ഓഷ്വിറ്റ്‌സ് പശ്ചാത്തലത്തില്‍  അമേരിക്കന്‍ ചരിത്രകാരനായ ക്രിസ്റ്റഫര്‍ ആര്‍. ബ്രൗണിന്റെ പ്രശസ്തമായ ഒരു പുസ്തകമുണ്ട്. 'Ordinary Men: Reserve Police Battalion 101 and the Final Solution in Poland.' (സാധാരണ മനുഷ്യര്‍: റിസര്‍വ് പോലീസ് ബറ്റാലിയന്‍ 101 ഉം, പോളണ്ടിലെ അന്തിമ പരിഹാരവും) എന്നാണ് അതിന്റെ  പേര്. 1992-ല്‍ ഇറങ്ങിയ ഈ പുസ്തകത്തില്‍ മനുഷ്യരാശിക്കു മുന്നില്‍ ബ്രൗണ്‍ ഒരു ചോദ്യം വെക്കുന്നു- യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ഈ കുറ്റവാളികള്‍? വെറും സാധാരണ മനുഷ്യര്‍ (Ordinary men) എന്ന, തന്റെ അന്വേഷണ പഠനങ്ങളിലൂടെ കണ്ടെത്തിയ, ഉത്തരം കേട്ട് നാം നെടുങ്ങുന്നു. ഈ ഉത്തരത്തില്‍നിന്നാണ് ബ്രൗണിന്റെ ഐതിഹാസികമായ പുസ്തകം ജനിക്കുന്നത്. ഇതേ പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി (ORDINARY MEN: THE 'FORGOTTEN HOLOCAUST') ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

To advertise here,

11 ലക്ഷം പേരെയായിരുന്നു നാസികള്‍ പോളണ്ടിലെ ഓഷ്വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ മാത്രം കൂട്ടക്കൊലചെയതത്. കേവലം നാലു വര്‍ഷം കൊണ്ടായിരുന്നു ഇത് (1941 മുതല്‍ 45 വരെ). തീര്‍ച്ചയായും ഹിറ്റ്‌ലര്‍ ആയിരുന്നു അവരുടെ നേതാവ്. ഹിറ്റ്‌ലറും, ഹിംലറും, ഐക്മാനും അടങ്ങുന സംഘം എടുത്ത തീരുമാനം കൃത്യതയോടെ നടപ്പിലാക്കിയത്  പോളണ്ടിലെ റിസര്‍ച്ച് പോലീസ് ബറ്റാലിയന്‍ 101 ആയിരുന്നു. നിര്‍ബന്ധിത യുദ്ധസേവനത്തിന്റെ ഭാഗമായി പോളണ്ടിലേക്ക് പോലീസ് ഓഫീസര്‍മാരായി അയക്കപ്പെട്ട ജര്‍മ്മന്‍ പൗരന്‍മാര്‍. ഇവരില്‍ ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രത്തില്‍ പൂര്‍ണ്ണ വിശ്വാസം ഇല്ലാത്തവരും ഉണ്ടായിരുന്നു. എന്നിട്ടും കൃത്യതയോടെ ഈ വംശഹത്യ നടപ്പാക്കപ്പെട്ടു. ജൂതന്‍മാരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഗ്യാസ് ചേംബറിലേക്ക് അയച്ചും വെടിവെച്ചും ഇവര്‍ കൈയറപ്പില്ലാതെ കശാപ്പ് ചെയ്തു. കൊലയാളികളായ ഈ മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മനുഷ്യരുടെ തൊഴില്‍, കുടുംബം, സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം എന്നിവ എന്തായിരുന്നു? വര്‍ഷങ്ങള്‍ നീണ്ട അന്വേഷണ പഠനങ്ങളിലൂടെ ബ്രൗണ്‍ കണ്ടെത്തിയ ഉത്തരം ഇവരെല്ലാം സാധാരണ മനുഷ്യര്‍ (Ordinary Men) ആയിരുന്നു  എന്നതായിരുന്നു. വീടും കുടുംബവുമായി കഴിയുന്ന വെറും സാധാരണ മനുഷ്യര്‍. അവരാണ് മനുഷ്യരാശിയോട് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തത്. 60 ലക്ഷം (കമ്യൂണിസ്റ്റുകാര്‍, ജിപ്‌സികള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവരൊക്കെ ഇതില്‍ പെടും) വരുന്ന സ്വന്തം സഹോദരങ്ങളെ യൂറോപ്പിലാകെ വെറും നാലു വര്‍ഷം കൊണ്ട് കൊന്നൊടുക്കിയത് ഇവര്‍ തന്നെയായിരുന്നു. 

'ഹോളോകാസ്റ്റ്'എന്ന പേരില്‍ ഇത് പിന്നീട് അറിയപ്പെട്ടു. യൂറോപ്പിലെ മൂന്നില്‍ രണ്ട് ജൂതന്മാരും ഗ്യാസ്  ചേമ്പറുകളില്‍ ഒടുങ്ങി.

ഗുമസ്തന്‍മാര്‍, ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍, തപാല്‍ മുദ്രണം, നിയമപാലനം തുടങ്ങിയ തൊഴില്‍ എടുത്തിരുന്നവര്‍.  വ്യവസായികള്‍, ആര്‍ക്കിടെക്റ്റുകള്‍, എന്‍ജിനീയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ആശാരിമാര്‍, കല്‍പ്പണിക്കാര്‍, ആസൂത്രണ വിദഗ്ധര്‍, വ്യവഹാരം നടത്തിയ അഭിഭാഷകര്‍, ശിക്ഷ കല്‍പ്പിച്ച ജഡ്ജിമാര്‍, അഭ്യസ്തവിദ്യര്‍, വീട്ടമ്മമാര്‍, വ്യാപാരികള്‍, അധ്യാപകര്‍, കശാപ്പുകാര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍... നീണ്ടുപോകുന്നു പങ്കാളികളുടെ നിര. ഭരണകൂടം ഒറ്റയ്ക്കല്ല,  ഇവരെല്ലാം ചേര്‍ന്നാ യിരുന്നു ആ വംശഹത്യ നടപ്പിലാക്കിയത്. ഒന്നുകില്‍ അവര്‍ നേരിട്ട് ഇടപെട്ടു അല്ലെങ്കില്‍ എല്ലാം അറിഞ്ഞ് നിശ്ശബ്ദരായി മാറി നിന്നു.

അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുകയും നാസി നേതൃത്വത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ അധികാരത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും ചെയ്തു എന്നതായിരുന്നു ഇവര്‍ ചെയ്ത തെറ്റ്.

ഐ.ടി. സംരംഭകനും എഞ്ചിനീയറുമായ പാലക്കാട്ടുകാരന്‍ സുധീഷ് എഴുവത്തിന്റെ ഉള്ളില്‍ ഉയര്‍ന്ന  ചോദ്യം മറ്റൊന്നായിയിരുന്നു. അക്കാലത്ത് ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു? ആ വംശീയ വിദ്വേഷത്തില്‍ പങ്കാളിയാകുമോ?

അതോ അതിനെതിരെ നില്‍ക്കുമോ? നാസി ക്യാമ്പില്‍ കൊല്ലപ്പെട്ട ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടിയുടെ ആംസ്റ്റര്‍ഡാമിലെ വീടിന്റെ തട്ടിന്‍പുറത്ത്  2011-ലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഏകാകിയായി നില്‍ക്കുകയായിരുന്നു സുധീഷ്. പെട്ടെന്ന് ഉത്തരം കിട്ടാത്ത ചോദ്യം...2018-ല്‍, ഭൂമിയിലെ ഏറ്റവും വലിയ ശവപ്പറമ്പായ ഓഷ്വിറ്റ്സില്‍ രക്തം തണുത്തുറഞ്ഞ് പോകുന്ന ഭീകരതയുടെ ഓര്‍മ്മകള്‍ തന്റെ ക്യാമറയിലേക്ക് പകര്‍ത്തുമ്പോഴും ആ പഴയ ചോദ്യം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അപര വിദ്വേഷത്തില്‍ ഊന്നി വര്‍ഗീയതയും വംശീയതയും ലോകമെങ്ങും പടരുന്ന വര്‍ത്തമാനകാലത്തിനു മുന്നില്‍, സ്വന്തം ചോദ്യത്തിന് സുധീഷ് എന്ന ഒരു സാധാരണ മനുഷ്യന്‍ നല്‍കുന്ന ഉത്തരം കൂടിയാണ് ആണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന Yours is not to reason Why Lesser Humans എന്ന ഫോട്ടോ പ്രദര്‍ശനം. ഈ ഫോട്ടോകള്‍ നമ്മോട് ചോദിക്കുന്നു- ഇത് വീണ്ടും ആവര്‍ത്തിക്കണോ? ജോര്‍ജ് സെന്റായയുടെ വാക്കുകള്‍ അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'ചരിത്രം ഓര്‍മ്മിക്കാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്'. പ്രദര്‍ശനം ക്യുറേറ്റ് ചെയ്ത പ്രശസ്ത വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മുരളി ചീരോത്തിന്റെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജയരാജ് സുന്ദരേശന്റെയും വാക്കുകള്‍: ഒരു പുരാവസ്തു കേന്ദ്രത്തില്‍ നിന്നുള്ള തികച്ചും സാധാരണ ചിത്രങ്ങളാണിവ.

ചരിത്രത്തെക്കുറിച്ചുള്ള  ജിജ്ഞാസ കൊണ്ടല്ല, മറിച്ച് സമകാലിക പരിസ്ഥിതിയില്‍ കാണുന്ന നിഗൂഢമായ സമാന്തരങ്ങളെ കുറിച്ചുള്ളള്ള തിരിച്ചറിവില്‍ നിന്നുണ്ടായ സുധീഷിന്റെ ആകുലതയും ഞെട്ടലും ഉല്‍ക്കണ്ഠയും ആണ് ഈ ചിത്രങ്ങളില്‍ പ്രകടമാകുന്നത്. ഈ ചിത്രങ്ങള്‍ സത്യസന്ധമാണ്. മ്ലാനവും വിഷാദമൂകവും എകതാനവും നിശബ്ദവുമാണ്. എന്നാല്‍ അര്‍ത്ഥനിബിഢവും.

ചിത്രപ്രദര്‍ശനത്തിനോടൊപ്പം ഹോളോകാസ്റ്റ് സംബന്ധിച്ച വലിയ ഒരു പുസ്തക ശേഖരവും കാണികള്‍ക്ക് റഫറന്‍സിനായി ഒരുക്കിയിട്ടുണ്ട്. കാലചക്രം തിരിയുമ്പോള്‍ ഇരകള്‍ കൊലയാളികള്‍ ആകുന്ന വിപര്യയവും ഈ പ്രദര്‍ശനം കാട്ടിത്തരുന്നു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതയുടെ ചിത്രങ്ങളുടെ കൊളാഷുകളും ഓഷ്വിറ്റ്‌സിലെ ക്രൂരതകള്‍ക്കൊപ്പം ഇവിടെ കാണാം. കോഴിക്കോടിനു പുറമേ കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും പ്രദര്‍ശനം നടന്നു. 'കൂടുതല്‍ സ്ഥലങ്ങളില്‍ കാണിക്കണം. കൂടുതല്‍ ജനങ്ങള്‍ ഇത് കാണണം.' സുധീഷ് എഴുവത്ത് പറയുന്നു. 27 ചൊവ്വാഴ്ച പ്രദര്‍ശനം സമാപിക്കും.