
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ ജെനി എര്‍പെന്‍ബെക്കിന്റെ 'കൈറോസ്' എന്ന നോവലിനെപ്പറ്റി;
'സത്യത്തില്‍, ഞാനീ പറയുന്നത് വിചിത്രമാണെന്ന് തോന്നിയേക്കാം. ഒരു പക്ഷേ, എഴുതുന്നതിനുള്ള പ്രധാന കാരണം ഞങ്ങള്‍ക്ക് വാക്കുകളില്ലാതെവരുന്നു എന്നതാണ്.'
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ ജര്‍മന്‍ എഴുത്തുകാരി ജെനി എര്‍പെന്‍ബെക്കിന്റേതാണ് (Jenny Erpenbeck) എഴുത്തിനെപ്പറ്റിയുള്ള, അത്യസാധാരണമായ ഈ പ്രസ്താവന. പ്രശസ്തനായ ജര്‍മന്‍ എഴുത്തുകാരന്‍ ഹാന്‍സ് ഫലാദ(Hans Fallada)യുടെ പേരിലുള്ള അവാര്‍ഡ് തന്റെ 'The End of Days' എന്ന നോവലിന് ലഭിച്ച അവസരത്തിലാണ് അവരിങ്ങനെ പറഞ്ഞത്. A Burglar's Dreams Are of His Cell എന്ന കഥയില്‍ ഫലാദ എഴുതുന്നത് ഈ വാക്കുകളുടെ പ്രതിബിംബമാണ്: 'ഒടുവില്‍ അവന്‍ വീട്ടിലേക്കുപോകുന്നു. അതുപക്ഷേ, അവന്റെ വീടേയല്ല. എല്ലാവരോടും, തന്നോടുതന്നെയും ശത്രുത പുലര്‍ത്തിക്കൊണ്ട്, തരിശുനിലംപോലെയുള്ള ഒരു തടവറയെ സ്വപ്നംകണ്ടുകൊണ്ടാണവന്‍ പോകുന്നത്.' വാക്കുകളില്ലാതെ വരുന്ന എഴുത്തുകാരന്റെ പ്രതിച്ഛായയായിരിക്കാം സ്വതന്ത്രലോകത്തിലിരുന്ന് തടവറയെ സ്വപ്നംകാണുന്ന കവര്‍ച്ചക്കാരന്‍. രണ്ടു ജീവിതങ്ങള്‍. പക്ഷേ, ഒരേ പാരതന്ത്ര്യം. ബന്ധനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രൂപത്തിന്റെയും പ്രതിച്ഛായയുടെയും പലപ്പോഴും പരസ്പരം കലഹിക്കുന്ന ഈ ഇഴകള്‍ ചേര്‍ത്ത് എര്‍പെന്‍ബെക്ക് എഴുതിയതാണ് 2024-ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിന് അര്‍ഹമായ Kairos എന്ന നോവല്‍.
ജെനി എര്‍പെന്‍ബെക്ക് ജനിച്ചത് മുമ്പ് ജര്‍മന്‍ ജനാധിപത്യറിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന കിഴക്കന്‍ ബര്‍ലിനിലാണ്. Go, Went, Gone, Visitation എന്നിവയാണ് അവരുടെ പ്രധാനപ്പെട്ട മറ്റുപുസ്തകങ്ങള്‍. സംഗീതത്തിന്റെ അഗാധമായ സാന്നിധ്യം അവരുടെ രചനകളില്‍ കാണാന്‍ കഴിയും. ഇന്‍ഡിപെന്‍ഡന്റ് ഫോറിന്‍ ഫിക്ഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ അവര്‍ക്കുലഭിച്ചു. ബുക്കര്‍ പുരസ്‌കാരസമിതി വിലയിരുത്തുന്നതുപോലെ ഒരു പ്രണയകഥയെ ചരിത്രത്തിന്റെ വിചിത്രമായ കോണുകളുമായി സന്ധിപ്പിക്കുന്നതാണ് Kairos എന്ന നോവല്‍.
ഗ്രീക്ക് പുരാണങ്ങളില്‍ അവസരത്തിന്റെയും ഭാഗ്യത്തിന്റെയും അനുകൂലസമയത്തിന്റെയും ദേവനാണ് സൈറസ് അഥവാ കൈറോസ് (Caerus or Kairos). ഒറ്റ മുടിച്ചുരുളേയുള്ളൂ ആ ദേവന്. അതില്‍ പിടികിട്ടിയാല്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ കൈറോസ് വഴുതിപ്പൊയ്ക്കളയും. അനുകൂലസമയം പിന്നീടൊരിക്കലും ഉണ്ടായെന്നും വരില്ല. ഈ നോവലിലെ പ്രധാന കഥാപാത്രമായ കാതറീന, തന്നെക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള ഹാന്‍സ് എന്നയാളുമായുള്ള പ്രണയത്തില്‍ ഇത്തരത്തില്‍ പിടിവിട്ടുപോയ ഒരു കൈറോസ് ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നു. കാരണം, ആഹ്ലാദവും അതിന്റെ പതിന്മടങ്ങ് പീഡനവും നിറഞ്ഞതായിരുന്നു ആ ബന്ധം; ഒരു മതിലിനാല്‍ വേര്‍തിരിക്കപ്പെട്ട രണ്ടുജര്‍മനികള്‍ തമ്മിലുള്ളതുപോലെ കൂടിച്ചേരാനാഗ്രഹിക്കുമ്പോഴും വേര്‍തിരിഞ്ഞു നില്‍ക്കേണ്ടിവരുന്ന ഒന്ന്.

കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍, ബര്‍ലിന്‍മതില്‍ പൊളിഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പുള്ള സമയമാണ് പുസ്തകത്തില്‍. പത്തൊമ്പതുകാരിയായ കാതറീന 53 വയസ്സുള്ളവനും വിവാഹിതനുമായ ഹാന്‍സുമായി പ്രണയത്തിലാകുന്നു. കഥയുടെ തുടക്കത്തില്‍, ഹാന്‍സ് അവളോട് തന്റെ ശവസംസ്‌കാരത്തിനുവരുമോ എന്ന് ചോദിക്കുകയാണ്. വരാമെന്ന് ഒടുവിലവള്‍ സമ്മതിക്കുന്നു. നാലുമാസങ്ങള്‍ക്കുശേഷം അയാളുടെ മരണമറിയിച്ചുകൊണ്ടുള്ള എഴുത്ത് അവള്‍ക്കുകിട്ടി; ആറുമാസങ്ങള്‍ക്കുശേഷം കത്തുകളും ഡയറികളും നിറഞ്ഞ രണ്ട് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും. അതുപോലൊരു പെട്ടി കാതറീനയുടെ കൈയിലുമുണ്ട്. അവളും ഹാന്‍സും കൈമാറിയ ആ കത്തുകളും അവരെഴുതിയ ഡയറികളും പരസ്പരം പൂരിപ്പിച്ചുകൊണ്ട് സംസാരിക്കാനാരംഭിച്ചു; അവരുടെ ഭൂതകാലത്തെപ്പറ്റി, അവരുടെ പ്രണയത്തെപ്പറ്റി. ആ സംസാരമാണ് ഈ പുസ്തകം.
നാസി കാലഘട്ടത്തില്‍ ജനിച്ച ഹാന്‍സിന് അക്കാലത്തുജീവിച്ച എല്ലാവരെയുംപോലെ കുറ്റബോധമുണ്ട്. ആ പൈശാചികകാലത്തിന്റെ ഭാരം പേറേണ്ടതില്ലാത്ത കാതറീനയോട് ഒരു തരത്തില്‍ അസൂയപോലുമുണ്ട് അയാള്‍ക്ക്. പക്ഷേ, സത്യത്തില്‍ അവളും ആ ഓര്‍മകളില്‍നിന്ന് വിമുക്തയല്ല. എര്‍പെന്‍ബെക്ക് എഴുതുന്നതിങ്ങനെ: 'അച്ഛന്റെകൂടെ ബൂഹെന്‍വാള്‍ഡിലെയും സഹപാഠികളുടെകൂടെ ഒറാനിയന്‍ബുര്‍ഗിലെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ സ്മാരകങ്ങള്‍ അവള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലൊരിക്കലും ജര്‍മനിയില്‍ മരണം എല്ലാറ്റിന്റെയും ഒടുക്കമല്ല, തുടക്കം മാത്രമാണെന്ന് മനസ്സിലാക്കിത്തരാത്ത ഒരു സമയം ഓര്‍ത്തെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. ചുട്ടുകരിക്കപ്പെട്ട ഇരകളുടെ എല്ലുകള്‍ക്കും ചാരത്തിനും മീതെ മണ്ണിന്റെ നേര്‍ത്ത ഒരു പാളിയേയുള്ളൂവെന്ന് അവള്‍ക്കറിയാം.' എങ്കിലും ഓര്‍മകള്‍ കൂടുതലായി വേട്ടയാടുന്നത് ഹാന്‍സിനെത്തന്നെ. പക്ഷേ അനിശ്ചിതമായ, തകര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനവും അയാളെ ഭയപ്പെടുത്തുകയാണിപ്പോള്‍. പുസ്തകത്തില്‍നിന്ന്: 'ഇപ്പോള്‍ വര്‍ത്തമാനവും ശൂന്യമാണ്. സമയം തന്നെ മുന്നോട്ടുന്തുന്നത് അയാളറിയുന്നുണ്ട്. പക്ഷേ, അതിലയാള്‍ക്ക് പങ്കുചേരാനാവുന്നില്ല.'

ക്രൂരമായ ഭൂതകാലവും അനിശ്ചിതമായ വര്‍ത്തമാനകാലവും നോവലില്‍ രൂപവും പ്രതിബിംബവുമാകുന്നു. താന്‍ പ്രതിഫലിപ്പിച്ച മുഴുവന്‍ ആളുകളെയും ഓര്‍ക്കുന്ന ഒരു കണ്ണാടിയെ സങ്കല്പിക്കാനാകുമോ എന്ന് നോവലിലൊരിടത്ത് കാതറീന ഹാന്‍സിനോട് ചോദിക്കുന്നുണ്ട്. അത്തരമൊരു കണ്ണാടി കഥയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. 'നിന്റെ പ്രതിബിംബംമാത്രമായിരുന്നു ഞാനെന്ന് എനിക്കറിയാമായിരുന്നെങ്കില്‍' എന്ന് കാതറീന പറയുന്നിടത്താണ് നോവല്‍ അവസാനിക്കുന്നതും.
ഇത്തരം അനിശ്ചിതാവസ്ഥ അവരുടെ ബന്ധത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. കാരണം, ഒരുതരത്തിലുള്ള ഉട്ടോപ്യയായിരുന്നു അവരുടെ പ്രണയം. ആ പ്രണയം തകരുന്നത് മറ്റൊരു ഉട്ടോപ്യയായിരുന്ന കമ്യൂണിസ്റ്റ് ജര്‍മനി ഇല്ലാതായതുപോലെയാണെന്ന് എര്‍പെന്‍ബെക്ക് പറയുന്നു. പക്ഷേ, അത്തരമൊരു സാങ്കല്പികാദര്‍ശപ്രദേശം മനുഷ്യന് കൂടിയേതീരൂ. Not a Novel: A Memoir in Pieces എന്ന പുസ്തകത്തില്‍, ലൗകികമായ വിധത്തില്‍ എല്ലാറ്റിന്റെയും വിശദീകരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍നിന്ന് ഓടിയൊളിക്കാനുള്ള ഉട്ടോപ്യയായിരുന്നു തന്റെ വായനപോലുമെന്ന് എര്‍പെന്‍ബെക്ക്തന്നെ എഴുതുന്നു.
Content Highlights: About International booker prize winner German author Jenny Erpenbeck's novel Kairos
Published: 23 May 2024, 08:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented