍ ഓടുന്നതിനെയെല്ലാം തടുക്കുന്നു:  ചുവന്ന കീമോ (Red chemo). 
 
സന്ധ്യക്ക് ആനി തന്റെ മുറിയിലെ ക്രിസ്തുവിഗ്രഹത്തിന്റെ മുന്നില്‍ ഒരു മെഴുകുതിരി കൊളുത്തി വെക്കുന്നു. ഡാലിയയുടെ രൂപമാണ് മനസ്സില്‍. ആകെ അനുതാപം. ഡാലിയയുടെ പതിമൂന്നാം സെഷന് നഴ്സുകള്‍ നല്‍കിയ പേര് 'ചുവന്ന കീമോ' എന്നായിരുന്നു (ഇനിയങ്ങോട്ട് പതിവാകാന്‍ പോകുന്നൊരു പുതിയ ഔഷധത്തിന്റെ നിറം ചുവപ്പ്; അതിനെ ചൂഴുന്ന ഭയാനകതയും ചുവപ്പ്). ഡ്രിപ് തുടങ്ങിയാല്‍ ദുസ്സഹമായ ദൈഹിക അനുഭവങ്ങളുണ്ടായേക്കാം. 

ഒരു നഴ്സ് പറഞ്ഞു, 'എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ എന്നെ വിളിച്ചാല്‍ മതി.' / വിളിച്ചില്ല. ആവശ്യം ഉണ്ടായില്ല. ഡാലിയ നിര്‍ബാധം ആ ഘട്ടത്തിലൂടെ കടന്നുപോയി. ഇപ്പോള്‍ ആനിയെ ദുഃഖിതയാക്കുന്നത് ഹോസ്പിറ്റലില്‍ ഡാലിയ ധരിച്ചിരുന്ന കറുത്ത തൊപ്പിയാണ്. മിടുക്കിയായൊരു പ്രഫസറുടെ വീട്ടില്‍, ഒരു രോഗി അതിഥിയായിരിക്കുമ്പോള്‍, അടുക്കളപ്പണി ഏറ്റെടുത്തിരുന്ന നാളുകളിലെ അനുഭവങ്ങള്‍ ആനിയുടെ ദുഃഖത്തെ ഉല്‍ക്കടമാക്കുന്നു.  

യുവ പ്രഫസറായ മനിലയെ കാണാന്‍ ഒരു ശനിയാഴ്ച സന്ധ്യക്ക് നാലഞ്ചു ശിഷ്യകള്‍ വരുന്നു. സംഭാഷണത്തിനിടയില്‍ ഒരു ക്രൈസ്തവ ഫെമിനിസ്റ്റായ  ഡ്രീഡ ഹാവ്ലാക്കിന്റെ ആശയങ്ങളെക്കുറിച്ച് പ്രഫസര്‍ പറയുന്നു. ബൈബിള്‍ ശരിക്കും വായിക്കുക. ഹവ്വയെ ദൈവം പറുദീസക്ക് പുറത്താക്കുന്നില്ല. പക്ഷേ, സാഹചര്യത്തില്‍, ആദമിനെ പിന്തുടരല്‍ (ആശ്രയിക്കല്‍) അനിവാര്യം. ഇതിന്റെ തുടര്‍ച്ചയില്‍, ഹവ്വക്ക് നഷ്ടപ്പെട്ട കിരീടത്തെക്കുറിച്ച് ഡ്രീഡ പറയുന്നു. 

അതിഥികള്‍ക്ക് ചായ ഉണ്ടാക്കുന്നതിനിടയില്‍ ചര്‍ച്ച മുഴുവന്‍ കേള്‍ക്കാന്‍ ആനിക്ക് കഴിഞ്ഞില്ല. കേട്ടിരുന്നെങ്കില്‍പ്പോലും മുഴുവന്‍ ഗ്രഹിക്കാന്‍ ആനിക്ക് കഴിയുമായിരുന്നില്ല. പക്ഷെ, ചില ശകലങ്ങള്‍ ചെവികളിലെത്തി; മനസ്സിലും എത്തി, ആനിയുടെ അന്തര്‍ഗതത്തില്‍ വിലയിച്ചു. ഉറങ്ങാന്‍ പോകും മുന്‍പ് പല്ലുകള്‍ ബ്രഷ് ചെയ്യുമ്പോള്‍, പതിവില്ലാത്ത വിധം ആനി കുളിമുറിയിലുള്ള കണ്ണാടിയില്‍ കുറച്ചു നേരം തന്റെ പ്രതിബിംബത്തിലേക്ക് ഉറ്റു നോക്കി. പിന്നെ ചിന്തിക്കുകയായി...

പെണ്ണിന്റെ കിരീടമാണ് തലമുടി. യേശുവിന് കിരീടം  ആവശ്യമില്ല. രാജാക്കന്മാരുടെ രാജാവാണ് യേശു. എല്ലാ പെണ്ണുങ്ങളും രാജ്ഞികളല്ല. പെണ്ണിന് കിരീടം വേണം. പെണ്ണിന്റെ കിരീടം തലമുടിയാണ്. മുടികൊഴിച്ചില്‍, പ്രിയപ്പെട്ട ഡാലിയയുടെ മുടികൊഴിച്ചില്‍, ഒരു കിരീട നഷ്ടമാണ്. സത്യത്തില്‍ ആ കറുത്ത തൊപ്പിക്ക് ഒരു കിരീടത്തിന്റെ  ഗമയുണ്ട്. എങ്കിലും... 

മുടികൊഴിച്ചില്‍ (alopecia) അനുഭവിച്ച ചില പ്രശസ്ത വനിതകള്‍ നഗ്‌ന ശിരസ്സോടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് ആവേശം സൃഷ്ടിച്ചത് ആനി കേട്ടിട്ടില്ല. തലപ്പാവ് ധരിച്ചപ്പോള്‍, നടിയും റ്റോക് ഷോ ആതിഥേയയുമായ  ജെയ്ഡ പിങ്കെറ്റ് സ്മിത്ത് പറഞ്ഞു, 'ഞാന്‍ ഒരു രാജ്ഞിയാണെന്ന് എനിക്ക് തോന്നി.' /യാദൃച്ഛികം, ജെയ്ഡയുമായി ബന്ധപ്പെട്ടതാണ്  ആനിയുടെ ഒരനുഭവം. ഷവറിന്നടിയില്‍ മുടിയിഴകള്‍ കെട്ടുപിണഞ്ഞ് വീഴാന്‍ തുടങ്ങിയപ്പോള്‍ ജെയ്ഡ പേടിച്ച് ഞെട്ടിയതിനെക്കുറിച്ച് ആനി കേള്‍ക്കാന്‍ പൊകുന്നതേയുള്ളൂ. 

മനിലയും, അനിയനായ മാന്വലും ഒരിക്കല്‍ അത്താഴമേശക്കരികിലിരുന്ന് പഴയൊരു വീഡിയോ ആസ്വദിക്കുന്നു. ആനി കൈകളില്‍ ഒരു ട്രേയുമായി അടുക്കളക്ക് പുറത്തു കടന്ന് മേശയെ സമീപിക്കുമ്പോള്‍ വീഡിയോയില്‍ ഒരാള്‍ മറ്റൊരാളെ അടിക്കുകയായിരുന്നു. 'കര്‍ത്താവേ, ഇതെന്ത്!'

ആനിക്ക് സന്ദര്‍ഭം പരിചിതമല്ല. വിശദീകരണം ആവശ്യം. മാന്വല്‍ തയ്യാര്‍., ഓസ്‌കാര്‍ അന്തരീക്ഷം. തൊണ്ണൂറ്റി നാലാം അക്കാദമി അവാര്‍ഡ് ദാനച്ചടങ്ങ്. കമീഡീയനായ ക്രിസ് റോക്ക് വേദിയില്‍. സദസ്സില്‍ പ്രശസ്ത നടനായ വില്‍ സ്മിത്തുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയായ ജെയ്ഡയുണ്ട്. ക്രിസ് റോക്ക് തികച്ചും അനാവശ്യമായ രീതിയില്‍ ജെയ്ഡയുടെ ക്ഷൗരം ചെയ്യപ്പെട്ട ശിരസ്സിനെ പരിഹസിച്ച് സംസാരിക്കുന്നു (രംഗബോധമില്ലാത്ത കോമാളി ആരാണ്!). വില്‍ സ്മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് ക്രിസ് റോക്കിന്റെ ചെകിടത്തൊരു അടി വെച്ചു കൊടുക്കുന്നു. ക്‌ളാസിക്ക്! 

placeholder
വില്‍ സ്മിത്ത്, ജെയ്ഡ, ക്രിസ് റോക്ക്/ ഫോട്ടോ: എ എഫ് പി
 

'അങ്ങനെത്തന്നെ വേണം,' ആനി പറഞ്ഞു, 'മുടികൊഴിഞ്ഞൊരു പെണ്ണിനെ പരിഹസിക്കുന്നൊരുത്തന്‍ ശുദ്ധ ആഭാസനാണ്.'   

ഒരു നൊടി, കാലത്തില്‍ നിന്ന് വിച്ഛേദിച്ച്... 

ചുവന്ന കീമോക്ക് ശേഷം ഫ്ളാറ്റില്‍ ഭദ്രമായി തിരിച്ചെത്തിയപ്പോള്‍ ഡാലിയ അച്ഛനോട് പറഞ്ഞു, 'ഡ്രിപ് തുടങ്ങിയപ്പോള്‍ കരച്ചില്‍ വന്നു, ഡാഡി. ഞാന്‍ ഒരല്പം കരഞ്ഞു.'

ഡാലിയ ശ്രദ്ധിക്കുന്നു. ഡാഡിയുടെ മുഖത്ത് മ്‌ളാനത. ഇതേ വരെ കണ്ടിട്ടില്ല. ഡാഡിയുടെ മനസ്സിലൂടെ കടന്നു പോകുന്നത് വായിക്കാം: 'നീ, നീ? എന്റെ മോള്‍ ഡാലിയ? കരഞ്ഞുവോ? ഇത്രയേറെ അനുഗ്രഹങ്ങളുടെയും ധ്യാനങ്ങളുടെയും പരിവാരം ഉണ്ടായിട്ടും...' / പറയാന്‍ വന്നത് ഡാഡി പെട്ടെന്ന് ഉള്ളില്‍ തടുത്തു നിര്‍ത്തുന്നത് പോലും ഡാലിയ അറിയുന്നു—  എന്റെ മുഖവും മ്ളാനമാകുന്നത് മുന്‍കൂട്ടി കണ്ടിട്ടാണ്.  

ഡാലിയ പറയുന്നു: 'ഞാന്‍ കരഞ്ഞത് ഡാഡിയെ നിരാശപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഭയാനകമായൊരു ഘട്ടത്തില്‍ എനിക്ക് കരച്ചില്‍ നിഷേധിക്കാന്‍ എന്റെ ഡാഡിക്ക് കഴിയുമോ? അലക്സാന്‍ഡര്‍ക്കോ, നെപ്പോളിയനോ സാധ്യമല്ലാത്ത മനോദാര്‍ഢ്യം ചിലപ്പോള്‍ ഒരു കുട്ടിക്ക് സാധ്യമാകുമെന്ന് ഡാഡി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ആ കുട്ടി ഞാനാവില്ല, അത് ഡാഡിയാണ്.'

ഡാലിയയുടെ രോഗവുമായി പൊരുത്തപ്പെട്ടപ്പോള്‍ ആ കുട്ടിയായിരുന്നു ഡാലിയയുടെ അച്ഛന്‍. പൊരുതുക! അദ്ദേഹത്തിന്റെ സന്നാഹത്തില്‍ പോലും ഒരു കുട്ടിയുണ്ടായിരുന്നു: ലാപ്‌റ്റോപ്പിലെ സ്വച്ഛമായ നിശാ നഗരദൃശ്യത്തിന്റെ വാള്‍പേപര്‍ മറയുന്നു; പകരം ഒരു 'കില്‍ ബില്‍' പോസ്റ്റര്‍ തെളിയുന്നു.  'കില്‍ ബില്‍' (Kill Bill) ഡാഡിയുടെ ഒരു വിഭ്രാമകമായിരുന്നു —  ദുഃഖപര്യവസായി. ഒരു കൂട്ടുകാരി അതിലെ 'വധു'വിന്റെ ഐതിഹാസിക മാനങ്ങളില്‍ എത്തും, തന്നെ പരാജയപ്പെടുത്തും എന്നെല്ലാം സങ്കല്പിതം... ഹാ, ശ്രമിക്കാന്‍ പോലും ബലമില്ലാതെ കൂട്ടുകാരി പിന്‍വാങ്ങി! പിന്നീടെല്ലാം പ്രഹസനം. പക്ഷേ, ഇപ്പോള്‍ ലാപ്‌റ്റോപ്പിലെ ചിത്രത്തില്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, വാള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഉമ തര്‍മ്മന്‍ പറയുന്നു, 'എന്നെ തോല്‍പ്പിക്കാമോ?'  

പതിമൂന്നാം കീമോ സുഗമമായിരുന്നു. പക്ഷേ, അടുത്തുള്ള ദിനങ്ങളില്‍ ഡോക്റ്റര്‍ റോമയുടെ താക്കീത് വായുവിലുണ്ടാകും: 'ആഫ്റ്റര്‍- ഇഫെക്റ്റ്‌സ് ഇനി വളരെ ശക്തമായിരിക്കും.' 

ഡാലിയയുടെ അച്ഛന്‍ മറ്റെന്തിനേക്കാളുമേറെ ഉണര്‍വ് നിക്ഷേപിച്ചത് ഈ ഭവിഷ്യത്തിലായിരുന്നു./ തുടക്കം തന്നെ പ്രശ്നം. പോയ 12 കീമോകളിലും അതേ ദിവസം ക്ഷീണം ഉണ്ടായിട്ടില്ല. നോര്‍മല്‍. രണ്ടും മൂന്നും ദിവസങ്ങളില്‍ നല്ല ക്ഷീണം. നാലാം നാള്‍ ഡാലിയ പ്രസരിപ്പ് വീണ്ടെടുത്തിരിക്കും; ചടുലമായ നീക്കങ്ങളോടെ അടുക്കളയില്‍ പുതിയൊരു 'റെസപി' പരീക്ഷിക്കും.  

ഡിസംബര്‍ 28 വ്യത്യസ്തം. ഉച്ചഭക്ഷണത്തിനു ശേഷം കിടക്കയിലേക്ക് ചാഞ്ഞ ഡാലിയ രാത്രി 11.00 വരെ ഉറങ്ങിക്കിടക്കുന്നു. വളരെ ഹ്രസ്വമായ  'സ്ട്രീമിങ്' ഇടവേളകള്‍ മാറ്റിനിര്‍ത്തിയാല്‍ നാല് ദിവസം തുടര്‍ച്ചയായി ഡാലിയ കട്ടിലില്‍ തളര്‍ന്നു കിടക്കുകയായിരുന്നു. പതിന്നാലാം കീമോക്ക് മുന്‍പ് ജനുവരി 4ന് നടക്കേണ്ടിയിരുന്ന ബ്‌ളഡ് റ്റെസ്റ്റ് മുടങ്ങി; എഴുന്നേല്‍ക്കാന്‍ വൈകുകയാല്‍, നിശ്ചിത സമയത്ത് ഹോസ്പിറ്റലില്‍ എത്താന്‍ ഡാലിയക്ക് കഴിയുമായിരുന്നില്ല. പരിശോധന ജനുവരി 11നു നീട്ടിവെക്കപ്പെട്ടിരിക്കുന്നു. 

ജനുവരി ഒന്നിന് നവവത്സരദിനത്തിലേക്ക് ഉണരാന്‍ വേണ്ട തീയതി പോലും ഡാലിയക്ക് നഷ്ടപ്പെട്ടിരുന്നു. ആ ദിവസം അവള്‍ ദയനീയമായി അച്ഛനോട് പറഞ്ഞു, 'എനിക്ക് സഹിക്കാനാവുന്നില്ല, ഡാഡി!'   

ദ്രാവകരൂപത്തില്‍ എത്താത്തൊരു കരച്ചില്‍ അച്ഛനില്‍ അനുമാനിക്കാം. കുട്ടിക്കാലം തൊട്ട് ഇന്നേ വരെ ഏതു ശാരീരിക/മാനസിക വേദനയിലും മകള്‍  അങ്ങനെ പറഞ്ഞിട്ടില്ല. അച്ഛന്‍ പശ്ചാത്താപത്തോടെ ചിന്തിക്കുന്നു, ഇത്രയും അന്തര്‍ജ്ഞാനത്തില്‍ കണ്ടതുകൊണ്ടാവാം മകള്‍ ഹോസ്പിറ്റലില്‍ കരഞ്ഞത്. 
ഇന്നേ വരെ അവളുടെ കരച്ചിലിന് ഒരു ദൃക്സാക്ഷിയുണ്ടായിട്ടില്ല.

ഡാലിയയുടെ കരച്ചില്‍ എന്നോട് ചിലത് പറയുന്നു. ഉടല്‍ എന്തോ അനക്കം അറിഞ്ഞ സെക്കന്‍ഡില്‍ ഡാലിയക്കരികില്‍ ജീസസ് ഇല്ലാതായി, അവളുടെ രോഗം ശമിപ്പിക്കാന്‍ ജീസസിനോട് യാചിച്ചവരില്‍ ഒരാള്‍ പോലും ഇല്ലാതായി; ബൈസ്റ്റാന്‍ഡറായി ഡാഡി കൂടെയുണ്ടായിരുന്ന ഓരോ നൊടിയും ഇല്ലാതായി. ഒറ്റക്ക്, ഒറ്റക്ക്, ഒറ്റക്ക്. ഡാലിയ തികച്ചും ഒറ്റക്ക്. ആ നിമിഷമാണ് ഡാലിയയില്‍ ഒരു കരച്ചിലായത്. 

കാലത്തില്‍ നിന്ന് വിച്ഛേദിച്ച് ഒരു നൊടി പെട്ടെന്ന് പിന്നോട്ട് പായുന്നു. നിങ്ങളുടെ ആശയറ്റ വിളിയാണത്. ഒരു ചെവിയിലും അത് വീഴില്ല (മരിച്ചുകൊണ്ടിരിക്കുന്നൊരാളുടെ ഇന്ദ്രിയാനുഭൂതികളില്‍ ഏറ്റവും ഒടുവില്‍ ഇല്ലാതാവുന്നത് കേള്‍വിയാണെന്ന് പുതിയൊരു ഗവേഷണം പറയുന്നു). 

പോയ ചില നാളുകളില്‍ എന്റെ ശരീരത്തിലുണ്ടായൊരു അപ്രതീക്ഷിത തകിടംമറിച്ചിലില്‍, ഞാനും ബേത്ത്‌ളേഹേമിലേക്ക് ഇഴയാന്‍ തുടങ്ങിയെന്ന് എനിക്ക് തോന്നി —  ഒരു ഒച്ചിനെപ്പോലെ! ഇഴച്ചിലിലെ മൗനവും മന്ദവേഗവും മാത്രമല്ല ഈ ഉപമക്ക് കാരണം. തുടര്‍ച്ചയായി ദിവസങ്ങളോളം ഓണ്‍ലൈനില്‍ സുഹൃത്തുക്കളുടെ അഭാവം. അതാകട്ടെ, അവരില്‍നിന്ന് ഞാന്‍ പ്രത്യേകിച്ചും ചില വാക്കുകള്‍ പ്രതീക്ഷിച്ചിരുന്ന സന്ദര്‍ഭത്തില്‍; അവരുടെ സാമീപ്യം വളരെ ആവശ്യമായിരുന്നൊരു ഘട്ടത്തില്‍! ഇല്ല, ആരും ഇല്ല. ഞാന്‍ വിചാരിച്ചു ഒച്ചിന് തോട് പോലെയാണ് സൗഹൃദം —  ഒരേ സമയത്തൊരു അത്യാവശ്യ അവയവവും, ഒപ്പം ഒരു ഭാരവും.

ജീവികളുടെ മരണത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഞാന്‍ മുകളില്‍ പറഞ്ഞു, ഡാലിയയുടെ കരച്ചില്‍ എന്നെ തിരുത്തി. ബേത്ത്‌ളേഹേമിലേക്കുള്ള  ഇഴച്ചില്‍ മനുഷ്യനായിട്ടായാല്‍പ്പോലും, നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും, ഏകാന്തതയും സ്വകാര്യതയും നിഗൂഢതയും എല്ലാം മരണത്തിന് വക വെച്ചു കിട്ടും. എത്ര സുഖകരമായൊരു ചിന്ത! 

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍  ഇവിടെ വായിക്കാം.