തുടക്കത്തിലേ പറയേണ്ടിയിരുന്നൊരു കാര്യം: തലക്കെട്ടിന്നരികിലെ അക്കങ്ങൾ പ്രസക്തമാണ്. ഓരോ ലക്കത്തിലും ഒരു പുതിയ/സ്വതന്ത്ര വിഷയം അവതരിപ്പിക്കുന്നൊരു സജ്ജീകരണമല്ല ഈ പംക്തിയുടേത്. തുടർച്ചയിൽ കൂടുതലും ഇതൊരു തുടർക്കഥക്കോ, നോവലിനോ തുല്യമാണ്. ഒരു പെൺകുട്ടിയും ഒറ്റക്കണ്ണനും പ്രത്യക്ഷപ്പെടുന്ന ആദ്യലേഖനം (01) വായിച്ചിട്ടില്ലാത്തവർക്ക് പിൻലക്കക്കുറിപ്പുകൾ എന്തിനെന്നു പോലും പിടി കിട്ടില്ല. മാതൃഭൂമി ഡോട്കോം ഈ വ്യത്യസ്തത തിരിച്ചറിഞ്ഞ് സഹകരിക്കുകയാൽ, പുതിയ ലക്കങ്ങളിൽ നിന്ന് ഒരൊറ്റ മൗസ് ക്ളിക്കിൽ പുരാവൃത്തങ്ങളിൽ എത്താൻ ആവശ്യമായ ഹൈപർലിൻകുകൾ ഈ പംക്തിയിൽ കാണാം.
After Reading 'EITHER/OR' by Søren Kierkegaard
eitherange
orange
neitherange
norange
- Maythil (196?)
1960കളുടെ ഒടുവിൽ അസ്തിത്വവാദവുമായി തെറ്റിപ്പിരിഞ്ഞപ്പോൾ ഒരു തമാശക്ക് മനസ്സിൽ കുറിച്ചിട്ട കവിതയാണ് ഞാൻ ഓർക്കുന്നത്. ആംഗലത്തിൽ വളരെ സാധാരണമായ "അതോ/ഇതോ" (Either/Or), "അതുമല്ല/ഇതുമല്ല" (Neither/Nor) എന്നീ ദ്വന്ദ്വങ്ങൾ നമ്മെ എത്തിക്കുന്ന ദുർഘട അസ്തിത്വ സമസ്യകളിൽ ഒരു ഓറഞ്ച് ഉണ്മ നഷ്ടപ്പെട്ട് ഇല്ലായ്മയിൽ എത്തുന്നു. രണ്ടാം വരിയിൽ ഓറഞ്ച് ഉണ്ട്. നാലാം വരിയിൽ ഓറഞ്ച് ഓറഞ്ചല്ല (norange = no orange). അഥവാ ഇത് ചിലപ്പോൾ നിങ്ങളുടെ സെൽഫോണിൻ്റെ സാഹചര്യമാണ്: no range!... ഈ 'അസംബന്ധ' കവിത എഴുതുമ്പോൾ ഞാൻ ചിരിക്കുകയായിരുന്നില്ല.
ചില തമാശകളുടെ ദൗത്യം ചിരി നിർത്തലാണ്. ചിരി എവിടെ നിർത്തണമെന്ന് പഠിപ്പിക്കുന്നവരാണ് അസ്സൽ വിദൂഷകന്മാർ.
പക്ഷേ, പതിന്നാലാം കീമോക്ക് മുൻപ് നിർബന്ധമായിരുന്ന ബ്ളഡ് റ്റെസ്റ്റ് തളർച്ച കാരണം ജനുവരി 4നും, എവിടന്നെന്നില്ലാതെ ബാധിച്ചൊരു ജലദോഷം കാരണം ജനുവരി 11നും തുടർച്ചയായി മുടങ്ങിപ്പോകയാൽ സമയപ്പട്ടികയിൽ തളക്കപ്പെട്ടു കിടക്കുമ്പോൾപ്പോലും ഡാലിയ ഒരു തമാശപറഞ്ഞു; അതിൽ ഒരു ഓറഞ്ചുണ്ട് —ഓറഞ്ചിൻ്റെ തൊലി (orange peel), പരന്ത്രീസ് മൊഴിയിൽ ഏതാണ്ട് 'പോഡൊറാൻജ്' (peau d’orange).
കുടുംബത്തിൽ അർബുദം എന്ന ഞെട്ടലുമായി പൊരുത്തപ്പെട്ട് പഴയപടി സ്ഥിതപ്രജ്ഞനാകും മുൻപുള്ള കാലയളവിൽ, പുതിയ ഗവേഷണങ്ങളിലൂടെ നേടിയ അറിവനുസരിച്ച് ഡാലിയയുടെ ശരീരത്തെ ബാധിക്കാവുന്ന എന്തും ഡാഡിയുടെ ഭയത്തിലുണ്ടായിരുന്നു. ഏറ്റവും കടുത്ത ഭീഷണി 'പോഡൊറാൻജ്' — സ്തന ചർമ്മം ഓറഞ്ചുതൊലിയുടെ പരുവത്തിലാകൽ! ഇപ്പോൾ എല്ലാം ഒരു തമാശ. എന്തെങ്കിലും നിസ്സാരമാണെന്ന് കണ്ട് തള്ളിക്കളയുമ്പോൾ ഡാഡി ചിലപ്പോൾ പറയും, "പോഡോ പോഡോറാൻജ്!".
ഞാൻ ഇതെഴുതുമ്പോൾ പരിധിക്കകത്തൊരു പാനീയമുണ്ട്: പ്രോലൈറ്റ് ഓർസ്, ഓറഞ്ച് രുചി. ലോക ആരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തത്, ഒരു യാദൃച്ഛിക സമ്മാനമായി എൻ്റെ മേശപ്പുറത്തെത്തിയത്.
ചോദ്യം: ഇതൊരു ഗൂഢാലോചനാ സിദ്ധാന്തമോ?
തത്സമയ വിവരണത്തിലെന്നതു പോലെ പുതുക്കപ്പെട്ട വിവരങ്ങളുമായാണ് പോയ ലക്കത്തിലെ ലേഖനം (10) പ്രത്യക്ഷപ്പെട്ടത്. പക്ഷെ, രണ്ട് ദിവസങ്ങളിലെ (ജനുവരി 4, 11) വീഴ്ചയിൽ ചികിത്സയുടെ സമയപ്പട്ടിക കാലത്തിൽനിന്നും പുറത്താക്കപ്പെട്ടിരിക്കയാൽ അനിശ്ചിതത്വത്തിലെ ഒരു ഇടവേളയിലാണ് എല്ലാവരും. ഞാൻ എന്തെഴുതാൻ?
ഇടവേളയിൽ, പടിപടിയായി സംഭവ പരമ്പര പരിശോധിക്കുമ്പോൾ, മൃഗതൃഷ്ണ പോലെ അകന്നകന്നു പോകുന്ന പര്യവസാനം പിടിച്ചെടുക്കാൻ കഴിയാതെ ഡാലിയയുടെ അച്ഛൻ സുഹൃത്തുക്കളോട് പറയുന്നു, "വിവരണം കേട്ടാൽ ഞാൻ ഒരു ഗൂഢാലോചനാ സിദ്ധാന്തം കെട്ടിച്ചമക്കുകയാണെന്ന് ആർക്കും തോന്നും വിധമാണ് ചുറ്റുമുള്ള നീക്കങ്ങൾ."
ചുമയും ജലദോഷവും പനിയുമെല്ലാം ബാല്യത്തോടെ കാലഹരണപ്പെടുന്നു. ഔദ്യോഗിക ജീവിതത്തിൽ ഒരൊറ്റ ദിവസം പോലും ഡാലിയയുടെ അച്ഛൻ 'സിക്ക് ലീവ്' എടുത്ത ചരിത്രമില്ല. "പിന്നെങ്ങനെയാണ് ജനുവരി 4നു ശേഷം ഒരു സുപ്രഭാതത്തിൽ ഞാൻ വായും മൂക്കുമെല്ലാം അടഞ്ഞ് ഉറക്കത്തിനിടയിൽ ശ്വാസം മുട്ടിക്കൊണ്ട് ഉണരുക? കോവിഡ് ജെഎൻ.1 രൂപാന്തരം? നോ! എത്രയോ ആഴ്ചകളോളം ഞാൻ പുറത്തു പോയിട്ടില്ല, അതിഥികൾ വന്നിട്ടില്ല. ജലദോഷ ബാധയേക്കാൾ സാധ്യം ഞാനൊരു ഷഡ്പദമായി ഉണരലാണ്!"

നെടുനീളത്തിലുള്ള ഫ്ളാറ്റിൻ്റെ രണ്ടറ്റങ്ങളിലാണ് അച്ഛൻ്റെയും മകളുടെയും മുറികൾ. അടുക്കളയിൽ നിന്ന് ആഹാരം എടുക്കുന്ന മിനിറ്റുകളിൽ മാത്രമാണ് ഇരുവരും പരമാവധി അടുത്തടുത്താവുന്നത്. കിണ്ണങ്ങൾ അകലുന്നു. അച്ഛൻ ഡൈനിങ്ങ് ഹാളിലേക്കും, മകൾ തൻ്റെ മുറിയിലേക്കും തിരിയുന്നു. എന്നിട്ടും ഡാഡിയുടെ ജലദോഷം ഡാലിയയെ കലശലായി ബാധിച്ചു; ജനുവരി 11ലെ ബ്ളഡ് റ്റെസ്റ്റ് മുടക്കി! ഇനിയത്തെ തീയതി ജനുവരി 18.
ഡാലിയ ഇപ്പോളും ഇടക്കിടെ ചുമയ്ക്കുന്നുണ്ട്. ഡാലിയയുടെ അച്ഛൻ്റെ ജലദോഷം തുടരുന്നു. അദ്ദേഹം പറയുന്നു: "തീയതികൾ പോലും അന്യോന്യം എന്തോ കൈമാറുന്ന പ്രതീതി. എൻ്റെ ശ്വാസകോശം ഒരു കൊല്ലൻ്റെ ഉല പോലെ ഉഷാറായി പ്രവർത്തിച്ചിരുന്നെങ്കിൽ! മുക്കിൻ്റെ അറ്റത്ത് നാളങ്ങൾ ഉലയുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു…എല്ലാ നീക്കങ്ങളുടെയും യോജിപ്പ് കണ്ടിട്ടും ഞാൻ ഒരു ഗൂഢാലോചനാ സിദ്ധാന്തം കെട്ടിച്ചമക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?"
'എന്തൊരു കോഇൻസിഡൻസ്!' എന്നലറട്ടെ ഞാൻ!
ഇതൊരു വാസ്തവിക സംഭവ പരമ്പരയാണ്. ഇതിലെ മൂന്നു തീയതികൾ ശ്രദ്ധിക്കുക: ജനുവരി 4,11,18. മൂന്നും ഡാലിയയുടെ ബ്ളഡ് റ്റെസ്റ്റ് നാളുകളാണ്; മാതൃഭൂമി ഡോട്കോമില് ഈ പംക്തി 'അപ്ഡേറ്റ്' ചെയ്യപ്പെടുന്ന വ്യാഴാഴ്ചകളുമാണ്! ഡാലിയക്ക് രണ്ടാമത്തെയും മൂന്നാമത്തെയും തീയതികൾ കിട്ടിയതാകട്ടെ, ഹോസ്പിറ്റൽ സ്റ്റാഫിൻ്റെ സൗകര്യമനുസരിച്ചാണ്.
രണ്ടു കണ്ണാടികൾ: ചരിഞ്ഞ കോണിൽ അഭിമുഖം
അർബുദം ബാധിച്ച അമ്മയുടെ ബൈസ്റ്റാൻഡറായി കഴിഞ്ഞിരുന്ന നാളുകളിലെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം ('My Mother Did Not Go Bald') പൂർത്തിയാക്കിയപ്പോൾ, പത്രപ്രവർത്തകയായ നസീം ബീഗം എന്നോട് ചോദിച്ചു, "ഈ പുസ്തകത്തിനൊരു അവതാരിക എഴുതിത്തരാമോ?" നസീം എന്തുകൊണ്ടിത് എന്നോടാവശ്യപ്പെട്ടു? രണ്ട് കാരണങ്ങളുണ്ടായിരുന്നു.
നസീമിൻ്റെ ഒന്നാമത്തെ കാരണം സാഹിത്യപരമായിരുന്നു. 'പതോഗ്രഫി' എന്നൊരു വാക്കും സങ്കൽപ്പവും മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഞാൻ വർഷങ്ങൾക്ക് മുൻപ് എഴുതിയൊരു ലേഖനം ഈ എഴുത്തുകാരി വായിച്ചിരുന്നു.
രോഗത്തിൻ്റെ അഴിച്ചുപണിയൽ എങ്ങനെയെന്ന് വിസ്തരിക്കുമ്പോൾ 'പതോഗ്രഫി' (pathography) എന്ന വാക്ക് ആനി ഹോക്കിൻസായിരുന്നു ആദ്യമായി ഉപയോഗിച്ചത്. രോഗത്തെക്കുറിച്ച് രോഗിയുടെ ആഖ്യാനം. വിപുലനത്തിൽ ഇത് ആത്മകഥ ആവാതെ ഒരു 'ഞാൻ' എഴുതുന്ന കഥയാകാം — രോഗകാലത്ത് ഏറെ അടുത്തുനിന്ന് രോഗിയെ നിരീക്ഷിച്ചൊരാൾ ബൈസ്റ്റാൻഡറാകാം, ഒരു ഡോക്റ്ററുമാകാം.
ഞാൻ ഇതേക്കുറിച്ച് എഴുതിയ കാലത്തു പോലും പാശ്ചാത്യ സങ്കേതങ്ങളിൽ 'പതോഗ്രഫി' ഒരു നിർദ്ദിഷ്ട സാഹിത്യരൂപം (genre) എന്ന പദവി നേടിയിരുന്നു; നോവലിൻ്റെ വൈവിധ്യം പോലും നേടിക്കഴിഞ്ഞിരുന്നു.
നസീമിൻ്റെ രണ്ടാമത്തെ കാരണം വ്യക്തിപരമായിരുന്നു. മൂന്നിലധികം മാസങ്ങളോളം മൂന്നു ഹോസ്പിറ്റലുകളിൽ ബൈസ്റ്റാൻഡറായി ജാഗ്രതയോടെ ചെറുത്തു നിന്നിട്ടും എനിക്ക് തടുത്തു നിർത്താൻ കഴിഞ്ഞിട്ടില്ലാത്തൊരു മൃതി സമീപഭൂതത്തിൽ. സഹാനുഭൂതി ഉച്ചകോടിയിൽ. ഒരു പതോഗ്രഫിയിലേക്ക് കടക്കൽ എനിക്ക് അചിന്ത്യമായിരുന്നു.
ഒരു പക്ഷേ എനിക്കെഴുതാൻ കഴിയാത്ത പതോഗ്രഫി മറ്റൊരാളുടെ ജീവിതത്തിലൂടെ തുടരാനായിരിക്കാം നസീമിൻ്റെ പുസ്തകത്തിന് ഞാൻ അവതാരിക എഴുതിക്കൊടുത്തത്. വർഷങ്ങൾക്കു ശേഷം നസീമുമായി ബന്ധപ്പെടുമ്പോൾ ഈ പംക്തി എൻ്റെ വിചാരങ്ങളിൽ എത്തിയിരുന്നില്ല. പക്ഷേ ഉടൻ എഴുതപ്പെടാവുന്ന രണ്ട് പതോഗ്രഫികളിലെ ജന്മങ്ങൾ എൻ്റെ രാത്രികളിൽ ഇല്ലാത്ത വെളിച്ചത്തിൽ നിഴലുകൾ വീഴ്ത്താൻ തുടങ്ങിയിരുന്നു— ഒരു പെൺകുട്ടിയും, ഒരു ഒറ്റക്കണ്ണനും.
എന്നെ ഭയപ്പെടുത്താനുള്ളതല്ല ഈ നിഴലുകളെങ്കിലും, ഭയത്തെക്കുറിച്ച് എനിക്കറിയാത്തൊരു പ്രക്ഷേപത്തിൽ ഇവ എന്നെ പേടിപ്പിക്കുന്നു. കാരണം, ഈ നിഴലുകൾ സ്വയം ഭയങ്ങളാണ്. ഇവിടെ കണ്ണാടികളുണ്ട്.
അനുഭവങ്ങൾ പിടിച്ചെടുക്കാൻ, ചരിഞ്ഞ കോണിൽ മുഖാമുഖമായി സ്ഥാപിക്കപ്പെട്ട രണ്ടു കണ്ണാടികളാണ് ഡോക്റ്ററുടെ കേസ് റീപോർറ്റും, രോഗിയുടെ ആത്മാഖ്യാനവും. 'അതോ/ഇതോ' ഇവിടെ 'അതും ഇതും' ആകുന്നു. അതും ഇതും കാര്യങ്ങൾ വളച്ചൊടിക്കുന്നു, അതും ഇതും സത്യം പറയുന്നു. പതോഗ്രഫിയുടെ പാഠങ്ങൾ നൽകുന്ന രണ്ട് കണ്ണാടികളും ഈ പംക്തിയുടെ ആഖ്യാനത്തിൽ പ്രതിഫലിക്കുന്നുണ്ട്. അച്ഛൻ ഡാലിയയുടെ പിൽക്കാലം നിർണയിക്കുന്ന രീതി ഓർക്കുക (08).
അച്ഛനെന്ന നിലയിലും, ശാസ്ത്രപരിചയമുള്ള ബൈസ്റ്റാൻഡറെന്ന നിലയിലും താൻ നിരീക്ഷിച്ച കാര്യങ്ങളും, ഹോസ്പിറ്റലെ പരിശോധനകളുടെ രേഖകളും ചേർത്തു വായിച്ചാണ് അച്ഛൻ ഡാലിയയുടെ അവസ്ഥ ഓരോ ദിവസവും തിട്ടപ്പെടുത്തുന്നത്.
രണ്ട് കണ്ണാടികൾ. പക്ഷെ രണ്ടിൽ ഒന്നും ഡാലിയയുടെ പതോഗ്രഫി അല്ല. ഡാലിയയുടെ അച്ഛൻ്റെ ഗാഢ നിരീക്ഷണങ്ങളുണ്ട്; ഡാലിയ തുറന്നു പറഞ്ഞ കാര്യങ്ങളുടെ സമഗ്രതയുണ്ട്. ചില കാര്യങ്ങൾ സംശയമറ്റത്.
മുടികൊഴിച്ചിൽ ഡാലിയയെ തെല്ലു പോലും ഉലച്ചിട്ടില്ല. പോയതെല്ലാം തിരിച്ചു വരുമെന്ന ദൃഢ വിശ്വാസം. തിരിച്ചു വരും, പക്ഷേ പോയതാണോ ശരിക്കും തിരിച്ചു വരുന്നതെന്ന് അച്ഛൻ ശാസ്ത്രീയമായി സംശയിക്കുന്നു. ഈ വിഷയം മാറ്റി നിർത്തിയാൽ, മനസ്സിൻ്റെ നിഗൂഢതയിലൂടെ ഡാലിയ മറ്റൊരു രോഗധാര പിന്തുടരുന്നുണ്ടോ? എങ്കിൽ, രണ്ടു കണ്ണാടികളിൽ ഒന്നിലെ പ്രതിഫലനം അധിക ഭ്രംശമാകാം, വ്യതിചലനമാകാം..
'ആത്മകഥ ആവാതെ ഞാന്' ഇതുവരെയുള്ള അധ്യായങ്ങള് ഇവിടെ വായിക്കാം.
Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column, Mathrubhumi
Published: 18 Jan 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented