ജലദോഷം. മൂടൽമഞ്ഞിലായൊരു നിമിഷത്തിൽ ഡാലിയയുടെ അച്ഛൻ ഉള്ളിൽ കണ്ടതൊരു പ്രകാശവൃത്തം. സന്ദർഭത്തിൽ ഈ ദൃശ്യം അപരിചിതം; ഒരുപക്ഷേ അനുചിതം. ആശയക്കുഴപ്പം ഇല്ലാതാക്കാൻ ഉദ്ദേശിച്ച് ഏതെങ്കിലും പരിചിത വസ്തുവിൽ ഇതിനെ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ആദ്യം മനസ്സിൽ ആകൃതിപ്പെടുന്നത് ഒരു പീറ്റ്സയാണ്.
ഹാ, പീറ്റ്സ! ഇത് ചിന്ത അർഹിക്കുന്നു — പ്രായോഗികം.
ഡാലിയയോടൊപ്പം മറ്റൊരു നഗരത്തിലെ റെസ്റ്ററാൻറ്റുകളിൽ ചെലവിട്ട ഞായറാഴ്ചകൾ ഇപ്പോൾ ഗൃഹാതുരത്വ വകുപ്പിൽ! ആശ്ചര്യ മണിക്കൂറുകൾ.
പീറ്റ്സ, ലസാന്യ… ഇഷ്ടമുള്ള വിഭവങ്ങളെല്ലാം അവിടെ ഹൃദ്യം. ചിലപ്പോൾ, ഡാലിയയുടെ ചില സുഹൃത്തുക്കൾ അത്താഴത്തിന് കൂടെയുള്ള രാത്രികളിൽ, ഇവയെല്ലാം പുറത്തുനിന്നു വരുത്തും. ഈ നഗരത്തിൽ ഇവ മൗലികത്തോട് അടുക്കുന്നതു പോലുമില്ല. വെജ് വിഭവങ്ങൾ ഇവിടെ ഹാസ്യാനുകരണങ്ങൾ പോലെയാണ്. ഞങ്ങൾ ഉപേക്ഷിച്ചു.
സ്വാഭാവികമല്ലാത്ത നാടൻ ഭാഷയിൽ ഡാലിയയുടെ അച്ഛൻ ചോദിക്കുന്നു, "അല്ലെങ്കിൽത്തന്നെ, ഞങ്ങളെ ഇങ്ങോട്ട് കെട്ടിയെടുത്തതെന്തിനാണ്?"
കോർപർറ്റ് അടിമത്തം അവസാനിപ്പിച്ച് ഡാലിയ ജോലി ഉപേക്ഷിച്ചപ്പോൾ തീർച്ചയായും ഒരു പ്രത്യക്ഷ കാരണമുണ്ടായിരുന്നു: നഗരത്തിലെ ദുസ്സഹമായ തിരക്കിൽനിന്നും വിട്ടുനിൽക്കൽ! "പക്ഷെ," ഡാലിയയുടെ ഡാഡി ധൃതിയിൽ കൂട്ടിച്ചേർക്കുന്നു: "സ്ഥലം വിടുമ്പോൾ, ഈ നഗരത്തെക്കുറിച്ച് ചെറിയൊരു മിഥ്യാബോധം പോലും ഡാലിയക്കോ, എനിക്കോ ഉണ്ടായിരുന്നില്ല. പിന്നെന്തിന്! ഏഴു വർഷത്തിലധികമായി ഇവിടെ ഞങ്ങൾ കാത്തിരുന്നത് എന്തിനെയാണ്? ഇന്നും ഞങ്ങളെ ഈ നഗരത്തിൽ തളച്ചു നിർത്തുന്നതെന്താണ്?"
ഉത്തരമുണ്ട്. പറഞ്ഞാൽ എന്നേക്കുമായി ജലദോഷം ഒടുങ്ങുംവിധം ഒരു സ്ഫോടനം സൃഷ്ടിക്കുന്ന ഉത്തരം: ഈ നഗരത്തിൽ അർബുദ ചികത്സക്കുള്ള പ്രശസ്ത ഹോസ്പിറ്റൽ!
"മൂഢമായൊരു സ്ഥലമാറ്റത്തിനു ശേഷം ഞങ്ങളുടെ താര ഈ അവസാന ആശ്രയത്തിലേക്കായിരുന്നു! ഒരു നിയോഗം പോലെ! പക്ഷേ, ഈ നഗരത്തിൽ നേരിട്ട പ്രതികൂല സാഹചര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ, ഉടലിൽ രോഗത്തിൻ്റെ ആദ്യത്തെ ചുവട് ഡാലിയ കേൾക്കുമായിരുന്നു. ഡാമിറ്റ്!
ആശ്ചര്യങ്ങളുടെ ദിനങ്ങൾ അവസാനിച്ചോ?
രാപ്പകലുകളുടെ വായ്ത്തല വെളിച്ചത്തിൻ്റെ വൃത്തത്തെ പീറ്റ്സ പോലെ മുറിക്കുന്നതിലെ അനുപാതമെന്ത്? ഹോസ്പിറ്റലിൽ ഡാലിയക്കായി പ്രത്യക്ഷപ്പെട്ട ജീസസ് (03), ഡാലിയയുടെ രോഗമുക്തിക്കായി ധ്യാനിച്ച അപരിചിതർ (07)... ഒരിക്കൽ പരിവാരമെന്ന് താൻ വിശേഷിപ്പിച്ച പ്രത്യാശയുടെ സന്നാഹത്തെ ഡാലിയയുടെ അച്ഛൻ വീണ്ടും മനസ്സിൽ പരിഗണനക്കെടുക്കുന്നു.
ദൈവം പരീക്ഷിക്കും എന്നതാണോ ഗുണപാഠം? ഒരു ഉറക്കം കഴിഞ്ഞ് അടുത്തേതിലേക്ക് തിരിഞ്ഞു കിടക്കുമ്പോൾ, അപ്പോളും ഉറങ്ങിയിട്ടില്ലാത്ത ഡാഡിയുടെ ക്ഷുഭിതമായ ചോദ്യം ഡാലിയക്ക് കേൾക്കാം. / കുരിശിൽ തറഞ്ഞു നിൽക്കേ, ഒമ്പതാം മണി നേരത്ത് യേശു ഉയർത്തിയ "ഏലീ, ഏലീ' എന്ന വിലാപം മറിച്ചു വചിച്ച യഹൂദ കവിയെ ഡാഡി ഓർക്കുന്നു: "എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്നെ കൈവിടാതിരുന്നതെന്ത്!"
ഓഗ്ഡൻ നാഷിൻ്റെ ഭാഷ്യം, തമാശയാകാതെ
ജനുവരി ഇരുപത്. കംബോഡിയയിൽനിന്ന് ഇന്നലെ രാത്രി പത്തു മണി കഴിഞ്ഞാണ് നസീം ബീഗം എന്നെ വാട്സ്ആപ്പിൽ വിളിച്ചത്. അവിടത്തെ പ്രാദേശികസമയം ഏതാണ്ട് 12.00. ഞാൻ ഒരു വിഷമഘട്ടത്തിലാണെന്ന് തോന്നിയിട്ടാണ് വിളിച്ചത്. രോഗിയുടെ രോഗാഖ്യാനം അഥവാ 'പതോഗ്രഫി' എന്ന വിഷയം (11) ഈ പക്തിയിൽ വായിച്ചപ്പോളാണ് നസീമിന് അങ്ങനെ ഒരു തോന്നലുണ്ടായത്
മൂവ്വായിരത്തിലധികം കിലോമീറ്ററുകൾക്കപ്പുറത്ത് പാതിരാത്തളർച്ചയിൽ ഒരു മനസ്സിൽ ഉദിക്കുന്നൊരു തോന്നലിൽ ചിലപ്പോൾ ഒരു ചുരുക്കെഴുത്തുണ്ട്.
പോയ ചില ദിവങ്ങളിൽ നസീം സ്വയം ഒരു വിഷമഘട്ടത്തിലായിരുന്നു— ഭക്ഷണത്തിലൂടെ വിഷബാധ. കംബോഡിയയിൽ ഒറ്റക്ക് ജീവിക്കുന്ന നസീം ഈ ബാധയിൽ തളർന്നു വീണു; സ്വയം പിടിച്ചെഴുന്നേൽപ്പിച്ചു; സ്വയം ശുശ്രൂഷിച്ചു; പൂർവസ്ഥിതി പ്രാപിച്ചു. നസീം പറഞ്ഞു, "ഇപ്പോൾ എന്തും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാവുമെന്ന വിശ്വാസം എനിക്കുണ്ട്."
അർബുദം ബാധിച്ച അമ്മയുടെ ബൈസ്റ്റാൻഡറായിരിക്കുമ്പോൾ നേടിയ ചില സിദ്ധികൾ തന്നെത്തന്നെ തുണക്കാൻ എത്തിയ നിമിഷങ്ങളിലൂടെയാണ് നസീം ചരിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. .
നസീമിന് എൻ്റെ ലേഖനത്തിലേക്കുള്ള ലിൻക് അയച്ചുകൊടുക്കുമ്പോൾ എനിക്കൽപ്പം തിടുക്കമുണ്ടായിരുന്നു — അബോധപൂർവ്വമായൊരു ഉൽകണ്ഠ. ഇപ്പോൾ കാരണമറിയാം. ഒരു പക്ഷേ നസീമിൻ്റെയും ആവശ്യമായിരുന്നു ഒരു ശ്രോതാവ്. കേൾക്കലും പറയലും ആവശ്യമായിരുന്നു — ഞങ്ങൾക്കിടയിൽ സംഭാഷണത്തിന് ഒരു 'സ്ളോറ്റ്' സജ്ജമായിരുന്നതു പോലെ.
നസീമിൻ്റെ എഴുത്ത് എനിക്കും, എൻ്റെ എഴുത്ത് ഭാഗികമായി നസീമീനും പരിചിതമായ അവസ്ഥയിൽ ഒരു വിഷയം കടന്നുവരുന്നു: സങ്കൽല്പിത പാപം (imagined sin). അഥവാ, ഓഗ്ഡൻ നാഷിൻ്റെ ഭാഷയിൽ "ഉപേക്ഷയിലൂടെയുള്ള പാപം" (sin by omission). രോഗിയെ പരിചരിക്കലിലെ ചെറിയ പിശകുകളെയോ വിട്ടുവീഴ്ചകളെയോ മാരകമായി രൂപാന്തരപ്പെടുത്തി പശ്ചാത്തപിക്കൽ, സ്വയം പീഡിപ്പിക്കൽ !
മതവിശ്വാസത്തിന് പുറത്ത്, ശാസ്ത്രീയ ഗവേഷണങ്ങളിൽ ഈ മനോഭാവം ചർച്ച ചെയ്യപ്പെടുന്നത് എൻ്റെ ദൃഷ്ടിയിൽ പെട്ടിട്ടില്ല. പക്ഷേ അമ്മയെപ്പറ്റിയുള്ള പുസ്തകത്തിൽ നസീം ഇവിടെ എത്തുന്നത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഡാലിയയുടെ അച്ഛനും ഇവിടെയെത്തുന്നു.
ഒറ്റക്ക്!... ചിലപ്പോൾ രോഗി ഒറ്റക്കാവരുത്
ഒരു മേഘാവൃത നിമിഷത്തിൽ, ഡാലിയയുടെ കരച്ചിൽ (10) അച്ഛനെ ദുഃഖിതനാക്കിയിരുന്നു. ഇപ്പോൾ എല്ലാം ക്ഷമാപണത്തോടെ തിരിച്ചറിയാം, ഒന്നാമത്തെ ചുവന്ന കീമോ ഡ്രിപ്പിൻ്റെ നിറത്തോടും ഭയാനകതയോടും ഒരു പ്രവചിത ഉടൻപ്രതികരണമായിരുന്നു ആ കരച്ചിൽ. കൂടുതൽ ആപൽക്കരമായ ഒന്നും ആ ദിവസം സംഭവിച്ചില്ല. പക്ഷേ, മുടങ്ങിപ്പോയ രണ്ട് ബ്ളഡ് റ്റെസ്റ്റുകൾ തികച്ചും മറ്റൊരു വിലയിരുത്തൽ. ഡാലിയയുടെ ശരീരത്തിൻ്റെ കരുത്തിനെ, പ്രതിരോധശക്തിയെ, ചോദ്യം ചെയ്യുന്നു ആ രണ്ടു വിട്ടുവീഴ്ചകൾ.
മൂന്നാമത്തെ പ്രാവശ്യവും ഡാലിയ മുടക്കം വരുത്തിയാൽ തീർച്ചയായും താൻ ആശ്ചര്യപ്പെടില്ലെന്ന ഉറപ്പ് ഡാലിയയുടെ അച്ഛനെ ഞെട്ടിച്ചിരുന്നു. മുടക്കം വന്നില്ല, ഡാലിയ റ്റെസ്റ് പൂർത്തിയാക്കി, പക്ഷേ പതിവനുസരിച്ച് തൊട്ടടുത്ത ദിവസം കിട്ടേണ്ടിയിരുന്ന കീമോ (പതിന്നാലാമത്തെ കീമോ) തടയപ്പെട്ടു. കാരണം ജലദോഷം. വെറും ഒരു ജലദോഷം!
ഡോ: റോമ പറഞ്ഞു,"ഇനി മുന്നോട്ടു പോകാൻ എക്സ്റേ പരിശോധന ആവശ്യമാണ്." / ഡാലിയ ഒറ്റക്കായിരുന്നു. ഒറ്റക്ക് എക്സ്റേ മുറിയിലേക്ക് പോയി; ചിത്രവുമായി തിരിച്ചെത്തി. ചിത്രം പരിശോധിച്ച് ഡോ: റോമ പറഞ്ഞു,"ശ്വാസകോശത്തിൽ പ്രശ്നമുണ്ട്. ഇത് നീക്കം ചെയ്തിട്ടാവട്ടെ അടുത്ത കീമോ. ഒരാഴ്ച, ഓകെ?" / നെബിലൈസർ ദ്രാവകങ്ങളും, ആൻറ്റിസെപ്റ്റിക് ഇനങ്ങളും ഉൾപ്പെടുന്നൊരു കുറിപ്പ് ഡാലിയക്ക് കിട്ടി. ഒറ്റക്ക് ഫാർമസിയിൽ ചെന്ന് ഡാലിയ എല്ലാ മരുന്നുകളും വാങ്ങി.
ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ, എല്ലാം അച്ഛനോട് വിവരിച്ചു പറഞ്ഞ് ഡാലിയ അറിയിക്കുന്നു, "ഡാഡി, ഞാൻ തീർച്ചയായും നമ്മുടെ നെബിലൈസർ ഉപയോഗിക്കും, പക്ഷേ ഈ ആൻറ്റിസെപ്റ്റിക് സാധനങ്ങൾ ഉപയോഗിച്ചാൽ ഏതു നേരത്തും എനിക്കൊരിടത്ത് തളർന്ന് കിടക്കേണ്ടി വരും." / ഡാഡി പറഞ്ഞു, "നിൻ്റെ ഇഷ്ടം, ഡാലിയാ, നിൻ്റെ സൗകര്യം."
സാഹചര്യം ശരിക്കും അച്ഛൻ്റെ ചിന്തയിൽ വേരെടുത്തിട്ടില്ല. തലയോടിൽ കുടുങ്ങിയ മൂടൽമഞ്ഞു പോലെ ജലദോഷം. അദ്ദേഹം ചോദിക്കുകയായിരുന്നു, "കുട്ടിക്കാലത്ത് ഞാൻ കണ്ട സിറിൻജുകളെല്ലാം എവിടെപ്പോയി?"
ഗ്രാമം. അടുത്ത വീടുകളൊന്നിലെ അമ്മാവന് പെട്ടെന്ന് അസുഖം. കുട്ടികൾ ഓടിയും നടന്നും ഏറെ ദൂരം സഞ്ചരിച്ച് ഡോക്റ്റർ സഹസ്രനാമയ്യരുടെ വീട്ടിൽ എത്തുന്നു (അദ്ദേഹത്തിൻ്റെ ആയിരം പേരും 'വൈദ്യൻ' എന്നാണ്). അദ്ദേഹം ഒരു പെട്ടിയെടുത്ത് വാഹനത്തിൽ പുറപ്പെടുന്നു. അമ്മാവൻ്റെ വീടെത്തിയാൽ ആവശ്യപ്പെടുന്നു, "തിളച്ച വെള്ളം". സിറിൻജ് ശുചിയാക്കിയതിനു ശേഷം അദ്ദേഹം ഒരു കുത്തിവെയ്പ്പ് നടത്തുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞാൽ അമ്മാവൻ പൂർവസ്ഥിതിയിൽ!
ഡാഡി മന്ത്രിക്കുന്നത് ഡാലിയ കേട്ടു: "ഇപ്പോൾ എവിടെയും ഇൻജെക്ഷൻ എന്നൊന്നില്ലേ." / ഡാഡിയെ വിഷമിപ്പിക്കാതിരിക്കാൻ വിവരണത്തിൽ താൻ സെൻസർ ചെയ്ത ഭാഗം ഇനി മറച്ചു വെക്കുന്നത് ശരിയല്ല. ഡാഡിയുടെ ഏറ്റവും വലിയ ആവശ്യം സത്യമാണ്. ഡാലിയ തൻ്റെ വിവരണം റീവൈൻഡ് ചെയ്യുന്നു; പ്രസക്ത ഭാഗത്തിൽ എത്തുന്നു; വിടവ് പൂരിപ്പിക്കുന്നു.
ഡാലിയയുടെ എക്സ്റേ ചിത്രം പരിശോധിച്ച് ഡോ: റോമ പറയുന്നു: "ശ്വാസകോശത്തിൽ പ്രശ്നമുണ്ട്. സാധാരണ നിലയ്ക്ക് ഇത് പരിഹരിക്കാൻ ഒരൊറ്റ ഇൻജെക്ഷൻ മതി. പക്ഷെ, നിങ്ങൾ ഒറ്റക്കാണ്. കൂടെ ആരുമില്ലെങ്കിൽ രോഗികൾക്ക് ഞങ്ങൾ ഈ ഇൻജെക്ഷൻ കൊടുക്കാറില്ല."
ഡെഡ് എൻഡ്! ഡെഡ് എൻഡ്! ഡെഡ് എൻഡ്! ദ്രോണാചലത്തിലെ കുട്ടി (02) അമ്പരക്കും വിധം കാഴ്ചകൾ ഒന്നും ഇല്ലാതെ ശബ്ദരേഖ മാത്രമുള്ളൊരു അന്ധ സ്വപ്നത്തിൽ വസ്തുതകൾ ഇടപെടുമ്പോൾ ഡാലിയയുടെ അച്ഛൻ ഉറക്കെ സംസാരിച്ചുകൊണ്ട് ഉണരുന്നു.
നിഘണ്ടുവിൽ ഇത് "അന്ത്യസ്ഥാനം", മുന്നോട്ടുള്ള ഗതി സാധ്യമല്ലാത്ത ഘട്ടം. എന്തുകൊണ്ട്? രണ്ട് കാരണങ്ങൾ ഡാലിയയുടെ അച്ഛന് കൃത്യമായറിയാം: ഉറവിടം എന്തെന്നറിയാത്തൊരു ജലദോഷം തനിക്ക് കിട്ടി; ചുറ്റുവട്ടത്തിൽ താൻ ഉള്ളതിനാൽ അത് ഡാലിയക്കും കിട്ടി. പുറമേ, ഗ്രാഫിൽ തൻ്റെ ആരോഗ്യനില ചുവട്ടിലേക്കൊരു ചരിവെടുക്കുകയാൽ, ആദ്യത്തെ സന്ദർശനങ്ങളിലെന്നതു പോലെ ഡോക്റ്റർ റോമയുടെ കാബിനിൽ ഡാലിയയോടൊപ്പം ഉണ്ടാവാൻ ഡാഡിക്ക് കഴിയാതായി.
"ആൻറ്റിസെപ്റ്റിക്സ് കഴിച്ചില്ലെങ്കിൽ ഡാലിയയുടെ ജലദോഷം എങ്ങനെ ശമിക്കാൻ? ഇപ്പോൾ മൂക്കിന് ചുവട്ടിലുള്ളത് ഒരു ഡെഡ് എൻഡ്. ഡാലിയയെ ഇവിടെ എത്തിച്ചത് ഞാൻ, അവളുടെ പ്രിയപ്പെട്ട ഡാഡി! ഡാമിറ്റ്! "
'ആത്മകഥ ആവാതെ ഞാന്' ഇതുവരെയുള്ള അധ്യായങ്ങള് ഇവിടെ വായിക്കാം.
Content Highlights: Maythil Radhakrishnan, Column, Athmakadha Avathe Njan, Mathrubhumi
Published: 25 Jan 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented