
മലയാളത്തമിഴന്‍ ഇളങ്കോ ഓടൈ എഴുതുന്ന ആത്മകഥ
പുതിയ സെല്ലില്‍ എത്തിയപാടെ എന്റെ ശ്രദ്ധയില്‍പ്പെട്ടത് സെല്ലിനുള്ളിലെ ചുവരില്‍ വരഞ്ഞിരിക്കുന്ന ചിത്രങ്ങളായിരുന്നു.
ചീട്ടുകളിക്കുപയോഗിക്കുന്ന കാര്‍ഡിലുള്ള ചിത്രങ്ങളായ ഹാര്‍ട്ടീന്‍, ക്ലവര്‍, ഡയമണ്ട് എന്നിവയൊക്കെയായിരുന്നു വരച്ചുവെച്ചിരുന്നത്.
തൊണ്ണൂറുകളില്‍ കോഴിക്കോട് മിഠായിത്തെരുവിലും ആനിഹാള്‍ റോട്ടിലും ഒരു തട്ടിപ്പ് പരിപാടി ഉണ്ടായിരുന്നു.. ഒരാള്‍ തറയിലിരുന്ന് നാടകുത്ത് കളിക്കാനായി നാട കെട്ടി ചുരുട്ടിവെച്ചിട്ടുണ്ടാവും. ഒരു ചെറിയ വടിയെടുത്ത് നമ്മുടെ കൈയ്യില്‍ തന്നിട്ട് ചുരുട്ടിവെച്ച ബെല്‍റ്റിന്റെ നടുക്ക് കുത്താന്‍ പറയും.
സമീപത്തായി വേറെ രണ്ട് ആള്‍ക്കാര്‍ നില്പുണ്ടാവും. അവര്‍ രണ്ടുപേരും മാറി മാറി പത്തോ ഇരുപതോ രൂപ ബോര്‍ഡില്‍ വെച്ചിട്ട് സ്റ്റിക്ക് വാങ്ങി നാടയുടെ ഇടയില്‍ കുത്തും. അയാള്‍ ചുരുട്ടിയ ബെല്‍റ്റ് എടുത്ത് നോക്കുമ്പോള്‍ സ്റ്റിക്ക് നാടയില്‍ കുടങ്ങിയിട്ടുണ്ടാകും. പത്ത് വെച്ച ആള്‍ക്ക് ഇരുപതും ഇരുപത് രൂപവെച്ച ആള്‍ക്ക് നാല്പത് രൂപയും എടുത്ത് കൊടുക്കും. അവര്‍ രണ്ടുപേര്‍ക്കും പണം കിട്ടുന്നുണ്ടല്ലോ എന്ന് വിചാരിച്ച് ഈ കളി നോക്കി നില്‍ക്കുന്നവര്‍ പണം കൊടുത്ത് വടി വാങ്ങി കുത്തിനോക്കും. പക്ഷെ, അവര്‍ക്കൊന്നും പണം കിട്ടാറില്ല. പണം കിട്ടിക്കൊണ്ടിരുന്ന ആ രണ്ടാള്‍ക്കാരും നാടകുത്തുകാരന്റെ സില്‍ബന്തികളായിരിക്കും. ഒരിക്കല്‍ ഞാനും ആനിഹാള്‍ റോട്ടില്‍ നാടകുത്ത് കളിച്ച് എന്റെ ഇരുപത് രൂപ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
തകരപ്പാട്ടകൊണ്ടുള്ള മറ്റൊരു കളിയുണ്ട്. ആ കളി എന്റെ നാട്ടില്‍ ഉത്സവപ്പറമ്പില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. മൂന്നു കുഞ്ഞ് മരക്കഷണങ്ങള്‍, ഉണ്ടാകും. ആ മരക്കഷണങ്ങളില്‍ നാലുഭാഗത്തും ഹാര്‍ട്ടിന്‍, ക്ലവര്‍ പോലുള്ള ചിത്രങ്ങള്‍ വരച്ചുവെച്ചിരിക്കും. തകരപ്പാട്ട കളിക്കുന്ന ആള്‍ മൂന്ന് മരക്കഷ്ണങ്ങളും ഒരു തകരപ്പാട്ടയിലിട്ട് കറക്കി തറയില്‍ കുത്തും. അതിനുശേഷം ചിത്രങ്ങള്‍ വരച്ചുവെച്ച ബോര്‍ഡില്‍ നോക്കി പണം വെക്കാന്‍ പറയും.
നമ്മള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം നോക്കി പണം വെക്കാം. പത്തുരൂപ, ഇരുപതുരൂപ, അമ്പത് രൂപയൊക്കെ ആള്‍ക്കാര്‍ ഓരോ ചിത്രങ്ങളില്‍ പണം വെച്ചതിനുശേഷം തകരപ്പാട്ട തുറന്ന് കാണിക്കും. ഏതു ചിത്രത്തില്‍ പണം വെച്ചിരുന്നാലും നമുക്ക് പണം കിട്ടുകയില്ല. അത്ര കണ്ട് സൂക്ഷ്മതയോടെയുള്ള കറക്കികുത്താവും അവരുടേത്.
ആ രണ്ടുകളികളിലും ഞാന്‍ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഒരു തെരുവിന്റെ കഥ എന്ന നോവലില്‍ എസ്.കെ. പൊറ്റക്കാട് ഇത്തരം കഥാപാത്രങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്. ഈ തകരപ്പാട്ട കറക്കിക്കുത്ത് കളിച്ചിരുന്ന ഒരാള്‍ ആ സെല്ലില്‍ ഉണ്ടായിരുന്നു. അയാള്‍ ഒരു മനോരോഗിയായിരുന്നു.
അയാളൊരു മനോരോഗിയാണെന്നറിഞ്ഞിട്ടും അറസ്റ്റു ചെയ്ത പോലീസും പിന്നീട് അതു മനസ്സിലാക്കിയ ജയില്‍ അധികാരികളും മനോരോഗാശുപ്രതിയില്‍ അയാളെ കൊണ്ടുപോവാതെ ജയിലില്‍തന്നെ പാര്‍പ്പിച്ചു. ആ കാലഘട്ടത്തിലെ പോലീസനെക്കുറിച്ചും ജയില്‍ അധികാരികളെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നുന്നു.
രാത്രിയാകുമ്പോള്‍ അയാള്‍ പെട്ടെന്ന് വയലന്റാവുകയും ഒച്ചവെക്കുകയും ചെയ്യും. ഞാനൊരു ദിവസം സഹികെട്ട് 'അയ്യോ ആണ്ടവാ' എന്ന് വിളിച്ചു കൂവി. അതിനുശേഷം അയാള്‍ 'അയ്യോ, അയ്യോ' എന്നു പാട്ടുപാടുന്നതുപോലെ പാടി എന്നെ കളിയാക്കുമായിരുന്നു.
ഒരു ദിവസം അയാള്‍ ഒച്ച വെച്ചപ്പോള്‍ എന്റെ നിയന്ത്രണം പോയി. 'ശബ്ദം പോടാതെ ചേട്ടാ'- എന്നും പറഞ്ഞ് ഞാന്‍ ചൂടായപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു, എന്നെ പൊതിരേ തല്ലി. അയാളെക്കൂടാതെ ആ സെല്ലില്‍ ഒരു റൗഡിയും ഉണ്ടായിരുന്നു. ഒരു ദിവസം രാത്രിയില്‍ ഉറക്കത്തില്‍ അറിയാതെ എന്റെ കാല് അയാളുടെ ശരീരത്തില്‍ തട്ടിയെന്നും പറഞ്ഞ് അവനും എന്നെ തല്ലി.
മറ്റേ 'വാര്‍ഡന്‍' അയാളുടെ ആഗ്രഹങ്ങള്‍ ഞാന്‍ സാധിച്ചുകൊടുക്കാത്തതുകൊണ്ട് മനഃപൂര്‍വ്വം എന്നെ ഈ സെല്ലില്‍ കൊണ്ടുവന്ന് ആക്കി എന്നോട് പ്രതികാരം ചെയ്യുകയായിരുന്നു.
ഈ ജയില്‍ എന്ന നരകത്തില്‍ നിന്ന് എന്നു പുറത്തു പോകുമെന്ന് ആലോചിച്ച് ഓരോ ദിവസത്തെയും വിഷമത്തോടെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഒരാള്‍ ഒരു കുറ്റം ചെയ്തു. അയാളെ ശിക്ഷിച്ച് ജയിലില്‍ അടയ്ക്കുന്നത് അയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോള്‍ ഒരു നല്ല മനുഷ്യനായി വേറൊരു തെറ്റും ഇനിയുള്ള ജീവിതത്തില്‍ ചെയ്യാതെ ജീവിച്ച് പോകാനാണ്.
പക്ഷെ, ജയിലുകളില്‍ സംഭവിക്കുന്നത് വേറെയാണ്. ഒരു ചെറിയ തെറ്റു ചെയ്ത് ജയിലില്‍ എത്തുന്നവര്‍ വലിയൊരു ക്രിമിനല്‍ പദ്ധതിയുമായിട്ടായിരിക്കും ശിക്ഷ കഴിഞ്ഞ് പുറത്തുവരുന്നത്. കണ്ണനും അങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് എന്നോടു പറഞ്ഞു തന്നിരുന്നു.
''നമ്മളെ ചതിച്ച് ജയിലില്‍ കുടുക്കിയത് പോലീസാണല്ലോ. ആ പോലീസിന് നമ്മള്‍ പണികൊടുക്കണം. പുറത്തിറങ്ങിയപാടെ നമ്മള്‍ (ഞാനും കണ്ണനും ഈറോഡ് നാഗരാജനും) കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലെ സി.ഐയുടെ വീട്ടില്‍ കയറി മോഷണം നടത്തിയിരിക്കും''- കണ്ണന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എന്തിന് പോലീസുകാരുടെ വീട് എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. കസബ പോലീസ്സ്റ്റേഷന്‍ സി.ഐ. ആണ് ഞങ്ങളെ മനഃപൂര്‍വ്വം കുടുക്കിയത്. അതുകൊണ്ട് അയാള്‍ക്ക് ഒരു പണികൊടുക്കണം. വീണ്ടും ഞാന്‍ സംശയത്തോടെ ''നമ്മള്‍ മോഷണം നടത്തിയാല്‍ പിന്നെയും പോലീസ് പിടിച്ച് വീണ്ടും ജയിലിലേക്ക് തന്നെ വരേണ്ടി വരില്ലേ?'' എന്ന് ചോദിച്ചു. ''ഒരു തെളിവും ബാക്കിവെക്കാതെയാവും നമ്മള്‍ മോഷണം നടത്തുന്നത്. അതൊക്കെ ഞാന്‍ ശ്രദ്ധിച്ചോളാം. ഇളങ്കോ ഞങ്ങളോടെപ്പം ഉണ്ടാവില്ലെ'' എന്നു ചോദിച്ചു. ഉണ്ടാവും എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി.
അങ്ങനെ എന്റെ ഒരുമാസത്തെ ശിക്ഷ കഴിഞ്ഞ് 1991 ജനുവരിയില്‍ ജയിലില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങി. ജയില്‍റോഡില്‍കൂടി എന്റെ ലോഡ്ജിലേക്ക് നടന്നപ്പോള്‍ അച്ഛന്‍ പറഞ്ഞുതന്ന തിരുക്കുറലും അമ്മ പറഞ്ഞുതന്ന ഉപദേശവും ഓര്‍മ്മ വന്നു.
''ഈന്‍ട്രപൊഴുതിന്‍ തന്‍ മകനൈ സാന്‍ട്രോന്‍ എന കേട്ടത്തായ്'- ഈ തിരുക്കുറലാണ് അച്ഛന്‍ എപ്പോഴും എന്നോട് പറയാറുള്ളത്.
ഈ തിരുക്കുറലിന്റെ അര്‍ത്ഥം ഒരു കുഞ്ഞിനെ അമ്മ ഒരുപാട് വേദന അനുഭവിച്ചാണ് പ്രസവിക്കുന്നത്. കുഞ്ഞ് വളര്‍ന്ന് വലുതായതിനുശേഷം ആ കുഞ്ഞിനെക്കുറിച്ച് ആരെങ്കിലും വന്ന് അമ്മയോട്, ''നിന്റെ മകനുണ്ടല്ലോ, അവന്‍ എത്ര തങ്കപ്പെട്ട സ്വഭാവമാണെന്നറിയാമോ?'' എന്ന് പുകഴ്ത്തിപ്പറയുമ്പോള്‍ അന്ന് അനുഭവിച്ച വേദനയെല്ലാം മറന്ന് താന്‍ പ്രസവിച്ചതിന് അര്‍ത്ഥം കിട്ടിയ ആനന്ദത്താല്‍ അമ്മയുടെ കണ്ണുകള്‍ നിറയണമത്രെ!
എവിടെചെന്നാലും നല്ല കുട്ടി എന്ന് പേരെടുക്കണം എന്നര്‍ത്ഥത്തിലാണ് അച്ഛന്‍ ആ തിരുക്കുറലൊക്കെ എന്നെ പറഞ്ഞ് കേള്‍പ്പിച്ചിരുന്നത്.
പിന്നെ അമ്മ പറയാറുള്ള ഉപദേശം, 'നല്ല പിള്ളൈ എന്ന് പേരെടുക്ക റൊമ്പനാളാകും. കെട്ടപുള്ളൈ എന്ന് പേരെടുക്ക ഒരു നിമിഷം പോതും ടാ.' ഈ വചനം ഇടക്കിടക്ക് ഞാന്‍ കുറുമ്പുകാണിക്കുമ്പോഴെല്ലാം അമ്മ പറയുമായിരുന്നു. അതായത് നല്ല കുട്ടി എന്ന് പേര് നേടാന്‍ ഒത്തിരി കാലം പിടിക്കും, അതേസമയം ചീത്തകുട്ടി എന്ന് പേര്‍ കിട്ടാന്‍ ഒരു നിമിഷം മാത്രം മതി. ഇതാണ് അമ്മ പറഞ്ഞതിന്റെ അര്‍ത്ഥം.
അച്ഛനും അമ്മയും ഉപദേശിച്ചതുപോലെ ഇനിയുള്ള കാലം നല്ല കുട്ടിയായി ജീവിക്കുവാന്‍ തീരുമാനിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്ന ആ നിമിഷം മുതല്‍ ഇന്നുവരെ ഞാന്‍ മാന്യമായിട്ടു തന്നെയാണ് ജീവിക്കുന്നത്. ഇനിയുള്ള കാലവും ഇങ്ങനെ ജീവിക്കാനാണ് താല്‍പര്യം.
എന്റെ കൈയ്യിലുണ്ടായിരുന്ന പണമെല്ലാം കസബ സ്റ്റേഷനിലെ പോലീസുകാരന്‍ പിടുങ്ങി. ഇനിയുള്ളത് എന്റെതല്ലാത്ത അമ്പതുരൂപയാണ്. ആ പണം ബെഞ്ചിനുതാഴെ എന്റെ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാന്റിന്റെ പിന്‍വശത്തെ പോക്കറ്റിലാണ് ഒളിച്ചുവെച്ചിരുന്നത്. ആ പണം അവിടെ ഉണ്ടാവുമോ?
പുതിയാപ്പയില്‍ നിന്ന് ലോഡ്ജിലേക്ക് ജോലിക്കുവരുന്ന ചേച്ചിയുടെ സ്വഭാവമനുസരിച്ച് എന്റെ ബാഗടക്കം അടിച്ചുകൊണ്ടുപോയിട്ടുണ്ടാവും. ഇതൊക്കെ ആലോചിച്ചു കൊണ്ട് ഞാന്‍ എന്റെ ലോഡ്ജിലെത്തി. റിസപ്ഷനില്‍ നില്‍ക്കുന്നവരെ ആരെയും ശ്രദ്ധിക്കാതെ വേഗത്തില്‍ നടന്ന് രണ്ടാം നിലയിലെ എന്റെ ബെഞ്ചിന്റെ അടുത്തെത്തി. ബെഞ്ചിനു താഴെ നോക്കിയപ്പോള്‍ എന്റെ ബാഗ് അവിടെ ഉണ്ടായിരുന്നില്ല.
ഞാന്‍ സങ്കടത്തോടെ താഴെ ഇറങ്ങിച്ചെന്നപ്പോള്‍ ലോഡ്ജിന്റെ ഗ്രൗണ്ട് ഫ്ളോറിന്റെ കോമണ്‍ ബാത്ത്‌റൂമില്‍ നിന്ന് ലത്തീഫ്ക്ക പുറത്തുവന്നു. ലത്തീഫ്ക്ക എന്നെ കണ്ട പാടെ 'എടാ നിന്നെ പോലീസ് പിടിച്ചു അല്ലെ?' എന്ന ചോദ്യം കേട്ട് ഞാന്‍ ഞെട്ടി. പടച്ചോനെ എങ്ങനെ ഇവര്‍ അറിഞ്ഞു?
ചേട്ടാ, എന്റെ ബാഗ് കാണുന്നില്ല എന്നു പറഞ്ഞപ്പോള്‍ ലത്തീഫ്ക്കാ പറഞ്ഞു: 'എടാ നിന്നെ പോലീസ് പിടിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ നിന്റെ ബാഗെടുത്ത് ഓഫീസ്മുറിയില്‍ സുരക്ഷിതമായി വെച്ചിട്ടുണ്ട്.' ലത്തീഫ്ക്കാ ഓഫീസ് മുറിയില്‍ നിന്ന് എന്റെ ബാഗെടുത്ത് തന്നു. ഞാന്‍ ബാഗ് വാങ്ങിയപാടെ കൈയ്യിട്ട് പാന്റിനുള്ളില്‍ ഒളിച്ചുവെച്ചിരുന്ന അമ്പതുരൂപയുണ്ടോ എന്ന് തപ്പിനോക്കി.
കൈയ്യില്‍ പണം തടഞ്ഞപ്പോള്‍ എനിക്ക് ആശ്വാസമായി. എന്റെതല്ലാത്ത പണമെന്ന് ഞാന്‍ മാറ്റിവെച്ചതിന്റെ ഗുണം കണ്ടില്ലേ. ഞാന്‍ ബാഗ് പൂട്ടി ലത്തീഫ്ക്കയോട് താങ്ക്സ് പറഞ്ഞു.
''ഞാന്‍ ജയിലില്‍ പോയകാര്യം നിങ്ങളെങ്ങനെ അറിഞ്ഞു?'' എന്ന് ലത്തീഫ്ക്കായോട് ചോദിച്ചപ്പോള്‍ ,''ജയിലില്‍വെച്ച് നിന്നെ ഒരാള്‍ കണ്ടിരുന്നു. അയാളാണ് പറഞ്ഞത്.'' എന്നായിരുന്നു മറുപടി. അതാരാണപ്പാ എന്നെ ജയിലില്‍വെച്ച് കണ്ടത് എന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ ഇനിയെന്താ പരിപാടി എന്ന് ലത്തീഫിക്ക ചോദിച്ചു.
എന്റെ കൈയ്യില്‍ കച്ചവടം ചെയ്യാനുള്ള കാശില്ല. ഇവിടുത്തെ വാടക അഞ്ചുരൂപകൊടുക്കാന്‍പോലും പണമില്ല. എന്നു ഞാന്‍ പറഞ്ഞു. ഓഫീസ് മുറിയില്‍ ഇരിക്കയായിരുന്നു മുതലാളി കോയക്കാ ഞങ്ങള്‍ തമ്മിലുള്ള സംസാരം കേട്ട് എഴുന്നേറ്റ് വന്നു. ''നീ ഇവിടെ റൂം ബോയ് പണിക്ക് കയറുന്നോ. അങ്ങനെയാകുമ്പോള്‍ ബെഞ്ചിന്റെ വാടകയായ അഞ്ചുരൂപ തരേണ്ട. ഒരു രാത്രി റൂം ബോയ് പണിയെടുത്താല്‍ പത്തുരൂപ ശമ്പളവുംകിട്ടും. എന്തുപറയുന്നു'' .കോയക്കാ ചോദിച്ചു.
കോയക്കായുടെ ആ ഡീല്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ അപ്പോള്‍ത്തന്നെ ഓ.കെ പറഞ്ഞു. അപ്പോള്‍ ലത്തീഫ്ക്കാ പറഞ്ഞു. 'ഞങ്ങള്‍ വൈകുന്നേരം അഞ്ചര- ആറുമണിക്കാണ് പോവുക. നീ അതിനുശേഷം വൈകീട്ട് ആറുമണിയാകുമ്പോള്‍ ജോലിക്ക് കയറിയിട്ട് രാവിലെ ഏഴു മണിയാകുമ്പോള്‍ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാം. മാത്രമല്ല, നീ റൂമിലെ താമസക്കാര്‍ക്ക് സര്‍വ്വീസ് ചെയ്യുമ്പോള്‍ നിനക്ക് അവര്‍ ടിപ്‌സും തരും.' അതുകൂടി കേട്ടപ്പോള്‍ വളരെ സന്തോഷമായി. വൈകീട്ട് അഞ്ചരമണിയായപ്പോള്‍ കോയക്കാ ലത്തീഫ്ക്കാ ആലിക്കോയക്കയോടൊപ്പം എന്നെയും കൂട്ടി പാളയം ജംഗ്ഷനിലേക്ക് നടന്നു.
പാളയത്തെ വസന്തവിഹാര്‍ഹഫോട്ടലില്‍ ചെന്ന് ഞങ്ങള്‍ ചായയും വടയും കഴിച്ചു. അതിനുശേഷം കോയക്കാ എന്നോട് സൈക്കിള്‍ ചവിട്ടാനറിയാമോ എന്നു ചോദിച്ചു.
ഞാന്‍ അറിയാം എന്നു പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ മുയല്‍ വളര്‍ത്തുന്നുണ്ട്. അതിന് തിന്നാന്‍ കാബേജിന്റെ തൊലിയാണ് കൊടുക്കാറുള്ളത്. രാവിലെ ആലിക്കോയ ചാക്കും സൈക്കിളും എടുത്തുതരും. പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ചെന്ന് ഏതെങ്കിലും പച്ചക്കറിക്കടക്കു മുന്നില്‍ കാബേജ് തൊലി വെട്ടി ഇട്ടിട്ടുണ്ടാവും. കടക്കാരനോട് ചോദിച്ചിട്ട് അതെടുത്ത് ചാക്കില്‍ നിറച്ച് തിരുവണ്ണൂര്‍ കഴിഞ്ഞ് കോട്ടണ്‍മില്ല് എന്ന സ്ഥലത്തെത്തിക്കണം.അവിടെ ആരോടെങ്കിലും കോയക്കായുടെ വീട് ഏതാണെന്ന് ചോദിച്ചാല്‍ അവര്‍ വീട് കാണിച്ചു തരും എന്നു പറഞ്ഞു. കോയക്കായുടെ വീടിന്റെ കോമ്പൗണ്ടിലെത്തി മുയല്‍കൂട്ടിനടുത്ത് കാബേജ് തൊലി ഇട്ടതിനുശേഷം ചാക്കുമായി തിരിച്ച് ലോഡ്ജിലെത്തുന്നതോടെ അന്നത്തെ ഡ്യൂട്ടി കഴിയും. ഈ കാബേജ് എടുത്തുകൊണ്ടുപോകുന്നതിന് മൂന്നുരൂപ കൂടി അധികം ശമ്പളമായി കിട്ടും.
ഇതുംകൂടി കേട്ടതോടെ എനിക്ക് വളരെയധികം സന്തോഷമായി. എല്ലാംകൂടി ദിവസം പതിമൂന്നുരൂപ ശമ്പളം! ഒന്‍പതുരൂപ ഭക്ഷണത്തിന് ചിലവഴിച്ചാലും ബാക്കി നാലു രൂപയുണ്ട്. ആ നാലുരൂപക്ക് ഒരു സിനിമയും കാണാം.
എന്നോട് ലോഡ്ജില്‍ ചെന്ന് ഡ്യൂട്ടി എടുത്തോളാന്‍ പറഞ്ഞിട്ട് ആലിക്കോയയും ലത്തീഫ്ക്കായും എം.സി.സി. ബാങ്ക് ബസ്സ്‌റ്റോപ്പിലേക്ക് നടന്നു. ഞാന്‍ നേരെ ലോഡ്ജിലേക്ക് ചെന്ന് റൂംബോയ് പണിക്ക് കയറി. സുരേഷായിരുന്നു അന്നത്തെ റിസപ്ഷനിസ്റ്റ്. ആ ലോഡ്ജില്‍ ആകെ മുപ്പത്തിനാല് റൂമുകള്‍ ഉണ്ട്. അതില്‍ ഇരുപത്തിയഞ്ച് റൂമുകളിലും മാസവാടകക്കാരാണ്. രാത്രി പന്ത്രണ്ടുമണിയായപ്പോള്‍ സുരേഷ് ഷട്ടര്‍ അടപ്പിച്ചു. ആരെങ്കിലും വന്ന് റൂം ചോദിച്ചാല്‍ ഞാന്‍ 207-ാം നമ്പര്‍ റൂമില്‍ കിടന്നുറങ്ങുന്നുണ്ട്. അവിടെ വന്ന് എന്നെ തട്ടിവിളിച്ചാല്‍മതി. എന്നും പറഞ്ഞ് സുരേഷ് റൂമിലേക്ക് പോയി.
റിസപ്ഷനില്‍ വലിയൊരു മേശകിടപ്പുണ്ടായിരുന്നു. അതിന്റെ മേലെ ഞാന്‍ ബെഡ്ഷീറ്റ് വിരിച്ച് തലയിണയും എടുത്തുവെച്ച് ഫാനിട്ട് കിടന്നുറങ്ങാന്‍ തുടങ്ങി.
രാത്രി ഒരു മണിയായപ്പോള്‍ രണ്ടാളുകള്‍വന്ന് ഷട്ടറില്‍ തട്ടി. ലോഡ്ജില്‍ നിന്ന് പത്തുമിനിറ്റ് നടന്നാല്‍ മാതൃഭൂമി പ്രസ്സാണ്. മാതൃഭൂമി പ്രസ്സിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ച് ലോഡ്ജിലേക്ക് വന്നിരിക്കുകയാണ്. അവര്‍ 208-ാ0 നമ്പര്‍ റൂമിലെ താമസക്കാരാണ്.
സുന്ദരേശന്‍ നായര്‍ അണ്ണന്‍, താണു പിള്ളൈ അണ്ണന്‍, സുധാകരന്‍ അണ്ണന്‍. ഇവര്‍ മൂന്നുപേരായിരുന്നു 208-ാം നമ്പര്‍ മുറിയിലെ താമസക്കാര്‍. സുന്ദരേശന്‍ അണ്ണന്‍, താണുപ്പിള്ളൈ അണ്ണനും മാതൃഭൂമി പ്രസ്സിലെ ജീവനക്കാരാണ്. ഇവര്‍ രണ്ടുപേരും ഉച്ചകഴിഞ്ഞാണ് മാതൃഭൂമി പ്രസ്സിലേക്ക് ജോലിക്ക് പോവുക. തിരിച്ച് രാത്രി ഒരു മണികഴിഞ്ഞ് ലോഡ്ജില്‍ തിരിച്ചെത്തും. സുധാകരനണ്ണന്‍ മാതൃഭൂമി ബുക്ക്സ്റ്റാളിലായിരുന്നു പണി എടുത്തിരുന്നത്.
1990-ല്‍ ഇന്നത്തെപ്പോലെ ഇത്രയും വലിയ ബുക്സ്റ്റാള്‍ മാതൃഭൂമിക്കുണ്ടായിരുന്നില്ല. ചെറിയൊരു ബുക്ക്സ്റ്റാളായിരുന്നു. സുധാകരനണ്ണനും പിന്നെ ഒരു ചേച്ചിയും കൂടി ആകെ രണ്ടു ജീവനക്കാരേ അന്നത്തെ മാതൃഭൂമി ബുക്ക്സ്റ്റാളില്‍ ഉണ്ടായിരുന്നുള്ളൂ.
കൊല്ലം, തിരുവനന്തപുരം ജില്ലക്കാര്‍ ഏട്ടന്‍ പകരം അണ്ണന്‍ എന്നാണ് വിളിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഞാനും കൊല്ലം തിരുവനന്തപുരം ജില്ലക്കാരെ പേരോടൊപ്പം അണ്ണന്‍ എന്ന് ചേര്‍ത്താണ് വിളിച്ചിരുന്നത്. പൊതുവെ കോഴിക്കോട്ടുകാര്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലക്കാരെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടാവാറില്ല. പക്ഷെ, ആ അണ്ണന്മാരൊക്കെ എന്നെ സംബന്ധിച്ച് നല്ലവരായിരുന്നു.
സുധാകരനണ്ണന്‍ എക്‌സ്ട്രാ ഡീസന്റായിരുന്നു. എല്ലാ സ്ഥലത്തും നല്ലവരും ചീത്തസ്വഭാവക്കാരും ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. മറ്റു സ്ഥലങ്ങളെ വെച്ച് നോക്കുമ്പോള്‍ കോഴിക്കോട് ഒരുപാട് നല്ല മനുഷ്യരുണ്ട് എന്നതാണ് സത്യം. പിന്നെ 305-ാം നമ്പര്‍ റൂമില്‍ ഒരു ഇക്കയും താമസിച്ചിരുന്നു. ഫഹറുദ്ദീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹവും മാതൃഭൂമി ജീവനക്കാരനായിരുന്നു. പിറ്റേദിവസം ആലിക്കോയ ലോഡ്ജിന്റെ വടക്കുഭാഗത്തുള്ള കുഞ്ഞിതെങ്ങിന്‍ തോപ്പിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
ആലിക്കോയ അവിടെക്കിടന്ന ചാക്കും സൈക്കിളും എനിക്ക് എടുത്തുതന്നു. ഞാന്‍ കോയക്കാ പറഞ്ഞതുപോലെ സൈക്കിളും ചവിട്ടി പാളയത്തെത്തി. വെട്ടിയിട്ട കാബേജിന്റെ തൊലിയെടുത്ത് ചാക്കില്‍ നിറച്ച് സൈക്കിളിനുപുറകില്‍ വെച്ച് കെട്ടി അഞ്ചു കി.മീ. സൈക്കിള്‍ ചവുട്ടി തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനു സമീപമുള്ള കോയക്കാന്റെ വീട്ടിലേക്കു ചെന്നു.
കാബേജിന്റെ തൊലി മുയല്‍കൂടിന്റടുത്ത് ഇട്ടതിനുശേഷം ലോഡ്ജിലേക്ക് തിരിച്ചെത്തി. ലോഡ്ജിന്റെ പിറകുവശത്ത് ലൈന്‍ വീടുകള്‍ ഉണ്ടായിരുന്നു. അതിലൊരുവീട്ടില്‍ ഒരു ഇത്താത്തയും അവരുടെ ഭര്‍ത്താവും അവരുടെ മക്കളായ റംലത്ത്, സീനത്ത്, അഫ്‌സത്ത്, ആണ്‍മക്കളായ നസീര്‍ (ഞാന്‍ ലോഡ്ജില്‍ താമസം തുടങ്ങിയ അന്ന് ബഞ്ചില്‍ ബെഡ്ഷീറ്റ് വിരിച്ചുതന്ന ആളാണ് ഈ നസീര്‍). നാസര്‍, ഷാജഹാന്‍. ഈ എട്ടുപേരും ഒറ്റമുറി ലൈന്‍വീട്ടിലാണ് താമസിച്ചിരുന്നത്.
ലോഡ്ജില്‍ ഉപയോഗിച്ച ബെഡ്ഷീറ്റും പില്ലോകവറും അലക്കിത്തന്നിരുന്നത് ആ ഇത്താത്തയായിരുന്നു. കോയക്കായുടെ വീട്ടില്‍ പോയി വന്നതിനുശഷം ലോഡ്ജിലെ ബെഡ്ഷീറ്റും പില്ലോ കവറുമെടുത്ത് ഇത്താത്തയുടെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുകയാണ് പതിവ്. തിരിച്ചുവരുമ്പോള്‍ ആ ഇത്താത്ത കോയക്കാക്കുള്ള മധുരമില്ലാത്ത കട്ടന്‍ചായ ഒരു ഫ്‌ളാസ്‌ക്കില്‍ ഉണ്ടാക്കിത്തരും. ഞാന്‍ ആ ഫ്‌ളാസ്‌ക് റിസപ്ഷനിലെ മേശമേല്‍ കൊണ്ടുവെച്ചപ്പോള്‍ കോയക്കാ വീട്ടില്‍ നിന്നും ഓട്ടോയില്‍ വന്ന് ഇറങ്ങി.
തലേദിവസം വൈകിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ അന്നത്തെ ദിവസത്തെ കലക്ഷന്‍ മുഴുവനും കോയക്കാ വാങ്ങിച്ച് പോകുമായിരുന്നു. പണം വീട്ടില്‍ എത്തിച്ചുകഴിഞ്ഞാല്‍ കോയക്കാ ആ പണത്തില്‍ നിന്നും അഞ്ചുപൈസാ എടുക്കില്ല. പിറ്റേദിവസം രാവിലെ ഓട്ടോയില്‍ നിന്ന് ഇറങ്ങിയപാടെ റിസപ്ഷനില്‍ ഡ്യൂട്ടിയിലുള്ള സുരേഷിനോടോ എന്നോടോ ഓട്ടോക്കാരന് പണം കൊടുക്കാന്‍ പറയും.
ഒരു പക്ഷെ, തലേദിവസം റൂം ഒന്നും പോയില്ലെങ്കില്‍, കൈയ്യില്‍ പണമൊന്നും ഇല്ല എന്ന് റിസപ്ഷനിസ്റ്റ് സുരേഷ് പറഞ്ഞാല്‍ ഏതെങ്കിലും മാസവാടകക്കാരുടെ റൂമില്‍ ചെന്ന് പണം വാങ്ങിവന്ന് ഓട്ടോക്കാരന് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്.
കോയക്കാ വന്നുകയറിയാല്‍ ഓഫീസ് മുറിയില്‍ ചെന്ന് ട്രൗസര്‍ അഴിച്ച് മുറിയിലെ മൂലക്കിടും. എന്നിട്ട് തന്റെ ചന്തിയും ചൊറിഞ്ഞു കൊണ്ട് ശ്രീലങ്കാ-ഒരു ഗ്ലാസ് കട്ടനെടുക്ക് എന്നു പറയും.
അയനിച്ചോട്ടിലെ ചായക്കടയിലെ ഇക്കപോലെ കോഴിക്കോട് കോയക്കായും എന്നെ കുറേക്കാലം ശ്രീലങ്ക എന്നാണ് വിളിച്ചിരുന്നത്. കോയക്കാ കുടിച്ച ചായ ഗ്ലാസ് കഴുകിവെക്കുന്നതോടെ എന്റെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു.
ചായ കൊടുത്തതിനുശേഷം ബെഞ്ചില്‍ ചെന്ന് കിടന്നുറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ആലിക്കോയയോ ലത്തീഫ്ക്കായോ എന്നെ തട്ടിവിളിക്കും. ഏതെങ്കിലും റൂമിലെ താമസക്കാര്‍ക്ക് ഭക്ഷണമോ മദ്യമോ വാങ്ങിച്ചുകൊണ്ടുവരാന്‍ പറയാനാണ്. അതൊന്നും എന്റെ ഡ്യൂട്ടി അല്ലെങ്കിലും ടിപ്‌സായി ചില്ലറ തടയുന്ന കാര്യമാണ്. അതുകൊണ്ടു ഞാന്‍ സന്തോഷത്തോടെ ഭക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് ഹോട്ടല്‍ ഇന്റര്‍നാഷണിലും, ചിരാഗിലും ചെന്ന് ഭക്ഷണം വാങ്ങിച്ച് കൊണ്ടുവന്ന് കൊടുത്തിരിക്കും. അപ്‌സര തിയേറ്ററിനടുത്തോ ഓയിറ്റി റോഡിലോ ചെന്ന് വേണം മദ്യം വാങ്ങാന്‍. ചില ദിവസങ്ങളില്‍ ഞാന്‍ നൂണ്‍ഷോയ്ക്ക് പോകും. തിയേറ്ററില്‍ നിന്നിറങ്ങി ചോറും കഴിച്ച് ലോഡ്ജിലെ ബെഞ്ചില്‍ വന്ന് കിടന്നുറക്കമാണ് പിന്നെ.
വൈകുന്നേരം അഞ്ചരക്കുശേഷം കുളിച്ചു പ്രഷായി താഴെ റിസപ്ഷനില്‍ വന്നാല്‍ കോയക്കാ പോയില്ലെങ്കില്‍ എന്നെയുംകൊണ്ട് വസന്തവിഹാര്‍ ഹോട്ടലില്‍ ചെന്ന് ചായയും വടയും വാങ്ങിച്ചുതരും.
കോയക്കാ പോയിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ കട്ടന്‍ ചായ ഫ്ളാസ്‌കില്‍ ബാലന്‍സുണ്ടാവും. ഞാനത് ഒരു ഗ്ലാസിലേക്കൊഴിച്ചുവെക്കും. ലോഡ്ജിനുള്ളില്‍ നിന്ന് ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലിലേക്ക് ഭക്ഷണം വാങ്ങാനായി ഒരു കമ്പിയില്ലാത്ത ജനല്‍ ഉണ്ടായിരുന്നു. ഗ്ലാസ് നീട്ടി അതില്‍ ഇത്തിരി പഞ്ചസാര ഇട്ടുതരാന്‍ അവരോട് പറയും. ടീ മാസ്റ്റര്‍ പഞ്ചസാരയിട്ട് കലക്കിത്തരും. ആ കട്ടന്‍ചായ കുടിച്ച് ഗ്ലാസ് കഴുകിവെച്ച് ഫ്‌ളാസ്‌കുമെടുത്ത് ഇത്താത്തയുടെ വീട്ടിലേക്ക് ചെല്ലും.
ഇത്താത്തയുടെ വീട്ടില്‍ ബെഡ്ഷീറ്റും പില്ലോകവറും അലക്കി ഇസ്തിരിയിട്ടുവെച്ചിട്ടുണ്ടാകും. ഇത്താത്തയുടെ മൂത്തമകള്‍ റംലത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. സീനത്ത് ഇത്താത്തക്ക് ഇരുപത് വയസ്സ് പ്രായമേ കാണൂ. അഫ്‌സത്ത് അന്ന് ഒമ്പതാംക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ഞാന്‍ ഒരാഴ്ചകൊണ്ട് ആ കുടുംബവുമായി സൗഹൃദത്തിലായി.
അങ്ങനെയിരിക്കെയാണ് കണ്ണന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മ്മവന്നത്. കണ്ണന്‍ താമസിച്ചിരുന്ന കുന്നത്തുപാലം എന്ന സ്ഥലത്ത് കണ്ണന്റെ ഡ്രസ്സൊക്കെ ഉണ്ടായിരുന്നു. അവിടെചെന്ന് അതെല്ലാം എടുത്തുകൊണ്ട് ജയിലില്‍ കണ്ണനെ കാണാന്‍ വരണമെന്നു അവന്‍ പറഞ്ഞിരുന്നു.
ഞാന്‍ കുന്നത്തുപാലം ചെന്ന് കണ്ണന്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി മറ്റുള്ള താമസക്കാരോട് കാര്യങ്ങള്‍ പറഞ്ഞ് കണ്ണന്റെ ഡ്രസ്സെടുത്ത് ജയിലില്‍ ചെന്ന് വിസിറ്റേഴ്്സ് ടൈമില്‍ കണ്ണനെ കണ്ടു. അവന് ഞാന്‍ വസ്ത്രങ്ങള്‍ കൊടുത്തപ്പോള്‍ ആവശ്യമുള്ളത് എടുത്തതിനുശേഷം ബാക്കി എന്നോട് കൊണ്ടുപോയി സൂക്ഷിച്ചോളാന്‍ പറഞ്ഞു. റിമാന്‍ഡ് പ്രതികള്‍ക്ക് ജയിലില്‍ സ്വന്തം വസ്ത്രം ഉടുക്കാവുന്നതാണ്. ആ വസ്ത്രങ്ങള്‍ ബെഞ്ചിന്റെ താഴെ എന്റെ ബാഗോടൊപ്പം സൂക്ഷിച്ചുവെച്ചു.
ഏകദേശം ഒരു മാസമായിക്കാണും. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഒരു ദിവസം ഞാന്‍ ബെഞ്ചില്‍ കിടന്നുറങ്ങിയപ്പോള്‍ ലത്തീഫ്ക്കാ വന്ന് എന്നെ തട്ടി എഴുന്നേല്‍പിച്ചു. 'നിന്നെ കാണാന്‍ രണ്ടാളുകള്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ താഴെ ചെന്നു നോക്കിയപ്പോള്‍ കണ്ണനും ഈറോഡ് നാഗരാജനും ലോഡ്ജിന്റെ മുമ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു. തെളിവുകളൊന്നുമില്ലാത്തതുകൊണ്ട് കോടതി അവരെ വെറുതെവിട്ടു എന്ന് കണ്ണന്‍ പറഞ്ഞു.
അവരെ കണ്ടപാടെ എന്റെ നെഞ്ചിടിപ്പുകൂടി. ഞാന്‍ നേരെ മുകളിലേക്ക് ഓടിച്ചെന്ന് ബെഞ്ചിനു താഴെ വെച്ചിരുന്ന ബാഗെടുത്തുവന്ന് ലോഡ്ജിനുമുന്നില്‍ നില്‍ക്കുകയായിരുന്ന കണ്ണന്റെ കൈയ്യില്‍ ഏല്‍പിച്ചു.
'എനിക്ക് കൊഞ്ചം വേലയിറുക്ക്, അപ്പുറം പാര്‍ക്കലാം' എന്നും പറഞ്ഞ് ഞാന്‍ മറുപടിക്കൊന്നും കാത്തുനില്‍ക്കാതെ നേരെ ചെന്ന് എന്റെ ബെഞ്ചില്‍ കയറിക്കിടന്നു. അതിനുശേഷം കണ്ണന്‍ എന്നെ കാണാന്‍ വന്നില്ല. ഒരു ദിവസം മനോരമ പത്രമെടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍പേജില്‍ തന്നെ സിഐയുടെ വീട്ടില്‍ മോഷണം, തഞ്ചാവൂര്‍ക്കാരന്‍ കണ്ണന്‍ അറസ്റ്റില്‍ എന്ന വാര്‍ത്ത വായിച്ച് ഞാന്‍ ഞെട്ടിപ്പോയി. കണ്ണന്റെ ഫോട്ടോയും പത്രത്തിലുണ്ടായിരുന്നു. കണ്ണനെപ്പോലുള്ള ആളുകളെ അകറ്റി നിര്‍ത്തിയത് എത്ര നന്നായി എന്ന് എനിക്ക് അപ്പോള്‍ തോന്നി.
ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ നൂണ്‍ഷോയ്ക്ക് പോവുമായിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ സിനിമയേ റിലീസാവാറുണ്ടായിരുന്നുള്ളു. വെള്ളി, ശനി, ഞായര്‍, ദിവസങ്ങളില്‍ ഓരോ സിനിമവെച്ചു കണ്ട് തീര്‍ക്കുമായിരുന്നു.
തമിഴ്-മലയാളം സിനിമകളാണ് കൂടുതല്‍ കാണാറുള്ളത്. വല്ലപ്പോഴും ഹിന്ദി ഇംഗ്ലീഷ് സിനിമകളും കാണാറുണ്ടായിരുന്നു. സിനിമയില്ലാത്ത ദിവസങ്ങളില്‍ പാളയം ബസ്സ്റ്റാന്റിലുള്ള നവകേരള ബുക്ക്സ്റ്റാളില്‍ ചെന്ന് തമിഴ് മന്ത്ലി നോവലുകള്‍ വാങ്ങിവരുമായിരുന്നു.
ആ ബുക്ക്സ്റ്റാള്‍ ഇന്നും പാളയത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ കിടന്നിരുന്ന ബെഞ്ചിന്റെ നേരെ മുന്നിലാണ് 303-ാ0 നമ്പര്‍ റൂം. അതിലെ താമസക്കാര്‍ രണ്ട് പേരും കന്യാകുമാരിക്കാരാണ്. തുണി ഇന്‍സ്റ്റാള്‍മെന്റായി കൊടുക്കുന്നവരാണ്. ആ കച്ചവടം നഷ്ടത്തിലായതുകൊണ്ട് ആ മുതലാളി കച്ചവടം നിര്‍ത്തിപ്പോയി. പക്ഷെ, പണിക്കാരനായ ചന്ദ്രേട്ടന്‍ പോയില്ല. അയാള്‍ മിഠായിത്തെരുവിലെ എറണാകുളം ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് ഹോള്‍സെയിലില്‍ തുണികള്‍ വാങ്ങി ചെറിയ തോതില്‍ ഒറ്റക്ക് കച്ചവടം ചെയ്തുകൊണ്ടിരിക്കയായിരുന്നു.
ഞാന്‍ ബെഞ്ചിലിരുന്ന് തമിഴ് മാസിക വായിക്കുന്നതു കണ്ട ചന്ദ്രേട്ടന്‍ എന്റെ അടുത്തുവന്ന് പരിചയപ്പെട്ടു. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ചന്ദ്രേട്ടന്‍ കന്യാകുമാരി ജില്ലക്കാരന്‍ ആയതുകൊണ്ട് തമിഴും മലയാളവും വായിക്കാന്‍ അറിയാമായിരുന്നു.
അദ്ദേഹം മലയാള മനോരമ, മംഗളം വീക്കിലി ഒക്കെ വാങ്ങി വായിക്കുമായിരുന്നു. അവയൊക്കെ എടുത്ത് തപ്പിത്തടഞ്ഞ് ഞാനും വായിക്കുമായിരുന്നു. ലോഡ്ജിലെ റിസപ്ഷനില്‍ മലയാളപത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും വരുമായിരുന്നു. രാവിലെ റിസപ്ഷനില്‍ മാസവാടകക്കാരൊക്കെ എത്തി പത്രങ്ങള്‍ വായിക്കുമായിരുന്നു.
ഞാന്‍ മലയാളപത്രങ്ങളെടുത്ത് ഒച്ചയില്‍ വായിക്കുമായിരുന്നു. ഞാന്‍ മലയാളത്തെ കൊലചെയ്ത് വായിക്കുന്നതുകണ്ട് റിസപ്ഷനിലിരിക്കുന്നവരൊക്കെ പൊട്ടിച്ചിരിക്കും. ഞാന്‍ തെറ്റിച്ചതുകൊണ്ടാണല്ലോ അവര്‍ ചിരിക്കുന്നത്. ആ ചിരിക്കുന്നവരോട് തന്നെ ഞാനെന്താണ് തെറ്റിച്ചതെന്ന് ചോദിക്കുമായിരുന്നു. അപ്പോള്‍ അവര്‍ പത്രത്തിലെ ശരിയായ വാര്‍ത്ത എന്നെ വായിച്ചു കേള്‍പ്പിച്ചുതരും.
ഞാന്‍ തെറ്റിച്ചത് തെറ്റുതിരുത്തി വീണ്ടും വായിക്കാന്‍ തുടങ്ങും. അങ്ങനെ മലയാളം പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതു മാത്രമല്ല, സിനിമാ പോസ്റ്ററുകളും ബസ്സിന്റെ ബോര്‍ഡുകളും നോക്കി വായിച്ചും ഞാന്‍ മലയാളം വായിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരക്ഷരമാല പുസ്തകവും ഞാന്‍ വാങ്ങി വായിച്ചുപഠിച്ചിട്ടില്ല. ഒരധ്യാപകനും എന്നെ മലയാളം പഠിപ്പിച്ചിട്ടുമില്ല.
ഉദാഹരണത്തിന്, ഈ ബസ് എവിടേക്കാണ് പോകുന്നത് എന്ന് ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്ന ആളോട് ചോദിക്കുമ്പോള്‍, അവര്‍ വെസ്റ്റ്ഹില്‍ എന്ന സ്ഥലത്തേക്കാണ് എന്നുപറയും. ഞാന്‍ ആ ബസ്സിന്റെ ബോര്‍ഡ് നോക്കി വെസ്റ്റ്ഹില്‍ ഇങ്ങനെ ഓരോ അക്ഷരവും നോക്കി വായിച്ച് മലയാളം പഠിക്കാന്‍ ശ്രമിക്കും. ഇങ്ങനെയൊക്കെയാണ് ഞാന്‍ മലയാളം പഠിച്ചത്.
ബെഞ്ചിനു താഴെയുണ്ടായിരുന്ന എന്റെ ബാഗ് ചന്ദ്രേട്ടന്റെ റൂമില്‍ വെച്ചോളാന്‍ പറഞ്ഞു. എനിക്ക് ദിവസേന കിട്ടുന്ന വരുമാനത്തില്‍ നിന്ന് പത്ത്, ഇരുപത് രൂപ ടിപ്‌സ് കിട്ടുന്ന ദിവസങ്ങളില്‍ അത് ചന്ദ്രേട്ടനെ ഏല്പിക്കും. അത് ഡയറിയില്‍ ചന്ദ്രേട്ടന്‍ എഴുതിവെക്കും. കുറച്ചു പണം സേവിംഗ്‌സ് ആകുമ്പോള്‍ നമുക്ക് ഒരുമിച്ച് തുണിക്കച്ചവടം തുടങ്ങാം എന്നാണ് ചന്ദ്രേട്ടന്‍ പറഞ്ഞിരുന്നത്.
ചന്ദ്രേട്ടന്‍ പാലാഴി എന്ന സ്ഥലത്ത് തുണി ഇന്‍സ്റ്റാള്‍മെന്റായി കൊടുത്തിരുന്നു. അങ്ങനെ തുണി ഇന്‍സ്റ്റാള്‍മെന്റായി കൊടുത്തിരുന്ന ഒരു വീട്ടില്‍ നിന്ന് തുളസി എന്ന പെണ്‍കുട്ടിയെ കണ്ടു. ചന്ദ്രേട്ടന് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. തുളസിയുടെ ചേച്ചി മാനസിയോട് അനിയത്തിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. ആദ്യം തുളസിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും അവസാനം സമ്മതിച്ചു. ചന്ദ്രേട്ടന്റെ അനിയനാണെന്നും പറഞ്ഞ് പെണ്ണ് കാണാന്‍ ചന്ദ്രേട്ടന്‍ പാലാഴിയിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി.
എനിക്കും പെണ്ണിനെ ഇഷ്ടപ്പെട്ടു. പിന്നെ ചന്ദ്രേട്ടന്റെ അളിയനും പെങ്ങളും പെങ്ങളുടെ മകളും വന്ന് കല്യാണം ഉറപ്പിച്ചുപോയി. ഏകദേശം കല്യാണത്തിന് പത്തുദിവസം കൂടിയേ ഉള്ളൂ. ഞാന്‍ ചന്ദ്രേട്ടന്റെ കൈവശം അറുനൂറു രൂപ കൊടുത്തിട്ടുണ്ടായിരുന്നു. ഞാന്‍ അബദ്ധത്തില്‍ കോയക്കായോട് ചന്ദ്രേട്ടനോടൊപ്പം തുണിക്കച്ചവടം തുടങ്ങാന്‍ പോകുന്നു എന്നു പറഞ്ഞിരുന്നു. ആ സമയത്ത് പാലക്കാട്ടു നിന്ന് വന്ന ഒരു പയ്യനെ റൂം ബോയ് പണിക്ക് കോയക്കാ കയറ്റി. അതോടെ എനിക്ക് റൂം ബോയ് പണി നഷ്ടമായി.
ഞാന്‍ ചന്ദ്രേട്ടനോട് എന്റെ സങ്കടം അറിയിച്ചപ്പോള്‍ 'നീ ടെന്‍ഷനടിക്കേണ്ട... കല്യാണം കഴിഞ്ഞപാടെ നമ്മള്‍ തുണിക്കച്ചവടം തുടങ്ങുന്നു. അതുവരെ നീ എന്റെ റൂമില്‍ത്തന്നെ കിടന്നോളൂ. ചിലവിനൊക്കെ ഞാന്‍ തരാം' എന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.
കൈയ്യിലുള്ള പണം കല്യാണചെലവിന് തികയില്ല. അതുകൊണ്ട് തന്റെ നാടായ കന്യാകുമാരിയിലേക്ക് ചെന്ന് പണം സംഘടിപ്പിച്ച് തിരിച്ചുവരാം. അതുവരെ റൂമില്‍ റെസ്റ്റെടുത്തോളു എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ കന്യാകുമാരിയിലേക്ക് പോയി.
ചന്ദ്രേട്ടന്‍ കന്യാകുമാരിയില്‍ പോയിട്ട്, രണ്ടുമൂന്നുദിവസം കഴിഞ്ഞു. ചന്ദ്രേട്ടനെക്കുറിച്ച് യാതൊരു വിവരവുമില്ല. കല്യാണത്തിനാണെങ്കില്‍ കഷ്ടിച്ച് മൂന്നുദിവസമേയുള്ളൂ. പെണ്‍വീട്ടുകാരുടെ മുന്നില്‍ അനിയനായി വേഷം കെട്ടിയത് ഞാനാണല്ലോ. ഈ ചന്ദ്രേട്ടന്‍ എവിടെപോയി കിടക്കുന്നു എന്നും ആലോചിച്ച് 303-ാംനമ്പര്‍ റൂമില്‍ ലൈറ്റ് ഓഫാക്കി ഞാന്‍ കിടന്നു.
അന്ന് പക്ഷേ പ്രമാദമായൊരു ബോംബ് സ്‌ഫോടനം ഇന്ത്യയെ നിശ്ചലമാക്കിയതറിയാതെ ഞാന്‍ ഉറക്കം പിടിച്ചു.
(തുടരും)
Content Highlights: elenko odai autobiography malayalathamizhan life survival
Published: 07 Jun 2025, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented